Tuesday, May 24, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 04

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -4  -   സൂക്തം 35 മുതൽ 49 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(35)
إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ


അള്ളാഹു മാത്രമാണ് ആരാധിക്കപ്പെടാൻ അർഹൻ എന്ന് അവരോട് പറയപ്പെട്ടാൽ അവർ അഹങ്കരിക്കുമായിരുന്നു


ബഹുദൈവാരാധകരുടെ ചില വിഷേഷണങ്ങൾ മുമ്പ് പറഞ്ഞിരുന്നു അവരെ വീണ്ടും പരിചയപ്പെടുത്തുകയാണിവിടെ അവരോട് ലാഇലാഹ ഇല്ലള്ളാഹ്لااله الاالله എന്ന് നിങ്ങൾ പറയൂ എന്ന് ആവശ്യപ്പെട്ടാൽ അത് പറയാൻ പറ്റാത്ത വാക്കാണ് എന്ന വിധം അവർ അത് പറയാൻ വിസമ്മതിക്കും അള്ളാഹുവിനു പുറമേ കണ്ണിൽ കാണുന്ന വസ്തുക്കളെ പലതിനെയും ദൈവമാണെന്ന് വിശ്വസിക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നവർക്ക് അള്ളാഹു മാത്രമാണ് ആരാധ്യൻ എന്ന പ്രസ്താവന സ്വീകാര്യമല്ലല്ലോ!


ഇമാം ഖുർതുബി
رحمة الله عليه എഴുതുന്നു.മരണാസന്നനായ പിതൃവ്യൻ അബൂഥാലിബിന്റെ അരികത്ത് വന്ന് നബി തങ്ങൾ പറഞ്ഞു (ധാരാളം ഖുറൈശി നേതാക്കൾ അവിടെ ഒരുമിച്ചു കൂടിയിട്ടുമുണ്ട് എല്ലാവരോടുമെന്ന നിലക്കാണ് തങ്ങൾ പറഞ്ഞത് ) നിങ്ങൾ لااله الااللهലാഇലാഹ ഇല്ലള്ളാഹ് എന്ന് പറയുക എങ്കിൽ അറബ് ലോകം നിങ്ങൾ ഭരിക്കും അനറബികൾ നിങ്ങളെ അനുസരിക്കുകയും ചെയ്യും  എന്ന്. അപ്പോൾ അവർ അത് വിസമ്മതിക്കുകയും അങ്ങനെ പറയില്ലെന്ന് ശഠിക്കുകയും ചെയ്തു ഹുദൈബിയ്യ:സന്ധി ദിനത്തിലും ഇതു പോലൊരു സന്ദർഭം ഉണ്ടായിട്ടുണ്ട്. (ഇത്തരം സ്വഭാവം സൂചിപ്പിച്ചാണ് ഈ സൂക്തം എന്ന് സാരം)

ഇബ്നുകസീർ رحمة الله عليهഎഴുതുന്നു. എഴുതുന്നു. ഇബ്നു അബീഹാത്തം رضي الله عنه എന്നവർ ഉദ്ധരിക്കുന്നു അന്ത്യനാളിൽ ജൂതന്മാരെ കൊണ്ടു വരപ്പെടും നിങ്ങൾ എന്തിനെയായിരുന്നു ആരാധിച്ചിരുന്നത് എന്ന് അവർ ചോദിക്കപ്പെടുകയും ചെയ്യും അപ്പോൾ അവർ പറയും ഞങ്ങൾ അള്ളാഹുവിനെയും ഉസൈറിനെയും ആരാധിച്ചിരുന്നു എന്ന്. ഇടത് ഭാഗം പിടിക്കുക (പരായപ്പെട്ടവരിൽ ചേരുക) എന്ന് അവരോട് പറയപ്പെടും. പിന്നീട് നസാറാക്കൾ കൊണ്ടു വരപ്പെടും നിങ്ങൾ  എന്തിനെയായിരുന്നു ആരാധിച്ചിരുന്നത് എന്ന് അവർ ചോദിക്കപ്പെടുകയും ചെയ്യും അപ്പോൾ അവർ പറയും ഞങ്ങൾ അള്ളാഹുവിനെയും ഈസായെയും ആരാധിച്ചിരുന്നു എന്ന്. ഇടത് ഭാഗം പിടിക്കുക (പരായപ്പെട്ടവരിൽ ചേരുക) എന്ന് അവരോടും പറയപ്പെടും. പിന്നീട് മുശ്‌രിക്കുകൾ ഹാജറാക്കപ്പെടും എന്നിട്ട് അവരോട് لااله الااللهലാഇലാഹ ഇല്ലള്ളാഹ് എന്ന് പറയപ്പെടും അപ്പോൾ അവർ അഹങ്കരിക്കും (അത് സമ്മതിക്കില്ല) രണ്ടാമതും മൂന്നാമതും ഇത് ആവർത്തിക്കും പ്രതികരണവും അത് തന്നെ. ഇടത് ഭാഗം പിടിക്കുക (പരായപ്പെട്ടവരിൽ ചേരുക) എന്ന് അവരോടും പറയപ്പെടും. പിന്നീട് മുസ്‌ലിംകളെ കൊണ്ടുവന്ന് നിങ്ങൾ എന്തിനെ ആരാധിക്കുന്നവരായിരുന്നു എന്ന് ചോദിക്കപ്പെടും ഞങ്ങൾ അള്ളാഹുവിനെ ആരാധിക്കുന്നവരായിരുന്നു എന്ന് അവർ പറയും അള്ളാഹുവിനെ കണ്ടാൽ നിങ്ങൾക്ക് അറിയാൻ സാധിക്കുമോ എന്ന് അവർ ചോദിക്കപ്പെടും സാധിക്കും എന്ന് അവർ മറുപടി പറയും നിങ്ങൾ ഇതു വരെ കാണാത്ത ശക്തിയെ നിങ്ങൾക്ക് എങ്ങനെ അറിയാനാകും എന്ന് അവർ ചോദിക്കപ്പെടും അവനു തുല്യനായി ആരുമില്ലെന്ന് ഞങ്ങൾക്കറിയാം എന്നായിരിക്കും വിശ്വാസികളുടെ മറുപടി അള്ളാഹു അവരെ രക്ഷപ്പെടുത്തും (അള്ളാഹു ആ വിഭാഗത്തിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ امين

(36)
وَيَقُولُونَ أَئِنَّا لَتَارِكُوا آلِهَتِنَا لِشَاعِرٍ مَّجْنُونٍ


ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ചു കളയണമോ എന്ന് അവർ ചോദിക്കുകയും ചെയ്യുമായിരുന്നു

ഞങ്ങൾ സാമ്പ്രദായികമായി ആരാധിച്ചു വരുന്ന ദൈവങ്ങളെ ഭ്രാന്തനും കവിയുമായ മുഹമ്മദ് (നബിയുടെ ) വാക്കിനു  വേണ്ടി ഒഴിവാക്കാൻ ഞങ്ങൾ തയാറല്ല എന്ന് അവർ പറയും


(37)
بَلْ جَاء بِالْحَقِّ وَصَدَّقَ الْمُرْسَلِينَ


അല്ല.സത്യവും കൊണ്ടാണ് ആ നബി വന്നത് (മുമ്പ് വന്ന) ദൈവ ദൂതന്മാരെ അവർ (തിരു നബി ) സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു

നബി തങ്ങൾ ഭ്രാന്തനും കവിയുമാണെന്ന അവരുടെ വാദത്തെ  നിരാകരിച്ചു കൊണ്ട് അള്ളാഹു പറയുന്നു നബി തങ്ങൾ സത്യ സന്ദേശവുമായി വന്ന ദൈവ ദൂതനാണ് ഖുർആനാണ് ആ സന്ദേശം. മുമ്പ് വന്ന നബിമാരെയെല്ലാം ഉൾക്കൊണ്ടും അവരെ സ്വീകരിച്ചുമാണ് നബി തങ്ങൾ വന്നിരിക്കുന്നത് (മുമ്പ് ആരും പറയാത്ത ഒരു ആശയം പറഞ്ഞ് തരികിട കാണിക്കുകയല്ല തങ്ങൾ മറിച്ച് നീണ്ട പ്രവാചക പാരമ്പര്യത്തെ അംഗീകരിച്ചു കൊണ്ട് ജനങ്ങളെ സമുദ്ധരിക്കാൻ വന്നതാണ് )


(38)
إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ


തീർച്ചയായും നിങ്ങൾ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു

നബി തങ്ങളെ ആക്ഷേപിക്കാനായി കളവ് പറഞ്ഞ നിങ്ങൾ അസഹനീയമായ വേദന സമ്മാനിക്കുന്ന ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും (അന്ന് നിങ്ങൾക്ക് മനസ്സിലാകും ആർക്കായിരുന്നു ഭ്രാന്തെന്ന്!)


(39)
وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ


നിങ്ങൾ പ്രവർത്തിച്ചതിനു മാത്രമേ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയുള്ളൂ

നിങ്ങൾ അക്രമികളാണെങ്കിലും ചെയ്യാത്ത കുറ്റങ്ങൾ നിങ്ങളിൽ കെട്ടി വെച്ച് ശിക്ഷിക്കുന്ന രീതി അള്ളാഹു സ്വീകരിക്കില്ല നിങ്ങൾ ചെയ്തതിനുള്ള കൂലി മാത്രമായിരിക്കും നിങ്ങൾ അനുഭവിക്കുക (അത് പക്ഷെ നിങ്ങൾക്ക് സഹിക്കാവുന്നതിനപ്പുറമായിരിക്കും എന്ന് മാത്രം)


(40)
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ


അള്ളാഹുവിന്റെ നിഷ്ക്കളങ്കരായ ദാസന്മാർ ഒഴികെ


ചെയ്തതിനുള്ള കൂലി മാത്രം എന്ന് പറഞ്ഞതിൽ അള്ളാഹുവിന്റെ സത്യ സന്ധരായ അടിമകൾ ഉൾപ്പെടുന്നില്ല അവർക്ക് ഇരട്ടിയാക്കി അള്ളാഹു പ്രതിഫലം വർദ്ധിപ്പിക്കും എത്ര ഇരട്ടി എന്നത് അള്ളാഹുവിനു മാത്രം അറിയാം. മാത്രവുമല്ല അവർക്ക് വല്ല കുറ്റവുമുണ്ടെങ്കിൽ തന്നെ അത് വിട്ട് കൊടുത്ത് അവരുടെ നന്മകൾക്ക് പ്രാധാന്യം നൽകുകയാണ് നാഥൻ ചെയ്യുക
ഇബ്നുകസീർ
رحمة الله عليهഎഴുതുന്നു അവർ ശിക്ഷ അനുഭവിക്കുകയോ ഗൌരവതരമായ വിചാരണ ചെയ്യപ്പെടുകയോ ഇല്ല

 


(41)
أُوْلَئِكَ لَهُمْ رِزْقٌ مَّعْلُومٌ


അവർക്കാകുന്നു അറിയപ്പെട്ട ഉപജീവനം


ഒരിക്കലും നിന്നു പോകാത്ത അനുഗ്രഹങ്ങൾ അവർക്ക് സ്വർഗത്തിൽ നൽകപ്പെടും


(42)
فَوَاكِهُ وَهُم مُّكْرَمُونَ


വിവിധ തരം പഴ വർഗങ്ങൾ.
അവർ ആദരിക്കപ്പെടുന്നവരായിരിക്കും

വ്യത്യസ്ഥ രുചിയിലുള്ള പഴങ്ങൾ അവിടെ ലഭിക്കുന്നത് അവർക്ക് നൽകപ്പെടുന്ന  ഉപജീവനത്തിലെ ഒരു ഭാഗമാണ്. അവർ ആദരിക്കപ്പെടുന്നവരാണെന്ന് പറഞ്ഞാൽ അവരുടെ സേവനത്തിനു വേണ്ടി അള്ളാഹു സ്വർഗ്ഗത്തിൽ സേവകരെ നിശ്ചയിക്കുന്നുണ്ടെന്നും എല്ലാ വിധ സുഖങ്ങളും നൽകുമെന്നും മുന്തിയ ജീവിത നിലവാരം നിലനിർത്തുമെന്നും അവരുടെ ഗ്രേഡുകൾ ഉയർത്തിയും

അള്ളാഹുവെ കാണാനും കേൾക്കാനും അവസരമൊരുക്കിയും ആദരിക്കും എന്നാണ് (ഇബ്നുകസീർ /ഖുർതുബി)

 


(43)
فِي جَنَّاتِ النَّعِيمِ


സൌഭാഗ്യത്തിന്റെ സ്വർഗത്തോപ്പുകളിൽ


ആസ്വാദനം സാധ്യമാക്കിയ തോട്ടങ്ങളിൽ അവർ ജീവിക്കും. സ്വർഗം ഏഴെണ്ണമുണ്ടെന്നും അതിലെ ഒന്ന് നഈം ആണെന്നും ഇമാം ഖുർതുബി رحمة الله عليه രേഖപ്പെടുത്തുന്നു
(44)
عَلَى سُرُرٍ مُّتَقَابِلِينَ


അവർ ചില കട്ടിലുകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും

പരസ്പരം അഭിമുഖമായി ഇരിക്കുന്ന അവർക്ക് ഒരാളെയും കാണാനായി പുറകിലേക്ക് തിരിഞ്ഞു നോക്കുക എന്ന അസൌകര്യം അവിടെ അനുഭവപ്പെടുകയില്ല എന്ന് സാരം (ഥിബ്‌രി)

മുത്തും മാണിക്യവും മറ്റു രത്നങ്ങളും പതിച്ച വിശാലമായ കട്ടിലുകൾ അവരെയും കൊണ്ട് ആവശ്യമുള്ളിടത്തേക്ക് കറങ്ങും അതിനാൽ അവർ പുറകോട്ട് തിരിഞ്ഞു നോക്കേണ്ടതില്ല എന്ന് ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു (ഖുർതുബി)


(45)
يُطَافُ عَلَيْهِم بِكَأْسٍ مِن مَّعِينٍ


ഒരു തരം ഉറവു ജലം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും

സ്വർഗ്ഗത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്ന മദ്യം നിറച്ച കപ്പുകൾ അവരിലേക്ക് എത്തിക്കപ്പെടും അതിന്റെ വിശേഷണം അടുത്ത സൂക്തങ്ങളിൽ കാണാം


(46)
بَيْضَاء لَذَّةٍ لِّلشَّارِبِينَ


വെളുത്തതും കുടിക്കുന്നവർക്ക് രുചികരവുമായ പാനീയം


വെളുത്ത നിറം എന്ന് പറഞ്ഞത് നല്ല ഭംഗിയും പ്രഭയുമുള്ള പാനീയം എന്ന അർത്ഥത്തിലാണ് വെറുപ്പു തോന്നുന്നതോ ആകർഷണ രഹിതമോ പ്രകൃതി അനിഷ്ടം പ്രകടിപ്പിക്കുന്നതോ ആയ നിറം പോലും അവിടെ ഉണ്ടാവുകയില്ല (ഇബ്നുകസീർ)


(47)
لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ

 

അതിൽ യാതൊരു ദോഷവുമില്ല അത് നിമിത്തം അവർക്ക് ലഹരി ബാധിക്കുകയുമില്ല

സ്വർഗ്ഗത്തിലെ മദ്യത്തിനു ഭൂമിയിലെ മദ്യത്തിന്റെ അപകടങ്ങൾ ഒന്നും തന്നെയില്ല എന്നാണിവിടെ പറയുന്നത് തല കറക്കമോ വയറു വേദനയോ ചർദ്ധിയോ ബുദ്ധി നഷ്ടപ്പെടലോ ഇല്ലാത്ത, കുടിക്കുന്നവർക്ക് നല്ല രുചിയുള്ള പാനീയമാണ് സ്വർഗ്ഗത്തിലെ കള്ള് (അത് ലഭിക്കാനായി ഭൂമിയിലെ അപകടകാരിയായ ലഹരി മുഴുവനും ഉപേക്ഷിക്കാനുള്ള ഇഛാശക്തി കാണിക്കേണ്ടവരാണ് നമ്മൾ. ദു:ഖകരം എന്ന് പറയട്ടെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം അമ്പരപ്പിക്കും വിധം വർദ്ധിക്കുകയും അത് മുഖേനയുണ്ടാകുന്ന അസ്വസ്ഥതയും അസമാധാനവും കുടുംബം ശിഥിലമാക്കുകയും യുവത്വം നിഷ്ക്രിയരാവുകയും അക്രമം പെരുകുകയും ചെയ്യുന്ന കാഴ്ച സമാധാനം ആഗ്രഹിക്കുന്നവരെയാകെ അസ്വസ്ഥമാക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുകയാണ്,ഇതിന്റെ പരിഹാരത്തിനു ആവശ്യമായ സാധ്യമായ എല്ലാ വഴികളും ആലോചിക്കുകയും നമ്മുടെ മക്കളുടെ ജീവിത രീതി രക്ഷിതാക്കൾ കൃത്യമായി വിലയിരുത്തുകയും ശരിയല്ലാത്ത ചങ്ങാത്തത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയെടുക്കുകയും ചെയ്യണം അള്ളാഹു നമ്മെയെല്ലാം രക്ഷപ്പെടുത്തട്ടെ امين
(48)
وَعِنْدَهُمْ قَاصِرَاتُ الطَّرْفِ عِينٌ


ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകൾ അവരുടെ അടുത്ത് ഉണ്ടായിരിക്കും


ദൃഷ്ടി നിയന്ത്രിക്കുക എന്നാൽ അവർക്ക് അള്ളാഹു നൽകുന്ന ഭർത്താവിനെയല്ലാതെ അവർ നോക്കുകയില്ല അതോടൊപ്പം അതി സൌന്ദര്യവതികളായിരിക്കും അവർ. ബാഹ്യ സൌന്ദര്യവും ആന്തരിക സൌന്ദര്യവും അവരിൽ മേളിച്ചിട്ടുണ്ടെന്നാണ് ഇവിടുത്തെ പ്രശംസയുടെ ചുരുക്കം


(49)
كَأَنَّهُنَّ بَيْضٌ مَّكْنُونٌ


സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകൾ പോലെയിരിക്കും അവർ


പക്ഷി അതിന്റെ മുട്ടയെ പൊടിയിൽ നിന്നും കാറ്റിൽ നിന്നും തന്റെ ചിറക് കൊണ്ട് സംരക്ഷിക്കുന്നത് പോലെ അവരുടെ പാതിവൃത്യം അള്ളാഹു സംരക്ഷിക്കുന്നു. അനധികൃതമായി ഒരാളും അവരെ തൊട്ട് നോക്കുക പോലും ചെയ്യുന്നില്ല സൌന്ദര്യത്തിൽ അവർ വളരെ മുന്നിലാണ് താനും
അള്ളാഹു നമ്മെയെല്ലാം സ്വർഗാവകാശികളിൽ ചേർത്തു തരട്ടെ
امين

  
(തുടരും)


ان شاء الله

 


ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: