Saturday, December 12, 2020

അദ്ധ്യായം 40 | സൂറത്ത് ഗാഫിർ سورة غافر| ഭാഗം 01

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر| ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 85


(Part -1  -   സൂക്തം 1 മുതൽ 9 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

  

ആയത്തുൽ കുർസിയ്യും (അൽബഖറ:255) ഈ സൂറത്തിന്റെ ആദ്യഭാഗവും (ഒന്ന് മുതൽ മൂന്ന് കൂടിയ സൂക്തങ്ങൾ) ഒരാൾ പാരായണം ചെയ്താൽ എല്ലാ തിന്മകളിൽ നിന്നും ആ ദിനം അവൻ സംരക്ഷിക്കപ്പെടും എന്ന് നബി തങ്ങൾ പറഞ്ഞതായി ഇമാം ബസ്സാർ رحمة الله عليه അബൂഹുറൈറ: رضي الله عنه യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു (ഇബ്നുകസീർ)(1)

حم

വിശദീകരണം അള്ളാഹുവിനറിയാം

 

(2)
تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْعَلِيمِ

 

ഈ വേദത്തിന്റെ അവതരണം പ്രതാപിയും സർവജ്ഞനുമായ അള്ളാഹുവിൽ നിന്നാണ്എല്ലാം അറിയുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ശക്തനായ അള്ളാഹുവാണ് ഖുർആൻ അവതരിപ്പിച്ചത് അത് കൊണ്ട് തന്നെ എല്ലാ കാലത്തേക്കും പ്രസക്തവും ഏത് കാലത്തും ഉടലെടുക്കാവുന്ന പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ  സാധിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഖുർആൻ വികസിക്കുന്ന വിജ്ഞാനത്തിനു മുമ്പിൽ മുട്ട് വിറക്കുന്ന പ്രത്യേയ ശാസ്ത്രങ്ങളോടും ചിന്താ ധാരകളോടും ഖുർആനിനെയോ ഇസ്‌ലാമിനെയോ ചേർത്തു വെക്കരുത് കാരണം ഖുർആൻ അവതരിപ്പിച്ചത് എല്ലാ കാലഗതികളെയും നിയന്ത്രിക്കുന്ന സർവ ശക്തനാണ് അവൻ പറഞ്ഞത് നാമാണ് ഖുർആൻ അവതരിപ്പിച്ചത് നാം തന്നെ അത് സംരക്ഷിക്കും, (പതിനഞ്ചാം അദ്ധ്യായം ഹിജ്‌ർ ഒമ്പതാം സൂക്തം) എന്നാണ്


(3)
غَافِرِ الذَّنبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ لَا إِلَهَ إِلَّا هُوَ إِلَيْهِ الْمَصِيرُ

 

അവൻ പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും ഔദാര്യവാനുമാണ് അവൻ മാത്രമാകുന്നു ആരാദ്ധ്യൻ. എല്ലാവരുടെയും മടക്കം അവനിലേക്കാണ്
 
അടിമകളൂടെ പാപം പൊറുക്കുന്നവൻ, ചെയ്തു പോയ പാപത്തിൽ നിന്ന് ഖേദിച്ച് മടങ്ങുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നവൻ, വ്യക്തമായി സത്യം പ്രബോധനം ചെയ്യപ്പെട്ടിട്ടും അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന ധിക്കാരികളെ കഠിനമായി ശിക്ഷിക്കുന്നവനും വിശ്വാസിക്കും അവിശ്വാസിക്കും അനുഗ്രഹം ചൊരിയുന്നവനുമാണവൻ.


മുകളിൽ പറഞ്ഞ വിശേഷണങ്ങൾ എല്ലാമുള്ള അള്ളാ‍ഹുവാണ് ഖുർആൻ അവതരിപ്പിച്ചിട്ടുള്ളത് ആ

അള്ളാഹു മാത്രമേ ആരാധിക്കപ്പെടാൻ അർഹനുള്ളൂ അവനെ മാത്രം ആരാധിച്ചവർക്ക് പ്രതിഫലം നൽകാനും അല്ലാത്തവർക്ക് ശിക്ഷ നൽകാനും. പുനർജന്മവും അവനിലേക്കുള്ള മടക്കവും നടക്കാനിരിക്കുന്നു.
കുറ്റവാളികൾക്ക് പശ്ചാത്തപിച്ച് നന്നാവാനും അള്ളാഹുവിന്റെ അനുഗ്രഹത്തിൽ  പ്രതീക്ഷ വെക്കാനും പ്രോത്സാഹിപ്പിക്കുന്ന സൂക്തമാണിത്
 

ഇബ്നു കസീർ رحمة الله عليهഎഴുതുന്നു ശാമിൽ നിന്നുള്ള ഒരാൾ ഉമറി رضي الله عنهന്റെ അടുത്ത് ഇടക്ക് വരുമായിരുന്നു പിന്നീട് അദ്ദേഹം വരാതായി അപ്പോൾ ഉമർ رضي الله عنه അന്വേഷിച്ചു അദ്ദേഹത്തിനു എന്ത് പറ്റി എന്ന്. അപ്പോൾ കൂട്ടുകാർ പറഞ്ഞു അദ്ദേഹം ഇപ്പോൾ മദ്യ സേവ പതിവാക്കിയിരിക്കുകയാണ് എന്ന്. ഉടൻ ഉമർ എഴുത്തുകാരനോട് വരാൻ പറയുകയും ഇനി പറയുന്ന ആശയം എഴുതാൻ നിർദേശിക്കുകയും ചെയ്തു ഖത്താബിന്റെ മകൻ ഉമർ ഇന്നാലിന്ന വ്യക്തിക്ക് എഴുതുന്ന കത്ത് ! സലാമുൻ അലൈക. ആരാധിക്കപ്പെടാൻ അവൻ മാത്രം അർഹനായ, ദോഷം പൊറുക്കുന്ന, പശ്ചാത്താപം സ്വീകരിക്കുന്ന, കഠിനമായി ശിക്ഷിക്കുന്ന, അനുഗ്രഹ ദാതാവായ എല്ലാവരും അവനിലേക്ക് മടങ്ങേണ്ട അള്ളാഹുവിനുള്ള സ്തുദി നിന്നിലേക്ക് ഞാൻ അറിയിക്കുന്നു” . എന്നിട്ട് ഈ കത്ത് ആ ശാമുകാരന് കൊടുത്തയച്ചു എന്നിട്ട് അടുത്തുള്ളവരോട് ഉമർ رضي الله عنهപറഞ്ഞു നിങ്ങളുടെ സഹോദരനു വേണ്ടി അദ്ദേഹം മനസ്സ് കൊണ്ട് അള്ളാഹുവിലേക്ക് മുന്നിടാനും അവന്റെ പശ്ചാത്താപം അള്ളാഹു സ്വീകരിക്കാനും നിങ്ങൾ പ്രാർത്ഥിക്കണം . ഈ കത്ത് ലഭിച്ചപ്പോൾ അദ്ദേഹം അത് ആവർത്തിച്ച് വായിച്ച് കൊണ്ടിരുന്നു ദോഷം പൊറുക്കുന്ന, പശ്ചാത്താപം സ്വീകരിക്കുന്ന കഠിനമായി ശിക്ഷിക്കുന്ന നാഥൻ! അവന്റെ ശിക്ഷയെ കുറിച്ച് എനിക്ക് താക്കീത് നൽകുകയും എന്നാൽ പൊറുത്ത് തരുമെന്ന വാഗ്ദാനം നൽകുകയും ചെയ്തിരിക്കുകയാണ് എന്റെ നാഥൻ. അങ്ങനെ അദ്ദേഹം തെറ്റു പറ്റിയതിൽ ദു:ഖിച്ച് കരയുകയും  പശ്ചാത്തപിച്ച് നന്നായി ജീവിതം തുടങ്ങുകയും ചെയ്തു ഈ സന്തോഷ വാർത്ത ഉമർ رضي الله عنهഅറിഞ്ഞപ്പോൾ മഹാൻ പറഞ്ഞത് ഇങ്ങനെയാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളുടെ ഒരു സഹോദരൻ ഒരു തെറ്റ് ചെയ്താൽ അവനെ നേർവഴിക്ക് നടത്താൻ പ്രചോദിപ്പിക്കുകയും അവൻ നന്നായി തീരാൻ പ്രാർത്ഥിക്കുകയുമാണ് ഒരിക്കലും അവന്റെ ആ തെറ്റ് ആഘോഷിച്ച് അവനെതിരിൽ പിശാചിന്റെ സഹായികളായി നിങ്ങൾ മാറരുത് (ഇബ്നുകസീർ)

വളരെ ചിന്തനീയമായ ഒരു കാര്യമാണിത്. ഒരു കുറ്റം ചെയ്തവനെ വീണ്ടും വീണ്ടും കുറ്റവാളിയാക്കുന്ന സമീപനമാണ് പലപ്പോഴും സമൂഹം സ്വീകരിക്കുന്നത് ഒരിക്കൽ ഒരു അബദ്ധം പറ്റിയാൽ പിന്നീട് അതിന്റെ പേരിൽ എന്നും പഴികേൾക്കേണ്ടി വരിക എന്തായാലും പഴികേൾക്കണം എന്നാൽ പിന്നെ അതേ സ്വഭാവം തന്നെ തുടരാം എന്ന തെറ്റായ നിലപാടിലേക്ക് കുറ്റം ചെയ്തവനെ തള്ളിവിടുക ഇതാണ് ഈ സമീപനത്തിന്റെ ദുരന്തം. തെറ്റു പറ്റിയവനെ അള്ളാഹു പൊറുക്കുന്നവനാണെന്ന നല്ല ചിന്തയിലേക്ക് ക്ഷണിച്ച് വീണ്ടും കുറ്റം ചെയ്യാതിരിക്കാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത് എന്ന് നാം മനസ്സിലാക്കണം. പ്രതീക്ഷ നൽകലാണ് നിരാശ ഉണ്ടാക്കലല്ല ദീൻ

ഇബ്നു കസീർ رحمة الله عليه ഇവിടെ മറ്റൊരു സംഭവം പറയുന്നു സാബിതുൽ ബുന്നാനീ رضي الله عنه പറയുകയാണ്  ഞാൻ മിസ്‌അബുബിനുസ്സുബൈറി رضي الله عنهന്റെ കൂടെ കൂഫയിൽ ആയ സമയത്ത് ഞാൻ ഒരു തോട്ടത്തിൽ പ്രവേശിച്ച് രണ്ട് റക്അത്ത് നിസ്കരിക്കാൻ തുടങ്ങി ഫാതിഹക്ക് ശേഷം ഈ അദ്ധ്യായം (ഗാഫിർ) പാരായണം ചെയ്യാൻ തുടങ്ങി അപ്പോൾ ഒരു യമനീ പുതപ്പിട്ട ഒരാൾ ഒട്ടകപ്പുറത്ത് എന്റെ പുറകിൽ വന്നു നിന്നു ഞാൻ ഈ അദ്ധ്യായത്തിലെ മൂന്നാം സൂക്തം  ദോഷം പൊറുക്കുന്നവൻ എന്ന ഭാഗം ഓതിയപ്പോൾ  ദോഷം പൊറുക്കുന്ന നാഥാ എനിക്ക് പോറുക്കേണമേ എന്ന് അദ്ദേഹം പറഞ്ഞു.ഞാൻ പശ്ചാത്താപം സ്വീകരിക്കുന്നവൻ എന്ന ഭാഗം ഓതിയപ്പോൾ പശ്ചാത്താപം സ്വീകരിക്കുന്നവനേ എന്റെ തൌബ സ്വീകരിക്കേണമേ എന്ന് അദ്ദേഹം പറഞ്ഞു കഠിനമായി ശിക്ഷിക്കുന്നവൻ എന്ന ഭാഗം ഞാൻ ഓതിയപ്പോൾ കഠിനമായി ശിക്ഷിക്കുന്നവനേ എന്നെ ശിക്ഷിക്കല്ലേ എന്ന് അയാൾ പറഞ്ഞു നിസ്കാരം കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണാനുണ്ടായിരുന്നില്ല അങ്ങനെ തോട്ടത്തിന്റെ കവാടത്തിലുണ്ടായിരുന്നവരോട് ഇങ്ങനെ ഒരാളെ കണ്ടിരുന്നുവോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഞങ്ങൾ ആരെയും കണ്ടില്ല എന്ന്. അത് ഇൽയാസ് നബി عليه السلامആണെന്ന് അവർ അഭിപ്രായപ്പെടുകയുണ്ടായി (ഇബ്നുകസീർ)

(4)

مَا يُجَادِلُ فِي آيَاتِ اللَّهِ إِلَّا الَّذِينَ كَفَرُوا فَلَا يَغْرُرْكَ تَقَلُّبُهُمْ فِي الْبِلَادِ

 


സത്യ നിഷേധികൾ മാത്രമാണ് അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ തർക്കിക്കുന്നത് അതിനാൽ നാടുകളിലൂടെയുള്ള അവരുടെ സഞ്ചാരം തങ്ങളെ വഞ്ചനയിലകപ്പെടുത്താതിരിക്കട്ടെ

 
അള്ളാഹുവിന്റെ ഖുർആനിനെ നിരാകരിക്കാനും നിഷേധിക്കാനും അനാവശ്യ കുതർക്കങ്ങൾ മിനയുന്നത് അവിശ്വാസ നിലപാടാണ്. ഇമാം ബഗ്‌വി എഴുതുന്നു ഒരു കുട്ടം ആളുകൾ ഖുർആനിൽ തർക്കിക്കുന്നത് നബി തങ്ങൾ കേട്ടപ്പോൾ അവിടുന്ന് പറഞ്ഞു നിങ്ങളുടെ മുമ്പുള്ളവർ നശിച്ചത് ഈ സ്വഭാവം കൊണ്ട് തന്നെയാണ് അതായത് അവർ ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾകൊണ്ട് മറ്റ് ഭാഗങ്ങളെ തള്ളിക്കളഞ്ഞു വാസ്തവത്തിൽ അള്ളാഹുവിന്റെ ഏത് ഗ്രന്ഥവും അതിന്റെ ചില ഭാഗങ്ങൾ മറ്റു ചില ഭാഗങ്ങളെ സ്ഥിരീകരിക്കുന്ന വിധത്തിലാണ് ഇറക്കപ്പെട്ടത് (തള്ളിക്കളയുന്ന വിധത്തിലല്ല) അതിനാൽ ചില ഭാഗങ്ങൾ കൊണ്ട് മറ്റു ഭാഗങ്ങളെ നിങ്ങൾ നിഷേധിക്കരുത് നിങ്ങൾക്ക് ശരിയായി മനസിലായത് പറയുകയും അല്ലാത്തതിനെ അറിവുള്ളവരിലേക്ക് ഏല്പിക്കുകയും ചെയുക  (ബഗ്‌വി)
മക്കയിൽ നബി
തങ്ങളുടെ എതിരാളികൾ കഅ്ബാലയത്തിന്റെ പരിപാലകരെന്ന നിലക്ക് എല്ലായിടത്തും വലിയ വിലയും നിലയുമുള്ളവരായിരുന്നു എവിടെ പോയാലും ഈ ആദരവ് അവർക്ക് ലഭിക്കുകയും ചെയ്തിരുന്നു അതോടൊപ്പം അവർ കച്ചവടാവശ്യാർത്ഥം ദേശാന്തര സഞ്ചാരം നടത്തുന്നവരുമായിരുന്നു എന്നാൽ അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഈ അംഗീകാരവും ആദരവും സ്ഥായിയല്ലെന്നും ക്ഷണികമാണെന്നും ഈ പളപളപ്പും ജാഡയും കൂടുതൽ കാലം നീണ്ടു പോവുകയില്ലെന്നും അതിനാൽ അവരുടെ ഇപ്പോഴുള്ള അനുകൂലാവസ്ഥ തങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കേണ്ടതില്ലെന്നും അള്ളാഹു ഉണർത്തുകയാണിവിടെ ഹിജ്‌റയുടെ എട്ടാം കൊല്ലം നടന്ന മക്കം ഫത്‌ഹോടെ ഇതിന്റെ പുലർച്ചയുണ്ടാവുകയും ചെയ്തു.


ഭൌതിക ജീവിതത്തിൽ ഒരാൾക്ക് പരിഗണന ലഭിക്കുന്നത് അദ്ദേഹത്തിന്റെ നിലപാട് സത്യമാണെന്നതിന്റെ രേഖയല്ല.
പ്രയാസം അനുഭവിക്കുന്നവരെ അള്ളാഹു പരിഗണിക്കാത്തവരാണെന്നും മനസ്സിലാക്കേണ്ടതില്ല. മറിച്ച് ഇവിടുത്തെ പരിഗണനയും അവഗണയും പരീക്ഷണം മാത്രമാണ് പരിഗണനക്ക് നന്ദി കാണിക്കുന്നത് നമുക്ക് ഗുണകരമാവും. അവഗണനയിൽ ക്ഷമ കാണിക്കുന്നതും നല്ലതിനാണ് പരിഗണനയിൽ അഹങ്കരിക്കുന്നതും അവഗണനയിൽ അസ്വസ്ഥരാവുന്നതും നാശത്തിലേക്കുള്ള വഴിയാണ്


(5)
كَذَبَتْ قَبْلَهُمْ قَوْمُ نُوحٍ وَالْأَحْزَابُ مِن بَعْدِهِمْ وَهَمَّتْ كُلُّ أُمَّةٍ بِرَسُولِهِمْ لِيَأْخُذُوهُ وَجَادَلُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ فَأَخَذْتُهُمْ فَكَيْفَ كَانَ عِقَابِ

 

അവർക്ക് മുമ്പ് നൂഹ് നബി عليه السلام യുടെ ജനതയും അവരുടെ ശേഷം വന്ന സമൂഹങ്ങളും സത്യത്തെ കളവാക്കിയിട്ടുണ്ട് ഓരോ സമൂഹവും തങ്ങളുടെ ദൂതനെ പിടികൂടാൻ ഉദ്ദേശിച്ചു അസത്യം കൊണ്ട് സത്യത്തെ ശിഥിലമാക്കാനായി കുതർക്കങ്ങൾ നടത്തുകയുമുണ്ടായി തത്സമയം ഞാൻ അവരെ പിടികൂടി. എങ്ങനെയുണ്ടായിരുന്നു എന്റെ ശിക്ഷ!

പ്രവാചകന്മാർ മുമ്പ് കാലങ്ങളിലും നിഷേധിക്കപ്പെട്ടിട്ടുണ്ട് നൂഹ് നബി عليه السلام യും അതിനു ശേഷം വന്ന ദൂതന്മാരും അവരവരുടെ സമൂഹത്തിൽ നിന്ന് അത്തരം നിസ്സഹകരണം നേരിട്ടവരാണ് തങ്ങളിലേക്ക് വരുന്ന പ്രവാചകന്മാരെ പിടികൂടാനും കൊലപ്പെടുത്താനും അത് മുഖേന പ്രബോധനം തടയാനും ശ്രമങ്ങൾ നടന്നിട്ടുണ്ട് നിങ്ങൾ സാധാരണ മനുഷ്യരാണ്,  ഇത് ദൈവികമാണെങ്കിൽ എന്തേ മലക്കുകൾ ഇതുമായി ഇറങ്ങി വരാത്തത് തുടങ്ങിയ ദുർന്യായങ്ങൾ ഉന്നയിച്ചായിരുന്നു നിഷേധികൾ പ്രവാചകന്മാരെ നിരാകരിച്ചത് എന്നാൽ സത്യവിരോധികളെ പരാജയപ്പെടുത്തി അവർക്ക് അർഹമായ ശിക്ഷ നൽകി അവരെ അള്ളാഹു പരാചയപ്പെടുത്തിയെന്നതാണ് ചരിത്രം അങ്ങനെ ഭൂമിയിൽ നിന്ന് തന്നെ വഷളായ സത്യവിരോധികളെ പരലോകത്ത് കാത്തിരിക്കുന്നത് അതി കഠിനമായ ശിക്ഷ തന്നെയാണ്
നബി
തങ്ങളെ ആശ്വസിപ്പിക്കുന്ന ഒരു സൂക്തമാണിത്


(6)
وَكَذَلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى الَّذِينَ كَفَرُوا أَنَّهُمْ أَصْحَابُ النَّارِ

 

അപ്രകാരം അവർ നരകാവകാശികളാണെന്ന തങ്ങളുടെ രക്ഷിതാവിന്റെ വിധി സത്യ നിഷേധികൾക്കു മേൽ സ്ഥിരപ്പെട്ടുകഴിഞ്ഞു


മുൻ സമുദായങ്ങളിലെ സത്യവിരോധികൾക്ക് ലഭ്യമായ ശിക്ഷയുടെ തനിയാവർത്തനം നബി തങ്ങൾക്കെതിരിൽ നിലക്കൊള്ളുന്നവരെയും കാത്തിരിക്കുന്നുണ്ട്.(7)
الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِസിംഹാസനം വഹിക്കുന്നവരും അതിനു ചുറ്റുമുള്ളവരും തങ്ങളുടെ രക്ഷിതാവിനെ സ്തുദിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു അവർ അവനിൽ വിശ്വസിക്കുകയും സത്യവിശ്വാസികൾക്ക് വേണ്ടി അവർ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുന്നു. ‘ഞങ്ങളുടെ രക്ഷിതാവേ! അനുഗ്രഹവും ജ്ഞാനവും കൊണ്ട് എല്ലാ വസ്തുവിനും നീ വിശാലനായിരിക്കുന്നു അത് കൊണ്ട്  പശ്ചാത്തപിക്കുകയും നിന്റെ മാർഗം അനുഗമിക്കുകയും ചെയ്യുന്നവർക്ക് നീ പൊറുക്കേണമേ! നരക ശിക്ഷയിൽ നിന്ന് അവരെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ!


അർശ് എന്നത് അള്ളാഹുവിന്റെ മഹാ സൃഷ്ടികളിൽ ഒന്നാണ് ആദരണീയമായ ആ സിംഹാസനം ചുമക്കുന്ന മലക്കുകൾ അതി ശ്രേഷ്ഠരാണ് എന്നിട്ടും അവരും അതിന്റെ ചുറ്റിലുള്ള മറ്റു മലക്കുകളും അള്ളാഹുവെ സ്തുദിക്കുകയും അവന്റെ പരിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു സ്തുദി എന്നത് പ്രശംസാർഹമായ വിശേഷണങ്ങളുടെ സ്ഥിരീകരണവും പരിശുദ്ധി വാഴ്ത്തുക എന്നത് പോരായ്മകളെ നിരാകരിക്കലുമാണ് ഇത്രയും ഉന്നത സ്ഥാനീയരായ മലക്കുകൾ അള്ളാഹുവിൽ വിശ്വസിക്കുകയും അവനോട് വിനയം കാണിക്കുകയും ചെയ്യുന്നു അതോടൊപ്പം ഭൂമിയിലുള്ള സത്യ വിശ്വാസികൾക്ക് വേണ്ടി അവർ പൊറുക്കലിനെ തേടുകയും ചെയ്യുന്നു അഥവാ അസാന്നിദ്ധ്യത്തിൽ ഈ വിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അള്ളാഹു മലക്കുകൾക്ക് ഉത്തരവ് നൽകിയിരിക്കുന്നു അത് സ്വഭാവമായി സ്വീകരിച്ച മലക്കുകൾ ഭൂമിയിലുള്ള ഒരു സത്യവിശ്വാസിക്ക് വെണ്ടി മറ്റൊരു സത്യ വിശ്വാസി അവന്റെ അസാന്നിദ്ധ്യത്തിൽ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനക്ക് ആമീൻ പറയുന്നു. ഇമാം മുസ്‌ലിം رحمة الله عليهതന്റെ സഹീഹിൽ ഉദ്ധരിച്ച നബി വചനത്തിൽ ഇങ്ങനെ കാണാം ഒരു മുസ്‌ലിം തന്റെ സഹോദരനു വേണ്ടി അവന്റെ അസാന്നിദ്ധ്യത്തിൽ ദുആ ചെയ്താൽ മലക്ക് ആമീൻ (ഇത് അള്ളാഹു സ്വീകരിക്കട്ടെ) നിനക്കും തുല്യ ഫലമുണ്ട് എന്ന് പറയും (ഇബ്നുകസീർ)


അർശിനെ ചുമക്കുന്ന മലക്കുകളുടെ എണ്ണം സംബന്ധമായി എട്ട് എന്നും മറ്റും അഭിപ്രായമുണ്ട് നീ അനുഗ്രഹവും അറിവും കൊണ്ട് എല്ലാത്തിനും വിശാലമായിരിക്കുന്നു എന്ന് പറഞ്ഞാൽ അവരുടെ എല്ലാ ചലനങ്ങളും നിനക്ക് അറിയാമെന്നും എത്ര വലിയ ദോഷങ്ങൾ അവർ ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പൊറുക്കാൻ മാത്രം വിശാലമാണ് നിന്റെ കാരുണ്യം എന്നും അതിനാൽ ചെയ്ത് പോയ കുറ്റങ്ങളിൽ കുറ്റബോധം തോന്നുകയും അത്തരം തെറ്റുകൾ പൂർണമായി ഒഴിവാക്കി പശ്ചാത്തപിക്കുകയും കല്പനകൾ  നടപ്പാക്കിയും വിരോധങ്ങൾ ഒഴിവാക്കിയും നിന്റെ മാർഗം പിന്തുടരുകയും ചെയ്തവർക്ക് നീ പൊറുത്ത് കൊടുക്കുകയും നരകത്തിൽ നിന്ന് അവരെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ നരക ശിക്ഷ വല്ലാത്ത വേദന സമ്മാനിക്കുന്നത് തന്നെ  എന്നാണ് മലക്കുകൾ പ്രാർത്ഥിക്കുന്നത് (ഇബ്നുകസീർ)(8)
رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُم وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ


ഞങ്ങളുടെ രക്ഷിതാവേ! നീ വാഗ്ദാനം ചെയ്ത സ്ഥിര താമസക്കൊട്ടാരങ്ങളിൽ അവരെ നീ പ്രവേശിപ്പിക്കേണമേ!
അവരുടെ പിതാക്കൾ, ഭാര്യമാർ, സന്താന പരമ്പരകൾ എന്നിവരിൽ നിന്ന് നന്മ ചെയ്തവരെയും (അവിടെ പ്രവേശിക്കേണമേ). നീ അജയ്യനും യുക്തിമാനുമാണ്

സത്യവിശ്വാസികളെയും അവരുടെ പിതാക്കൾ,ഭാര്യമാർ സന്താനങ്ങൾ തുടങ്ങിയവരിൽ നിന്നുള്ള സത്യ വിശ്വാസികളെയും സ്വർഗത്തിലെ താമസ സ്ഥലങ്ങളിൽ നീ ഒരുമിച്ച് കൂട്ടി അവരുടെ മനസ്സിനു സന്തോഷം നൽകേണമേ  ഒരു പക്ഷെ ഇവർ സ്ഥാനത്തിൽ അവർക്കൊപ്പം എത്താത്തവരാണെങ്കിലും  നിന്റെ കാരുണ്യം കൊണ്ട് അവരെ ഒരുമിപ്പിക്കേണമേ എന്നാണ് ഈ പ്രാർത്ഥനയുടെ പൊരുൾ സഈദുബിൻ ജുബൈർ رضي الله عنه പറയുന്നു സത്യ വിശ്വാസി സ്വർഗത്തിൽ പ്രവേശിച്ചാൽ അവന്റെ പിതാവ്, മകൻ, സഹോദരൻ എന്നിങ്ങനെ വേണ്ടപ്പെട്ടവർ എവിടെ എന്ന് അന്വേഷിക്കും നിങ്ങളുടെ ഈ ഗ്രേഡിലേക്ക് അവർ എത്തിയിട്ടില്ല അത് കൊണ്ടാണ് അവരെ ഇവിടെ കാണാത്തത് എന്ന് മറുപടി പറയും അപ്പോൾ ഈ വിശ്വാസി പ്രതികരിക്കുക ഞാൻ എനിക്ക് വേണ്ടിയും അവർക്ക് വേണ്ടിയും ആണ് പ്രവർത്തിച്ചിരുന്നത്  എന്ന്, അപ്പോൾ അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരെകൂടി അദ്ദേഹത്തോടൊപ്പം ചേർക്കപ്പെടും ഇത് പറഞ്ഞ് സഈദ് ബിൻ ജുബൈർ رضي الله عنه ഈ എട്ടാം സൂക്തം പാരായണം ചെയ്തു (ഇബ്നുകസീർ)


മലക്കുകളുടെ ഈ പ്രാർത്ഥന ചൂണ്ടിക്കാട്ടി മുഥ്‌രിഫ് ബിൻ അബ്ദിള്ളാഹ്
رضي الله عنه പറഞ്ഞു സത്യ വിശ്വാസികളോട് ഏറ്റവും ഗുണകാംക്ഷയുള്ളവർ മലക്കുകളും അവരോട് ഏറ്റവും കുശുമ്പുള്ളവർ പിശാചുക്കളുമാണ് (ഇബ്നുകസീർ)


നീ അജയ്യനും യുക്തിമാനുമാണ് എന്ന് പറഞ്ഞാൽ ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത
, തീരുമാനിച്ചത് നടപ്പാക്കുന്ന, തന്റെ തീരുമാനങ്ങളും നിയമങ്ങളും തികച്ചും യുക്തമായത് മാത്രമായി മാറ്റുന്ന നാഥൻ എന്നാണ് (ഇബ്നുകസീർ)(9)
وَقِهِمُ السَّيِّئَاتِ وَمَن تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ وَذَلِكَ هُوَ الْفَوْزُ الْعَظِيمُ

 

ദോഷങ്ങളുടെ ശിക്ഷകളിൽ നിന്ന് അവരെ നീ കാത്ത് രക്ഷിക്കേണമേ!ആ ദിവസം ആരെ നീ കാത്തു രക്ഷിച്ചാലും തീർച്ചയായും നിന്റെ അനുഗ്രഹത്തിനു അവർ പാത്രീഭൂതരായിരിക്കും അത് മഹത്തായ വിജയമാണ്

ദോഷങ്ങളുടെ ശിക്ഷയിൽ നിന്ന് കാക്കണം എന്നോ ദോഷം വരാതെ കാക്കണം എന്നോ ആവാം ഈ പ്രാർത്ഥനയുടെ ഉദ്ദേശ്യം. ദോഷം വരാതെ സംരക്ഷണം കിട്ടിയാലും വന്ന ദോഷത്തിനു അതേ അളവിൽ ശിക്ഷ കൊടുക്കാതെ മാപ്പ് നൽകിയാലും അത് വലിയ കാരുണ്യം തന്നെയാണ് അന്ത്യനാളിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നത് മഹാ വിജയവുമാണ് അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

(തുടരും) ഇൻ ശാ അള്ളാഹ്
No comments: