Monday, May 31, 2021

അദ്ധ്യായം 40 | സൂറത്ത് ഗാഫിർ سورة غافر| ഭാഗം 02

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر| ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 85


(Part -2  -   സൂക്തം 10 മുതൽ 20 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(10)

إِنَّ الَّذِينَ كَفَرُوا يُنَادَوْنَ لَمَقْتُ اللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى الْإِيمَانِ فَتَكْفُرُونَ


തീർ
ച്ചയായും സത്യനിഷേധികളോട് ഇപ്രകാരം വിളിച്ച് പറയപ്പെടും നിങ്ങൾ സത്യ വിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും എന്നിട്ട് നിങ്ങൾ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദർഭത്തിൽ അള്ളാഹുവിന് (നിങ്ങളോടുള്ള) അമർഷം നിങ്ങൾ തമ്മിലുള്ള അമർഷത്തേക്കാൾ വലുതാകുന്നു

സത്യ നിഷേധികൾ പരലോകത്ത് നരക ശിക്ഷയിൽ നട്ടം തിരിയുമ്പോൾ അസഹ്യമായ ശിക്ഷയുടെ കാഠിന്യം അവരെ വല്ലാത്തൊരു ആത്മനിന്ദയിലെത്തിക്കും ഞങ്ങൾ ജീവിതകാലത്ത് സത്യം നിരാകരിച്ചതിന്റെ ദുരിതമനുഭവിക്കുകയാണല്ലോ എന്ന് തിരിച്ചറിയുമ്പോൾ അവർക്ക് അവരോട് തന്നെ ശക്തമായ പ്രതിഷേധവും അമർഷവും തോന്നും അന്നേരം മലക്കുകൾ അവരോട് ഉയർന്ന സ്വരത്തിൽ പറയുന്ന വാക്കാണ് നിങ്ങളോട് ഭൂമിയിൽ വെച്ച് സത്യം വിശ്വസിക്കാൻ കല്പിക്കപ്പെട്ടപ്പോൾ നിങ്ങൾ അതിനു നേരെ നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോൾ അള്ളാഹുവിനു നിങ്ങളോടുണ്ടായ അമർഷം ഇതിലും വലുതായിരുന്നു എന്ന്.(ഇബ്നുകസീർ)


ഭൂമിയിൽ വെച്ച്
അള്ളാഹുവെ ദേഷ്യം പിടിപ്പിച്ചതിനുള്ള ശിക്ഷ അനുഭവിക്കുകയല്ലാതെ നിങ്ങൾക്കിനി മാർഗമൊന്നുമില്ല എന്ന് ചുരുക്കം


(11)
قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَى خُرُوجٍ مِّن سَبِيلٍ


അവർ പറയും ഞങ്ങളുടെ നാഥാ! രണ്ട് പ്രാവശ്യം നീ ഞങ്ങളെ നിർജീവാവസ്ഥയിലാക്കുകയും രണ്ട് പ്രാവശ്യം നീ ഞങ്ങൾക്ക് ജീവൻ നൽകുകയും ചെയ്തു എന്നാൽ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങൾ സമ്മതിച്ചിരിക്കുന്നു ആകയാൽ ഒന്ന് പുറത്ത് പോകേണ്ടതിലേക്ക് വല്ല മാർഗവുമുണ്ടോ
?

ജീവനില്ലാത്ത അവസ്ഥയിൽ പിതാക്കളുടെ മുതുകുകളിലായി കഴിഞ്ഞ ശേഷം ഭൂമിയിലേക്ക് ജനിപ്പിക്കുകയും പിന്നീട് അനിവാര്യമായ മരണം നടക്കുകയും വീണ്ടും പരലോകത്ത് പുനർജനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിവിടെ അനാവരണം ചെയ്യപ്പെടുന്നത് നരക ശിക്ഷ അനുഭവിക്കുമ്പോൾ നിഷേധികൾ നടത്തുന്ന വിലാപമാണിത് അതായത് മുമ്പ് രണ്ട് തവണ ഞങ്ങളെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്ത നാഥാ ഒന്നു കൂടി ഭൂമിയിലേക്ക് രക്ഷപ്പെടാൻ ഒരു അവസരം തന്നുകൂടേ എന്നാൽ ഞങ്ങൾ നല്ലവാരായി ജീവിക്കാം എന്ന കുമ്പസാരമാണിതിൽ അടങ്ങിയിട്ടുള്ളത് എന്നാൽ ഇനി ഒരു മടക്കം ഉണ്ടാവില്ലെന്നും ഇത്തരം അവസ്ഥയെക്കുറിച്ച് വേണ്ടുവോളം ഉൽബോധനം നിങ്ങൾക്ക് നൽകപ്പെട്ടിരുന്നുവെന്നും ഒരിക്കൽ കൂടി മടക്കിയാലും പുതിയതൊന്നും ഉണ്ടാവില്ലെന്നും അള്ളാഹു അവർക്ക് മറുപടി നൽകുന്നതായി ഖുർആൻ പലയിടത്തും പറഞ്ഞിട്ടുണ്ട്

 

(12)
ذَلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ وَإِن يُشْرَكْ بِهِ تُؤْمِنُوا فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ


അള്ളാഹുവോട് മാത്രം പ്രാർത്ഥിക്കപ്പെട്ടാൽ നിങ്ങൾ അവിശ്വസിക്കുകയും അവനോട് പങ്കാളികൾ കൂട്ടിചേർക്കപ്പെട്ടാൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്. എന്നാൽ (ഇന്ന്) വിധികല്പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അള്ളാഹുവിനാകുന്നു


ഏകദൈവ സിദ്ധാന്തമെന്ന തൌഹീദിനോട് നിങ്ങൾക്ക് എന്നും വെറുപ്പായിരുന്നു അള്ളാഹുവെ മാത്രം ആരാധിക്കണമെന്ന്  പറയുന്നത് നിങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല അതേ സമയം ബഹുദൈവ സങ്കല്പം നിങ്ങൾക്ക് വളരെ പ്രിയങ്കരമായിരുന്നു ഇനി ഒരിക്കൽ കൂടി ഭൂമിയിലേക്ക് നിങ്ങളെ മടക്കിയാലും അതിനു മാറ്റമുണ്ടാവില്ല അതിനാൽ നീതിയോടെ അടിമകൾക്കിടയിൽ വിധികൽപ്പിക്കുന്ന അള്ളാഹു ഒരിക്കൽ കൂടി നിങ്ങളെ മടക്കുന്നില്ല എന്ന തീരുമാനമെടുത്തിരിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്



(13)
هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُم مِّنَ السَّمَاء رِزْقًا وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ

 


അവനാണ് നിങ്ങൾക്ക് തന്റെ ദൃഷ്ടാന്തങ്ങൾ കാണിച്ചു തരുന്നത് ആകാശത്ത് നിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു (അവങ്കലേക്ക് )ഖേദിച്ച് മടങ്ങുന്നവർ മാത്രമേ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ


അള്ളാഹുവിന്റെ ഏകത്വവും അവന്റെ ദൈവികതയും തെളിയിക്കാനാവശ്യമായ രേഖകൾ അള്ളാഹു ഈ പ്രകൃതിയിൽ ഒരുക്കുകയും ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ച് നിങ്ങൾക്കാവശ്യമായ ഭക്ഷണം ഭൂമിയിൽ അവൻ സംവിധാനിക്കുകയും ചെയ്തിട്ടുണ്ട് ഇത് ഉൾക്കൊള്ളാനും അവനെ മാത്രം ആരാധിക്കാനും ആവശ്യമായ ചിന്താ ശക്തി പക്ഷെ അവനിലേക്ക് ഖേദിച്ച് മടങ്ങുന്നവർക്കല്ലാതെ ലഭിക്കുന്നില്ല
ആകാശ ലോകത്തും ഭൂമിയിലും അമ്പരപ്പിക്കുന്ന അത്ഭുതങ്ങളാണ് ചിന്തിക്കുന്നവർക്ക് കാണാനാവുന്നത് അതിന്റെ സംവിധായകൻ അതിശക്തനാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും ഒരേ വെള്ളം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിച്ച് വ്യത്യസ്ഥ വിഭവങ്ങൾ ഇവിടെ ഉണ്ടാകുന്നത് നമ്മുടെ അനുഭവമാണ് ഇത് സ്വയംഭുവല്ല ഒരു ശക്തിയുടെ ഇടപെടൽ അനിവാര്യമാണ് ആ ശക്തിയാണ്
അള്ളാഹു അവന്റെ ശക്തിയുടെ സ്വാധീനമാണ് ഈ കാണുന്നത് എന്നിട്ടും അത് മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കുന്നില്ല (ഇബ്നുകസീർ)


അള്ളാഹു മതം നിലനിൽക്കാനാവശ്യമായ തെളിവുകളും ശരീരം നിലനിൽക്കാനാവശ്യമായ ഭക്ഷണവും സംവിധാനിച്ചിരിക്കുന്നു സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റും മേഘവും നദികളും ഉറവകളും പർവതങ്ങളും മരങ്ങളും സത്യ നിഷേധം മുഖേന അള്ളാഹുവെ വെല്ലുവിളിച്ച പൂർവ സമുദായങ്ങളുടെ പതനവുമെല്ലാം ചിന്തിക്കാൻ മാത്രമുണ്ട് എന്നിട്ടും അള്ളാഹുവെ അനുസരിക്കാത്തവർക്ക് അത് പാഠമാവുന്നില്ല (ഖുർതുബി)
 

(14)
فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ


അതിനാൽ കീഴ്വണക്കം
അള്ളാഹുവിന് നിഷ്ക്കളങ്കമാക്കിക്കൊണ്ട് അവനോട് നിങ്ങൾ പ്രാർത്ഥിക്കുക അവിശ്വാസികൾക്ക് അനിഷ്ടകരമായാലും ശരി


തെളിവുകൾ ഉൾക്കൊള്ളാൻ സാധിക്കുന്നത് നിങ്ങൾക്ക് മാത്രമായതിനാൽ നിങ്ങൾ അള്ളാഹുവിനെ മാത്രം ആരാധിക്കുക,തെറ്റായ നിലപാടുകാരായ അവിശ്വാസികൾക്ക് അത് വെറുപ്പാണെന്നത് നിങ്ങൾ കാര്യമാക്കേണ്ടതില്ല കാരണം അവർ കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നവരല്ല അവരെ തൃപ്തിപ്പെടുത്തേണ്ട ആവശ്യവും നിങ്ങൾക്കില്ല അള്ളാഹുവിനെ അനുസരിക്കുന്ന വിശ്വാസി ജനത്തിന്റെ തൃപ്തിക്ക് വേണ്ടിയല്ല അള്ളാഹുവിന്റെ പൊരുത്തത്തിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് എന്ന് സാരം



(15)
رَفِيعُ الدَّرَجَاتِ ذُو الْعَرْشِ يُلْقِي الرُّوحَ مِنْ أَمْرِهِ عَلَى مَن يَشَاء مِنْ عِبَادِهِ لِيُنذِرَ يَوْمَ التَّلَاقِ

 


അവൻ പദവികൾ ഉയർന്നവനും സിംഹാസനത്തിന്റെ അധിപനുമാകുന്നു തന്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ സന്ദേശമാകുന്ന (വഹ്‌യ്) ചൈതന്യം അവൻ നൽകുന്നു (മനുഷ്യർ) പരസ്പരം കണ്ട്മുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത് നൽകുന്നതിന് വേണ്ടിയത്രെ അത്


അള്ളാഹു ഉന്നതനാണ് അവന്റെ നബിമാരെയും ഔലിയാക്കളെയും ഉന്നതമായ സ്ഥാനത്തേക്ക് അവൻ ഉയർത്തുകയും ചെയ്യും സിംഹാസനത്തിന്റെ ഉടമസ്ഥനായ അള്ളാഹു അവന്റെ നബിമാർക്ക് വഹ്‌യാകുന്ന ചൈതന്യവത്തായ സന്ദേശം നൽകുന്നു ശരീരത്തിന്റെ ജീവൻ ആത്മാവ് മുഖേന നിലനിൽക്കുന്നത് പോലെ ദൈവിക സന്ദേശം മുഖേന ഹൃദയങ്ങൾ ചൈതന്യവത്താകുന്നു നബിമാർ വഹ്‌യ് മുഖേന അള്ളാഹുവിനെ വിചാരണക്കായി കണ്ടു മുട്ടുന്ന ദിനത്തെക്കുറിച്ച് താക്കീത്  നൽകുന്നു (ബഗ്‌വി)


കണ്ട് മുട്ടുന്ന ദിനമെന്നാൽ ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും കണ്ട്മുട്ടുന്ന ദിനം എന്നും പടച്ചവനും പടപ്പുകളും കണ്ട് മുട്ടുന്നുവെന്നും മർ
ദ്ദകനും മർദ്ദിതനും കണ്ട് മുട്ടുന്ന ദിനമെന്നും നാം ചെയ്യുന്ന നന്മയും തിന്മയുമെല്ലാം കണ്ട്മുട്ടുന്നു എന്നുമെല്ലാം ഉദ്ദേശ്യമുണ്ട് (ഇബ്നുകസീർ)

 

16)

يَوْمَ هُم بَارِزُونَ لَا يَخْفَى عَلَى اللَّهِ مِنْهُمْ شَيْءٌ لِّمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ



അവർ വെളിക്ക് വരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച് യാതൊരു കാര്യവും
അള്ളാഹുവിനു അവ്യക്തമായിരിക്കുകയില്ല ഈ ദിവസം ആർക്കാണ്  രാജാധികാരം? ഏകനും സർവാധിപതിയുമായ അള്ളാഹുവിന്


കഴിഞ്ഞ സൂക്തത്തിൽ പരാമർശിച്ച ആ ദിനം എല്ലാവരും വെളിയിൽ വരും അവർക്ക് യാതൊരു മറയോ തണലോ ഉണ്ടാവില്ല ഓരോരുത്തരുടെയും എല്ലാ രഹസ്യ പരസ്യങ്ങളും അള്ളാഹുവിനറിയാം ഭയവിഹ്വലരായി സകല മനുഷ്യരും ഒരുമിച്ച് കൂടി നിൽക്കുന്ന മഹ്‌ശറിൽ ഭൂമിയിലെ ധിക്കാരികളും ദൈവമാണെന്ന് വരെ വാദിച്ചവരും വരെ നാഥന്റെ വിധിക്ക് നെഞ്ചിടിപ്പോടെ കാത്തുനിൽക്കുമ്പോൾ അള്ളാഹുവിന്റെ ചോദ്യമാണ് ആർക്കാണ് ഇന്ന് രാജാധികാരം എന്ന്.ആരും മറുപറി പറയാൻ ധൈര്യപ്പെടുകയില്ല അപ്പോൾ അള്ളാഹു തന്നെ പറയുന്ന മറുപടിയാണ് ഏകനും സർവാധിപതിയുമായ അള്ളാഹുവുവിന്ന് എന്ന്!

 

(17)
الْيَوْمَ تُجْزَى كُلُّ نَفْسٍ بِمَا كَسَبَتْ لَا ظُلْمَ الْيَوْمَ إِنَّ اللَّهَ سَرِيعُ الْحِسَابِ


ഈ ദിവസം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നൽകപ്പെടും ഈ ദിവസം അനീതിയില്ല തീർച്ചയായും
അള്ളാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു


അന്നേദിവസം ഓരോരുത്തരും ചെയ്തതിനുള്ള പ്രതിഫലം പൂർത്തിയായി നൽകപ്പെടും ചെയ്യാത്ത കുറ്റം അടിച്ചേല്പിച്ചു കൊണ്ടോ ചെയ്ത നന്മകൾ അവഗണിച്ചു കൊണ്ടോ ആരും അക്രമിക്കപ്പെടുകയില്ല എല്ലാവരുടെ വിചാരണയും പെട്ടെന്ന് നടത്താൻ അള്ളാഹുവിനു സാധിക്കും


(18)
وَأَنذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ


ആസന്നമായ ആസംഭവത്തിന്റെ ദിവസത്തെപ്പറ്റി തങ്ങൾ അവർക്ക് മുന്നറിയിപ്പ് നൽകുക അതായത് ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന അവർ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദർഭം.അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല


അന്ത്യ നാളിന്റെ ഒരു പേരാണ് ഇത്. അന്നേദിനം ജനത്തിന്റെ ഭയാവസ്ഥയാണ് തുടർന്ന് പറയുന്നത് സംസാരിക്കാൻ സാധിക്കാതെ ശ്വാസമടക്കിപിടിച്ച് വല്ലാത്തൊരു നിർത്തം .അന്ന് ശിർക്കിലും അവിശ്വാസത്തിലും ഭൂമിയിൽ കഴിഞ്ഞവരെ രക്ഷപ്പെടുത്താൻ ബന്ധുക്കളോ ശുപാർശകരോ വരില്ല ശിക്ഷ തന്നെ അവരെ കാത്തിരിക്കുന്നുവെന്ന് സാരം


(19)
يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ

 

കണ്ണുകളുടെ കള്ള നോട്ടവും ഹൃദയങ്ങൾ മറച്ചു വെക്കുന്നതും അവൻ (അള്ളാഹു ) അറിയുന്നു


അള്ളാഹുവിന്റെ പൂർണമായ അറിവിനെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത് ജനങ്ങളുടെ മുന്നിൽ പലപ്പോഴും പലതും നമുക്ക് മറച്ച് വെക്കാൻ സാധിക്കും എന്നാൽ ആരുടെയും ശ്രദ്ധയിൽ പെടാതെയുള്ള കള്ള നോട്ടവും മനസ്സിൽ സൂക്ഷിക്കുന്ന രഹസ്യങ്ങളും അള്ളാഹു അറിയുന്നു അതിനാൽ രഹസ്യമായി പോലും തിന്മ ചെയ്യാൻ ധൈര്യപ്പെടാതെ അള്ളാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധം കാത്തു സൂക്ഷിക്കണമെന്നാണിവിടെ പറയുന്നത്. അവകാശവാദങ്ങളോ ന്യായീകരണങ്ങളോ അവന്റെ സന്നിധിയിൽ വിലപ്പോവില്ല എന്ന് സാരം

 


(20)
وَاللَّهُ يَقْضِي بِالْحَقِّ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَقْضُونَ بِشَيْءٍ إِنَّ اللَّهَ هُوَ السَّمِيعُ الْبَصِيرُ


അള്ളാഹു സത്യപ്രകാരം തീർപ്പുകല്പിക്കുന്നു. അവന്ന് പുറമെ അവർ ആരാധിക്കുന്നവരാവട്ടെ യാതൊന്നും തീർപ്പുകല്പിക്കുകയില്ല തീർച്ചയായും അള്ളാഹു തന്നെയാകുന്നു എല്ലാം കേൾക്കുന്നവനും കണ്ടറിയുന്നവനും

നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും വിധിക്കാൻ അള്ളാഹുവിനു മാത്രമേ സാധിക്കൂ ഇവർ പറയുന്ന ദൈവങ്ങൾക്ക് അതിനു കഴിവില്ല കാരണം ഈ ദൈവങ്ങൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല അള്ളാഹുവാകട്ടെ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു അതിനാൽ അള്ളാഹുവല്ലാത്തവരെ ആരാധിക്കുകയും നിർണായക സമയത്ത് അവരുടെ സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നത് മഹാ അബദ്ധമാണ് അതിനാൽ സർവശക്തനായ അള്ളാഹുവെ മാത്രം ആരാധിച്ച് അനന്തമായ പരലോക വിജയം നേടാൻ ശ്രമിക്കുകയാണ് വേണ്ടത് എന്ന് ചുരുക്കം


അള്ളാഹു നമ്മെ അവന്റെ സജ്ജനങ്ങളിൽ ചേർക്കട്ടെ ആമീൻ


(തുടരും)
ഇൻശാ അള്ളാഹ്

No comments: