Sunday, June 5, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 05

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -5  -   സൂക്തം 50 മുതൽ 61 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

 

(50)
فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ

ആ സ്വർഗവാസികളിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം ( പല ചോദ്യങ്ങളും ) ചോദിക്കും


ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു മദ്യം കുടിച്ച് കൊണ്ട് സ്വർഗാവകാശികൾ ഭൂമിയിലെ അനുഭവങ്ങൾ പങ്കുവെക്കും (പാനീയം കുടിച്ചു കൊണ്ട് സംസാരിക്കുന്നത് ആളുകടെ ഒരു ശീലമാണല്ലോ) ഒരു  പ്രയോഗമുണ്ട് മാന്യന്മാർ പാനീയം കുടിച്ചു കൊണ്ട് സംസാരിക്കുന്നതിന്റെ രസം നിലനിൽക്കുന്നുന്നതാണ്  (ഖുർതുബി)

സ്വർഗക്കാർ പരസ്പരം സംസാരിക്കുന്ന വിഷയങ്ങളിൽ നിലവിലുള്ള അവരുടെ സന്തോഷാവസ്ഥയും ഭൂമിയിൽ അവർ അനുഭവിച്ചിരുന്ന പ്രതിസന്ധികളും മറ്റ് സാഹചര്യങ്ങളും ഉൾപ്പെടുന്നതാണ് അലങ്കൃതമായ കട്ടിലുകളിൽ ഇരുന്നും സ്വാദിഷ്ഠമായ മദ്യം നുകർന്നും ഭക്ഷണം, പാനീയം, വസ്ത്രം എന്നിങ്ങനെ ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യനും ചിന്തിക്കാൻ സാധിച്ചിട്ടില്ലാത്തതുമായ സൌകര്യങ്ങളുമായി സേവകർ അവരുടെ ചുറ്റിലും കറങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലുമായിരിക്കും അവർ ഇങ്ങനെ പരസ്പരം സംസാരിക്കുന്നത് (ഇബ്നുകസീർ)

(51)
قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ


അവരിൽ നിന്ന് ഒരു വക്താവ് പറയും തീർച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു

സംസാരിക്കുന്ന കൂട്ടത്തിൽ കടന്നു വരുന്ന ഒരു വിഷയമാണിവിടെ പരാമർശിക്കുന്നത് ഒരാൾ പറയുന്നു എനിക്ക് ഭൂമിയിൽ ഒരു കൂട്ടുകാരനുണ്ടായിരുന്നു. ഈ കൂട്ടുകാരൻ പിശാച് ആണെന്നും (ഓരോ മനുഷ്യനൊപ്പവും ഉൽബോധനം നൽകുന്ന ഒരു മലക്കും ദുർബോധനം നൽകുന്ന ഒരു പിശാചും ഉണ്ടെന്നും നിരന്തരം മലക്ക് നന്മയിലേക്ക് പ്രോത്സാഹനവും പിശാച് തിന്മയിലേക്കുള്ള പ്രചോദനവും നടത്തിക്കൊണ്ടിരിക്കുമെന്നും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട് )

ഈ കൂട്ടുകാരൻ ബഹുദൈവ വിശ്വാസിയാണെന്നും അഭിപ്രായമുണ്ട്. രണ്ടായാലും നന്മയിൽ നിന്ന് ഇവനെ അകറ്റി തിന്മയിലേക്ക് ആകർഷിക്കുന്ന വാക്കുകൾ പറയുകയും അത്തരം ചിന്തകൾ ഉണ്ടാക്കുകയും ചെയ്യുന്നവനായിരിക്കും ആ കൂട്ടുകാരൻ. പുനർജന്മത്തെ നിഷേധിക്കുകയും സത്യ വിശ്വാസത്തെ നിരാകരിക്കുകയും ചെയ്യുന്നവനായിരിക്കും അവൻ

 


(52)
يَقُولُ أَئِنَّكَ لَمِنْ الْمُصَدِّقِينَ


അവൻ പറയുമായിരുന്നു തീർച്ചയായും നീ (പരലോകത്തിൽ ) വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ തന്നെയാണോ
?

ഭൂമിയിലെ ആ കൂട്ടുകാരൻ സത്യവിശ്വാസിയോട് ചോദിക്കുന്ന ചോദ്യമാണിത്. മരണ ശേഷം പുനർജന്മവും പ്രതിഫലവും ഉണ്ടെന്ന് നീ ശരിക്കും വിശ്വസിക്കുന്നുണ്ടോ എന്ന്!. ആ വിശ്വാസത്തെ നിരാകരിക്കാനും അത് അസാധ്യമെന്ന് വരുത്താനും വേണ്ടിയാണ് ഈ ചോദ്യം അവൻ ചോദിക്കുന്നത്. (ഇബ്നുകസീർ)


(53)
أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَدِينُونَ


നാം മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമയി കഴിഞ്ഞാലും നമുക്ക് നമ്മുടെ കർമ്മ ഫലങ്ങൾ നൽകപ്പെടുന്നതാണോ
?


മരണ ശേഷം മണ്ണിൽ ലയിച്ച നമ്മെ പുനർജനിപ്പിച്ച് ഭൂമിയിൽ വെച്ച് ചെയ്തിരുന്ന പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമെന്നോ ? ഇത് ഉൾക്കൊള്ളാൻ സാധ്യമല്ല എന്ന് ചുരുക്കം


(54)
قَالَ هَلْ أَنتُم مُّطَّلِعُونَ


തുടർന്ന് ആ വക്താവ് (കൂടെയുള്ളവരോട്) പറയും നിങ്ങൾ (ആ കൂട്ടുകാരനെ ) എത്തിനോക്കാൻ ഉദ്ദേശിക്കുന്നുണ്ടോ
?


സ്വർഗാവകാശിയായ ഈ മഹാൻ നരകത്തിലുള്ള എന്റെ നിഷേധിയായ കൂട്ടുകാരനെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന് മറ്റ് സ്വർഗക്കാരോട് ചോദിക്കും നിഷേധിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോഴാണല്ലോ വിശ്വാസിക്ക് അള്ളാഹു നൽകിയ അനുഗ്രഹത്തിന്റെ മൂല്യം മനസിലാവുക!

 

(55)
فَاطَّلَعَ فَرَآهُ فِي سَوَاء الْجَحِيمِ


എന്നിട്ട് അദ്ദേഹം എത്തിനോക്കും അപ്പോൾ അദ്ദേഹം അവനെ നരകത്തിന്റെ
മധ്യത്തിൽ കാണും

 
നരകത്തിലുള്ളവരെ കാണാൻ സ്വർഗക്കാർക്ക് അള്ളാഹു ഒരു ദ്വാരം ഇട്ടു കൊടുക്കും. അതിലൂടെ നരകത്തിലേക്ക് നോക്കുമ്പോഴാണ് ഇപ്പോൾ സ്വർഗക്കാർ അനുഭവിക്കുന്ന അനുഗ്രഹത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുക. അതനുസരിച്ച് ആ കൂട്ടുകാരൻ നരകത്തിലേക്ക് എത്തി നോക്കുകയും നരകത്തിൽ പുനർജന്മത്തെ നിഷേധിച്ചിരുന്ന തന്റെ ചങ്ങാതിയെ കാണുകയും ചെയ്യും


(56)
قَالَ تَاللَّهِ إِنْ كِدتَّ لَتُرْدِينِ


അദ്ദേഹം (അവനോട് )പറയും
അള്ളാഹുവെ തന്നെയാണ് സത്യം നീ എന്നെ നാശത്തിൽ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു


ഭൂമിയിൽ വെച്ച് നീ പറഞ്ഞത് അനുസരിച്ച് പുനർജന്മത്തെ നിഷേധിച്ചിരുന്നുവെങ്കിൽ ഞാനും ഇന്ന് നിന്നെ പോലെ നാശത്തിൽ അകപ്പെട്ടേനേ എന്ന് അവൻ പറയും


(57)
وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ


എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ ( ആ നരകത്തിൽ ) ഹാജറാക്കപ്പെടുന്നവരിൽ ഞാനും ഉൾപ്പെടുമായിരുന്നു

അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹം മുഖേന എനിക്ക് അവൻ ഏകദൈവ വിശ്വാസത്തിലേക്ക് വഴി കാണിക്കുകയും എന്നെ ശരിയായ വിശ്വാസി ആക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ഞാനും നിന്നെ പോലെ നരകത്തിൽ ഹാജറാക്കപ്പെടുമായിരുന്നു അള്ളാഹു അവന്റെ മഹത്തായ അനുഗ്രഹംകൊണ്ട് എന്നെ രക്ഷപ്പെടുത്തി എന്ന് അവൻ സന്തോഷം പ്രകടിപ്പിക്കുകയാണ്


(58)
أَفَمَا نَحْنُ بِمَيِّتِينَ

 

(സ്വർഗവാസികൾ പറയും ) ഇനി നാം മരണപ്പെടുന്നവർ അല്ലല്ലോ


സ്വർഗത്തിലെ സന്തോഷം നഷ്ടപ്പെടും വിധം ഒരു മരണം ഇനി നമുക്കില്ല കാലാകാലം ഇവിടെ സുഖമായി കഴിയാം എന്ന് സ്വർഗക്കാർ സന്തോഷം രേഖപ്പെടുത്തുകയാണിത്


(59)
إِلَّا مَوْتَتَنَا الْأُولَى وَمَا نَحْنُ بِمُعَذَّبِينَ


നമ്മുടെ ആദ്യത്തെ മരണമല്ലാതെ നാം ശിക്ഷിക്കപ്പെടുന്നവരുമല്ല


ഇനിയും ഒരു മരണമുണ്ടെങ്കിൽ ഈ സുഖം ആസ്വാദ്യകരമാകില്ല. ഇനി നമുക്ക് മരണമോ ശിക്ഷയോ ഭയപ്പെടേണ്ടതില്ല


(60)
إِنَّ هَذَا لَهُوَ الْفَوْزُ الْعَظِيمُ


തീർച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം


സന്തോഷം നശിപ്പിക്കുന്ന ഒന്നിനെയും ഭയപ്പെടേണ്ടതില്ലാത്ത, ഏതെങ്കിലും രൂപത്തിൽ ബുദ്ധിമുട്ടോ പ്രയാസമോ അഭിമുഖീകരിക്കേണ്ടതില്ലാത്ത സ്ഥിര സ്വഭാവമുള്ള സുഖം അത് തന്നെയാണ് മഹാ വിജയം

 


(61)
لِمِثْلِ هَذَا فَلْيَعْمَلْ الْعَامِلُونَ

 

ഇതുപോലെയുള്ളതിനു വേണ്ടിയാകട്ടെ പ്രവർത്തകന്മാർ പ്രവർത്തിക്കുന്നത്

ഇത്തരം ഭാഗ്യം കരസ്ഥമാക്കാനാണ് അദ്ധ്വാനിക്കേണ്ടത്. അല്ലാത്ത അദ്ധ്വാനങ്ങളെല്ലാം വെറുതെയാകും ചിലപ്പോൾ ദുഖത്തിനു കാരണവുമാകും അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ


ഈ വാക്ക് സ്വർഗക്കാർ പറയുന്നതാണെന്നും ഭൂമിയിൽ പരിശ്രമിച്ച് ഈ ഭാഗ്യം നേടാൻ
അള്ളാഹു ഉപദേശിക്കുന്നതാണെന്നും അഭിപ്രായമുണ്ട് (ഇബ്നുകസീർ)


കഴിഞ്ഞ സൂക്തങ്ങളിൽ പരാമർശിച്ച ചങ്ങാതിമാരുടെ പരിധിയിൽ വരാവുന്ന ഒരു ചരിത്രം ഇവിടെ ഇമാമുമാർ പറഞ്ഞതായി ഇബ്നുകസീർ
رحمة الله عليه ഉദ്ധരിക്കുന്നു. ഇസ്രയേലികളിൽ രണ്ട് കൂട്ടുകാരുണ്ടാ‍യിരുന്നു അവർ ഒന്നിച്ച് കച്ചവടം ചെയ്തു കച്ചവടത്തിൽ എട്ടായിരം സ്വർണ്ണ നാണയം ലഭ്യമായി. ഒരാൾക്ക് വേറെ ജോലിയുണ്ട് കൂട്ടുകാരനു ജോലിയില്ല. ജോലി ഇല്ലാത്ത വ്യക്തിയോട് മറ്റയാൾ പറഞ്ഞു ജോലിയൊന്നും ഇല്ലാത്ത നിന്നോടൊപ്പം ഇനി ഞാൻ ഇല്ല നമുക്ക് പിരിയാം. അങ്ങനെ അവർ പിരിഞ്ഞു. പിരിയാൻ ആഗ്രഹിച്ചയാൾ തനിക്ക് ലഭിച്ച നാലായിരത്തിൽ  നിന്ന് ആയിരം ദീനാർ നൽകി മരണപ്പെട്ട് പോയ രാജാവിന്റെ വീട് വാങ്ങി എന്നിട്ട് പഴയ കൂട്ടുകാരനെ വിളിച്ച് താൻ വാങ്ങിയ പുതിയ വീട് കാണിച്ച് കൊടുത്തുകൊണ്ട് എങ്ങനെയുണ്ട് എന്റെ പുതിയ വീട് എന്ന് അഭിപ്രായം ചോദിച്ചു. നന്നായിരിക്കുന്നു എന്ന് പറഞ്ഞ് കൂട്ടുകാരൻ ആ വീട്ടിൽ നിന്ന് ഇറങ്ങി അങ്ങനെ അദ്ദേഹം അള്ളാഹുവോട് പ്രാർത്ഥിച്ചു. അള്ളാഹുവേ! എന്റെ കൂട്ടുകാരൻ ഭൂമിയിൽ ഒരു വീട് വാങ്ങിയിരിക്കുന്നു ഞാൻ നിന്നോട് സ്വർഗത്തിൽ ഒരു വീട് ചോദിക്കുന്നു . എന്നിട്ട് അദ്ദേഹം ആയിരം സ്വർണ്ണ നാണയം ദർമ്മം ചെയ്തു. മറ്റയാൾ അല്പനാളുകൾക്ക് ശേഷം ആയിരം ദീനാർ കൊടുത്ത് ഒരു വിവാഹം ചെയ്തു. എന്നിട്ട് പഴയ കൂട്ടുകാരനെ ക്ഷണിച്ച് ഭക്ഷണം നൽകി സൽക്കരിക്കുകയും കല്യാണം കഴിക്കാൻ ആയിരം ദീനാർ ചിലവഴിച്ച വിവരം പറയുകയും ചെയ്തു. നന്നായി എന്ന് പ്രതികരിച്ച് പുറത്തിറങ്ങിയ മറ്റയാൾ നാഥാ! എന്റെ കൂട്ടുകാരൻ വിവാഹം കഴിച്ചു എനിക്ക് നീ സ്വർഗത്തിൽ ഒരു ഇണയെ നൽകേണമേ എന്ന് പ്രാർത്ഥിക്കുകയും ആയിരം ദീനാർ ദർമ്മം ചെയ്യുകയും ചെയ്തു പിന്നീട് ബാക്കിയുള്ള രണ്ടായിരത്തിനു രണ്ടു തോട്ടങ്ങൾ ആദ്യത്തയാൾ വാങ്ങി. കൂട്ടുകാരനെ വിളിച്ച് തോട്ടം കാണിക്കുകയും രണ്ടായിരം സ്വർണ്ണ നാണയം കൊടുത്താണിത് വാങ്ങിയത് എന്ന് അഭിമാനം പറയുകയും ചെയ്തു നല്ല അഭിപ്രായം പറഞ്ഞ് പുറത്തിറങ്ങിയ ഇദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു അള്ളാഹുവേ! എന്റെ ചങ്ങാതി രണ്ടായിരം ദീനാർ നൽകി രണ്ട് തോട്ടം വാങ്ങിയിരിക്കുന്നു ഞാൻ നിന്നോട് സ്വർഗത്തിൽ രണ്ട് തോട്ടം ആവശ്യപ്പെടുന്നു. എന്നിട്ട് ബാക്കിയുള്ള രണ്ടായിരം ദീനാർ സംഭാവന ചെയ്തു വൈകാതെ രണ്ട് പേരും മരണപ്പെടുകയും ദർമ്മം ചെയ്ത വ്യക്തിയെ അള്ളാഹു ഒരു വീട്ടിൽ പ്രവേശിപ്പിക്കുകയും  ചെയ്തു അത്ഭുതകരമായ ആ വീട് കണ്ട് സന്തോഷിച്ചു കൊണ്ടിരിക്കെ ഒരു സൌന്ദര്യ റാണി അവിടെ പ്രത്യക്ഷപ്പെട്ടു രണ്ട് തോട്ടങ്ങളിൽ പ്രവേശിപ്പിക്കുകയും മറ്റ് പല കാര്യങ്ങളും കാണിക്കുകയും ചെയ്തു അപ്പോൾ ഇദ്ദേഹം പറഞ്ഞു ഇതൊക്കെ സ്വന്തമാക്കുന്നവർ മഹാ ഭാഗ്യവാന്മാർ തന്നെ എന്ന്. അപ്പോൾ ഇതെല്ലാം നിങ്ങൾക്കുള്ളത് തന്നെ എന്ന് സന്തോഷം അറിയിക്കപ്പെട്ടു അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് ഭൂമിയിൽ ഒരു കൂട്ടുകാരനുണ്ടായിരുന്നു എന്റെ സംഭാവന ചെയ്യലിനെ അയാൾ കളിയാക്കുകയും മരണത്തോടെ എല്ലാം അവസാനിക്കും എന്ന് പറയുകയും ചെയ്തിരുന്നു അവന്റെ അവസ്ഥ ഇപ്പോൾ എന്താണാവോ എന്ന്.അപ്പോൾ പറയപ്പെട്ടു അവൻ നരകത്തിലുണ്ടെന്ന്. കാണണമെങ്കിൽ കാണാം എന്ന് അപ്പോൾ അദ്ദേഹം എത്തി നോക്കുകയും അവനെ നരകത്തിൽ കാണുകയും ചെയ്തു അപ്പോഴാണ് ഭൂമിയിലെ സുഖത്തിനായി നിന്റെ വാക്ക് കേട്ടിരുന്നെങ്കിൽ ഞാനും അപകടത്തിലായേനേ അള്ളാഹു അനുഗ്രഹിച്ചതിനാൽ ഞാൻ ക്ഷപ്പെട്ടു എന്ന ഈ അദ്ധ്യായത്തിലെ അമ്പത്തിയാറ്, അമ്പത്തി ഏഴ് സൂക്തങ്ങൾ അദ്ദേഹം പറഞ്ഞത്  (ഇബ്നു കസീർ)


ഭൂമിയിലെ ജീവിതം ക്ഷണികമാണ് പരലോകത്തേത് അനന്തവും.
അന്നത്തെ രക്ഷക്കായി ഇന്നു തന്നെ ഒരുക്കങ്ങൾ നടത്തുക താൽക്കാലിക സന്തോഷങ്ങൾ നഷ്ടപ്പെട്ടാലും സ്ഥിരമായ സന്തോഷം ഉറപ്പാക്കുക. അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ امين

 (തുടരും)


ان شاء الله

 

No comments: