അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75
(Part -1 - സൂക്തം 01 മുതൽ 09 വരെ
സൂക്തങ്ങളുടെ വിവരണം )
നബിതങ്ങൾ എല്ലാ
രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി പറയുന്നുണ്ടെന്ന് ഇമാം നസാഈ
റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(1)
تَنزِيلُ
الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
പ്രതാപിയും യുക്തിമാനുമായ ﷲഅള്ളാഹുവിൽ നിന്നാകുന്നു ഈ ഗ്രന്ഥത്തിന്റെ അവതരണം
തീരുമാനങ്ങൾ
നടപ്പാക്കാൻ പ്രതാപിയും വാക്കിലും പ്രവർത്തിയിലും പ്രഖ്യാപിക്കുന്ന നിയമങ്ങളിലും
അടിമകളിൽ അവൻ നടപ്പാക്കുന്ന തീരുമാനങ്ങളിലും യുക്തിയുക്തം പ്രവർത്തിക്കുന്നവനുമായ ﷲഅള്ളാഹു അവതരിപ്പിച്ച മഹത്തായ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ (ഇബ്നുകസീർ)
ഖുർആൻ പൂർവ്വ വേദങ്ങളിൽ നിന്ന് നബി ﷺതങ്ങൾ കെട്ടിയുണ്ടാക്കിയ കഥകളാണെന്ന്
ആക്ഷേപിക്കുന്നവർക്കുള്ള വ്യക്തമായ ഖണ്ഡനമാണിത്. ഖുർആൻ മനുഷ്യ
നിർമ്മിതമാണെന്ന് വാദിക്കുന്നവരോട് എങ്കിൽ നിങ്ങളും ഇതു പോലെ ഒരു ഗ്രന്ഥമോ പത്ത്
അദ്ധ്യായമോ ഒരു അദ്ധ്യായമെങ്കിലുമോ കൊണ്ടു വരാമോ എന്ന വെല്ലുവിളി ഇന്നും
ഏറ്റെടുക്കാനാളില്ലാതെ നിലനിൽക്കുന്നു എന്ന കാര്യം മാത്രം ആലോചിച്ചാൽ കാര്യം
പിടികിട്ടും
(2)
إِنَّا
أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَّهُ
الدِّينَ
നിശ്ചയം തങ്ങളിലേക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു
അതിനാൽ കീഴ്വണക്കം നിഷ്ക്കളങ്കമാക്കിക്കൊണ്ട് അങ്ങ് ﷲഅള്ളാഹുവിനെ ആരാധിക്കുക
അസത്യമോ കളിവാക്കുകളോ കലരാത്ത സത്യസന്ധമായ കാര്യങ്ങൾ
മാത്രമാണിതിലുള്ളത് (ഖുർതുബി)
സത്യവും നീതിയും കല്പിച്ച് കൊണ്ട് ﷲഅള്ളാഹു അവതരപ്പിച്ച ഗ്രന്ഥമാണ് ഖുർആൻ. ആ സത്യത്തിന്റെയും നീതിയുടെയും കൂട്ടത്തിൽ പെട്ട വിഷയം തന്നെയാണ് പരമമായ
വണക്കം എന്ന ആരാധന അവന്ന് മാത്രം അർപ്പിക്കണം. ഒരു ഉപകാരമോ
ഉപദ്രവമോ സ്വന്തമായി ചെയ്യാനാവാത്ത ബിംബങ്ങളെയും പ്രതിഷ്ഠകളെയും ﷲഅള്ളാഹുവാകുന്ന സർവ്വ ശക്തനോട് ആരാധനയിൽ പങ്കാളിയാക്കരുത്
എന്നത്. ഈ സത്യമാണ് ബിംബാരാധകർ തള്ളിക്കളഞ്ഞിരിക്കുന്നത് അതിനാൽ അവിടുന്ന് ഈ സത്യം
നടപ്പാക്കുക എന്നാണിവിടെ പറഞ്ഞത്. കീഴ്വണക്കം ﷲഅള്ളാഹുവിനു നിഷ്ക്കളങ്കമാക്കുക എന്നതിൽ ആരാധനയിൽ മറ്റു
ദൈവങ്ങളെ ചേർക്കരുത് എന്ന വലിയ ശിർക്ക് മാത്രമല്ല ജനങ്ങളുടെ പ്രശംസക്ക് വേണ്ടി
പ്രവർത്തിക്കുക എന്ന ലോക മാന്യവും ഒഴിവാക്കാനുള്ള കല്പനയുണ്ട് അന്ത്യ നാളിൽ
വിജാരണക്കായി ഒരു മനുഷ്യൻ ഹാജറാക്കപ്പെടുന്നു അവന്റെ രേഖയിൽ പർവ്വത സമാനമായി
നൻമകളുണ്ട് (ഓരോന്നും ﷲഅള്ളാഹു ചർച്ചക്ക് വിധേയമാക്കും എന്നിട്ട് ﷲഅള്ളാഹു അവനോട് പറയും ) ഇന്ന ഇന്ന ദിവസം നീ നിസ്കരിച്ചിട്ടുണ്ട്
(പക്ഷെ) ഇന്നയാൾ നിസ്കരിച്ചു എന്ന് ജനങ്ങളാൽ പറയപ്പെടാനായിരുന്നു നീ അത് ചെയ്തത്
എന്നാൽ ഞാൻ മാത്രമാകുന്നു ആരാധ്യൻ.എനിക്ക് മാത്രമായിരിക്കണം വണക്കം. നീ നോമ്പ്
നോറ്റു അവിടെയും ധർമം ചെയ്തപ്പോൾ അവിടെയും ജനങ്ങളുടെ പ്രശംസക്ക് വേണ്ടിയാണ് നീ
പ്രവർത്തിച്ചത് എനിക്ക് മാത്രമായി ചെയ്യുന്നതേ ഞാൻ സ്വീകരിക്കൂ .അങ്ങനെ ഓരോ
ആരാധനകളും ഉദ്ദേശ ശുദ്ധിയില്ലായ്മ കാരണം തള്ളപ്പെട്ട് അവസാനം മലക്കുകൾ മനുഷ്യാ നീ ﷲഅള്ളാഹുവല്ലാത്തവർക്ക് വേണ്ടി പ്രവർത്തിച്ചവനായിരുന്നു
എന്ന് അവനോട് പറയും (ഥിബ്‌രി) അതായത് നാഥന്റെ പൊരുത്തം എന്ന ഏക ലക്ഷ്യത്തോടെ അവനെ
മാത്രം ആരാധ്യനായി വിശ്വസിക്കുക എന്നാണ് സാരം
(3)
أَلَا
لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا
نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ
يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي
مَنْ هُوَ كَاذِبٌ كَفَّارٌ
അറിയുക, ﷲ
അള്ളാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു
നിഷ്ക്കളങ്കമായ കീഴ്വണക്കം.അവനു പുറമേ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു) ﷲഅള്ളാഹുവിലേക്ക് ഞങ്ങൾക്ക് കൂടുതൽ
അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്.അവർ ഏതൊരു
കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ ﷲഅള്ളാഹു അവർക്കിടയിൽ വിധി കല്പിക്കുക തന്നെ
ചെയ്യും നുണയനും നന്ദി കെട്ടവനുമായിട്ടുള്ളവനാരോ അവനെ ﷲഅള്ളാഹു നേർവഴിയിലാക്കുകയില്ല തീർച്ച
ﷲഅള്ളാഹുവിനു മാത്രമായി ആരെയും പങ്കാളികളാക്കാതെ ചെയ്യുന്ന ആരാധനകൾ മാത്രമേ ﷲഅള്ളാഹു സ്വീകരിക്കുകയുള്ളൂ.ആരാധിക്കപ്പെടാൻ അർഹൻ അള്ളാഹു
മാത്രം എന്ന സാക്ഷ്യമാണിതിന്റെ ഉദ്ദേശ്യം എന്നാൽ ബിംബാരാധകന്മാർ പറയുക ഞങ്ങൾ ﷲഅള്ളാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിക്കുന്നത് അവർ ഞങ്ങളെ ﷲഅള്ളാഹുവിലേക്ക് അടുപ്പിക്കാനും ഞങ്ങൾക്ക് അവർ ശുപാർശ
ചെയ്ത് കാര്യങ്ങൾ നേടിത്തരാനുമാണ് എന്നാണ്
ഇത്തരം അബദ്ധ ധാരണകൾ എല്ലാ കാലത്തും ബഹുദൈവാരാധകർ വെച്ചു പുലർത്തിയിരുന്നു എന്നാൽ
അത് അബദ്ധമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ ﷲഅള്ളാഹു ദൂതന്മാരെ നിയോഗിച്ചു അവർ ﷲഅള്ളാഹുവിനെ മാത്രമേ ആരാധ്യനായി കാണാവൂ എന്നും അതിനു
വിരുദ്ധമായ ശൈലികൾ ﷲഅള്ളാഹു തൃപ്തിപ്പെടുന്നതല്ലെന്നും അവൻ അത്
അനുവദിക്കുന്നില്ലെന്നും ഉണർത്തി.അത് ഉൾക്കൊള്ളാൻ തയാറാവാത്തവരുടെ
കുതർക്കങ്ങൾക്കെല്ല്ലാം ﷲഅള്ളാഹു പരലോകത്ത് തീരുമാനം പ്രഖ്യാപിക്കും അള്ളാഹുവിന്റെ
മേൽ കള്ളം ആരോപിക്കാനും അവന്റെ തെളിവുകളെ നിഷേധിക്കാനും ഒരുങ്ങുന്നവരെ അള്ളാഹു നേർവഴിയിലാക്കുകയില്ല.(ഇബ്നു
കസീർ)
ഇവിടെ നിന്ന് നമ്മുടെ നാടുകളിൽ ഉയർന്ന് കേൾക്കുന്ന ഒരു ദുരാരോപണത്തിന്റെ നിരർത്ഥകത
ബോദ്ധ്യമാവുന്നുണ്ട്., ﷲഅള്ളാഹുവിലേക്ക് ശുപാർശകരെ സ്വീകരിക്കുകയാണ് മക്കയിലെ മുശ്‌രിക്കുകൾ
ചെയ്തത് അത് തന്നെയാണല്ലോ മഹാന്മാരോട് ഇസ്തിഗാസ എന്ന സഹായ തേട്ടം നടത്തുന്ന
ഭൂരിപക്ഷ പാരമ്പര്യ മുസ്‌ലിംകളും ചെയ്തു കൊണ്ടിരിക്കുന്നത് മക്കത്തെ ബഹുദൈവാരാധകർ
ശുപാർശക്കാരെ വെച്ചത് ശിർക്കാണെങ്കിൽ ഇവിടെയും ശിർക്ക് തന്നെയെന്ന് വ്യക്തമാണ്. ഇതാണ് ആരോപണം. ഇനി ഇതിന്റെ വസ്തുത എന്താണ് എന്ന് നോക്കുക. മക്കയിലെ മുശ്‌രിക്ക്
ﷲഅള്ളാഹുവല്ലാത്തവരെ
ദൈവമാണെന്ന് വിശ്വസിക്കുകയും അവർക്ക് ആരാധന നടത്തുകയും ഇവരെ ആരാധിച്ചാൽ അള്ളാഹുവിൽ
നിന്ന് ﷲഞങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ പിടിച്ച് വാങ്ങിത്തരുമെന്നും അതിന് ﷲ അള്ളാഹുവിന്റെ
അനുമതി പോലും ഈ ദൈവങ്ങൾക്ക് ആവശ്യമില്ലെന്നുമായിരുന്നു വിശ്വസിച്ചത്. ഇത് ഖുർആൻ പലയിടത്തും വിശദീകരിച്ചിട്ടുള്ള കാര്യമാണ്.ഇതിലെ ഓരോ പാർട്ടും
അബദ്ധവും അക്രമവുമാണ് ﷲഅള്ളാഹുവല്ലാത്തവർക്ക് ആരാധനക്ക് അർഹതയുണ്ടെന്നതാണല്ലോ
ഒന്നാമത്തെ കാര്യം .ഇതിനെതിരിലാണ് അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ച് പ്രബോധനം
നടത്തിയത്,ഞങ്ങൾ ഇവകൾക്ക് ആരാധിക്കുകയാണെന്ന് ഈ സൂക്തത്തിൽ അവർ വ്യക്തമായി തന്നെ
പറഞ്ഞുവല്ലോ.ഇനി ചിന്തിക്കൂ ലോകത്ത് ഏതെങ്കിലും ഒരു പാരമ്പര്യ മുസ്‌ലിം വിശ്വാസി ﷲഅള്ളാഹുവല്ലാത്ത ആർക്കെങ്കിലും ആരാധനക്ക് അർഹതയുണ്ടെന്ന്
വിശ്വസിക്കുന്നുണ്ടോ? ഇല്ലെന്ന് മാത്രമല്ല ആരാധനക്കർഹൻ അള്ളാഹു മാത്രമാണെന്ന് പ്രഖ്യാപിക്കുന്ന ,ലാഇലാഹ ഇല്ലള്ളാഹ്, എന്ന വാക്യം ഓരൊ
ശ്വാസത്തിലുമെന്നോണം പ്രഖ്യാപിക്കുന്നവരുമാണ് അവർ.രണ്ടാമത്തെ ആരോപണം
ശുപാർശക്കാരാക്കി എന്നതാണല്ലോ? മുശ്‌രിക്ക് ശുപാർശകരാക്കിയ രീതി നേരത്തെ നാം പറഞ്ഞു. ﷲഅള്ളാഹുവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നാണ് അവരുടെ
വിശ്വാസം.ഇത് അബദ്ധമാണ് എന്നാൽ മുസ്‌ലിം വിശ്വാസമോ അള്ളാഹുവിന്റെ അനുമതിയോടെ
മാത്രമേ മഹാന്മാർക്ക് പോലും ശുപാർശക്ക് അധികാരം ലഭിക്കുകയുള്ളൂ എന്നാണ്.ഇത്
സർവ്വാംഗീകൃതമായ കാര്യവുമാണ്. അപ്പോൾ താരതമ്യം തീരേ ഇല്ല തന്നെ.ഈ വസ്തുത
തിരിച്ചറിയാൻ വിമർശകർക്ക് സാധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്
(4)
لَوْ
أَرَادَ اللَّهُ أَنْ يَتَّخِذَ وَلَدًا لَّاصْطَفَى مِمَّا يَخْلُقُ مَا يَشَاء
سُبْحَانَهُ هُوَ اللَّهُ الْوَاحِدُ الْقَهَّارُ
ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് ﷲഅള്ളാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ
സൃഷ്ടിക്കുന്നതിൽ നിന്ന് അവൻ ഇഷ്ടപ്പെടുന്നത് അവൻ തെരഞ്ഞെടുക്കുമായിരുന്നു അവൻ
എത്ര പരിശുദ്ധൻ! ഏകനും സർവ്വാധിപതിയുമായ ﷲഅള്ളാഹുവത്രെ അവൻ
ﷲഅള്ളാഹുവിനു സന്താനങ്ങളുണ്ടെന്ന് വാദിച്ചിരുന്നവർക്കുള്ള മറുപടിയാണിത്.അള്ളാഹു
സന്താനോല്പാദനം നടത്തിയിട്ടില്ല മറ്റുള്ളവരിലേക്ക് ആശ്രയം ആവശ്യമുള്ളവനല്ല ﷲഅള്ളാഹു. മറിച്ച് അവൻ എല്ലാം അടക്കി ഭരിക്കുന്ന
ശക്തനാണ്
(5)
خَلَقَ
السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ
وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ
يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ
ആകാശങ്ങളും ഭൂമിയും അവൻ യാഥാർത്ഥ്യ പൂർവ്വം
സൃഷ്ടിച്ചിരിക്കുന്നു രാത്രിയെക്കൊണ്ട് അവൻ പകലിന്മേൽ ചുറ്റിപ്പൊതിയുന്നു
പകലിനെക്കൊണ്ട് അവൻ രാത്രിയുടെ മേലിലും ചുറ്റിപ്പൊതിയുന്നു സൂര്യനെയും ചന്ദ്രനേയും
അവൻ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരിക്കുന്നു എല്ലാം നിശ്ചിതമായ പരിധിവരെ
സഞ്ചരിക്കുന്നു.അറിയുക അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും
ആകാശങ്ങളും ഭൂമിയും പടക്കുക എന്നത് വെറും ഒരു
പണിയല്ല.അതിന്റെ ശില്പിയുടെ ശക്തിയും കഴിവും അറിവും ചിന്താ ശേഷിയുള്ള മനുഷ്യൻ
വിലയിരുത്തണം എന്നിട്ട് ഈ ശക്തിമാത്രമേ ആരാധിക്കപ്പെടാൻ അർഹനുള്ളൂ. മനുഷ്യർ തന്നെസ്വന്തം കൈകൾ കൊണ്ട് പണിതുണ്ടാക്കിയ കല്ലുകൾ ആരാധ്യ വസ്തുക്കളാണെന്ന് വിലയിരുത്തുന്നതിലെ പരിഹാസ്യത മനസ്സിലാക്കണം. ഇതാണ് സത്യ സമേതം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചു എന്നതിന്റെ സാരം. രാത്രി പകലിനെയും പകൽ രാത്രിയെയും ചുറ്റിപ്പൊതിയുന്നു എന്ന് പറഞ്ഞാൽ രാത്രി
അവസാനിക്കുമ്പോൾ പകൽ പ്രത്യക്ഷപ്പെടുകയും പകൽ അവസാനിക്കുമ്പോൾ രാവ്
പ്രത്യക്ഷപ്പെടുകയും ചെയ്യും വിധം അതിനെ അവൻ നിയന്ത്രിച്ച് കൊണ്ടിരിക്കുന്നു
എല്ലാം നിശ്ചിത പരിധിവരെ സഞ്ചരിക്കുന്നു എന്ന് പറഞ്ഞാൽ ഈ ലോകത്തിനു അള്ളാഹു
നിശ്ചയിച്ച ഒരു അവധിയുണ്ട് അതോടെ ഈ ലോകം നശിക്കുകയും അന്ത്യ നാൾ നിലനിൽക്കുകയും
ചെയ്യും എന്നാണ്
‘അവനത്രെ
പ്രതാപിയും ഏറെ പൊറുക്കുന്നവനും’ എന്ന് പറഞ്ഞാൽ എല്ലാ ശക്തിയുമുണ്ടായിട്ടും
എങ്ങിനെയെങ്കിലും അടിമകളെ ശിക്ഷിക്കണം എന്ന് ആഗ്രഹിക്കാതെ പശ്ചാത്തപിക്കുന്നവരെ
സ്വീകരിക്കാൻ കരുണയുള്ള തമ്പുരാനാണവൻ
എന്നത്രെ
(6)
خَلَقَكُم
مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنْ
الْأَنْعَامِ ثَمَانِيَةَ أَزْوَاجٍ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ
خَلْقًا مِن بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ذَلِكُمُ اللَّهُ رَبُّكُمْ لَهُ
الْمُلْكُ لَا إِلَهَ إِلَّا هُوَ فَأَنَّى تُصْرَفُونَ
ഒരൊറ്റ അസ്തിത്വത്തിൽ നിന്ന് അവൻ നിങ്ങളെ സൃഷ്ടിച്ചു പിന്നീട് അതിൽ നിന്ന് അതിന്റെ
ഇണയേയും അവൻ ഉണ്ടാക്കി കന്നുകാലികളിൽ നിന്ന് എട്ട് ജോടികളെയും അവൻ നിങ്ങൾക്ക്
ഇറക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ
വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു മൂന്ന് തരം അന്ധകാരങ്ങൾക്കുള്ളിൽ സൃഷ്ടിയുടെ
ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്.അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ
രക്ഷിതാവായ അള്ളാഹു.അവന്നാണ് ആധിപത്യം അവനല്ലാതെ യാതൊരു ദൈവവുമില്ല എന്നിരിക്കെ
നിങ്ങൾ എങ്ങെനെയാണ് (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്?
നിങ്ങളുടെ ഭാഷയും വർണവും വർഗ്ഗവും
വ്യത്യസ്ഥമാണെങ്കിലും നിങ്ങളുടെയെല്ലാം അടിസ്ഥാനം ഒന്നാണ് ആദം നബി عليه السلام. അതിൽ നിന്നുള്ള ഇണ ഹവ്വാ ബീവി رضي الله عنهاയാണ്. കന്നുകാലികളിൽ നിന്നുള്ള എട്ട് ജോഡി ഒട്ടകം,കാള,കോലാട്,നെയ്യാട് എന്നിവയും അവയുടെ
പെൺ വർഗവുമാണ്
“നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു മൂന്ന് തരം
അന്ധകാരങ്ങൾക്കുള്ളിൽ സൃഷ്ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്” മാതാവിന്റെ
ഉദരം,ഗർഭാശയം,അതിനകത്തുള്ള ആവരണം എന്നിവയാണ് ഗർഭസ്ഥ ശിശുവിനെ പൊതിയുന്ന മൂന്ന് ഇരുട്ടുകൾ.
സൃഷ്ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടം എന്നത്
ഇന്ദ്രിയം, രക്തക്കട്ട, മാംസക്കട്ട പിന്നീട് എല്ലും തൊലിയും മാംസവും ഞരമ്പുകളും തുടങ്ങി ഒരു ശരീരമാവാൻ
ആവശ്യമുള്ളതെല്ലാം സംവിധാനിച്ച് ആത്മാവ് നൽകുന്ന പ്രക്രിയയാണ്. ഇതെല്ലാം
നിർവഹിക്കുന്ന ﷲഅള്ളാഹു തന്നെയല്ലേ ദൈവമാകേണ്ടത് അവനല്ലാത്ത ഒരാൾക്കും അതിനു അർഹതയില്ല ഇങ്ങനെയുള്ള സൂക്ഷ്മമായ വസ്തുതകൾ അനാവരണം ചെയ്ത്
കാര്യങ്ങൾ ഉൾക്കൊള്ളാൻ ഒരു പ്രയാസവും ഇല്ലെന്നിരിക്കെ മനുഷ്യൻ പിന്നെയും സത്യത്തിൽ
നിന്ന് തെറ്റിക്കപ്പെടുന്നത് എങ്ങനെ എന്ന് അത്ഭുതം കൂറുകയാണിവിടെ!
(7)
إِن
تَكْفُرُوا فَإِنَّ اللَّهَ غَنِيٌّ عَنكُمْ وَلَا يَرْضَى لِعِبَادِهِ الْكُفْرَ
وَإِن تَشْكُرُوا يَرْضَهُ لَكُمْ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى ثُمَّ
إِلَى رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ إِنَّهُ
عَلِيمٌ بِذَاتِ الصُّدُورِ
നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും ﷲഅള്ളാഹു നിങ്ങളുടെ ആശ്രയത്തിൽ നിന്ന് മുക്തനാകുന്നു.തന്റെ
ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല നിങ്ങൾ നന്ദി
കാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവൻ സംതൃപ്തനായിരിക്കുന്നതാണ്. പാപ ഭാരം
വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല പിന്നീട് നിങ്ങളുടെ
രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം.നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെ പറ്റി
അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കുന്നതാണ് തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളതിനെ
പറ്റി അറിവുള്ളവനാകുന്നു
നിങ്ങൾ ﷲഅള്ളാഹു നൽകിയ അസംഘ്യം അനുഗ്രഹങ്ങൾ ഓരോ നിമിഷങ്ങളിലും
അനുഭവിക്കുന്നുണ്ട് അതിനു നന്ദി ചെയ്യുകയാണ് നിലവാരമുള്ളവർ ചെയ്യേണ്ടത്.എന്നാൽ
നന്ദികേട് കാണിക്കുന്നുവെങ്കിൽ ﷲഅള്ളാഹുവിനു പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല കാരണം
അവൻ നിങ്ങളുടെ ഒരു സഹായവും ആവശ്യമുള്ളവനല്ല. ഇമാം മുസ്‌ലിം
റിപ്പോർട്ട് ചെയ്യുന്നു. ﷲഅള്ളാഹു പറഞ്ഞതായി നബി ﷺതങ്ങൾ പറഞ്ഞു ‘എന്റെ അടിമകളേ! നിങ്ങളിലുള്ള ആദ്യ മനുഷ്യൻ
മുതൽ അവസാന മനുഷ്യൻ വരെയും ഭൂത വർഗത്തിലെ ആദ്യാവസാനം വരെയുള്ള എല്ലാവരും ഏറ്റവും
തല്ലിപ്പൊളിയായ ഒരാളുടെ നിലവാരത്തിലാണെങ്കിലും എന്റെ അധികാരത്തിൽ അത് ഒന്നും
കുറക്കുകയില്ല’ അപ്പോൾ നാം ആരാധന നടത്തുന്നതും നന്മ ചെയ്യുന്നതും നന്ദി
കാണിക്കുന്നതും നമുക്ക് വേണ്ടി തന്നെയാണ് എന്നാൽ നന്ദി കേട് ﷲഅള്ളാഹു ഇഷ്ടപ്പെടുന്ന കാര്യമല്ല നന്ദികാണിക്കുന്നവരെ
അള്ളാഹുവിനു ഇഷ്ടമാണ് അവർക്ക് ﷲഅള്ളാഹു അനുഗ്രഹത്തിൽ വർദ്ധനവ് നൽകുകയും ചെയ്യും, ഒരാൾക്കും
മറ്റൊരാളുടെ കുറ്റം ഏറ്റെടുക്കാൻ ആവില്ല മറിച്ച് ഓരോരുത്തരും അതിനുള്ള മറുപടി
പറയേണ്ടി വരും പരലോകത്ത് നിങ്ങളെല്ലാം ഹാജറാക്കപ്പെടുകയും നിങ്ങളുടെ പ്രവർത്തനങ്ങൾ
നിങ്ങൾക്ക് വിശദീകരിച്ച് തരികയും അർഹമായ പ്രതിഫലത്തിനോ ശിക്ഷക്കോ നിങ്ങളെ
പരിഗണിക്കുകയും ചെയ്യും നിങ്ങളുടെ ഉള്ളിലിരിപ്പ് എല്ലാം ﷲഅള്ളാഹുവിനറിയാം
(8)
وَإِذَا
مَسَّ الْإِنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ
نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا
لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا إِنَّكَ مِنْ
أَصْحَابِ النَّارِ
മനുഷ്യന് വല്ല വിഷമവും ബാധിച്ചാൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ
മടങ്ങിക്കൊണ്ട് പ്രാർത്ഥിക്കും.എന്നിട്ട് തന്റെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും ﷲഅള്ളാഹു അവന് പ്രധാനം ചെയ്താൽ ഏതൊന്നിനായി അവൻ
മുമ്പ് പ്രാർത്ഥിച്ചിരുന്നുവോ അത് അവൻ മറന്ന് പോകുന്നു അള്ളാഹുവിന്റെ മാർഗത്തിൽ
നിന്ന് വഴിതെറ്റിച്ച് കളയുവാൻ വേണ്ടി അവന്ന് സമന്മാരെ സ്ഥാപിക്കുകയും ചെയ്യുന്നു
(നബിയേ) പറയുക.നീ നിന്റെ അല്പകാലം നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു
കൊള്ളുക.തീർച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു
മനുഷ്യന്റെ ഒരു അവസരവാദ സമീപനമാണിവിടെ
പരാമർശിക്കുന്നത് എന്തെങ്കിലും പ്രതിസന്ധിയിലകപെട്ടാൽ അതിൽ നിന്ന് രക്ഷ പ്രാപിക്കാനായി
അവൻ ആത്മാർത്ഥമായി ﷲഅള്ളാഹുവോട് ആവശ്യപ്പെടും എന്നാൽ ആ പ്രതിസന്ധി നീങ്ങി സമൃദ്ധിയുടെ
സാഹചര്യം വന്നാൽ ആ ﷲഅള്ളാഹുവെ അവൻ വിസ്മരിക്കും. മുമ്പ് ഒന്നിനും ﷲഅള്ളാഹുവോട് ചോദിച്ചിട്ടേയില്ല എന്ന ഭാവമായിരിക്കും അപ്പോൾ അവനുണ്ടാവുക.അതോടൊപ്പം
മറ്റു ദൈവങ്ങളെ ആരാധിക്കുക എന്ന വലിയ അപരാധവും അവൻ ചെയ്യും ഇത്തരം ആളുകൾക്ക്
കുറച്ച് കാലം അവരുടെ തിന്മയിലായി സുഖിച്ച് ജീവിക്കാൻ അവസരമുണ്ടാകുമെങ്കിലും
പരലോകത്ത് നരകാവകാശികളിൽ ചേർന്ന് ശിക്ഷ അനുഭവിക്കേണ്ട ഗതികേടാണ് അവനെ
കാത്തിരിക്കുന്നത് (അള്ളാഹു നമ്മെ രക്ഷപ്പെടുത്തട്ടെ)
(9)
أَمَّنْ
هُوَ قَانِتٌ آنَاء اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو
رَحْمَةَ رَبِّهِ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا
يَعْلَمُونَ إِنَّمَا يَتَذَكَّرُ أُوْلُوا الْأَلْبَابِ
അതല്ല പരലോകത്തെ പറ്റി ജാഗ്രത പുലർത്തുകയും തന്റെ രക്ഷിതാവിന്റെ കാരുണ്യം
ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാർത്ഥിച്ചും രാത്രി
സമയങ്ങളിൽ കീഴ്വണക്കം ചെയ്യുന്നവനോ (അതല്ല സത്യ നിഷേധിയോ ഉത്തമൻ?) പറയുക അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?ബുദ്ധിമാന്മാർ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ
പരലോകമുണ്ടെന്ന് തിരിച്ചറിഞ്ഞ് അവിടെ
രക്ഷപ്പെടുന്നതിനാവശ്യമായ ആരാധനകൾ നിർവഹിച്ചും സൂക്ഷ്മ ജീവിതം നയിച്ചും പ്രത്യേകിച്ചും
എല്ലാവരും ഉറക്കത്തിന്റെ രസത്തിൽ മുഴുകുമ്പോൾ നീറുന്ന മനസ്സുമായി പ്രാർത്ഥനയിൽ
മുഴുകുകയും ചെയ്യുന്നവനും നിഷേധിയും ഒരു പോലെയല്ല.ഈ വിശ്വാസി വലിയ
സന്തോഷമായിരിക്കും അവിടെ അനുഭവിക്കുക നിഷേധി നരക ശിക്ഷയിൽ വട്ടം കറങ്ങുകയും
ചെയ്യും .അള്ളാഹു മാത്രമാണ് ആരാദ്ധ്യൻ എന്ന് തിരിച്ചറിവുള്ളവരും വിവേചന
ബുദ്ധിയില്ലാതെ എന്തിനെയും പൂജിക്കുന്നവരും സമമല്ല.ബുദ്ധിമാന്മാർ മാത്രമേ
കാര്യങ്ങൾ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ
ﷲഅള്ളാഹു നമ്മെ
നല്ലവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ
(തുടരും)
ഇൻശാഅള്ളാഹ്
No comments:
Post a Comment