അദ്ധ്യായം
45 | സൂറത്തുൽ ജാസിയ | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ
37
بسم الله الرحمن الرحيم
Part 1 ( 1 to 11 )
റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു
حم
(1)
ഉദ്ദേശം അള്ളാഹുവിനറിയാം
ഉദ്ദേശം അള്ളാഹുവിനറിയാം
تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
(2)
ഈ വേദ ഗ്രന്ഥമവതരിപ്പിച്ചത് പ്രതാപശാലിയും അഗാധജ്ഞനുമായ അള്ളാഹുവിൽ നിന്നാകുന്നു
ഖുർആൻ ദൈവിക ഗ്രന്ഥമല്ല.പൂർവീകരുടെ കെട്ടു കഥയാണെന്ന് ചിലപ്പോൾ പറയുകയും പിശാചുക്കൾ അവതരിപ്പിച്ചതാണെന്ന് മറ്റു ചിലപ്പോൾ വാദിക്കുകയും ചെയ്തിരുന്നുവല്ലോ മക്കക്കാർ.അതിന്റെ മറുപടിയാണിത്.അഥവാ ഖുർആൻ പൂർവീകരുടെ കെട്ടു കഥയല്ല .പിശാചിന്റെ സൃഷ്ടിയുമല്ല മറിച്ച് സ്വന്തം തീരുമാനം എന്തായാലും അത് നടപ്പാക്കാൻ പ്രാപ്തനും തീരുമാനങ്ങളെല്ലാം യുക്തിയുക്തമായി നടപ്പാക്കുന്നവനുമായ അള്ളാഹു അവതരിപ്പിച്ചത് തന്നെ
إِنَّ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِّلْمُؤْمِنِينَ
(3)
നിശ്ചയം ആകാശ ഭൂമികളിൽ (അവയുടെ സൃഷ്ടിപ്പിൽ) വിശ്വാസികൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്
നിശ്ചയം ആകാശ ഭൂമികളിൽ (അവയുടെ സൃഷ്ടിപ്പിൽ) വിശ്വാസികൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്
ആകാശങ്ങളും ഭൂമിയും അള്ളാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങളുടെ തെളിവും അവന്റെ അജയ്യതയുടെ നേർ സാക്ഷ്യവുമാണ് .നിഷ്പക്ഷതയോടെ ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെയും അതിന്റെ ക്രമീകരണങ്ങളെയും അവയിലടങ്ങിയിട്ടുള്ള സൂര്യ ചന്ദ്ര നക്ഷത്രാദികളും മലകൾ കടലുകൾ നദികൾ മറ്റ് അനേകം പ്രതിഭാസങ്ങളെയും വിലയിരുത്തിയാൽ ഇത്രയും അൽഭുതകരവും അമ്പരപ്പിക്കുന്നതുമായ ഇവ സ്വയംഭൂവല്ലെന്നും ഇതിനു ഒരു സംവിധായകനും സൃഷ്ടാവും അനിവാര്യമാണെന്നും ആ സൃഷ്ടാവാണ് അള്ളാഹുവെന്നും അവൻ ഏകനായത് കൊണ്ടാണിത് ഇത്രയും കൃത്യമായി നടക്കുന്നതെന്നും ബോദ്ധ്യമാവും ഇത് ചിന്തിക്കാനും അത് മുഖേന അവനിലുള്ള വിശ്വാസം ഉറപ്പിക്കാനും വിശ്വാസികളെ ഉൽബോധിപ്പിക്കുകയാണ് അള്ളാഹു
وَفِي خَلْقِكُمْ وَمَا يَبُثُّ مِن دَابَّةٍ آيَاتٌ لِّقَوْمٍ يُوقِنُونَ
(4)
നിങ്ങളെ സൃഷ്ടിച്ചതിലും ജീവികളായി (ഭൂമിയിൽ) അവൻ പരത്തിവിടുന്ന വസ്തുക്കളിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളും
ആകാശ ഭൂമികളെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ വിശ്വാസം കൈവന്ന മനുഷ്യൻ പിന്നീട് തന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അഥവാ നിസ്സാരമായ ഇന്ദ്രിയത്തുള്ളിയിൽ നിന്ന് വിവിധ മാറ്റങ്ങളിലൂടെ സഞ്ചരിച്ച് പൂർണ മനുഷ്യ രൂപം പ്രാപിച്ചു എന്നത് ചിന്തിക്കാൻ മാത്രമുണ്ടല്ലോ! മറ്റു ജീവജാലങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ അഥവാ ശാന്ത സ്വഭാവമുള്ളവയും രൌദ്ര ഭാവമുള്ളവയും വിവിധ ജീവിത ശൈലി സ്വീകരിച്ചിട്ടുള്ളവുമായ ജീവികൾ! തന്റെ വിശ്വാസത്തിനു കുറച്ച് കൂടി ദൃഢത കൈവരും .അതാണ് ഇവിടെ ‘ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളും‘ ഉണ്ട് എന്ന് പറഞ്ഞത്
وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا أَنزَلَ اللَّهُ مِنَ السَّمَاء مِن رِّزْقٍ فَأَحْيَا بِهِ الْأَرْضَ
بَعْدَ مَوْتِهَا وَتَصْرِيفِ الرِّيَاحِ آيَاتٌ لِّقَوْمٍ يَعْقِلُونَ
(5)
രാപ്പകലുകൾ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നതിലും ആകാശത്ത് നിന്നും അള്ളാഹു ആഹാരം (മഴ) ഇറക്കി അതുമൂലം ഭൂമിയെ-അതുണങ്ങിവരണ്ട ശേഷം-ജീവിപ്പിക്കുന്നതിലും കാറ്റുകളെ വ്യത്യാസപ്പെടുത്തി നിയന്ത്രിക്കുന്നതിലും ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്
ആദ്യം വിശ്വസിക്കുകയും പിന്നീട് അത് ദൃഢതയിൽ എത്തുകയും ചെയ്ത മനുഷ്യൻ കുറേകൂടി ആഴത്തിൽ ചിന്തിക്കുകയും മഴ, കാറ്റ് സസ്യ ലതാദികളുടെ ഉല്പാദനം മുതലായവയെയെക്കുറിച്ചും അതിൽ അടങ്ങിയ യുക്തിരഹസ്യങ്ങളെക്കുറിച്ചും പരിശോധിക്കുമ്പോൾ കൂടുതൽ ബുദ്ധിപൂർവകമായി അള്ളാഹുവെ അവൻ മനസ്സിലാക്കും .അതാണ് വിശ്വാസി “ദൃഢ വിശ്വാസി“ , ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നവൻ എന്നിങ്ങനെ വ്യത്യസ്ഥ പദപ്രയോഗങ്ങൾ നടത്തിയത് ഒരു നല്ല അവസ്ഥയിൽ നിന്ന് അതിലും മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള മുന്നേറ്റമാണ് വിശ്വാസികൾ നടത്തുന്നതെന്ന് ചുരുക്കം. യുഗാന്തരങ്ങളിലൂടെ നാം ചിന്തിക്കുക.എത്ര കൃത്യവും സൂക്ഷമവുമായാണ് രാപ്പകലുകൾ മാറി മാറി വരുന്നത്. ആകാശത്ത് നിന്ന് മഴ വർഷിക്കുന്നതിനെ ഭക്ഷണം എന്ന് അള്ളാഹു വിശേഷിപ്പിച്ചത് നോക്കുക .വരണ്ടുണങ്ങിയ ഭൂമിക്ക് മഴയെന്ന അനുഗ്രഹം മുഖേന അവൻ പുതുജീവൻ നൽകുന്നു.ആ ഭൂമി സജീവമാകുന്നു അതിൽ നിന്ന് നമുക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ലഭിക്കുന്നു . കാറ്റുകളെ വ്യത്യാസപ്പെടുത്തി നിയന്ത്രിക്കുക എന്നാൽ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ദിശയിലേക്കും ചൂടും തണുപ്പും എന്ന സ്വഭാവങ്ങൾ ഉൾക്കൊള്ളിച്ചും വരുന്ന കാറ്റുകൾ വിവിധ ധർമങ്ങളാണ് നടപ്പാക്കുന്നത്
ഈ കാര്യങ്ങളെല്ലാം നിരന്തരം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യൻ ഇതൊന്നും ആരും നിയന്ത്രിക്കാതെ വെറുതെയങ്ങ് നടന്നു പോവുന്നു എന്ന് പറയുമോ?ഇല്ല ഇത്രയും കുറ്റമറ്റ രീതിയിൽ കൃത്യമായ ശൈലിയിൽ അതി ശക്തനായ ഒരു സംവിധായകൻ ഇതിനു പിന്നിലുണ്ടായേ തീരൂ എന്ന് അവൻ മനസ്സിലാക്കുന്നു ആ സംവിധായകനാണ് അജയ്യനായ ഏകനായ അള്ളാഹു എന്ന് അവൻ ഉൾക്കൊള്ളുന്നു
تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ فَبِأَيِّ حَدِيثٍ بَعْدَ اللَّهِ وَآيَاتِهِ يُؤْمِنُونَ
(6)
അതെല്ലാം അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്,(നബിയേ) യഥാർത്ഥ നിലക്ക് അതെല്ലാം തങ്ങൾക്ക് നാം പറഞ്ഞു തരുന്നു അള്ളാഹുവിനും അവന്റെ ആയത്തുകൾക്കും പുറമെ ഇനി ഏതൊരു വാർത്തയിലാണ് അവർ വിശ്വസിക്കുന്നത്?
അള്ളാഹു നബി ﷺ മുഖേന വിശദീകരിക്കുന്ന യുക്തിഭദ്രമായ കാര്യങ്ങളാണിത്.ഇത് അവഗണിച്ച് ഇതിലും ഉത്തമമായ മറ്റൊരു വാർത്ത എവിടുന്ന് ലഭിക്കുമെന്നാണ് അവർ കാത്തിരിക്കുന്നത് അത് സാദ്ധ്യമല്ല തന്നെ.വിശേഷ ബുദ്ധിയുള്ള മനുഷ്യൻ ഇത്രയൊക്കെയായിട്ടും അള്ളാഹുവിനെ നിഷേധിക്കുന്നുവെങ്കിൽ അത് വളരെ മോശം നിലപാട് തന്നെ എന്നാണീ പറയുന്നത്
وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ
(7)
വളരെ കള്ളം പറയുന്നവരും മഹാ പാപികളുമായ എല്ലാവർക്കും വമ്പിച്ച നാശം!
അള്ളാഹുവിന്റെ പേരിൽ കളവുകൾ കെട്ടിപ്പറയുന്ന വാക്കിലും പ്രവൃത്തിയിലും കുറ്റവാളികളായ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്ന എല്ലാവരും നരകാവകാശികളുടെ ശരീരത്തിൽ നിന്ന് ഒലിക്കുന്ന ചീഞ്ചലത്തിന്റെ താഴ്വരയിലായി തളച്ചിടപ്പെടും.അബൂജഹ്‌ൽ.നള്റുബ്‌നുൽ ഹാരിസ്,ഹാരിസ് ബിൻ കിൽദ: തുടങ്ങിയവരൊക്കെ ഇതിൽ പെട്ടവരത്രെ (ഥിബ്രി/ഇബ്നു കസീർ/ഖുർതുബി)
يَسْمَعُ آيَاتِ اللَّهِ تُتْلَى عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا فَبَشِّرْهُ بِعَذَابٍ أَلِيمٍ
(8)
അള്ളാഹുവിന്റെ ആയത്തുകൾ തനിക്ക് ഓതിക്കേൾപ്പിക്കപ്പെടുന്നത് അവൻ കേൾക്കുന്നു എന്നിട്ട് അത് കേട്ടിട്ടില്ലാത്ത ഭാവത്തിൽ അഹംഭാവം നടിച്ചവനായി (സത്യനിഷേധത്തിൽ തന്നെ) അവൻ ഉറച്ച് നിൽക്കുന്നു അതിനാൽ അവനു വേദനാജനകമായ ശിക്ഷയുണ്ടെന്ന് സന്തോഷ വാർത്ത അറിയിക്കുക
അള്ളാഹുവിന്റെ ആയത്തുകൾ തനിക്ക് ഓതിക്കേൾപ്പിക്കപ്പെടുന്നത് അവൻ കേൾക്കുന്നു എന്നിട്ട് അത് കേട്ടിട്ടില്ലാത്ത ഭാവത്തിൽ അഹംഭാവം നടിച്ചവനായി (സത്യനിഷേധത്തിൽ തന്നെ) അവൻ ഉറച്ച് നിൽക്കുന്നു അതിനാൽ അവനു വേദനാജനകമായ ശിക്ഷയുണ്ടെന്ന് സന്തോഷ വാർത്ത അറിയിക്കുക
മുമ്പ് പറഞ്ഞ കുറ്റവാളിയുടെ സ്വഭാവമാണിവിടെ പറയുന്നത്.അള്ളാഹുവിന്റെ സൂക്തങ്ങൾ കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ച് സത്യം സ്വീകരിക്കാതെ അവഗണിച്ച് അഹങ്കാരത്താൽ നിഷേധത്തിൽ തന്നെ ഉറച്ച് നിൽക്കുന്നു .കടുത്ത ശിക്ഷതന്നെ അവനുണ്ടെന്ന് സന്തോഷ വാർത്ത അറിയിക്കുക.താക്കീത് ചെവിക്കൊള്ളാത്തവന്റെ ശിക്ഷ അവനൊരു സുവിശേഷമായി അള്ളാഹു അവതരിപ്പിച്ചിരിക്കുന്നു!
وَإِذَا عَلِمَ مِنْ آيَاتِنَا شَيْئًا اتَّخَذَهَا هُزُوًا أُوْلَئِكَ لَهُمْ عَذَابٌ مُّهِينٌ
(9)
നമ്മുടെ ആയത്തുകളിൽ നിന്ന് വല്ലതും അറിഞ്ഞാൽ അത് അവൻ പരിഹാസ പാത്രമാക്കുന്നു അവർക്ക് അപമാനകരമായ ശിക്ഷയുണ്ട്
അള്ളാഹുവിന്റെ ഖുർ ആനിൽ നിന്ന് വല്ലതും അവൻ കേട്ട് പഠിച്ചാൽ തന്നെ അതിന്റെ അന്തസ്സത്ത അംഗീകരിക്കുന്നതിനു പകരം അതിനെ അവൻ കളിയാക്കും .അത് കൊണ്ടാണ് ശത്രു രാജ്യത്തേക്ക് ഖുർആനുമായി യാത്ര ചെയ്യുന്നതിനെ-അത് ശത്രുവിന്റെ കയ്യിൽ എത്തിപ്പെടുന്നത് ഭയപ്പെട്ടതിനാൽ-നബി ﷺ വിരോധിച്ചിരിക്കുന്നു എന്ന ഹദീസ് ഇമാം മുസ്‌ലിം رحمة الله عليه തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്തത് .അത്തരക്കാരുടെ പരിഹാസത്തിനു പകരമായി അവർക്ക് അപമാനകരമായ ശിക്ഷപരലോകത്ത് അള്ളാഹു നൽകും(ഇബ്നു കസീർ)
നരകത്തിലെ ശിക്ഷയുടെ ഭാഗമായി ‘സഖ്ഖൂം’ എന്ന വൃക്ഷത്തെ കുറിച്ച് പറഞ്ഞതിനെ കളിയാക്കി അത് ഈത്തപ്പനയെന്ന് പറഞ്ഞതും നരകത്തിന്റെ കാവൽക്കാരായി പത്തൊമ്പത് മലക്കുകളുണ്ടെന്ന് പറഞ്ഞപ്പോൾ അവരെ ഞാൻ ഒറ്റക്ക് നേരിടുമെന്ന് പറഞ്ഞതുമൊക്കെ ഈ പരിഹാസത്തിന്റെ പരിധിയിൽ വരുന്നുണ്ട് (ഖുർതുബി)
ഇത് മക്കയിലുണ്ടായിരുന്ന നിഷേധികൾക്ക് മാത്രമല്ല ബാധകമാവുന്നത്.ഖുർ ആനിന്റെ കല്പനകൾ മനസ്സിലാക്കിയിട്ടും യുക്തിവാദികൾക്കു മുന്നിൽ ആളാവാനും പുരോഗമന വാദിയാകണമെങ്കിൽ ഖുർആനിനെ വെല്ലു വിളിക്കണമെന്നും ചിന്തിക്കുന്ന എല്ലാ വിവര ദോഷികൾക്കും ബാധകമാണ്.സ്ത്രീ പുരുഷ ബന്ധത്തിന്റെ പവിത്രത സംരക്ഷിക്കാനും അരാചകത്വം നാട്ടിൽ നടമാടാതിരിക്കാനും നൈമിഷിക വികാരങ്ങൾ യുവതയുടെ ജീവിതം തകർക്കാതിരിക്കാനും ചില പെരുമാറ്റച്ചട്ടങ്ങൾ ഖുർ ആൻ പറഞ്ഞിട്ടുണ്ട്.അത് അവഗണിക്കുന്നതിലാണ് പുരോഗമനം എന്ന് വിളിച്ചു കൂവുന്നവർ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന അതി ദയനീയമായ ചില സാമൂഹിക പരിസരങ്ങളെ വിലയിരുത്താനും സ്ഥിരമായ പരിഹാരം ഉൾക്കൊള്ളാനും തയാറാവുക തന്നെ വേണം.അച്ചടക്കം പാലിക്കണമെന്ന് പറയുമ്പോൾ പരിഹസിക്കുകയും തിരിച്ചടി നേരിടുമ്പോൾ കണ്ണീരൊലിപ്പിക്കുകയും ചെയ്യുന്നത് പരിഹാസ്യം തന്നെയാണ്.അള്ളാഹു ഓരോരുത്തർക്കും പ്രകൃതിപരമായി ചില സ്വഭാവങ്ങൾ നൽകിയിട്ടുണ്ട്.അത് അംഗീകരിക്കാനും നടപ്പിൽ വരുത്താനും സന്മനസ്സ് കാണിക്കുന്നതിനു പകരം അതിനെതിരിൽ തെരുവിൽ പ്രസംഗിക്കാനും വെല്ലുവിളിക്കാനും മിനക്കെടുന്നത് എന്നെ തല്ലരുത് ഞാൻ നന്നാവില്ല എന്ന കുരുത്തം കെട്ടവന്റെ കുസൃതി തന്നെയാണ്. ലഹരിയുടെ ഉപയോഗം ഇപ്പോൾ യുവതയെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു.ഖുർ ആനികാദ്ധ്യാപനങ്ങളെ പരിഹസിക്കുന്നവർ ചിന്തിക്കാൻ തയാറുണ്ടോ? ഇങ്ങനെ മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന സർവ തല സ്പ്ര്ശിയായ ഖുർആനിക അദ്ധ്യാപനങ്ങളെ പരിഹസിക്കുന്നതിനും കളിയാക്കുന്നതിനും പകരം അതിന്റെ പ്രയോഗ വൽക്കരണത്തിനാവണം നമ്മുടെ ശ്രമം.കാരണം ത്രികാല ജ്ഞാനിയായ അള്ളാഹുവാണ് ഖുർആൻ അവതരിപ്പിച്ചത് നമ്മുടെ വിവരമോ തുലോ തുഛവും!
مِن وَرَائِهِمْ جَهَنَّمُ وَلَا يُغْنِي عَنْهُم مَّا كَسَبُوا شَيْئًا وَلَا مَا اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاء وَلَهُمْ عَذَابٌ عَظِيمٌ
(10)
അവരുടെ മുന്നിൽ നരകമുണ്ട് അവർ പ്രവർത്തിച്ചതാകട്ടെ അള്ളാഹുവിനു പുറമെ അവർ ഇലാഹുകളാക്കി വെച്ചവയാകട്ടെ (നരക ശിക്ഷ തടയുന്നതിൽ) അവർക്കൊട്ടും പ്രയോചനപ്പെടുകയുമില്ല അവർക്ക് വമ്പിച്ച ശിക്ഷയുമുണ്ട്
അവരുടെ സന്താനങ്ങളോ സമ്പത്തോ അവർ ആരാധിച്ചിരുന്ന ദൈവങ്ങളോ അവരെ നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ സഹായകമാകില്ല.അവർ നരക ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും . സത്യത്തിനെതിരിൽ പല ശൈലിയിലുള്ള പരിഹാസവും അവർ നടത്തിയിരുന്നു.അവർക്കുള്ള ശിക്ഷയെ പല ശൈലിയിൽ അള്ളാഹു പരിചയപ്പെടുത്തിയത് അനുയോജ്യമായ പ്രതികരണം എന്ന നിലക്ക് തന്നെ!
هَذَا هُدًى وَالَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ لَهُمْ عَذَابٌ مَّن رِّجْزٍ أَلِيمٌ
(11)
ഇത് (ഖുർആൻ) ശരിയായ മാർഗ ദർശനമാണ് തങ്ങളുടെ രക്ഷിതാവിന്റെ ആയത്തുകളെ നിഷേധിക്കുന്നവരാകട്ടെ അവർക്ക് കടുത്ത യാതനയാകുന്ന വേദനാജനകമായ ശിക്ഷയുണ്ട്
മാർഗ ദർശനവുമായി വന്ന ഖുർആനിനെ നിഷേധിക്കുന്നവർക്ക് ശക്തമായ ശിക്ഷ തന്നെയാണ് വരാനിരിക്കുന്നത്. അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമിൻ
പ്രിയസഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ
പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم
باحسان الي يوم الدين والحمد لله رب العالمين
No comments:
Post a Comment