അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182
(Part -3 - സൂക്തം 21 മുതൽ 34 വരെ സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(21)
هَذَا يَوْمُ الْفَصْلِ الَّذِي
كُنتُمْ بِهِ تُكَذِّبُونَ
(അവർക്ക് മറുപടി നൽകപ്പെടും) അതെ, നിങ്ങൾ
നിഷേധിച്ചു തള്ളിക്കളഞ്ഞിരുന്ന നിർണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്
ﷲഅള്ളാഹു തആലാ മുൻ സൂക്തങ്ങളിൽ പുനർജന്മം സാധ്യമാണെന്നും അന്ത്യ നാൾ സംഭവിക്കുമെന്നും
ഒരു ഘോര ശബ്ദം മുഖേന എല്ലാവരും പുതു ജീവിതത്തിലേക്ക് വരുമെന്നും അന്ന് ഇത് പ്രതിഫല
ദിനമാണല്ലോ ഞങ്ങളുടെ നാശം തീരുമാനിക്കപ്പെടൂന്ന ദിനം എന്ന് നിഷേധികൾ വിലപിക്കുന്ന
ദിനം എന്നെല്ലാം കഴിഞ്ഞ സൂക്തങ്ങളിൽ വിവരിച്ചു. ഇവിടെ പറയുന്നത് ഭൂമിയിൽ വെച്ച്
നിഷേധിക്കാനും നിരാകരിക്കാനും നിങ്ങൾ വെമ്പൽ കൊണ്ടിരുന്ന ദിനമിതാ
വന്നെത്തിയിരിക്കുന്നു. ഇന്ന് ﷲഅള്ളാഹു അവന്റെ സൃഷ്ടികൾക്കിടയിൽ നീതിയോടെ വിധി നിർണയം
നടത്തും സ്വർഗത്തിൽ പോവേണ്ടവർ ആരെല്ലാം നരകത്തിലേക്ക് ആരെല്ലാം എന്ന് പ്രഖ്യാപനം
നടക്കും ഇത്തരം ഒരു ദിനം ഉണ്ടാവില്ലെന്ന് നിഷേധിക്കാനായിരുന്നുവല്ലൊ ഭൂമിയിൽ
വെച്ച് നിങ്ങൾ തിടുക്കം കൂട്ടിയിരുന്നത് എന്നാണിവിടെ പറയുന്നത്. ഇമാം ഖുർതുബി رحمة الله عليهഎഴുതുന്നു ‘ഇത് അവർ തമ്മിൽ പറയുന്ന വാക്കാണെന്നും ﷲഅള്ളാഹു അവരോട് പറയുന്നതാണെന്നും മലക്കുകൾ ധിക്കാരികളോട്
പറയുന്നതാണെന്നും അഭിപ്രായമുണ്ട് സത്യവാദിയും അസത്യ വാദിയും തമ്മിൽ-സ്വർഗാവകാശിയും
നരകാവകാശിയും തമ്മിൽ വേർതിരിക്കുന്ന ദിനം. ഇമാം ഇബ്നു കസീർ رحمة
الله عليهഎഴുതുന്നു ‘അന്ത്യ നാളിലെ മഹാ
സംഗമ സ്ഥലത്ത് ജനങ്ങൾക്കിടയിൽ വിശ്വാസി, അവിശ്വാസി എന്ന വേർതിരിവ് നടത്താൻ അള്ളാഹു മലക്കുകളോട്
പറയും അതാണ് അടുത്ത സൂക്തം സൂചിപ്പിക്കുന്നത്.
(22)
احْشُرُوا الَّذِينَ ظَلَمُوا
وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ
(അപ്പോൾ ﷲഅള്ളാഹുവിന്റെ കല്പനയുണ്ടാകും) അക്രമം ചെയ്തവരെയും അവരുടെ
ഇണകളെയും അവർ ആരാധിച്ചിരുന്നവയെയും നിങ്ങൾ ഒരുമിച്ച് കൂട്ടുക
അക്രമികളെയും അവരുടെ ഇണകളെയും എന്ന്
പറഞ്ഞതിനർത്ഥം ഓരോ കുറ്റവാളിയെയും അതേ കുറ്റം ചെയ്തവരോടൊപ്പം ചേർക്കുക എന്നാണ്. പലിശക്കാർ, വ്യഭിചാരികൾ, കള്ള്
കുടിയന്മാർ, കളവ് നടത്തിയവർ എന്നിങ്ങനെ കുറ്റത്തിലെ സമാനത പരിഗണിച്ച് പ്രത്യേകം
വിഭാഗങ്ങളാക്കി വേർതിരിച്ച് നിർത്തുക എന്ന് (ഇബ്നു കസീർ)
ഇണകൾ
എന്നതിനു തന്നെ വഴിതെറ്റിക്കാൻ ഉപദേശിച്ചിരുന്ന പിശാച് എന്നും വ്യാഖ്യാനമുണ്ട്
അതായത് ഓരോ അവിശ്വാസിയും തനിക്ക് അകത്തിരുന്ന് തിന്മ ഉപദേശിച്ചിരുന്ന പിശാചും
(ഖരീൻ) ഒരേ ചങ്ങലയിൽ ബന്ധിക്കപ്പെട്ട
നിലയിൽ പരലോകത്ത് ഒരുമിച്ച് കൂട്ടപ്പെടും എന്ന്. തിന്മയിൽ സഹകരിച്ചിരുന്ന ഭൂമിയിലെ
ഭാര്യമാർ എന്നും വ്യാഖ്യാനമാവാം (ബഗ്‌വി/ഖുർതുബി)
ഇമാം ഥിബ്‌രി رحمة
الله عليهഎഴുതുന്നു ‘ഇണകൾ എന്നത്
പ്രവർത്തനത്തിൽ സമാനതയുള്ളവർ എന്ന അർത്ഥത്തിലാണ് പരലോകത്ത് മൂന്ന് വിധം ജനം
ഉണ്ടാകും ഖുർആൻ (അദ്ധ്യായം 56 വാഖിഅ: 7
മുതൽ 10 കൂടിയ സൂക്തങ്ങളിൽ) പരിചയപ്പെടുത്തിയ ആ മൂന്ന് വിഭാഗം (1) സൌഭാഗ്യത്തിന്റെ വലതു പക്ഷം (2)
ദൌർഭാഗ്യത്തിന്റെ ഇടതു പക്ഷം (3) ﷲഅള്ളാഹുവിന്റെ സാമീപ്യം സിദ്ധിച്ചവർ എന്നിവരാണ് ഓരോ
വിഭാഗത്തിലും പെട്ടവരെ ഒരു സംഘമായി ഒന്നിച്ച് നിർത്തും എന്നാണിവിടെ പറയുന്നത്. ﷲഅള്ളാഹുവല്ലാത്തവരെ ആരാധിച്ച അക്രമികളോടൊപ്പം അവർ
ദൈവങ്ങളായി ബഹുമാനിച്ചിരുന്ന ബിംബങ്ങൾ കൂടി ഒരുമിച്ചു കൂട്ടപ്പെടും
(23)
مِن دُونِ اللَّهِ فَاهْدُوهُمْ
إِلَى صِرَاطِ الْجَحِيمِ
ﷲഅള്ളാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങൾ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക
ﷲഅള്ളാഹുവിനു പുറമെ ദൈവങ്ങളായി ആരാധിച്ച വസ്തുക്കളെയും മുശ്‌രിക്കുകളോടൊപ്പം
ഒരുമിച്ച് കൂട്ടും (അത് അവർക്ക് കടുത്ത പ്രഹരമാണ് കാരണം ഞങ്ങൾക്ക് എന്ത്
പ്രതിസന്ധി വന്നാലും രക്ഷിക്കാൻ ഈ ദൈവങ്ങളുണ്ടാകും എന്ന് വിശ്വസിച്ചത് കൊണ്ടാണല്ലോ
അവർ ﷲഅള്ളാഹുവെ അവഗണിച്ച് ഈ വസ്തുക്കളെ ദൈവങ്ങളായി പരിഗണിച്ചത്. എന്നിട്ട് നിർണായകമായ സമയത്ത് ആ ദൈവങ്ങളെ നിസ്സഹായരായി തങ്ങളോടൊപ്പം കണ്ടാൽ
എല്ലാ ആശയും തകർന്ന അവസ്ഥ ആർക്കും ഊഹിക്കാമല്ലോ!) എന്നിട്ട് ആരാധ്യ വസ്തുക്കളെയും
ആരാദിച്ചവരെയും ഒന്നിച്ച് നരകത്തിലേക്ക് ആനയിക്കാൻ ﷲഅള്ളാഹു കല്പിക്കും
(24)
وَقِفُوهُمْ إِنَّهُم
مَّسْئُولُونَ
അവരെ നിങ്ങളൊന്ന് നിർത്തുക. അവർ ചോദ്യം ചെയ്യപ്പെടുന്നവർ തന്നെയാകുന്നു
നരകത്തിലേക്ക് നയിക്കപ്പെടുന്ന നേരം അവരെ
വിചാരണക്കായി നിർത്താൻ കല്പനയുണ്ടാകും സിറാഥ് എന്ന പാലത്തിന്റെ അടുത്തായി അവർ
നിർത്തപ്പെടും അവരുടെ ജീവിതത്തിലെ സകല കാര്യങ്ങളെക്കുറിച്ചും ചോദിക്കപ്പെടും (അതിൽ
لااله الاالله ലാഇലാഹ ഇല്ലള്ളാഹ് എന്നതിനെക്കുറിച്ചുള്ള ചോദ്യം എടുത്തു
പറയേണ്ടതാണ് ) നബി ﷺതങ്ങൾ
പറഞ്ഞു നാലു കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടാതെ മനുഷ്യന്റെ കാലുകൾ ചലിപ്പിക്കാൻ
സാധിക്കില്ല അവന്റെ യുവത്വം എന്തിനു ഉപയോഗിച്ചു, അവന്റെ ആയുസ്സ് എന്തിനാണ് വിനിയോഗിച്ചത്, അവന്റെ സമ്പത്ത് എവിടുന്ന്
സമ്പാദിച്ചു, എന്തിൽ ചിലവഴിച്ചു, കിട്ടിയ അറിവനുസരിച്ച് എന്ത് പ്രവർത്തിച്ചു എന്നിവയാണ്
ചോദ്യം (ബഗ്‌വി)
(25)
مَا لَكُمْ لَا تَنَاصَرُونَ
നിങ്ങൾക്ക് എന്ത് പറ്റി? നിങ്ങൾ പരസ്പരം സഹായിക്കുന്നില്ലല്ലൊ എന്ന്!
പരലോകത്ത് മഹ്‌ശറിലെ അവസ്ഥയിൽ വിറങ്ങലിച്ച്
നിൽക്കുന്നവരോട് അവരെ ഭയപ്പെടുത്തും വിധമുള്ള ചോദ്യമാണിത്. നിങ്ങളെന്താണ്
പരസ്പരം സഹായിക്കാത്തത് എന്ന്. ഇത്തരം അവകാശ വാദം ഭൂമിയിൽ വെച്ച് അവർ
നടത്താറുണ്ടായിരുന്നു. അതാണ് അമ്പത്തിനാലാം അദ്ധ്യായം (അൽ ഖമർ) 44 ൽ ﷲഅള്ളാഹു ചോദിക്കുന്നത്. “അതല്ല ഞങ്ങൾ
സുരക്ഷാ നടപടി എടുക്കുന്ന സുശക്തമായ ഒരു സംഘമാണെന്ന് അവർ പറയുന്നുവോ?
അതായത് ﷲഅള്ളാഹുവിന്റെ ശിക്ഷ വന്നാൽ അത് തടയാൻ പരസ്പരം
കൈകോർക്കുകയും ഒരാളെയും ശിക്ഷക്ക് വിട്ടു കൊടുക്കാതെ പ്രതിരോധിക്കാൻ ഞങ്ങൾ തന്നെ
മതിയായവരാണെന്ന ധാരണ അവർക്കുണ്ടായിരുന്നു എന്നാൽ അത് നടപ്പില്ല എന്ന് ﷲഅള്ളാഹു ഉണർത്തുകയാണ്
ബദ്‌ർ യുദ്ധ നാളിലാണ് ഈ അവകാശ വാദം അബൂജഹ്ൽ ഉന്നയിച്ചതെന്ന്
വ്യാഖ്യാതാക്കൾ വിവരിക്കുന്നുണ്ട്
(26)
بَلْ هُمُ الْيَوْمَ
مُسْتَسْلِمُونَ
അല്ല. അവർ ആ ദിവസത്തിൽ
കീഴടങ്ങിയവരായിരിക്കും
പരസ്പര
സഹായം ഇല്ലെന്ന് മാത്രമല്ല അള്ളാഹുവിന്റെ ശിക്ഷക്കെതിരിൽ ചെറുത്തു
നിൽപ്പിനു പോലും സാധിക്കാതെ നിസ്സഹായരായി കീഴടങ്ങുന്നവരായിരിക്കും അന്ന് അവർ!
(27)
وَأَقْبَلَ بَعْضُهُمْ عَلَى
بَعْضٍ يَتَسَاءلُونَ
അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും
അനുയായികൾ നേതാക്കളോട് പ്രതിഷേധമറിയിക്കുന്നതിനെ-ക്കുറിച്ചാണിവിടെ
പറയുന്നത്. ഇബ്നു കസീർ رحمة الله عليه എഴുതുന്നു ‘അന്ത്യനാളിൽ വിചാരണക്കായുള്ള കാത്തു നിൽപ്പിന്റെ നേരത്തും
നരകത്തിലെത്തിയ ശേഷവും അനുയായികൾ നേതാക്കളെ കുറ്റപ്പെടുത്തും നിങ്ങൾ പറയുന്നത്
അങ്ങനെ അനുസരിച്ചതു കൊണ്ടാണ് ഞങ്ങൾ ഈ ഗതികേടിൽ ആയത് എന്ന്. നേതാക്കളുടെ
മറുപടി നിങ്ങൾ മാത്രമല്ലല്ലോ ഞങ്ങളും ഇവിടെ ശിക്ഷ അനുഭവിക്കുകയല്ലേ ﷲഅള്ളാഹു അടിമകൾക്കിടയിൽ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു (ഇനി
അനുഭവിക്കുക തന്നെ എന്ന് സാരം!)
(28)
قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا
عَنِ الْيَمِينِ
അവർ പറയും തീർച്ചയായും നിങ്ങൾ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് (ഞങ്ങളെ
സത്യത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു)
അനുയായികൾ നേതാക്കളോട് പറയുന്നതാണ് ഇത്. അതായത് സത്യത്തിലേക്ക് പോകാൻ ഞങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം ഞങ്ങളെ അതിൽ നിന്ന്
തടയുകയും നിങ്ങൾക്ക് എപ്പോഴും ഞങ്ങളുണ്ടാകും എന്ന് ഉറപ്പിച്ച് പറയുകയുമായിരുന്നു
നിങ്ങൾ എന്നിട്ടിപ്പോൾ നിങ്ങൾ ഞങ്ങളെ ഒഴിവാക്കുന്നു ഇതാണ് ചതി എന്ന് സാരം
ഇവിടെ പിശാചുക്കളോട് മനുഷ്യൻ നടത്തുന്ന പ്രതിഷേധമാണിത് എന്നും അഭിപ്രായമുണ്ട്
(29)
قَالُوا بَل لَّمْ تَكُونُوا
مُؤْمِنِينَ
അവർ മറുപടി പറയും അല്ല. നിങ്ങൾ
തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്
അനുയായികളുടെ കുറ്റപ്പെടുത്തലിനോട്
നേതാക്കളുടെ പ്രതികരണമാണിത്. നിങ്ങളുടെ മനസ്സ് അവിശ്വാസത്തെ പുൽകാനും
സത്യവിശ്വാസത്തെ കയ്യൊഴിക്കാനും പാകമായത് കൊണ്ടാണ് നിങ്ങൾ ഇത് സ്വീകരിച്ചത് അതിനു
ഞങ്ങളെ കുറ്റപ്പെടുത്തിയിട്ട് യാതൊരു പ്രയോചനവുമില്ല. വിശ്വാസത്തിലായിരുന്ന
നിങ്ങളെ അതിൽ നിന്ന് രാജി വെപ്പിച്ച് അവിശ്വാസത്തിലേക്ക് ഞങ്ങൾ ചേർത്തതൊന്നുമല്ല
നിങ്ങൾ നേരത്തെ തന്നെ അവിശ്വാസത്തിലായിരുന്നു (ഞങ്ങൾ പറഞ്ഞില്ലെങ്കിലും നിങ്ങൾ അത്
തുടരുമായിരുന്നു)
(30)
وَمَا كَانَ لَنَا عَلَيْكُم مِّن
سُلْطَانٍ بَلْ كُنتُمْ قَوْمًا طَاغِينَ
ഞങ്ങൾക്കാകട്ടെ നിങ്ങളുടെ മേൽ ഒരു അധികാരവും
ഉണ്ടായിരുന്നതുമില്ല പ്രത്യുത നിങ്ങൾ അതിക്രമകാരികളായ ഒരു ജന വിഭാഗമായിരുന്നു
ഞങ്ങൾ നിങ്ങളെ അവിശ്വാസത്തിലേക്ക്
ക്ഷണിച്ചപ്പോൾ ഞങ്ങളുടെ വാദം സ്ഥാപിക്കാനാവശ്യമായ ഒരു തെളിവും ഞങ്ങളുടെ
കയ്യിലുണ്ടായിരുന്നില്ല അതേ സമയം പ്രവാചകന്മാർ അവർ ക്ഷണിക്കുന്ന മാർഗം
സത്യമാണെന്നതിനു യുക്തിഭദ്രമായ തെളിവുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു ആ
തെളിവുകളെ അവഗണിച്ച് വെറും വാചകമടിച്ചു വന്ന ഞങ്ങളെ നിങ്ങൾ സ്വീകരിച്ചുവെങ്കിൽ
അതിനു ഒരു അർത്ഥമേയുള്ളൂ നിങ്ങൾ നേരത്തേ തന്നെ സത്യത്തോട് പ്രതിബദ്ധത
കാണിക്കാത്ത-അവിശ്വാസത്തെ നെഞ്ചേറ്റിയ ഒരു സമൂഹമാണ് എന്ന്. അതിനാൽ ഞങ്ങളെ
കുറ്റപ്പെടുത്താതെ നിങ്ങളുടെ കെട്ട മനസ്സിനെ കുറ്റപ്പെടുത്തുക. വഴിതെറ്റി നരകത്തിലെത്തിയതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക
(31)
فَحَقَّ عَلَيْنَا قَوْلُ
رَبِّنَا إِنَّا لَذَائِقُونَ
അങ്ങനെ നമ്മുടെ മേൽ നമ്മുടെ രക്ഷിതാവിന്റെ വചനം യാഥാർത്ഥ്യമായിത്തീർന്നു
തീർച്ചയായും നാം (ശിക്ഷ) അനുഭവിക്കാൻ പോവുകയാണ്
അനുയായികളുടെ ശകാരം കേട്ട നേതാക്കൾ
അനുയായികളോട് പറയുകയാണ്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല നിങ്ങളും ഞങ്ങളും
നരകത്തിന്റെ അവകാശികൾ തന്നെ നാം ശിക്ഷ ഏറ്റുവാങ്ങാൻ പോവുകയാണ്
(32)
فَأَغْوَيْنَاكُمْ إِنَّا كُنَّا
غَاوِينَ
അപ്പോൾ ഞങ്ങൾ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു (കാരണം തീർച്ചയായും ഞങ്ങൾ
വഴിതെറ്റിയവരായിരുന്നു)
ഞങ്ങൾ വഴിതെറ്റിയവാരായിരുന്നു അതിലേക്ക്
നിങ്ങളെയും ഞങ്ങൾ ക്ഷണിച്ചു നിങ്ങൾ അത് സ്വീകരിക്കുകയും ചെയ്തു അതോടെ നിങ്ങളും വഴി
തെറ്റി
(33)
فَإِنَّهُمْ يَوْمَئِذٍ فِي
الْعَذَابِ مُشْتَرِكُونَ
അപ്പോൾ അന്നേ ദിവസം തീർച്ചയായും അവർ (ഇരു വിഭാഗവും) ശിക്ഷയിൽ പങ്കാളികളായിരിക്കും
പിഴച്ചവരും പിഴപ്പിക്കുന്നവരും ഭൂമിയിൽ
കുറ്റത്തിൽ പങ്കാളികളായത് പോലെ പരലോകത്ത് ശിക്ഷയിലും ഇരു കൂട്ടരും പങ്കാളികൾ തന്നെ
(34)
إِنَّا كَذَلِكَ نَفْعَلُ
بِالْمُجْرِمِينَ
തീർച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു
ഭൂമിയിൽ ﷲഅള്ളാഹുവിനെ ധിക്കരിക്കുകയും അവന്റെ കൂടെ മറ്റു ദൈവങ്ങളെ
പങ്കാളികളാക്കുകയും തെറ്റുകളെ താലോലിക്കുകയും അവിശ്വാസം കൈക്കൊള്ളൂകയും ചെയ്തവരെ
വേദനയേറിയ ശിക്ഷ നാം രുചിപ്പിക്കുകയും അവരെയും പങ്കാളികളെയും നരകത്തിൽ ഞാൻ
ഒരുമിപ്പിക്കുകയും ചെയ്യും. എന്ന് ﷲഅള്ളാഹു പറയുന്നു.
ﷲഅള്ളാഹു നമുക്ക് സത്യവിശ്വാസം നിലനിർത്താനും ഇരു ലോകത്തും
വിജയികളിൽ ഉൾപ്പെടാനും ഭാഗ്യം നൽകട്ടെ ആമീൻ
(തുടരും) ان شاء الله
No comments:
Post a Comment