Saturday, November 21, 2020

അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | ഭാഗം 08

അദ്ധ്യായം 41  | സൂറത്ത് ഫുസ്സിലത്ത് سورة فصلت | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54


(Part -8  -   സൂക്തം 44 മുതൽ 51 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

 

(44)
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ أَأَعْجَمِيٌّ وَعَرَبِيٌّ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاء وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى أُوْلَئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ

 

നാം ഇതിനെ ഒരു അനറബി ഖുർആൻ ആക്കിയിരുന്നുവെങ്കിൽ അവർ പറഞ്ഞേക്കും എന്ത് കൊണ്ട് ഇതിലെ വചനങ്ങൾ വിശദമക്കപ്പെട്ടവയായില്ല (ഗ്രന്ഥം ) അ നറബിയും  (പ്രവാചകൻ) അറബിയും ആവുകയോ? തങ്ങൾ പറയുക അത് (ഖുർആൻ) സത്യവിശ്വാസികൾക്ക് മാർഗദർശനവും ശമനൌഷധവുമാകുന്നു വിശ്വസിക്കാത്തവർക്കാവട്ടെ അവരുടെ കാതുകളിൽ ഒരു തരം ബധിരതയുണ്ട് അത് (ഖുർആൻ) അവരുടെ മേൽ ഒരു അന്ധതയായിരിക്കുന്നു ആ കൂട്ടർ ഏതോ വിദൂരമായ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം)

കഴിഞ്ഞ സൂക്തങ്ങളിൽ ഖുർആനിന്റെ ആശയ വ്യക്തതയും സാഹിത്യ ഭംഗിയും വാചകത്തിലും അർത്ഥത്തിലുമുള്ള അതിന്റെ ശക്തിയും എല്ലാം മനസ്സിലാക്കിയിട്ടും മുശ്‌രിക്കുകൾ വിശ്വസിക്കാൻ തയാറായില്ല എന്നതിലെ അവിശ്വാസി നിലപാടിന്റെ നിജസ്ഥിതി സത്യത്തോടുള്ള അവരുടെ ശത്രുതയും മാത്സര്യ ബുദ്ധിയും നിമിത്തമായുണ്ടായ നിഷേധമാണവർക്ക് എന്ന് വിവരിക്കുകയാണിവിടെ അനറബി ഭാഷയിലായിരുന്നു ഖുർആൻ അവതരിച്ചതെങ്കിൽ പ്രവാചകൻ അറബിയും ഗ്രന്ഥം അനറബിയും എന്ന് പറഞ്ഞായിരിക്കും അവരുടെ പരിഹാസം അതായത് സത്യ നിഷേധികൾ ഏത് രൂപത്തിലായാലും വിശ്വസിക്കുകയില്ല എന്ന് ചുരുക്കം. എന്നാൽ ഖുർആനിന്റെ നിലപാട് നോക്കൂ ശരിയുടെ പക്ഷത്ത് നിൽക്കാൻ സാധിക്കുന്നവർക്ക് ഖുർആൻ മാർഗദർശനം നൽകുന്നുണ്ട് സ്വാഭാവികമായി വരാവുന്ന സംശയങ്ങൾക്ക് പരിഹാരവും നൽകുന്നുണ്ട് സത്യ നിഷേധം അലങ്കാരമായി കൊണ്ട് നടക്കുന്നവർക്ക് എന്ത് പറഞ്ഞാലും മനസ്സിലാവില്ല കാരണം നേരായ സന്ദേശം കേൾക്കില്ലെന്ന വാശിയും (അതാണ്  അവരുടെ കാതിന്റെ ബധിരത) ശരിയിലെക്ക് നയിക്കുന്നതൊന്നും കാണുകയില്ലെന്ന ദുശ്ശാഢ്യവുമാണവരെ നയിക്കുന്നത് അവരോട് ഖുർആനിക സന്ദേശം പറയപ്പെടുമ്പോൾ വളരെ ദൂരെ നിന്ന് വിളിക്കുന്നത് പോലെ ഒന്നും മനസ്സിലാവുന്നില്ലെന്ന ഭാവം അഭിനയിക്കുകയാണവർ (ഇബ്നുകസീർ)
ഇമാം ഖുർതുബി എഴുതുന്നു അനറബി ഭാഷയിലായിരുന്നു ഖുർആൻ അവതരിച്ചതെങ്കിൽ ഖുർആനിന്റെ പ്രഥമ സംബോധിതരായ അറബികൾക്ക് ഈ ഗ്രന്ഥം ഞങ്ങളൂടെ ഭാഷയിലല്ലാത്തതിനാൽ ഞങ്ങൾക്കൊന്നും മനസിലാകുന്നില്ല എന്ന് അവർ വാദിക്കും എന്നാൽ അറബി ഭാഷയിൽ ഖുർആൻ അവതരിപ്പിച്ച അള്ളാഹു നിങ്ങൾക്ക് അറബി ഭാഷ അറിയാമല്ലോ മനുഷ്യ നിർമിതമായിരുന്നു ഖുർആനെങ്കിൽ നിങ്ങൾക്കും അതു പോലെ ഒരു

 ഗ്രന്ഥം കൊണ്ടു വരാമല്ലോ അത് സാദ്ധ്യമല്ലെന്ന് ബോദ്ധ്യമായ സ്ഥിതിക്ക് ഖുർആനിനെതിരിലുള്ള നിങ്ങളുടെ നിഷേധം കടുത്ത മത്സര ബുദ്ധിയാണ് എന്ന് സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ് ഈ വിശദീകരണത്തിൽ നിന്ന് ഖുർആൻ അറബിയാണെന്നും അറബിയല്ലാത്ത ഭാഷയിലേക്ക് മാറ്റിയാൽ അത് ഖുർആൻ ആവില്ലെന്നും വ്യക്തമായി (ഖുർതുബി)


(45)

وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَاخْتُلِفَ فِيهِ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِيَ بَيْنَهُمْ وَإِنَّهُمْ لَفِي شَكٍّ مِّنْهُ مُرِيبٍ


മൂസാ നബിക്ക് നാം വേദ ഗ്രന്ഥം നൽകി എന്നിട്ട് അതിന്റെ കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ടായി ഒരു വചനം മുമ്പ് തന്നെ തങ്ങളുടെരക്ഷിതാവിൽ നിന്ന് ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ (ഇപ്പോൾ തന്നെ) തീർപ്പ് കല്പിക്കപ്പെടുമായിരുന്നു തീർച്ചയായും അവർ ഇതിനെ (ഖുർആനിനെ) പറ്റി അവിശ്വാസ ജനകമായ സംശയത്തിലാകുന്നു

മൂസാ നബിക്ക് عليه السلام തൌറാത്ത് നൽകപ്പെട്ടപ്പോൾ അത് സ്വീകരിക്കാതെ തള്ളിക്കളഞ്ഞവർ അന്നുണ്ടായിരുന്നു അനാവശ്യ തർക്കങ്ങൾ അവർ ഉന്നയിച്ചു ധിക്കാരികൾക്കുള്ള ശിക്ഷ പരലോകത്തേക്ക് മാറ്റിവെക്കാൻ അള്ളാഹു തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ നിഷേധിക്ക് പെട്ടെന്ന് തന്നെ ശിക്ഷ നൽകുകയും അവൻ നശിച്ച് പോവുകയും ചെയ്തേനേ അവർ ഗ്രന്ഥത്തെ നിഷേധിച്ചത് ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ അല്ല യാതൊരു പിൻ ബലവുമില്ലാതെ അവർക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് (നബി തങ്ങൾ മാത്രമല്ല വിമർശിക്കപ്പെട്ടത് എന്ന് പറയുക വഴി തങ്ങളെ സമാധാനിപ്പിക്കുകയാണിവിടെ)


(46)
مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاء فَعَلَيْهَا وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ

 

വല്ലവനും നല്ലത് പ്രവർത്തിച്ചാൽ അതിന്റെ ഗുണം അവന് തന്നെയാകുന്നു വല്ലവനും തിന്മ ചെയ്താൽ അതിന്റെ ദോഷവും അവന് തന്നെ തങ്ങളുടെ രക്ഷിതാവ് (തന്റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല

ഇവിടെ അള്ളാഹുവിനെ അനുസരിച്ച് അവന്റെ കല്പനകൾ നടപ്പാക്കിയും വിരോധങ്ങൾ കയ്യൊഴിച്ചും ഒരാൾ പ്രവർത്തിച്ചാൽ അതിന്റെ പ്രതിഫലം എന്ന നിലക്ക് സ്വർഗ ലബ്ദിയും നരക മോചനവും ലഭിക്കുക വഴി അതിന്റെ ഗുണം അവനു തന്നെയായിരിക്കും എന്നാൽ അള്ളാഹുവിന്റെ കല്പനകൾക്കെതിരിൽ നിലപാട് സ്വീകരിച്ചവൻ അള്ളാഹുവിന്റെ കോപത്തിനും കഠിനമായ ശിക്ഷക്കും അർഹനാവുക വഴി അതിന്റെ ദോഷം അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും ഒരിക്കലും ചെയ്യാത്ത കുറ്റം അടിച്ചേല്പിച്ച് അള്ളാഹു ഒരാളെയും അക്രമിക്കുകയില്ല (ഥിബ്‌രി)
അള്ളാഹു പറഞ്ഞതായി നബി
തങ്ങൾ ഉദ്ധരിക്കുന്നു എന്റെ അടിമകളേ! നിശ്ചയം അക്രമത്തെ എന്റെ മേലിൽ തന്നെ ഞാൻ വിലക്കിയിരിക്കുന്നു നിങ്ങൾക്കിടയിലും അക്രമത്തെ വിലക്കപ്പെട്ട കാര്യമായി ഞാൻ നിശ്ചയിച്ചിരിക്കുന്നു അതിനാൽ നിങ്ങൾ പരസ്പരം അക്രമിക്കരുത് (ഖുർതുബി)

ചെയ്യാത്ത കുറ്റത്തിനോ അല്ലെങ്കിൽ ചെയ്ത കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ സ്ഥാപിക്കാതെയോ ഇത്തരം കാര്യങ്ങൾ ഉൽബോധിപ്പിക്കാൻ പ്രവാചകന്മാരെ നിയോഗിക്കാതെയോ അള്ളാഹു ആരെയും ശിക്ഷിക്കുകയില്ല എന്നാണ് രക്ഷിതാവ് അടിമകളോട് അക്രമം കാണിക്കില്ല എന്ന് പറഞ്ഞത് (ഇബ്നുകസീർ)

 

(47)
إِلَيْهِ يُرَدُّ عِلْمُ السَّاعَةِ وَمَا تَخْرُجُ مِن ثَمَرَاتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَى وَلَا تَضَعُ إِلَّا بِعِلْمِهِ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَائِي قَالُوا آذَنَّاكَ مَا مِنَّا مِن شَهِيدٍ


ആ അന്ത്യ സമയത്തെപ്പറ്റിയുള്ള അറിവ് അവങ്കലേക്കാണ് മടക്കപ്പെടുന്നത് പഴങ്ങളൊന്നും അവയുടെ പോളകളിൽ നിന്ന് പുറത്ത് വരുന്നില്ല ഒരു സ്ത്രീയും ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നുമില്ല അവന്റെ അറിവോട് കൂടിയല്ലാതെ. എന്റെ പങ്കാളികൾ എവിടെ എന്ന് അവൻ അവരോട് വിളിച്ച് ചോദിക്കുന്ന ദിവസം അവർ പറയും ഞങ്ങളിതാ നിന്നെ അറിയിക്കുന്നു ഞങ്ങളിൽ (അതിന്) സാക്ഷികളായി ആരുമില്ല

അന്ത്യ നാൾ എപ്പോഴാണ് സംഭവിക്കുക എന്ന് വെളിപ്പെടുത്താൻ അള്ളാഹു ആരെയും ഏല്പിച്ചിട്ടില്ല അത് അവൻ തന്നെയാണ് വെളിപ്പെടുത്തുക ലോകത്ത് നടക്കുന്നതെന്തും എത്ര ചെറിയതോ വലിയതോ ആവട്ടെ അവന്റെ അറിവോടും തീരുമാനത്തോടും മാത്രമേ നടക്കുകയുള്ളൂ അവന്റെ അറിവിൽ പെടാത്ത ഒന്നും ഇല്ല തന്നെ. പഴം അതിന്റെ പുറം തോട് പൊട്ടിച്ച് പുറത്ത് വരുന്നതും സ്ത്രീ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അള്ളാഹുവിന്റെ അറിവോടെ മാത്രമേ നടക്കുന്നുള്ളൂ  അവന്റെ മഹത്വം അത്രയും വലുതാണ് എന്നാണിവിടെ പറയുന്നത്. അള്ളാഹുവിനു പങ്കാളികളെ സ്ഥാപിച്ചിരുന്ന ബഹുദൈവാരാധകർ പരലോകത്ത് വിചാരണക്ക് ഒരുമിച്ച് കൂട്ടപ്പെടുമ്പോൾ ജന സമക്ഷം അള്ളാഹു ഈ മുശ്‌രിക്കുകളോട് എന്റെ പങ്കാളികൾ എവിടെ? എന്ന് ചോദിക്കും എന്നാൽ ഈ ബഹുദൈവ വാദികൾ നിനക്ക് പങ്കാളികളുണ്ടെന്ന് സാക്ഷ്യം വഹിക്കുന്ന ഒരാളും ഞങ്ങളൂടെ കൂട്ടത്തിൽ ഇല്ലെന്ന് പറഞ്ഞ് അവിടെ ദൈവങ്ങളെ തള്ളിപ്പറയും(ഇബ്നുകസീർ)


തങ്ങൾ പ്രവാചകനാണെങ്കിൽ അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്ന് വിവരിച്ചു തരൂ എന്ന് ശത്രുക്കൾ  നബി
തങ്ങളോട് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഈ സൂക്തം അവതരിച്ചത് (ഖുർതുബി)


(48)
وَضَلَّ عَنْهُم مَّا كَانُوا يَدْعُونَ مِن قَبْلُ وَظَنُّوا مَا لَهُم مِّن مَّحِيصٍ


മുമ്പ് അവർ ആരാധിച്ചിരുന്നതെല്ലാം അവരെ വിട്ട് മറഞ്ഞ് പോവുകയും തങ്ങൾക്ക് യാതൊരു രക്ഷാ സങ്കേതവുമില്ല എന്ന് അവർക്ക് ബോധ്യംവരികയും ചെയ്യും


പരലോകത്ത് അള്ളാഹുവിങ്കൽ ഞങ്ങൾക്ക് ശുപാർശ ചെയ്ത് ഞങ്ങളെ രക്ഷിക്കും എന്ന് അവർ വിശ്വസിച്ചിരുന്ന ദൈവങ്ങളൊന്നും അവരുടെ സഹായത്തിനെത്തുന്നില്ല എന്ന് മനസ്സിലാക്കുകയും രക്ഷപ്പെടാൻ ഒരു മാർഗവുമില്ലെന്ന് അവർക്ക് പരലോകത്ത് ഉറപ്പാവുകയും ചെയ്യും


(49)
لَا يَسْأَمُ الْإِنسَانُ مِن دُعَاء الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَؤُوسٌ قَنُوطٌ

നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ മനുഷ്യന് മടുപ്പ് തോന്നുന്നില്ല തിന്മ അവനെ ബാധിച്ചാലോ അവൻ മനം മടുത്തവനും നിരാശനുമായിത്തീരുന്നു

ധനം, ആരോഗ്യം, അധികാരം, പ്രൌഢി തുടങ്ങി നല്ലതായി നാം പരിഗണിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി അള്ളാഹുവിനോട് പ്രാർത്ഥിക്കാൻ ഒരാൾക്കും മടുപ്പ് തോന്നുന്നില്ല  അതേ സമയം ദാരിദ്ര്യം, രോഗം തുടങ്ങിയ പരീക്ഷണങ്ങൾ വല്ലതും ബാധിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ടു ഇനി തിരിച്ച് വരവ് അസാദ്ധ്യം എന്ന നിരാശയിൽ അവൻ മുഴുകുന്നു. വാസ്തവത്തിൽ നന്മയും തിന്മയും കണക്കാക്കുന്ന അള്ളാഹു ഈ വിഷമത്തിൽ   നിന്നും എനിക്ക് രക്ഷ തരും എന്ന പ്രതീക്ഷയോടെ അവനോട് ദുആ ചെയ്യുകയാണ് വേണ്ടത് എന്ന് സാരം. ഇത് സത്യ നിഷേധിയുടെ നിലയാണ്. എന്നാൽ വിശ്വാസി സന്തോഷവും ദു:ഖവും അള്ളാഹു നൽകുന്നു എന്ന നിലയിൽ സന്തോഷത്തിനു നന്ദിയും ദു:ഖത്തിനു ക്ഷമയും കൈക്കൊണ്ട് അള്ളാഹുവിന്റെ പൊരുത്തം പ്രതീക്ഷിക്കുയാണ് ചെയ്യുന്നത്


(50)
وَلَئِنْ أَذَقْنَاهُ رَحْمَةً مِّنَّا مِن بَعْدِ ضَرَّاء مَسَّتْهُ لَيَقُولَنَّ هَذَا لِي وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّجِعْتُ إِلَى رَبِّي إِنَّ لِي عِندَهُ لَلْحُسْنَى فَلَنُنَبِّئَنَّ الَّذِينَ كَفَرُوا بِمَا عَمِلُوا وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ


അവന്ന് കഷ്ടത ബാധിച്ചതിനു ശേഷം നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം നാം അവന്ന് അനുഭവിപ്പിച്ചാൽ തീർച്ചയായും അവൻ പറയും ഇത് എനിക്ക് അവകാശപ്പെട്ടതാകുന്നു  അന്ത്യ സമയം നിലവിൽ വരുമെന്ന് ഞാൻ  വിചാരിക്കുന്നില്ല ഇനി എന്റെ രക്ഷിതാവിങ്കലേക്ക് ഞാൻ തിരിച്ചയക്കപ്പെടുകയാണെങ്കിലോ എനിക്ക് അവന്റെ അടുക്കൽ തീർച്ചയായും ഏറ്റവും മെച്ചപ്പെട്ട നില തന്നെയാണുണ്ടായിരിക്കുക എന്നാൽ സത്യ നിഷേധികൾക്ക് അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം വിവരം നൽകുകയും കഠിനമായ ശിക്ഷയിൽ നിന്ന് നാം അവർക്ക് അനുഭവിപ്പിക്കുകയും ചെയ്യും

അവിശ്വാസിയെ ബാധിച്ച ബുദ്ധിമുട്ട് അവനിൽ നിന്ന് നീക്കം ചെയ്ത് പ്രയാസത്തിനു ശേഷം നാം സന്തോഷം നൽകിയാൽ ഇത് എനിക്ക് ലഭിക്കേണ്ടതു തന്നെയാണ് കാരണം  അള്ളാഹു എന്നെയും എന്റെ പ്രവർത്തനങ്ങളെയും ഇഷ്ടപ്പെടുന്നുണ്ട് ഇത് എല്ലാ കാലത്തും എനിക്ക് നിലനിൽക്കും അന്ത്യനാൾ ഉണ്ടാവുമെന്ന് ഞാൻ ധരിക്കുന്നില്ല ഇനി ഉണ്ടായാൽ തന്നെ എനിക്ക് ഇവിടുത്തെ പോലെ അവിടെയും സന്തോഷമുണ്ടാകും എന്നൊക്കെയുള്ള അനാവശ്യ അവകാശ വാദങ്ങൾ അവൻ നടത്തും എന്നാൽ അള്ളാഹുവിനെ നിഷേധിക്കുകയും അർഹതയില്ലാത്തത് ആഗ്രഹിക്കുകയും ചെയ്യുന്ന ഇവർക്ക് പരലോകത്ത് അവരുടെ കുറ്റങ്ങൾ അള്ളാഹു വിവരിച്ച് നൽകുകയും അർഹമായ ശിക്ഷ അവർക്ക് നൽകുകയും ചെയ്യും സുഖ ജീവിതമോ ദുരിതത്തിൽ നിന്ന് മോചനമാവുംവിധമുള്ള മരണമോ ലഭിക്കാതെ അനന്തമായി നരകത്തിൽ കഴിയുക എന്നതാണ് അവരുടെ ശിക്ഷയുടെ കാഠിന്യം (ഥിബ്‌രി)
ദുരിതത്തിനു ശേഷം സന്തോഷം
അള്ളാഹു നൽകുമ്പോൾ അനുഗ്രഹ ദാതാവായ അള്ളാഹുവിന്റെ കാരുണ്യമോർത്ത് നന്ദി ചെയ്യാനും പരീക്ഷണത്തിൽ ക്ഷമിക്കാനും മനുഷ്യനെ പാകപ്പെടുത്തുകയാണ് അള്ളാഹു. പക്ഷെ ധിക്കാരികൾ അതും അവരുടെ മഹത്വമായി വ്യാഖ്യാനിക്കുകയാണ് (ഖുർതുബി)




(51)

وَإِذَا أَنْعَمْنَا عَلَى الْإِنسَانِ أَعْرَضَ وَنَأى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاء عَرِيضٍ


നാം മനുഷ്യന് അനുഗഹം ചെയ്താൽ അവനതാ പിന്തിരിഞ്ഞ് കളയുകയും അവന്റെ പാട്ടിന് മാറിക്കളയും ചെയ്യുന്നു അവന്ന് തിന്മ ബാധിച്ചാലോ അവനതാ നീണ്ട പ്രാർത്ഥനക്കാരനായിത്തീരുന്നു


അള്ളാഹു മനുഷ്യന് അനുഗ്രഹം നൽകുമ്പോൾ അള്ളാഹുവിനെ അനുസരിക്കുന്നതിൽ നിന്നും അവന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ നിന്നും അഹങ്കാരത്തോടെ അവൻ പിൻമാറുന്നു അതേ സമയം അവന്ന് വല്ല ദുരിതങ്ങളും ബാധിച്ചാൽ നീണ്ട പ്രാർത്ഥനയുമായി അവനെ കാണാം അഥവാ സന്തോഷ സമയത്ത് അള്ളാഹുവിനെ വിസ്മരിക്കുകയും വിഷമമുള്ളപ്പോൾ മാത്രം അവനെ ഓർക്കുകയും ചെയ്യുന്ന പ്രകൃതമാണ് പലപ്പോഴും മനുഷ്യർക്കുണ്ടാകുന്നത് എന്നാൽ വിഷമ സന്ധിയിൽ പ്രാർത്ഥന ഫലിക്കാൻ സമൃദ്ധിയുടെ സമയത്ത് നാഥനെ ഓർക്കുന്നത് അനിവാര്യമാണ്.


എല്ലാ സമയത്തും നാഥനെ ഓർക്കാൻ
അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ


(തുടരും)
ഇൻ ശാ അള്ളാഹ്

No comments: