അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182
(Part -2 - സൂക്തം 11 മുതൽ 20 വരെ സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(11)
فَاسْتَفْتِهِمْ أَهُمْ أَشَدُّ
خَلْقًا أَم مَّنْ خَلَقْنَا إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ
ആകയാൽ (നബിയേ ) അങ്ങ് അവരോട് ( ആ നിഷേധികളോട് ) അഭിപ്രായം ആരായുക. സൃഷ്ടിക്കാൻ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ
അതല്ല നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീർച്ചയായും
നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള
കളിമണ്ണിൽ നിന്നാകുന്നു
പുനർജന്മത്തെ നിഷേധിക്കുന്ന ശത്രുക്കളോട്
ചോദിക്കാൻ നബി ﷺതങ്ങളോട്
ﷲഅള്ളാഹു
പറയുകയാണ്. മരിച്ചു മണ്ണടിഞ്ഞ ശേഷം പുനർജനിപ്പിക്കുന്നത് അസാധ്യമാണ്
എന്ന് വാദിക്കുന്നവരായിരുന്നു അവർ. അവരോടുള്ള ചോദ്യം നിങ്ങളെ സൃഷ്ടിക്കാനാണോ അതോ
ആകാശങ്ങളും ഭൂമിയും അവയിലുള്ള മലക്കുകൾ, പിശാചുക്കൾ, മലകൾ, അരുവികൾ തുടങ്ങി വലിയ വലിയ
വസ്തുക്കളെ സൃഷ്ടിക്കാനാണോ കൂടുതൽ പ്രയാസം? അവയിലേക്ക് ചേർത്തി നോക്കിയാൽ മനുഷ്യൻ വളരെ
ചെറിയ സൃഷ്ടിയാണ് എന്ന് അവർ തന്നെ സമ്മതിക്കും. അവയെ
ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ച് പരിപാലിക്കുന്ന ﷲഅള്ളാഹുവിന് നിങ്ങളെ തന്നെ ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ച
ശേഷം മണ്ണിൽ ലയിച്ചാൽ ഒന്നു കൂടി പുനർജനിപ്പിക്കാൻ സാധിക്കില്ലെന്ന് പറയുന്നത്
ശരിയാണോ? ﷲഅള്ളാഹുവിന്റെ കഴിവിന്റെ ആഴം മനസ്സിലാക്കി തരുന്ന ഇത്രയും
വലിയ തെളിവുകൾ കൺമുന്നിൽ ഉണ്ടായിട്ടും നിഷേധം തുടരുന്നത് ന്യായമാണോ ? ഒരിക്കലുമല്ല
എന്ന് ചുരുക്കം.
മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന പശിമയുള്ള മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് എന്ന് പറഞ്ഞത്
അഹങ്കാരം വെടിയാനുള്ള പ്രേരണ നൽകുന്നു. ഇമാം റാസി رحمة الله عليه എഴുതുന്നു ഈ സൂക്തത്തിന്റെ ഘടന ഇങ്ങനെയാണ്. ഖുർആനിന്റെ അടിസ്ഥാന ലക്ഷ്യം നാലു അടിത്തറ
സ്ഥിരപ്പെടുത്തലാണ്. ആരാധിക്കപ്പെടാൻ
അർഹൻ ﷲഅള്ളാഹു മാത്രം, പുനർജന്മമുണ്ട്, മുഹമ്മദ് നബി ﷺ ﷲഅള്ളാഹുവിന്റെ ദൂതനാണ്, എല്ലാം ﷲഅള്ളാഹുവിന്റെ തീരുമാനമനുസരിച്ചാണ് നടക്കുന്നത് എന്നിവയാണത്. ആകാശ
ഭൂമികളുടെയും മറ്റും സൃഷ്ടിപ്പ് വിശദീകരിച്ചു കൊണ്ട് ﷲഅള്ളാഹുവിന്റെ ഏകത്വം മുൻ സൂക്തങ്ങളിൽ വിവരിച്ചു. പുനർജന്മവും അന്ത്യനാളും സംഭവിക്കുമെന്ന് ഇവിടെ വിവരിക്കുന്നു. അതായത് വളരെ
വിഷമകരമായ പല സൃഷ്ടികളെയും ﷲഅള്ളാഹു സൃഷ്ടിച്ചു എങ്കിൽ താരതമ്യേന ദുർബലനായ മനുഷ്യനെ ഒന്നു
കൂടി സൃഷ്ടിക്കാൻ അവനു പ്രയാസമുണ്ടാവില്ല എന്ന് വ്യക്തമാവും അപ്പോൾ പുനർജന്മത്തെ
നിഷേധിക്കാൻ ഒരു ന്യായവുമില്ല (റാസി)
(12)
بَلْ عَجِبْتَ وَيَسْخَرُونَ
പക്ഷെ തങ്ങൾക്ക് അത്ഭുതം തോന്നി അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു
ﷲഅള്ളാഹു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന നബി ﷺതങ്ങൾക്ക് ആ വിശ്വാസത്തിനെതിരിൽ യാതൊരു ബോധ്യവുമില്ലാതെ
നിഷേധം കാണിക്കുന്നവരുടെ നിലപാട് കണ്ട് അത്ഭുതം തോന്നുന്നു (ഇല്ലായ്മയിൽ നിന്ന്
ഇവരെ സൃഷ്ടിച്ച ﷲഅള്ളാഹുവിനു ഒരിക്കൽ കൂടെ അവരെ പുനർജനിപ്പിക്കാനാവില്ല എന്ന് പറയുന്നത്
എത്രമാത്രം ബാലിശമാണ് അതാണ് അത്ഭുതത്തിന്റെ കാരണം ) അവരാകട്ടെ യാതൊരു തത്വ
ദീക്ഷയുമില്ലാതെ നിഷേധം തുടരുകയും ചെയ്യുന്നു!. നബി ﷺതങ്ങളുടെ
അത്ഭുതത്തെ പറ്റി ഇമാം ബഗ്‌വി رحمة الله عليهപറയുന്നത് ഇങ്ങനെയാണ് നബി ﷺതങ്ങൾ ഈ ഖുർആനിന്റെ ഉൽബോധനം ആരു കേട്ടാലും അപ്പോൾ തന്നെ
വിശ്വസിക്കും എന്ന് കരുതി (കാരണം ഖുർആനിന്റെ
സമർത്ഥനങ്ങൾ അത്രയും വ്യക്തവും യുക്തി ഭദ്രവുമാണ്. കേൾക്കുന്ന
മാത്രയിൽ തന്നെ തിരിച്ചറിവുള്ളവർ അത് നെഞ്ചേറ്റും ഇതാണ് തങ്ങളുടെ ചിന്ത) പക്ഷെ ഖുർആൻ
കേട്ട മുശ്‌രിക്കുകൾ ഖുർആൻ വിശ്വസിച്ചില്ലെന്ന് മാത്രമല്ല അവർ അതിനെ കളിയാക്കുക
കൂടി ചെയ്തു ഇങ്ങനെയും മനുഷ്യനു സാധിക്കുമോ എന്ന് നബി ﷺതങ്ങൾ അത്ഭുതപ്പെട്ടു (ബഗ്‌വി)
ഇമാം റാസി رحمة
الله عليهഎഴുതുന്നു. ‘മനുഷ്യ ജീവനെ
അതിന്റെ ശരീരത്തിലേക്ക് മടക്കുന്നതിനേക്കാൾ പ്രയാസമുള്ള പലതും അള്ളാഹു
ചെയ്തിട്ടുണ്ടെന്ന് അവർ സമ്മതിക്കുന്നു അപ്പോൾ കഠിനവും പ്രയാസകരവുമായത്
ചെയ്യുന്നയാൾക്ക് ലളിതവും എളുപ്പമുള്ളതും ചെയ്യാൻ എന്തായാലും സാധിക്കുമെന്ന്
ബുദ്ധി സമ്മതിക്കുമല്ലോ എന്നിരിക്കെ ഇവർ നിഷേധികളായതും പുനർജന്മത്തെയും
അന്ത്യനാളിനെയും നിഷേധിച്ചതും അത് സ്ഥിരീകരിക്കുന്ന വ്യക്തമായ നിലപാട് സ്വീകരിച്ച
നബി ﷺ തങ്ങളെ അവർ പരിഹസിക്കുന്നതും
ആശ്ചര്യമായിരിക്കുന്നു എന്നാണിവിടെ പറയുന്നത് (റാസി)
(13)
وَإِذَا ذُكِّرُوا لَا
يَذْكُرُونَ
അവർക്ക് ഉപദേശം നൽകപ്പെട്ടാൽ അവർ ആലോചിക്കുന്നില്ല
ഖുർആൻ മുഖേന അവർക്ക് ഉൽബോധനം നൽകപ്പെടുമ്പോൾ
അവർ അത് ഉൾക്കൊള്ളുകയോ അവർക്ക് അത് ഉപകാരപ്പെടുകയോ ചെയ്യുന്നില്ല പൂർവ കാല
നിഷേധികൾക്കുണ്ടായ തിരിച്ചടികളും അവർ അനുഭവിച്ച ദൈവിക ശിക്ഷയും ഇവരെ ഉണർത്തുകയും
അത്തരം ദുരവസ്ഥ നിങ്ങൾ ചോദിച്ചു വാങ്ങരുത് എന്ന് അവരെ ഉപദേശിക്കുകയും ചെയ്താൽ അത്
ചിന്തിക്കാനോ ഉൾക്കൊള്ളാനോ അവർ തയാറല്ല.
വ്യക്തമായ തെളിവുകൾ അവരുടെ മുന്നിൽ സമർപ്പിച്ചാലും അവരുടെ വിവരക്കേട് ആഴത്തിലായ
കാരണത്താൽ അത് ചിന്തിക്കാൻ അവർക്ക് സാധിക്കുന്നില്ല ഫലമോ അവരോടുള്ള എല്ലാ ഉപദേശവും
ഫല ശൂന്യമാകുന്നു
(14)
وَإِذَا رَأَوْا آيَةً
يَسْتَسْخِرُونَ
അവർ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു
ﷲഅള്ളാഹുവിന്റെ ശക്തിയുടെയും നബി ﷺ തങ്ങളുടെ പ്രവാചകത്വത്തിന്റെയും വ്യക്തമായ തെളിവുകൾ അവർ കാണുമ്പോൾ
അത് സ്വീകരിക്കുകയും ﷲഅള്ളാഹുവിനെയും നബി ﷺതങ്ങളെയും വിശ്വസിക്കുകയും ചെയ്യുന്നതിനു പകരം ആ തെളിവുകളെ
കേവലം ജാല വിദ്യയാണെന്ന് പറഞ്ഞ് ചെറുതാക്കാനും പരിഹസിക്കാനും മറ്റുള്ളവരോട് അതിനെ
പരിഹസിക്കാൻ ആവശ്യപ്പെടാനും അവർ ശ്രമിക്കുന്നു
(15)
وَقَالُوا إِنْ هَذَا إِلَّا
سِحْرٌ مُّبِينٌ
അവർ പറയും ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്
നബി ﷺതങ്ങൾ കൊണ്ടു വരുന്ന അമാനുഷിക സിദ്ധികളെ നേരിടാനാവാതെ വട്ടം
കറങ്ങുന്ന മുശ്‌രിക്കുകൾ ഇത് സിദ്ധിയല്ല ജാലവിദ്യയും മാരണ പ്രവർത്തനങ്ങളും മാത്രമാണ്
എന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ചെയ്തിരുന്നത്. അവരുടെ
ആവശ്യപ്രകാരം ചന്ദ്രനെ രണ്ടു പിളർപ്പാക്കി കാണിച്ചപ്പോൾ പോലും ഇത് വ്യക്തമായ
മാരണമാണ് എന്ന കുതന്ത്രം പ്രയോഗിച്ചായിരുന്നു
അവർ രക്ഷപ്പെട്ടത്
(16)
أَئِذَا مِتْنَا وَكُنَّا
تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ
(അവർ പറയും) മരിച്ച് മണ്ണും അസ്ഥി ശകലങ്ങളുമായിക്കഴിഞ്ഞാൽ ഞങ്ങൾ
ഉയിർത്തേഴുന്നേല്പിക്കപ്പെടുക തന്നെ ചെയ്യുമോ?
മരിച്ചു മണ്ണിൽ ലയിച്ച ശേഷം പുനർജന്മം
സാധിക്കില്ല എന്ന് ധരിച്ചവർ മരണ ശേഷം ജീവിതമുണ്ടെന്ന് പറഞ്ഞ പ്രവാചകരെ
കളിയാക്കുന്ന രീതിയാണിത്. മണ്ണായ ശേഷം പുനർജനിപ്പിക്കുമോ എന്ന ചോദ്യം
അറിയാനല്ല മറിച്ച് അതൊന്നും ഞങ്ങൾ വിശ്വസിക്കില്ല എന്ന് സ്ഥാപിക്കാനും
പുനർജന്മമുണ്ട് എന്ന വാദത്തെ പരിഹസിക്കാനുമാണ് അവർ ശ്രമിക്കുന്നത് (ശൂന്യതയിൽ
നിന്ന് ﷲഅള്ളാഹു അവരെ ജനിപ്പിച്ചു അത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയാൻ ഞങ്ങളുണ്ടായത്
എന്ന് ചിന്തിച്ചിരുന്നുവെങ്കിൽ ഇത്തരം നിഷേധം അവരിൽ നിന്നു വരുമായിരുന്നില്ല)
(17)
أَوَآبَاؤُنَا الْأَوَّلُونَ
ഞങ്ങളുടെ പൂർവ്വ പിതാക്കളും
(ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമോ?)
ഞങ്ങൾക്ക്
മുമ്പേ മരണപ്പെട്ട ഞങ്ങളുടെ പൂർവീകർ പുനർജനിപ്പിക്കപ്പെടുമോ എന്ന ചോദ്യം
അതൊരിക്കലും ഉണ്ടാവില്ല എന്ന് സ്ഥാപിക്കുന്നതിന്റെ ഭാഗമാണ്
(18)
قُلْ نَعَمْ وَأَنتُمْ دَاخِرُونَ
പറയുക അതെ (അന്ന്) നിങ്ങൾ അപമാനിതരാവുകയും
ചെയ്യും
നേരത്തേ പറഞ്ഞ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ﷲഅള്ളാഹു നബി ﷺതങ്ങളോട് പറയുന്നു. ‘അതെ, നിങ്ങളും നിങ്ങളുടെ പൂർവ പിതാക്കളുമെല്ലാം
മണ്ണായ ശേഷം പൂർവ സ്ഥിതിയിലേക്ക് പുനർജനിപ്പിക്കപ്പെടും. അന്ന് പക്ഷെ
ഇന്നത്തെ പ്രതാപം നിങ്ങൾക്കുണ്ടാവില്ല അതിനു പകരം അങ്ങേ അറ്റത്തെ നിന്ദ്യത നിങ്ങളെ
ബാധിച്ചിരിക്കും’ ഒരിക്കലും നടക്കില്ല എന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുകയും
അതിനായി വാദിക്കുകയും ചെയ്ത ശേഷം ആ വിശ്വാസം ശരിയല്ലെന്ന് അനുഭവത്തിൽ
ബോധ്യപ്പെടുമ്പോഴുണ്ടാവുന്ന വിഷമം ഉണ്ടല്ലോ അതാണ് അന്ന് അവർ നിന്ദ്യരായി
മാറുമെന്നതിന്റെ ഒരു വശം. അതോടൊപ്പം ശിക്ഷകൾ നേരിൽ കാണുകയും
നിസ്സഹായരായി അത് ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ അനുഭവിക്കുന്ന മനസ്സിന്റെ പ്രയാസം
ആണ് മറുവശം. വാസ്തവത്തിൽ ഭൂമിയിൽ ജീവിക്കുന്നവരിൽ നല്ലവരും
അല്ലാത്തവരുമുണ്ട്. നന്മ മാത്രം ചെയ്ത് ജീവിച്ചവരും തിന്മയിലൂടെ ജീവിതം
തുലച്ചവരും മരിക്കുന്നതോടെ എല്ലാം അവസാനിച്ചു തന്റെ ചെയ്തികൾക്ക് കണക്കു പറയാൻ ഒരു
ലോകമില്ല എന്ന് വന്നാൽ അത് എത്ര മാത്രം പ്രതിലോമകരമാണ് അതേ സമയം ഇവിടെ ചെയ്തു
കൂട്ടുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ പിന്നീട് വിചാരണയുണ്ടെന്നും രക്ഷാ ശിക്ഷകൾ ഉണ്ടെന്നും
വന്നാൽ അതല്ലേ ശരിയായ യുക്തി
(19)
فَإِنَّمَا هِيَ زَجْرَةٌ
وَاحِدَةٌ فَإِذَا هُمْ يَنظُرُونَ
എന്നാൽ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും അപ്പോൾ അതാ അവർ (എഴുന്നേറ്റ് നിന്ന് )
നോക്കുന്നു
സൂർ എന്ന കാഹളത്തിൽ ഇസ്‌റാഫീൽ عليه السلام ഒരു ഊത്ത് ഊതും.അതോടെ എല്ലാവരും ഉണർന്നെഴുന്നേൽക്കും ഇനി
എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന ആശങ്കയോടെ അവർ നോക്കിക്കൊണ്ടിരിക്കും
(20)
وَقَالُوا يَا وَيْلَنَا هَذَا
يَوْمُ الدِّينِ
അവർ പറയും അഹോ! ഞങ്ങൾക്ക് കഷ്ടം ഇത്
പ്രതിഫലത്തിന്റെ ദിനമാണല്ലോ!
ഭൂമിയിൽ വെച്ച് പുനർജന്മത്തെ നിഷേധിച്ചത്
മണ്ടത്തരമായി എന്ന് ബോധ്യപ്പെടുമ്പോഴുള്ള ഖേദമാണ് ഞങ്ങൾക്ക് കഷ്ടം ! എന്ന ആത്മഗതം. പക്ഷെ ഇപ്പോഴത്തെ തിരിച്ചറിവോ അബദ്ധം പറ്റി എന്ന ഏറ്റുപറച്ചിലോ പ്രത്യേകിച്ച്
അവർക്ക് ഒരു നന്മയും നൽകുകയില്ല. കാരണം ഇത് പ്രതിഫല ദിനമാണ് ഭൂമിയിൽ വെച്ച്
പ്രവർത്തിച്ചതിനുള്ള അർഹമായ കൂലി നൽകുന്ന സ്ഥലം.ഇവിടെ ഏറ്റുപറച്ചിലിനോ
പശ്ചാത്താപത്തിനോ യാതൊരു അവസരവും ഇല്ല. നന്മ ചെയ്തും സത്യ വിശ്വാസം
കൈക്കൊണ്ടും വന്നവർക്ക് സ്വർഗവും നിഷേധവും തിന്മയും കൂടെയുണ്ടായിരുന്നവർക്ക്
നരകവും ലഭിക്കും.
ഈ ദിവസം
വിജയികളിൽ ചേർന്ന് നിൽക്കാൻ അവസരം വേണം അതിനായി ഭൂമിയിൽ അദ്ധ്വാനിക്കണം ﷲഅള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ امين
(തുടരും) ان شاء الله
==============================================================
No comments:
Post a Comment