Monday, July 12, 2021

അദ്ധ്യായം 40 | സൂറത്ത് ഗാഫിർ سورة غافر| ഭാഗം 08

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر| ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 85


(Part -8  -   സൂക്തം 71 മുതൽ 85 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(71)
إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ


അതെ
, അവരുടെ കഴുത്തുകളിൽ കുരുക്കുകളും ചങ്ങലകളുമായി അവർ വലിച്ചിഴക്കപ്പെടുന്ന സന്ദർഭം


കഴിഞ്ഞ സൂക്തത്തിൽ ഗ്രന്ഥത്തെയും പ്രവാചക ദൌത്യങ്ങളെയും നിഷേധിച്ചവരെ സംബന്ധിച്ച് അവർ വഴിയെ അറിഞ്ഞു കൊള്ളും എന്ന് പറഞ്ഞതിന്റെ തുടർച്ചയാണിത് അതായത് കഴുത്തിൽ കുരുക്കും കൈകാലുകളിൽ ചങ്ങലകളുമായി വലിച്ചിഴക്കപ്പെടും വിധം ശിക്ഷ പരലോകത്ത് അനുഭവിക്കുന്ന സമയത്ത് അവർക്ക് ബോദ്ധ്യപ്പെടും പ്രവാചകന്മാർ പറഞ്ഞിരുന്നതും ദൈവിക ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നതുമായ ശിക്ഷകൾ നിഷേധികളെ കാത്തിരിക്കുന്നുണ്ട് എന്ന പ്രസ്താവന സത്യമായിരുന്നുവെന്ന്.

 

(72)
فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ


ചുട്ടു തിളക്കുന്ന വെള്ളത്തിലൂടെ.
പിന്നീട് അവർ നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും

 

ചൂട് അതിന്റെ പാരമ്യത്തിലെത്തിയ നരകക്കാരുടെ ശരീരത്തിൽ നിന്നൊലിക്കുന്ന ദുർനീര് തിളപ്പിച്ചതാണ് ഹമീം അതിലൂടെ അവരെ വലിച്ച് നരകത്തിൽ ഇട്ട് കത്തിക്കും ഇതാണിവിടെ പറയുന്നത്


(73)
ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ

 

പിന്നീട് അവരോട് പറയപ്പെടും നിങ്ങൾ പങ്കാളികളായി ചേർത്തിരുന്നവർ എവിടെയാകുന്നു?

പരലോകത്ത് നിങ്ങളെ രക്ഷപ്പെടുത്താനുണ്ടാവുമെന്ന് വിശ്വസിച്ച് നിങ്ങൾ ആരാധിച്ചിരുന്ന ബിംബങ്ങൾ എവിടെ ?ഈ നിർണയാക ഘട്ടത്തിൽ അല്ലേ ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ സഹായം വേണ്ടത് എന്ന് നരകക്കാരോട് ചോദിക്കപ്പെടും ഈ ചോദ്യം  അവർക്ക് കൂടുതൽ ഭയം സമ്മാനിക്കുന്ന ഒരു തരം ശിക്ഷ തന്നെയാണ്



(74)
مِن دُونِ اللَّهِ قَالُوا ضَلُّوا عَنَّا بَل لَّمْ نَكُن نَّدْعُو مِن قَبْلُ شَيْئًا كَذَلِكَ يُضِلُّ اللَّهُ الْكَافِرِينَ


അള്ളാഹുവിനു പുറമെ. അവർ പറയും അവർ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു അല്ല ഞങ്ങൾ മുമ്പ് പ്രാർത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല അപ്രകാരം അള്ളാഹു സത്യ നിഷേധികളെ പിഴവിലാക്കുന്നു

അള്ളാഹുവിനു പുറമേ നിങ്ങൾ ആരാധിച്ചിരുന്ന ദൈവങ്ങൾ എവിടെ എന്ന ചോദ്യത്തിനു ആ സാധുക്കളുടെ അതി ദയനീയമായ മറുപടിയാണിത്.അവർ ഞങ്ങളെ വിട്ട് മാറി പോവുകയും ഈ ദുരിതത്തിൽ ഞങ്ങളെ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു .ഈ മറുപടിയിൽ നിന്ന് അവർ മലക്കം മറിയുന്നതാണ് തുടർന്ന് കാണുന്നത് ഞങ്ങൾ അവരെയൊന്നും ആരാധിച്ചിട്ടേയില്ല എന്ന്.ശിർക്കിന്റെ നിരർത്ഥകത ബോദ്ധ്യപ്പെടുമ്പോഴുള്ള ജാള്യത മറക്കാനും അള്ളാഹുവിന്റെ സഹായം മാത്രമേ ഫലപ്പെടുകയുള്ളൂ എന്ന് ബോദ്ധ്യം വരുമ്പോൾ ചുളുവിൽ ആ സഹായം ലഭിക്കാനുള്ള  വിഫല ശ്രമവുമാണത് എന്നാൽ അത് കൊണ്ട് പ്രത്യേക പ്രയോജനം ഒന്നും അവർക്ക് ഇല്ല . അള്ളാഹു പറയുന്നു ഭൂമിയിൽ എന്നെ വിസ്മരിച്ച് നടന്നവരെ സഹായിക്കണ്ട എന്ന് ഞാനും തീരുമാനിച്ചു എന്ന് അതാണ്
 
അപ്രകാരം അള്ളാഹു സത്യ നിഷേധികളെ പിഴവിലാക്കുന്നു
  എന്നതിന്റെ താല്പര്യം

 


(75)
ذَلِكُم بِمَا كُنتُمْ تَفْرَحُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَمْرَحُونَ


ന്യായമില്ലാതെ നിങ്ങൾ ഭൂമിയിൽ ആഹ്ലാദം കൊണ്ടിരുന്നതിന്റെയും ഗർവ്വ് നടിച്ചിരുന്നതിന്റെയും ഫലമത്രെ അത്


ഭൂമിയിൽ ദോഷങ്ങളിൽ മുഴുകുകയും അതിൽ ആനന്ദം കണ്ടെത്തുകയും സമ്പത്തിലും സന്താനങ്ങളിലുമുള്ള വർദ്ധനവ് ചൂണ്ടിക്കാട്ടി  സത്യത്തെ അഹങ്കാരത്തോടെ നിരാകരിക്കുകയും ഞങ്ങൾക്ക് പുനർജന്മമോ ശിക്ഷയോ ഉണ്ടാവുകയില്ലെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നതിനു അള്ളാഹു നിങ്ങൾക്ക് നൽകുന്ന ശിക്ഷയാണിതെന്ന് അവരോട് പറയപ്പെടും


(76)

ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا فَبِئْسَ مَثْوَى الْمُتَكَبِّرِينَ



നരകത്തിന്റെ കവാടങ്ങളിലൂടെ അതിൽ നിത്യവാസികളെന്ന നിലക്ക് നിങ്ങൾ കടന്നു കൊള്ളുക അഹങ്കാരികളുടെ പാർപ്പിടം ചീത്ത തന്നെ (എന്ന് അവരോട് പറയപ്പെടും)


അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കാനും തെളിവുകളെ നിരാകരിക്കാനും നിങ്ങൾ കാണിച്ച ദാർഷ്ട്യം ഇന്ന് അതി നിന്ദ്യമായ ശിക്ഷാ രൂപത്തിൽ നിങ്ങളെ പിടികൂടുകയാണ് .അപമാനം മാത്രം ലഭിക്കുന്ന നരകമെന്ന അഭയ സ്ഥലം അതി ദയനീയം തന്നെ (അള്ളാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ ആമീൻ)



(77)
فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ فَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ


അതിനാൽ തങ്ങൾ ക്ഷമിക്കുക തീർച്ചയായും അള്ളാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു എന്നാൽ നാം അവർക്ക് താക്കീത് നൽകുന്ന ശിക്ഷയിൽ ചിലത് തങ്ങൾക്ക് നാം കാണിച്ച് തരുന്നതായാലും (അതിന്നിടക്ക് തന്നെ ) തങ്ങളെ നാം മരിപ്പിക്കുന്നതായാലും നമ്മുടെ അടുത്തേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നത്



അള്ളാഹു നബി തങ്ങളോട് കല്പിക്കുന്നത് തങ്ങളെ നിഷേധിക്കുന്നവരുടെ നിലപാടിൽ അങ്ങ് ക്ഷമിക്കുക അവർക്കെതിരിൽ അള്ളാഹു തങ്ങളെ സഹായിക്കുകയും തങ്ങൾക്ക് വിജയം നൽകുകയും ചെയ്യും ഇഹത്തിലും പരത്തിലും തങ്ങൾക്കും അനുയായികൾക്കും തന്നെയാണ് അന്തിമ വിജയം ഉണ്ടാവുക. അവർക്ക് ഞാൻ വാഗ്‌ദാനം ചെയ്ത തിരിച്ചടികളിൽ ചിലത് തങ്ങളുടെ ജീവിത കാലത്ത് തന്നെ കാണാൻ അവസരം ഉണ്ടാകാം.ഉണ്ടായില്ലെങ്കിലും പരലോകത്ത് നാം അവരെ പിടികൂടുക തന്നെ ചെയ്യും അതിനാൽ അങ്ങ് നിരാശ അശേഷം ബാധിക്കാതെ തന്നെ പ്രബോധനം തുടരുക എന്നാണ് ഇവിടെ പറയുന്നത് .ബദ്‌റിൽ അവരുടെ ഏറ്റവും വലിയ നേതാക്കളെ കൊന്നും, തടവു പുള്ളികളാക്കി പിടിക്കാൻ അവസരം നൽകിയും, തന്നെ കണ്ണീർ കുടിപ്പിച്ച മക്കക്കാർക്കെതിരിൽ മക്ക തന്നെ ഇസ്‌ലാമിന്റെ കീഴിലാക്കി വിജയം വരിക്കാൻ അവസരം നൽകിയും, അറേബ്യൻ ഉപദ്വീപുകളിലാകെ ഇസ്‌ലാം പടർന്ന് പന്തലിപ്പിച്ചും തങ്ങളുടെ ജീവിതത്തിൽ തന്നെ ആ സഹായത്തിന്റെ കൺ കുളിർപ്പിക്കുന്ന അനുഭവങ്ങൾ അള്ളാഹു നൽകുകയുണ്ടായി പരലോകത്ത്  തങ്ങൾക്കും  വിശ്വാസികൾക്കും അള്ളാഹു ഒരുക്കി വെച്ച സന്തോഷം വിവരണാതീതവുമാണല്ലൊ!



(78)
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ وَمَا كَانَ لِرَسُولٍ أَنْ يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ فَإِذَا جَاء أَمْرُ اللَّهِ قُضِيَ بِالْحَقِّ وَخَسِرَ هُنَالِكَ الْمُبْطِلُونَ


തങ്ങൾക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട് അവരിൽ ചിലരെ പറ്റി  നാം തങ്ങൾക്ക് വിവരിച്ച് തന്നിട്ടുണ്ട് അവരിൽ ചിലരെപ്പറ്റി തങ്ങൾക്ക് നാം വിവരിച്ച് തന്നിട്ടുമില്ല യാതൊരു ദൂതനും
അള്ളാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല എന്നാൽ അള്ളാഹുവിന്റെ കല്പന വന്നാൽ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ് അസത്യവാദികൾ അവിടെ നഷ്ടത്തിലാവുകയും ചെയ്യും



പ്രബോധന രംഗത്തെ കൈപേറിയ അനുഭവങ്ങളിൽ തങ്ങളെ സമാധാനിപ്പിക്കുന്ന വാക്യമാണിത്  ചരിത്രം അങ്ങേക്ക് വിശദീകരിച്ച് തന്നതും അല്ലാത്തതുമായി നാം ധാരാളം നബിമാരെ അയച്ചിട്ടുണ്ട്  അവരിലാർക്കെങ്കിലും എന്തെങ്കിലും ദൃഷ്ടാന്തങ്ങൾ അള്ളാഹു അനുവദിക്കാതെ കാണിക്കാനാവില്ല എന്നാൽ അള്ളാഹു നിഷേധികൾക്ക് ശിക്ഷ ഇറക്കാൻ തീരുമാനിച്ചാൽ അത് സംഭവിക്കുകയും അവർ പരാജയപ്പെടുകയും വിശ്വാസികൾ രക്ഷപ്പെടുകയും ചെയ്യും (ഇബ്നു കസീർ) നിഷേധികളുടെ ഇപ്പോഴത്തെ ഇളക്കം കാര്യമാക്കേണ്ട എന്ന് സാരം
ഖുർആനിൽ
അള്ളാഹു വ്യക്തമായി പേരു പറഞ്ഞ ഇരുപത്തി അഞ്ച് നബിമാരുണ്ട്

ആദം, നൂഹ്, ഇദ്‌രീസ്, സാലിഹ്, ഹൂദ്, ഇബ്‌റാഹീം, ഇസ്‌മാഈൽ, ഇസ്‌ഹാഖ്, യഅ്ഖൂബ്, യൂസുഫ്, ലൂഥ്, മൂസാ, ഹാറൂൻ, ശുഐബ്, സകരിയ്യാ, യഹ്‌യാ, ഈസാ, ദാവൂദ്, സുലൈമാൻ, ഇൽയാസ്, അൽയസഅ്, ദുൽകിഫ്‌ൽ, അയ്യൂബ്, യൂനുസ്, عليهم الصلاة والسلامമുഹമ്മദ് ഇവരാണ്


 
(79)
اللَّهُ الَّذِي جَعَلَ لَكُمُ الْأَنْعَامَ لِتَرْكَبُوا مِنْهَا وَمِنْهَا تَأْكُلُونَ


അള്ളാഹുവാകുന്നു നിങ്ങൾക്ക് വേണ്ടി കന്നുകാലികളെ സൃഷ്ടിച്ച് തന്നവൻ അവയിൽ ചിലതിനെ നിങ്ങൾ വാഹന്മായി ഉപയോഗിക്കുന്നതിന്ന് വേണ്ടി.അവയിൽ ചിലതിനെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു



അള്ളാഹു മനുഷ്യനു നൽകിയ ഒരു അനുഗ്രഹം പറയുകയാണിവിടെ കന്നുകാലികളെ (ആട്, മാട്, ഒട്ടകം, കുതിര തുടങ്ങിയവയെ) നിങ്ങൾക്ക് അവൻ സൃഷ്ടിച്ച് തന്നു.ചിലത് ഭക്ഷിക്കാനും ചിലത് യാത്രക്കും നിങ്ങൾ ഉപയോഗിക്കുന്നു

(80)
وَلَكُمْ فِيهَا مَنَافِعُ وَلِتَبْلُغُوا عَلَيْهَا حَاجَةً فِي صُدُورِكُمْ وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ


നിങ്ങൾക്ക് അവയിൽ പല പ്രയോജനങ്ങളുമുണ്ട് .അവ മുഖേന നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിലും നിങ്ങൾ എത്തിച്ചേരുകയും ചെയ്യുന്നു.അവയുടെ പുറത്തും കപ്പലുകളിലുമായി നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു


മൃഗങ്ങളിൽ നിന്ന് പല പ്രയോജനങ്ങളും അള്ളാഹു നിങ്ങൾക്ക് ഉണ്ടാക്കിത്തന്നു യാത്രയിലും അല്ലാത്തിടത്തും ഇവയുടെ തോലുപയോഗിച്ച് വളരെ എളുപ്പത്തിൽ തമ്പുകൾ (ടെന്റ്) നിർമിക്കാനും തോൽ പാത്രം, കിടക്ക വിരി, സഞ്ചികൾ, ജല സംഭരണികൾ, മുതലായ ഗ്രഹോപകരണങ്ങൾ ഉണ്ടാക്കാനും സാധിക്കുന്നു അവയുടെ ചർമം, രോമങ്ങൾ എന്നിവ സംസ്ക്കരിച്ചാണ് ഇതിനായി ഉപയോഗിക്കുന്നത്. അവയിൽ നിന്ന് യാത്ര ചെയ്യാൻ സാധിക്കുന്നവയുടെ പുറത്ത് കേറി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചേരാനും നിങ്ങളുടെ ചിരക്കുകൾ എത്തിക്കാനും അവസരം നൽകിയിരിക്കുന്നു (ഈ സംവിധാനം അള്ളാഹു നൽകിയിരുന്നില്ലെങ്കിൽ ഈ കാര്യങ്ങൾ നിർവഹിക്കാൻ നിങ്ങൾ വല്ലാതെ വിഷമിച്ച് പോകുമായിരുന്നു) നിങ്ങളുടെ യാത്രക്കും മറ്റും കപ്പലിലും മറ്റും കടലിലും കരയിലും അള്ളാഹു സംവിധാനങ്ങൾ നൽകിയിരിക്കുന്നു ഇതെല്ലാം സർവ ശക്തനായ നാഥന്റെ അനുഗ്രഹങ്ങൾ മാത്രമാണ് (എന്നിട്ടുമെന്തേ ചിന്താ ശേഷിയുള്ള മനുഷ്യൻ ആ അള്ളാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിന്ന് കുതറി മാറുന്നത് എന്ന് ചുരുക്കം)




(81)
وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنكِرُونَ


അവന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാണിച്ച് തരികയും ചെയ്യുന്നു അപ്പോൾ
അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?

അള്ളാഹുവിന്റെ അജയ്യമായ ശക്തിയുടെയും ഏകത്വത്തിന്റെയും അനവധി തെളിവുകൾ വേറെയും ആകാശങ്ങളിലും ഭൂമിയിലും നിങ്ങളുടെ ശരീരങ്ങളിലും അവൻ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട് ഇതിൽ ഏതെങ്കിലുമൊന്ന് ശരിയല്ലെന്ന് പറയാനോ അള്ളാഹുവല്ലാതെ നിങ്ങൾ വാദിക്കുന്ന ഏതെങ്കിലും ആരാധ്യ വസ്തുക്കൾക്ക് ഇവയിൽ പങ്കാളിത്തമുണ്ടെന്ന് സമർത്ഥിക്കാനോ നിങ്ങൾക്കുണ്ടോ? ഒരിക്കലും ഇല്ല എന്നതാണ് വസ്തുത. ആസ്ഥിഥിക്ക് അവന്റെ ഏകത്വം സ്വീകരിക്കാതിരിക്കുന്നത് കഷ്ടം തന്നെ

 

(82)
أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ كَانُوا أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَآثَارًا فِي الْأَرْضِ فَمَا أَغْنَى عَنْهُم مَّا كَانُوا يَكْسِبُونَ


എന്നാൽ അവർക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് കാണാൻ അവർ ഭൂമിയിൽ സഞ്ചരിച്ച് നോക്കിയിട്ടില്ലേ
? അവർ ഇവരേക്കാൾ എണ്ണം കൂടിയവരും ശക്തികൊണ്ടും ഭൂമിയിൽ വിട്ടേച്ച് പോയ അവശിഷ്ടങ്ങൾ കൊണ്ടും ഏറ്റവും പ്രബലന്മാരുമായിരുന്നു എന്നിട്ടും അവർ നേടിയെടുത്തിരുന്നതൊന്നും അവർക്ക് പ്രയോജനപ്പെട്ടില്ല



നബി തങ്ങളെ എതിർക്കുന്ന അള്ളാഹുവിന്റെ ഏകത്വത്തെ നിരാകരിക്കുകയും ബഹുദൈവത്വം ജീവിത വൃതമായി കൊണ്ട് നടക്കുകയും ചെയ്യുന്ന മക്കക്കാരോട് അള്ളാഹു പറയുന്ന ഒരു കാര്യമാണിത് .ശാമിലേക്കും യമനിലേക്കും സീസൺ നോക്കി കച്ചവടാവശ്യാർത്ഥം യാത്ര ചെയ്യുന്നവരാണവർ അവർ പോകുന്ന വഴികളിൽ മുമ്പ് പ്രവാചകന്മാരെ നിഷേധിച്ച് ശിക്ഷ ഏറ്റുവാങ്ങിയ ഹത ഭാഗ്യരുടെ പ്രദേശങ്ങളുണ്ട് അവരുടെ ദയനീയമായ അന്ത്യത്തിന്റെ കഥകളും ഇവർ കേൾക്കുന്നുണ്ട്  ആ നിഷേധികളാവട്ടെ മക്കക്കാരേക്കാൾ ആൾ ബലത്തിലും കായിക ക്ഷമതയിലും ബുദ്ധി ശക്തിയിലുമൊക്കെ വളരെ മുന്നിലായിരുന്നു എന്നിട്ടും അള്ളാഹുവിന്റെ ശിക്ഷ വന്നപ്പോൾ ഒന്നും അവർക്ക് പ്രതിരോധിക്കാനായില്ല അതെങ്കിലും ആലോചിച്ച് അത്തരം ദുരന്തം തങ്ങളിൽ സംഭവിക്കാതിരിക്കാൻ മുൻ കരുതൽ എടുക്കാത്തതെന്തേ എന്നാണിവിടെ ചോദിക്കുന്നത്



(83)

فَلَمَّا جَاءتْهُمْ رُسُلُهُم بِالْبَيِّنَاتِ فَرِحُوا بِمَا عِندَهُم مِّنَ الْعِلْمِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِؤُون



അങ്ങനെ അവരിലേക്കുള്ള ദൂതന്മാർ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോൾ അവരുടെ പക്കലുള്ള അറിവ് കൊണ്ട് അവർ തൃപ്തിയടയുകയാണ് ചെയ്തത് എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചിരുന്നുവോ അത് (ശിക്ഷ) അവരെ വലയം ചെയ്യുകയുണ്ടായി


കാര്യകാരണ സഹിതം അവരുടെ നിലപാടുകളുടെ പിശക് വിശദീകരിച്ചും ശരിയായ നിലപാട് കൃത്യമായി പ്രചരിപ്പിച്ചും പ്രവാചകന്മാർ അവരെ ഉൽബോധിപ്പിച്ചുവെങ്കിലും അത് ചെവിക്കൊള്ളാൻ മര്യാദ കാണിക്കാതെ പഠിച്ച് വെച്ച അബദ്ധങ്ങൾ  ശരിയാണെന്ന കുതർക്കം നടത്താനാണ് അവർ വ്യഗ്രത കാട്ടിയത് ഞങ്ങൾക്ക് ശിക്ഷ വരില്ലെന്നും മരിച്ചാൽ പുനർജന്മമില്ലെന്നും ശക്തമായി വാദിച്ച അവരെ അള്ളാഹു കഠിനമായി ശിക്ഷിച്ചു അതാണ് എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചിരുന്നുവോ അത് (ശിക്ഷ) അവരെ വലയം ചെയ്യുകയുണ്ടായി എന്ന് അള്ളാഹു പറഞ്ഞത്



(84)
فَلَمَّا رَأَوْا بَأْسَنَا قَالُوا آمَنَّا بِاللَّهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ


എന്നിട്ട് നമ്മുടെ ശിക്ഷ കണ്ടപ്പോൾ അവർ പറഞ്ഞു ഞങ്ങൾ അള്ളാഹുവിൽ മാത്രം വിശ്വസിക്കുകയും അവനോട് ഞങ്ങൾ പങ്ക് ചേർത്തിരുന്നതിൽ (ദൈവങ്ങളിൽ) ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു



വരില്ലെന്ന് അവർ ഉറച്ച് വിശ്വസിച്ച ശിക്ഷ നേരിൽ കണ്ടപ്പോൾ ഞങ്ങൾ നന്നായിരിക്കുന്നു എന്ന് കുമ്പസരിക്കാൻ അവർ സന്നദ്ധരായെങ്കിലും അത് അള്ളാഹു അംഗീകരിച്ചില്ല.കുടുങ്ങുമ്പോൾ വിശ്വസിക്കുന്നു എന്ന് പറയുന്നവനെ അള്ളാഹു സ്വീകരിക്കുകയില്ല



(85)
فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا سُنَّتَ اللَّهِ الَّتِي قَدْ خَلَتْ فِي عِبَادِهِ وَخَسِرَ هُنَالِكَ الْكَافِرُونَ


എന്നാൽ അവർ  നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയുണ്ടായില്ല
അള്ളാഹു തന്റെ ദാസന്മാരുടെ കാര്യത്തിൽ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്. അവിടെ സത്യ നിഷേധികൾ നഷ്ടത്തിലാവുകയും ചെയ്തു



ശിക്ഷ നേരിൽ കാണുമ്പോഴുള്ള വിശ്വാസ പ്രഖ്യാപനം സ്വീകരിക്കുകയില്ലെന്നാണ് അള്ളാഹുവിന്റെ തീരുമാനം ഇത് നേരത്തെ അള്ളാഹു നടപ്പാക്കിയ കാര്യമാണ് അത് കൊണ്ട് തന്നെ വിശ്വസിക്കാൻ അവസരങ്ങളുണ്ടായപ്പോൾ അത് അവഗണിച്ചവർ പരലോകത്ത് നഷ്ടത്തിൽ തന്നെ . അള്ളാഹു നമ്മെ വിജയികളിൽ പെടുത്തട്ടെ ആമീൻ



No comments: