അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88
(Part -7 - സൂക്തം 45 മുതൽ 54 വരെ സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(45)
وَاذْكُرْ عِبَادَنَا إبْرَاهِيمَ
وَإِسْحَقَ وَيَعْقُوبَ أُوْلِي الْأَيْدِي وَالْأَبْصَارِ
കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്മാരായ ഇബ്‌റാഹീം,ഇസ്‌ഹാഖ്,യഅ്ഖൂബ് എന്നിവരെയും ഓർക്കുക
തീയിൽ എറിയപ്പെട്ട
സമയത്ത് ക്ഷമയോടെ അതിനെ നേരിട്ട ഇബ്‌റാഹീം നബി عليه السلامയും ദൈവ
പ്രീതിക്കായി പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമയുടെ ഉന്നത മാതൃക കാണിച്ച ഇസ്‌ഹാഖ് നബി عليه السلامയും മകൻ
നഷ്ടപ്പെട്ടതിലും കണ്ണിന്റെ കാഴ്ച മങ്ങിയതിലും ഉന്നതമായ ക്ഷമ കാഴ്ച വെച്ച യഅ്ഖൂബ്
നബി عليه السلامയും
ക്ഷമയുടെ മൂർത്തമായ മാതൃക കാണിച്ചവരാണ്. ഇത് ഓർക്കുകയും
മാതൃകയാക്കുകയും വേണം. അവർ കൈക്കരുത്തും കാഴ്ചപ്പാടും ഉള്ളവരായിരുന്നു അഥവാ ﷲഅള്ളാഹുവിനെ അനുസരിക്കുന്നതിൽ ശക്തരും മതപരമായ കാഴ്ചപ്പാടും
ഉള്ളവരായിരുന്നു. ആരാധനകളിൽ അക്ഷീണം പ്രയത്നിക്കുന്നവർ എന്നാണ് ശക്തിയുള്ളവർ
എന്നതിന്റെ താല്പര്യം. സത്യം മനസ്സിലാക്കുന്നതിലും ശരിയായ ചിന്തകൾ
ചിട്ടപ്പെടുത്തുന്നതിലും നേരായ വഴിയിൽ സഞ്ചരിച്ചവർ അതിനാവശ്യമായ വലിയ അളവിലുള്ള
അറിവും നിലപാടും ഉണ്ടായിരുന്നവർ എന്നൊക്കെയാണ് ഇതിന്റെ ആശയം. കൈക്കരുത്തുള്ളവരായിരുന്നു
എന്നതിനു ﷲഅള്ളാഹു ധാരാളം അനുഗ്രഹം നൽകിയവരായിരുന്നു അവർ എന്നും വ്യാഖ്യാനം
പറയപ്പെട്ടിട്ടുണ്ട്
(46)
إِنَّا أَخْلَصْنَاهُم
بِخَالِصَةٍ ذِكْرَى الدَّارِ
നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉൽകൃഷ്ടമാക്കിയിരിക്കുന്നു പരലോക
സ്മരണയത്രെ അത്
അവർ പരലോക വിജയത്തിനായി പണിയെടുക്കുകയും
അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവരാണ്. ഭൌതിക
ജീവിതത്തിന്റെ പ്രൌഢിയോ അത് വികസിപ്പിക്കാനുള്ള ചിന്തയോ അവരെ അശേഷം പിടികൂടിയില്ല
അവർ പരലോകത്തെ കുറിച്ച് ചിന്തിക്കുകയും അതിനായി പ്രവർത്തിക്കുകയും
ചെയ്യുന്നതോടൊപ്പം തന്നെ ആ ചിന്ത ജനങ്ങളിലേക്ക് ഇട്ട് കൊടുക്കാനായി ഉൽബോധനം
നടത്തുകയും ചെയ്തിരുന്നു എന്നൊക്കെയാണ് ഇവിടെ പറയുന്നത് പരലോകത്ത് അവർക്ക്
പ്രത്യേക പരിഗണനയുണ്ട് എന്നും ഇവിടെ വ്യാഖ്യാനം പറയപ്പെട്ടിരിക്കുന്നു (ഇബ്നുകസീർ)
ഭൌതിക ലോകത്തിന്റെ പരിമിതികൾ ഉൾക്കൊള്ളുകയും ഇത് താൽക്കാലികവും ക്ഷണികവുമാണെന്ന്
ചിന്തിക്കുകയും പരലോകം അനന്തമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നിടത്താണ് നല്ല
ചിന്തകളും കർത്തവ്യ ബോധവും ഉണരുക.അത്തരക്കാർ തൽക്കാല സന്തോഷങ്ങളിൽ അഭിരമിച്ച്
സ്ഥിരമായി ലഭിക്കേണ്ട സൌഭാഗ്യം നഷ്ടപ്പെടുത്തുകയില്ല ഈ ചിന്തയില്ലാത്തവർ നിമിഷ
നേരത്തെ സന്തോഷം നിത്യ ദു:ഖത്തിലേക്കുള്ള യാത്രയാക്കി മാറ്റുന്ന ദുരന്തങ്ങളാവുകയും
ചെയ്യും. ﷲഅള്ളാഹു നമ്മെ വിജയികളിൽ പെടുത്തട്ടെ ആമീൻ
(47)
وَإِنَّهُمْ
عِندَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ
തീർച്ചയായും അവർ നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാരിൽ പെട്ടവരാകുന്നു
മാലിന്യങ്ങളിൽ നിന്നെല്ലാം സംരക്ഷിക്കപ്പെട്ട
ﷲഅള്ളാഹുവിന്റെ
സന്ദേശങ്ങൾ ജനങ്ങളിലേക്ക് കൈമാറാനുള്ള ദൌത്യ നിർവ്വഹണത്തിനു നിയോഗിക്കപ്പെട്ട
പ്രത്യേക സ്ഥാനങ്ങളും ആദരവും നൽകപ്പെട്ടവരാണവർ
(48)
وَاذْكُرْ إِسْمَاعِيلَ
وَالْيَسَعَ وَذَا الْكِفْلِ وَكُلٌّ مِّنْ الْأَخْيَارِ
ഇസ്‌മാഈൽ, അൽയസഅ്, ദുൽകിഫ്‌ൽ
എന്നിവരെയും ഓർക്കുക അവരെല്ലാവരും ഉത്തമന്മാരിൽ പെട്ടവരാകുന്നു
ﷲഅള്ളാഹുവിനെ അനുസരിക്കുന്നതിലും അവന്റെ സന്ദേശം ജനങ്ങളിൽ
പ്രബോധനം ചെയ്യുന്നതിലും ഈ പ്രവാചകന്മാർ
നേരിടേണ്ടി വന്ന പരീക്ഷണങ്ങളും അവർ
സ്വീകരിച്ച നിലപാടുകളും പാഠമാവാൻ അവരെ മാതൃകയാക്കാൻ ഉണർത്തിയിരിക്കുകയാണ്
(49)
هَذَا ذِكْرٌ وَإِنَّ
لِلْمُتَّقِينَ لَحُسْنَ مَآبٍ
ഇതൊരു ഉൽബോധനമത്രെ. തീർച്ചയായും സൂക്ഷ്മതയുള്ളവർക്ക് മടങ്ങിച്ചെല്ലാൻ ഉത്തമമായ
സ്ഥാനമുണ്ട്
ഈ ഖുർആൻ
ഉൽബോധനമാണ് അതുൾക്കൊണ്ട് പ്രവർത്തിച്ച് വിജയിക്കുന്നവർക്ക് സ്വർഗമെന്ന സന്തോഷ ഭവനം
വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ﷲഅള്ളാഹു നമ്മെയും അവരിൽ പെടുത്തട്ടെ ആമീൻ
ഇതൊരു പ്രശംസയാണ് ﷲഅള്ളാഹു ഈ മഹാന്മാരെ ഈ വാക്കുകളിലൂടെ പ്രശംസിച്ച് അവരുടെ സ്മരണ അന്ത്യനാൾ വരെ
നിലനിർത്തുകയാണ് എന്നും ഇവിടെ
വ്യാഖ്യാനമുണ്ട് (ഖുർതുബി)
(50)
جَنَّاتِ عَدْنٍ مُّفَتَّحَةً
لَّهُمُ الْأَبْوَابُ
അവർക്ക് വേണ്ടി കവാടങ്ങൾ തുറന്ന് വെച്ചിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗത്തോപ്പുകൾ
സൂക്ഷ്മതയുള്ളവർക്ക് മടങ്ങിച്ചെല്ലാനുള്ള
ഉന്നതമായ സ്ഥാനത്തിന്റെ വിശദീകരണമാണിത്. സ്വർഗാവകാശികൾ അവിടെക്ക്
വരുമ്പോൾ കവാടം തുറക്കാൻ കാത്തു നിന്ന് മുഷിയേണ്ടതില്ലാത്ത വിധം അവർക്ക് വേണ്ടി ആ
സ്വർഗത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ഇത് അവർക്കുള്ള വലിയ അംഗീകാരമാണ്
തുറക്കപ്പെടും എന്ന പ്രയോഗം വാക്കാൽ ‘തുറക്കൂ’ എന്ന്
പറയപ്പെടുമ്പോൾ സ്പർശനമില്ലാതെ തുറക്കപ്പെടുമെന്നും മലക്കുകൾ തുറന്നു
കൊടുക്കുമെന്നും അഭിപ്രായമുണ്ട് (ഖുർതുബി)
‘അദ്ൻ’ എന്ന സ്വർഗം നബി സിദ്ധീഖ്, ശഹീദ് എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി എന്ന് അബ്ദുള്ളാഹി ബിൻ
ഉമർ رضي الله عنه പറഞ്ഞിട്ടുണ്ട് (ഖുർതുബി)
എന്താണ്
അദ്ൻ എന്ന് ഉമർ കഅ്ബ് رضي
الله عنهഎന്നവരോട് ചോദിച്ചപ്പോൾ സ്വർണ്ണം
കൊണ്ടുള്ള കൊട്ടാരമാണെന്നും നബിമാർ, സിദ്ധീഖുകൾ, രക്തസാക്ഷികൾ, നീതിയോടെ ഭരണം നടത്തിയവർ എന്നിവർക്കാണ് അവിടെ പ്രവേശനമെന്നും
അവർ പറഞ്ഞു (ഥിബ്‌രി)
(51)
مُتَّكِئِينَ
فِيهَا يَدْعُونَ فِيهَا بِفَاكِهَةٍ كَثِيرَةٍ وَشَرَابٍ
അവർ അവിടെ ചാരി ഇരുന്ന് വിശ്രമിച്ചു കൊണ്ട്. സമൃദ്ധമായുള്ള ഫലവർഗങ്ങൾക്കും പാനീയത്തിനും ആവശ്യപ്പെട്ട്
കൊണ്ടിരിക്കും
ﷲഅള്ളാഹു അവർക്ക് ഒരുക്കിയ സ്വർഗത്തിൽ അലംകൃതമായ കട്ടിലുകളിൽ
സസന്തോഷം ഇരിക്കുന്ന അവർക്ക് അവർ ആവശ്യപ്പെടുന്ന പഴങ്ങളും പാനീയങ്ങളും സേവകന്മാർ
എത്തിച്ച് നൽകുന്നു അത് എത്ര തരത്തിലുണ്ടെന്നോ ഏതൊക്കെ ഇനങ്ങൾ ആണെന്നോ വർണ്ണിക്കാൻ
ആവാത്ത വിധം വിപുലമായത് കൊണ്ടാണ് ‘സമൃദ്ധമായുള്ള’ എന്ന് പറഞ്ഞത്
(52)
وَعِندَهُمْ قَاصِرَاتُ الطَّرْفِ
أَتْرَابٌ
അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന സമപ്രായക്കാരികളായ സ്ത്രീകളുണ്ടായിരിക്കും
അദ്ൻ എന്ന സന്തോഷ ഭവനത്തിൽ താമസിക്കാൻ ﷲഅള്ളാഹു തിരഞ്ഞെടുത്ത ഈ സൌഭാഗ്യവാന്മാർക്ക് അവിടെ അള്ളാഹു
സംവിധാനിച്ച മറ്റൊരു അനുഗ്രഹമാണിത്. ദൃഷ്ടി നിയന്ത്രിക്കുന്ന-തങ്ങളുടെ ഭർത്താവ്
അല്ലാത്ത മറ്റൊരു പുരുഷനെയും നോക്കാത്ത മറ്റൊരാളെ ആഗ്രഹിക്കാത്ത പരമ പരിശുദ്ധകളായ
ഇണകൾ ഇമാം ഥിബ്‌രി رحمة الله عليه എഴുതുന്നുണ്ട്. കണ്ണ് നിയന്ത്രിക്കുന്നതോടൊപ്പം കാതും
മനസ്സും മറ്റൊരു പുരുഷനിലേക്ക് തിരിക്കാത്തവരാണവർ എന്ന്. സമപ്രായക്കാരികൾ
എന്നാൽ ഒരിക്കലും വാർദ്ധക്യത്തിലെത്താതെ ചെറുപ്പത്തിന്റെ സൌന്ദര്യം
നിലനിർത്തുന്നവർ എന്ന് അർത്ഥം. ഇവിടെ പരസ്പരം പോരടിക്കാത്ത-പരസ്പരം
വിദ്വേഷമില്ലാത്ത-അസൂയയില്ലാത്ത പരസ്പരം സ്നേഹം നിലനിർത്തുന്നവർ എന്നും ഈ വാക്കിനു
അർത്ഥമുണ്ടെന്ന് ഇമാം ഥിബ്‌രി/ബഗ്‌വി رحمة
الله عليه എന്നിവർ എഴുതുന്നുണ്ട്.
സൌന്ദര്യത്തിലും യുവത്വത്തിലും എന്നും മുപ്പത്തിമൂന്ന് വയസ്സിന്റെ പ്രൌഢിയുള്ളവർ
എന്ന് സമപ്രായക്കാരികൾ എന്നതിനു ഇമാം ഖുർതുബി رحمة الله عليهവിവരണം നടത്തിയിട്ടുണ്ട്
(53)
هَذَا
مَا تُوعَدُونَ لِيَوْمِ الْحِسَابِ
ഇതത്രെ വിചാരണയുടെ ദിവസത്തേക്ക് നിങ്ങൾക്ക് വാഗ്‌ദാനം നൽകപ്പെടുന്നത്
മുകളിൽ പറഞ്ഞ സന്തോഷങ്ങളും സൌകര്യങ്ങളുമാണ്
വിചാരണ നാളിലേക്ക് ﷲഅള്ളാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ച് ജീവിക്കുന്നവർക്ക്
വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത് അവർ പുനർജന്മത്തിന്റെ ഭാഗമായി ഖബ്‌റിൽനിന്ന്
എഴുന്നേറ്റ ശേഷം നരകത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്വർഗത്തിന്റെ ഈ സൌകര്യത്തിലേക്ക്
ﷲഅള്ളാഹു അവരെ
എത്തിക്കും
പരലോകത്ത് ഈ വിധം ആദരിക്കപ്പെടാൻ ഭൂമിയിലെ ജീവിതത്തിൽ ഉത്തരവാദിത്ത ബോധം
നിലനിർത്തുകയും അരുതായ്മകളെ അകറ്റി നിർത്തുകയും കടമകളും ബാദ്ധ്യതകളും
വ്യവസ്ഥാപിതമായി നിർവഹിക്കുകയും ചെയ്ത് നല്ല ഒരു മനുഷ്യനാവാൻ നിർബന്ധ ബുദ്ധി
കാണിക്കണം സ്വർഗം വലയം ചെയ്യപ്പെട്ടിരിക്കുന്നത് മനുഷ്യന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ
കൊണ്ടും നരകം വലയം ചെയ്യപ്പെട്ടത് മനുഷ്യൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൊണ്ടുമാണ്
എന്ന നബി വചനം നന്നായി നാം ഓർക്കണം. യാതൊരു തത്വദീക്ഷയുമില്ലാതെ വിചാരിക്കുന്നതും
ആഗ്രഹിക്കുന്നതുമെല്ലാം ചെയ്ത് കൂട്ടുകയും നമുക്ക് വിഷമമുള്ളതും ﷲഅള്ളാഹു കല്പിച്ചതുമായ കാര്യങ്ങളോട് പുറം തിരിഞ്ഞ്
നിൽക്കുകയും ചെയ്താൽ സ്വർഗത്തിന്റെ മതിൽ പൊളിച്ച് അങ്ങോട്ട് പ്രവേശിക്കാൻ
സാധിക്കാതെ വരികയും നരക കവാടങ്ങൾ തുറന്നിടുന്നവരായി നാം അധപതിക്കുകയും ചെയ്യും
അതിനാൽ ജീവിതത്തെ ശരിയായി കടിഞ്ഞാണിട്ട് നിർത്തുന്നതിൽ വിജയിക്കണം അള്ളാഹു നമ്മെ
അനുഗ്രഹിക്കട്ടെ ആമീൻ
(54)
إِنَّ هَذَا لَرِزْقُنَا مَا لَهُ
مِن نَّفَادٍ
തീർച്ചയായും ഇത് നാം നൽകുന്ന ഉപജീവനമാകുന്നു അത് തീർന്നു പോകുന്നതല്ല
സ്വർഗത്തിൽ എത്തിയവർക്ക് ഒരുക്കിയിട്ടുള്ള
ധാരാളം പഴങ്ങൾ, പാനീയങ്ങൾ, സൌന്ദര്യവതികളും യുവതികളും പരമപരിശുദ്ധകളുമായ ഇണകൾ, ആഗ്രഹിക്കുന്നതെന്തും എത്തിച്ച് കൊടുക്കാൻ
സദാ ഒരുങ്ങിനിൽക്കുന്ന പരിചാരകർ എന്നിവയെല്ലാം സൂക്ഷ്മജീവിതം നയിച്ചവർക്ക് നാം
നൽകുന്ന സൌഭാഗ്യങ്ങളാണ്. അത് തീർന്നു പോവുകയോ പിൻ വലിക്കപ്പെടുകയോ ചെയ്യുകയില്ല ഒരു
പഴം പറിച്ചാൽ അപ്പോൾ തന്നെ അവിടെ പകരം പഴം സൃഷ്ടിക്കപ്പെടും ഭൂമിയിൽ നാം
ഉപയോഗിക്കുന്നത് കുറഞ്ഞ് പോകുന്നത് പോലുള്ള പ്രവണത അവിടെയില്ല ഇത് അനുഭവിക്കാൻ
നമുക്ക് സാധിക്കാത്ത വിധം നാം അവിടെ നിന്ന് നശിക്കുകയില്ല എന്നതും ഇതിന്റെ ഭാഗമായി
മനസ്സിലാക്കണം ﷲഅള്ളാഹു നല്ല ജീവിതം നയിച്ച് അവന്റെ സ്വർഗത്തിൽ പ്രവേശനം ലഭിക്കുന്നവരിൽ
നമ്മെയെല്ലാം ഉൾപെടുത്തട്ടെ ആമീൻ
(തുടരും)
ഇൻശാഅള്ളാഹ്
No comments:
Post a Comment