Wednesday, July 29, 2020

അദ്ധ്യായം 42 | സൂറത്തു ശ്ശുറാ الشوري| ഭാഗം 05


അദ്ധ്യായം 42  | സൂറത്തു ശ്ശുറാ الشوري| മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 53


(part -5  - 24 മുതൽ 30 വരെ സൂക്തങ്ങളുടെ വിവരണം )

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

(24)
أَمْ يَقُولُونَ افْتَرَى عَلَى اللَّهِ كَذِبًا فَإِن يَشَأِ اللَّهُ يَخْتِمْ عَلَى قَلْبِكَ وَيَمْحُ اللَّهُ الْبَاطِلَ وَيُحِقُّ الْحَقَّ بِكَلِمَاتِهِ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ

അതല്ല  തിരുനബി അള്ളാഹുവിന്റെ മേലിൽ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? എന്നാൽ അള്ളാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ തങ്ങളുടെ ഹൃദയത്തിനു മേൽ അവൻ മുദ്ര വെക്കുമായിരുന്നു  അള്ളാഹു അസത്യത്തെ മായ്ച്ചു കളയുകയും തന്റെ വചനങ്ങൾ കൊണ്ട് സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു നിശ്ചയം അവൻ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിവുള്ളവനാകുന്നു

സത്യ സന്ദേശവുമായി വന്ന നബി തങ്ങളെ നേരിടുകയും അള്ളാഹുവിനു പങ്കാളികളുണ്ടെന്ന് വാദിക്കുകയും ചെയ്യുന്ന ബഹുദൈവ വാദികളുടെ തെറ്റായ ഒരു നിലപാടിനെ ചോദ്യം ചെയ്യുകയാണിവിടെ. നബി തങ്ങൾ സ്വയം നിർമിച്ച കള്ളങ്ങളാണ് വാദങ്ങൾ എന്ന് നിങ്ങൾ പറയുന്നുവോ (ഒരിക്കലും തങ്ങൾ കള്ളമെന്ന് ഊഹിക്കാവുന്ന ഒരു വാക്കുപോലും നീണ്ട നാല്പത് കൊല്ലത്തെ ജീവിതത്തിൽ പറഞ്ഞിട്ടില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ അത്രയും പരിശുദ്ധ ജീവിതം നയിച്ച ഒരു മഹാത്മാവ് അള്ളാഹുവിന്റെ പേരിൽ ഇത്തരം ഒരു കള്ളം പറഞ്ഞുവെന്ന് വാദിക്കുന്നത് എങ്ങനെ?) ഒരിക്കലും അത് ശരിയല്ല എന്ന് അള്ളാഹു സ്ഥിരീകരിക്കുകയാണ്. ഈ സൂക്തത്തിന്റെ അവതരണ കാരണത്തെക്കുറിച്ച് ഇമാം ബഗ്വി എഴുതുന്നു ‘ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു. “.(നബിയേ) അങ്ങ് പറയുക അതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്നേഹമല്ലാതെ”.  എന്ന സൂക്തം അവതരിച്ചപ്പോൾ തന്റെ ശേഷം സ്വന്തം കുടുംബത്തെ കൂടി ഞങ്ങളിൽ അടിച്ചേല്പിക്കാനുള്ള ഒരു സ്വയം മിനഞ്ഞെടുത്ത കഥയാണിതെന്നും ഇത്തരം ഒരു നിർദേശം അള്ളാഹു നൽകിയതല്ലെന്നും ചിലർ ധരിച്ചു. അപ്പോൾ ജിബ്രീൽ عليه السلام ഇറങ്ങുകയും തങ്ങളെ ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും എന്നാൽ അള്ളാഹു ധാരണ തിരുത്തുകയാണെന്നും സൂക്തം അവതരിപ്പിച്ചു കൊണ്ട് തങ്ങളെ സമാധാനിപ്പിച്ചു .തെറ്റിദ്ധരിച്ചവർ നബി തങ്ങളുടെ സത്യ സന്ധത സമ്മതിക്കുകയും ചെയ്തു (ബഗ്വി)

 എന്നാൽ അള്ളാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ തങ്ങളുടെ ഹൃദയത്തിനു മേൽ അവൻ മുദ്ര വെക്കുമായിരുന്നു.  ഇതിന്റെ ആശയം നബി തങ്ങളെക്കുറിച്ച് ആക്ഷേപിച്ചവർക്കെതിരിൽ നബി തങ്ങൾക്ക് അള്ളാഹു ക്ഷമ നൽകി ഉറപ്പിച്ച് നിർത്തുമെന്നും നബി തങ്ങൾ വല്ലതും കെട്ടി പറഞ്ഞാൽ ഹൃദയത്തിലുള്ള ഖുർആൻ അള്ളാഹു മറപ്പിക്കുമായിരുന്നു എന്നും വ്യാഖ്യാനമുണ്ട്  (ബഗ്‌വി) (തങ്ങൾ ഒന്നും മറന്നില്ല അപ്പോൾ തങ്ങൾ സ്വയം നിർമിച്ചുവെന്ന വാദം പൊളിഞ്ഞു എന്ന് സാരം.
അള്ളാഹു അസത്യത്തെ മായ്ച്ചു കളയുകയും തന്റെ വചനങ്ങൾ കൊണ്ട് സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. അള്ളാഹു തന്റെ വാക്യങ്ങൾ മുഖേന സത്യത്തെ സ്ഥിരപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുമെന്നും അതിനാവശ്യമായ തെളിവുകൾ അവൻ അവതരിപ്പിക്കുമെന്നുമാണ് ഇതിന്റെ സാരം (ഇബ്‌നു കസീർ)

നബി തങ്ങൾ സ്വന്തം കെട്ടിയുണ്ടാക്കിയിരുന്നുവെങ്കിൽ അള്ളാഹു അത് നശിപ്പിക്കുമായിരുന്നു എന്നാൽ തങ്ങൾ പ്രബോധനം ചെയ്ത പ്രത്യേയ ശാസ്ത്രവും വിശുദ്ധ ഗ്രന്ഥവും യാതൊരു പോറലുമേൽക്കാതെ യശസ്സോടെ നിലനിൽക്കുന്നു അപ്പോൾ തങ്ങൾ സ്വയം ഒന്നും നിർമിച്ചിട്ടില്ലെന്നും തങ്ങൾക്കെതിരിൽ സംസാരിക്കുന്നവരുടെ വാദങ്ങൾ പൊള്ളയും നിലനിൽപ്പില്ലാത്തതുമാണെന്നും ബോധ്യമായി എന്നാണിതിന്റെ സാരം (ഖുർതുബി)

നിശ്ചയം അവൻ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിവുള്ളവനാകുന്നു
നബി തങ്ങൾ വല്ലതും സ്വയം നിർമിച്ചിരുന്നുവെങ്കിൽ അള്ളാഹു അറിയുകയും അത് അവൻ നശിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നാൽ അങ്ങനെയൊന്നുമുണ്ടായിട്ടില്ല അതായത് തങ്ങൾ ശത്രുക്കൾ ആരോപിക്കുന്നത്പോലെ സ്വയം ഒന്നും നിർമിച്ചിട്ടില്ല എന്നാണ് അള്ളാഹു പറയുന്നത്


(25)
وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ

അവനാകുന്നു തന്റെ ദാസന്മാരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ.അവൻ ദുഷ്കൃത്യങ്ങളെ തൊട്ട് മാപ്പ് നൽകുകയും ചെയ്യുന്നു.നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അവൻ അറിയുകയും ചെയ്യുന്നു

അള്ളാഹു ഭാവിയിൽ നിങ്ങളൂടെ പശ്ചാത്താപം സ്വീകരിക്കുകയും കഴിഞ്ഞ ജീവിതത്തിൽ സംഭവിച്ചു പോയ ദുഷ് പ്രവർത്തനങ്ങൾ മാപ്പാക്കുകയും ചെയ്യും .നിങ്ങൾ പറയുന്നതും ചെയ്യുന്നതുമൊക്കെ അള്ളാഹുവിനറിയുകയും ചെയ്യാം എന്നിട്ടും അവൻ നിങ്ങളെ സ്വീകരിക്കുന്നു എന്നാണിവിടെ പറയുന്നത് പശ്ചാത്താപത്തിന്റെ പ്രാധാന്യം ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട് വഴിയിൽ വെച്ച് വാഹനവും ഭക്ഷണ സാധനങ്ങളും നഷ്ടപ്പെട്ട് വിശന്ന് മരിക്കാൻ നിരാശയോടെ കാത്തിരിക്കുന്നവന്റെ അടുത്ത് തന്റെ വാഹനവും ഭക്ഷണവും എത്തിപ്പെട്ടാൽ അവനുണ്ടാകുന്ന സന്തോഷമില്ലേ മരണം മുന്നിൽ കണ്ട ശേഷം ജീവിതം തിരിച്ചു പിടിച്ചവന്റെ സന്തോഷം .അതിലും വലിയ സന്തോഷമാണ് തെറ്റുപറ്റിയ ശേഷം അത് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുന്നവനോട് അള്ളാഹുവിനുള്ളത്  എന്ന് നബി തങ്ങൾ പറഞ്ഞിരിക്കുന്നു തെറ്റു ചെയ്തവർക്ക് പശ്ചാത്തപിക്കാൻ പ്രേരണ നൽകുന്ന ധാരാളം സൂക്തങ്ങൾ കാണാം (ഇബ്നു കസീർ)

നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അവൻ അറിയുകയും ചെയ്യുന്നു
പറഞ്ഞതിന്റെ വിശദീകരണമായി ഇമാം ഥിബ്രി رحمة الله عليه എഴുതുന്നു. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നന്മയും തിന്മയും ഒന്നു പോലും അവ്യക്തമാവാതെ അള്ളാഹു അറിയുന്നതാണ് അതിനാൽ നിങ്ങൾ സ്വന്തത്തിൽ അള്ളാഹുവിനെ സൂക്ഷിക്കുകയും അവന്റെ ശിക്ഷക്ക് അർഹമാകും വിധം അരുതായ്മകൾ വരാതെ സൂക്ഷിക്കുകയും ചെയ്യണം (ഥിബ്രി)
കരുതലിലും പ്രവർത്തിയിലും തെറ്റുകൾ ഒഴിവാക്കലും ആരാധനകളിലേക്ക് മുന്നിടലുമാണ് തൌബ എന്നും  ആക്ഷേപാർഹമായ സഹചര്യം വിട്ട് സ്തുത്യർഹമായ ശൈലിയിലേക്ക് ജീവിതം പറിച്ച് നടലാണ് തൌബ എന്നുമെല്ലാം വ്യാഖ്യാനം വന്നിട്ടുണ്ട് (ബഗ്വി). കുറ്റം ചെയ്ത് പോയ ആളുകൾ കൂടുതൽ കുറ്റങ്ങളിലേക്ക് പോകാതെ പറ്റിയ അബദ്ധം തിരുത്തുകയും ഭാവിയിൽ അബദ്ധം വരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്താൽ അവർ സ്വീകരിക്കപ്പെടും എന്ന സത്യം സുമനസ്സുകൾക്കുള്ള ഒരു സന്തോഷ വാർത്ത തന്നെയാണ് അതായത് ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയ ഒരു തെറ്റുകാരണം മുഴു സമയ കുറ്റവാളിയിലേക്കുള്ള പരിണാമം ഞാൻ ഇനി രക്ഷപ്പെടുകയില്ല എന്ന നിരാശയിൽ നിന്ന് ഉടലെടുക്കുന്നതാണ്. എത്ര വലിയ കുറ്റവാളിക്കും വീണ്ടും നല്ലവനായി ജീവിക്കാൻ സാധിക്കും എന്ന സന്ദേശം ആ കാഴ്ചപ്പാട് മാറ്റാൻ ഏറെ സഹായകം തന്നെയാണ്. നൂറുപേരെ കൊലപ്പെടുത്തിയ ശേഷം തന്റെ തെറ്റ് തിരിച്ചറിഞ്ഞ് നന്നാ‍വാൻ ശ്രമിച്ചയാൾക്ക് പോലും അള്ളാഹു മാപ്പ് കൊടുത്തു എന്ന് നബി തങ്ങൾ വിശദീകരിക്കുമ്പോൾ പശ്ചാത്തപിച്ച് നന്നാവാൻ വിശ്വാസിയുടെ മുന്നിൽ ഇനി എന്ത് തടസ്സം?


(26)
وَيَسْتَجِيبُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَيَزِيدُهُم مِّن فَضْلِهِ وَالْكَافِرُونَ لَهُمْ عَذَابٌ شَدِيدٌ

വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവൻ (പ്രാർത്ഥനക്ക്) ഉത്തരം നൽകുകയും തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് കൂടുതൽ നൽകുകയും ചെയ്യും സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവർക്കുള്ളത്

വിശ്വാസികൾ തങ്ങൾക്കും അവരുടെ സഹോദരങ്ങൾക്കും സ്നേഹിതന്മാർക്കുമെല്ലാം വേണ്ടി നടത്തുന്ന പ്രാർത്ഥന അള്ളാഹു സ്വീകരിക്കും

തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് കൂടുതൽ നൽകുകയും ചെയ്യും
അധികം നൽകുമെന്ന് പറഞ്ഞത് തങ്ങൾക്ക് ഭൂമിയിൽ വെച്ച് നന്മ ചെയ്ത ഇപ്പോൾ നരകത്തിലുള്ള വർക്ക് വേണ്ടി ശുപാർശ ചെയ്യാനുള്ള അധികാരമാണ് എന്നും നന്മ ചെയ്തവരുടെ സഹോദരങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യാനുള്ള അധികാരമാണെന്നും അഭിപ്രായമുണ്ട് (ഇബ്‌നു കസീർ)

സത്യവിശ്വാസിയാവുകയും സൽക്കർമങ്ങൾ അനുഷ്ടിക്കുകയും ചെയ്യുന്നവരുടെ ഗുണം അവരിൽ പരിമിതമല്ല അവരുമായി ബന്ധമുള്ളവരിലേക്കും ബന്ധമുള്ളവരോട് ബന്ധമുള്ളവരിലേക്കും അതിന്റെ ഗുണം വ്യാപിക്കുമെന്നുമാണിവിടെ പറയുന്നത് അത് കൊണ്ടാണ് നല്ലവരോട് ബന്ധം സ്ഥാപിക്കാൻ നാം കല്പിക്കപ്പെട്ടിരിക്കുന്നത് അതിനാൽ നമ്മെ കൈപിടിക്കാനും നിർണായക സന്ദർഭങ്ങളിൽ നമ്മെ സഹായിക്കാനും പുണ്യാത്മാക്കളായ മഹത്തുക്കൾക്ക് അള്ളാഹു അവസരം നൽകും അവർ നമ്മെ സഹായിക്കുകയും ചെയ്യും അതിനാൽ അവരോടുള്ള ഈടുറ്റ ആത്മ ബന്ധം നാം നിലനിറുത്തണം. അവരുടെ പേരിൽ ഹദ്‌യകൾ (ഖുർആൻ പാരായണം/അവരുടെ മഹത്വം പറയൽ/ദാന ധർമങ്ങൾ) നൽകൽ  എല്ലാം സജീവമാക്കണം. മുത്ത് നബി
ക്ക് മാത്രമുള്ള ശുപാർശകളും മറ്റു മഹത്തുക്കൾക്ക് അനുവാദം ലഭിക്കുന്ന ശുപാർശകളുമെല്ലാം ഇസ്‌ലാം സ്ഥിരീകരിച്ചിട്ടുണ്ട്
‘അനുഗ്രഹത്തിൽ നിന്ന് കൂടുതൽ നൽകും’ , എന്ന ഈ പ്രഖ്യാപനം അത് തെളിയിക്കുന്നുമുണ്ട്.അതിനാൽ ശുപാർശ ഒരു രക്ഷാ കവചം തന്നെയാണ് പക്ഷെ സത്യവിശ്വാസത്തോടെ മരിച്ചവർക്ക് മാത്രമേ ഈ ശുപാർശയുടെ ഫലം ലഭിക്കുകയുള്ളൂ.അതിനാൽ സത്യ വിശ്വാസം നാം മുറുകെ പിടിക്കണം ഈമാനില്ലാതെ മരണപ്പെട്ടാൽ (അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ) അവരുടെ അവസ്ഥയാണ് അള്ളാഹു തുടർന്ന് പറയുന്നത്

സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവർക്കുള്ളത്
എന്ന്.  അതായത് സ്വന്തമായോ മറ്റുള്ളവരുടെ ശുപാർശയുടെ ഫലമായോ രക്ഷപ്പെടാം എന്ന ഒരു മോഹം പോലും ബാക്കിയാവാതെ നരക ശിക്ഷ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടവർ അന്നത്തെ അവരുടെ അവസ്ഥ പരമ ദയനീയമാണെങ്കിലും അവർ വാസ്തവത്തിൽ സഹതാപം പോലും അർഹിക്കുന്നില്ല കാരണം സത്യ വിശ്വാസത്തിലേക്ക് കടന്നു വരാനാവശ്യമായ എല്ലാ നിർദേശങ്ങളും നിരന്തരം അവരെ തേടിയെത്തിയിരുന്നു പക്ഷെ അതൊക്കെ വെറും പുകമറയാണെന്നും മരണത്തോടെ എല്ലാം അവസാനിച്ചുവെന്നും പിന്നെ ഞങ്ങളെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നും വീരസ്യം പറയുകയായിരുന്നു അവർ .ആ നിഷേധത്തിന്റെ പ്രതിഫലം അനന്തമായ ശിക്ഷമാത്രമാണ്  അവരെ കാത്തിരിക്കുന്നത് എന്നാണ് അള്ളാഹു ഉണർത്തുന്നത്.


(27)

وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَكِن يُنَزِّلُ بِقَدَرٍ مَّا يَشَاء إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ

അള്ളാഹു തന്റെ ദാസന്മാർക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നുവെങ്കിൽ ഭൂമിയിൽ അവർ അതിക്രമം പ്രവർത്തിക്കുമായിരുന്നു പക്ഷെ അവൻ ഒരു കണക്കനുസരിച്ച് താനുദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നു നിശ്ചയം അവൻ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മജ്ഞാനം ഉള്ളവനും കണ്ടറിയുന്നവനുമാകുന്നു

ഈ സൂക്തത്തിന്റെ അവതരണ കാരണമായി ഇമാം ഖുർതുബി  എഴുതുന്നു.   മദിനയിലെ നബി തങ്ങളുടെ പള്ളിയിൽ മത പഠനം നടത്തിയിരുന്ന സാധുക്കളായ നബി ശിഷ്യന്മാരുടെ (അഹ്ലുസ്സുഫ്ഫ;) വിഷയത്തിലാണീ സൂക്തം അവതരിച്ചത് അതായത് മദീനയിൽ താമസിച്ചിരുന്ന ബനൂ ഖുറൈള; ബനൂ ഖൈനുഖാഅ്, ബനുന്നളീർ എന്നീ ജൂത ഗോത്രങ്ങൾക്ക് അള്ളാഹു നൽകിയ ഭൌതിക നേട്ടങ്ങൾ കണ്ടപ്പോൾ ഞങ്ങൾക്കും അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞങ്ങൾ ആഗ്രഹിച്ചു അപ്പോൾ അള്ളാഹു പറഞ്ഞതാണ് എല്ലാവർക്കും സമ്പത്തിന്റെ പളപളപ്പ് നൽകാതിരിക്കുന്നതിൽ അവർക്ക് അള്ളാഹു ചില ഗുണങ്ങൾ നിശ്ചയിച്ചിട്ടുണ്ടാകും കാരണം സമ്പത്ത് ചിലരെ അഹങ്കാരികളാക്കുകയും ലഭ്യമായ സൌകര്യങ്ങൾ അനുഗ്രഹ ദാതാവായ അള്ളാഹു ഇഷ്ടപ്പെടാത്ത വഴിയിൽ ചിലവഴിക്കുകയും ചെയ്യും ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു സ്ഥാനങ്ങൾക്ക് മേൽ സ്ഥാനമാനങ്ങൾ വാരിക്കൂട്ടാനും വസ്ത്ര, വാഹന വീടുകളാദി കാര്യങ്ങളിൽ അനാവശ്യമായ പെരുപ്പം ഉണ്ടാക്കാനും  ശ്രമിക്കുന്നത് അതിക്രമം എന്നതിന്റെ പരിധിയിൽ വരും .ധാരാളം സമ്പത്ത് കുമിഞ്ഞു കൂടുമ്പോൾ ആർത്തി വർദ്ധിക്കുകയും ഇനിയും വെട്ടിപ്പിടിക്കണമെന്ന ചിന്ത സജീവമാകുകയും അത് നേടാൻ ഏത്  വളഞ്ഞ വഴിയും സ്വീകരിക്കുകയും ചെയ്യുക എന്നത് അതിക്രമത്തിന്റെ പരിധിയിൽ വരും നബി തങ്ങൾ പറഞ്ഞു മനുഷ്യന് രണ്ട് സ്വർണത്താഴ്വരയുണ്ടായാൽ അവൻ മൂന്നാമത്തേത് തേടിപ്പോകും ഇത് അതിക്രമത്തിൽ കലാശിക്കുകയും ചെയ്യും മാത്രവുമല്ല എല്ലാവരും സാമ്പത്തിക രംഗത്ത് ഒരു പോലെയായാൽ ചിലർ മറ്റു ചിലരെ അനുസരിക്കില്ല ജോലികൾ ചെയ്യാൻ ആളുണ്ടാവില്ല അങ്ങനെ എല്ലാ കമ്പനികളും സാങ്കേതിക സംവിധാനങ്ങളും പ്രതിസന്ധിയിലാകും. ജീവിതം ദുസ്സഹമാകും (ലോകത്തിന്റെ സന്തുലിതാവസ്ഥ നിലനിൽക്കാൻ സാമ്പത്തിക അസമത്വം അനിവാര്യമാണെന്ന് ചുരുക്കം) സമ്പത്ത് അഹങ്കാരിയാക്കിയ ഖാറൂൻ മുതലാളിയുടെ ചരിത്രം എല്ലാവർക്കും പാഠമാവേണ്ടതുണ്ട്.എല്ലാമുണ്ടായിട്ടും സമൂഹം നോക്കി നിൽക്കെ ഭൂമിയിലേക്ക് ആഴ്ന്നു പോകുന്ന ദയനീയ ചിത്രം പ്രസിദ്ധമാണ്

ഉപജീവനം നൽകുക എന്നതിന് മഴ നൽകുക എന്നും വ്യാഖ്യാനമുണ്ട് അതായത് എപ്പോഴും മഴ ലഭിച്ചാൽ മഴ നൽകുന്ന നാഥനോട് ദുആ ചെയ്യാൻ അവർക്ക് സമയമുണ്ടാകില്ല അപ്പോൾ അവർ നന്ദിയുള്ളവരാവാൻ ചിലപ്പോൾ മഴ നൽകുകയും തഴ്മയോടെ മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ചിലപ്പോൾ മഴ കുറക്കുകയും ചെയ്യും എന്നും ഇവിടെ വ്യാഖ്യാനമുണ്ട്.

അള്ളാഹുവിന്റെ എല്ലാ തീരുമനങ്ങൾക്ക് പിന്നിലും കൃത്യമായ ഗുണ വശങ്ങൾ ഉണ്ടാകും എന്ന് നാം മനസ്സിലാക്കണം.ചിലർക്ക് സാമ്പത്തിക പുരോഗതിയുണ്ടായാൽ അത് നന്മക്ക് ഉപയോഗിക്കുകയും അത് അവർക്ക് ഗുണമാവുകയും ചെയ്യും ചിലർക്ക് ധനം നാശത്തിലേക്കുള്ള വഴി തുറന്നേക്കാം അവർക്ക് ദാരിദ്ര്യമായിരിക്കും ഗുണകരം അത് അനുസരിച്ചാകും അള്ളാഹു അവർക്ക് സമ്പത്തിൽ കുടുസ്സ് നൽകിയത് അപ്പോൾ വിശാലമായ സമ്പത്ത് അള്ളാഹു ഒരാൾക്ക് നൽകുന്നത് അവനെ അള്ളാഹു ആദരിച്ചു എന്നതിനോ ഒരാളെ ദരിദ്രനാക്കുന്നത് അവനെ അവഗണിച്ചു എന്നതിനോ തെളിവല്ല ഇത് അള്ളാഹു തന്നെ പറഞ്ഞതായി വിശാലമായ ഹദീസിൽ വന്നിട്ടുണ്ട് (ഖുർതുബി)


(28)
وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ وَهُوَ الْوَلِيُّ الْحَمِيدُ

അവൻ തന്നെയാകുന്നു മനുഷ്യർ നിരാശപ്പെട്ടു കഴിഞ്ഞതിനു ശേഷം മഴ വർഷിപ്പിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവൻ.അവൻ തന്നെയാകുന്നു സ്തുത്യർഹനായ രക്ഷാധികാരി

മഴയില്ലാതെ നിരാശരായി കഴിയുമ്പോൾ മഴക്ക് അവർ ഏറ്റവും അത്യാവശ്യക്കാരാകുന്ന സമയത്ത് അവരുടെ പ്രശ്നപരിഹാരമായി മഴ വർഷിപ്പിക്കുന്നത്  അള്ളാഹുവാണ് അവർക്ക് ദീനിലും ദുൻയാവിലും ഗുണകരമായത് നിയന്ത്രിച്ച് നൽകുന്നതും അവൻ തന്നെ. അതിലൂടെ അവന്റെ തീരുമാനത്തിലും നിയന്ത്രണത്തിലും സ്തുത്യർഹനുമാണവൻ
ഇമാം ഖുർതുബി
رحمة الله عليه എഴുതുന്നു. ‘ഉമറി رضي الله عنه ന്റെ അടുത്ത് ഒരാൾ വന്നു എന്നിട്ട് വരൾച്ച വന്നു, മഴ കുറഞ്ഞു, ജനങ്ങൾ നിരാശരായി എന്ന് പറഞ്ഞു അപ്പോൾ ഉമർ رضي الله عنه പറഞ്ഞു ഇൻശാ അള്ളാഹ്. നിങ്ങൾക്ക് മഴ ലഭിക്കും .എന്നിട്ട് അവിടുന്ന് ഈ സൂക്തം പാരായണം ചെയ്തു നിരാശപ്പെട്ടിരിക്കുമ്പോൾ അവൻ മഴ തരും എന്ന് സൂചിപ്പിക്കുന്ന ഈ ഇരുപത്തി എട്ടാം സൂക്തം (ഖുർതുബി)

ഇവിടെ മഴക്ക് ‘ഗൈസ്’, എന്നാണ് പ്രയോഗിച്ചത്.മഴക്ക് ‘മഥർ’, എന്നും പറയും    എന്നാൽ ഇവ രണ്ടും തമ്മിൽ പ്രകടമായ ഒരു വ്യത്യാസമുണ്ട് ആവശ്യമുള്ള സമയത്ത് ഉപകാരപ്രദമായി ലഭിക്കുന്ന മഴക്കാണ് ‘ഗൈസ്’, എന്ന് പറയുക. ‘മഥർ’, എന്ന് പറഞ്ഞാൽ ഉപകാര പ്രദമായാലും ഉപദ്രവകരമായാലും ആവശ്യമുള്ള സമയത്താലും അനവസരത്തിലായാലും എല്ലാ മഴക്കും പറയുന്ന പേരാണ് എന്ന് ഇമാം മാവറദീ
رضي الله عنه പറഞ്ഞിരിക്കുന്നു (ഖുർതുബി)
 അപ്പോൾ ആവശ്യ സമയത്ത് ഉപകാരപ്രദമായി മഴ നൽകുന്നവനാണ് അള്ളാഹു എന്ന മഹാ അനുഗ്രഹമാണ് ഈ സൂക്തം വിവരിക്കുന്നത് അങ്ങനെയുള്ള നാഥൻ സ്തുത്യർഹനാണെന്ന് പറയേണ്ടതില്ലല്ലൊ!

തന്റെ കാരുണ്യം വ്യാപിപ്പിക്കുക. എന്ന് പറഞ്ഞാൽ മഴ നൽകുക എന്നും മഴക്ക് ശേഷം സൂര്യന്റെ വെയിൽ പ്രത്യക്ഷപ്പെടുത്തുക എന്നും വ്യാഖ്യാനമുണ്ട് (ഖുർതുബി)

മക്കയിൽ എഴു വർഷം മഴ ലഭിക്കാതെ വരൾച്ച ബാധിച്ച് ജനം നിരാശരായ ശേഷം അള്ളാഹു  അവർക്ക് മഴ വർഷിപ്പിച്ച കാര്യമാണിവിടെ പരാമർശിക്കുന്നതെന്ന് ഇമാം മുഖാതിൽ പറഞ്ഞിട്ടുണ്ടെന്നും വെള്ളിയാഴ്ച നബി തങ്ങൾ ഖുതുബ നിർവഹിച്ചു കൊണ്ടിരിക്കെ മഴയില്ലാതെ സമ്പത്തും സന്താനങ്ങളും നശിക്കുകയാണെന്നും (അതിനാൽ മഴക്ക് വേണ്ടി തങ്ങൾ ദുആ ചെയ്യണമെന്നും) ഒരാൾ നബി തങ്ങളോട് പറഞ്ഞു (തങ്ങൾ ദുആ ചെയ്യുകയും ചെയ്തു കഠിനമായ വെയിൽ മാഞ്ഞ് ആകാശം പെട്ടെന്ന് മേഘാവൃതമായി ശക്തമായ മഴ വർഷിക്കാൻ തുടങ്ങി കത്തിയെരിയുന്ന വെയിലത്ത് പള്ളിയിലേക്ക് വന്ന സഹാബികൾ (പ്രവാചക ശിഷ്യന്മാർ ) കോരിച്ചൊരിയുന്ന മഴയത്ത് വീട്ടിലേക്ക് പോയി ) സംഭവമാണിവിടെ പശ്ചാത്തലം എന്ന് ഇമാം ഖുശൈരി رضي الله عنه പറഞ്ഞിരിക്കുന്നു (ഖുർതുബി)

ചരിത്രങ്ങളെല്ലാം സംഭവിച്ചതാണ് അവതരണ  പശ്ചാത്തലം ഏതെങ്കിലും ഒരു സംഭവമാണെങ്കിലും ഇന്നും തുടർന്നു വരുന്ന വലിയൊരു പ്രക്രിയ തന്നെയാണിത് എന്ന് നാം മനസ്സിലാക്കണം
 

(29)
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ وَهُوَ عَلَى جَمْعِهِمْ إِذَا يَشَاء قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ച് കൂട്ടുവാൻ കഴിവുള്ളവനാകുന്നു അവൻ

മരണ ശേഷം ആളുകളെ പുനർജനിപ്പിക്കുന്നതും മണ്ണിൽ ലയിച്ച ശേഷം പഴയ അവസ്ഥയിലേക്ക് മടക്കുന്നതും അള്ളാഹുവിന് പ്രയാസമുള്ള കാര്യമല്ല എന്ന് തെളിയിക്കാൻ അതി സങ്കീർണമായ ആകാശ ഭൂമിയുടെ സൃഷ്ടിപ്പ് മുൻ മാതൃകയില്ലാതെ അള്ളാഹു നിർവഹിച്ചു എന്നത് മാത്രം മതി തെളിവായി. കാരണം ശൂന്യതയിൽ നിന്ന് അസ്തിത്വത്തിലേക്ക് ഒരു വസ്തുവിനെ കൊണ്ട് വരുന്ന അത്രയും സങ്കീർണമല്ല ഉണ്ടായിരുന്ന ഒരു വസ്തുവിനു അവസ്ഥാ മാറ്റം സംഭവിച്ച ശേഷം നേരത്തെയുള്ള സ്വഭാവത്തിലേക്ക് മടക്കുന്നത്.അത് കൊണ്ട് ആകാശ ഭൂമികളിലെ അസംഘ്യം അത്ഭുതങ്ങൾ നിരന്തരം കാണുകയും സ്വന്തം ശരീരത്തിന്റെ ഘടനയിൽ ഒളിഞ്ഞിരിക്കുന്ന അതി സൂക്ഷ്മമായ അതിശയങ്ങളെ വിലയിരുത്താൻ അവസരം ലഭിക്കുകയും ചെയ്ത വിവേകമുള്ള മനുഷ്യൻ മരിച്ച് മണ്ണായി പോയ വർക്കുള്ള പുനർജന്മം അസാദ്ധ്യമെന്ന് വാദിക്കുന്നത് വല്ലാത്ത കഷ്ടം തന്നെ
പുനർജന്മത്തെ ചോദ്യം ചെയ്യുകയും നുരുമ്പിയ എല്ലുകളെ എങ്ങനെ മടക്കി കൊണ്ടുവരും എന്ന് ചോദിക്കുകയും ചെയ്തവർക്കുള്ള ശക്തമായ മറുപടിയാണിത്. ആകാശ ഭൂമികളിൽ അള്ളാഹു വ്യാപിപ്പിച്ച ജീവ ജാലങ്ങളിൽ മലക്കുകളും മനുഷ്യരും ഉൾപ്പെടുന്നു
ഇമാം ഇബ്നു കസീർ എഴുതുന്നു ആകാശങ്ങളിലും ഭൂമിയിലും വ്യാപിപ്പിച്ച ജീവജാലങ്ങൾ എന്നത് മനുഷ്യ ഭൂത വർഗത്തെയും മലക്കുകളെയും രൂപം, നിറം, ഭാഷ, പ്രകൃതം, വർഗം, ഇനം  എന്നിവ വ്യത്യസ്ഥമാണെങ്കിലും അവയെയെല്ലാം ഉൾക്കൊള്ളിക്കുന്നതാണ്.
       
ആകാശ ഭൂമികളുടെ വിവിധ ഭാഗങ്ങളിൽ അള്ളാഹു അവയെ താമസിപ്പിച്ചിരിക്കുന്നു അതോടൊപ്പം അന്ത്യനാളിൽ അവരെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ച് കൂട്ടി അവർക്കിടയിൽ നീതിയോടെ അവൻ വിധി പ്രഖ്യാപിക്കും  (ഇബ്നു കസീർ)


(30)
وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ

നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടു തന്നെയാണ് മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു


നിങ്ങൾക്ക് ബാധിക്കുന്ന എന്ത് ദുരന്തവും നിങ്ങളുടെ തെറ്റുകൾ കാരണമാണ് എന്നാൽ എല്ലാ തെറ്റിനും ശിക്ഷിക്കാതെ ധാരാളം തെറ്റുകൾ അള്ളാഹു മാപ്പാക്കുകയാണ്  ഇങ്ങനെയുള്ള ദുരന്തങ്ങളൊക്കെ നമ്മുടെ ദോഷം പൊറുപ്പിക്കുന്ന അനുഗ്രഹങ്ങളാക്കി അള്ളാഹു മാറ്റുന്നുണ്ട്  രോഗമോ പരീക്ഷണമോ മുഖേന നമുക്ക് അള്ളാഹു ശിക്ഷ തന്നാൽ വീണ്ടും പരലോകത്ത് അതിന്റെ പേരിൽ അള്ളാഹു നമ്മെ ശിക്ഷിക്കുകയില്ല ഒരു അടിമയുടെ ദോഷങ്ങൾ വർദ്ധിക്കുകയും അത് പൊറുപ്പിക്കാനാവശ്യമായതൊന്നും അവനുണ്ടാകാതിരിക്കുകയും ചെയ്താൽ മനോവ്യഥ നൽകി അള്ളാഹു അവ പൊറുപ്പിക്കും എന്ന് ഹദീസിൽ വന്നിട്ടുണ്ട് (ഇബ്നു കസീർ)
അതിനാൽ എന്തെങ്കിലും ആപത്തുകൾ ബാധിക്കുമ്പോൾ ക്ഷമയെന്ന വാഹനത്തിൽ കയറി നാഥന്റെ പൊരുത്തം ആഗ്രഹിച്ച് അസ്വസ്ഥതയും പൊറുതികേടും കാണിക്കാതെ അവയെ നാം സ്വീകരിക്കണം കാലിൽ തറക്കുന്ന മുള്ള് പോലും നമുക്ക് അനുഗ്രഹമായി മാറുമെന്ന പാഠം നാം വിസ്മരിക്കരുത്  അള്ളാഹു നമ്മെ അവന്റെ സജ്ജനങ്ങളായ അടിമകളിൽ ഉൾപ്പെടുത്തട്ടെ ആമീൻ

(തുടരും)

ഇൻ ശാഅള്ളാഹ്


No comments: