Sunday, January 26, 2020

അദ്ധ്യായം 42 | സൂറത്തു ശ്ശുറാ الشوري | ഭാഗം-03


അദ്ധ്യായം 42 | സൂറത്തു ശ്ശുറാ  الشوري | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 53



بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

ഭാഗം -03  ( 13 മുതൽ 16 വരെ )

(13)
شَرَعَ لَكُم مِّنَ الدِّينِ مَا وَصَّى بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَى وَعِيسَى أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ اللَّهُ يَجْتَبِي إِلَيْهِ مَن يَشَاء وَيَهْدِي إِلَيْهِ مَن يُنِيبُ

നൂഹ് നബിയോട് നാം കല്പിച്ചതും തങ്ങളിലേക്ക് നാം ബോധനം നൽകിയതും ഇബ്റാഹീം عليه السلام, മൂസാ عليه السلام, ഈസാ عليه السلام  എന്നിവരോട് നാം കല്പിച്ചതുമായ കാര്യംനിങ്ങൾ മതത്തെ നേരാം വണ്ണം നിലനിർത്തുക,അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക എന്ന കാര്യം-അവൻ നിങ്ങൾക്ക് മത നിയമമായി നിശ്ചയിച്ചിരിക്കുന്നു ബഹുദൈവ വിശ്വാസികളെ നിങ്ങൾ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവർക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു താൻ ഉദ്ദേശിക്കുന്നവരെ അള്ളാഹു തന്നിലേക്ക് തിരഞ്ഞെടുക്കുന്നു താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാർഗത്തിൽ നയിക്കുകയും ചെയ്യുന്നു

ആദം നബിക്ക് ശേഷം ആദ്യം വന്ന പ്രവാചകരായ നൂഹ് നബിയെയും അവസാനത്തെ പ്രവാചകരായ മുഹമ്മദ് നബി തങ്ങളെയും പരാമർശിക്കുകയും ഉലുൽ അസ്‌മിൽ പെട്ട മറ്റ് മൂന്ന് പേരെ (ഇബ്‌റാഹീം ,മൂസാ,ഈസാ عليه السلام)യും പരാമർശിച്ച് അള്ളാ‍ഹു പറയുന്നത് മതം നേരാം വണ്ണം നിലനിർത്തുകയും അതിൽ ഒറ്റക്കെട്ടായി നിലകൊള്ളുകയും ഭിന്നിപ്പ് ഉണ്ടാവാതിരിക്കാൻ നിലപാടുണ്ടാകണമെന്നുമാണ്.എല്ലാ നബിമാരും അടിസ്ഥാനപരമായി ഒരേ ആശയമാണ് പ്രചരിപ്പിച്ചത് അള്ളാഹുവിനെ മാത്രം ആരാധിക്കണം അവന് യാതൊരു പങ്കാളികളുമില്ല എന്നതാണത്.ഇതാണ് അടിസ്ഥാനം.ശാഖാപരമായ ഭിന്നതകൾ അതാത് കാലത്തേക്ക് പ്രസക്തമായത് ഉണ്ടാകുന്നതിന് ഈ കല്പന തടസ്സമല്ല.ആ ഭിന്നിപ്പിനെ അള്ളാഹു വിലക്കിയിട്ടുമില്ല.അള്ളാഹുവിനെ മാത്രം ആരാധിക്കണമെന്ന തത്വത്തിലേക്ക് വിളിക്കുന്ന പ്രവാചക വജനങ്ങൾ ബഹുദൈവ വിശ്വാ‍സികൾ വലിയ പ്രയാസത്തോടെയാണ് കേൾക്കുന്നത് അതാണ്

 “ആ
ബഹുദൈവ വിശ്വാസികളെ നിങ്ങൾ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവർക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു”  എന്ന് അള്ളാഹു പറഞ്ഞതിന്റെ താല്പര്യം.
“താൻ
ഉദ്ദേശിക്കുന്നവരെ അള്ളാഹു തന്നിലേക്ക് തിരഞ്ഞെടുക്കുന്നു താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാർഗത്തിൽ നയിക്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞാൽ അള്ളാഹുവെ അനുസരിച്ചും പ്രവാചക കല്പനകളെ അംഗീകരിച്ചും ദോഷങ്ങളിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങിയും മാതൃകായോഗ്യമായ ജീവിതം നയിക്കാൻ അള്ളാഹു അവർക്ക് സൌഭാഗ്യം നൽകുന്നു എന്ന് സാരം

(14)
وَمَا تَفَرَّقُوا إِلَّا مِن بَعْدِ مَا جَاءهُمُ الْعِلْمُ بَغْيًا بَيْنَهُمْ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَى أَجَلٍ مُّسَمًّى لَّقُضِيَ بَيْنَهُمْ وَإِنَّ الَّذِينَ أُورِثُوا الْكِتَابَ مِن بَعْدِهِمْ لَفِي شَكٍّ مِّنْهُ مُرِيبٍ


പൂർവ വേദക്കാർ ഭിന്നിച്ചത് അവർക്ക് അറിവ് വന്ന് കിട്ടിയ ശേഷം തന്നെയാണ് അവർ തമ്മിലുള്ള വിരോധം നിമിത്തമാണത്.നിർണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് മുമ്പേ ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ (ഉടനെ) തീർപ്പ് കല്പിക്കപ്പെടുമായിരുന്നു അവർക്ക് ശേഷം വേദഗ്രന്ഥത്തിന്റെ അവകാശം നൽകപ്പെട്ടവർ തീർച്ചയായും അതിനെ പറ്റി അവിശ്വാസ ജനകമായ സംശയത്തിലാകുന്നു

വേണ്ടത്ര അറിവും മാർഗദർശനവും ലഭിച്ച ശേഷവും സ്വാർത്ഥതയും മാത്സര്യ ബുദ്ധിയും ധിക്കാരവും പരസ്പര പകയും നിമിത്തമാണ്  വേദക്കാർക്കിടയിൽ ഭിന്നിപ്പ് വന്നത്.അത് കൊണ്ട് തന്നെ അവർ മഹാ കുറ്റവാളികൾ തന്നെ.എന്നാൽ മഹാ കുറ്റത്തിനുള്ള ശിക്ഷ അള്ളാഹു പരലോകത്ത് നൽകാൻ നേരത്തെ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ഇപ്പോൾ തന്നെ അവരുടെ നിഷേധത്തിനും ധിക്കാരത്തിനും അർഹമായ വിധത്തിലുള്ള ദൈവിക ശിക്ഷകൊണ്ട് അവർ നശിപ്പിക്കപ്പെടാത്തത് ഇത്രയും പറഞ്ഞത് ആദ്യ കാല വേദക്കാരുടെ സ്ഥിതിയാണ്.എന്നാൽ നബി തങ്ങളുടെ കാലത്തുള്ള വേദക്കാർ തങ്ങളുടെ മുൻഗാമികളെയും പൂർവീകരെയും പിന്തുടർന്നുവരുന്നുവെന്നല്ലാതെ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ യാതൊരു തെളിവും അവരുടെ കയ്യിലില്ല.എന്നാൽ ഇപ്പോൾ വിശ്വസിച്ചുവരുന്ന കാര്യങ്ങളെ കുറിച്ചും അവർക്ക് യാതൊരു ഉറപ്പുമില്ല.മറിച്ച് അതിലും അവർ സംശയാലുക്കളും പരിഭ്രമ ചിത്തരുമാണ്.കാരണം അവർ യാതൊരു ബോദ്ധ്യവുമില്ലാതെ പൂർവീകരുടെ പിൻ ഗാമികളായതാണ്.ഞങ്ങൾ നിലകൊള്ളുന്നത് സത്യത്തിൽ തന്നെയാണോ എന്ന സംശയം അവരുടെ ഉള്ളിൽ സജീവമായി നിലനിൽക്കുന്നുണ്ട് എന്നിട്ടും ശരിയായ നന്മയിലേക്ക് വരാൻ അവർ തയാറാവുന്നില്ലെന്നത് മഹാ കഷ്ടം തന്നെ


(15)

فَلِذَلِكَ فَادْعُ وَاسْتَقِمْ كَمَا أُمِرْتَ وَلَا تَتَّبِعْ أَهْوَاءهُمْ وَقُلْ آمَنتُ بِمَا أَنزَلَ اللَّهُ مِن كِتَابٍ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ اللَّهُ رَبُّنَا وَرَبُّكُمْ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ اللَّهُ يَجْمَعُ بَيْنَنَا وَإِلَيْهِ الْمَصِيرُ

അതിനാൽ തങ്ങൾ പ്രബോധനം ചെയ്യുക തങ്ങൾ കല്പിക്കപ്പെട്ടതു പോലെ നേരേ നിലകൊള്ളുകയും ചെയ്യുക അവരുടെ തന്നിഷ്ടങ്ങളെ തങ്ങൾ പിന്തുടരരുത് തങ്ങൾ പറയുക അള്ളാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാൻ വിശ്വസിച്ചിരിക്കുന്നു നിങ്ങൾക്കിടയിൽ നീതി പുലർത്താൻ ഞാൻ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു അള്ളാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും.ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമങ്ങളും നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമങ്ങളും.ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ യാതൊരു തർക്കപ്രശ്നവുമില്ല.അള്ളാഹു നമ്മെ തമ്മിൽ ഒരുമിച്ച് കൂട്ടും അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്

കേവലം വാശിയും കുതർക്കങ്ങളുമല്ലാതെ സത്യം സ്വീകരിക്കാതിരിക്കാൻ നിങ്ങൾക്ക് മുന്നിൽ ന്യായങ്ങളൊന്നുമില്ല. അതിനാൽ നമുക്കിടയിൽ തർക്കപ്രശ്നങ്ങളുമില്ല സത്യം ബോദ്ധ്യമായിട്ടും അതിനെതിരിൽ നിലപാട് സ്വീകരിക്കുന്നത്  ദുർവാശിയും പക്ഷപാതിത്തവുമാണ്. അത്തരക്കാരോട് ആശയ സ്ഥിരീകരണത്തിനുവേണ്ടിയുള്ള തർക്കം ഫലശൂന്യമായിരിക്കും. ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല എന്ന് പറയും പോലെ!

ഇബ്നു കസീർ
رحمة الله عليه എഴുതുന്നു സ്വതന്ത്രമായ പത്ത് വാക്യങ്ങൾ ഈ സൂക്തത്തിലുണ്ട്

(ഒന്ന്)
“അതിനാൽ
തങ്ങൾ പ്രബോധനം ചെയ്യുക” അതായത് ഉലുൽ അസ്‌മുകളായ നൂഹ്, ഇബ്‌റാഹീം, മൂസാ, ഇസാ എന്നീ പ്രവാചകന്മാരിലേക്കും മറ്റു പ്രവാചകന്മാരിലേക്കും ഞാൻ ദിവ്യ സന്ദേശം നൽകിയ മതം തന്നെയാണ് തങ്ങളിലേക്കും നൽകിയിരിക്കുന്നത് എന്നതിനാൽ അതിലേക്കുള്ള പ്രബോധനം അങ്ങ് തുടർന്നു കൊണ്ടേയിരിക്കണം (പ്രബോധനത്തിന്റെ പ്രാധാന്യവും പ്രബോധിത വിഷയത്തിന്റെ ആധികാരികതയും ഇതിൽ നമുക്ക് ദർശിക്കാം

(രണ്ട്)

“തങ്ങൾ കല്പിക്കപ്പെട്ടതു പോലെ നേരേ നിലകൊള്ളുകയും ചെയ്യുക”
തങ്ങളും അവിടുത്തെ അനുയായികളും അള്ളാഹു കലിച്ച പ്രകാരമുള്ള ആരാധനകൾ നിർവഹിക്കുക( ഇവരുടെ താല്പര്യത്തിനു തങ്ങൾ ചെവികൊടുക്കേണ്ടതില്ല.അളാഹു എങ്ങിനെ കല്പിച്ചുവോ അത് പ്രകാരം നിലകൊളുകയാണ് ഇസ്തിഖാമത്ത് എന്നതിന്റെ വിവക്ഷ.അപ്രകാരം മുന്നോട്ട് പോകുമ്പോൾ അത് ഇഷ്ടപ്പെടാത്തവരും അതിനു നേരെ കൊഞ്ഞനം കുത്തുന്നവരുമുണ്ടാകും അവരെ തൃതിപ്പെടുത്താനായി ഒന്നും ചെയേണ്ടതില്ല.അവരുടെ എതിർപ്പുകൾ കാര്യമാക്കേണ്ടതുമില്ല

(മൂന്ന്)
“അവരുടെ
തന്നിഷ്ടങ്ങളെ തങ്ങൾ പിന്തുടരരുത്”
ബഹുദൈവാരാധക സ്വയമേവ മിനഞ്ഞെടുത്തതാണ് അളാഹുവിനു പുറമേ വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുക എന്നത് അതിനു വേണ്ടി അവർ കള്ളങ്ങൾ പറയുകയും ധരാളം അബദ്ധങ്ങൾ മിനഞ്ഞെടുക്കുകയും ചെയ്തു.ഒരു കാരണവശാലും ഈ തന്നിഷ്ടങ്ങൾക്ക് അങ്ങ് വഴങ്ങരുത്

(നാല്)
“തങ്ങൾ
പറയുക അള്ളാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാൻ വിശ്വസിച്ചിരിക്കുന്നു”
അള്ളാഹു അവതരിപ്പിച്ച എല്ലാ ദൈവിക ഗ്രന്ഥങ്ങളിലും അവയിലോ അവ അവതരിപ്പിക്കപ്പെട്ട ദൂതന്മാരിലോ വിവേജനമേതുമില്ലാതെ അവയിലുള്ളതെല്ലാം സത്യമാണെന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുക

(അഞ്ച്)

“നിങ്ങൾക്കിടയിൽ നീതി പുലർത്താൻ ഞാൻ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു”
വിധികളിൽ അള്ളാഹു കല്പിച്ച പ്രകാരമേ ഞാൻ പ്രവർത്തിക്കൂ.(പക്ഷപാതമോ അനീതിയോ അക്രമ ശൈലിയോ എന്നിൽ നിന്നുണ്ടാകില്ല)


(
ആറ്)
“അള്ളാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും”
അള്ളാഹു മാത്രമേ ആരാദ്ധ്യനുള്ളൂ .ഈ കാര്യം ഞങ്ങൾ സ്വമേധയാ സമ്മതിക്കുന്നു.നിങ്ങൾ സ്വമേധയാ അത് സമ്മതിച്ച് പ്രവർത്തിക്കുന്നില്ലെങ്കിലും ലോകത്തുള്ളവയെല്ലാം അള്ളാഹുവിന്റെ ഏകത്വം സമ്മതിച്ച് അവനെ വണങ്ങുന്നുണ്ട്.(യഥാർത്ഥത്തിൽ നിങ്ങളുടെയും ആരാദ്ധ്യൻ അവൻ മാത്രമാണ് നിങ്ങൾ അത് ഉൾക്കൊള്ളാൻ വിസമ്മതിക്കുക വഴി വലിയ അക്രമികളായി മാറിയിരിക്കുന്നു)

(ഏഴ്)
“ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമങ്ങളും നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമങ്ങളും”
നിങ്ങളുടെ ബഹുദൈവ ആരാധനയെന്ന അബദ്ധവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുല്ല.(ഞങ്ങളുടെ ഏകദൈവ ആരാധനയെന്ന സത്യവുമായി നിങ്ങൾക്കും ബന്ധമില്ല)  സൂറത്ത് യൂനുസ് നാല്പത്തിഒന്നാം സൂക്തത്തിൽ അള്ളാഹു ഇതേ ആശയം വ്യക്തമാക്കിയിട്ടുണ്ട്. “തങ്ങളെ അവർ കളവാക്കുകയാണെങ്കിൽ അങ്ങ് പറയുക എനിക്ക് എന്റെ പ്രവർത്തനത്തിന്റെ പ്രതിഫലവും നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങളുടെ പ്രതിഫലവും ഉണ്ട് എന്റെ കർമങ്ങളുമായി നിങ്ങൾക്കോ നിങ്ങളുടെ കർമങ്ങളുമായി എനിക്കോ യാതൊരു ബന്ധവുമില്ല”.

(എട്ട്)
“ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ യാതൊരു തർക്ക പ്രശ്നവുമില്ല”
(ഞാൻ പറയുന്നത് സത്യമാണെന്ന് വ്യക്തമായിട്ടും അതിനെ നിരാകരിക്കുന്ന നിങ്ങളോട് സംവാദം കൊണ്ട് എന്ത് കാര്യം.കാരണം സംവാദം സത്യം കണ്ടെത്താനുള്ള ശ്രമത്തിനായി നടത്തുന്ന ചർച്ചയാണ്.എന്നെ തല്ലണ്ട.ഞാൻ നന്നാവില്ല എന്ന മുൻ വിധിയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല)


(ഒമ്പത്)
“അള്ളാഹു നമ്മെ തമ്മിൽ ഒരുമിച്ചു കൂട്ടും”
അന്ത്യനാളിൽ നടക്കാനിരിക്കുന്ന ഒരു മഹാ സംഭവമാണിവിടെ പറയുന്നത്.അള്ളാഹു മുപ്പത്തിനാലാം അദ്ധ്യായം (സബ അ്) ഇരുപത്തി ആറാം സൂക്തത്തിൽ വിശദീകരിച്ചത് പോലെ.“തങ്ങൾ പറയുക.നമ്മുടെ രക്ഷിതാവ് നമ്മെ തമ്മിൽ ഒരുമിച്ച് കൂട്ടുകയും എന്നിട്ട് നമുക്കിടയിൽ അവൻ സത്യപ്രകാരം തീർപ്പ് കല്പിക്കുകയും ചെയ്യും അവനത്രെ സർവജ്ഞനായ തീർപ്പ് കല്പിക്കുന്നവൻ”(സബഅ് 26)
 (ഈ തർക്കവും വിവാദങ്ങളും നിഷേധാത്മക നിലപാടുകളും സ്വീകരിക്കുന്നവർക്ക് തങ്ങളുടെ നിലപാട് അബദ്ധമായിരുന്നു എന്ന് ബോദ്ധ്യപ്പെടുന്ന ദിനം.സത്യത്തിന്റെ നിലനില്പിനായി ഇവരോട് സംസാരിച്ച വിശ്വാസികൾക്ക് വിജയം പ്രഖ്യാപിക്കപ്പെടുന്ന ദിനം.അന്ന് മുഖാമുഖം കാണുന്ന സമയത്ത് ഞങ്ങൾ അബദ്ധത്തിലായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാവുക തന്നെ ചെയ്യും എന്ന താക്കീതാണിത്)


(പത്ത്)
“അവങ്കലേക്കാണ് മടക്കം”
വിചാരണക്കായി എല്ലാവരും അവിടെ എത്തും.(അന്ന് അള്ളാഹു മനസ്സിലാക്കി തരും നബി തങ്ങൾ ശരിയായിരുന്നുവെന്നും തങ്ങളെ നിഷേധിച്ചവർ പരാജയപ്പെട്ടുവെന്നും. 

അള്ളാഹു നമ്മെ അന്നത്തെ വിജയികളിൽ പെടുത്തട്ടെ ആമീൻ



(16)

وَالَّذِينَ يُحَاجُّونَ فِي اللَّهِ مِن بَعْدِ مَا اسْتُجِيبَ لَهُ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ



അള്ളാഹുവിന്റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിന് ശേഷം അവന്റെ കാര്യത്തിൽ തർക്കിക്കുന്നവരാരോ അവരുടെ തർക്കം അവരുടെ രക്ഷിതാവിങ്കൽ നിഷ്ഫലമാകുന്നു അവരുടെ മേൽ കോപമുണ്ടായിരിക്കും അവർക്കാണ് കഠിനമായ ശിക്ഷ

അള്ളാഹുവിന്റെ നിർദേശങ്ങൾ സ്വീകരിക്കുകയും അവനെക്കൊണ്ട് വിശ്വസിക്കുകയും ചെയ്ത സത്യവിശ്വാസികളോട്അവരെ സത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ലക്ഷ്യം വെച്ച്കൊണ്ട്കുതർക്കങ്ങളുമായി കടന്നുവന്ന നിഷേധികൾക്കെതിരിലുള്ള ശക്തമായ താക്കീതാണ് സൂക്തം

ഇബ്നു അബാസ് പറയുന്നു അള്ളാഹുവിന്റെയും റസൂലിന്റെയും കല്പനകൾ സ്വീകരിച്ച സത്യവിശ്വാസികളെ സന്മാർഗത്തിൽ നിന്ന് പിന്തിരിപ്പിച്ച് പഴയ അന്ധ വിശ്വാസങ്ങളിലേക്ക് നയിക്കാൻ സാധിക്കുമെന്ന ദുരാഗ്രഹത്തോടെ അവരോട് തർക്കിക്കാൻ വന്നവരെ കുറിച്ചാണ് അള്ളാഹു പറയുന്നത്.അവരുടെ ലക്ഷ്യങ്ങൾ അള്ളാഹുവിങ്കൽ നിഷ്ഫലമാകുന്നു എന്ന് പറഞ്ഞാൽ അത് ലക്ഷ്യമേ അല്ല വെറും കുതർക്കം മാത്രമാണെന്ന് അള്ളാഹുവിനറിയാം. അത്കൊണ്ട് തന്നെ അള്ളാഹുവിന്റെ കോപം അവർക്ക് മേൽ ഉണ്ടായിരിക്കും.അത് കാരണത്താൽ കടുത്ത ശിക്ഷക്ക് അവർ പാത്രമാവുകയും ചെയ്യും.നിങ്ങളുടെ മതത്തേക്കാൾ ഞങ്ങളുടെ മതമാണ് ഉത്തമം.നിങ്ങളൂടെ നബിയേക്കാൾ ഞങ്ങളുടെ നബിക്ക് പാരമ്പര്യമുണ്ട്. നിങ്ങളേക്കാൾ അള്ളാഹുവായി ബന്ധവും അടുപ്പവും ഞങ്ങൾക്കുണ്ട് എന്നൊക്കെയായിരുന്നു തർക്കക്കാരുടെ വാദങ്ങൾ ഇതിൽ തരിമ്പും സത്യമില്ലെന്നാണ് അള്ളാഹു സാക്ഷ്യപ്പെടുത്തുന്നത്.അള്ളാഹു നമ്മെ സത്യത്തിൽ അടിയുറപ്പിച്ച് നിർത്തട്ടെ (ആമീൻ)

തുടരും ഇൻഷാ അല്ലാഹ്

No comments: