Monday, December 6, 2021

അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | ഭാഗം 06

അദ്ധ്യായം 38  | സൂറത്ത് സ്വാദ്  سورة ص | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88


(Part -6  -   സൂക്തം 41 മുതൽ 44 വരെ സൂക്തങ്ങളുടെ വിവരണം )

 

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(41)
وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ


നമ്മുടെ ദാസനായ അയ്യൂബിനെ സ്മരിക്കുക.
പിശാച് എനിക്ക് അവശതയും പീഡനവും ഏല്പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദർഭം


പ്രതിസന്ധികൾ വരുമ്പോൾ ക്ഷമിക്കാനുള്ള പ്രചോദനം ലഭിക്കും വിധമുള്ള ചരിത്രമാണ് അയ്യൂബ് നബി عليه السلام യുടെത്. അത് സ്മരിക്കാൻ തങ്ങളോട് പറയുന്നതിന്റെ പൊരുൾ ക്ഷമയുടെ വിഷയത്തിൽ അവരെ  മാതൃകയാക്കണമെന്നാണ് (ഖുർതുബി)


ഇമാം റാസി
رحمة الله عليهഎഴുതുന്നു ഈ അദ്ധ്യായത്തിൽ വിവരിക്കുന്ന മൂന്നാമത്തെ ചരിത്രമാണിത്. നേരത്തേ വിവരിച്ച ദാവൂദ് നബിയു عليه السلامടെയും സുലൈമാൻ നബി عليه السلامയുടെയും ചരിത്രത്തിൽ വിവിധ അനുഗ്രഹങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട വിശകലനമായിരുന്നുവെങ്കിൽ അയ്യൂബ് നബി عليه السلامയുടെ ചരിത്രത്തിൽ പരീക്ഷണങ്ങളുടെ സംഭവമാണ് പറയുന്നത്. ഇത് അയ്യൂബ് നബി عليه السلام യോട് അള്ളാഹു പറയുന്നതിന്റെ ലക്ഷ്യം പ്രബോധന രംഗത്ത് ശത്രുക്കളുണ്ടാക്കുന്ന അസ്വസ്ഥതകളിൽ ക്ഷമിക്കാനും സഹിക്കാനും നിർദ്ദേശിക്കലാണ് കാരണം ഭൂമിയിൽ ഏറ്റവും അനുഗ്രഹങ്ങളും സമ്പത്തും സ്ഥാനങ്ങളും നൽകപ്പെട്ടവരായിരുന്നു ദാവൂദ് നബിയും عليه السلام സുലൈമാൻ നബിയും عليه السلام.വലിയ പരീക്ഷണം നൽകപ്പെട്ടവരായിരുന്നു അയ്യൂബ് നബി عليه السلام. ഇതിൽ നിന്ന് ഭൌതിക ലോകത്ത് കാര്യങ്ങൾ എല്ലാവർക്കും ഒരു പോലെയല്ല എന്ന് മനസ്സിലാക്കാം. പ്രയാസമാണ് അള്ളാഹു നൽകുന്നതെങ്കിൽ അതിൽ ക്ഷമിക്കുക എന്ന പാഠമാണിവിടെ നിന്ന് പകർത്താനുള്ളത് (സന്തോഷവും സമൃദ്ധിയും ലഭിക്കുമ്പോൾ അതിനു നന്ദികാണിക്കുകയും വേണം അഹങ്കരിക്കരുത്) അയ്യൂബ് നബി عليه السلام പിശാച് എനിക്ക് അവശതയും പീഡനവും ഏല്പിച്ചു എന്ന് പ്രസ്താവിച്ചത് സംബന്ധിച്ച് പല വിവരണങ്ങളും രേഖപ്പെട്ട് കിടക്കുന്നുണ്ട്. എന്നാൽ പ്രവാചകത്വത്തിന്റെ മഹത്വത്തോട് നിരക്കാത്ത നിറം പിടിപ്പിച്ച കഥകളൊന്നും ശരിയല്ലെന്ന് നാം മനസ്സിലാക്കണം. രോഗം പ്രവാചകന്മാർക്ക് വരാം. പക്ഷെ അത് ആളുകളെ മ്ലേഛമെന്ന് പറയിപ്പിക്കും വിധം ആവുകയില്ല. അപ്പോൾ അങ്ങനെയുള്ള കഥകൾ നമുക്ക് വിശ്വസിക്കാവതല്ല. മറിച്ച് തന്റെ ശരീരത്തിൽ അസഹനീയമായ വേദന അള്ളാഹു നൽകി നേരത്തെ സാമ്പത്തികമായി നല്ല നിലയിലായിരുന്നു അതെല്ലാം തകർന്നു. പണം ഇല്ലാതാവുകയും ശാരീരിക അസ്വസ്ഥത പ്രകടമാവുകയും ചെയ്തപ്പോൾ തന്റെ സഹായം കൊണ്ട് സുഖമായി ജീവിച്ചിരുന്നവർ തന്നെ ഒഴിവാക്കി സ്ഥലം കാലിയാക്കി തന്റെ ഭാര്യ മാത്രം സുഖത്തിലെന്ന പോലെ ദു:ഖത്തിലും കൂടെ നിന്നു. എന്നാൽ തനിക്ക് അസുഖം ബാധിച്ചപ്പോഴും അയ്യൂബ് നബി عليه السلامപൊറുതികേട് കാണിക്കുകയോ തനിക്ക് എന്തിനു അള്ളാഹു ഇങ്ങനെ പരീക്ഷണം നൽകി എന്ന് വിലപിക്കുകയോ ചെയ്തില്ല. രോഗം സുഖമാക്കിത്തരാൻ പ്രാർത്ഥിക്കണമെന്ന് ഭാര്യ പറയുമ്പോൾ പോലും എത്രയോ കാലം സുഖം മാത്രം തന്ന നാഥൻ അത്രയും കാലം ദുഖവും തരുന്നത് ക്ഷമിക്കാതെ ഇത് ഒഴിവാക്കാൻ എങ്ങനെ പറയുമെന്ന് ചോദിക്കാനായിരുന്നു തനിക്ക് താല്പര്യം അത്രയും വലിയ ക്ഷമയാണ് ഈ പരീക്ഷണത്തോട് അയ്യൂബ് നബി عليه السلام കാണിച്ചത് . എന്നാൽ പിന്നെ പിശാച് അവശതയും പീഡനവും സമ്മാനിച്ചു എന്ന് പറഞ്ഞതോ എന്ന് ചോദിക്കാം മറുപടി ഇങ്ങനെ മനസ്സിലാക്കാം .(1) തനിക്ക് ശരീരത്തിൽ ശക്തമായ വേദന വരികയും സാമ്പത്തിക സ്ഥിതി താളം തെറ്റുകയും ചെയ്തപ്പോൾ ഉറ്റവരെല്ലാം തന്നെ ഉപേക്ഷിച്ച് പോയി. ഭാര്യ മാത്രം തനിക്ക് സേവന സന്നദ്ധതയോടെ കൂടെ നിന്നു വീട്ട് ജോലികൾ ചെയ്ത് അവർക്കുള്ള അന്നത്തിനു ഭാര്യ വഴി കണ്ടെത്തിക്കൊണ്ടിരുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞപ്പോൾ ഇവർ വീടുകളിൽ ജോലിക്ക് വരുന്നത് ആ വീട്ടുകാർ വിലക്കി. പിശാചാവട്ടെ ഒരു കാലത്ത് അനുഭവിച്ച സുഖങ്ങളും ഇപ്പോഴത്തെ പ്രയാസങ്ങളും ഓർമിപ്പിച്ച് പരമാവധി ദുഷ്ചിന്തകളിലേക്ക് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പിശാചുണ്ടാക്കുന്ന ദുഷ്ചിന്തകളെ തിരിച്ചറിഞ്ഞ് അവനെ അവഗണിക്കുകയും ഇവന്റെ കെണിയിൽ പെടാതിരിക്കാനായി അള്ളാഹുവോട് മനമുരുകി പ്രാർത്ഥിക്കുകയും ചെയ്തു. പിശാച് തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന തിരിച്ചറിവ് അയ്യൂബ് നബി عليه السلامയെ വല്ലാതെ മാനസികമായി വേദനിപ്പിച്ചു അതാണ് എനിക്ക് പിശാച് അവശതയും പീഡനവും സമ്മാനിച്ചു എന്ന് പറഞ്ഞത് (2) രോഗാവസ്ഥ നീണ്ടു പോയപ്പോൾ ഇനി ഇതിൽ നിന്ന് നിങ്ങൾ കര കയറുകയില്ലെന്നും അസ്വസ്ഥത പ്രകടിപ്പിക്കാൻ സമയമായെന്നും പിശാച് നിരന്തരം തോന്നിപ്പിച്ച് കൊണ്ടിരുന്നപ്പോൾ അള്ളാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിരാശ തന്നിൽ വന്നേക്കുമോ എന്ന് അയ്യൂബ് നബി عليه السلام ഭയപ്പെടുകയും അള്ളാഹുവിന്റെ അനുഗ്രഹത്തെതൊട്ട് നിരാശരാകുന്ന നിഷേധികളിൽ താൻ പെടാതിരിക്കാൻ നാഥനോട് പ്രാർത്ഥിക്കുകയും ചെയ്തു അതാണ് പിശാച് പീഡനം സമ്മാനിച്ചു എന്ന് പറഞ്ഞത് (3) തന്റെ രോഗാവസ്ഥയിൽ പിശാച് അയ്യൂബ്  നബി عليه السلامയുടെ ഭാര്യയെ സമീപിച്ച് എന്നെ നിങ്ങളുടെ ഭർത്താവ് അനുസരിച്ചാൽ ഞാൻ ഇപ്പോൾ തന്നെ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാം എന്ന് മോഹിപ്പിച്ചു ഭാര്യ ഇക്കാര്യം അയ്യൂബ് നബി عليه السلامയോട് പറഞ്ഞപ്പോൾ എന്റെ നിസ്സഹായത മുതലെടുക്കാൻ പിശാചിനെ അനുവദിക്കരുതെന്ന് നാഥനോട് പ്രാർത്ഥിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ പ്രാർത്ഥിച്ചത് (4) അയ്യൂബ് നബി عليه السلام പറഞ്ഞു അയ്യൂബ് നബി عليه السلام ന് പതിനെട്ട് വർഷം പരീക്ഷണം നീണ്ടു നിന്നപ്പോൾ ഭാര്യയും രണ്ട് പുരുഷന്മാരുമല്ലാത്തവരെല്ലാം തന്നെ വിട്ടു പോയി. അപ്പോൾ ഈ രണ്ടിലൊരാൾ അപരനോട് പറഞ്ഞു ഇത്തരം പരീക്ഷണം അള്ളാഹു നൽകിയത് അയ്യൂബ് നബി عليه السلام മറ്റാരും ചെയ്യാത്ത കാര്യമായ എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ട് ആയിരിക്കും എന്ന്. എന്നിട്ട് അയ്യൂബ് നബി عليه السلامയോട് തന്നെ അവർ ഇങ്ങനെ പറഞ്ഞു അപ്പോൾ അയ്യൂബ് നബി عليه السلامപറഞ്ഞു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഒരിക്കൽ രണ്ടാളുകൾ അള്ളാഹുവെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു അള്ളാഹുവെക്കുറിച്ച് സത്യമല്ലാത്തത് പറയുന്നിടത്ത് നിൽക്കാതെ ഞാൻ വീട്ടിലേക്ക് പോയി. (അതിൽ ഇടപെട്ട് അത് നിർത്തിക്കാതെ പോയത് ശരിയല്ലാതിരിക്കാം എന്ന് അയ്യൂബ് നബി عليه السلام ഓർക്കുകയാണ്) ഇത് അള്ളാഹുവിനറിയാം എന്ന് അയ്യൂബ് നബി عليه السلام പ്രതികരിച്ചു. രോഗാവസ്ഥ നീണ്ടു പോയാൽ പിശാചിന്റെ ജോലി എളുപ്പമാകുമെന്ന് ഭയപ്പെട്ടതിൽ നിന്നുണ്ടായ പ്രതികരണമാണ് പിശാച് എനിക്ക് പീഡനം സമ്മാനിച്ചു എന്നത് (5) വീട്ടു ജോലി ചെയ്ത് അന്നത്തിനു വകയുണ്ടാക്കിയിരുന്ന ഭാര്യയെ വീടുകളിൽ നിന്ന് അകറ്റിയ ഘട്ടത്തിൽ ചില സ്ത്രീകൾ ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് ഘട്ടങ്ങളിലായി തന്റെ നീണ്ട മുടി മുറിച്ചു നൽകി ഭാര്യ ഭക്ഷണം വാങ്ങി. മുടി നഷ്ടപ്പെട്ട കഥയറിഞ്ഞ അയ്യൂബ് നബി عليه السلامക്ക് വലിയ ദു:ഖം വന്നു അപ്പോഴാണ് ഈ അവസ്ഥയിൽ നിന്ന് മോചനം ആഗ്രഹിച്ച് ഇങ്ങനെ പ്രാർത്ഥിച്ചത് (6) പരീക്ഷണാവസ്ഥ ശക്തമായ ഘട്ടത്തിൽ ഒരു ദിവസം അയ്യൂബ് നബി عليه السلامഇങ്ങനെ പ്രാർത്ഥിച്ചു നാഥാ! രണ്ട് വിധം കാര്യങ്ങൾ എന്റെ മുന്നിലെത്തിയാൽ നിന്നെ അനുസരിക്കുന്ന കാര്യമേ ഞാൻ തിരഞ്ഞെടുത്തിട്ടുള്ളൂ എന്ന് നിനക്കറിയാമല്ലോ ! എനിക്ക് നീ സമ്പത്ത് നൽകിയപ്പോൾ വിധവകൾക്ക് സംരക്ഷകനും യാത്രക്കാർക്ക് സഹായിയും അനാഥകൾക്ക് പിതാവും ആയാണ് ഞാൻ ജീവിച്ചത് എന്ന് നിനക്കറിയാമല്ലോ! ഉടൻ ഒരു അശരീരി കേൾക്കുന്നു അയ്യൂബ്! ആരിൽ നിന്നുള്ള ഭാഗ്യം കൊണ്ടാണ് നിങ്ങൾക്ക് അത് സാധ്യമായത്? ഇങ്ങനെ പ്രാർത്ഥിക്കരുതായിരുന്നു എന്ന് ബോദ്ധ്യപ്പെട്ട അയ്യൂബ് നബി عليه السلامതലയിൽ മണ്ണിട്ട് കൊണ്ട് നിന്നിൽ നിന്നാണ് അതിനുള്ള ഭാഗ്യമുണ്ടായത് നാഥാ എന്ന് പറഞ്ഞു അതോടെ ആദ്യം പറഞ്ഞതിൽ തനിക്ക് വിഷമം തോന്നി അപ്പോഴായിരുന്നു പിശാച് പീഡനം സമ്മാനിച്ചു എന്ന് പറഞ്ഞത് വേറെയും വ്യാഖ്യാനങ്ങൾ പറയപ്പെട്ടിട്ടുണ്ട് (റാസി)


ഏതായാലും പരീക്ഷണം അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ അയ്യൂബ് നബി
عليه السلام എനിക്ക് ചില വിഷമങ്ങളുണ്ട് എന്ന് വിനീതമായി പറഞ്ഞു അപ്പോഴും സുഖം തരണമെന്നൊന്നും അതിൽ ആവശ്യപ്പെട്ടില്ല എന്ന് നാം ഓർക്കണം. അങ്ങനെ പറഞ്ഞത് പോലും ആത്മീയമായ അപചയത്തിലേക്ക് തള്ളിവിടാൻ പിശാച് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്ന് ബോദ്ധ്യമായ ഘട്ടത്തിൽ മാത്രമാണ്. അത് മതപരമായി വലിയ നന്മയാണ് പരീക്ഷണത്തിലുള്ള പൊറുതികേട് അല്ല.

ഇമാം നസഫി رحمة الله عليه എഴുതുന്നു മൂന്ന് വിശ്വാസികൾ (രോഗാവസ്ഥയിൽ) തന്നെ സന്ദർശിക്കാറുണ്ടായിരുന്നു.അതിൽ നിന്ന് ഒരാൾ പിന്നീട് വരാതായി അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു അള്ളാഹു നബിമാരെയും നല്ല മനുഷ്യരെയും ഇങ്ങനെ പരീക്ഷിക്കുകയില്ല എന്ന്. (പിശാച് അവന്റെ ജോലി നന്നായി നടത്തിക്കൊണ്ടിരുന്നു എന്ന് ചുരുക്കം. അപ്പോഴാണ് ഈ അവസ്ഥ തുടരുന്നതിലെ മതപരമായ അപകടം നബിക്ക് മനസ്സിലായത് ക്ഷമ നിലനിർത്തിക്കൊണ്ട് തന്നെ പരീക്ഷണത്തിൽ നിന്ന് മോചനം ആവശ്യപ്പെടാൻ കാരണം ഇതായിരുന്നു) ഇങ്ങനെ പരീക്ഷണം ഉണ്ടാവാൻ കാരണം ഒരിക്കൽ അയൽക്കാരൻ വിശന്നിരിക്കെ നബി عليه السلام ആടിനെ അറുത്ത് ഭക്ഷിച്ചതാണെന്നും ഒരു തിന്മ കണ്ടപ്പോൾ പ്രതികരിക്കാത്തതാണെന്നും അള്ളാഹു അവിടുത്തെ സ്ഥാനം വർദ്ധിപ്പിക്കാനായി നൽകിയതാണെന്നും അഭിപ്രായമുണ്ട് (മദാരിക്) എന്നാലും പരീക്ഷണം അവസാനിപ്പിക്കാൻ അള്ളാഹു തീരുമാനിച്ചു അതിന്റെ വഴിയാണ് ഇനി പറയുന്നത്

 
(42)
ارْكُضْ بِرِجْلِكَ هَذَا مُغْتَسَلٌ بَارِدٌ وَشَرَابٌ

 

(നാം നിർദ്ദേശിച്ചു) അങ്ങയുടെ കാലുകൊണ്ട് അങ്ങ് ചവിട്ടുക ഇതാ! തണുത്ത സ്നാനജലവും കുടിനീരും


കാലു കൊണ്ട് ഭൂമിയിൽ നന്നായി ചവിട്ടാൻ അള്ളാഹു കല്പിച്ചു ചവിട്ടിയപ്പോൾ ഉറവ പൊട്ടി നല്ല വെള്ളം ! കുടിക്കാനും കുളിക്കാനും പറ്റുന്നത്. ഇമാം റാസി رحمة الله عليهഎഴുതുന്നു ഇവിടെ ഒരു ഉറവ പൊട്ടി എന്നാണ് വ്യക്തമാവുന്നത് എന്നാൽ ഖുർആൻ വ്യാഖ്യാതാക്കൾ രണ്ട് ഉറവ ഉണ്ടായതായും ഒന്നിൽ നിന്ന് കുളിക്കുകയും അടുത്തതിൽ നിന്ന് കുടിക്കുകയും ചെയ്തു എന്ന് വിശദീകരിച്ചിട്ടുണ്ട് അതായത് വലത് കാൽ കൊണ്ട് ചവിട്ടിയപ്പൊൾ ഒരു വെള്ളം ലഭിച്ചു നല്ല ചൂട് വെള്ളം. അത് കൊണ്ട് നബി عليه السلام കുളിച്ചു ഇടത് കാൽ കൊണ്ട് ചവിട്ടി അപ്പോൾ ഒരു വെള്ളം ലഭിച്ചു തണുത്ത വെള്ളം കുളിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളും കുടിച്ചപ്പോൾ മാനസിക വ്യഥകളും മാറി സന്തോഷമായി (റാസി)
ഇബ്നുകസീർ
رحمة الله عليه എഴുതുന്നു അയ്യൂബ് നബി عليه السلامസാധാരണ എന്തെങ്കിലും ആവശ്യത്തിനു പോയാൽ ഭാര്യ കൈപിടിച്ച് കൊണ്ട് വരാറാണ് പതിവ്. ഒരു ദിനം ഭാര്യ വരാൻ വൈകി.ആ സമയത്താണ് കാൽ കൊണ്ട് ഭൂമിയിൽ ചവിട്ടാൻ നിർദ്ദേശിച്ചതും ഉറവ പൊട്ടി അതിൽ നിന്ന് കുടിക്കുകയും കുളിക്കുകയും ചെയ്തതും രോഗം സുഖമായതും.ഭാര്യ വന്നപ്പോൾ അയ്യൂബ് നബി عليه السلامയോട് സമാനനായ ഒരു ആരോഗ്യവാനായ പുരുഷനെ കാണുന്നു അയ്യൂബ് നബി عليه السلامയെ കാണുന്നുമില്ല. ഭാര്യ ചോദിച്ചു ഹേ മനുഷ്യാ! അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ പരീക്ഷിക്കപ്പെട്ട ആ നബിയെ നിങ്ങൾ കണ്ടുവോ? ആരോഗ്യമുള്ള സമയത്ത് അദ്ദേഹം നിങ്ങളോട് രൂപ സാമ്യം ഉള്ള ആളായിരുന്നു അയ്യൂബ് നബി عليه السلامപറഞ്ഞു ഞാൻ അയ്യൂബ് നബി عليه السلامതന്നെ രോഗം സുഖപ്പെട്ടതോടൊപ്പം സ്വർണ്ണം തന്റെ ഗോതമ്പിന്റെയും ബാ‍ർളിയുടെയും പാത്രത്തിലേക്ക് നിറഞ്ഞ് കവിയുകയും ചെയ്തു ഇത് ഇമാം ഥിബ്രി رحمة الله عليه രേഖപ്പെടുത്തിയിട്ടുണ്ട് (ഇബ്നുകസീർ)



(43)

وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَى لِأُوْلِي الْأَلْبَابِ



അദ്ദേഹത്തിനു അദ്ദേഹത്തിന്റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു നമ്മുടെ പക്കൽനിന്നുള്ള കാരുണ്യവും ബുദ്ധിമാന്മാർക്ക് ഒരു ഉൽബോധനവുമെന്ന
നിലയിൽ

തന്നെ വിട്ടുപോയവരെല്ലാം തിരികെ വരികയും വീണ്ടും കുടുംബങ്ങൾ വർദ്ധിക്കുകയും ചെയ്തു എന്നാണ് സ്വന്തക്കാരെയും അവരോടൊപ്പം അത്ര ആളുകളെയും നൽകി എന്ന് പറഞ്ഞത്. മരണപ്പെട്ട് പോയ കുടുംബങ്ങളെ ജീവിപ്പിചു നൽകി എന്ന വീക്ഷണം പല വ്യാഖ്യാതാക്കളും പറയുന്നുണ്ട് ഇവിടെ. ക്ഷമിക്കുന്നവർക്കുള്ള കാരുണ്യമാണ് അള്ളാഹു ഈ ചെയ്തത്. പരീക്ഷണത്തിൽ പകച്ച് നിൽക്കാതെ സന്തോഷവും സങ്കടവും നൽകുന്നവൻ അള്ളാഹുവാണെന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെ ക്രമീകരിക്കാൻ ബുദ്ധിമാന്മാർക്ക് ഇത് ഉൽബോധനവുമാണ് പരീക്ഷണം വരുമ്പോൾ പൊറുതികേട് കാണിക്കുകയോ അള്ളാഹുവിന്റെ തീരുമാനം ഇഷ്ടപ്പെട്ടില്ല എന്ന് വരും വിധം പ്രതികരിക്കുകയോ ചെയ്യാതെ ക്ഷമ കൈമുതലാക്കിയാൽ അവസാനം വലിയ സന്തോഷം നൽകി അള്ളാഹു ആദരിക്കും എന്ന് ഈ ചരിത്രത്തിൽ ഗുണപാഠമുണ്ട് എന്ന് ചുരുക്കം



(44)
وَخُذْ بِيَدِكَ ضِغْثًا فَاضْرِب بِّهِ وَلَا تَحْنَثْ إِنَّا وَجَدْنَاهُ صَابِرًا نِعْمَ الْعَبْدُ إِنَّهُ أَوَّابٌ


അങ്ങ് ഒരു പിടി പുല്ല് അങ്ങയുടെ കയ്യിലെടുക്കുക എന്നിട്ട് അത് കൊണ്ട് അങ്ങ് അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക തീർച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു വളരെ നല്ല ദാസൻ!
 തീർച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു


പുല്ല് കയ്യിലെടുത്ത് അത് കൊണ്ട് അടിക്കാൻ പറഞ്ഞതിന്റെ സാഹചര്യം സംബന്ധമായി വ്യത്യസ്ഥ വീക്ഷണങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും അതിൽ ഏറ്റവും ശരിയായത് രോഗിയായ അയ്യൂബ് നബി عليه السلامയുടെ അടുത്ത് എത്താൻ (വീട്ടുജോലികളുടെ തിരക്കിൽ ) ഭാര്യക്ക് ഒരിക്കൽ സാധിച്ചില്ല.അപ്പോൾ അയ്യൂബ് നബി عليه السلامഎനിക്ക് ഈ അസുഖം സുഖപ്പെട്ടാൽ ഭാര്യയെ നൂറ് അടി അടിക്കുമെന്ന് സത്യം ചെയ്തു. അസുഖം മാറിയപ്പോൾ  എല്ലാ പ്രതിസന്ധിയിലും കൂടെ നിന്ന ഭാര്യയെ അടിച്ച് ശപഥം പൂർത്തിയാക്കണമല്ലോ എന്ന ചിന്ത അയ്യൂബ് നബി عليه السلامക്ക് വിഷമമുണ്ടാക്കി അപ്പോൾ ശപഥം പൂർത്തിയാക്കാൻ നൂറ് ഇഴകളുള്ള പുല്ല് കെട്ട് കൊണ്ട് ഒരു തവണ അടിക്കാൻ അള്ളാഹു നിർദ്ദേശിച്ചതാണിവിടെ പറയുന്നത് പ്രതിസന്ധികളെ ക്ഷമയോടെ സമീപിച്ച അയ്യൂബ് നബി عليه السلامക്കുള്ള വലിയ മംഗള പത്രമാണ് ഈ നിർദ്ദേശം.
അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു വളരെ നല്ല ദാസൻ!
 തീർച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു


എന്ന് അള്ളാഹു പറഞ്ഞത് ഈ അംഗീകാരം വ്യക്തമാക്കുന്നു
ഇവിടെ ഒരു ചോദ്യവും മറുപടികളും ഇമാം റാസി
رحمة الله عليه  പറയുന്നുണ്ട് രോഗം വന്നപ്പോൾ എനിക്ക് പിശാച് പീഡനം സമ്മാനിച്ചു എന്ന് പരാതി പറഞ്ഞ അയ്യൂബ് നബിയെ എങ്ങനെ ക്ഷമാശീലനായി കാണാനാകും? ഇതാണ് ചോദ്യം ഉത്തരങ്ങൾ ഇങ്ങനെ (ഒന്ന്) പിശാചിനെ പറ്റി അള്ളാഹുവോടല്ലേ പരാതി പറഞ്ഞത് വേറെ ആരൊടും അള്ളാഹുവെ പറ്റി പരാതി പറഞ്ഞില്ലല്ലൊ അതാണ് ക്ഷമ (രണ്ട്) ശരീരത്തെ വേദന പിടികൂടിയതിൽ അയ്യൂബ് നബി عليه السلام പരാതി പറഞ്ഞിട്ടില്ല തന്റെ ദീനിയായ നിലപാടിൽ കുറവ് വരാതിരിക്കാനാണ് പരാതി പറഞ്ഞത് അത് ആക്ഷേപാർഹമല്ല (മൂന്ന്) പിശാച് മനുഷ്യന്റെ ശത്രുവാണ്. ശത്രുവിനെ പറ്റി സ്നേഹമുള്ളവരോട് പരാതി പറയുന്നത് ക്ഷമയുടെ അന്തസത്തക്ക് എതിരല്ല (റാസി)
ഖേദിച്ച് മടങ്ങുന്നവരായതിനാലാണ് നല്ല അടിമ എന്ന അംഗീകാരം നൽകിയത്
അള്ളാഹു അയ്യൂബ് നബി عليه السلا അടക്കമുള്ള മഹത്തുക്കളുടെ ബറക്കത്ത് കൊണ്ട് നമ്മെ നല്ലവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ


(തുടരും)
ഇൻ ശാഅള്ളാഹ്

No comments: