അദ്ധ്യായം 45 | സൂറത്തുൽ ജാസിയ |
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 37
Part 4 ( 31 to 37
)
بسم الله الرحمن الرحيم
റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു
وَأَمَّا الَّذِينَ كَفَرُوا أَفَلَمْ تَكُنْ آيَاتِي تُتْلَى عَلَيْكُمْ فَاسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ
(31)
എന്നാൽ സത്യ നിഷേധികളോ (അവരോട് പറയപ്പെടും) എന്റെ ആയത്തുകൾ നിങ്ങൾക്ക് ഓതിക്കേൾപ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോൾ നിങ്ങൾ അഹങ്കരിച്ചു.നിങ്ങൾ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു
എന്നാൽ സത്യ നിഷേധികളോ (അവരോട് പറയപ്പെടും) എന്റെ ആയത്തുകൾ നിങ്ങൾക്ക് ഓതിക്കേൾപ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോൾ നിങ്ങൾ അഹങ്കരിച്ചു.നിങ്ങൾ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു
കഴിഞ്ഞ സൂക്തത്തിൽ സത്യവിശ്വ്വസികൾക്കുള്ള പ്രതിഫലത്തെയും വിജയത്തെയും കുറിച്ച് പറഞ്ഞ ശേഷം സത്യ നിഷേധികളുടെ അവസ്ഥ വിശദീകരിക്കുകയാണിവിടെ അള്ളാഹുവിന്റെ ഏകത്വം സമ്മതിക്കാനോ അവനെ മാത്രം ആരാധിക്കാനോ തയാറാവാതിരുന്ന ആ സത്യ നിഷേധികൾ അള്ളാഹുവിന്റെ ഉൽബോധനങ്ങളൊന്നും ശ്രദ്ധിക്കാത്ത ധിക്കാരികളും കുറ്റവാളികളുമായിത്തീർന്നു. “എന്റെ ആയത്തുകൾ നിങ്ങൾക്ക് ഓതിക്കേൾപ്പിക്കപ്പെട്ടിരുന്നില്ലേ” എന്ന ചോദ്യം അവരെ ഭയപ്പെടുത്താനുള്ളതാണ്
وَإِذَا قِيلَ إِنَّ وَعْدَ اللَّهِ حَقٌّ وَالسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِي مَا السَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ
(32)
അള്ളാഹുവിന്റെ വാഗ്ദാനം സത്യം തന്നെയാണെന്നും അന്ത്യഘട്ടമാകട്ടെ അതിൽ യാതൊരു സംശയവുമില്ലെന്നും പറയപ്പെട്ടപ്പോൾ നിങ്ങൾ പറഞ്ഞിരുന്നത് (ഇതാണ്). അന്ത്യഘട്ടം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല.ഞങ്ങൾക്ക് ഒരു തരം ഊഹം മാത്രമാണുള്ളത്.ഞങ്ങൾ ഇതൊന്നും ഉറപ്പായി കരുതുന്നവരല്ല തന്നെ
സത്യവിശ്വാസികൾ ഈ ലോകത്തിന്റെ നാശവും മരണശേഷമുള്ള പുനർജന്മവും അതിനു ശേഷം ഭൂമിയിൽ ചെയ്ത കാര്യങ്ങൾക്ക് പ്രതിഫലം നൽകുമെന്നതുമെല്ലാം അള്ളാഹു വാഗ്ദാനം ചെയ്തതാണെന്നും അത് സത്യവും സംഭവിക്കുന്നതുമാണെന്നും അതിനാൽ നിങ്ങൾ ഈ നിഷേധമൊഴിവാക്കി കാര്യങ്ങൾ മനസ്സിലാക്കണമെന്നും നിഷേധികളോട് പറഞ്ഞപ്പോൾ അങ്ങനെയൊന്നും ഉണ്ടാവുമെന്ന് ഞങ്ങൾ കരുതുന്നില്ലെന്നും അതൊക്കെ വെറും ഊഹങ്ങളാണെന്നും തട്ടിവിട്ടതിനെ സംബന്ധിച്ചാണ് ഈ പറയുന്നത്
وَبَدَا لَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِؤُون
(33)
തങ്ങൾ പ്രവർത്തിച്ചതിന്റെ തിന്മകൾ അവർക്ക് വെളിവാകുകയും തങ്ങൾ പരിഹസിച്ചു കൊണ്ടിരുന്നത് (ശിക്ഷ) അവരിൽ വന്നെത്തുകയും ചെയ്തു
പുനർജന്മ ശേഷം അവരുടെ എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്തിയിരുന്ന ഗ്രന്ഥം അവർക്ക് നൽകുകയും അത് വായിച്ചപ്പോൾ ഞങ്ങൾക്ക് തെറ്റ് പറ്റി എന്ന് അവർക്ക് ബോദ്ധ്യമാവുകയും അള്ളാഹുവിന്റെ ശിക്ഷവരില്ലെന്ന് പറഞ്ഞ് പരിഹസിച്ചത് വെറുതയായെന്നും അത് സത്യം തന്നെയാണെന്നും അവർക്ക് വ്യക്തമായി.പക്ഷെ ഇനി വിലപിച്ചെട്ടെന്ത് കാര്യം?!
وَقِيلَ الْيَوْمَ نَنسَاكُمْ كَمَا نَسِيتُمْ لِقَاء يَوْمِكُمْ هَذَا وَمَأْوَاكُمْ النَّارُ وَمَا لَكُم مِّن نَّاصِرِينَ
(34)
ഈ ദിവസം കണ്ട് മുട്ടുന്നതിനെ നിങ്ങൾ വിസ്മരിച്ചത് പോലെ ഇന്ന് നിങ്ങളെ നാം നരകത്തിൽ ഒഴിച്ചുവിടുന്നു നിങ്ങളുടെ വാസസ്ഥാനം നരകമാണ്.നിങ്ങൾക്ക് സഹായികളായി ആരുമില്ല എന്ന് (അവിടെ വെച്ച്) അവരോട് പറയപ്പെടും
നരകത്തിലെത്തിയ നിഷേധികൾ അതി ദയനീയമായ അവസ്ഥയിൽ നിൽക്കുമ്പോൾ അള്ളാഹു അവർക്ക് നൽകുന്ന സന്ദേശമാണിത്.അതായത് നിങ്ങൾ അല്പം പോലും ദയ അർഹിക്കുന്നില്ല.കാരണം ഭൂമിയിൽ വെച്ച് എന്റെ ദൂതന്മാർ കാര്യകാരണ സഹിതം ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് നിങ്ങളെ ഉണർത്തിയപ്പോൾ അത് ചെവിക്കൊള്ളാതെ നിങ്ങൾ നടന്നു.അതൊന്നും സംഭവിക്കില്ലെന്ന് അഹങ്കാരത്തോടെ നിഷേധിക്കാനും നിങ്ങൾ മറന്നില്ല.അള്ളാഹുവിനെയും സത്യത്തെയും അന്ന് നിങ്ങൾ വിസ്മരിച്ചത് പോലെ ഇന്ന് ഞാൻ നിങ്ങളെയും വിസ്മരിക്കുന്നു ശിക്ഷ അനുഭവിക്കുക.നിങ്ങളെ ആരും സഹായിക്കില്ല തീർച്ച.
ഇബ്നു കസീർ رحمة الله عليه എഴുതുന്നു “അള്ളാഹു ചിലരോട് ചോദിക്കുമെന്ന് സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടിരിക്കുന്നു” , നിനക്ക് ഞാൻ വിവാഹം ചെയ്ത് തന്നില്ലേ? നിന്നെ ആദരിക്കുകയും കുതിരയെയും ഒട്ടകത്തെയും നിനക്ക് കീഴ്പെടുത്തിത്തരികയും സമൂഹത്തിൽ നേതൃപദവിനൽകുകയും സുഖമായി ജീവിക്കാനാവശ്യമായതൊക്കെ നൽകുകയും ചെയ്തില്ലേ?അവൻ പറയും അതെ,നാഥാ! നീ അതെല്ലാം എനിക്ക് തന്നിരുന്നു എന്നിട്ട് എന്നെ കണ്ടുമുട്ടുമെന്ന് നീ കരുതിയിരുന്നോ? അവൻ പറയും ഇല്ല ! അള്ളാഹു പറയും നീ എന്നെ മറന്നത് പോലെ ഇന്ന് ഞാൻ നിന്നെയും മറക്കുന്നു (ഇബ്നു കസീർ)
ذَلِكُم بِأَنَّكُمُ اتَّخَذْتُمْ آيَاتِ اللَّهِ هُزُوًا وَغَرَّتْكُمُ الْحَيَاةُ الدُّنْيَا فَالْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ
(35)
അതൊക്കെ സംഭവിച്ചത് നിങ്ങൾ അള്ളാഹുവിന്റെ ആയത്തുകളെ പരിഹാസപാത്രമാക്കിയത്കൊണ്ടാണ് .ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു.ഇനി ഇന്നു അവരെ അതിൽ (നരകത്തിൽ) നിന്ന് പുറത്തേക്ക് വിടുന്നതല്ല.അവരോട് പശ്ചാത്തപിച്ച് മടങ്ങി തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല
അതൊക്കെ സംഭവിച്ചത് നിങ്ങൾ അള്ളാഹുവിന്റെ ആയത്തുകളെ പരിഹാസപാത്രമാക്കിയത്കൊണ്ടാണ് .ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു.ഇനി ഇന്നു അവരെ അതിൽ (നരകത്തിൽ) നിന്ന് പുറത്തേക്ക് വിടുന്നതല്ല.അവരോട് പശ്ചാത്തപിച്ച് മടങ്ങി തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല
നിങ്ങൾ വിസ്മരിക്കപ്പെട്ടതും സഹായിക്കപ്പെടാതിരുന്നതും ഭൂമിയിൽ വെച്ച് അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുകയും ഭൌതിക ജീവിതത്തിന്റെ പ്രൌഡിയിൽ മയങ്ങി നന്മകൾ കയ്യൊഴിക്കുകയും ചെയ്തത് കൊണ്ടാണ്,ഇനി കാലാകാലം ശിക്ഷ അനുഭവിച്ച് കഴിയുകയല്ലാതെ നിങ്ങൾക്ക് നരകത്തിൽ നിന്ന് പുറത്ത് കടക്കാനോ ഒരിക്കൽ കൂടി ഭൂമിയിലേക്ക് തിരിച്ച് പോയി പശ്ചാത്തപിച്ചു നന്നാവാനോ അവസരം ലഭിക്കുകയില്ല
فَلِلَّهِ الْحَمْدُ رَبِّ السَّمَاوَاتِ وَرَبِّ الْأَرْضِ رَبِّ الْعَالَمِينَ
(36)
അപ്പോൾ (കാര്യം ഇപ്രകാരമായിരിക്കെ) ആകാശഭൂമികളുടെ രക്ഷിതാവായ (അതെ) ലോകരക്ഷിതാവായ അള്ളാഹുവിനത്രെ എല്ലാ സ്തുതിയും
എല്ലാ അനുഗ്രഹങ്ങളും നൽകിയവൻ അള്ളാഹുവാകുന്നു.അല്ലാതെ നിങ്ങൾ ആരാധിക്കുന്ന പര ദൈവങ്ങൾ ഒന്നും ചെയ്തു തന്നിട്ടില്ല അതിനാൽ അവനെ മാത്രമായിരുന്നു നിങ്ങൾ സ്തുതിക്കേണ്ടതും ആരാധിക്കേണ്ടതും എന്നാണിവിടെ സൂചിപ്പിക്കുന്നത്
وَلَهُ الْكِبْرِيَاء فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ
(37)
ആകാശ ഭൂമികളിൽ ഗാംഭീര്യം അവനു തന്നെയാണ്.അവൻ പ്രതാപശാലിയും അഗാധജ്ഞനും ആകുന്നു
അഹങ്കാരവും അജയ്യതയും അള്ളാഹുവിനു മാത്രം അവകാശപ്പെട്ടതാണ് അതിൽ ആരെങ്കിലും അവനോട് തർക്കിക്കാൻ വന്നാൽ (ആരെങ്കിലും അഹങ്കരിച്ചാൽ) അവനെ അള്ളാഹു നരകത്തിൽ പ്രവേശിപ്പിക്കും എന്ന് ശരിയായ ഹദീസുണ്ട് (ഇബ്നു കസീർ)
അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ, ദൃഷ്ടാന്തങ്ങൾ,മനുഷ്യരുടെ ഉൽഭവം, അവസാനം തുടങ്ങി പലതും വിവരിച്ച ശേഷം അള്ളാഹു അവനെത്തന്നെ സ്തുതിച്ചുകൊണ്ടും എല്ലാ വിധ പ്രതാപത്തിനും അവൻ തന്നെയാണ് അർഹൻ എന്ന് ഓർമിപ്പിച്ച് കൊണ്ടും ഈ അദ്ധ്യായം അവസാനിപ്പിച്ചിരിക്കുന്നു
അള്ളാഹു നമ്മെയെല്ലാം അവന്റെ നല്ല അടിമകളിലുൾപെടുത്തട്ടെ ആമീൻ
പ്രിയസഹോദരങ്ങളെ,
നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ
അനുഗ്രഹിക്കട്ടെ. امين
തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തുതരട്ടെ.
ദുആ വസിയത്തോടെ
No comments:
Post a Comment