Monday, February 27, 2017

അദ്ധ്യായം 46 | സൂറത്തുൽ അഹ്‌ഖാഫ് | ഭാഗം-02

അദ്ധ്യായം 46  | സൂറത്തുൽ അഹ്ഖാഫ്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 35

Part  2 ( 11 to  20 )

بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَّا سَبَقُونَا إِلَيْهِ وَإِذْ لَمْ يَهْتَدُوا بِهِ فَسَيَقُولُونَ هَذَا إِفْكٌ قَدِيمٌ


(11
സത്യ നിഷേധികൾ സത്യ വിശ്വാസികളെപ്പറ്റി പറയുകയാണ്  ഇത് (നബി കൊണ്ടുവന്നത്) ഒരു നല്ല കാര്യമായിരുന്നുവെങ്കിൽ അവർ ഇതിലേക്ക് ഞങ്ങളെ മുൻ കടന്ന് വരുമായിരുന്നില്ല’.അവർ ഇത് (ഖുർആൻ) മൂലം സന്മാർഗം പ്രാപിക്കാതിരിക്കുമ്പോൾ പറയുന്നു ഇതൊരു പഴയ കള്ളമാണെന്ന്

ഭൌതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യൻ നല്ലവനും നിസ്സാരനുമാകുന്നതെന്ന ധാരണ എല്ലാ കാലത്തും പലരും വെച്ചു പുലർത്തുന്നുണ്ട്.മക്കയിലെ ഖുറൈശികളും ധാരണയുള്ളവരായിരുന്നു.അതായത് ഭൌതിക സൌകര്യങ്ങൾ ഞങ്ങൾക്കുണ്ടായത് ഞങ്ങളാണ് നല്ലവർ എന്നതിന്റെ തെളിവാണ് എന്നവർ ധരിച്ചു.അതിന്റെ അടിസ്ഥാനത്തിലുള്ള അവരുടെ ഒരു ജല്പനമാണിവിടെ പറയുന്നത്.അതായത് നബി കൊണ്ടു വന്ന ഇസ്ലാമും ഖുർആനും നല്ലതായിരുന്നുവെങ്കിൽ ബിലാൽ رضي الله عنه അമ്മാർ رضي الله عنه ഖബ്ബാബ് رضي الله عنه സുഹൈബ് رضي الله عنه തുടങ്ങിയ അടിമകളും ദരിദ്രരുമല്ല ഞങ്ങളായിരുന്നു ഇതിലേക്ക് നേരത്തേ വരേണ്ടവർ. പാവങ്ങൾ ഇസ്ലാം സ്വീകരിക്കാൻ മുന്നോട്ട് വന്നു എന്നത് തന്നെ തെളിവാണ് ഇസ്ലാം ഒരു നല്ല മതമല്ല എന്നതിന്ന്! ഖുർആനിന്റെ സന്മാർഗ വഴിയിലെത്താൻ ഭാഗ്യമില്ലാതെ പോയ നിഷേധികൾ പൂർവീകരിൽ നിന്ന് കോപ്പിയടിച്ച കള്ളമാണിതെന്ന് പറയാനും ധാർഷ്ട്യം കാണിച്ചു. എന്നാൽ ഭൌതിക സൌകര്യങ്ങൾ അവർ നല്ലവരാണെന്നതിന്റെ തെളിവായി കണ്ട ഇവർ വലിയ അബദ്ധത്തിലാണ് പെട്ടിട്ടുള്ളത്.അള്ളാഹു അവർക്ക് ദുനിയാവ് നൽകിയത് അവരെ പരിഗണിച്ചത് കൊണ്ടല്ല മറിച്ച് അവരെ പരീക്ഷിക്കാനാണ്.ആ പരീക്ഷണത്തിൽ അവർ അമ്പേ പരാചയപ്പെടുകയാണുണ്ടായത്.കാര്യം ഇവർ പറഞ്ഞത് പോലെയല്ല നല്ലകാര്യങ്ങളിലേക്കെല്ലാം മുൻകടന്ന് വരാൻ അള്ളാഹു തിരഞ്ഞെടുത്തിട്ടുള്ളവരാണ് സഹാബികൾ. അത് കൊണ്ട്  തന്നെ അവർ മാതൃകാപുരുഷന്മാരാണ്. ഖുർആനിനു തുല്യമായി ഒരു അദ്ധ്യായമെങ്കിലും കൊണ്ടു വരാനുള്ള വെല്ലുവിളിക്കുമുമ്പിൽ അമ്പേ പരാജയപ്പെട്ടിട്ടും ഇത് പൂർവീകരിൽ നിന്നു അടർത്തിമാറ്റിയ കെട്ടുകഥയാണെന്ന് മുശ്‌രിക്കുകൾ പറയുന്നത് അവരുടെ അഹങ്കാരം കൊണ്ടാണ്.സത്യം മറ്റൊന്നാണെന്ന് മനസ്സിലായിട്ടും അത് അംഗീകരിക്കാതെ അതിനോട് മത്സരിക്കലും ജനങ്ങളെ നിസ്സാരപ്പെടുത്തലുമാണ് ഖിബ്‌ർ എന്ന് നബി പറഞ്ഞത് ഇവിടെ പ്രസ്താവ്യമാണ്


وَمِن قَبْلِهِ كِتَابُ مُوسَى إِمَامًا وَرَحْمَةً وَهَذَا كِتَابٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ الَّذِينَ ظَلَمُوا وَبُشْرَى لِلْمُحْسِنِينَ 

(12)
ഇതിനു മുമ്പ് മൂസാ عليه السلام യുടെ വേദം ജനങ്ങൾക്ക് നേതൃത്വം നൽകുന്നതായും കാരുണ്യമായും കൊണ്ട്  വന്നിട്ടുണ്ട്.ഇതാവട്ടെ അറബി ഭാഷയിലായിക്കൊണ്ട് (മൂസാ നബിയുടെയും മറ്റും ഗ്രന്ഥങ്ങളെ) ശരിവെക്കുന്ന ഒരു ഗ്രന്ഥവുമാണ്.അക്രമം പ്രവർത്തിച്ചവരെ താക്കീത് ചെയ്യുന്നതിനു വേണ്ടിയും സുകൃതം ചെയ്തവർക്ക് സന്തോഷവാർത്ത ആയിക്കൊണ്ടും

ഏകദൈവ സിദ്ധാന്തം പഴയ കള്ളമാണെന്ന് വാദിച്ചവർക്കുള്ള ശക്തമായ താക്കീതാണിത്.അഥവാ മൂസാ നബി عليه السلام തൌറാത്ത് എന്ന വേദഗ്രന്ഥവുമായി വന്നിരുന്നു എന്ന് ഇവർക്ക് അറിവുണ്ട് .ആഗ്രന്ഥവും തൌഹീദ് ആണ് പ്രബോധനം ചെയ്തത് .അതിനെ ശരിവെക്കുകയാണ് ഖുർആൻ .അത് ഹിബ്‌റു ഭാഷയിലും ഖുർആൻ അറബി ഭാഷയിലുമാണെന്ന് മാത്രം.ഇതൊക്കെ അറിയാവുന്ന ഇവർ ഇത് പഴക്കമുള്ള നുണയാണെന്ന് പറയുന്നത് ബാലിശം തന്നെ.ഖുർ ആനിൽ സത്യനിഷേധികൾക്കുള്ള താക്കീതും സത്യവിശ്വാസികൾക്കുള്ള സുവിശേഷവും ധാരാളമുണ്ട് .അത് മനസ്സിലാക്കി പ്രവർത്തിക്കാൻ സാദിച്ചവർ ഭാഗ്യവാന്മാർ!


إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ



(13)
നിശ്ചയം ഞങ്ങളുടെ രക്ഷിതാവ് അള്ളാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ചൊവ്വായി നിലകൊള്ളുകയും ചെയ്തവർ.അവർക്ക് യാതൊരു ഭയവുമില്ല അവർ ദു:ഖിക്കുകയുമില്ല

ഖുർആനിന്റെ കല്പന പോലെ തൌഹീദിൽ വിശ്വസിക്കുകയും അത് തുറന്ന് പ്രഖ്യാപിക്കുകയും തുടർന്ന് കാപട്യത്തിനും ദുർനടപ്പിനും വിധേയരാവാതെ ശരിയായ നിലപാടിൽ മുന്നോട്ട് പോവുകയും ചെയ്യുന്ന ഭാഗ്യവാന്മാർക്ക് ഭയവും ദുഖവും ഇല്ല എന്ന് സന്തോഷ വാർത്ത അറിയിക്കുകയാണിവിടെ. ഭയമില്ലെന്ന് പറഞ്ഞത് ഭാവിയിലും ദു:ഖിക്കുകയില്ലെന്ന് പറഞ്ഞത് അവർ ഇവിടെ ഇട്ടേച്ചു പോകുന്ന സമ്പത്തിലുമാണ്.അഥവാ സമ്പാദ്യമെല്ലാം ഇവിടെ വിട്ട് വെറും മൂന്ന് കഷ്ണം തുണിയും കുറച്ച് പഞ്ഞിയുമായി അവർ മരണപ്പെട്ടു പോകുമ്പോൾ ഉണ്ടാക്കി വെച്ച സമ്പാദ്യം നഷ്ടമായല്ലോ എന്ന ദു:ഖം അവരെ ബാധിക്കുകയില്ല.(കാരണം ഈ നഷ്ടപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ട പ്രതിഫലം പരലോകത്ത് അവരെ കാത്തിരിക്കുകയാണല്ലോ!(അതിന്റെ സന്ദേശം മരണത്തിനു മുമ്പ് തന്നെ അവർക്ക് കിട്ടുകയും ചെയ്യും) വിശ്വാസത്തോടെ സ്വർഗം കണ്ട് മരിക്കാൻ ഭാഗ്യമുണ്ടായാൽ ഭാവി എന്താകുമെന്ന ആശങ്കയുണ്ടാവില്ല എന്നാണ് അവർക്ക് ഭയമില്ല എന്നതിന്റെ താല്പര്യം
ചൊവ്വായി നിലകൊള്ളുക എന്നാൽ അവർക്ക് ലഭിച്ച ഏകദൈവ വിശ്വാസത്തിലേക്ക് ശിർക്കെന്ന ബഹുദൈവത്വം കലർത്തുകയില്ലെന്നും അള്ളാഹുവിന്റെ കല്പനയിലും വിരോധത്തിലും അവനോട് അവർ എതിരാവുകയില്ലെന്നുമാണ് താല്പര്യം (ഥിബ്‌രി)



أُوْلَئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاء بِمَا كَانُوا يَعْمَلُونَ


(14)
അവർ സ്വർഗക്കാരാണ്.അതിൽ അവർ നിരന്തര വാസികളായ നിലയിൽ.അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായിട്ട്


അവർ അനന്തമായി സ്വർഗത്തിലാണ് ഭൂമിയിൽ അവർ ചെയ്ത നന്മയുടെ പ്രതിഫലമെന്നനിലക്ക് അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ അവരെ മൂടാൻ അവരുടെ സൽക്കർമങ്ങൾ കാരണമായി (ഇബ്നു കസീർ)


وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا حَتَّى إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ


(15)
മനുഷ്യനോട് അവന്റെ മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്ന് നാം കല്പിച്ചിരിക്കുന്നു.അവന്റെ മാതാവ് വിഷമത്തോടെ അവനെ ഗർഭം ചുമക്കുകയും വിഷമത്തോടെ തന്നെ അവനെ പ്രസവിക്കുകയും ചെയ്തു അവനെ ഗർഭം ചുമന്ന കാലവും അവന്റെ മുലകുടി അവസാനിപ്പിച്ച കാലവും (കൂടി) മുപ്പത് മാസമാകുന്നു അങ്ങനെ തന്റെ ശക്തിപ്രായം എത്തുകയും നാല്പത് വയസ്സാകുകയും ചെയ്തപ്പോൾ അവൻ പറഞ്ഞു എന്റെ രക്ഷിതാവേ,എന്റെയും എന്റെ മാതാപിതാക്കളുടെയും മേൽ നീ ചെയ്ത് തന്നിട്ടുള്ള അനുഗ്രഹത്തിനു നന്ദി ചെയ്യുവാനും നീ തൃപ്തിപ്പെടുന്ന സൽക്കർമങ്ങൾ അനുഷ്ഠിക്കുവാനും എനിക്ക് പ്രചോദനം നൽകുകയും എന്റെ സന്താനങ്ങളിൽ നീ നന്മ വരുത്തിത്തരികയും ചെയ്യേണമേ! നിശ്ചയമായും നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.ഞാൻ മുസ്ലിംകളിൽ പെട്ടവൻ തന്നെയാണ്

മാതാപിതാക്കളോടുള്ള കടമയെപറ്റി ഖുർആൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് തൌഹീദിന്റെ കല്പനയോട് അനുബന്ധിച്ചാണ് മാതാപിതാക്കളോടുള്ള കടമയെ പലയിടത്തും ഖുർ ആൻ പറഞ്ഞത് എന്നത് ഈ വിഷയത്തിന്റെ ഗൌരവം വ്യക്തമാക്കുന്ന കാര്യമാണ്.പിതാവിനെ അപേക്ഷിച്ച് മാതാവിനോട് കൂടുതലായി കടപ്പാടുണ്ട്.ഇത് സൂചിപ്പിക്കുകയാണിവിടെ വിലമതിക്കാനാവാത്ത വിഷയമാണ്  മാതാപിതാക്കളോടുള്ള ബാദ്ധ്യത .അവരോടുള്ള കടമകളുടെ ഭാഗമായി ധാരാളം കാര്യങ്ങൾ സൂറത്തുൽ ഇസ്‌റാഇൽ(23,24 സൂക്തങ്ങൾ) അള്ളാഹു പറഞ്ഞിട്ടുണ്ട്.(വാർദ്ധക്യ സാഹചര്യത്തിൽ അവർ രണ്ടു പേരും അല്ലെങ്കിൽ ഒരാൾ നിങ്ങളുടെ അടുത്തുണ്ടായാൽ അവരോട് ‘ഛെ’ എന്ന് പോലും പറയരുത്.അവരെ വിരട്ടുകയുമരുത്.അവരോട് മാന്യമായി സംസാരിക്കുകയും വേണം അനുകമ്പ നിറഞ്ഞ നിന്ദ്യതയുടെ ചിറകുകൾ അവർക്ക് താഴ്ത്തിക്കൊടുക്കണം (അവരെ അനുസരിക്കണം) അള്ളാഹുവേ!എന്നെ ചെറുപ്പത്തിൽ പോറ്റിവളർത്തിയതിനു പകരമായി എന്റെ മാതാപിതാക്കളെ നീ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുകയും വേണം)
ഒരു സ്ത്രീ ഗർഭം ധരിച്ച്  പ്രസവിക്കുന്നത് വരെ –ഗർഭത്തിന്റെ അവസാന നാളുകളിൽ വിശേഷിച്ചും-വളരെ വിഷമങ്ങൾ സഹിക്കുന്നു പ്രസവ വേളയിൽ സഹിക്കേണ്ടി വരുന്ന വേദനയും വിഷമവും വർണിക്കാൻ സാദ്ധ്യമല്ലാത്ത വിധം വലുതാണ്.പിന്നീട് മുലകുടി അവസാനിക്കും വരെ തന്റെ ശിശുവിനു വേണ്ടി ധാരാളം വിഷമങ്ങൾ വീണ്ടും മാതാവ് സഹിക്കുന്നു മുപ്പതിൽ കുറയാത്ത മാസങ്ങൾ ഒരു കുട്ടിക്ക് വേണ്ടി മാതാവ് ത്യാഗം ചെയ്യുന്നു.വേറേ രൂപത്തിൽ പിതാവും ത്യാഗം സഹിക്കുന്നുണ്ട്.പക്ഷെ അത് ഇത്രയും വരില്ല.അവരുടെ ജീവിത കാലത്ത് –വാർദ്ധക്യ സമയത്ത് വിശേഷിച്ചും-അവരെ നന്നായി ശുശ്രൂഷിക്കുകയും മരണാനന്തരം അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുക തന്നെ വേണം.ഗർഭകാലവും മുലകുടി കാലവും കൂടി മുപ്പത് മാസമാണെന്ന് ഇവിടെ പ്രസ്താവിച്ചു
.മുലകുടിയുടെ പൂർണ്ണ കാലം രണ്ട് കൊല്ലമാണെന്ന് 2;233 ലും പ്രസ്താവിച്ചിട്ടുണ്ട് (മാതാക്കൾ അവരുടെ കുഞ്ഞുങ്ങൾക്ക് പൂർണമായി രണ്ട് കൊല്ലം മുലയൂട്ടണം മുലയൂട്ടൽ പൂർത്തിയാക്കാൻ അവർ ഉദ്ദേശിക്കുന്നുവെങ്കിൽ )സ്ത്രീകളുടെ ഗർഭകാലം മിക്കവാറും ഒമ്പതു മാസവും ചില്ലറ ദിവസങ്ങളുമായിരിക്കും.ചിലപ്പോൾ അത് ഏറുകയോ കുറയുകയോ ചെയ്തേക്കാം .ഗർഭ കാലം ഏറ്റവും ചുരുങ്ങിയത് ആറുമാസമായിരിക്കുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം വൈദ്യ ശാസ്ത്ര പണ്ഡിതന്മാരും ഇത് ശരിവെച്ചിട്ടുണ്ടെന്ന് ഇമാം റാസി പ്രസ്താവിച്ചിട്ടുണ്ട്.
ഗർഭത്തിന്റെ ഏറ്റവും കുറഞ്ഞ കാലവും മുലയൂട്ടലിന്റെ കൂടിയ കാലവുമാണ് ഇവിടെ പറഞ്ഞ മുപ്പത് മാസം അതായത് ഗർഭത്തിന്റെ കുറഞ്ഞ കാലമായ  ആറു മാസവും മുലയൂട്ടലിന്റെ കൂടിയ കാലമായ രണ്ട് വർഷവും (ഇരുപത്തി നാല് മാസം)ചേരുമ്പോൾ മുപ്പത് മാസമായി (റാസി)

ഗർഭ കാലവും മുലകുടി കാലവും കൂടി മുപ്പത് മാസമെന്ന് പറഞ്ഞിരിക്കാൻ ഗർഭകാലത്തിന്റെ ഏറ്റക്കുറവിനനുസരിച്ച് മുലകുടിക്കാലത്തിലും ഏറ്റക്കുറവ് വരുത്തേണ്ടതാണെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.അതായത് ആറുമാസം കൊണ്ട് പ്രസവിച്ചകുട്ടിക്ക് രണ്ട് കൊല്ലം.ഒമ്പത് മാസം കൊണ്ട് പ്രസവിച്ച കുട്ടിക്ക് ഇരുപത്തൊന്ന് മാസം എന്ന തോതിൽ.ശരാശരി മുപ്പത് മാസമെങ്കിലും തന്റെ കുഞ്ഞിനെ ചൊല്ലി മാതാവ് വലിയ ത്യാഗം സഹിക്കേണ്ടി വരുന്നു എന്ന് സൂചിപ്പിക്കുയാണിവിടെ. ഭാര്യയും ഭർത്താവും കൂടി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുലകുടി പ്രായത്തിൽ മാറ്റം പിന്നെയും വരുത്താവുന്നതാണ്

ശക്തിപ്രായം എത്തുക എന്നത് അവൻ നല്ല പക്വമതിയാവുന്ന പ്രായം എത്തുക എന്നാണ് .യുവത്വത്തിന്റെ ചാപല്യങ്ങളിൽ യാഥാർത്ഥ്യത്തിലേക്ക് ചിലപ്പോൾ അവൻ നേരത്തേ എത്തിയിട്ടുണ്ടാവില്ല എന്നാൽ നാല്പത് വയസ്സ് എന്നത് ഒരാളുടെ പക്വത കൈവരേണ്ട പ്രായമാണ്.ഏതാണ്ട് മുപ്പത്തിമൂന്ന് വയസ്സായാൽ യുവത്വത്തിന്റെ അപാകതകളിൽ മാറ്റം വന്നു കൊണ്ടിരിക്കുകയും പകരം പാകതയുടെ വിശേഷണങ്ങൾ അവനിൽ സ്ഥലം പിടിക്കുകയും ചെയ്യുന്നു നാല്പത് തികയുമ്പോൾ അത് പാരമ്യത്തിലെത്തും പ്രവാചകന്മാർക്ക് പ്രവാചകത്വം നൽകുന്നതും മിക്കവാറും പ്രായത്തിലായിരുന്നുവല്ലോ. പിന്നീട് ഏറെക്കുറെ അറുപത് വയസ്സ് വരെ അവസ്ഥ തുടരുകയും വീണ്ടും ഗതി പിന്നോട്ടാവുകയും ചെയ്യും ഇത് സാമാന്യ വൽക്കരിക്കുന്നത് ശരിയല്ലെങ്കിലും പൊതു നില ഇത് തന്നെയാണ്.ശരിയായ തന്റേടമെത്തുന്ന നാല്പതിൽ മനുഷ്യൻ മുന്നിലേക്കും പിന്നിലേക്കും തിരിഞ്ഞു നോക്കുന്ന പക്ഷം ഒരു ഭാഗത്ത് മാതാപിതാക്കളെയും മറുഭാഗത്ത് സന്താനങ്ങളെയും കാണാം .ഓരോരുത്തരോടും തനിക്കുള്ള കടപ്പാടുകളും ഭാവി, ഭൂത സ്മരണകളും അവന്റെ മനസ്സിലുദിക്കുന്നു അപ്പോൾ അവൻ തന്റെ ലക്ഷ്യങ്ങൾ തിരിച്ചറിയുന്നു അതിൽ നിന്നുണ്ടാകുന്ന പ്രാർത്ഥനയാണ് തുടർന്ന് പറഞ്ഞത് താൻ മാത്രമല്ല തന്റെ വേണ്ടപ്പെട്ടവരുടെ നന്മയും അവൻ അതിൽ ഉൾക്കൊള്ളിച്ചു നേരത്തേ വന്നു പോയ അബദ്ധങ്ങൾക്കുള്ള പരിഹാരമാണവന്റെ പശ്ചാത്താപം
വിശ്വാസത്തിന്റെ പ്രകാശം മനസ്സിൽ തെളിയുന്ന -മാതാപിതാക്കൾക്ക് നന്മ ചെയ്യുന്ന- സജ്ജനങ്ങളായ മക്കളുടെ ഉപമയാണീ സൂക്തം



 أُوْلَئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجاوَزُ عَن سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ



(16)
അത്തരക്കാരുടെ നല്ല പ്രവൃത്തികൾ  നാം സ്വീകരിക്കുകയും അവരുടെ തിന്മകൾ നാം വിട്ടുകൊടുക്കുകയും ചെയ്യുന്നതാകുന്നു (അവർ)സ്വർഗക്കാരിൽ പ്പെട്ടവരായിരിക്കും  അവർക്ക് നൽകപ്പെട്ടു കൊണ്ടിരുന്ന സത്യമായ വാഗ്ദാന(ത്തിന്റെ ഫല)മായിരിക്കും (അത്)

മാതാപിതാക്കൾക്ക് നന്മ ചെയ്യുന്ന നല്ല മക്കളുടെ തിന്മകൾ നാം അവർക്ക് മാപ്പാക്കുകയും നന്മകളെ സ്വീകരിക്കുകയും ചെയ്തു കൊണ്ട്   മറ്റ് സ്വർഗാവകാശികൾക്കൊപ്പം സ്വർഗപ്രവേശനം നൽകി നാം അവരെ ആദരിക്കും.ഇത് അവർക്ക് നാം നൽകിയ സത്യമായ വാഗ്ദാനത്തിന്റെ സാക്ഷാൽക്കാരമായിരിക്കും .ജീവിതത്തിൽ നല്ല കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവരിൽ നിന്ന് വന്നു പോകുന്ന ചില തിന്മകളെ നന്മയുടെ ആധിക്യം കാരണം അള്ളാഹു വിട്ടു കൊടുക്കുമെന്നാണീ പറഞ്ഞതിന്റെ താല്പര്യം


وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَّكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتْ الْقُرُونُ مِن قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَذَا إِلَّا أَسَاطِيرُ الْأَوَّلِينَ


(17)
തന്റെ മാതാപിതാക്കളോട് ,ഛെ, നിങ്ങളുടെ രണ്ടുപേരുടെയും കാര്യം കഷ്ടം തന്നെ. ഞാൻ (മരണശേഷം ഖബ്റിൽനിന്ന് ) പുറത്ത് കൊണ്ടുവരപ്പെടുമെന്ന് നിങ്ങൾ എന്നെ താക്കീത് ചെയ്യുകയാണോ? എന്റെ മുമ്പ് പല തലമുറയും കഴിഞ്ഞു പോയിട്ടുണ്ട് (അവരാരും പുറത്തുവന്നിട്ടില്ലല്ലോ) എന്ന് പറയുന്നവൻ! അവർ രണ്ടുപേരുമാവട്ടെ അള്ളാഹുവോട് സഹായമർത്തിച്ചു കൊണ്ടുമിരിക്കുന്നു (മകനോട് അവർ പറയുന്നു)നിനക്ക് നാശം.(പുനർജീവിതത്തിൽ) നീ വിശ്വസിക്കുക നിശ്ചയമായും അള്ളാഹുവിന്റെ വാഗ്ദാനം സത്യമാണ് . അപ്പോൾ അവൻ പറയുകയാണ് ഇത് പൂർവീകന്മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല

മാതാപിതാക്കളോട് സ്നേഹവും ബഹുമാനവുമുള്ള സന്താനങ്ങളെക്കുറിച്ച് (പ്രശംസിച്ച്) പറഞ്ഞ ശേഷം അവരെ നിന്ദിക്കുകയും ധിക്കരിക്കുകയും ചെയ്യുന്ന സന്താനങ്ങളുടെ നില എടുത്ത് കാട്ടുകയാണ്. അള്ളഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന മാതാപിതാക്കൾ അതിൽ വിശ്വസിക്കാത്ത സന്താനങ്ങളോട് സദുപദേശം നടത്തുന്നു അപ്പോൾ അവൻ അവരോട് ശക്തമായ വെറുപ്പ് പ്രകടിപ്പിക്കുകയാണ്.അവരുടെ ഉപദേശം തനി പഴഞ്ചനാണെന്ന് തട്ടിവിടുകയും എന്റെ മുമ്പ് എത്രയോ തലമുറകൾ കഴിഞ്ഞു പോയി അവരാരും തിരിച്ചു വന്നിട്ടില്ലല്ലോ അപ്പോൾ പുനർജന്മം എന്നത് ശരിയല്ല എന്നിങ്ങനെ ചില യുക്തിന്യായങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.ഇതൊന്നും വിശ്വസിക്കുവാൻ ഇനി ആളെക്കിട്ടുകയില്ലെന്ന് പറഞ്ഞ് അവൻ സ്വയം ജയഭേരിമുഴക്കുന്നു.മകന്റെ നിഷേധത്തിന്റെ അപകടമറിയാവുന്ന മാതാപിതാക്കൾ ഇവന്റെ മനസ്സ് മാറാനും അവൻ നല്ലവനായിത്തീരാനും അള്ളാഹുവോട് സാഹായം തേടിക്കൊണ്ടിരിക്കുന്നു .മോനേ! നിന്റെ ഈ നിലപാട് ശരിയല്ല ഈ നിഷേധം നിന്നെ നാശത്തിലേക്കാണ് നയിക്കുക എന്ന് അവർ അവനെ ഉപദേശിക്കുന്നു.എന്നാൽ ഇതൊക്കെ കെട്ടുകഥയാണെന്ന് പറഞ്ഞ് അവൻ ഇവരെ തിരസ്ക്കരിക്കുന്നു  അള്ളഹു ഉപമാ രൂപത്തിൽ വിവരിച്ച ഇത്തരം സംഭവങ്ങളൊന്നും കേവലം സങ്കല്പങ്ങളല്ല ഇന്ന് നടക്കുന്ന കാര്യങ്ങളുടെ നേർ ചിത്രങ്ങളാണ്

أُوْلَئِكَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ إِنَّهُمْ كَانُوا خَاسِرِينَ



(18)
ഇങ്ങനെയുള്ളവർ (നമ്മുടെ ശിക്ഷയുടെ) വാക്ക് അവരുടെ മേൽ സ്ഥിരപ്പെട്ടവരാണ് .ജിന്നുകളിലും മനുഷ്യരിലും നിന്ന് ഇവരുടെ മുമ്പ് കഴിഞ്ഞു പോയ സമുദായങ്ങളുടെ കൂട്ടത്തിൽ. .(കാരണം) അവർ നഷ്ടപ്പെട്ടവർ തന്നെയാകുന്നു

ജിന്നുകളിലും മനുഷ്യരിലും  ധാരാളം സത്യനിഷേധികൾ കഴിഞ്ഞു പോയിട്ടുണ്ട്.അവരെല്ലാം അള്ളാഹുവിന്റെ ശിക്ഷക്ക് പാത്രമായത് പോലെ ഈ ഭൌതിക വാദികളും അള്ളാഹുവിന്റെ കഠിനശിക്ഷക്ക് പാത്രീഭവിക്കുന്നതാണ്.കുറ്റവാളികളുടെ ആധിക്യം അള്ളാഹുവിന്റെ ശിക്ഷാ നടപടികൾക്ക് തടസ്സമല്ല


وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا وَلِيُوَفِّيَهُمْ أَعْمَالَهُمْ وَهُمْ لَا يُظْلَمُونَ


(19)
തങ്ങൾ പ്രവർത്തിച്ചതിനു വേണ്ടി എല്ലാവർക്കുമുണ്ട് പദവികൾ.തങ്ങളുടെ പ്രവർത്തന(ഫല)ങ്ങൾ അവർക്ക് പൂർത്തീകരിച്ചുകൊടുക്കുവാൻ വേണ്ടിയും (ആകുന്നു അത്) അവരോട് അനീതി കാണിക്കപ്പെടുകയില്ല

ഓരോരുത്തരുടെയും കർമ ഫലങ്ങൾ-അത് നല്ലതാകട്ടെ ചീത്തയാകട്ടെ- അവൻ നീതിയോടെ പൂർത്തിയാക്കിക്കൊടുക്കും.അത് കൊണ്ട്  പരലോകത്ത് നല്ല പ്രതിഫലം ലഭിക്കാനായി കർമം നന്നാക്കാനാണ് ബുദ്ധിയുള്ളവൻ ശ്രമിക്കേണ്ടത്


وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَفْسُقُونَ


(20)
സത്യനിഷേധികൾ നരകത്തിങ്കൽ വെളിവാക്കപ്പെടുന്ന ദിവസം  (അവരോട് പറയപ്പെടും) നിങ്ങളുടെ വിശിഷ്ട വസ്തുക്കളെല്ലാം ഐഹികജീവിതത്തിൽ നിങ്ങൾ പൂർണമായി അനുഭവിക്കുകയും അവ കൊണ്ട് സുഖമെടുക്കുകയും ചെയ്തു.അത് മുഖേന ഒട്ടും ന്യായമില്ലാതെ ഭൂമിയിൽ അഹംഭാവം കാട്ടുകയും ധിക്കാരം പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരുന്നതിനാൽ ഇന്ന് നിങ്ങൾക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നൽകപ്പെടുന്നതാണ്

സത്യ നിഷേധികളോട് പരലോകത്ത് വെച്ച് പറയുന്നതാണ് ഈ വാക്യത്തിൽ കാ‍ണുന്നത്.ഇഹലോകത്ത് വെച്ച് എല്ലാ സുഖാഡംബരങ്ങളിലും നിങ്ങൾ മുഴുകി.അത് നിങ്ങൾ പൂർണമായും അനുഭവിച്ചു ഇനി നിങ്ങൾക്ക് അപമാനകരമായ നരക ശിക്ഷയാണ് പ്രതിഫലമായി നൽകപ്പെടുന്നത് നിങ്ങൾ ഭൂമിയിൽ അന്യായമായി അഹങ്കരിക്കുകയും ധിക്കാരം പ്രവർത്തിക്കുകയും ചെയ്തതിന്റെ പ്രതിഫലമാണത് .ഭൌതിക സുഖത്തിനു വേണ്ടി അനന്തമായ പരലോക സുഖം നിങ്ങൾ നശിപ്പിച്ചു .അത് കൊണ്ട് ഭൂമിയിൽ ദുഖം ഏറ്റുവാങ്ങാൻ ഒരുക്കമല്ലാതിരുന്ന നിങ്ങൾക്ക് പരലോകത്ത് ദുഖമേ ലഭിക്കുകയുള്ളൂ എന്ന് സാരം.എന്നാൽ സത്യവിശ്വാസികൾ നേരേ മറിച്ചാണ്.പരലോകം നഷ്ടപ്പെടുന്ന ഒരു സുഖത്തിനും ഭൂമിയിൽ അവർ തയാറാവാതെ ജീവിതത്തെ അവർ ക്രമീകരിക്കും
 പരലോകം നഷ്ടപ്പെടുന്ന വിഭാഗത്തെ തൊട്ട് അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ

അള്ളാഹു സത്യമുൾക്കൊള്ളാൻ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമിൻ

പ്രിയസഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക്vilakk@gmail.com




No comments: