Sunday, January 5, 2020

അദ്ധ്യായം 42 | സൂറത്തു ശ്ശുറാ الشوري ഭാഗം-02


അദ്ധ്യായം 42 | സൂറത്തു ശ്ശുറാ  الشوري | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 53


ഭാഗം-02


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


ഭാഗം -02  ( 07 മുതൽ 12 വരെ )


(7)
كَذَلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِّتُنذِرَ أُمَّ الْقُرَى وَمَنْ حَوْلَهَا وَتُنذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ

അപ്രകാരം തങ്ങൾക്ക് നാം അറബി ഭാഷയിലുള്ള ഖുർആൻ ബോധനം നൽകിയിരിക്കുന്നു മക്കയിലുള്ളവർക്കും അതിന്റെ ചുറ്റുഭാഗത്തുള്ളവർക്കും  തങ്ങൾ താക്കീത് നൽകുവാൻ വേണ്ടിയും  സംശയ രഹിതമായ സമ്മേളന ദിവസത്തെ പറ്റി തങ്ങൾ താക്കീത് നൽകുവാൻ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാർ സ്വർഗത്തിൽ ആയിരിക്കും മറ്റൊരു വിഭാഗക്കാർ കത്തിജ്വലിക്കുന്ന നരകത്തിലും.

തങ്ങളുടെ മുമ്പുള്ളവർക്ക് നാം ദിവ്യ ബോധനം നൽകിയത് പോലെ തങ്ങൾക്ക് സുവ്യക്തവും  സംശയ രഹിതവുമായ അറബി ഭാഷയിലുള്ള ഖുർആൻ തങ്ങളിലേക്ക് നാം ബോധനം നൽകിയിരിക്കുന്നു ഏറ്റവും ശ്രേഷ്ഠ നാടായ മക്കയിലുള്ളവർക്കും കിഴക്കും പടിഞ്ഞാറുമായി നില കൊള്ളുന്ന പരിസര നാടുകളിൽ അധിവസിക്കുന്നവർക്കും താക്കീത് നൽകാൻ വേണ്ടിയാണ് ഖുർആൻ അവതരിച്ചത്.ഗ്രാമങ്ങളുടെ മാതാവ് (ഉമ്മുൽ ഖുറാ) എന്ന് മക്കക്ക് പേര് വന്നത് അത് ഏറ്റവും ശ്രേഷ്ഠമായ നാടയത് കൊണ്ടാണ്. അതിന് ധാരാളം തെളിവുകളുണ്ട്.

ഉദാഹരണമായി ഇമാം അഹ്മദ് رحمة الله عليه റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം നബി തങ്ങൾ മദീനയിലേക്കുള്ള പലായനത്തിന്റെ ഭാഗമായി വീട്ടിൽ നിന്നിറങ്ങി മക്കയിലെ മാർക്കറ്റിൽ നിന്നു കൊണ്ട് മക്കയോടായി പറഞ്ഞു..അള്ളാഹുവാണേ സത്യം.നീ അള്ളാഹുവിന്റെ ഭൂമിയിൽ ഏറ്റവും ഉത്തമമായ നാടും അള്ളാഹുവിലേക്ക് ഏറ്റവും പ്രിയമുള്ള നാടും തന്നെയാണ്.നിന്നിൽ നിന്ന് ഞാൻ പുറത്താക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും നിന്നെ വിട്ട് പോകുമായിരുന്നില്ല (അപ്പോൾ ഈ നബി വചനത്തിൽ ഏറ്റവും ശ്രേഷ്ഠനാട് എന്ന് നബി  തങ്ങൾ മക്കയെ വിശേഷിപ്പിച്ചു).

സംഭവിക്കുമെന്നതിൽ സംശയമില്ലാത്ത ദിനം അന്ത്യ നാളാണ്.അന്ന് എല്ലാവരും ഒന്നിച്ച് ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടപ്പെടും അതിന് വേണ്ടി തയാറാവണം ആവശ്യമായ ഒരുക്കങ്ങൾ നടത്തണം കർമങ്ങൾക്ക് പ്രതിഫലം ലഭിക്കുമ്പോൾ കർമങ്ങൾ നല്ലത് ധാരാളം ഉണ്ടാവണം അല്ലെങ്കിൽ അന്നേദിനം കൈകടിക്കേണ്ടി വരും തിന്മകൾ പൂർണമായി ഒഴിവാക്കി നന്മകൾ പരമാവധി അധികരിപ്പിച്ച് അതിന് സഹായകമായ  നിലപാട് സ്വീകരിക്കണം ഇതിനാണ് സംശയ രഹിതമായ സമ്മേളന ദിനത്തെക്കുറിച്ച് താക്കീത്നൽകുന്നത്.അർഹതക്ക് അനുസരിച്ച് ഒരു കൂട്ടം ജനങ്ങൾക്ക് സ്വർഗവും മറ്റൊരു കൂട്ടത്തിന്നരകവും പ്രഖ്യാപിക്കപ്പെടും .ഇക്കാര്യങ്ങളെല്ലാം ജനത്തെ ബോദ്ധ്യപ്പെടുത്താനായി അള്ളാഹു തങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്

ഇമാം റാസി എഴുതുന്നു.മക്കക്ക് ഉമ്മുൽ ഖുറാ എന്ന് പറയാൻ കാരണം ആനാടിനെ –അവിടെ കഅ്ബയും ഇബ്‌റാഹീം മഖാമും –അടക്കമുള്ള ആദരണീയമായവ നില കൊള്ളുന്നതിനാൽ ആ നാട്ടിനുള്ള പ്രത്യേകത കാരണമാണ് .മക്കക്കാർക്കും പരിസര വാസികൾക്കും താക്കീത് നൽകാനാണ് തങ്ങളെ നിയോഗിച്ചത് എന്ന പ്രയോഗം ഒരിക്കലും നബി തങ്ങൾ എല്ലാവരിലേക്കും റസൂലാണെന്ന് പറയുന്നതിന് എതിരല്ല കാരണം ഒരു നാട്ടിലേക്ക് ദൈവ ദൂതനായി നിയോഗിച്ചു എന്ന പ്രയോഗം മറ്റു നാട്ടിലേക്കൊന്നും ദൂതനല്ല എന്ന നിഷേധത്തെ അറിയിക്കുന്നില്ല എല്ലാവരിലേക്കും ദൈവദൂതനായിട്ട് മാത്രമാണ് തങ്ങളെ നാം നിയോഗിച്ചത് (സബഅ് 28) എന്ന് അള്ളാഹു വ്യക്തമാക്കിയ സ്ഥിതിക്ക് പ്രത്യേകിച്ചും. മാത്രവുമല്ല മക്കയിലേക്ക് ദൈവ ദൂതനായി തങ്ങൾ നിയോഗിക്കപ്പെട്ടു എന്ന് നബി
തങ്ങൾ തന്നെ സ്ഥിരീകരിക്കുന്നതോടെ അവിടുന്ന് സത്യ സന്ധനാണെന്ന് ബോദ്ധ്യമായി നബി തങ്ങൾ എല്ലാവരിലേക്കും റസൂലാണെന്ന് തങ്ങൾ തന്നെ പറഞ്ഞത് അവിതർക്കിതമായി സ്ഥിരപ്പെട്ടിട്ടുണ്ട് താനും ആസ്ഥിതിക്ക് അത് വിശ്വസിക്കാൻ നാം ബാദ്ധ്യസ്ഥരാണ് (റാസി)

ഒരുമിച്ച് കൂട്ടുന്ന ദിനം എന്ന് പറഞ്ഞാൽ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ഒരുമിച്ചു കൂട്ടപ്പെടുക എന്നും ആത്മാക്കളെയും ശരീരങ്ങളെയും ഒരുമിച്ച് കൂട്ടുക എന്നും പ്രവർത്തിച്ചവനെയും അവന്റെ പ്രവർത്തികളെയും ഒരുമിച്ച് കൂട്ടുക എന്നും മർദ്ദിതനെയും മർദ്ദകനെയും ഒരുമിച്ച് കൂട്ടുക എന്നും  എല്ലാം ഇവിടെ ഉദ്ദേശ്യമാകാം (റസി) ഈ കാര്യങ്ങളെല്ലാം സ്ഥിരീകരിക്കപ്പെട്ടവയാണ് .അത് കൊണ്ട് ഇതിലെ എല്ലാ അഭിപ്രായങ്ങളും ശരിയുമാണ്. അഥവാ വൈവിദ്ധ്യമാണിത് വൈരുദ്ധ്യമല്ല


(8)

وَلَوْ شَاء اللَّهُ لَجَعَلَهُمْ أُمَّةً وَاحِدَةً وَلَكِن يُدْخِلُ مَن يَشَاء فِي رَحْمَتِهِ وَالظَّالِمُونَ مَا لَهُم مِّن وَلِيٍّ وَلَا نَصِيرٍ

അള്ളാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരെ(മനുഷ്യരെ)യെല്ലാം അവൻ ഒരേ സമുദായമാക്കുമായിരുന്നു പക്ഷെ താൻ ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യത്തിൽ അവൻ പ്രവേശിപ്പിക്കുന്നു അക്രമികളാരോ അവർക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല

എല്ലാവരെയും സത്യത്തിലോ വഴികേടിലോ ഒരുമിച്ച് കൂട്ടാൻ അള്ളാഹുവിനു സാധിക്കാത്തത് കൊണ്ടല്ല ചിലർ സന്മാർഗത്തിലും മറ്റു ചിലർ ദുർമാർഗത്തിലുമായത്.അള്ളാഹു ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും വിശേഷ ബുദ്ധി നൽകുകയും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയും നല്ലതും ചീത്തയും അവൻ വിവരിക്കുകയും ചെയ്തു. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവർക്ക് പരലോകത്ത് ശിക്ഷ ലഭിക്കുക തന്നെ ചെയ്യും അപ്പോൾ അതിൽ നിന്ന് അവരെ രക്ഷിക്കാനോ നരക പ്രവേശനത്തിൽ നിന്ന് അവരെ തടയാനോ  ഒരു തരത്തിലുള്ള സഹായിയും അവർക്കുണ്ടാവുകയില്ല .മനുഷ്യന് അള്ളാഹു നൽകിയ ഏറ്റവും വലിയ അംഗീകാരം അവന്റെ വിശേഷ ബുദ്ധിയാണ്.നല്ലതും ചീത്തയും ഏതാണെന്ന് അള്ളാഹു പ്രവാചകന്മാർ മുഖേന വിവരിച്ചു.നല്ലത് തിരഞ്ഞെടുക്കാൻ കല്പിക്കുകയും ചെയ്തു.പക്ഷെ അള്ളാഹു ഒന്നും ഒരാളിലും അടിച്ചേല്പിച്ചിട്ടില്ല.അഥവാ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ മനുഷ്യന് അള്ളാഹു സ്വാതന്ത്ര്യം നൽകി .എന്നാൽ ചീത്ത തിരഞ്ഞെടുക്കുക വഴി ആ സ്വാതന്ത്ര്യം മനുഷ്യൻ ദുരുപയോഗം ചെയ്തു.അത് കൊണ്ടാണ് ചീത്ത തിരഞ്ഞെടുത്തവൻ പരലോകത്ത് ശിക്ഷക്ക് അർഹനായത് ഇത് ലോക രക്ഷിതാവിന്റെ നീതി മാത്രമാണെന്ന് ‌‌‌–അവൻ മനുഷ്യരെ അക്രമിച്ചതല്ലെന്ന്—അല്പം ചിന്തിക്കുന്നവർക്കെല്ലാം ബോദ്ധ്യമാവും.ചിന്തിക്കില്ലെന്ന് വാശി പിടിക്കുന്നവർക്കേ ഇതിനെ ചോദ്യം ചെയ്യാനാവൂ!


(9)
أَمِ اتَّخَذُوا مِن دُونِهِ أَوْلِيَاء فَاللَّهُ هُوَ الْوَلِيُّ وَهُوَ يُحْيِي المَوْتَى وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അതല്ല അവർ അവന്നു പുറമേ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ?എന്നാൽ അള്ളാഹു തന്നെയാകുന്നു രക്ഷാധികാരി അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു അവൻ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ

അള്ളാഹുവിന് പുറമേ ദൈവങ്ങളെ സ്ഥാപിച്ച മുശ്രിക്കുകളുടെ നിലപാടിനെ അള്ളാഹു നിരാകരിക്കുകയാണിവിടെ.കാരണം ദൈവങ്ങൾക്ക് യാതൊരു കഴിവുകളുമില്ല എന്നാൽ അള്ളാഹു മരിച്ചവരെ ജീവിപ്പിക്കുവാനും മറ്റെല്ലാ കാര്യങ്ങൾ ചെയ്യുവാനും കഴിവുള്ളവനാകുന്നു (ഇബ്നുകസീർ)
അവർ അള്ളാഹുവിനു പുറമേ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണൊ എന്ന ചോദ്യത്തിനർത്ഥം അവർ അങ്ങനെയൊരു അബദ്ധം ചെയ്തിരിക്കുന്നു എന്ന് സ്ഥിരീകരിക്കുകയും അതിനെ അള്ളാഹു എതിർക്കുകയുമാണ് (ബഗ്വി)

(10)
وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ ذَلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

നിങ്ങൾ അഭിപ്രായ വ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതിൽ തീർപ്പ് കല്പിക്കാനുള്ള അവകാശം അള്ളാഹുവിന്നാകുന്നു അവനാണ് എന്റെ രക്ഷിതാവായ അള്ളാഹു അവന്റെ മേൽ ഞാൻ ഭരമേല്പിച്ചിരിക്കുന്നു അവങ്കലേക്ക് ഞാൻ താഴ്മയോടെ  മടങ്ങുകയും ചെയ്യുന്നു

നിങ്ങൾക്കിടയിൽ ഏത് കാര്യത്തിൽ ഭിന്നതയുണ്ടായാലും അതിൽ അന്തിമ വിധി അള്ളാഹുവാണ് വിധിക്കേണ്ടത് അവൻ അത് ചെയ്യുക തന്നെ ചെയ്യും ശക്തനായ അള്ളാഹുവിന്റെ മേലിലാണ് ഭരമേൽപ്പിക്കേണ്ടത് അല്ലാതെ ഒന്നിനും കഴിവില്ലാത്ത കൃത്രിമ ദൈവങ്ങളുടെ മേലിൽ അല്ല അതിനാൽ ഞാൻ എന്റെ എല്ലാ കാര്യങ്ങളിലും അള്ളാഹുവിൽ ഭരമേല്പിക്കുകയും അവനിൽ ഉറച്ചു വിശ്വസിക്കുകയും  അവനിലേക്ക് മടങ്ങുകയും ചെയ്യുന്നു (ഥബ്രി)
ഇമാം ഖുർതുബി എഴുതുന്നു നബി തങ്ങൾ തന്റെ സഹാബികളോട് ഉണർത്തുന്ന കാര്യമാണീ സൂക്തത്തിൽ പറയുന്നത് അതായത് വേദക്കാരായ നിഷേധികളും ബഹുദൈവ വിശ്വാസികളും മത കാര്യത്തിൽ നിങ്ങളോട് തർക്കത്തിനു വന്നാൽ അവരോട് നിങ്ങൾ പറയേണ്ടത് ഇതിൽ തീരുമാനം പറയേണ്ടത് അള്ളാഹുവാണ് അല്ലാതെ നിങ്ങൾ അല്ല എന്നാൽ അള്ളാഹു തീരുമാനം പറഞ്ഞു കഴിഞ്ഞു ശരിയായ മതം ഇസ്ലാം ആണെന്നും അതിന്റെ നിയമങ്ങളെല്ലാം അള്ളാഹുവാണ് തീരുമാനിച്ചതെന്നും (ഖുർതുബി)


(11)
فَاطِرُ السَّمَاوَاتِ وَالْأَرْضِ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَمِنَ الْأَنْعَامِ أَزْوَاجًا يَذْرَؤُكُمْ فِيهِ لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവാകുന്നു (അവൻ.) നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ വർഗത്തിൽ നിന്ന് തന്നെ അവൻ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു) കാലികളിൽ നിന്നുള്ള ജോഡികളെയും അവനുണ്ടാക്കി. അതുവഴി നിങ്ങളുടെ അംഗ സംഖ്യ അവൻ വർദ്ധിപ്പിക്കുന്നു അവനെ പോലെ വേറെ യാതൊന്നുമില്ല എല്ലാം കേൾക്കുന്നവനും നന്നായി കാണുന്നവനുമാണവൻ


ആകാശ ഭൂമികളുടെ സൃഷ്ടാവായ അള്ളാഹു നിങ്ങളിൽ നിന്നു തന്നെ ആൺ പെൺ എന്ന നിലയിൽ ഇണകളെ സംവിധാനിച്ച് മഹത്തായ അനുഗ്രഹമാകുന്നു നിങ്ങൾക്ക് നൽകിയിരിക്കുന്നത്.കന്നുകാലികളിൽ നിന്നും അവൻ ഇണകളെ സംവിധാനിച്ചു ഇണകൾ തമ്മിലുള്ള അടുപ്പവും ബന്ധവും തലമുറകളായി നിങ്ങളുടെ നിലനിൽപ്പിന് വഴിയൊരുക്കുന്നു ഇതെല്ലാം ചെയ്യുന്ന അള്ളാഹു തുല്യതയില്ലാത്തവനാണ് അഥവാ അവനിലേക്ക് എല്ലാവരും ആശ്രയിക്കുകയും അവൻ ആരുടെയും ആശ്രയം വേണ്ടാത്തവനുമാകുന്നു അവൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു (ഇബ്നു കസീർ)

അത് കൊണ്ട് അവനെ മാത്രം ആരാദ്ധ്യനായി സ്വീകരിക്കാൻ നിങ്ങൾ തയാറാവണം.അവന്റെ സൃഷ്ടികളിൽ ചിലതിനെ ദൈവങ്ങളായി പ്രതിഷ്ഠിക്കുന്നത് ചിന്താ ശക്തിയുള്ള മനുഷ്യന് യോജിച്ചതേയല്ല എന്ന് ചുരുക്കം

(12)
لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ

ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോൽ അവന്നുള്ളതാകുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ വിശാലമാക്കുന്നു (മറ്റുള്ളവർക്ക്) അവൻ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു തീർച്ചയായും അവൻ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

ആകാശ ഭൂമികളിലെ ഖജാനകളുടെ താക്കോൽ അള്ളഹുവിന്റെ അധികാരത്തിലാണ് നന്മയും തിന്മയും പൂട്ടി വെക്കുന്നതും തുറന്ന് വെക്കുന്നതും അവൻ തന്നെ അവൻ വല്ല അനുഗ്രഹത്തെയും തുറന്നാൽ അതിനെ പിടിച്ച് വെക്കാനോ അള്ളഹു പിടിച്ച് വെച്ചത് അഴിച്ച് വിടനോ ഒരാൾക്കുമാകില്ല (ഥബ്രി)

ഇമാം റാസി എഴുതുന്നു സൂക്തങ്ങളുടെ  ഉദ്ദേശ്യം ആകാശ ഭൂമി പടച്ചത് അള്ളാഹു.ബിംബങ്ങൾ അങ്ങനെയല്ല  നമ്മെയും നമ്മുടെ ഇണകളെയും നമ്മിൽ നിന്നും ഇണകളിൽ നിന്നുമായി നമ്മുടെ സന്താനങ്ങളെയും അവനാണ് പടച്ചത് ബിംബങ്ങൾ അങ്ങനെയൊന്നും ചെയ്തിട്ടില്ല ആകാശ ഭൂമികളുടെ സൂക്ഷിപ്പ് അവന്റെ അടൂത്താണ് ബിംബങ്ങൾക്ക് അതിൽ യാതൊരു ബന്ധവുമില്ല ഇവ്വിധം എല്ലാത്തിനും കഴിവുള്ള- നമുക്ക് ഔദാര്യങ്ങൾ ഒഴുക്കിത്തന്ന, അനുഗ്രഹങ്ങൾ അനുവദിച്ചു തന്ന അള്ളാഹുവോട് ഒന്നിനും ശക്തിയില്ലാത്ത ബിംബങ്ങളെ എങ്ങനെ സാമ്യപ്പെടുത്താനാകും  ആകാശത്ത് നിന്ന് മഴയും ഭൂമിയിൽ നിന്ന് സസ്യങ്ങളും മുളപ്പിച്ചു തന്ന അള്ളാഹുവിനോട് മറ്റാർക്കും ഒരു തുലനവുമില്ല എന്നാണ് .(റാസി)

അത് കൊണ്ട് അള്ളാഹുവിനു പുറമേ മറ്റു ദൈവങ്ങളെ സ്ഥാപിക്കുന്നത് കടുത്ത അക്രമം തന്നെ .അള്ളാഹു നമ്മെ സന്മാർഗത്തിൽ അടിയുറപ്പിച്ച് നിർത്തട്ടെ ആമീൻ

(
തുടരും)  ഇൻശാ അള്ളാഹ്

No comments: