Wednesday, July 22, 2020

അദ്ധ്യായം 42 | സൂറത്തു ശ്ശുറാ الشوري| ഭാഗം 04


അദ്ധ്യായം 42  | സൂറത്തു ശ്ശുറാ الشوري| മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 53
           
(part -4  - 17 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം )

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

اللَّهُ الَّذِي أَنزَلَ الْكِتَابَ بِالْحَقِّ وَالْمِيزَانَ وَمَا يُدْرِيكَ لَعَلَّ السَّاعَةَ قَرِيبٌ (17)

അള്ളാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള നീതിയുടെ ) തുലാസും ഇറക്കിത്തന്നവൻ തങ്ങൾക്ക് എന്തറിയാം അന്ത്യ സമയം അടുത്ത് തന്നെ ആയിരിക്കും

മനുഷ്യനെനന്മയിലേക്ക് നയിക്കാനും അവർക്ക് ആവശ്യമായ ഉൽബോധനം നൽകാനും ധിക്കാരികൾക്ക് താക്കീത് നൽകാനുമായി അള്ളാഹു അവന്റെ അടിമകളിലേക്ക് അവതരിപ്പിച്ച മഹത്തായ അനുഗ്രഹമാണ് കിതാബ്. അതിന്റെ താല്പര്യമനുസരിച്ച് പ്രവാചകന്മാർ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കി വിജയിക്കുക എന്നതാണ് നമ്മുടെ കടമ.അത് നിർവഹിക്കുന്നവർ വിജയികളും അല്ലാത്തവർ പരാജിതരുമായിരിക്കും

ഇവിടെ ‘കിതാബ്‘ എന്ന് പറഞ്ഞത് അള്ളാഹു അവതരിപ്പിച്ച എല്ലാ ഗ്രന്ഥങ്ങളെയും ഉൾപ്പെടുത്തിയാണ് ‘സത്യപ്രകാരം’ എന്ന് പറഞ്ഞത് അസത്യം അതുമായി വളരെ അകലെയാണ് എന്ന അർത്ഥത്തിലോ അല്ലെങ്കിൽ അവയിലൂടെ അവതരിപ്പിച്ച വിശ്വാസങ്ങളും വിധികളും സത്യം മാത്രമാണ് എന്ന അർത്ഥത്തിലോ ആവാം (ബൈളാവി)
                                                                                                  
തെറ്റും ശരിയും തൂക്കി നോക്കാനുള്ള തുലാസ് എന്ന് പറഞ്ഞത് നീതിയെകുറിച്ചാണ് ഇമാം ഖതാദ (
رضي الله عنه )യും മറ്റും പറഞ്ഞതായി ഇമാം ബഗ്‌വി (رحمة الله عليه)ഉദ്ധരിക്കുന്നു.നീതിക്ക് തുലാസ് എന്ന് പേരുപറഞ്ഞത് നിശ്പക്ഷതയുടെയും സമപ്പെടുത്തുലിന്റെയും ആയുധമാണല്ലൊ തുലാസ്. ഒരു പക്ഷത്തേക്ക് ഏകപക്ഷീയമായി ചായാതെ ശരി ശരിയായും തെറ്റ് തെറ്റായും നിഷ്കർഷിക്കുകയാണ് അള്ളാഹു എന്ന് സാരം  അള്ളാഹു വാക്ക് പാലിക്കാൻ കല്പിക്കുകയും  അളത്തത്തിലും തൂക്കത്തിലും കുറവ് വരുത്തലിനെ വിലക്കുകയും ചെയ്തു  എന്നത് ഈ നീതി നടപ്പാക്കുന്നതിന്റെ നേർ സാക്ഷ്യമാകുന്നു എന്ന് ഇബ്‌നു അബ്ബാസ് (رضي الله عنه ) പറഞ്ഞിരിക്കുന്നു (ബഗ്‌വി)
സത്യനിഷേധികൾ അന്ത്യനാളിനെ നബി
സന്നിധിയിൽ വെച്ച് നിഷേധിച്ചപ്പോഴാണ് അന്ത്യനാൾ അടുത്ത് തന്നെ വരും എന്ന് അള്ളാഹു സ്ഥിരീകരിച്ചത് (ബഗ്‌വി)

കിതാബ് അവതരിപ്പിച്ചു എന്നതിനോട് ചേർത്ത് അന്ത്യനാൾ പരാമർശിച്ചതിന്റെ താല്പര്യം നിന്റെ പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കുന്ന ദിനം പെട്ടെന്ന് വരും മുമ്പേ ഈ ഗ്രന്ഥമനുസരിച്ച് നീതി നിഷ്ഠ ജീവിതം നയിക്കണമെന്ന് സുചിപ്പിക്കാനാണ് (ബൈളാവി)


(18)
يَسْتَعْجِلُ بِهَا الَّذِينَ لَا يُؤْمِنُونَ بِهَا وَالَّذِينَ آمَنُوا مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا الْحَقُّ أَلَا إِنَّ الَّذِينَ يُمَارُونَ فِي السَّاعَةِ لَفِي ضَلَالٍ بَعِيدٍ


അതിൽ (അന്ത്യ ദിനത്തിൽ) വിശ്വസിക്കാത്തവർ അതിന്റെ കാര്യത്തിൽ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയ വിഹ്വലരാകുന്നു.അവർക്ക് അറിയാം അത് സത്യമാണെന്ന്.അറിയുക.തീർച്ചയായും അന്ത്യ സമയത്തിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവർ വിദൂരമായ പിഴവിൽ തന്നെയാകുന്നു

അന്ത്യനാൾ ഒരിക്കലും ഉണ്ടാവില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് എപ്പോഴാണ് അത് സംഭവിക്കുക അന്ത്യനാൾ ഉണ്ടെങ്കിൽ ഞങ്ങൾ അതൊന്ന് കാണട്ടെ എന്ന വെല്ലുവിളി നിഷേധികൾ നടത്തുന്നത്.എന്നാൽ ഈ ലോകത്തിന് ഒരു തുടക്കമുള്ള പോലെ ഒരു ഒടുക്കവുമുണ്ടെന്ന് അറിയുന്ന സത്യവിശ്വാസികൾ ആ നാളുവരുമ്പോൾ നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചോർത്ത് ഭയപ്പെടുകയാണ് .കാരണം അന്ത്യനാൾ എല്ലാം അവസാനിക്കുന്നതിന്റെ തുടക്കമല്ല.മറിച്ച് സകലതും ശരിയായി നടപ്പാക്കുന്നതിന്റെ ആരംഭമാണ്.അഥവാ ജീവിതത്തിൽ ഓരോരുത്തരും ചെയ്ത് വെച്ച കാര്യങ്ങൾ വിചാരണക്ക് വിധേയമാക്കി ചിലർക്ക് ആത്യന്തിക വിജയവും മറ്റ് ചിലർക്ക് ആത്യന്തിക പരാചയവും പ്രഖ്യാപിക്കുന്ന ദിനമാണ് അന്നത്തെ വിചാരണയുടെ ഗൌരവം ആലോചിച്ചും അന്ന് എനിക്ക് വിജയികളിൽ ഇടം ലഭിക്കുമോ എന്ന വിഷയത്തിൽ ആശങ്ക നിലനിലനിർത്തിയുമാണ് വിശ്വാസികൾ ആ ദിനത്തെ ഭയപ്പെടുന്നത് .എന്നാൽ അങ്ങനെയൊരു ദിനം വരില്ലെന്ന് വിശ്വസിക്കുകയും സത്യ വിശ്വാസികളോട് തർക്കത്തിലേർപ്പെടുകയും ചെയ്യുന്നവർ സത്യത്തിൽ നിന്ന് എത്രയോ അകലെയാകുന്നു എന്നാണ് അള്ളാഹു ഓർമിപ്പിക്കുന്നത്.ഈ ലോകത്തിന്റെ നാശവും പരലോകത്ത്  പ്രതിഫലത്തിനും ശിക്ഷക്കുമായുള്ള സംവിധാനവും അനിവാര്യമാണെന്നും അങ്ങിനെ മാത്രമേ നീതി നടപ്പാക്കാനാവൂ എന്നും ശാന്തമായി ചിന്തിക്കുന്നവർക്ക് ബോദ്ധ്യമാവാൻ അല്പം പോലും പ്രയാസമില്ല

അന്ത്യ ദിനത്തിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവർ വിദൂരമായ പിഴവിൽ തന്നെയാണ് എന്ന് പറയാനുള്ള കാരണം പുനർജന്മം എന്നത് അദൃശ്യമാണെങ്കിലും ദൃശ്യം പോലെ നമുക്ക് മനസ്സിലാക്കാവുന്നതാണ്(അതായത് ഇഹലോക ജീവിതത്തിൽ നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരുമുണ്ട്.ചിലർ അക്രമികളും മറ്റ് ചിലർ അക്രമം ഏറ്റു വാങ്ങുന്നവരും ആയിരിക്കും ഈ രണ്ട് വിഭാഗവും മരിക്കുന്നതോടെ എല്ലാം അവസാനിക്കുകയും അക്രമി തന്റെ ദുർ പ്രവർത്തനങ്ങൾക്ക് ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയും ചെയ്യുക എന്നത് ചിന്തനീയമല്ല.അല്ലെങ്കിൽ നന്മ ചെയ്ത് ജീവിച്ചവനും തിന്മ ചെയ്ത് ജീവിച്ചവനും മരണ ശേഷം സമമാണ് എന്ന് പറയുന്നത് യുക്തി ഭദ്രമല്ല.ഒരാളെ കൊന്നവനെയും നൂറു പേരെ കൊന്നവനെയും ഒരിക്കൽ തൂക്കിക്കൊല്ലാൻ  മാത്രമേ ഇവിടെ സാധിക്കൂ അപ്പോൾ ഇവിടുത്തെ ശിക്ഷകൾ അപൂർണമാണ് പൂർണമായി ഇതെല്ലാം നടപ്പാകുന്ന ഒരു ലോകം അനിവാര്യം തന്നെ എന്ന് എല്ലാവരും സമ്മതിക്കേണ്ടി വരും അങ്ങനെ വരുമ്പോൾ പരലോകമുണ്ട് പുനർജന്മമുണ്ട് ഈ ലോകത്തിന് നാശമുണ്ട് എന്നിവയെല്ലാം കൺ മുന്നിലെന്ന പോലെ നമുക്ക് മനസ്സിലാക്കാം) ഇത്രയും വ്യക്തമായ ആ ദിനത്തിന്റെ സാദ്ധ്യത സ്വീകരിക്കാത്തവർ മറ്റ് നന്മകളിലേക്ക് എത്തിപ്പെടുക എന്നത് വളരെ വിദൂരമാണ് (ബൈളാവി)



(19)
اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَاء وَهُوَ الْقَوِيُّ العَزِيزُ

അള്ളാഹു തന്റെ ദാസന്മാരോട് കനിവുള്ളവനാകുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു അവനാകുന്നു ശക്തനും പ്രതാപിയും


അള്ളാഹു തന്റെ അടിമകളോട് അനുകമ്പ കാണിക്കുന്നുവെന്നും അവർക്ക് ഗുണം ചെയ്യുന്നുവെന്നും ദോഷം കാരണത്താൽ ശിക്ഷ നൽകി നശിപ്പിക്കാതെ നല്ലവനും തമ്മാടിക്കും അള്ളാഹു കരുണ ചെയ്യുന്നുവെന്നും ഇവിടെ അർത്ഥമാകാം (ബഗ്‌വി)
അള്ളാഹു ഉപജീവനം നൽകുന്നതിലെ കനിവ് എന്ന് പറഞ്ഞാൽ നല്ല ആഹാരങ്ങൾ നൽകുന്നു എന്ന അർത്ഥത്തിലും ഒറ്റത്തവണയായി നൽകാതെ ആവശ്യാനുസരണം നൽകുന്നുവെന്നും വ്യാഖ്യാനമുണ്ട്(ബഗ്‌വി)
ഇമാം ബൈളാവി എഴുതുന്നു അള്ളാഹു തന്റെ അടിമകൾക്ക് മനുഷ്യ ബുദ്ധിക്ക് ഉൾക്കൊള്ളാനാവാത്ത വിധം പല അനുഗ്രഹങ്ങളും മുഖേന ഗുണം ചെയ്യുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അവന്റെ തീരുമാനമനുസരിച്ച് ആവശ്യമായ വ്യത്യസ്ഥ അനുഗ്രഹങ്ങൾ അവൻ നൽകും(എല്ലാവർക്കും ഒരേ കഴിവുകൾ അല്ല അള്ളാഹു നൽകുന്നത് അസാധാരണ വ്യക്തികളായ പ്രവാചകന്മാർക്ക് അള്ളാഹു നൽകുന്ന ‘മുഅ്ജിസത്ത്’ എന്ന അമാനുഷിക സിദ്ധിയും പ്രവാചകന്മാരെ കൃത്യമായി പിൻ തുടർന്ന ഔലിയാക്കൾക്ക് അള്ളാഹു നൽകുന്ന ‘കറാമത്തെ’ന്ന സിദ്ധിയും ഉദാഹരമായി മനസ്സിലാക്കാം. ഈ മഹാന്മാരിൽ നിന്ന് മഹാൽഭുതങ്ങൾ സംഭവിക്കുമ്പോൾ നമുക്ക് അത്തരം സിദ്ധിയില്ലാത്തതിന്റെ പേരിൽ നാം നെറ്റിചുളിക്കുകയോ അവരെ അംഗീകരിക്കാൻ വൈമനസ്യം കാണിക്കുകയോ അരുത്.കാരണം അള്ളാഹു എല്ലാവർക്കും ഒരേ കഴിവുകളല്ല നൽകുന്നത് അത് കൊണ്ട് അള്ളാഹു അംഗീകരിച്ചവരുടെ മഹത്വം നാം ഉൾക്കൊള്ളുക തന്നെ വേണം) ആർക്കും പരാചയപ്പെടുത്താനാവാത്ത- കഴിവുകൾ വളരെ പ്രകടമായ ശക്തിയാണവൻ(ബൈളാവി)



(20)

مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ


വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവന്റെ കൃഷിയിൽ നാം അവന് വർദ്ധനവ് നൽകുന്നതാണ്.വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ നാം അവന് അതിൽ നിന്ന് നൽകുന്നതാണ്.അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല


ഭൂമിയിൽ മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ കൊണ്ട് പരലോക വിജയമാണ് അവൻ ഉദ്ദേശിക്കുന്നതെങ്കിൽ അവന് ഒരു നന്മക്ക് പത്തും അതിലധികം അള്ളാഹു ഉദ്ദേശിക്കുന്ന അത്ര ഇരട്ടിയും അള്ളാഹു പ്രതിഫലം നൽകും.അതെ സമയം തന്റെ പ്രവർത്തനം കൊണ്ട് ഇഹലോകത്തെ എന്തെങ്കിലും നേട്ടമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അള്ളാഹു നിശ്ചയിച്ച ഒരു വിഹിതം അള്ളാഹു നൽകുകയും പരലോകത്ത് ഒരു നേട്ടവും ഇല്ലാത്തവനായി അവനെ മാറ്റുകയും ചെയ്യും .പരലോകത്ത് യാതൊരു വിഹിതവും അവന് ഉണ്ടായിരിക്കുന്നതല്ല കാരണം പരലോക നന്മക്ക് വേണ്ടി അവൻ ഒന്നും ചെയ്തിട്ടില്ലല്ലൊ!
ഓരോ പ്രവർത്തനവും നിയ്യത്ത് അനുസരിച്ചാണ് പരിഗണിക്കുക എന്ന് നബി
തങ്ങൾ പറഞ്ഞത് ശ്രദ്ധിക്കുക


(21)
أَمْ لَهُمْ شُرَكَاء شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ

അതല്ല അള്ളാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ച് കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കല്പന നിലവിലില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ ഉടനെ വിധി കല്പിക്കപ്പെടുമായിരുന്നു അക്രമികളാരോ അവർക്ക് തീർചയായും വേദനയേറിയ ശിക്ഷയുണ്ട്

പ്രഥമമായി ഈചോദ്യം മക്കയിലെ ബഹുദൈവാരാധകരോടാണ് .
അള്ളാഹു അനുവദിക്കാത്ത വല്ല മതവും അവർക്ക് കല്പിച്ച് നൽകാൻ കഴിയുന്ന വല്ല ദൈവങ്ങളും അവർക്കുണ്ടോ? എന്ന്

അള്ളാഹുവിന് പങ്കാളികളെ സ്ഥാപിക്കുക,പുനർജന്മത്തെ നിഷേധിക്കുക, ഇഹലോകത്തിന് വെണ്ടി (മാത്രം) പ്രവർത്തിക്കുക തുടങ്ങിയതെല്ലാം അള്ളാഹു അനുവദിച്ചിട്ടില്ലാത്ത നിയമങ്ങളാണ് പിശാചിന്റെ ദുർബോധനത്തിന് വഴങ്ങിയാണ് അവർ ഇതൊക്കെ ചെയ്തത് .എന്നാൽ ആത്യന്തിക വിധി അന്ത്യനാളിലാണ് നടത്തുക എന്ന് അള്ളാഹു തീരുമാനിച്ചില്ലായിരുന്നെങ്കിൽ ഇത്തരക്കാർക്കുള്ള ശിക്ഷ ഉടനെ ഭൂമിയിൽ വെച്ച് തന്നെ നൽകിയേനേ! എന്നാൽ ഇവിടെ പ്രവർത്തിക്കാനും അവിടെ പ്രതിഫലം അനുഭവിക്കാനുമുള്ള ഇടമാക്കിയതിനാൽ ഇവിടെ ഈ ധിക്കാരികൾ സുഖമായി ജീവിക്കുന്നു.എന്നാൽ പരലോകത്ത് അവരെ കാത്തിരിക്കുന്നത് അസഹനീയമായ ശിക്ഷകൾ തന്നെയാണ് .അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ


(22)

تَرَى الظَّالِمِينَ مُشْفِقِينَ مِمَّا كَسَبُوا وَهُوَ وَاقِعٌ بِهِمْ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي رَوْضَاتِ الْجَنَّاتِ لَهُم مَّا يَشَاؤُونَ عِندَ رَبِّهِمْ ذَلِكَ هُوَ الْفَضْلُ الكَبِيرُ


(പരലോകത്ത് വെച്ച്) ആ അക്രമകാരികളെ അവർ സമ്പാദിച്ച് വെച്ചതിനെ പറ്റി  ഭയചകിതരായ നിലയിൽ തങ്ങൾക്ക് കാണാം അത് (സമ്പാദിച്ച് വെച്ചതിനുള്ള ശിക്ഷ) അവരിൽ വന്ന് ഭവിക്കുക തന്നെ ചെയ്യും.സത്യം  വിശ്വസിക്കുകയും സൽക്കർമം പ്രവർത്തിക്കുകയും ചെയ്തവർ സ്വർഗത്തോപ്പുകളിലായിരിക്കും അവർ ഉദ്ദേശിക്കുന്നതെന്തോ അത് അവരുടെ രക്ഷിതാവിങ്കൽ അവർക്കുണ്ടായിരിക്കും  അതത്രെ മഹത്തായ അനുഗ്രഹം


ഭൂമിയിൽ വെച്ച് ചെയ്ത് കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ അനുഭവിക്കാനായി പരലോകത്ത് ആളുകളെ ഒരുമിച്ച് കൂട്ടുന്ന ദിനത്തിൽ സത്യനിഷേധികളുടെ ദയനീയ സ്ഥിതിയും സത്യവിശ്വാസികളുടെ വിജയകരമായ അവസ്ഥയും വിവരിക്കുകയാണ് ഈ സൂക്തം.

പുനർജന്മം നടക്കുന്നതോടെ തങ്ങൾ നേരത്തെ കണക്കുകൂട്ടിയതും വാദിച്ചതും പാളിപ്പോയെന്ന് ഇവർക്ക് ബോദ്ധ്യപ്പെടുന്നു അതോടെ വരാനിരിക്കുന്ന സംഭവങ്ങൾ ഓർത്ത് അവർ ഭയപ്പെടുന്നു(അവർ ഭയപ്പെട്ടാലും ഇല്ലെങ്കിലും അവരെ കാത്തിരിക്കുന്ന ശിക്ഷ അവരിൽ സംഭവിക്കുക തന്ന് ചെയ്യും .എന്നാൽ സത്യവിശ്വാസവും സൽക്കർമങ്ങളും മുറുകെ പിടിച്ചവർ അംഗീകാരത്തിന്റെ കൊടുമുടിയിൽ ആനന്ദിക്കുകയായിരിക്കും കാരണം അവർ നാഥന്റെ കല്പന കേട്ട് അനുസരിച്ച് ജീവിച്ചു അവർക്ക് അള്ളാഹു ഒരുക്കി വെച്ച സമ്മാനം അവർ ആവശ്യപ്പെടുന്നതെന്തും ആഗ്രഹിക്കുന്നതെല്ലാം കൺ മുന്നിൽ എത്തുന്ന സംവിധാനമാണ്. ഇത് തന്നെയല്ലേ മാഹാ അനുഗ്രഹം.അഥവാ ഈ അനുഗ്രഹവുമായി തുലനം ചെയ്യുമ്പോൾ ഭൂമിയിലെ ഏത് അനുഗ്രഹവും ഇതിന്റെ നാലയലത്ത് വരില്ല .അതിനാൽ ഭൂമിയിലെ അനുഗ്രഹങ്ങളിൽ അഭിരമിച്ച് അനന്തമായ സുഖം നഷ്ടപ്പെടുത്തല്ലെ  എന്നാണ് ഈ സൂക്തം ഓർമിപ്പിക്കുന്നത് അള്ളാഹു നമ്മെയെല്ലാം ഈ സൌഭാഗ്യത്തിന് പരിഗണിക്കട്ടെ ആമീൻ


(23)
ذَلِكَ الَّذِي يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَى وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا إِنَّ اللَّهَ غَفُورٌ شَكُورٌ


വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത തന്റെ ദാസന്മാർക്ക് അള്ളാഹു സന്തോഷവാർത്ത അറിയിക്കുന്നതത്രെ അത്.(നബിയേ) അങ്ങ് പറയുക അതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നന്മ പ്രവർത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വർദ്ധിപ്പിച്ച് കൊടുക്കുന്നതാണ്  തീർച്ചയായും അള്ളാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു

സത്യവിശ്വാസികൾക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് മുൻ സൂക്തത്തിൽ പറഞ്ഞത് അള്ളാഹുവിൽ നിന്ന് അവർക്കുള്ള ഒരു സന്തോഷവാർത്തയാണ് എന്നാണിവിടെ പറയുന്നത്. ധാരാളം പ്രയാസങ്ങളിലൂടെ ഈ സന്ദേശം സമൂഹത്തിലെത്തിച്ചതിന് ഞാൻ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല എന്ന് പറയാൻ നബി തങ്ങളോട് അള്ളാഹു കല്പിച്ചതായാണ് തുടർന്ന് പറയുന്നത് അതായത് എന്റെ പ്രവർത്തനത്തിനുള്ള പ്രതിഫലം അള്ളാഹു നൽകും.എന്നാൽ നിങ്ങൾ എന്റെ കുടുംബത്തെ സ്നേഹിക്കുകയും അവരോട് നല്ല ബന്ധം നിലനിർത്തുകയുംഅവർക്ക് ഗുണം ചെയ്ത് കൊടുക്കുകയും  ചെയ്യണം. നിങ്ങളിൽ ഭാരമേറിയ രണ്ട് കാര്യങ്ങൾ ഞാൻ വിട്ടേച്ച് പോകുന്നു ഒന്ന് അള്ളാഹുവിന്റെ ഖുർആനും മറ്റൊന്ന് എന്റെ കുടുംബവുമാണ് എന്റെ കുടുംബത്തിന്റെ വിഷയത്തിൽ ഞാൻ നിങ്ങൾക്ക് അള്ളാഹുവിനെ ഓർമിപ്പിക്കുന്നു (അവരോട് ബഹുമാനക്കുറവ് കാണിച്ചോ അവരെ വേദനിപ്പിച്ചോ മുന്നോട്ട് പോകുന്നതിൽ നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കണം ) എന്ന് നബി തങ്ങൾ പറഞ്ഞു

നബി
കുടുംബം നമ്മുടെ രക്ഷാ കവചമാണ് അവരോടുള്ള ഇഷ്ടം നമ്മുടെ രക്ഷാ മാർഗവും . നബി കുടുംബത്തോടുള്ള അബൂബക്കർ സിദ്ധീഖി رضي الله عنه ന്റെ സ്നേഹം നോക്കുക.ഒരിക്കൽ മഹാൻ അലി رضي الله عنه നോട് പറഞ്ഞു എന്റെ കുടുംബത്തോട് ബന്ധം ചെർക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം നബി തങ്ങളുടെ കുടുംബത്തോട് ബന്ധം ചേർക്കുന്നതാണ്.

അബ്ബാസ്
رضي الله عنه` എന്ന നബി തങ്ങളുടെ എളാപ്പ മുസ്‌ലിമായ അന്ന് ഉമർ رضي الله عنه അബ്ബാസ് رضي الله عنه എന്നവരോട് പറഞ്ഞത് ഖത്താബ് എന്ന എന്റെ ഉപ്പ മുസ്‌ലിമായിരുന്നെങ്കിൽ എനിക്കുണ്ടാകുമായിരുന്ന സന്തോഷത്തേക്കാൾ എനിക്ക് നിങ്ങൾ മുസ്‌ലിമായ അന്ന് സന്തോഷമുണ്ടായിട്ടുണ്ട് കാരണം നിങ്ങൾ മുസ്‌ലിമായത് നബി തങ്ങൾക്ക് ഏറ്റവും സന്തോഷം നൽകുമല്ലോ . ഈ രണ്ട് സംഭവം വിവരിച്ച് കൊണ്ട് ഇബ്‌നു കസീർ رحمة الله عليه എഴുതി.ഇതാണ് ഇസ്‌ലാമിലെ ഏറ്റവും വലിയ നേതാക്കളായ ശൈഖൈനി (അബൂബക്കർ رضي الله عنه ഉമർ رضي الله عنه) യുടെ അവസ്ഥ.ഇത് കൊണ്ട് തന്നെയാണ് അവർ പ്രവാചകന്മാരും നബിമാരുമല്ലാത്ത മറ്റെല്ലാവരേക്കാളും ശ്രേഷ്ഠന്മാരായതും .
നൂഹ് നബി عليه السلامയുടെ  കപ്പലിൽ കയറിയവർ രക്ഷപ്പെടുകയും അല്ലാത്തവർ നശിക്കുകയും ചെയ്തത് പോലെയാണ് എന്റെ കുടുംബത്തിന്റെ ഉപമ എന്ന് നബി തങ്ങൾ പറഞ്ഞതായി ഹദീസിലുണ്ട് ഹദീസ് ബലഹീനമാണെങ്കിലും ഇത്തരം ശ്രേഷ്ഠതയുടെ വിഷയത്തിൽ അവ അവലംബ യോഗ്യമാണ് എന്നത് നാം ഓർക്കണം

ഇവിടെ പറഞ്ഞ നബി
കുടുംബം ആരാണ് എന്ന ചർച്ചയിൽ വ്യത്യസ്ഥ വീക്ഷണങ്ങളുണ്ട് ഇബ്‌നു കസീർ رحمة الله عليه പറയുന്നത് ശ്രദ്ധിക്കുക “ഏറ്റവും ശരി ഇബ്‌നു അബ്ബാസ് رضي الله عنه തങ്ങളുടെ വ്യാഖ്യാനം പറയലാണ് ഇമാം ബുഖാരി رحمة الله عليه ഇബ്‌നു അബ്ബാസിൽ رضي الله عنه നിന്ന് റിപ്പോർട്ട് ചെയ്യുന്നു”.  നബി കുടുംബത്തെ പറ്റിയുള്ള വസ്വിയ്യത്ത് നീ നിഷേധിക്കരുത് അവർക്ക് ഗുണം ചെയ്ത് കൊടുക്കണമെന്ന കല്പനയും. അവരെ ബഹുമാനിക്കാനും ആദരിക്കാനുമുള്ള നിർദ്ദേശവും നീ നിഷേധിക്കരുത്. കാരണം അവർ പരിശുദ്ധ സന്തതികളിൽ പെട്ടവരാണ്  ഭൂമുഖത്ത് ലഭിക്കാവുന്ന ഏറ്റവും ശ്രേഷ്ഠ  കുടുംബം.ഉന്നത തറവാട് വലിയ മഹത്വമുള്ളവരാണവർ.വിശേഷിച്ചും അവർ അവരുടെ മുൻ ഗാമികളായ അബ്ബാസും رضي الله عنه സന്താന പരമ്പരയും അലി رضي الله عنه യും സന്താന പരമ്പരയും പോലെ നബി ചര്യ മുറുകെ പിടിക്കുന്നവരാണെങ്കിൽ  (ഇബ്‌നു കസീർ)

അപ്പോൾ ഇവിടെ പറയുന്ന നബി
കുടുംബത്തിൽ അബ്ബാസും رضي الله عنه  കുടുംബവും അലിയും  رضي الله عنه കുടുംബവും ഉൾപ്പെടുമെന്ന് മനസ്സിലാക്കാം

നന്മ പ്രവർത്തിച്ചവന് ഗുണം വർദ്ധിപ്പിക്കുമെന്ന് പറഞ്ഞാൽ പ്രതിഫലം ഇരട്ടികളാക്കി നൽകും എന്നാണ്. ദോഷങ്ങൾ പൊറുക്കുന്ന അള്ളാഹു നന്ദിയുള്ളവനാണെന്ന് പറഞ്ഞാൽ ചെറിയ നന്മക്ക് പോലും വലിയ പ്രതിഫലം നൽകുമെന്നാണ് (ബഗ്‌വി)

അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്നേഹമല്ലാതെ. എന്നതിന്
നബി കുടുംബത്തെ സ്നേഹിക്കുക എന്നതിനു് പുറമേ മറ്റൊരു വ്യാഖ്യാനം ഇബ്ന്നു കസീർ
رحمة الله عليه എഴുതുന്നു.ഞാൻ നിങ്ങളോട് സത്യ പ്രബോധനം നടത്തുന്നതിന് നിങ്ങൾ എനിക്ക് പ്രതിഫലം തരണ്ട നാം തമ്മിലുള്ള കുടുംബ ബന്ധം പരിഗണിച്ച് ഈ പ്രബോധനത്തിന്റെ പേരിൽ എന്നെ നിങ്ങൾ ഉപദ്രവിക്കരുത് എന്ന്.

അള്ളാഹുവിന്റെ തൃപ്തി ലഭിക്കാനാവശ്യമായ ആരാധനകൾ നടത്തണമെന്നല്ലാതെ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല എന്നും വ്യാഖ്യാനമുണ്ട് (ഇബ്‌നു കസീർ)

അല്ലാഹുവിന്റെ ഇഷ്ട ദാസരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ
(തുടരും)

ഇൻശാ ‍അള്ളാഹ്

No comments: