Monday, July 5, 2021

അദ്ധ്യായം 40 | സൂറത്ത് ഗാഫിർ سورة غافر| ഭാഗം 07

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر| ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 85


(Part -7  -   സൂക്തം 61 മുതൽ 70 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(61)
اللَّهُ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ


അള്ളാഹുവാകുന്നു നിങ്ങൾക്ക് വേണ്ടി രാത്രിയെ നിങ്ങൾ ശാന്തമായി വസിക്കാൻ തക്കവണ്ണവും പകലിനെ വെളിച്ചമുള്ളതും ആക്കിയവൻ. തീർച്ചയായും അള്ളാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു പക്ഷെ മനുഷ്യരിൽ അധികപേരും നന്ദി കാണിക്കുന്നില്ല


അള്ളാഹുതആലാ തന്റെ അടിമകൾക്ക് ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളിൽ പെട്ടതാണ് പകലിന്റെ ബഹളങ്ങളിൽ നിന്നും ജീവിത വഴികളിലെ നെട്ടോട്ടങ്ങളിൽ നിന്നും മുക്തരായി സ്വസ്ഥമായി വിശ്രമിക്കാൻ രാത്രിയെ നൽകി എന്നത്. യാത്രകളിലും ജീവിത വഴികളിലും ഇടപെടാൻ സഹായകമാവും വിധം പകലിനെ വെളിച്ചമുള്ളതാക്കി എന്നതും.കാരണം അവൻ അവന്റെ അടിമകൾക്ക് അളവറ്റ ഔദാര്യം നൽകുന്നവനാണ് എന്നാൽ ഈ അനുഗ്രഹങ്ങളെല്ലാം അനുഭവിച്ചിട്ടും അനുഗ്രഹ ദാതാവായ അള്ളാഹുവോട് അതിനനുസരിച്ച് നന്ദി ചെയ്യാൻ അധികപേരും നിലക്കൊള്ളുന്നില്ല (ഇബ്നു കസീർ)

കഴിഞ്ഞ സൂക്തത്തിൽ ഏതൊരു അള്ളാഹുവിനെ ആരാധിക്കണമെന്നാണോ പറഞ്ഞത് ആ അള്ളാഹുവിന്റെ വിശേഷണങ്ങളിൽ പെട്ടതാണ് വിശ്രമത്തിനു രാവും ജോലികൾക്കും മറ്റും പകലും സംവിധാനിച്ചു എന്നത് കാരണം അവൻ തുല്യതയില്ലാത്ത അനുഗ്രഹം വർഷിക്കുന്നവനാണ് എന്നാൽ അവനെ മാത്രം ആരാധിച്ചും അവന്റെ കല്പനകൾ അനുസരിച്ചും അർഹമായി നന്ദി ചെയ്യാൻ മിക്കവരും തയാറല്ല.യഥാർത്ഥത്തിൽ അവനു നന്ദി ചെയ്യും പോലെ നന്ദി ചെയ്യേണ്ട ഒരു അനുഗ്രഹവും മറ്റ് ആരിൽ നിന്നും ഇവർ അനുഭവിച്ചിട്ടില്ല എന്നിട്ടും ഈ മഹാ ശക്തിയെ അവഗണിക്കുന്നു മിക്കവരും (ഥിബ്‌രി)



(62)
ذَلِكُمُ اللَّهُ رَبُّكُمْ خَالِقُ كُلِّ شَيْءٍ لَّا إِلَهَ إِلَّا هُوَ فَأَنَّى تُؤْفَكُونَ


അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടി കർത്താവുമായ
അള്ളാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല എന്നിരിക്കെ നിങ്ങൾ എങ്ങിനെയാണ് (സന്മാർഗത്തിൽ നിന്ന് ) തെറ്റിക്കപ്പെടുന്നത്?

അള്ളാഹു ഇത്തരം അനുഗ്രഹങ്ങൾ ചെയ്യുകയും നിങ്ങളെയും മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു അത് കൊണ്ട് തന്നെ അവൻ മാത്രമേ ആരാധ്യനാവാൻ പറ്റുകയുള്ളൂ പക്ഷെ ഈ സത്യം ഉൾക്കൊള്ളാതെ നിങ്ങൾ എങ്ങനെയാണ് നേർവഴിയിൽ നിന്ന് തെറ്റിക്കപ്പെടുന്നതും അവനല്ലാത്തവരെ ആരാധിക്കാൻ ധൈര്യം കാണിക്കുന്നതും എന്നത് വല്ലാത്തൊരു വിഷയമാണ് (ഥിബ്‌രി)

 

(63)
كَذَلِكَ يُؤْفَكُ الَّذِينَ كَانُوا بِآيَاتِ اللَّهِ يَجْحَدُونَ


അപ്രകാരം തന്നെയാണ്
അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവർ (സന്മാർഗത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്


ഇതേ നിലയിലായിരുന്നു സത്യത്തോടും തെളിവുകളോടും നീതി പുലർത്താതിരുന്ന മുൻകാലങ്ങളിലെ സത്യ നിഷേധികളും. നിങ്ങളും അവരെയാണ് മാതൃകയാക്കുന്നത് (ഥിബ്‌രി)

നിങ്ങൾ അള്ളാഹുവല്ലാത്തവരെ ആരാധിച്ച് വഴിതെറ്റിയ പോലെ നിങ്ങളുടെ മുമ്പുള്ളവരും തെറ്റിക്കപ്പെട്ടു അവരും വ്യക്തമായ തെളിവുകളെ നിഷേധിച്ച് ഊഹങ്ങളുടെ അടിസ്ഥാനത്തിൽ അള്ളാഹു അല്ലാത്തവരെ ആരാധിക്കുകയായിരുന്നു (ഇബ്നുകസീർ)



(64)
اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاء بِنَاء وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ذَلِكُمُ اللَّهُ رَبُّكُمْ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَ


അള്ളാഹുവാകുന്നു നിങ്ങൾക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേൽപുരയും ആക്കിയവൻ.അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവൻ നിങ്ങളുടെ രൂപങ്ങൾ മികച്ചതാക്കി വിശിഷ്ട വസ്തുക്കളിൽ നിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും  ചെയ്തു അവനാകുന്നു നിങ്ങളുടെ രക്ഷിതാവാകുന്ന അള്ളാഹു അപ്പോൾ ലോകങ്ങളുടെ രക്ഷിതാവായ അള്ളാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു

അള്ളാഹു നിങ്ങൾക്ക് ഭൂമിയെ താമസിക്കാൻ സൌകര്യപ്പെടുത്തി തന്നു കുട്ടിക്ക് തൊട്ടിൽ പോലെ സുരക്ഷിത ഇടം. അതിലൂടെ നടക്കാനും ജോലി ചെയ്യാനും എല്ലാം സൌകര്യമൊരുക്കി. നിങ്ങളെക്കൊണ്ട് അത് പ്രകമ്പനം കൊള്ളാതിരിക്കാൻ പർവതങ്ങളെ ഭൂമിക്ക് ആണിയെന്നോണം അള്ളാഹു സംവിധാനിച്ചു (അശാസ്ത്രീയ നിർമ്മാണങ്ങളിലൂടെയും വെട്ടി നിരത്തലിലൂടെയും ഓരോ ആണികളും പറിച്ചു മാറ്റുന്ന കയ്യേറ്റങ്ങൾ എത്ര വലിയ ആഘാതം ഭൂമിക്കുണ്ടാക്കുന്നുണ്ടെന്നും അത് നമ്മുടെ ആവാസ വ്യവസ്ഥക്ക് എത്രമാത്രം ഭീഷണിയാണെന്നും പണക്കൊതിയന്മാരായ കയ്യേറ്റക്കാർ ഓർക്കുന്നില്ലെന്നത് ഖേദകരം തന്നെ)
ആകാശത്തെ മേല്പുരയാക്കി അതായത് മേല്പുര നൽകുന്നത് പോലുള്ള സുരക്ഷിതത്വം നൽകും വിധം ആകാശത്തെ
അള്ളാഹു സംവിധാനിച്ചു ഏറ്റവും ഭംഗിയുള്ളതും ആകർഷകവുമായ ശരീര ഘടന അവൻ നമുക്ക് നൽകി നല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഏർപ്പെടുത്തിത്തന്നു അഥവാ ഇല്ലായ്മയിൽ നിന്ന് അസ്ഥിത്വത്തിലേക്ക് നമ്മെ ഏറ്റവും നല്ല ശൈലിയിൽ കൊണ്ട് വന്ന് താമസിക്കാൻ സ്ഥലവും കഴിക്കാൻ അന്നവും നൽകിയ സൃഷ്ടാവും അന്ന ദാതാവുമാണ് അള്ളാഹു.  അള്ളാഹുവാണ് നിങ്ങളുടെ രക്ഷിതാവ്. അള്ളാഹു എല്ലാ പോരായ്മകളിൽ നിന്നും പരിശുദ്ധനും ആരാധനയിൽ അവനോട് പങ്ക് ചേർക്കാൻ യോഗ്യതയുള്ള ഒന്നും ഒരാളും ഇല്ലാത്ത വിധം ഏകനുമാണ് (ഇബ്നുകസീർ)

 

മനുഷ്യന് ശരിയായി നിവർന്ന് നിൽക്കാനും സ്വന്തം കൈകൊണ്ട് ആഹാരം കഴിക്കാനും അള്ളാഹു സാധ്യമാക്കി (മറ്റുള്ളവ അങ്ങനെയല്ല ഭക്ഷണം കഴിക്കുന്നത്) (ബഗ്‌വി)

ജീവിതകാലത്ത് ഭൂമുഖത്തും മരണ ശേഷം ഭൂമിക്കുള്ളിലും അള്ളാഹു നിങ്ങൾക്ക് താമസമൊരുക്കി (ഖുർതുബി)




(65)
هُوَ الْحَيُّ لَا إِلَهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ


അവനാകുന്നു (എന്നെന്നും) ജീവിച്ചിരിക്കുന്നവൻ.
അവനല്ലാതെ യാതൊരു ദൈവവുമില്ല അതിനാൽ കീഴ്വണക്കം അവന് നിഷ്ക്കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനോട് പ്രാർത്ഥിക്കുക ലോകങ്ങളുടെ രക്ഷിതാവായ അള്ളാഹുവിന് സ്തുതി



മുകളിൽ പറഞ്ഞ വിശേഷണങ്ങളുള്ള അള്ളാഹു മാത്രമേ ആരാധ്യനാവാൻ യോഗ്യനാവൂ അതിനാൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുകയും ബിംബങ്ങളോ പ്രതിഷ്ഠകളോ തുടങ്ങി മറ്റാരെയും അതിൽ കൂറു കൂട്ടാതിരിക്കുകയും ചെയ്യുക ഇത്രയും വലിയ അനുഗ്രഹങ്ങൾ ഒരുക്കി തന്ന ലോക നിയന്ത്രണം നടത്തുന്ന ആ അള്ളാഹുവിനു മാത്രമേ സ്തുതികളെല്ലാം ചേരുകയുള്ളൂ അവനാകുന്നു സർവ സ്തുതിയും. لااله الاالله ലാഇലാഹ ഇല്ലള്ളാഹ് എന്ന് ചൊല്ലിയാൽ الحمدلله അൽഹംദു ലില്ലാഹ് എന്ന് കൂടി ചൊല്ലണമെന്ന് മഹാന്മാർ ഈ സൂക്തത്തിന്റെ ഘടനയിൽ നിന്ന് മനസ്സിലാക്കിയിരിക്കുന്നു (ഥിബ്‌രി / ഇബ്നുകസീർ)



(66)
قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَمَّا جَاءنِيَ الْبَيِّنَاتُ مِن رَّبِّي وَأُمِرْتُ أَنْ أُسْلِمَ لِرَبِّ الْعَالَمِينَ


നബിയേ ) പറയുക എന്റെ രക്ഷിതാവിൽ നിന്ന് എനിക്ക് തെളിവുകൾ വന്നുകിട്ടിയിരിക്കെ
അള്ളാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്നവരെ ആരാധിക്കുന്നതിൽ നിന്ന് തീർച്ചയായും ഞാൻ വിലക്കപ്പെട്ടിരിക്കുന്നു ലോകങ്ങളുടെ രക്ഷിതാവിന് ഞാൻ കീഴ്പെടണമെന്ന് കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു


നബി തങ്ങളെ മറ്റ് ദൈവങ്ങളെ ആരാധിക്കാൻ മുശ്‌രിക്കുകൾ ക്ഷണിക്കുകയും അങ്ങനെയാണെങ്കിൽ നിങ്ങൾ പറയുന്ന അള്ളാഹുവിനെയും ഞങ്ങൾ ആരാധിക്കാം എന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്തപ്പോഴാണ് ഈ പ്രതികരണം (ബഗ്‌വി)


നബി
തങ്ങളുടെ മറുപടിയുടെ ചുരുക്കം ഇതാണ് അള്ളാഹു മാത്രമാണ് ആരാധിക്കപ്പെടാൻ അർഹനെന്നും അത്തരം ഒരു കീഴ്പെടൽ അവനോടേ ആകാവൂ എന്നും എന്റെ മുന്നിൽ വ്യക്തമായ തെളിവുകൾ അള്ളാഹു നൽകിയിരിക്കുന്നു മറ്റൊരാളോടോ വസ്തുവിനോടോ ദൈവമെന്ന നിലക്കുള്ള ബന്ധം പാടില്ലെന്നും അവരാരും ദൈവമാകാൻ അർഹരല്ലെന്നും എനിക്ക് ബോദ്ധ്യവുമാണ്. കാരണം അവൻ എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നു നിങ്ങൾ പറയുന്ന ദൈവങ്ങൾ ഒരു പുൽക്കൊടിപോലും പടച്ചവരല്ല എന്നിരിക്കെ സർവശക്തനു കൊടുക്കേണ്ട അംഗീകാരം അർഹരിൽ വെച്ച് കെട്ടുകയാണ് നിങ്ങൾ ചെയ്യുന്നത് ഇത് പരിഹാസ്യമായ നിലപാട് തന്നെ  ആ സ്ഥിതിക്ക് നിങ്ങളുടെ ക്ഷണം സ്വീകരിക്കാൻ കഴിയില്ല എന്നാണ് നബി തങ്ങൾ പറയാൻ കല്പിക്കപ്പെട്ടത്



(67)
هُوَ الَّذِي خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوخًا وَمِنكُم مَّن يُتَوَفَّى مِن قَبْلُ وَلِتَبْلُغُوا أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ


മണ്ണിൽ നിന്നും പിന്നെ ബീജ കണങ്ങളിൽ നിന്നും പിന്നെ ഭ്രൂണത്തിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു പിന്നീട് ഒരു ശിശുവായി നിങ്ങളെ അവൻ പുറത്ത് കൊണ്ട് വരുന്നു പിന്നീട് നിങ്ങൾ നിങ്ങളുടെ പൂർണ ശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങൾ വൃദ്ധരാ‍യിത്തീരുവാനും വേണ്ടി.നിങ്ങളിൽ ചിലർ മുമ്പേ തന്നെ മരണമടയുന്നു നിർണിതമായ ഒരു അവധിയിൽ നിങ്ങൾ എത്തിച്ചേരുവാനും നിങ്ങൾ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി

അള്ളാഹുവിനെ മാത്രമേ ഞാൻ ആരാധിക്കൂ കാരണം അവനേ ആരാധ്യനാവാൻ അർഹതയുള്ളൂ എന്നതിന്റെ ഒരു തെളിവ് ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കുകയാണിവിടെ മണ്ണിൽ നിന്ന് പടച്ചു എന്നാൽ ആദം നബി عليه السلامയെയാണ് ഉദ്ദേശ്യം പിന്നീടുള്ള മനുഷ്യ സൃഷ്ടിപ്പിന്റെ നാൾ വഴികളാണ് ബീജത്തിൽ തുടങ്ങി ക്രമാനുകതമായി വരുന്ന വളർച്ചയുടെ വിവിധ ഘട്ടങ്ങൾ  പിന്നിട്ട് കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നു ബാല്യം, കൌമാരം, യൌവ്വനം, വാർദ്ധക്യം നിർണയിക്കപ്പെട്ട സമയത്തുള്ള മരണം ഇതാണല്ലോ മനുഷ്യന്റെ അവസ്ഥ.ചിലപ്പോൾ വാർദ്ധക്യത്തിലെത്താതെയും മരണം നിർണയിക്കപ്പെടുന്നു അതാണ് അകാലത്തിൽ ചിലർ മരിക്കുന്നത്. ആരാണിതെല്ലാം ഇത്ര കൃത്യമായി നിയന്ത്രിക്കുന്നത്. ഇവർ പറയുന്ന ദൈവങ്ങൾക്ക് ഇതിൽ വല്ല കയ്യുമുണ്ടോ? ഇല്ലെന്നാണ് ഉത്തരം. അപ്പോൾ പിന്നെ പടക്കുക എന്ന ഏറ്റവും വലിയ അനുഗ്രഹം ചെയ്തവനോടല്ലേ ഏറ്റവും വലിയ വണക്കം എന്ന ആരാധനയും യോജിക്കുക എന്നാണിവിടെ പറയുന്നത്


(68)
هُوَ الَّذِي يُحْيِي وَيُمِيتُ فَإِذَا قَضَى أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ

 


അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ.ഒരു കാര്യം അവൻ തീരുമാനിച്ച് കഴിഞ്ഞാൽ ഉണ്ടാകൂ എന്ന് അതിനോടവൻ പറയുക മാത്രം ചെയ്യുന്നു അപ്പോൾ അത് ഉണ്ടാകുന്നു


അവൻ അതിശക്തനാണ് ജീവിപ്പിക്കാനും മരിപ്പിക്കാനും അവനാണ് കഴിവുള്ളത് അവൻ ഒരു കാര്യം ഉണ്ടാവണം എന്ന് തീരുമാനിച്ചാൽ അപ്പോൾ തന്നെ അതുണ്ടാകുന്നു ഇത്രയും ശക്തനായ അള്ളാഹുവിനു മാത്രം നൽകേണ്ട ആരാധനയിലാണ് ഒരു കഴിവുമില്ലാത്തവയെ കൂറ് ചേർക്കുന്നതെങ്കിൽ അത് എത്ര പരിഹാസ്യമാണ്



(69)
أَلَمْ تَرَ إِلَى الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ أَنَّى يُصْرَفُونَ


അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നവരുടെ നേർക്ക് തങ്ങൾ നോക്കിയില്ലേ? എങ്ങനെയാണ് അവർ വ്യതിചലിപ്പിക്കപ്പെടുന്നതെന്ന്

ദൃഷ്ടാന്തങ്ങളിൽ ഏറ്റവും വലിയ ഖുർആൻ ദൈവികമല്ലെന്ന വാദത്തെയാണ് ഇവിടെ അള്ളാഹു എടുത്ത് കാട്ടുന്നത് ഒരു ധാരണയുമില്ലാതെ ഖുർആൻ നിഷേധിക്കുന്നവർ സത്യത്തിൽ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തവർ തന്നെ എന്ന് (ബഗ്‌വി)




(70)
الَّذِينَ كَذَّبُوا بِالْكِتَابِ وَبِمَا أَرْسَلْنَا بِهِ رُسُلَنَا فَسَوْفَ يَعْلَمُونَ


വേദഗ്രന്ഥത്തെയും നാം നമ്മുടെ ദൂതന്മാരെ അയച്ചത് എന്തൊരു ദൌത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവർ.
എന്നാൽ വഴിയെ അവർ അറിഞ്ഞുകൊള്ളും


എത്ര തെളിവുകൾ നൽകപ്പെട്ടാലും അതിനോടെല്ലാം പുറം തിരിഞ്ഞ് നിൽക്കുന്ന ശത്രുക്കൾ വെദത്തെയും പ്രവാചകന്മാരെയും നിരാകരിക്കുന്നു ഇതിന്റെ പരിണിതഫലം അവരുടെ പാരത്രിക പരാജയമായിരിക്കും അസഹ്യമായ നരക ശിക്ഷ അനുഭവിക്കുമ്പോൾ അവർക്ക് കാര്യം പിടികിട്ടും പക്ഷെ അപ്പോഴേക്ക് അവസരം തീർന്നു പോകും പിന്നെ കാലാകാലം ശിക്ഷയിലുള്ള നട്ടം തിരിയൽ തന്നെ അനുഭവിക്കണം അതാണ് അവർ വഴിയെ അറിഞ്ഞ് കൊള്ളും എന്നതിന്റെ താല്പര്യം
അള്ളാഹു നമ്മെ സത്യവാന്മാരിൽ ഉൾപ്പെടുത്തട്ടെ ആമീൻ

(തുടരും)ഇൻശാഅള്ളാഹ്

No comments: