Wednesday, August 12, 2020

അദ്ധ്യായം 42 | സൂറത്തു ശ്ശുറാ الشوري| ഭാഗം 07

അദ്ധ്യായം 42  | സൂറത്തു ശ്ശുറാ الشوري| മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 53


(part -7  - 40 മുതൽ 46 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(40)

وَجَزَاء سَيِّئَةٍ سَيِّئَةٌ مِّثْلُهَا فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ إِنَّهُ لَا يُحِبُّ الظَّالِمِينَ


ഒരു തിന്മക്കുള്ള പ്രതിഫലം അതു പോലുള്ള ഒരു തിന്മ തന്നെയാകുന്നു എന്നാൽ ആരെങ്കിലും മാപ്പ് നൽകുകയും രജ്ഞിപ്പ് ഉണ്ടാക്കുകയും ചെയ്താൽ അവന്നുള്ള പ്രതിഫലം  അള്ളാഹുവിന്റെ ബാധ്യതയിലാകുന്നു തീർച്ചയായും അള്ളാഹു അക്രമം പ്രവർത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല


ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു .കഴിഞ്ഞ സൂക്തങ്ങളിൽ അള്ളാഹു വിശ്വാസികളെ രണ്ട് വിഭാഗമായി പരിചയപ്പെടുത്തി ഒരു വിഭാഗം അവരോട് കാണിക്കുന്ന അക്രമങ്ങൾക്ക് പ്രതികാരം ചെയ്യാതെ മാപ്പ് നൽകുന്നവർ മറ്റൊരു വിഭാഗം ശിക്ഷാ നടപടി സ്വീകരിക്കുന്നവർ . ശിക്ഷാ നടപടി സ്വീകരിക്കുമ്പോൾ അവിടെ പാലിക്കേണ്ട പരിധിയാണ് ഇവിടെ അള്ളാഹു വിശദീകരിക്കുന്നത്.ഒരു തിന്മക്കുള്ള പ്രതിഫലം അത് പോലുള്ള ഒരു തിന്മയാണെന്ന്.അതായത് തെറ്റ് ചെയ്തവന് മാപ്പ് നൽകാതെ പകരം ചെയ്യുകയാണെങ്കിൽ ഇങ്ങോട്ട് ചെയ്ത അതേ അളവിൽ മാത്രം അങ്ങോട്ട് പ്രതികാരമാവാം.എന്നാൽ പ്രതികാരമാവാം എന്ന് പറഞ്ഞത് എല്ലാ തിന്മയിലുമാണോ അതോ ശാരീരിക കയ്യേറ്റത്തിൽ മാത്രമാണോ എന്നതിൽ ഭിന്നതയുണ്ട്.ഒരു ഭാഗം പറയുന്നത് മുറിപ്പെടുത്തൽ പോലെയുള്ള ശാരീരിക ആക്രമണങ്ങളിൽ മാത്രമാണിത്  ചീത്ത പറയൽ പോലുള്ളതിൽ പ്രതിക്രിയ പാടില്ല എന്നാണ്. കളവ് പറയൽ വ്യഭിജാരാരോപണം പറയൽ പോലുള്ളതല്ലാത്ത വാക്കാലുള്ളതിലും ഇങ്ങോട്ട് പറഞ്ഞ അതേ അളവിൽ തിരിച്ച് പറയൽ സൂക്തത്തിന്റെ പരിധിയിൽ വരുമെന്നാണ് മറ്റൊരു പക്ഷം പറയുന്നത്.എന്തായാലും ഇങ്ങോട്ടുണ്ടായതിനേക്കാൾ കൂടുതൽ അങ്ങോട്ട് തിന്മ ചെയ്യുന്നത് അക്രമമാണ് അതിനെ ഇസ്ലാം അംഗീകരിക്കുകയില്ല .അതേ അളവിൽ തിരിച്ച് ചെയ്യാനും പറയാനും അനുവാദമുണ്ടെങ്കിലും പ്രതികാരം  ചെയ്യാതെ മാപ്പ് നൽകുന്നതിനു തന്നെയാണ് മഹത്വം.ഇബ്നു അബ്ബാസ് رضي الله عنهപറഞ്ഞു ആരെങ്കിലും പ്രതിക്രിയ ഒഴിവാക്കുകയും അക്രമിയോട് മാപ്പ് ചെയ്ത് കൊണ്ട് രജ്ഞിപ്പിന്റെ ശൈലി സ്വീകരിക്കുകയും ചെയ്താൽ അവന്റെ പ്രതിഫലം അള്ളാഹു നൽകും എന്ന്.


ഹാഫിള് അബൂ നുഐം അലിയ്യുബ്നിൽ ഹുസൈൻ رحمة الله عليه എന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു അന്ത്യ നാളായാൽ ഒരാൾ വിളിച്ച് പറയും നിങ്ങളിൽ ആരാണ് ഔദാര്യം ചെയ്തിരുന്നവർ? എന്ന്. അപ്പോൾ ഒരു സംഘം ആളുകൾ എഴുന്നേൽക്കും അവരോട് പറയപ്പെടും നിങ്ങൾ സ്വർഗത്തിലേക്ക് പോവുക എന്ന്. സ്വർഗത്തിലേക്കായി പുറപ്പെട്ട  അവരെ മലക്കുകൾ കാണുമ്പോൾ മലക്കുകൾ ചോദിക്കും നിങ്ങൾ എവിടേക്കാണ്? അവർ പറയും ഞങ്ങൾ സ്വർഗത്തിലേക്ക്.മലക്കുകൾ ചോദിക്കും വിചാരണക്ക് മുമ്പോ? അവർ പറയും അതെ  എന്ന്.അപ്പോൾ മലക്കുകൾ ചോദിക്കും (വിചാരണക്ക് മുമ്പേ സ്വർഗത്തിൽ പോകുന്ന) നിങ്ങൾ ആരാണ്? അവർ പറയും ഞങ്ങൾ ഔദാര്യത്തിന്റെ ആൾക്കാരാണ് എന്ന്. മലക്കുകൾ ചോദിക്കും എന്ത് ഔദാര്യമായിരുന്നു നിങ്ങൾ ചെയ്തിരുന്നത്?  അവർ പറയും ഞങ്ങളോട് ആരെങ്കിലും വിവരക്കേട് കാണിച്ചാൽ ഞങ്ങൾ സഹിക്കും ഞങ്ങളെ അക്രമിച്ചാൽ ഞങ്ങൾ ക്ഷമിക്കും ഞങ്ങളോട് തിന്മ പ്രവർത്തിച്ചാൽ ഞങ്ങൾ (പ്രതികാരം ചെയ്യാതെ) മാപ്പ് നൽകും എന്ന്’ , അപ്പോൾ മലക്കുകൾ പറയും നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുക നല്ലത് പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം വളരെ നല്ലത് തന്നെ എന്ന്.
“അക്രമികളെ അള്ളാഹു ഇഷ്ടപ്പെടുകയില്ല”  എന്ന് പറഞ്ഞാൽ അക്രമം ആദ്യമായി തുടങ്ങുന്നവർ എന്നും പ്രതിക്രിയ ചെയ്യുമ്പോൾ ഇങ്ങോട്ടുണ്ടായതിനേക്കാൾ കൂടുതൽ ചെയ്ത് പരിധി വിട്ടവർ എന്നും വ്യാഖ്യാനമുണ്ട് (ഖുർതുബി)


മാപ്പ് നൽകുന്നത് കൊണ്ട് അടിമക്ക് പ്രൌഢി വർദ്ധിക്കുകയേ ഉള്ളൂ എന്ന് ഹദീസിൽ വന്നിട്ടുണ്ട് (ഇബ്നു കസീർ)

ഇബ്നു കസീർ رحمة الله عليه എഴുതുന്നു ചില മഹാന്മാർ പറഞ്ഞിട്ടുണ്ട് ജനം മൂന്ന് വിഭാഗമാണല്ലോ ഒന്ന് സ്വന്തത്തെ അക്രമിക്കുന്നവൻ മറ്റൊന്ന് മിതത്വം പാലിക്കുന്നവൻ മൂന്നാമത്തത്  നന്മയിലേക്ക് മുൻ കടക്കുന്നവൻ എന്നിങ്ങനെ . മൂന്ന് വിഭാഗത്തെയും സൂക്തം ഉൾക്കൊള്ളിച്ചിരിക്കുന്നു കണക്കിനുള്ള പ്രതികാരം ചെയ്യുന്നവൻ മിതത്വം പാലിക്കുന്നവനും പ്രതികാരം ചെയ്യാതെ മാപ്പ് നൽകുന്നവൻ നന്മയിലേക്ക് മുൻ കടക്കുന്നവനും ആദ്യമായി അക്രമം തുടങ്ങുകയോ പ്രതിക്രിയയിൽ പരിധി വിടുകയോ ചെയ്യുന്നവൻ അക്രമിയും ആകുന്നു അപ്പോൾ നീതി കൊണ്ട് അള്ളാഹു (നിർബന്ധപൂർവം)  കല്പിക്കുകയും  മാപ്പ് നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തെ വിലക്കുകയും ചെയ്തിരിക്കുന്നു (ഇബ്നുകസീർ)
മനുഷ്യരിലെ മൂന്ന് വിഭാഗത്തെയും പരാമർശിച്ച സൂക്തമാണിത് എന്ന് സാരം


(41)
وَلَمَنِ انتَصَرَ بَعْدَ ظُلْمِهِ فَأُوْلَئِكَ مَا عَلَيْهِم مِّن سَبِيلٍ

 

 

താൻ മർദ്ദിക്കപ്പെട്ടതിന് ശേഷം വല്ലവനും രക്ഷാ നടപടി സ്വീകരിക്കുന്ന പക്ഷം അത്തരാക്കാർക്കെതിരിൽ (കുറ്റം ചുമത്താൻ ) യാതൊരു മാർഗവുമില്ല


അക്രമം കാണിച്ചവരോട്  അതേ അളവിൽ പ്രതികാരം ചെയ്യുന്നത് രൂപത്തിൽ അക്രമമായി തോന്നുമെങ്കിലും അത് അവർക്ക് അവകാശമുള്ളതിനാൽ അവർ അത് ചെയ്തതിന്റെ പേരിൽ അവർ ശിക്ഷക്കോ ആക്ഷേപത്തിനോ അർഹരല്ല അവർ ചെയ്തതത് അക്രമവുമല്ല എന്ന് സാരം


(42)

إِنَّمَا السَّبِيلُ عَلَى الَّذِينَ يَظْلِمُونَ النَّاسَ وَيَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ أُوْلَئِكَ لَهُم عَذَابٌ أَلِيمٌ

ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരിൽ മാത്രമേ (കുറ്റം ചുമത്താൻ) മാർഗമുള്ളൂ  അത്തരക്കാർക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും



അതിക്രമം തുടങ്ങുകയും കുറ്റങ്ങൾ പ്രവർത്തിക്കുകയും ചെയതവർക്കെതിരിൽ കുറ്റം ചുമത്താനും അവരെ ശിക്ഷിക്കാനും വകുപ്പുണ്ടാകും  അവർക്ക് പരലോകത്തും ശിക്ഷക്ക് വേദിയൊരുക്കപ്പടും എന്നാണിവിടെ പറയുന്നത്



(43)
وَلَمَن صَبَرَ وَغَفَرَ إِنَّ ذَلِكَ لَمِنْ عَزْمِ الْأُمُورِ

വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അത് ദൃഢ നിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു

അക്രമത്തെ അള്ളാഹു ആക്ഷേപിക്കുകയും പ്രതിക്രിയയെ നിയമമാക്കുകയും ചെയ്ത അള്ളാഹു മാപ്പ് നൽകുന്നതിനെ പ്രോത്സാഹിപ്പിച്ചതാണിവിടെ കാണുന്നത് ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുക എന്നാൽ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുകയും തിന്മയെ മറച്ച് വെക്കുകയും ചെയ്യുക എന്നാണ്.
അത് ദൃഢ നിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാണ്”  എന്നതിന്റെ വിവക്ഷ തികച്ചും പ്രശംസാർഹവും പ്രതിഫലാർഹവുമായ കാര്യമാണ് എന്നാ‍ണ്.

ഫുളൈലു ബിൻ ഇയാളിന്റെ رحمة الله عليه അടുത്ത് ഒരാൾ വന്ന് മറ്റൊരാളെക്കുറിച്ച് ആവലാതി പറഞ്ഞു അപ്പോൾ ഫുളൈൽ رحمة الله عليه പറഞ്ഞത് സഹോദരാ അയാൾക്ക് മാപ്പ് കൊടുക്കുക കാരണം ഭക്തിയിലേക്ക് ഏറ്റവും അടുത്ത് നിൽക്കുന്നത് മാപ്പ് നൽകലാണ് എന്ന്. .അപ്പോൾ വന്നയാൾ പറഞ്ഞു മാപ്പ് നൽകാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല അള്ളാഹു  അനുവദിച്ച ശിക്ഷാ നടപടി സ്വീകരിക്കണം എന്ന്. അപ്പോൾ ഫുളൈൽ തങ്ങൾ പറഞ്ഞു  ശിക്ഷാ നടപടി സ്വീകരിക്കാൻ സാധിക്കുമെങ്കിൽ താങ്കൾ ചെയ്തോളൂ അല്ലെങ്കിൽ മാപ്പിന്റെ വാതിലിലേക്ക് മടങ്ങൂ കാരണം മാപ്പ് നൽകുക എന്നത് വിശാലമായ ഒരു കവാടമാണ് എന്ത് കൊണ്ടെന്നാൽ  മാപ്പ് നൽകുകയും രജ്ഞിപ്പുണ്ടാക്കുകയും ചെയ്യുന്നവന് അള്ളാഹു പ്രതിഫലം നൽകും മാപ്പ് നൽകുന്നവൻ സുഖമായി വീട്ടിൽ കിടന്നുറങ്ങുകയും ചെയ്യും അതേ സമയം ശിക്ഷാ നടപടി സ്വീകരിക്കുന്നവൻ കാര്യങ്ങളെ ശരിയാക്കാൻ നന്നായി കഷ്ടപ്പെടുകയല്ലേ (അള്ളാഹുവിൽ നിന്നുള്ള പ്രതിഫലം ഇല്ല താനും!)


അബൂ ഹുറൈറ:
رضي الله عنه തങ്ങളിൽ നിന്ന് ഇമാം അഹ്‌മദ് ഉദ്ധരിക്കുന്നു ഒരാൾ അബൂബക്കർ സിദ്ധീഖി رضي الله عنه നെ ചീത്ത പറഞ്ഞു . നബി തങ്ങൾ അടുത്ത് ഇരിക്കുന്നുണ്ട് അവിടുന്ന് പുഞ്ചിരിക്കുന്നുണ്ട് എന്നാൽ ഈ മനുഷ്യൻ ചീത്ത പറയൽ നിർത്താതായപ്പോൾ അബൂബക്കർ رضي الله عنه  ചിലതിന് മറുപടി പറഞ്ഞു അപ്പോൾ നബി തങ്ങൾ ദേഷ്യത്തോടെ എഴുന്നേറ്റു പോയി അപകടം മനസ്സിലാക്കിയ അബൂബക്കർ رضي الله عنه  പുറകെ ചെന്ന് എന്നെ അയാ‍ൾ ചീത്തപറഞ്ഞപ്പോൾ തങ്ങൾ അവിടെ ഇരിക്കുകയും ഞാൻ ചിലതിന് മറുപടി പറഞ്ഞപ്പോൾ തങ്ങൾ എഴുന്നേൽക്കുകയും ചെയ്തതിന്റെ കാരണമെന്താണ് നബിയേ എന്ന് ചോദിച്ചു തങ്ങൾ പറഞ്ഞു നിങ്ങൾ മറുപടി പറയാതിരുന്നപ്പോഴെല്ലാം നിങ്ങൾക്ക് വേണ്ടി ഒരു മലക്ക് അയാളോട് മറുപടി പറയുന്നുണ്ടായിരുന്നു എന്നാൽ നിങ്ങൾ പ്രതികരിച്ചതോടെ  പിശാച് അവിടെ പ്രത്യക്ഷപ്പെട്ടു പിശാചിന്റെ കൂടെ ഇരിക്കുന്നത് എന്റെ ശൈലിയല്ലല്ലോ (അത് കൊണ്ടാണ് ഞാൻ എഴുന്നേറ്റത്) എന്ന്.


പിന്നീട് നബി
തങ്ങൾ പറഞ്ഞു മൂന്ന്കാര്യം മുഴുവനും സത്യമാണ് ഒരാൾ അക്രമിക്കപ്പെടുകയും അള്ളാഹുവിന് വേണ്ടി അദ്ദേഹം അതിന് മാപ്പ് നൽകുകയും ചെയ്താൽ അള്ളാഹു അദ്ദേഹത്തിനു അവന്റെ സഹായം മുഖേന യോഗ്യത വർദ്ധിപ്പിക്കാതിരിക്കില്ല ബന്ധം ചേർക്കാൻ ഉദ്ദേശിച്ച് ദാനത്തിന്റെ കവാടം ഒരാൾ തുറന്നാൽ അള്ളാഹു അവന് വർധനവ് നൽകാതിരിക്കില്ല  ഉള്ള ധനം വർധിപ്പിക്കാൻ ഉദ്ദേശിച്ച് ഒരാൾ യാചനയുടെ കവാടം തുറന്നാൽ അള്ളാഹു അവന് ധനത്തിലെ കുറവ് കൂട്ടാതിരിക്കില്ല ഇതാണാ മൂന്ന് കാര്യങ്ങൾ  (ഇബ്നു കസീർ)

പ്രതികാരം ചെയ്യാതെ മാപ്പ് നൽകുന്നതാണ് പ്രോത്സാഹിപ്പിക്കപ്പെട്ടത് എന്നതാണ് അടിസ്ഥാന നിയമം എന്നാൽ പ്രതികരിക്കുന്നത് കൊണ്ട് അക്രമത്തെ പ്രതിരോധിക്കാൻ സാധിക്കുമെങ്കിൽ അല്ലെങ്കിൽ പ്രതികരിക്കാതിരിക്കുന്നത് അക്രമി ഒരു സൌകര്യമായി എടുത്ത് അധർമം വ്യാപിക്കാൻ കാരണമാവുമെങ്കിൽ അവിടെ പ്രതിരോധാർത്ഥം പ്രതികരിക്കുന്നത് തന്നെയാകും പുണ്യം ധർമ സംസ്ഥാപനം ഈ പ്രതികരണതിലൂടെയാണല്ലൊ സാദ്ധ്യമാകുന്നത് എന്ന് ഇമാം ഖുർതുബി رحمة الله عليه യുടെ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം .


ദൃഢ നിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാണെന്ന് പറഞ്ഞാൽ ൻഅള്ളാഹു തന്റെ അടിമകളോട് ഉണർത്തുകയും നടപ്പാക്കാ ശക്തമായി ആവശ്യപ്പെടുകയും ചെയ്ത കാര്യങ്ങളിൽ പെട്ടതാണ് എന്നാണ് അർത്ഥം  (ഥിബ്‌രി)


(44)
وَمَن يُضْلِلِ اللَّهُ فَمَا لَهُ مِن وَلِيٍّ مِّن بَعْدِهِ وَتَرَى الظَّالِمِينَ لَمَّا رَأَوُا الْعَذَابَ يَقُولُونَ هَلْ إِلَى مَرَدٍّ مِّن سَبِيلٍ

 

അള്ളാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന് അതിന് ശേഷം  യാതൊരു രക്ഷാധികാരിയുമില്ല ശിക്ഷ നേരിൽ കാണുമ്പോൾ ഒരു തിരിച്ച് പോക്കിന് വല്ല മാർഗവുമുണ്ടോ എന്ന് അക്രമകാരികൾ പറയുന്നത് തങ്ങൾക്ക് കാണാം



അള്ളാഹു വഴികേടിലാക്കിയ മനുഷ്യന്  സന്മാർഗം നൽകുന്ന കാര്യമോ അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് അവന് സംരക്ഷണം നൽകുന്ന കാര്യമോ ഏറ്റെടുക്കാൻ ഒരു രക്ഷകനും അവർക്കില്ല  അന്ത്യനാളിൽ ശിക്ഷ കൺ മുന്നിൽ കാണുമ്പോൾ ഒരിക്കൽ കൂടി ഭൂമിയിലേക്ക് മടങ്ങാൾ (മുമ്പത്തെ തെറ്റ് തിരുത്താൻ) സാഹചര്യമുണ്ടോ എന്ന് വിലപിക്കുന്നത് തങ്ങൾക്ക് കാണാം (ബഗ്വി)


ഭൂമിയിലെ താൽക്കാലിക സുഖങ്ങളിൽ അഭിരമിച്ചും പുനർജന്മം സാദ്ധ്യമല്ലെന്ന് വിശ്വസിച്ചും ലഭ്യമായ ജീവിതം അരാജക ത്വത്തിലും സത്യ നിഷേധത്തിലും നശിപ്പിച്ചവർക്ക് പുനർജന്മം അനുഭവത്തിൽ വരുന്നതോട് കൂടി മുൻ നിലപാട് പാളിപ്പോയെന്ന് ബോദ്ധ്യമാവുകയും പാപത്തിന്റെ ശമ്പളം ഏറ്റുവാങ്ങാൻ നിന്ന് കൊടുത്തേ പറ്റൂ എന്ന് മനസ്സിലാവുകയും ചെയ്യുമ്പോൾ പറ്റിയ തെറ്റ് തിരുത്താൻ ഒരിക്കൽ കൂടി ഭൂമിയിലേക്കുള്ള മടക്കം അവർ അള്ളാഹുവോട് ആവശ്യപ്പെടും .ഞങ്ങളെ ഒന്നു കൂടി ഭൂമിയിലേക്ക് മടക്കിയിട്ട് പിന്നെയും ഞങ്ങൾ നിഷേധത്തിലേക്ക് മടങ്ങിയാൽ ഞങ്ങൾ തെറ്റുകാർ തന്നെ എന്ന് അവർ മടക്കത്തിനും വീണ്ടും നന്നാവാനുള്ള ചാൻസിനും വേണ്ടി അള്ളാഹുവോട് പറയുമെന്നും ഇനി സംസാരിക്കണ്ട നിന്ദ്യരായി നിങ്ങൾ ഇവിടെ കഴിയുക.കാരണം എന്റെ സൂക്തങ്ങൾ ഭൂമിയിൽ നിന്ന് നിങ്ങൾക്ക് ഓതിക്കേൾപ്പിക്കപ്പെട്ടിരുന്നു (ഇത്തരം സാഹചര്യങ്ങൾ പരലോകത്ത് അരങ്ങേറുമെന്ന് ഉണർത്തപ്പെടുകയും ചെയ്തിരുന്നു) അപ്പോൾ നിങ്ങൾ യാഥാർത്ഥ്യത്തെ (പരിഹസിച്ച് ) നിഷേധിക്കുകയായിരുന്നു (ഒരിക്കൽ കൂടി മടങ്ങിപ്പോയാലും അവർ ഇതു തന്നെ ആവർത്തിക്കുമെന്ന് അള്ളാഹുവിനറിയാം) എന്ന് ഇരുപത്തി മൂന്നാം അദ്ധ്യായം സൂറത്തുൽ മു അ്മിനൂനയിൽ അവസാന ഭാഗത്ത് അള്ളാഹു വിശദീകരിച്ചിട്ടുണ്ട്


(45)
وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ الذُّلِّ يَنظُرُونَ مِن طَرْفٍ خَفِيٍّ وَقَالَ الَّذِينَ آمَنُوا إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلَا إِنَّ الظَّالِمِينَ فِي عَذَابٍ مُّقِيمٍ



നിന്ദ്യതയാൽ കീഴുതൊങ്ങിയവാരായിക്കൊണ്ട് അവർ  അതിന് (നരകത്തിന്‌ ) മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്നത് തങ്ങൾക്ക് കാണാം ഒളികണ്ണിട്ടായിരിക്കും അവർ നോക്കുന്നത് വിശ്വസിച്ചവർ പറയും ഉയിർത്തെഴുന്നേല്പിന്റെ നാളിൽ സ്വ ദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ തീർച്ചയായും അവർ തന്നെയാകുന്നു നഷ്ടക്കാർ ശ്രദ്ധിക്കുക തീർച്ചയായും അക്രമികൾ നിരന്തരമായ ശിക്ഷയിലാകുന്നു


നരക ശിക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ട നിഷേധികൾ അവിടെയെത്തുമ്പോൾ ഭൂമിയിലുണ്ടായിരുന്ന അഹങ്കാരമോ വെല്ലുവിളിയുടെ സ്വരമോ ഒന്നും അവരിൽ കാണുന്നില്ല മറിച്ച് ഭയവിഹ്വലരായി എന്തും അനുസരിക്കാൻ ഞങ്ങൾ ഒരുക്കമാണെന്നറിയിക്കുന്ന അതിദയനീയ മുഖഭാവമായിരിക്കും അവർക്ക്.എന്നാണ് . “നിന്ദ്യതയാൽ കീഴുതൊങ്ങിയവാരായിക്കൊണ്ട് അവർ  അതിന് (നരകത്തിന്‌ ) മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്നത് തങ്ങൾക്ക് കാണാം” .എന്നതിന്റെ സാരം.


ഒളികണ്ണിട്ട് അവർ നോക്കുമെന്ന് പറഞ്ഞാൽ നേരെ നോക്കാൻ പോലും ഭയപ്പെട്ട് അതിദയനീയവും നിന്ദ്യവുമായ നോട്ടം നോക്കുമെന്നാണ് പല വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രബലമായതെന്ന് ഇമാം ഥിബ്‌രി എഴുതിയിട്ടുണ്ട് . “വിശ്വസിച്ചവർ
പറയും ഉയിർത്തെഴുന്നേല്പിന്റെ നാളിൽ സ്വ ദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ തീർച്ചയായും അവർ തന്നെയാകുന്നു നഷ്ടക്കാർ”
 എന്ന് പറഞ്ഞതിന്റെ സാരം സ്വന്തത്തെയും വേണ്ടപ്പെട്ടവരെയും നരകത്തിലെത്തിച്ച് അനന്തമായ രസങ്ങളെയും സന്തോഷങ്ങളെയും നഷ്ടപ്പെടുത്തുകയും സ്വന്തത്തിനു തന്നെ പരാചയം വരുത്തിവെക്കുകയും അവരുടെയും കൂട്ടു കുടുംബങ്ങൾ സ്നേഹിതർ എന്നിവർക്കിടയിൽ വേർതിരിവുണ്ടാക്കുകയും ചെയ്തവർ തന്നെയാണ് പരാചയപ്പെട്ടവർ എന്ന് അന്ത്യ നാളിൽ (വിജയം നേരിൽ കാണുന്ന) സത്യവിശ്വാസികൾ പറയുമെന്നാണ്


ഇമാം ഖുർതുബി
رحمة الله عليه എഴുതുന്നു സ്വന്തക്കാരെ നഷ്ടപ്പെട്ടവർ എന്ന് പറഞ്ഞതിന്റെ സാരം സ്വന്തക്കാരും നരകത്തിലാണെങ്കിലും ഇവർക്ക് അവരെ കൊണ്ട് ഒരു ഉപകാരവും ഇല്ലെന്നും സ്വന്തക്കാർ സ്വർഗത്തിലാണെങ്കിൽ അവർക്ക് തമ്മിൽ യാതൊരു ബന്ധങ്ങളും സാദ്ധ്യമാവാത്ത വിധം അവർ തടയപ്പെട്ട അവസ്ഥയായിരിക്കുമെന്നും സ്വർഗത്തിലുള്ള സ്വന്തക്കാർക്ക് അള്ളാഹു സ്വർഗത്തിൽ പ്രത്യേക ഇണകളെ നൽകുമെന്നുമാണ്


“ശ്രദ്ധിക്കുക
തീർച്ചയായും അക്രമികൾ നിരന്തരമായ ശിക്ഷയിലാകുന്നു”എന്ന് പറഞ്ഞാൽ ഒരിക്കലും പുറത്ത് കടക്കാനോ രക്ഷപ്പെടാനോ സാധിക്കാത്ത വിധം നിരന്തരമായി ലഭിച്ചു കൊണ്ടിരിക്കുന്ന ശിക്ഷക്ക് അവർ അർഹരായിരിക്കും എന്നാണ് (ഇബ്നുകസീർ)


ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു നരകത്തിന്റെ സമീപത്തെത്തുമ്പോഴുള്ള അവരുടെ അവസ്ഥയാണിതെന്നും ഖബ്റിൽ വെച്ച് അവർക്ക് നരകം പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ അവരനുഭവിക്കുന്ന ഭയാനകതയെ വർണിച്ചതാണെന്നും ഇവിടെ വിവക്ഷയുണ്ട് (രണ്ടും വൈരുദ്ധ്യമല്ല വൈവിദ്ധ്യമാണ് അതായത് ഖബ്റിൽ വെച്ച് തന്നെ അവർ ശിക്ഷയുടെ ശൈലി അനുഭവിച്ച് തുടങ്ങുകയും പരലോകത്ത് അത് യാഥാർത്ഥ്യമാവുകയും ചെയ്യും )


(46)
وَمَا كَانَ لَهُم مِّنْ أَوْلِيَاء يَنصُرُونَهُم مِّن دُونِ اللَّهِ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِن سَبِيلٍ

 

അള്ളാഹുവിന് പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവർക്ക് ഉണ്ടായിരിക്കുന്നതല്ല ഏതൊരുവനെ അള്ളാഹു വഴിപിഴവിലാക്കിയോ അവന്ന് (ലക്ഷ്യ പ്രാപ്തിക്ക്) യാതൊരു മാർഗവുമില്ല


നരകം അവർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെടുകയും അവർ നിന്ദ്യരായി അത് ഏറ്റുവാങ്ങാൻ കീഴൊതുങ്ങുകയും ചെയ്യുന്ന സമയത്ത് അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്താൻ സഹായികളാരും ഉണ്ടായിരിക്കുന്നതല്ല.

അള്ളാഹു വഴികേടിലാക്കിയവനെ ഭൂമിയിൽ സത്യത്തിലേക്കും പരലോകത്ത് സ്വർഗത്തിലേക്കും എത്തിക്കാനും ഒരാളുമുണ്ടാവുകയില്ല കാരണം രക്ഷയുടെ വഴികളെല്ലാം അവനു മുന്നിൽ അടക്കപ്പെട്ടിരിക്കുന്നു (ഖുർതുബി)


അള്ളാഹു നമ്മെ സത്യത്തിലെത്തിക്കുകയും സ്വർഗാവകശികളിൽ പെടുത്തുകയും ചെയ്യട്ടെ ആമീൻ


(
തുടരും )


ഇൻശാഅള്ളാഹ്

No comments: