Wednesday, March 8, 2017

അദ്ധ്യായം 46 | സൂറത്തുൽ അഹ്‌ഖാഫ് | ഭാഗം-03

അദ്ധ്യായം 46  | സൂറത്തുൽ അഹ്ഖാഫ്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 35

Part  3 ( 21 to  30 )

بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു

Part 1 ( 1 to 10 )   >>>

Part  2 ( 11 to  20 )   >>>وَاذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالْأَحْقَافِ وَقَدْ خَلَتْ النُّذُرُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ أَلَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ


(21)
ആദ് ഗോത്രത്തിന്റെ സഹോദരനെ (ഹൂദ് നബി (عليه السلام)) ഓർക്കുക.അതായത് അഹ്ഖാഫിലുള്ള തന്റെ ജനതയെ അദ്ദേഹം താക്കീത് ചെയ്ത സന്ദർഭം-അദ്ദേഹത്തിന്റെ മുമ്പും ശേഷവും പല താക്കീതുകാരും കഴിഞ്ഞു പോയിട്ടുണ്ട്-നിങ്ങൾ അള്ളാഹുവിനല്ലാതെ ആരാധന ചെയ്യരുത് വമ്പിച്ച ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുക തന്നെ ചെയ്യുന്നു

യമനിലെ ഹളർമൌത്തിന്റ ഭാഗമായി അറേബ്യയുടെ തെക്കേ കടലോരപ്രദേശങ്ങളിൽ പാറക്കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മണൽ പ്രദേശങ്ങളാണ് അഹ്ഖാഫ്.(മറ്റ് പല അഭിപ്രായങ്ങളും വ്യാഖ്യാതാക്കൾ വിവരിച്ചിട്ടുണ്ട്) ഹൂദ് നബി (عليه السلام) യുടെ ജനതയായ ആദ് ഗോത്രക്കാരുടെ വാസസ്ഥലമായിരുന്നു അത്.മറ്റു പല പ്രവാചകന്മാരും ചെയ്തതു പോലെ അദ്ദേഹവും ജനങ്ങളെ തൌഹീദിലേക്ക് ക്ഷണിക്കുകയും അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് താക്കീതു നൽകുകയും ചെയ്തു.

ആദ് ഗോത്രത്തിന്റെ സഹോദരൻ എന്ന പരാമർശം കുടുംബത്തിലുള്ള ആൾ എന്ന നിലക്കാണ് ആശയ പൊരുത്തം അവ്ര്ക്കിടയിൽ ഇല്ലായിരുന്നു

ഇവിടെ ഹൂദ് നബി (عليه السلام) യെക്കുറിച്ച് മുശ്രിക്കുകൾക്ക് പറഞ്ഞ് കൊടുക്കുക അവർ പാഠമുൾക്കൊള്ളട്ടെ എന്നും ഹൂദ് നബി (عليه السلام) യെ അവരുടെ ജനത നിഷേധിച്ചത് ഓർത്ത് നബി തന്റെ നാട്ടുകാരുടെ നിഷേധത്തിന്റെ പേരിൽ വിഷമിക്കാതിരിക്കട്ടെ എന്നും വ്യാഖ്യാനമുണ്ട്قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ

(22)
അവർ പറഞ്ഞു.ഞങ്ങളുടെ ദൈവങ്ങളിൽ നിന്ന് ഞങ്ങളെ തിരിച്ചു കളയാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്?താങ്കൾ സത്യവാദികളിൽ പെട്ടവരാണെങ്കിൽ താങ്കൾ ഞങ്ങൾക്ക് നൽകുന്ന താക്കീത് (ശിക്ഷ) ഞങ്ങൾക്കിങ്ങ് കൊണ്ടുവാ!

താക്കീതുമായി വന്ന ഹൂദ് നബി (عليه السلام) യെ അവർ അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഞങ്ങളുടെ ദൈവങ്ങളിൽ നിന്ന് ഞങ്ങളെ ശ്രദ്ധ തിരിക്കാൻ നീ ശ്രമിക്കേണ്ടതില്ല മറിച്ച് നിങ്ങൾ പറയുന്നത് അനുസരിക്കാത്തവർക്ക് ശിക്ഷയുണ്ടെന്ന് പറയുന്നത് സത്യമാണെങ്കിൽ ശിക്ഷ എത്രയും പെട്ടെന്ന് കൊണ്ട് വരൂ എന്ന് ധിക്കാര പൂർവം പറയുകയായിരുന്നു അവർقَالَ إِنَّمَا الْعِلْمُ عِندَ اللَّهِ وَأُبَلِّغُكُم مَّا أُرْسِلْتُ بِهِ وَلَكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ


(23)
അദ്ദേഹം പറഞ്ഞു.(അതിനെക്കുറിച്ചുള്ള) അറിവ് അള്ളാഹുവിങ്കൽ മാത്രമാണ്.ഞാൻ എന്ത് കൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അത് നിങ്ങൾക്ക് ഞാൻ എത്തിച്ചു തരുന്നു.പക്ഷെ വിവരമില്ലാത്ത ഒരു ജനതയായാണ് നിങ്ങളെ ഞാൻ കാണുന്നത്

പെട്ടെന്ന് ശിക്ഷ കൊണ്ടുവരാൻ ആവശ്യപ്പെട്ട ധിക്കാരികളോട് ഹൂദ് നബി (عليه السلام)ന്റെ മറുപടിയാണിത്.ശിക്ഷ കൊണ്ടുവരുന്നയാളല്ല ഞാൻ.മറിച്ച് ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകലാണ് പ്രവാചകന്റെ ജോലി.നിഷേധികൾക്ക് ശിക്ഷ എപ്പോൾ കൊടുക്കുമെന്ന് അള്ളാഹു തീരുമാനിക്കും.അത് കൃത്യ സമയത്ത് എത്തുകയും ചെയ്യും.താക്കിത് നൽകാൻ വന്ന എന്നോട് ശിക്ഷ പെട്ടെന്നാക്കാൻ ആവശ്യപ്പെടുന്ന നിങ്ങൾ വിവരക്കേടിന്റെ ആൾ രൂപങ്ങളാണെന്നാണ് എനിക്ക് മനസ്സിലാകുന്നത് കാരണം സന്ദേശമെത്തിക്കുക എന്ന ദൌത്യവാഹകരോട് ശിക്ഷ ചോദിക്കുന്നതിലെ അഭംഗി നിങ്ങൾ ചിന്തിച്ചില്ല.അതേപോലെ നിഷേധികൾക്ക് ശിക്ഷ വരുമെന്നറിയിക്കുമ്പോൾ അത് മുഖവിലക്കെടുക്കാതെ പൂർവാധികം ശക്തിയായി അവിശ്വാസത്തിൽ തുടരുന്നത് ശിക്ഷ എത്രയും പെട്ടെന്ന് ഏറ്റുവാങ്ങാനാവശ്യമായ പശ്ചാത്തലം ഒരുക്കലായി ഞാൻ മനസ്സിലാക്കുന്നു ഇത് വിവരക്കേടല്ലാതെ മറ്റെന്താണ്.ഞാൻ നിങ്ങളോട് സത്യമേ പറഞ്ഞിട്ടുള്ളൂ എന്ന് മനസ്സിലാക്കിയിട്ടും എന്റെ ഉപദേശത്തെ തള്ളുന്നത് വിവരമുള്ളവർക്ക് ചേർന്ന പണിയല്ല എന്നൊക്കെയാണിതിന്റെ സാരംفَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُّمْطِرُنَا بَلْ هُوَ مَا اسْتَعْجَلْتُم بِهِ رِيحٌ فِيهَا عَذَابٌ أَلِيمٌ


(24)
അങ്ങനെ അതിനെ ( ശിക്ഷയെ) തങ്ങളുടെ താഴ്‌വരകളുടെ നേരെ മുന്നിട്ടുവരുന്ന ഒരു മേഘമായി കണ്ടപ്പോൾ അവർ പറഞ്ഞു ‘ഇതാ നമുക്ക് മഴ നൽകുന്ന ഒരു മേഘം’ അല്ല,നിങ്ങൾ ഏതൊന്നിനെപ്പറ്റി ധൃതികൂട്ടിയിരുന്നുവോ അതാണത്.അതെ,വേദനാജനകമായ ശിക്ഷയുൾക്കൊള്ളുന്ന ഒരു കാറ്റ്

മഴ ലഭിക്കാതെ വിഷമിച്ചിരുന്ന ആദ് സമൂഹം കറുത്ത കാർമേഘം കണ്ടപ്പോൾ നമുക്ക് മഴയുമായി വരുന്ന മേഘമാണതെന്ന് സന്തോഷം പറഞ്ഞു.അപ്പോൾ ഹൂദ് നബി (عليه السلام)അവരെ തിരുത്തി.അല്ല.അത് നിങ്ങൾക്ക് മഴയുമായി വരുന്ന മേഘമല്ല മറിച്ച് നിങ്ങൾ ധിക്കാര പൂർവം ആവശ്യപ്പെട്ടിരുന്ന അള്ളാഹുവിന്റെ ശിക്ഷയാണ്  . ശിക്ഷയുടെ രൂപം വിശദീകരിക്കുകയാണ് താഴേتُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَى إِلَّا مَسَاكِنُهُمْ كَذَلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ


(25)
തന്റെ രക്ഷിതാവിന്റെ കല്പനയനുസരിച്ച് അത് എല്ലാ വസ്തുക്കളെയും തകർത്തുകളയും.അങ്ങനെ അവർ തങ്ങളുടെ വാസസ്ഥലമല്ലാതെ മറ്റൊന്നും കാണപ്പെടാത്ത നിലയിലായിത്തീർന്നു.കുറ്റവാളികളായ ജനതക്ക് അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു

സത്യ നിഷേധവും പ്രവാചകനെ പരിഹസിക്കലും ആദിന്റെ സ്ഥിരം സ്വഭാവമായി.അള്ളാഹു ധിക്കാരത്തിന്റെ പേരിൽ അവരെ പരീക്ഷിക്കാൻ തുടങ്ങി.ക്ഷാമം മൂർച്ചിച്ച് മഴ ലഭിക്കാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരവസരത്തിൽ ഒരു കാർമേഘം തങ്ങളുടെ വാസസ്ഥലത്തേക്ക് വരുന്നതായി അവർ കണ്ടു.ഇത് അവർക്കുള്ള ശിക്ഷയുടെ മുന്നോടിയായിരുന്നു.എന്നാൽ മഴ കൊണ്ടുവരുന്ന കാർമേഘമാണെന്ന് അവർ ആശ്വസിച്ചു.പക്ഷെ ഒരു കൊടുങ്കാറ്റാണ് അനുഭവപ്പെട്ടത് ഏഴു രാവും എട്ട് പകലും തുടർച്ചയായി അടിച്ചു വീശിയ കാറ്റ് അവരെ നാമാവശേഷമാക്കിക്കളഞ്ഞു. പ്രദേശമല്ലാതെ മറ്റു വസ്തുക്കളൊന്നും ശേഷിച്ചില്ല. ഹൂദ് നബിയെയും സത്യവിശ്വാസികളെയും അള്ളാഹു രക്ഷപ്പെടുത്തി.ആദ് സമുദായത്തിന്റെ കഥ ഖുർആനിൽ പലയിടത്തും പ്രസ്താവിച്ചിട്ടുണ്ട്

ആദ്യമായി ഈ ശിക്ഷ മനസ്സിലാക്കിയത് അവരില്പെട്ട ഒരു സ്ത്രീയായിരുന്നു.അവൾ പറഞ്ഞു.ഞാൻ തീജ്വാലയുള്ള ഒരു കാറ്റ് കണ്ടു.ഇത് മഴയുമായി വരുന്ന മേഘമല്ല.ശിക്ഷയാണെന്ന് അവർക്ക് മനസ്സിലായത് മരുഭൂമിയിലുള്ള അവരുടെ ചില ആളുകളെയും മൃഗങ്ങളെയും കാറ്റ് ആകാശഭൂമിക്കിടയിലൂടെ ചുറ്റിക്കുന്നത് അവർ കണ്ടപ്പോഴാണ് അപ്പോൾ അവരെല്ലാം ഉടൻ അവരുടെ വീടുകളിൽ പ്രവേശിക്കുകയും വാതിലുകൾ അടക്കുകയും ചെയ്തു എന്നാൽ വാതിലുകളെ കാറ്റ് പിടിക്കുകയും കാറ്റ് അവരെ പിഴുതെടുത്ത് പുറത്തിടുകയും മണൽക്കുന്ന് അവർക്ക് മുകളിലാക്കുകയും ഏഴ് രാവും എട്ട് പകലും കരഞ്ഞു കൊണ്ട് അവർ മണൽകൂനക്ക് താഴെ കഴിച്ചു കൂട്ടുകയും ചെയ്ത ശേഷം ചലനമറ്റ അവരെയെല്ലാം കാറ്റ്
  കടലിൽ തള്ളുകയും ചെയ്തു.(റാസി)

ഈ അവസ്ഥയാണ് അവർ
തങ്ങളുടെ വാസസ്ഥലമല്ലാതെ മറ്റൊന്നും കാണപ്പെടാത്ത നിലയിലായിത്തീർന്നു’ എന്ന് പറഞ്ഞത് 

ഈ കാറ്റ് വന്നപ്പോൾ ഹൂദ്
(عليه السلام) തന്റെ വിശ്വാസികളെ പ്രത്യേകം രേഖവരച്ചു കൊണ്ട് നീരുറവയുടെ അടുത്തുള്ള ഒരു സ്ഥലത്തേക്ക് മാറ്റി.ശത്രുക്കളിലേക്ക് രൌദ്രഭാവത്തോടെ അടിക്കുന്ന കാറ്റ് വിശ്വാസികൾക്ക് നല്ല കുളിർതെന്നലായി അനുഭവപ്പെട്ടു.ഒരേ കാറ്റ് ഒരു കൂട്ടർക്ക് സന്തോഷവും മറ്റൊരു കൂട്ടർക്ക് ശിക്ഷയുമാവുന്നു എന്നത് വ്യക്തമായ അമാനുഷിക സിദ്ധി തന്നെ.കാറ്റിന്റെ കാവൽക്കാരനായ മലക്കിനോട് ഒരു മോതിരത്തിന്റെ തോത് മാത്രം കാറ്റിനെ ഇവർക്കെതിരെ അയക്കാനാണ് അള്ളാഹു കല്പിച്ചത് എന്ന് നബി പറഞ്ഞിട്ടുണ്ട് അഥവാ അള്ളാഹുവിന്റെ ശിക്ഷയുടെ ചെറിയ ഒരു ഭാഗം തന്നെ ശക്തന്മാരായിരുന്ന ആ ആദ് സമൂഹത്തെ നശിപ്പിച്ചു കളഞ്ഞു.ഇത് അള്ളാഹുവിന്റെ അജയ്യമായ ശക്തിയുടെ പ്രകടമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. നബി കാറ്റടിക്കുമ്പോൾ (അള്ളാഹുവേ!ഈ കാറ്റിന്റെ നന്മയെയും ഇത് എന്ത് ദൌത്യവുമായാണോ അയക്കപ്പെട്ടത് ആ നന്മയെയും ഞാൻ ചോദിക്കുന്നു.ഈ കാറ്റിന്റെ തിന്മയെയും ഇത് എന്ത് തിന്മയുമായുമായാണോ അയക്കപ്പെട്ടത് അതിനെയും തൊട്ട് ഞാൻ കാവൽ തേടുന്നു)  എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു (റാസി)

ആഇശ
رضي الله عنهـا പറയുന്നു ഒരു മേഘമോ കാറ്റോ കാണുമ്പോൾ നബി യുടെ മുഖത്ത് വിഷമം കാണപ്പെടും.അപ്പോൾ ആഇശ ബീവി رضي الله عنهـا ചോദിച്ചു അള്ളാഹുവിന്റെ ദൂതരേ! മേഘം കാണുമ്പോൾ അത് മഴ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ ജനങ്ങൾ സന്തോഷിക്കും എന്നാൽ അങ്ങയുടെ മുഖത്ത് എന്താണ് പ്രയാസം കാണുന്നത്? ആഇശാ! കാറ്റ് കണ്ടപ്പോൾ ഇത് മഴ നൽകുമെന്ന് പറഞ്ഞ ജനതയെ ആ കാറ്റ് കൊണ്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ടല്ലോ അത് പോലെ ഒരു ശിക്ഷയാവില്ല ഈ കാറ്റിൽ എന്ന് ഉറപ്പിക്കാൻ സാ‍ധിക്കില്ലല്ലോ അതാണെന്റെ പ്രയാസം(മുസ്‌ലിം/ഖുർതുബി)

ആ ജനത നശിച്ചതിനു ശേഷം നൂറ്റിഅമ്പത് വർഷം കൂടി ഹൂദ് നബി
(عليه السلام) അവിടെ ജീവിച്ചു (ഖുർതുബി)وَلَقَدْ مَكَّنَّاهُمْ فِيمَا إِن مَّكَّنَّاكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَى عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُم مِّن شَيْءٍ إِذْ كَانُوا يَجْحَدُونَ بِآيَاتِ اللَّهِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِؤُون
(26)
നിങ്ങൾക്ക് നാം സൌകര്യം ചെയ്ത് തന്നിട്ടില്ലാത്ത പലതിലും അവർക്ക് (ആദ് സമൂഹത്തിനു) നാം സൌകര്യം ചെയ്തു കൊടുത്തു.അവർക്ക് നാം കേൾവിയും കാഴ്ചയും ഹൃദയവും നൽകിയിരുന്നു എന്നിട്ട് അവരുടെ കേൾവിയാകട്ടെ,കാഴ്ചയാകട്ടെ,ഹൃദയമാകട്ടെ അവർക്ക് ഒട്ടും തന്നെ(അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ) ഉപകരിച്ചില്ല അവർ അള്ളാഹുവിന്റെ ആയത്തുകളെ നിഷേധിച്ചു കൊണ്ടിരുന്നതിനാൽ! അവർ പരിഹസിച്ചു കൊണ്ടിരുന്നത് (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി

ശരീര ശക്തി സാമ്പത്തിക ശേഷി തുടങ്ങിയ ജീവിതത്തിന്റെ മിക്ക മേഘലകളിലും നിങ്ങളേക്കാൾ വളരെ മുന്നിലായിരുന്നു അവർ.അറിയാനുള്ള മാർഗങ്ങളായ കണ്ണ്. കാത് , ഹൃദയം എല്ലാം നാം അവർക്ക് നൽകിയിരുന്നു എന്നാൽ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവയവങ്ങളുപയോഗിച്ച് യാഥാവിധി മനസ്സിലാക്കുന്നതിനു പകരം അവർ അവയെ നിഷേധിച്ചു അവർക്ക് ശക്തമായ ശിക്ഷയും വന്നു.അവരുടെ ഒരു ഭൌതിക സൌകര്യവും അവരുടെ രക്ഷക്കെത്തിയില്ല സ്ഥിതിക്ക് ശാരീരിക ക്ഷമതയിലും സാമ്പത്തിക ഭദ്രതയിലുമടക്കം പലതിലും അവരേക്കാൾ ബലഹീനരായ നിങ്ങൾ സത്യ നിഷേധികളാവുന്നത് സൂക്ഷിച്ചു കൊള്ളുക  എന്ന് മക്കക്കാരെ താക്കീത് ചെയ്യുകയാണിവിടെوَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ الْقُرَى وَصَرَّفْنَا الْآيَاتِ لَعَلَّهُمْ يَرْجِعُونَ


(27)
നിശ്ചയം നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്.അവർ മടങ്ങേണ്ടതിനായി പല ദൃഷ്ടാന്തങ്ങളും വിവിധ രൂപത്തിൽ നാം വിവരിക്കുകയും ചെയ്തു

സൂക്തവും മക്കക്കാരെ അഭിമുഖീകരിച്ചാണ് പറയുന്നത്.ഹിജാസിന്റെ തെക്ക് വശമായിരുന്ന അഹ്ഖാഫ് നിവാസികളായ ആദിനെ നശിപ്പിച്ചത് നേരത്തേ പ്രസ്താവിച്ചുവല്ലോ!ഹിജാസിനും ശാമിനുമിടയിൽ ഹിജ്റ് എന്ന സ്ഥലവാസികളായിരുന്ന സമൂദ് ഗോത്രം.ഫലസ്ഥീനിലെ സദൂം നിവാസികളായിരുന്ന ലൂഥ് നബി യുടെ ജനത.യമനിലും മദ്യനിലും നിവസിച്ചിരുന്ന സബ അ് ഗോത്രങ്ങൾ മുതലായവരാണ് നിങ്ങളുടെ ചുറ്റുമുള്ളവർ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം.ഇവരെപ്പറ്റിയെല്ലാം മക്കക്കാർക്കറിയാമായിരുന്നു.അവരുടെ അനുഭവം നിങ്ങൾക്കും വന്നെത്തുമെന്ന് അവരെ ഉണർത്തിയിരിക്കുകയാണ്.ഈ യാഥാർത്ഥ്യമുൾക്കൊണ്ട് നിഷേധത്തിൽ നിന്ന് അവർ മടങ്ങുവാനാണ് അള്ളാഹു ഇത് വിവരിക്കുന്നത്فَلَوْلَا نَصَرَهُمُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ قُرْبَانًا آلِهَةً بَلْ ضَلُّوا عَنْهُمْ وَذَلِكَ إِفْكُهُمْ وَمَا كَانُوا يَفْتَرُونَ


(28)
അള്ളാഹുവിനു പുറമേ അവനിലേക്ക് അടുപ്പിക്കുവാൻ അവർ ദൈവങ്ങളാക്കിവെച്ച വസ്തുക്കൾ എന്ത് കൊണ്ട് അപ്പപ്പോൾ അവരെ സഹായിച്ചില്ല! മാത്രവുമല്ല ദൈവങ്ങൾ ഇവരെ വിട്ട് മറഞ്ഞു പോവുകയാണ് ചെയ്തത് അത് അവരുടെ കള്ളവാദവും  അവർ കെട്ടിച്ചമച്ചിരുന്നതുമാകുന്നു


മുകളിൽ വിവരിച്ച വിഭാഗങ്ങൾ ശക്തരും യോഗ്യരും തന്ത്രശാലികളുമൊക്കെയായിരുന്നു പക്ഷെ സത്യ നിഷേധത്തിന്റെ പേരിൽ അവർക്ക് ശിക്ഷ വന്നപ്പോൾ തങ്ങളെ അള്ളാഹുവിങ്കലേക്ക് അടുപ്പിക്കാനായി അവർ ഇലാഹുകളാക്കി വെച്ച് ആരാധിച്ചു വന്നിരുന്ന ബിംബങ്ങളൊന്നും അവരെ സഹായിക്കാനെത്തിയില്ല.ബിംബങ്ങൾക്കെങ്ങനെ അതിനു കഴിയും?അവ സഹായിക്കുമെന്ന വാദം തനി വ്യാജവും ബുദ്ധിശൂന്യവുമാണ്وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا فَلَمَّا قُضِيَ وَلَّوْا إِلَى قَوْمِهِم مُّنذِرِينَ


(29)
(
നബിയേ) ജിന്നുകളിൽ പെട്ട ഒരു സംഘത്തെ ഖുർആൻ ശ്രദ്ധിച്ചു കേൾക്കുന്നവരായി തങ്ങളുടെ അടുക്കലേക്ക് നാം തിരിച്ചുവിട്ട സന്ദർഭം (ഓർക്കുക) അങ്ങനെ അവർ അതിന്റെ അടുക്കൽ സന്നിഹിതരായപ്പോൾ നിശ്ശബ്ദരായിരിക്കുക എന്ന് അവർ (തമ്മതമ്മിൽ) പറഞ്ഞു.അങ്ങനെ ഖുർ ആൻ പാരായണം നിർവഹിക്കപ്പെട്ടു കഴിഞ്ഞപ്പോൾ അവർ അവരുടെ ജനതയുടെ അടുക്കലേക്ക് താക്കീതു നൽകുന്നവരായിക്കൊണ്ട് തിരിച്ചു പോയി

അബൂഥാലിബിന്റെ മരണശേഷം മക്കക്കാർ ഇസ്ലാമിനോടുള്ള ശത്രുത പൂർവാധികം ശക്തിയായി തുടർന്നപ്പോൾ ഥാഇഫിലെ സഖീഫ് ഗോത്രത്തിലെ അബ്ദു യാലീൽ,മസ്‌ഊദ്,ഹബീബ് എന്നീ സഹോദരന്മാരെ  ഇസ്ലാമിലേക്ക് ക്ഷണിക്കാനും മക്കക്കാർക്കെതിരിൽ ഇസ്‌ലാമിനെ സഹായിക്കാനും ആവശ്യപ്പെട്ടു കൊണ്ട് നബി അവിടെ എത്തി.എന്നാൽ ജനത നബി യോട് അനുകൂലമായി പ്രതികരിച്ചില്ലെന്ന് മാത്രമല്ല ശാരീരികമായി ഉപദ്രവിക്കാൻ പോലും അവർ തയാറായി.അവിടുന്ന് തിരിച്ചു വരുമ്പോൾ ബഥ്നു നഖല: എന്ന സ്ഥലത്ത് നബി ഖുർ ആൻ പാരായണം ചെയ്ത് കൊണ്ട് നിസ്ക്കരിക്കുമ്പോഴാണ് ജിന്നുകൾ ഖുർ ആൻ കേട്ടത്.മനുഷ്യരിൽ നല്ലവരും ചീത്തയാളുകളും ഉള്ളത് പോലെ ജിന്നുകളിലും നല്ലവരും അല്ലാത്തവരുമുണ്ട്. വന്ന ജിന്നുകൾ ജൂതന്മാരായിരുന്നു .ജിന്നുകളും മനുഷ്യരെ പോലെ അള്ളാഹുവിന്റെ കല്പനകൾ പാലിക്കാൻ കടപ്പെട്ടവരാണ്.അവർക്കും പ്രതിഫലമോ ശിക്ഷയോ പരലോകത്തുണ്ട്.ഇബ്നു അബ്ബാസ് رضي الله عنه നോട് ജിന്നുകൾക്ക് പ്രതിഫലമുണ്ടോ എന്ന് ചോദിക്കപ്പെടുകയും അതെ,അവർക്ക് പ്രതിഫലവും ശിക്ഷയുമുണ്ട് അവർ സ്വർഗത്തിൽ ഒരുമിച്ച് കൂടുകയും അതിന്റെ കവാടത്തിൽ തിക്കിത്തിരക്കുകയും ചെയ്യും എന്ന് മറുപടി പറയുകയും ചെയ്തു(റാസി/ഖുർതുബി)

ജിന്നുകൾ ഖുർആൻ കേട്ടപ്പോൾ അത് വിശ്വസിച്ചു സ്വന്തം ജനതക്കിടയിൽ അത് പ്രബോധനം ചെയ്യുന്നു എന്നത് മക്കക്കാർക്കുള്ള ശക്തമായ താക്കീതാണ്.അഥവാ കേട്ട മാത്രയിൽ തന്നെ ജിന്നുകൾ വിശ്വസിച്ചു എന്നാൽ പലവട്ടം കേട്ടിട്ടും വിശ്വസിക്കാത്ത നിങ്ങൾ ധിക്കാരികൾ തന്നെ (ഖുർതുബി)

മൂന്ന് മുതൽ പത്തിൽ താഴെയുള്ള സംഘത്തിനാണ് നഫർ എന്ന് പറയുക.ഇവിടെ പറഞ്ഞ സംഘത്തിൽ നസീബീൻ നിവാസികളായ ഏഴുപേരാണുണ്ടായിരുന്നതെന്ന് ഇബ്നു അബ്ബാസ് رضي الله عنه റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പരിശുദ്ധ ഖുർആൻ കേട്ട മാത്രയിൽ തന്നെ ജിന്നുകളിലുണ്ടായ പ്രതികരണം ശ്രദ്ധേയമാണ്.അവരതിൽ വിശ്വസിക്കുക മാത്രമല്ല സ്വന്തം ജനതയുടെ അടുത്ത് ചെന്ന് അവരെ സന്മാർഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.ജിന്നുകളിൽ താക്കീതുകാരുണ്ടെന്നും അവരിൽ പ്രവാചകന്മാരില്ലെന്നും  താക്കീതു നൽകുന്നവരായിക്കൊണ്ട് എന്ന പ്രയോഗത്തിൽ നിന്ന്  അനസ്സിലാക്കാം.ജിന്നുകളിൽ പ്രവാചകന്മാരില്ലെന്നതിനു ഒന്നിലധികം ഖുർ ആൻ വാക്യങ്ങൾ ഇബ്‌നു കസീർ (رحمة الله عليه) ചൂണ്ടിക്കാണിച്ചിട്ടുണ്ട്قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَى مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَى طَرِيقٍ مُّسْتَقِيمٍ


(30)
അവർ പറഞ്ഞു ഞങ്ങളുടെ ജനങ്ങളേ!ഒരു വേദം (പാരായണം ചെയ്യപ്പെടുന്നത്) ഞങ്ങൾ കേട്ടു.അതിന്റെ മുമ്പുള്ള വേദങ്ങളെ ശരിവെച്ചു കൊണ്ട് അത് മൂസാ നബിക്ക് ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്.സത്യവിശ്വാസത്തിലേക്കും ചൊവ്വായ മാർഗത്തിലേക്കും അത് വഴികാട്ടുന്നു

മൂസാ നബിയുടെ ശേഷം അവതരിപ്പിക്കപ്പെട്ട വേദം എന്ന പ്രയോഗത്തിൽ നിന്ന് അവർ തൌറാത്തിന്റെ അനുയായികളാണെന്ന് വരുന്നുണ്ട്.അവർ യഹൂദികളായിരുന്നുവെന്ന് ഹസൻ رضي الله عنه പറഞ്ഞിട്ടുണ്ട്.ഈസാ നബിയെക്കുറിച്ച് കേൾക്കാത്ത ജിന്നുകളായിരുന്നു അവർ അത് കൊണ്ടാണ് മൂസാ നബിക്ക് ശേഷം എന്ന് അവർ പറഞ്ഞതെന്ന് ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞിട്ടുണ്ട് (റാസി)

മുൻ
വേദങ്ങളിൽ ഒരു നിയമ സംഹിത (ശരീത്ത്)എന്ന നിലയിലും മറ്റും തൌറാത്തിന്റെ പ്രാധാന്യം നിമിത്തമാണ് അങ്ങനെ പറഞ്ഞതെന്നും വരാം.ഇൻ ജീലിൽ മിക്കവാറും മനസ്സുകളെ മയപ്പെടുത്തുന്ന ഉപദേശങ്ങളാണ്.വിധിവിലക്കുകൾ ചുരുക്കം.ഇബ്‌നു കസീർ എഴുതുന്നു,,ആ ജിന്നുകൾ ഈസാ നബിയെക്കുറിച്ച് പറയാതിരുന്നത് ഇഞ്ചീൽ എന്ന ഗ്രന്ഥത്തിൽ ഒരുപാട് ഉപദേശങ്ങളും മനസ്സിനെ മയപ്പെടുത്തുന്ന നിർദ്ദേശങ്ങളും അല്പം വിധിവിലക്കുകളും മാത്രമാണുണ്ടായിരുന്നത് അത് തത്വത്തിൽ തൌറാത് മുന്നോട്ട് വെച്ച നിയമസംഹിതയുടെ പൂർത്തീകരണമാണ് അപ്പോൾ അടിസ്ഥാനവും പ്രധാനവും തൌറാത്തായത് കൊണ്ടാണ് അത് പരാമർശിച്ച് അവസാനിപ്പിച്ചത് (ഇബ്‌നു കസീർ)

അള്ളാഹു നമ്മെ സത്യവിശ്വാസികളിൽ പെടുത്തട്ടെ ആമീൻ


പ്രിയസഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക്vilakk@gmail.comNo comments: