Wednesday, August 5, 2020

അദ്ധ്യായം 42 | സൂറത്തു ശ്ശുറാ الشوري| ഭാഗം 06

അദ്ധ്യായം 42  | സൂറത്തു ശ്ശുറാ الشوري| മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 53


(part -6  - 31 മുതൽ 39 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

 

(31)

وَمَا أَنتُم بِمُعْجِزِينَ فِي الْأَرْضِ وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ


നിങ്ങൾക്ക് ഭൂമിയിൽ വെച്ച് (അള്ളാഹുവിനെ) തോല്പിച്ചുകളയാനാവില്ല  അള്ളാഹുവിനു പുറമെ നിങ്ങൾക്ക് യാതൊരു രക്ഷാധികാരിയും സഹായിയും ഇല്ലതാനും


നിങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് നിങ്ങളെ ശിക്ഷിക്കാതിരിക്കാൻ  അവനെ പരാജയപ്പെടുത്തി ഭൂമിയിൽ എവിടെയും ഓടി ഒളിക്കാൻ നിങ്ങക്കാവില്ല  കാരണം നിങ്ങൾ എവിടെ പോയാലും അവിടെയെല്ലാം അള്ളാഹുവിന്റെ നിയന്ത്രണവും അധികാരവും ശക്തമായി നിലനിൽക്കുന്നുണ്ട് അവൻ ഉദ്ദേശിക്കുന്നതെന്തും നിങ്ങളിൽ നടപ്പാക്കാൻ അവന് സാധിക്കും .അള്ളാഹു നിങ്ങളെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ അതിൽ നിന്ന് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു രക്ഷാധികാരിയോ അവനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ ഒരു സഹായിയോ നിങ്ങൾക്കില്ല അതിനാൽ അള്ളാഹുവിനോട് തെറ്റു ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കുകയും അവൻ കല്പിച്ച കാര്യങ്ങളിൽ ഉപേക്ഷ വരുത്തുകയോ അവൻ വിരോധിച്ച കാര്യങ്ങൾ പ്രവർത്തിക്കുകയോ ചെയ്യാതെ അള്ളാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യണം കാരണം അവന്റെ ശിക്ഷ ആർക്കെങ്കിലും തിരുമാനിക്കപ്പെട്ടാൽ അത് പ്രതിരോധിക്കാൻ ആരും ഉണ്ടാവുകയില്ല (ഥിബ്രി))


(32)
وَمِنْ آيَاتِهِ الْجَوَارِ فِي الْبَحْرِ كَالْأَعْلَامِ


കടലിലെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ


മലകളെ പോലെ ഉയർന്ന് കാണുന്ന കടലിലെ സഞ്ചരിക്കുന്ന കപ്പലുകൾ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് അവ കടലിൽ മുങ്ങി പോകാതെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുകയും ജനങ്ങൾക്ക് അവരുദ്ദേശിക്കുന്നിടത്തേക്ക് എത്തിച്ചേരാൻ സാധിക്കുകയും അവരുടെ  ചരക്കുകൾ നിഷ്‌പ്രയാസം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കപ്പെടുകയും ചെയ്യുന്നു എന്നത് ചിന്തിക്കുന്നവർക്ക് പാഠവും അത് സംവിധാനിച്ച നാഥന്റെ സൃഷ്ടി വൈഭവം തലകുലുക്കി സമ്മതിക്കാൻ നിർബന്ധിക്കുന്ന യാഥാർത്ഥ്യവുമാണ്.  കൊട്ടാരം കണക്കെ വലിയ കപ്പലുകൾ എന്നും ഇവിടെ വ്യാഖ്യാനമുണ്ട് (ഖുർതുബി)


അള്ളാഹു ഉദ്ദേശിക്കുന്നതെന്തും അവൻ പ്രവർത്തിക്കുമെന്നും അവന്റെ ഒരു തീരുമാനവും നടപ്പാക്കുന്നതിന് തടസ്സമേതുമുണ്ടാക്കാൻ ആരാലും സാദ്ധ്യമല്ലെന്നും കടലിൽ മല കണക്കെ സഞ്ചരിക്കുന്ന കപ്പൽ ദൃഷ്ടാന്തമാണ് (ഥിബ്‌രി)(33)
إِن يَشَأْ يُسْكِنِ الرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَى ظَهْرِهِ إِنَّ فِي ذَلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ


അവൻ ഉദ്ദേശിക്കുന്ന പക്ഷം അവൻ കാറ്റിനെ അടക്കി നിറുത്തും  അപ്പോൾ അവ കടൽപ്പരപ്പിൽ നിശ്ചലമായി നിന്നു പോകും നിശ്ചയം അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ എല്ലാവർക്കും ദൃഷ്ടാന്തങ്ങളുണ്ട്

കാറ്റിന്റെ സഹായത്തോടെ സഞ്ചരിച്ചിരുന്ന പായക്കപ്പലുകളായിരുന്നുവല്ലോ ആദ്യ കാലത്ത് മനുഷ്യർക്ക് പരിചയമുണ്ടായിരുന്നത് യന്ത്രവൽകൃത കപ്പലുകളായിരുന്നില്ല (യന്ത്രത്തിന് പ്രവർത്തിക്കാനും അള്ളാഹുവിന്റെ സഹായം വേണം അല്ലെങ്കിൽ അതും നിശ്ചലമാവുമെന്നത് നാം വിസ്മരിക്കരുത്)
കാറ്റിനെ നാം ചലിപ്പിക്കാതെ അടക്കി നിർത്തിയാൽ ഒരു അടി മുന്നോട്ടോ പിന്നോട്ടോ ചലിക്കാനാവാതെ കപ്പൽ കടലിൽ നിന്ന് പോകും .അങ്ങനെ സംഭവിക്കാത്തത് അള്ളാഹു കാറ്റിനെ അയച്ച് വിടുന്നത് കൊണ്ടാണ് അപ്പോൾ ക്ഷമയോടെ അള്ളാഹുവിനു ആരാധനകൾ അർപ്പിക്കുകയും അവൻ നൽകിയ അനുഗ്രഹങ്ങളെ നന്ദി പൂർവം ഓർക്കുകയും ചെയ്യുന്ന എല്ലാവർക്കും ഇതിൽ നിന്ന് അള്ളാഹുവിന്റെ കഴിവ് മനസ്സിലാക്കാം അവൻ ഉദ്ദേശിക്കും പ്രകാരം അവനാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന സത്യം ബോദ്ധ്യമാവുകയും ചെയ്യും(ഥിബ്രി)
ജനത്തിന്റെ സൌകര്യാർത്ഥം കാറ്റിനെ അയച്ച് കപ്പൽ നിയന്ത്രിക്കുന്ന അള്ളാഹു നൽകുന്ന അനുഗ്രഹങ്ങളുടെയും അവന്റെ ശക്തിയുടെയും തെളിവാണിതെന്ന് പ്രതിസന്ധികളിൽ ക്ഷമയും സന്തോഷ വേളയിൽ നന്ദിയും കാണിക്കുന്ന എല്ലാവർക്കും മനസ്സിലാകും (ഇബ്നു കസീർ)
ഖുതുറുബ് എന്നവർ പറഞ്ഞു വല്ലാത്ത ക്ഷമയും വല്ലാത്ത നന്ദിയുമുള്ള അടിമ എത്ര നല്ലവൻഅനുഗ്രഹം നൽകപ്പെട്ടാൽ (അനുഗ്രഹ ദാതാവായ അള്ളാഹുവിന്)നന്ദി ചെയ്യുകയും പരീക്ഷണം നൽകപ്പെട്ടാൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവനാണവൻ. ഔനുബിൻ അബ്ദില്ലാഹ് എന്നവർ പറഞ്ഞു അനുഗ്രഹം നൽകപ്പെട്ട എത്രയോ പേരുണ്ട് അശേഷം നന്ദികാണിക്കാത്തവർ. പരീക്ഷിക്കപ്പെട്ട എത്രയോ പേർ ക്ഷമ കാണിക്കാത്തവരും! (ഖുർതുബി)


പരീക്ഷണത്തിൽ ക്ഷമിക്കലും സന്തോഷത്തിന് നന്ദി ചെയ്യലും സത്യവിശ്വാസിയുടെ വിശേഷണങ്ങളിൽ പെട്ടതാണ് (ബഗ്വി)


(34)
أَوْ يُوبِقْهُنَّ بِمَا كَسَبُوا وَيَعْفُ عَن كَثِيرٍ

 

അല്ലെങ്കിൽ അവർ പ്രവർത്തിച്ചതിന്റെ ഫലമായി അവയെ (കപ്പലുകളെ) അവൻ തകർത്തുകളയും മിക്കതും അവൻ മാപ്പാക്കുകയും ചെയ്യും


കപ്പലിലെ യാത്രക്കാരുടെ ദോഷം കാരണമായി കപ്പലിനെ മുക്കി നശിപ്പിക്കാനും അള്ളാഹുവിന് സാധിക്കും എന്നാൽ അവൻ മിക്ക കുറ്റങ്ങളും മാപ്പാക്കുകയാണ് അത് കൊണ്ടാണ് അവർ സുരക്ഷിതരായി യാത്ര അവസാനിപ്പിക്കുന്നത് .യാത്രികരുടെ കുറ്റങ്ങൾക്കെല്ലാം അവരെ ശിക്ഷിക്കാൻ അള്ളാഹു തീരുമാനിച്ചാൽ ഒട്ടുമിക്ക യാത്രക്കാരും നാശമടഞ്ഞേനേ!


ഇബ്‌നു കസീർ എഴുതുന്നു ‘
അള്ളാഹു ഉദ്ദേശിച്ചാൽ പരിധിക്കപ്പുറം കാറ്റിന് ശക്തി നൽകുകയും അങ്ങനെ അനിയന്ത്രിതമായി അടിച്ചു വീശുന്ന കാറ്റിൽ ആടിയുലഞ്ഞ് കപ്പൽ നേരേയുള്ള യാത്ര അസാദ്ധ്യമാവുകയും ഇടത്തും വലത്തും തിരിഞ്ഞ് ലക്ഷ്യ സ്ഥാനം നഷ്ടപ്പെടുകയും എവിടെയെങ്കിലും ഇടിച്ച് നശിക്കുകയും ചെയ്യും എന്നാൽ മഹാ കാരുണ്യവാനായ അള്ളാഹു കപ്പലിന്റെ സുഖമമായ സഞ്ചാരത്തിന് സഹായകമായ അനുപാതത്തിൽ കാറ്റിന്റെ വേഗത നിയന്ത്രിക്കുകയും ലക്ഷ്യത്തിലേക്ക് അവ എത്തിച്ചേരുകയും ചെയ്യുന്നു.(ഇബ്‌നു കസീർ)


ഇത് അള്ളാഹുവിന്റെ  അജയ്യമായ ശക്തിയുടെ തെളിവല്ലാതെ മറ്റെന്താണ്(35)
وَيَعْلَمَ الَّذِينَ يُجَادِلُونَ فِي آيَاتِنَا مَا لَهُم مِّن مَّحِيصٍ

 

നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ തർക്കം നടത്തുന്നവർ തങ്ങൾക്ക് രക്ഷപ്രാപിക്കുന്നതിന് ഒരു  അഭയ സ്ഥാനവുമില്ലെന്ന് മനസ്സിലാക്കേണ്ടതിനുമാണത്

അള്ളാഹുവിന്റെ ദൂതരായ മുഹമ്മദ് നബി
തങ്ങളോട് ദൃഷ്ടാന്തങ്ങളൂടെ കാര്യത്തിൽ അനാവശ്യമായി തർക്കത്തിലേർപ്പെട്ടവർക്കുള്ള ഒരു അറിയിപ്പാണിത് അവർ കടലിന്റെ മദ്ധ്യത്തിലെത്തുകയും കാറ്റിനെ അള്ളാഹു നിർത്തിവെക്കുകയോ അല്ലെങ്കിൽ ശക്തമായി അടിപ്പിക്കുകയോ ചെയ്താൽ അവർക്ക് രക്ഷപ്പെടാൻ ഒരിടവുമുണ്ടാവില്ല എങ്കിൽ ഈ അള്ളാഹുവിന്റെ അനുഗ്രഹങ്ങളെ ഇവർ ഓർക്കുകയും അവനല്ലാതെ ഈ പ്രതിസന്ധിയിൽ ഞങ്ങൾക്ക് രക്ഷകനില്ലെന്ന് അവർക്ക് ബോദ്ധ്യപ്പെടുകയും ചെയ്യും(36)
فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا وَمَا عِندَ اللَّهِ خَيْرٌ وَأَبْقَى لِلَّذِينَ آمَنُوا وَعَلَى رَبِّهِمْ يَتَوَكَّلُونَ

 

നിങ്ങൾക്ക് വല്ലതും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഐഹിക ജീവിതത്തിലെ (താൽക്കാലിക) വിഭവം മാത്രമാകുന്നു അള്ളാഹുവിന്റെ പക്കലുള്ളത് കൂടുതൽ ഉത്തമവും കൂടുതൽ നീണ്ടു നിൽക്കുന്നതുമാകുന്നു വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേല്പിക്കുകയും ചെയ്തവർക്കുള്ളതാകുന്നു അത്

 

ദുനിയാവിന്റെ എന്തെങ്കിലും സൌകര്യങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താൽക്കാലികം മാത്രമാണ് അഥവാ വൈകാതെ അത് നമ്മെ വിട്ടകന്ന് പോകും അല്പായുസ്സ് മാത്രമേ ഇവിടെയുള്ള സൌകര്യങ്ങൾക്കുള്ളൂ  എന്നാൽ മരണ ശേഷമുള്ള ജീവിതത്തിന്റെ അവസ്ഥ അതല്ല അവിടെ വല്ല സന്തോഷങ്ങളും നൽകപ്പെടുന്നുവെങ്കിൽ അത് ഒരിക്കലും അവസാനിക്കാത്ത വിധം നീണ്ടു നിൽക്കുകയും ഒരു പോരായ്മയും ഇല്ലാത്ത വിധം അത് ഉത്തമവുമായിരിക്കും. അഥവാ അവിടുത്തെ വിഭവങ്ങൾ ആസ്വദിക്കുന്നതിന് തടസ്സമാകുന്ന ഒരു കാര്യവും അവിടെയുണ്ടാവില്ല. ഭൂമിയിലെ അവസ്ഥ നോക്കൂ! ഒരാൾക്ക്  സുഖിക്കാൻ എല്ലാ സംവിധാനവുമുണ്ട് പക്ഷെ അയാളെ രു ശക്തമായ തലവേദന അലട്ടുന്നുവെന്ന് കരുതുക. അയാൾക്ക് സംവിധാനങ്ങൾ പ്രയോചനപ്പെടുമോ? ഒരിക്കലുമില്ല ഇത് ഭൌതിക ജീവിതത്തിലെ എല്ലാവർക്കും മനസ്സിലാവുന്ന പരിമിതിയാണ്  ഇനി അയാൾക്ക് സൌകര്യമൊന്നുമില്ല സുഖിച്ച് കൊണ്ടിരിക്കുന്നു എന്ന് കരുതുക. എന്നാലും അതിന് സ്ഥിരതയുണ്ടോഇല്ല.അപ്പോൾ ഇവിടെ എന്ത് വിഭവങ്ങൾ ലഭിച്ചാലും അത് ആസ്വദിക്കാൻ അല്പ സമയമെയുള്ളൂ.എന്നാൽ  പരലോകത്ത് അനന്തമായി ആസ്വദിക്കാം .തടസ്സങ്ങളേതുമില്ല അത് കൊണ്ടാണ് നശിക്കുന്ന ലോകത്തേക്കാൾ നശിക്കാത്ത പരലോകത്തിന് മുൻഗണന നകണമെന്ന് മഹാന്മാർ ഉപദേശിക്കുന്നത്

 

(37)
وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ

 

മഹാ പാപങ്ങളും നീച വൃത്തികളും വർജ്ജിക്കുന്നവരും കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവർക്ക്

 
പരലോകത്ത് നാഥന്റെ അടുക്കലുള്ള പ്രതിഫലം ഏറ്റവും ഉത്തമവും നീണ്ടു നിൽക്കുന്നതുമാണ് എന്ന് നേരത്തെ പറഞ്ഞത് ലഭിക്കാനുള്ള മറ്റൊരു യോഗ്യതയാണ് സൂക്തത്തിൽ പറയുന്നത് മഹാ പാപങ്ങളും നീച വൃത്തികളും ഒഴിവാക്കുന്നവർക്കാണീ ഭാഗ്യം ലഭിക്കുക എന്ന്. മഹാ പാപങ്ങൾ എന്നത് പല വ്യാഖ്യാനങ്ങൾക്കും പഴുതുള്ളതാണ് .ശിർക്കാണ് ഇത് കൊണ്ട് ഉദ്ദേശ്യം എന്നാണ് ഒരു പക്ഷം .പശ്ചാത്താപം ആവശ്യമുള്ള കൊലപാതകം പോലെ എല്ലാ ഗൌരവതരമായ കുറ്റങ്ങളും ഇതിൽ ഉൾക്കൊള്ളുന്നുവെന്ന് മറ്റൊരു അഭിപ്രായം. ബിദ്അത്ത് എന്ന മതത്തിൽ പുതു നിർമ്മിതികൾ നടത്തുന്നത് വൻകുറ്റങ്ങളിൽ പെട്ടതാണെന്ന് ഇമാം റാസി നിരീക്ഷിച്ചിട്ടുണ്ട്. കാരണം പുതു നിർമിതിക്കാരന്റെ (പുത്തൻ വാദിയുടെ) ഒരു സുകൃതവും അവൻ അതിൽ നിന്ന് മടങ്ങും വരെ അള്ളാഹു സ്വീകരിക്കുകയില്ലെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട് കാരണം പുത്തൻ വാദി അവൻ ചെയ്യുന്ന തെറ്റിൽ പശ്ചാത്തപിക്കുകയില്ല കാരണം അവന്റെ വിശ്വാസത്തിൽ അവൻ ചെയ്യുന്നത് മഹാ കാര്യമാണ് പിന്നെ അവനെങ്ങനെ കുറ്റബോധം വരും. അതെ സമയം സാധാരണവലിയ തെറ്റ് ചെയ്യുന്നവർക്കും അത് തെറ്റാണെന്ന ബോദ്ധ്യം ഉണ്ടാവുകയും  അതിൽ പശ്ചാത്താപം തോന്നുകയും  ചെയ്യും. നീചവൃത്തി എന്നത് കൊണ്ട് വ്യഭിചാരമാണ് ഉദ്ദേശ്യം എന്നാണ് പലരും അഭിപ്രായപ്പെടുന്നത് . ഇത്തരം തിന്മകൾ കൈയൊഴിക്കുന്നവർക്കാണ് അള്ളാഹുവിങ്കൽ  ഉത്തമവും നീണ്ടു നിൽക്കുന്നതുമായ പ്രതിഫലമുള്ളത്.     അവരുടെ മറ്റൊരു ഗുണമാണ് ദേഷ്യം പിടിച്ചാൽ അവർ പൊറുക്കും എന്നത്. ഒരാളുടെ നല്ല സ്വഭാവം എന്നതിന്റെ പരിധിയിൽ വരുന്ന കാര്യമാണ് വിട്ടുവീഴ്ച ചെയ്യുകയും പ്രതികാരം ഒഴിവാക്കുകയും ചെയ്യുക  എന്നത് കുറ്റം ചെയ്തവൻ അതിനനുസരിച്ചുള്ള ശിക്ഷക്ക് ർഹനാണെങ്കിലും മാപ്പ് നൽകുക എന്ന എതിർ കക്ഷിയുടെ സൽസ്വഭാവത്തെ ഇസ്ലാം നന്നായി പ്രോത്സാഹിപ്പിക്കുകയും സ്വർഗാവകാശികളുടെ ലക്ഷണമായി ഖുർആൻ എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്.
മക്കയിൽ വെച്ച് ചീത്തവിളി കേട്ടപ്പോൾ ക്ഷമ കൈകൊണ്ട് പ്രതികരിക്കാതിരുന്ന ഉമറി رضي الله عنه ന്റെ വിഷയത്തിലാണീ സൂക്തം  അവതരിച്ചതെന്നും  ധാരാളം സമ്പത്ത് ലഭിച്ചപ്പോ അത് മുഴുവനും ള്ളാഹുവിന്റെ മാർഗത്തിൽ ചിലവഴിച്ച അബൂബക്കറി رضي الله عنه ന്റെ വിഷയത്തിലാണിത് അവതരിച്ചതെന്നും അഭിപ്രായമുണ്ട്
.
അക്രമികളോട് പോലും അള്ളാഹുവിന്റെ തൃപ്തിക്കും പ്രതിഫലത്തിനും വേണ്ടി സ്നേഹം കാണിക്കുകയും അവരുടെ വിവരക്കേടുകളിൽ വിട്ട് വീഴ്ച ചെയ്യുകയും ചെയ്യുന്നത് സൽ സ്വഭാവങ്ങളിൽ പെട്ടതാണെന്ന് ഇവിടെ മനസ്സിലാക്കാം (ഖുർതുബി)


പ്രതികരിക്കാൻ കഴിവുണ്ടായിട്ടും അത് ചെയ്യാതെ മാപ്പ് കൊടുക്കുന്നവരായിരുന്നു വിശ്വാസികൾ എന്ന് ഇബ്നു കസിർ رحمة الله عليه എഴുതുന്നു

 (38)
وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَى بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ

 

തങ്ങളുടെ രക്ഷിതാവിന്റെ വിളിക്കുത്തരം നൽകുകയും നിസ്കാരം മുറപോലെ നിർവ്വഹിക്കുകയും തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും നാം നൽകിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കുകയും ചെയ്തിട്ടുള്ളവർക്ക്


പരലോകത്ത് അള്ളാഹുവിങ്കലുള്ള പ്രതിഫലം ലഭിക്കുന്ന വരുടെ മറ്റൊരു സ്വഭാവമാണിവിടെ പറയുന്നത്
അള്ളാഹുവിന്റെ വിളിക്കുത്തരം നൽകുക എന്ന് പറഞ്ഞാൽ അള്ളാഹുവിന്റെ കല്പനകൾ അനുസരിക്കുകയും വിരോധങ്ങൾ കയ്യൊഴിക്കുകയും പ്രവചകന്മാരെ പിന്തുടരുകയും ചെയ്യുക എന്നാണ് വിവക്ഷ.


നിസ്കാരം ഏറ്റവും വലിയ ആരാധനയാണ് അത് വ്യവസ്ഥാപിതമായും സമയ നിഷ്ഠ പാലിച്ചും നിബന്ധനകൾ ശ്രദ്ധിച്ചും  ഗൌരവ പൂർവം  നിർവഹിക്കുക എന്നാണ് അത് നിലനിർത്തുക എന്നതിന്റെ വിവക്ഷ


അവർക്കിടയിൽ ഉണ്ടാകുന്ന കാര്യങ്ങളിൽ കൂടിയാലോചന നടത്തി വിഷയങ്ങ തീരുമാനിക്കുന്നത് അതിൽ പാളിച്ച വരാതിരിക്കാനും കൂടുതൽ ഫലപ്രദമായി അത് കൈകാര്യം ചെയ്യാനും ഹായകമായതിനാലാണ് കൂടിയാലോചനയിലൂടെ കാര്യം തീരുമാനിക്കുന്നത് വിശ്വാസികളുടെ ഒരു പ്രധാന ഗുണമായി ഇസ്ലാം കാണുന്നത് ഇത് ആളുകളുടെ മനസ്സ് സന്തോഷിക്കാനും ഏറ്റവും ശരിയായ രീതിയിൽ കാര്യങ്ങൾ നിർവഹിക്കാനും  ഹായിക്കും. നബി ങ്ങ യുദ്ധ വേളകളിലും മറ്റും കൂടിയാലോചന നടത്തിയിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അനുയായി മനസ്സുകളെ സന്തോഷിപ്പിക്കൽ അതിലെ പ്രധാന കാര്യമാണ്. ഉമർ رضي الله عنه തങ്ങളുടെ മരണ സമയം അടുത്തപ്പോൾ അടുത്ത ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ ഉസ്മാൻ رضي الله عنه, അലി رضي الله عنه, ഥൽഹത് رضي الله عنه, സുബൈർ رضي الله عنه, സഅ്ദ് رضي الله عنه, അബ്ദുൽ റഹ്മാൻ ബിൻ ഔഫ് رضي الله عنه എന്നീ ആറംഗ സമിതിയെ ആലോചനാ ഗ്രൂപ്പായി നിയമിച്ചതും
 
പിന്നീട് ഉസ്മാൻ رضي الله عنه നെ ഖലീഫ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ സഹാബത്തിന്റെ ഏകോപനമുണ്ടായതും ഈ കൂടിയാലോചനയുടെ തെളിവാണ് (ഇബ്നു കസീർ)


ഇങ്ങനെ കൂടിയാലോചനക്ക് വലിയ പ്രാധാന്യം മുൻഗാമികളുടെ ജീവിതത്തിൽ നമുക്ക് ധാരാളമായി കാണാം
നാം നൽകിയതിൽ നിന്ന് ചിലവഴിക്കും എന്ന് പറഞ്ഞാൽ അള്ളാഹുവിന്റെ അടിമകൾക്ക് ഗുണം ചെയ്യുകയും ഏറ്റവും ആദ്യം പരിഗണിക്കേണ്ടവരെ ആദ്യം എന്ന രൂപത്തിൽ അവർ പരിഗണിക്കുകയും ചെയ്യും എന്നാണ് സാരം (ഇബ്നു കസീർ)


ഒരു സമൂഹം കൂടിയാലോചന നടത്തുന്നുവെങ്കിൽ അവരുടെ കാര്യങ്ങളിൽ ഏറ്റവും ശരിയിലേക്ക് അവർ എത്തിക്കപ്പെടാതിരിക്കില്ല എന്ന് ഹസനുൽ ബസരീ رحمة الله عليه പറഞ്ഞിരിക്കുന്നു മദീനക്കാർ നേരത്തേ തന്നെ കൂടിയാലോചനയിലൂടെ കാര്യങ്ങൾ തീരുമാനിക്കുന്നവരാണെന്നും നബി തങ്ങളുടെ ആഗമനത്തെക്കുറിച്ച് അറിഞ്ഞപ്പോഴും ശൈലി അവർ നടപ്പാക്കിയിരുന്നു എന്നും ഇമാം ഖുർതുബി പറഞ്ഞിട്ടുണ്ട്.(39)

وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنتَصِرُونَ


തങ്ങൾക്ക് വല്ല മർദ്ദനവും നേരിട്ടാൽ രക്ഷാ നടപടി സ്വീകരിക്കുന്നവർക്കും


ഇങ്ങോട്ട് അക്രമം കാണിച്ചവർക്ക് മാപ്പ് നൽകുന്ന ശൈലി നേരത്തെ പറഞ്ഞു. എന്നാൽ മാപ്പ് നൽകുന്നത് തിരിച്ചടിക്കാൻ കഴിയാത്തത് കൊണ്ടല്ല രക്ഷാ നടപടി സ്വീകരിക്കാൻ അവർക്ക് കഴിയും എന്നിട്ടും മാപ്പ് നൽകുന്നു. യൂസുഫ് നബി عليه السلام തന്റെ സഹോദരങ്ങളുടെ അക്രമങ്ങൾക്ക് പ്രതികാരം ചെയ്യാനുള്ള ശക്തിയുണ്ടായിട്ടും മാപ്പ് ചെയ്ത പോലെ എന്നാണിവിടെ പറയുന്നത് എന്ന് ഇബ്നുകസീർ رحمة الله عليهഎഴുതുന്നു .പിടികൂടാനും ശിക്ഷിക്കാനും ശത്രു തന്റെ മുന്നിൽ എത്തിക്കപ്പെട്ടിട്ടും നബി തങ്ങൾ മാപ്പ് നൽകിയ എത്ര പേരുണ്ട് ചരിത്രത്തിൽ! നബി തങ്ങൾക്ക് സിഹ്ർ ചെയ്ത ലബീദും നബി തങ്ങൾ യാത്രയിൽ വിശ്രമിക്കുമ്പോൾ സൂത്രത്തിൽ നബി തങ്ങളുടെ വാൾ കൈക്കലാക്കി തങ്ങളെ അക്രമിക്കാൻ ശ്രമിച്ച് അയാളുടെ കയ്യിൽ നിന്ന് വാൾ നിലത്ത് വീണ് നബി തങ്ങൾ ആ വാളെടുത്ത് കയ്യിൽ പിടിച്ച് തിരിച്ച് അക്രമിക്കാനുള്ള അവസരം തങ്ങൾക്ക് വന്ന് ചേർന്നപ്പോൾ തങ്ങൾ മാപ്പ് നൽകിയ ഗൂറസ് ബിൻ ഹാരിസും ആട് മാംസത്തിൽ വിഷം ചെർത്ത് നബി തങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ച് പിടിക്കപ്പെട്ട സൈനബ് എന്ന ഖൈബറിലെ ജൂത സ്ത്രീയും ഈ മാപ്പിന്റെ സുഖം ലഭിച്ച ചിലർ മാത്രം (ഇബ്നു കസീർ)


ഈ സൂക്തത്തിനു ഇങ്ങോട്ട് അക്രമിച്ചവർക്ക് അതേ അളവിൽ തിരിച്ചടി നൽകും എന്ന അർത്ഥവുമുണ്ട് അപ്പോൾ സഹാബത്തിന്റെ കൂട്ടത്തിൽ അക്രമികൾക്ക് അതേ അളവിൽ (അതിക്രമം കാണിക്കാതെ) മറുപടി കൊടുക്കുന്നവരുണ്ടെന്നും മാപ്പ് നൽകുന്നുവരുമുണ്ടെന്നും ആകും ആശയം (ബഗ്വി)


തിരിച്ചടി കൊടുക്കാതിരുന്നാൽ അത് നമ്മുടെ ദൌർബല്യമായി കാണുന്ന ശക്തനായ ശത്രുവിനു തിരിച്ചടി നൽകുന്ന കാര്യമാണിവിടെ പറയുന്നതെന്നും അത്തരക്കാർക്ക് മാപ്പ് നൽകിയാൽ അക്രമികൾ അഴിഞ്ഞാടുന്ന സാഹചര്യമുണ്ടാകുമെന്നും അത്തരം ഘട്ടത്തിൽ മാപ്പിനേക്കാൾ ആവശ്യം ധർമം സംരക്ഷിക്കാൻ തിരിച്ചടിയാണെന്നും അതാണീ സൂക്തത്തിലെ പരാമർശനമെന്നും ഇമാം ഖുർതുബി
رحمة الله عليه അഭിപ്രായപ്പെടുന്നു


അള്ളാഹു നമുക്കെല്ലാം അവന്റെ രക്ഷ നൽകട്ടെ ആമീൻ
(തുടരും)

ഇൻശാ അള്ളാഹ്
No comments: