Monday, January 31, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 01

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്    الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -1  -   സൂക്തം 01 മുതൽ 10 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


(1)
وَالصَّافَّاتِ صَفًّا


ശരിയായി അണിനിരന്നു നിൽക്കുന്നവർ തന്നെ സത്യം


ശരിയായി അണി നിരന്ന് നിൽക്കുന്നവർ എന്നത് കൊണ്ട് മലക്കുകളാണ് ഉദ്ദേശ്യം എന്നാണ് ഒരു വ്യാഖ്യാനം. ഇബ്നു അബ്ബാസ് رضي الله عنه, ഹസൻ ബസരി رضي الله عنه,ഖതാദ رضي الله عنه: എന്നിവർ പറയുന്നു മനുഷ്യർ ഭൂമിയിൽ നിസ്ക്കാരത്തിനു അണിയായി നിൽക്കുന്നത് പോലെ മലക്കുകൾ ആകാശത്ത് അണിയായി നിൽക്കും. അണികൾ പൂർത്തിയാക്കിയും വിടവുകൾ അണികൾക്കിടയിൽ വരാതെയും അവർ ചേർന്ന് നിൽക്കും ഇതാണ് ഉദ്ദേശ്യം.

 

മറ്റൊരു വ്യാഖ്യാനം അള്ളാഹുവിന്റെ കല്പനകൾ പ്രതീക്ഷിച്ച് അന്തരീക്ഷത്തിൽ ചിറകു വിടർത്തി മലക്കുകൾ നിൽക്കുമെന്നാണ്.
കൂട്ടം കൂട്ടമായി പറന്നു പോകുന്ന പക്ഷികളാണ് ഉദ്ദേശ്യം എന്നും അഭിപ്രായമുണ്ട് (ബഗ്‌വി)


ഇതോടൊപ്പം നിസ്ക്കരിക്കാനോ യുദ്ധത്തിനോ അണിയായി നിൽക്കുന്ന വിശ്വാസികളാണിവിടെ ഉദ്ദേശ്യം എന്നും അഭിപ്രായമുണ്ട് (ഖുർതുബി)


(2)
فَالزَّاجِرَاتِ زَجْرًا


എന്നിട്ട് ശക്തിയായി തടയുന്നവർ തന്നെ സത്യം


മലക്കുകൾ ആണ് ഇവിടെയും ഉദ്ദേശ്യം. അവർ മഴമേഘങ്ങളെ തടഞ്ഞു നിർത്തി ആവശ്യമുള്ളിടത്തേക്ക് തെളിച്ച് കൊണ്ടു പോകും എന്നോ വിശ്വാസിയുടെ മനസ്സിൽ തിന്മകളിൽ നിന്ന് മാറാനും നന്മകൾ പ്രവർത്തിക്കാനും ഉൽബോധനം നടത്തും എന്നോ അർത്ഥമാകാം.( ഓരോ മനുഷ്യനിലും മലക്കിന്റെ ഉൽബോധനവും പിശാചിന്റെ ദുർബോധനവും നിരന്തരം നടക്കുന്നുണ്ടെന്ന് നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ട് നന്മയിലേക്ക് പ്രേരിപ്പിക്കലും സത്യ വിശ്വാസം സ്വീകരിക്കാൻ നിർദ്ദേശിക്കലുമാണ് മലക്കിന്റെ ഉൽബോധനം സത്യത്തെ നിരാകരിക്കാനും തിന്മകളെ വാരിപ്പുണരാനും നിരന്തരം പ്രേരണ നൽകലാണ് പിശാചിന്റെ ദുർബോധനം. അപ്പോൾ നിസ്കാരം, നോമ്പ്, ദാന ദർമങ്ങൾ തുടങ്ങി നല്ല കാര്യങ്ങൾ ചെയ്യണമെന്ന് തോന്നുമ്പോൾ നമുക്ക് മനസ്സിലാക്കാം മലക്കിന്റെ ഉൽബോധനം എന്നെ സ്വാധീനിക്കുകയാണെന്ന്. അപ്പോൾ അത് മുഖവിലക്കെടുത്ത് ആ നന്മ നടപ്പാക്കുന്നതിൽ ഒട്ടും അമാന്തം കാണിക്കരുത് പിന്നെ ചെയ്യാം എന്ന് കരുതി വൈകിപ്പിക്കുകയുമരുത്. സത്യം നിഷേധിക്കാനോ അക്രമം കാണിക്കാനോ മറ്റു തിന്മകൾ ചെയ്യാനോ തോന്നുമ്പോൾ നാം ഓർക്കണം ഇപ്പോൾ പിശാചിന്റെ ദുർബോധനം എന്നിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന്. ഉടൻ അവന്റെ ശല്യത്തിൽ നിന്ന് നാഥനോട് കാവൽ തേടി ചെയ്യാൻ തോന്നിയ തിന്മയിലേക്ക് പോവാതെ നമ്മെ നാം കടിഞ്ഞാണിട്ട് നിർത്തണം എന്നാണ് തങ്ങളുടെ മുന്നറിയിപ്പിന്റെ താല്പര്യം )
തിന്മകളിൽ നിന്ന് ആളുകളെ അകറ്റി നിർത്തുന്ന ഖുർആനിക സൂക്തങ്ങളാണ് ഇവിടെ ഉദ്ദേശ്യം എന്നും വ്യാഖ്യാനമുണ്ട് (ഖുർതുബി)


(3)
فَالتَّالِيَاتِ ذِكْرًا


എന്നിട്ട് കീർത്തനം ചൊല്ലുന്നവർ തന്നെ സത്യം



അള്ളാഹുവിനെ പ്രകീർത്തിക്കുന്ന മലക്കുകൾ എന്നാണ് ഇവിടെ ഉദ്ദേശ്യം.
അള്ളാഹുവിന്റെ ഖുർആൻ പാരായണം ചെയ്യുന്ന എല്ലാവരും ഇവിടെ ഉദ്ദേശ്യമാകാം എന്നും  ജനങ്ങൾക്ക് അള്ളാഹിവിനെക്കുറിച്ച് ഉൽബോധനം നടത്തുന്ന എല്ലാ നബിമാരുമാണിവിടെ ഉദ്ദേശ്യം എന്നും അഭിപ്രായമുണ്ട് (ഖുർതുബി)


(4)
إِنَّ إِلَهَكُمْ لَوَاحِدٌ


തീർച്ചയായും നിങ്ങളുടെ ആരാധ്യൻ ഏകൻ തന്നെയാകുന്നു


നേരത്തേ മൂന്ന് സൂക്തങ്ങൾ സത്യം ചെയ്ത് പറഞ്ഞത് ഈ വിഷയമാണ്. ആരാധിക്കപ്പെടാൻ അർഹൻ അള്ളാഹു മാത്രമേ ഉള്ളൂ. മക്കയിലെ ബഹുദൈവ വാദികൾ ആരാധ്യൻ ഒന്നാകുന്നത് എങ്ങനെ ശരിയാകും എന്ന് ചോദിച്ചതിനുള്ള മറുപടിയാണിത്. അഥവാ ഈ മലക്കുകളെയും മറ്റു സംവിധാനങ്ങളെയും എല്ലാം നിയന്ത്രിക്കുന്ന അള്ളാഹുവിനു മാത്രമേ ആരാധ്യനാവാൻ അർഹതയുള്ളൂ മറ്റുള്ളവരെല്ലാം അവന്റെ സൃഷ്ടികൾ മാത്രം



(5)
رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ


അതെ.ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവും ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവൻ


ആകാശങ്ങളും ഭൂമിയും അവയിലുള്ളവയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റു സംവിധാനങ്ങളും അവൻ ഉദ്ദേശിക്കും വിധം അവൻ ക്രമീകരിക്കുന്നു ഉദയവും അസ്തമയവും ഉണ്ടാകുന്നു (ഉദയ സ്ഥാനങ്ങളുടെ രക്ഷിതാവ് എന്ന് പറഞ്ഞ് ഇവിടെ മതിയാക്കിയത് അസ്തമയ സ്ഥനത്തെ അവഗണിച്ചത് അല്ല മറിച്ച് ഉദയം എന്നത് അസ്തമയം എന്നതിലേക്ക് കൂടി സൂചന നൽകുന്നത് കൊണ്ടാണ് മാത്രമല്ല ഖുർആൻ പലയിടത്തും അസ്തമയത്തെയും പരാമർശിച്ചിട്ടും ഉണ്ട്)


അത്ഭുതങ്ങളുടെ കലവറയായ ഭൂമിയും ആകാശങ്ങളും അവയിലെ വസ്തുക്കളും ഇത്രയും ചിട്ടയിലും ഭംഗിയിലും ക്രമീകരിക്കുന്ന ശക്തി
അള്ളാഹുവാണ് അവനാണ് യാതൊരു വിഘ്നവും വരാതെ ഇവയെ സംരക്ഷിക്കുന്നത്.അങ്ങനെയുള്ള അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കുന്നത് യുക്തി ഭദ്രമല്ല എന്ന് ഇവിടെ വ്യക്തമാവുന്നു




 (6)
إِنَّا زَيَّنَّا السَّمَاء الدُّنْيَا بِزِينَةٍ الْكَوَاكِبِ


തീർച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താൽ മോടിപിടിപ്പിച്ചിരിക്കുന്നു

ഉറച്ച് നിൽക്കുന്നവയും സഞ്ചരിക്കുന്നവയുമായിട്ടുള്ള നക്ഷത്രങ്ങൾ ഭൂമിയിലുള്ളവർക്ക് പ്രകാശം പരത്തിയും ആകാശത്തെ അലങ്കൃതമാക്കിയും ക്രമീകരിച്ചത് നാമാണ് എന്ന് അള്ളാഹു പറയുന്നു അത് അവന്റെ ശക്തിയുടെ തെളിവായി ഉയർത്തിക്കാണിക്കുകയും ചെയ്യുന്നു. അടുത്തുള്ള ആകാശം എന്നത് ഒന്നാം ആകാശം എന്നാണ്



(7)

وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ


ധിക്കാരിയായ ഏത് പിശാചിൽ നിന്നും  (അതിനെ ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു

ആകാശ ലോകത്ത് നിന്ന് വാർത്തകൾ ചോർത്തി ഭൂമിയിൽ തങ്ങളെ ആരാധിക്കുന്ന ജോത്സ്യൻമാർക്ക് എത്തിച്ച് കൊടുക്കുന്ന പതിവ് മുമ്പ് പിശാചുക്കൾക്ക് ഉണ്ടായിരുന്നു അപൂർവം വാർത്തകൾ കട്ട് കേട്ട് അതിൽ തങ്ങളുടെ വക കുറേ കളവുകൾ ചേർത്ത് പിശാചുക്കൾ തങ്ങളുടെ ഭൂമിയിലെ ഏജന്റുമാർക്ക് നൽകും അവർ പൊടിപ്പും തൊങ്ങലും വെച്ച് അത് അവരെ സമീപിക്കുന്ന ജനങ്ങളോട് പറയും അവർ പറയുന്നത് മിക്കവയും കള്ളമാണെങ്കിലും ദുർബല ഹൃദയർ വീണ്ടും അവരെ സമീപിക്കുകയും ഈ ജോത്സ്യന്മാർ അവരെ ചുഷണം ചെയ്യുകയും ചെയ്യും. ഈ ശൈലി നബി തങ്ങളുടെ ജനനത്തോടെ പൂർണമായി തടയപ്പെട്ടു ആകാശങ്ങളിൽ കയറാനോ വാർത്തകൾ കട്ടു കേൾക്കാനോ ശ്രമിച്ചാൽ അവർ തീജ്വാലകളാൽ എറിഞ്ഞോടിക്കപ്പെടുന്ന സ്ഥിതിയായി ഇതാണ് ആകാശങ്ങളെ പിശാചുക്കളിൽ നിന്ന് സുരക്ഷിതമാക്കി എന്ന് പറഞ്ഞത്




(8)
لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَى وَيُقْذَفُونَ مِن كُلِّ جَانِبٍ


അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവർക്ക് (പിശാചുക്കൾക്ക്)
ചെവികൊടുത്ത് കേൾക്കാനാവില്ല എല്ലാ വശത്ത് നിന്നും അവർ എറിഞ്ഞോടിക്കപ്പെടുകയും ചെയ്യും


അത്യുന്നത സമൂഹം ആകാശങ്ങളും അവയിലുള്ള മലക്കുകളുമാണ് അവിടെയുള്ള മലക്കുകൾ അള്ളാഹുവിൽ നിന്ന് അവർക്ക് ലഭിക്കുന്ന നിർദേശങ്ങളെക്കുറിച്ചും ഭുമിയിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും സംസാരിക്കുന്നത്  കട്ട് കേൾക്കുന്ന ശൈലി പിശാചുക്കൾ സ്വീകരിച്ചിരുന്നു എന്നാൽ അള്ളാഹു അത് അവസാനിപ്പിച്ചു പിന്നീട് അത്തരം ശ്രമവുമായി ആകാശത്തിന്റെ ഏത് ഭാഗത്തേക്ക് പിശാച് വന്നാലും എറിഞ്ഞോടിക്കപ്പെടുന്ന സ്ഥിതി വന്നു

 

(9)
دُحُورًا وَلَهُمْ عَذَابٌ وَاصِبٌ


ബഹിഷ്കൃതരായിക്കൊണ്ട്. അവർക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്


ആകാശങ്ങളിലേക്ക് കയറാനും വാർത്തകൾ ചോർത്താനുമായി പിശാചുക്കൾ നടത്തുന്ന ഒരു ശ്രമവും വിജയിക്കാതെ വഷളായി തിരിച്ചു പോരേണ്ട അവസ്ഥ അവർക്കുണ്ടാവുന്നു അതാണ് ബഹിഷ്കൃതരായി അവർ എറിഞ്ഞോടിക്കപ്പെടുന്നു എന്ന് പറഞ്ഞത് ഭൂമിയിൽ ഈ വിധം അവഗണിക്കപ്പെട്ട പിശാചുക്കളെ പരലോകത്ത് ഒരിക്കലും തീരാത്ത ശിക്ഷയാണ് കാത്തിരിക്കുന്നത് എന്ന് കൂടി ഇവിടെ ഉണർത്തിയിരിക്കുന്നു


(10)
إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ


പക്ഷെ ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചി എടുക്കുകയാണെങ്കിൽ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്


വല്ല വാക്കും അപ്രതീഷിതമായി കേട്ട് അത് ഭൂമിയിലെത്തിക്കാൻ പിശാചിൽ നിന്ന് ശ്രമമുണ്ടായാൽ തുളച്ച് കടക്കുന്ന തീജ്വാല അവനെ പിന്തുടരുകയും അവന്റെ ശ്രമം തകർക്കുകയും ചെയ്യും

 

അള്ളാഹു നമ്മെ അവന്റെ നല്ലവരായ അടിമകളിൽ ചേർത്തു തരട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്




No comments: