Thursday, December 3, 2020

അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | ഭാഗം 09

അദ്ധ്യായം 41  | സൂറത്ത് ഫുസ്സിലത്ത് سورة فصلت | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54


(Part -8  -   സൂക്തം 52 മുതൽ 54 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(52)
قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ اللَّهِ ثُمَّ كَفَرْتُم بِهِ مَنْ أَضَلُّ مِمَّنْ هُوَ فِي شِقَاقٍ بَعِيدٍ


തങ്ങൾ പറയുക നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ
? ഇത് (ഖുർആൻ) അള്ളാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങൾ അതിൽ അവിശ്വസിച്ചിരിക്കുകയുമാണെങ്കിൽ കടുത്ത മാത്സര്യത്തിൽ കഴിയുന്നവനേക്കാളും കൂടുതൽ വഴിപിഴച്ച് പോയവൻ ആരുണ്ട്?

വിശുദ്ധ ഖുർആൻ അള്ളാഹുവിന്റെ വേദവും സത്യസന്ധവുമാണെന്ന് അറേബ്യൻ മുശ്‌രിക്കുകൾക്ക് അറിയാമായിരുന്നു സത്യത്തോടുള്ള കടുത്ത മത്സരവും അസൂയയും കാരണത്താലാണ് അറിഞ്ഞു കൊണ്ട് തന്നെ അവർ ഖുർആനിനെ നിഷേധിച്ചത് മുമ്പ്  ഇതേ അദ്ധ്യായത്തിലെ അഞ്ചാം സൂകതത്തിൽ വിശദീകരിച്ചത് പോലെ വ്യക്തമായ അറബി ഭാഷയിൽ അവതരിപ്പിച്ചിട്ടും ഞങ്ങളുടെ കണ്ണുകൾക്ക് കാണാനും കാതുകൾക്ക് കേൾക്കാനും സാധിക്കാത്ത വിധം മറയും മൂടിയുമുണ്ടെന്ന് പരിഹസിക്കുകയായിരുന്നു അവർ .ഇത്തരം നിഷേധാത്മക നിലപാടിലൂടെ നിർലജ്ജം സത്യത്തെ നിരാകരിച്ചവരോട് വളരെ ശക്തമായൊരു ചോദ്യമാണിവിടെ ഖുർആൻ ഉന്നയിക്കുന്നത്. ഈ ഖുർആൻ യഥാർത്ഥത്തിൽ അള്ളാഹുവിൽ നിന്നുള്ളത് തന്നെയായിരിക്കുകയും നിങ്ങൾ അതിനെ നിഷേധിക്കുകയുമാണ് ചെയ്തത് എന്ന് സങ്കല്പിച്ച് നോക്കൂ(യാഥാർത്ഥ്യം അത് തന്നെയാണ്) അപ്പോൾ ഈ സത്യത്തെ നിഷേധിച്ച നിങ്ങൾ എത്ര വലിയ അപകടത്തിലായിരിക്കും ചെന്നു ചാടുന്നത് (ഇനി ഖുർആൻ ദൈവികമല്ലെന്നാണ് സത്യമെന്ന് വന്നാലും ദൈവികമെന്ന് സമ്മതിച്ച നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല പക്ഷെ ദൈവികമാണെന്ന് വരികയും നിങ്ങൾ നിരാകരിക്കുകയുമാണ് ചെയ്തതെങ്കിൽ നിങ്ങൾക്കിതിന്റെ പരിക്കിൽ നിന്ന് രക്ഷപ്പെടാൻ എന്ത് വഴിയാണുണ്ടാവുക? അതായത് സത്യം തെളിയുന്ന നാളിൽ നിങ്ങൾ എത്ര ശ്രമിച്ചാലും തിരിച്ചു കയറാനാവാത്ത വിധം പരാജയത്തിന്റെ അഗാധ ഗർത്തത്തിൽ വീണു പോയിരിക്കും. അല്ലാഹു നമുക്ക് ശരിയായ ഈമാൻ നിലനിർത്തി തരട്ടെ ആമീൻ)



(53)
سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ


ഇത് (ഖുർആൻ) സത്യമാണെന്ന് അവർക്ക് വ്യക്തമാകത്തക്ക വണ്ണം വിവിധ ധിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക് കാണിച്ചുകൊടുക്കുന്നതാണ് തങ്ങളുടെ രക്ഷിതാവ് ഏത്  കാര്യത്തിനും സാക്ഷിയാണ് എന്നത് തന്നെ മതിയായതല്ലേ
?

ഖുർആനും നബി തങ്ങളും സത്യാധിഷ്ഠിതം തന്നെയാണെന്ന് ഗ്രഹിക്കാൻ സഹായകമായ ദൈവിക ദൃഷ്ടാന്തങ്ങൾ ഭാവിയിൽ യാഥാർത്ഥ്യമാവുമെന്നാണ് ഇവിടെ പറയുന്നത് അതായത് ഖുർആനിന്റെ അവതരണ കാലത്ത് ഖുർ ആൻ മുന്നോട്ട് വെക്കുന്ന ചില ചിന്തകൾ ഒരു പക്ഷെ അവതരണകാലത്ത് ബോദ്ധ്യപ്പെടുന്നില്ലെങ്കിൽ തന്നെ വികസിക്കുന്ന വിജ്ഞാനത്തിലൂടെ അത് ബോദ്ധ്യപ്പെടുത്തപ്പെടുക തന്നെ ചെയ്യും ഉദാഹരണമായി ഒരു ഗർഭസ്ഥ ശിശുവിന്റെ അവസ്ഥാന്തരങ്ങൾ ഖുർ ആൻ കൃത്യമായി വിവരിച്ചു എന്നാൽ അത് സത്യം തന്നെയാണോ എന്ന് അക്കാലത്ത് കണ്ടെത്താൻ സംവിധാനമുണ്ടായിരുന്നില്ല എന്നാൽ സാങ്കേതിക വിജ്ഞാനങ്ങൾ വികസിച്ചപ്പോൾ കുഞ്ഞിന്റെ വളർച്ചയുടെ നാൾ വഴികൾ ഖുർആ‍ൻ പറഞ്ഞത് കൃത്യമാണെന്ന് ബോദ്ധ്യമായി അഥവാ അക്ഷര ജ്ഞാനം പോലും നേടിയിട്ടില്ലാത്ത നബി തങ്ങൾ അന്ന് ഇക്കാര്യം പറഞ്ഞത് വരും കാലത്തെ ഗതിനിയന്ത്രിക്കുന്ന നാഥനിൽ നിന്ന് തന്നെയുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണത് എന്ന് മനസ്സിലാകും ഭാവിയിൽ വരാനിരിക്കുന്ന അമ്പരപ്പിക്കുന്ന പുരോഗതിയിലേക്ക് ശാസ്ത്രം  അസ്ഥിവാരം പോലും ഇടാത്ത കാലത്ത് ഇത്തരം കാര്യങ്ങൾ സംസാരിക്കുക എന്നിട്ട് അത് കൃത്യമായി പുലരുന്നത് വർത്തമാന കാലത്ത് നാം അനുഭവിച്ചറിയുക എന്നിട്ടും ഖുർആനിന്റെ ആധികാരികത സമ്മതിക്കുന്നില്ലെങ്കിൽ കുശുമ്പ് എന്നല്ലാതെ എന്ത് പറയും? അതാണ് കടുത്ത മാത്സര്യത്തിൽ ആണ് നിഷേധികൾ എന്ന് പറഞ്ഞത് എത്രയോ കിലോമീറ്റർ അകലെ നടക്കുന്ന കാര്യങ്ങൾ അതേ സമയത്ത് തന്നെ ഇവിടെ ഇരുന്ന് കാണാനും അകലെയുള്ളവരോട് ആശയവിനിമയം സടത്താനും നമുക്കിന്ന് സാധിക്കുന്നു ഈ സാദ്ധ്യതയിലേക്കാണ് വിവിധ ദിക്കുകളിലെ ദൃഷ്ടാന്തങ്ങൾ കാണിക്കുമെന്ന് ഈ സൂക്തത്തിൽ പരാമർശിച്ചത് അവരിൽ തന്നെയുള്ള ദൃഷ്ടാന്തങ്ങളെക്കുറിച്ച് പരാമർശിച്ചത് ഒന്ന് ചിന്തിച്ച് നോക്കൂ നമ്മുടെ ശരീരത്തിലെ അത്ഭുതകരമായ സംവിധാനം വിശകലനം ചെയ്താൽ തന്നെ അള്ളാഹുവിന്റെ ആസ്തിക്യം സമതിക്കാതെ തരമില്ല വൈദ്യ ശാസ്ത്രം എത്രയോ വൈകി കണ്ടെത്തുന്ന സത്യങ്ങൾ യാഥാർത്ഥ്യമാക്കാൻ പറ്റും വിധം മുമ്പ് തന്നെ ശരീര ഘടന ക്രമീകരിച്ച നാഥനെ വിസ്മരിക്കുന്നവൻ ധിക്കാരിയല്ലാതെ മറ്റാരാണ്. നമ്മുടെ കണ്ണും കാതും കിഡ്നിയും അടക്കം ഓരോ പാർട്ടുകളും നിർവഹിക്കുന്ന സേവനം അത്ഭുതകരമാണ് നാം കഴിക്കുന്ന ആഹാരത്തിന്റെ പോഷകം സ്വീകരിക്കുന്ന ശരീരം ചണ്ടികൾ പുറം തള്ളാൻ രണ്ട് അവയവങ്ങൾ സംവിധാനിച്ചത് അത്ഭുതം. പായക്കപ്പലിന്റെ സൌകര്യവും ഒട്ടക സവാരിയും മാത്രം അറിയുമായിരുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ നിൽക്കുമ്പോൾ നിങ്ങൾക്കറിയാത്ത സഞ്ചാര വഴികൾ അള്ളാഹു സൃഷ്ടിക്കും എന്ന വാഗ്ദാനം ഖുർആൻ നൽകുന്നു ഇന്ന് കരയിലുംകടലിലും വ്യോമ മാർഗങ്ങളിലും സഞ്ചാര സാദ്ധ്യതകളുടെ അമ്പരപ്പിക്കുന്ന സൌകര്യങ്ങൾ അനുഭവിക്കുന്ന കാലത്ത് ഇതിലേക്ക് വിരൽ ചൂണ്ടുന്ന സൂചന പണ്ട് നൽകുന്നത് ത്രികാല ജ്ഞാനിയുടെ അധികാരത്തിൽ നിന്ന് മാത്രമാണെന്ന് ബോദ്ധ്യപ്പെടാൻ ചിന്തിക്കുന്നവർക്കെന്ത് പ്രയാസം?


ഇത്രയെല്ലാം വ്യക്തമായി വിവരിച്ചിട്ടും പുറം തിരിഞ്ഞു നിൽക്കുന്നവർ എല്ലാം
അള്ളാഹു നിരീക്ഷിക്കുന്നുണ്ട് എന്ന് അറിയുക



(54)
أَلَا إِنَّهُمْ فِي مِرْيَةٍ مِّن لِّقَاء رَبِّهِمْ أَلَا إِنَّهُ بِكُلِّ شَيْءٍ مُّحِيطٌ


ഓർക്കുക തീർച്ചയായും അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു തീർച്ചയായും അവൻ എല്ലാ വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു (സമഗ്രമായി അറിയുന്നവനാകുന്നു)

രക്ഷിതാവിനെ കണ്ടു മുട്ടുന്ന കാര്യത്തെ പറ്റി സംശയത്തിലാണെന്ന് പറഞ്ഞാൽ അന്ത്യ നാളും പുനർജന്മവും ഉണ്ടാവുമോ എന്ന് സംശയത്തിലാണവർ എന്നാണ് സാരം അത് കൊണ്ട് തന്നെ അത്തരം ഒരു സംഗമത്തിനായി ഒരുക്കം നടത്തുകയോ അത് വിജയിപ്പിക്കാൻ പ്രവർത്തിക്കുകയോ അന്ന് പരാചയപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത പാലിക്കുകയോ ചെയ്യുന്നില്ല യഥാർത്ഥത്തിൽ പുനർജന്മവും അന്ത്യനാളും സംഭവിക്കുക തന്നെ ചെയ്യും എന്ന് ചുരുക്കം.

 
ഒരിക്കൽ ഉമർ ബിൻ അബ്ദിൽ അസീസ്
رضي الله عنهമിമ്പറിൽ കയറി അള്ളാഹുവിനെ  സ്തുതിക്കുകയും മറ്റ് പ്രാരംഭ വാക്യങ്ങൾ ഉച്ചരിക്കുകയും ചെയ്ത ശേഷം ഇങ്ങനെ പറഞ്ഞു ഓ ജനങ്ങളേ!

പുതിയ ഒരു കാര്യം സംഭവിച്ചതിനെ കുറിച്ച് പറയാനല്ല ഞാൻ നിങ്ങളെ ഒരുമിച്ച് കൂട്ടിയത് മറിച്ച് നിങ്ങളെ കാത്തിരിക്കുന്ന ഒരു കാര്യത്തെ കുറിച്ച് ഞാൻ ചിന്തിച്ചു അപ്പോൾ എനിക്ക് ബോദ്ധ്യപ്പെട്ടത് പുനർജന്മവും പരലോകവും ഉണ്ടെന്ന് വിശ്വസിക്കുന്നവൻ വിഢ്ഢിയും അതിനെ നിഷേധിക്കുന്നവൻ നശിച്ചവനുമാണ് എന്നിട്ട് മഹാൻ മിമ്പറിൽ നിന്ന് ഇറങ്ങി .പുനർജന്മത്തിൽ വിശ്വസിക്കുന്നവൻ വിഢ്ഢിയാണെന്ന് പറഞ്ഞതിന്റെ അർത്ഥം ഇത് സത്യമാണെന്ന് വിശ്വസിച്ചിട്ടും അത് വിജയിപ്പിക്കാനുള്ള പ്രവർത്തനം നടത്തുകയോ ജാഗ്രത പാലിക്കുകയോ അതിന്റെ ഭയാനകതയെക്കുറിച്ച് ഭയപ്പെടുകയോ ചെയ്യുന്നില്ല എന്നിട്ടും അന്ത്യനാൾ സത്യമാണെന്ന് അവൻ വിശ്വസിക്കുന്നു അതിനു വേണ്ട മുൻ കരുതൽ എടുക്കാതെ കളിയിലും വിനോദത്തിലും മുഴുകി വൈകാരികതയിലും കുറ്റങ്ങളിലും മുഴുകി ജീവിക്കുന്നു ഈ പരിഗണനയിലാണ് അവൻ വിഢ്ഢിയാണെന്ന് പറയുന്നത് വിശ്വസിക്കാത്തവൻ നാശത്തിലാണെന്ന് പറഞ്ഞത് വ്യക്തവുമാണല്ലോ (ഇബ്നുകസീർ)
അള്ളാഹു എല്ലാം സമഗ്രമായി അറിയുന്നുണ്ട് എന്ന് പറഞ്ഞതിന്റെ സാരം എല്ലാം അവന്റെ നിയന്ത്രണത്തിലാണെന്നും ആ ബോധത്തിൽ അടിമകൾ ജീവിക്കുന്നതാണ് കരണീയമെന്നും സൂചിപ്പിക്കുകയാണ്
അന്ത്യനാൾ വിജയകരമാക്കാൻ അദ്ധ്വാനിക്കുന്നവനാണ്  ബുദ്ധിമാൻ എന്ന നബി വചനം ഇവിടെ നാം സ്മരിക്കണം
.


അള്ളാഹു നമ്മെ അവന്റെ നല്ല അടിമകളിൽ പെടുത്തട്ടെ ആമീൻ
(തുടരും)

ഈ അദ്ധ്യായത്തിന്റെ വിശദീകരണം ഇവിടെ അവസാനിക്കുന്നു. അടുത്ത പോസ്റ്റിൽ അദ്ധ്യായം 40 ന്റെ വിശദീകരണം ഇൻശാ അല്ലാഹ്

No comments: