Monday, June 13, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 06

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -6  -   സൂക്തം 62 മുതൽ 74 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(62)
أَذَلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ


അതാണോ വിശിഷ്ടമായ സൽക്കാരം
? അതോ സഖ്ഖൂം വൃക്ഷമോ?


സ്വർഗക്കാർക്ക് ലഭിക്കുന്ന നേരത്തെ വിശദീകരിച്ച ഭക്ഷണ, പാനീയ, വൈവാഹിക സന്തോഷങ്ങളും മറ്റു സുഖങ്ങളുമാണോ നല്ല സൽക്കാരവും ഔദാര്യവും അതോ നരകത്തിൽ മുളക്കുന്ന സഖ്ഖൂം വൃക്ഷമോ? ഒരിക്കലും രണ്ടും സമമല്ല ആദ്യം പറഞ്ഞത് സന്തോഷവും രണ്ടാമത് പറഞ്ഞത് ശിക്ഷയുമാണ്


ഇമാം റാസി
رحمة الله عليه എഴുതുന്നു സ്വർഗക്കാരെക്കുറിച്ചും സ്വർഗത്തിന്റെ വിശേഷങ്ങളെക്കുറിച്ചും വിവരിച്ച ശേഷം ഇതുപോലുള്ളതിനു വേണ്ടിയാണ് പ്രവർത്തിക്കുന്നവർ പ്രവർത്തിക്കേണ്ടത് എന്ന് അള്ളാഹു വിവരിച്ചു (സൂക്തം 61) തുടർന്ന് സത്യ നിഷേധികളെ നിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രചോദനമാകും വിധം നരകക്കാരുടെ ഭക്ഷണവും പാനീയവും വിവരിക്കാൻ നബി തങ്ങളോട് അള്ളാഹു കല്പിച്ചതാണ് ഇവിടെ പറയുന്നത് അതായത് സ്വർഗക്കാർക്ക് ലഭിക്കുന്ന വിഭവങ്ങൾ അവർക്ക് രസവും സന്തോഷവും നൽകുമ്പോൾ നരകക്കാർക്ക് ലഭിക്കുന്ന ഭക്ഷണം വേദനയും ദു:ഖവും സമ്മാനിക്കുന്നവയാണ് എന്ന്.ഇവ തമ്മിൽ നന്മയിൽ ഒരു താരതമ്യവും ഇല്ല എന്നിരിക്കെ ഇതോ ഉത്തമം അതോ സഖ്ഖൂം വൃക്ഷമോ എന്ന് ചോദിക്കുന്നത് എങ്ങനെ ശരിയാകും എന്ന് സംശയിക്കാം.ഇത് നിഷേധികൾക്കുള്ള അർഹമായ പരിഹാസം എന്ന രൂപത്തിലോ അവർ ഈ മോശമായ അവസ്ഥ തിരഞ്ഞെടുത്തതിൽ അവരെ ഭയപ്പെടുത്തുക എന്ന അർത്ഥത്തിലോ ഇത് മനസ്സിലാക്കാം എന്നാണ് നിവാരണം  (റാസി)


(63)
إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ


തീർച്ചയായും അതിനെ നാം അക്രമകാരികൾക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു

ശിക്ഷയുടെ രൂപത്തിലുള്ള പരീക്ഷണം സത്യ നിഷേധികൾക്ക് ഈ വൃക്ഷത്തിലൂടെ അള്ളാഹു നൽകുന്നു. നരകത്തിൽ മുളക്കുന്ന ഈ വൃക്ഷത്തെക്കുറിച്ച് നബി തങ്ങൾ പറഞ്ഞപ്പോൾ അതിനെ നിഷേധിക്കാൻ വേണ്ടി മുശ്‌രിക്കുകൾ ചോദിച്ചത് തീയിൽ മരം കരിഞ്ഞു പോകുമല്ലോ പിന്നെ എങ്ങനെ അവിടെ അത് മുളപ്പിക്കും എന്ന്. അത് അവർക്ക് ഉൾക്കൊള്ളാനായില്ല അവർ അതിനെയും നിഷേധിച്ചു കുഴപ്പത്തിലായി അതാണ് പരീക്ഷണം എന്ന് ഇമാം ഥിബ്‌രി رحمة الله عليه പറയുന്നു. തീ സൃഷ്ടിച്ച അള്ളാഹുവിനു മരത്തെ കരിക്കാത്ത വിധം അതിനു സ്വഭാവം നൽകാൻ പ്രയാസമില്ലെന്നതാണ് ഈ സന്ദേഹത്തിന്റെ മറുപടി. എന്നാൽ ഈ സത്യം ഉൾക്കൊള്ളാനാവാതെ നിഷേധത്തിൽ അഭിരമിച്ചു അവർ എന്നതാണ് പരീക്ഷണം  എന്ന് ഇമാം റാസി رحمة الله عليهപറഞ്ഞിട്ടുണ്ട് (തീയിൽ എറിയപ്പെട്ട ഇബ്‌റാഹീം നബി عليه السلام ഒരു രോമത്തിനു പോലും പോറലേൽക്കാതെ രക്ഷപ്പെട്ട ചരിത്രം പ്രസിദ്ധമാണ്)




(64)
إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ


തീർച്ചയായും  നരകത്തിന്റെ അടിയിൽ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമാണത്

തീയിൽ മരം കരിയും. അപ്പോൾ അവിടെ എങ്ങനെ മരമുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണത് നരകത്തിൽ തന്നെ മുളച്ച് വരുന്ന മരമാണത് അഥവാ തീയിൽ മുളച്ചതാണത് (തീയിൽ മുളച്ചത് വെയിലത്ത് വാടില്ല  എന്ന് പറയാറുണ്ടല്ലൊ)


(65)
طَلْعُهَا كَأَنَّهُ رُؤُوسُ الشَّيَاطِينِ


അതിന്റെ കുല പിശാചുക്കളുടെ തലകൾ പോലെയായിരിക്കും


അതിന്റെ രൂപം വികൃതവും വൈരൂപ്യവും നിറഞ്ഞതാണ് എന്നതിനെ ആലങ്കാരികമായി വിവരിച്ചതാണിത്. പിശാചിന്റെ തല എങ്ങനെയാണെന്ന് ശ്രോദ്ധാക്കൾക്ക് വ്യക്തതയില്ലെന്നിരിക്കെ അത്തരമൊരു താരതമ്യത്തിന്റെ സാംഗത്യം എന്താണെന്ന് സംശയിക്കുന്നതിന്റെ മറുപടി ഇങ്ങനെയാണ് ശ്രോദ്ധാക്കൾക്ക് പിശാചിന്റെ തല എങ്ങനെയാണെന്ന് പരിചിതമല്ലെങ്കിലും ജന മനസ്സിൽ പിശാചിന്റെ രൂപം വെറുപ്പുളവാക്കുന്നതായി നിലനിൽക്കുന്നുണ്ട് അപ്പോൾ അതിനോട് ഈ മരത്തിന്റെ കുലകൾ സാമ്യമുണ്ടെന്ന് പറഞ്ഞാൽ അത് വെറുക്കപ്പെടേണ്ടതാണെന്ന് മനസിലാക്കാം.


ഇമാം റാസി
رحمة الله عليهഎഴുതുന്നു മലക്കുകൾ അങ്ങേയറ്റം പൂർണ്ണതയും സൌന്ദര്യവും ഉള്ളവരാണെന്നും പിശാച് വൈരൂപ്യവും കാണാൻ കൊള്ളായ്മയും ഉള്ളതാണെന്നും അവർ വിശ്വസിച്ചിരുന്നു പൂർണതയെക്കുറിച്ച് പറയുന്നിടത്ത് യൂസുഫ് നബി عليه السلامയെ മലക്കാണെന്ന് വർണിച്ച കഥ ഖുർആൻ പറഞ്ഞു എന്ന പോലെ പിശാച് വൈരൂപ്യത്തിന്റെ പ്രതീകമാണ് അതിനോട് ഈ മരത്തിന്റെ കുലയെ തുലനം ചെയ്താൽ ഇത് അങ്ങേ അറ്റം മോശമാണെന്ന് ചുരുക്കം (റാസി)


(66)
فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِؤُونَ مِنْهَا الْبُطُونَ

 

തീർച്ചയായും അവർ അതിൽ നിന്ന് ഭക്ഷിക്കുന്നവരും അതിൽ നിന്ന് വയറ്‌ നിറക്കുന്നവരുമായിരിക്കും

വളരെ മോശമായ ഈ വൃക്ഷത്തിൽ നിന്ന് അവർ ഭക്ഷിക്കുക തന്നെ ചെയ്യും അതിന്റെ രുചി രസമുള്ളതല്ല. വാസനയും സുഖകരമല്ല. കാഴ്ചയിൽ അങ്ങേ അറ്റം വൃത്തികേടും ഉണ്ട് എന്നിരിക്കെ ശിക്ഷയെന്നോണം അത് കഴിക്കാൻ അവർ കല്പിക്കപ്പെടും ഈ അസ്വസ്ഥതകൾ അനുഭവിച്ച് കൊണ്ട് തന്നെ അവർ അത് കഴിച്ച് വയറ് നിറക്കും. ഇതല്ലാതെ മറ്റൊന്നും ലഭ്യമല്ലാത്തതിനാൽ വിശപ്പിന്റെ കാഠിന്യം കാരണത്താൽ അവർ കഴിക്കാൻ നിർബന്ധിതരാകും ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു നബി തങ്ങൾ ഈ സൂക്തം പാരായണം ചെയ്തു എന്നിട്ട് പറഞ്ഞു നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുക കാരണം  സഖ്ഖൂമിൽ നിന്ന് ഒരു തുള്ളി ഭൂമിയിലെ സമുദ്രങ്ങളിൽ ഇറ്റിച്ചാൽ ഭൂമിയിലുള്ളവരുടെ ജീവിതം ദുസ്സഹമാവാൻ അത് ധാരാളമായിരിക്കും അപ്പോൾ പിന്നെ അത് ഭക്ഷണമായി ഉപയോഗിക്കേണ്ടി വരുന്നവരുടെ അവസ്ഥ പറയേണ്ടതില്ലല്ലൊ (ഇബ്നുകസീർ)


അവർ അത് കഴിക്കുന്നത് വിശപ്പിന്റെ കാഠിന്യത്താൽ ആണെന്നും മലക്കുകൾ അവരെ നിർബന്ധിക്കുന്നത് കൊണ്ടാണെന്നും വിശദീകരണമുണ്ട് (റാസി)

 


(67)
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ


പിന്നീട് അവർക്ക് അതിനു മീതെ ചുട്ടു തിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്

നരകക്കാരുടെ കണ്ണുകളിൽ നിന്നും ഗുഹ്യ ഭാഗങ്ങളിൽ നിന്നും ഒലിക്കുന്ന ചലവുമായി കലർന്ന അതി ശക്തിയായ ചൂടുള്ള വെള്ളം അവർക്ക് കുടിക്കാൻ കോടുക്കും ഇബ്നു അബീ ഹാതം رضي الله عنهപറഞ്ഞതായി ഇബ്നുകസീർ رحمة الله عليه ഉദ്ധരിക്കുന്നു നരകക്കാർ വിശക്കുമ്പോൾ സഖ്ഖൂം മരം കൊണ്ട് സഹായം തേടുകയും അതിൽ നിന്ന് ഭക്ഷിക്കുകയും ചെയ്യും അതോടെ മുഖത്തുള്ള തൊലി അത് കവർന്നെടുക്കും പിന്നീട് അവർക്ക് അസഹ്യമായ ദാഹം അനുഭവപ്പെടും അപ്പോൾ വെള്ളത്തിനായി അവർ സഹായാർത്ഥന നടത്തും അപ്പോൾ ചൂട് അതിന്റെ പാരമ്യത്തിലെത്തിയ വെള്ളം അവർക്ക് കുടിപ്പിക്കപ്പെടും അത് അവരുടെ ചുണ്ടോട് അടുപ്പിക്കപ്പെടുമ്പോഴേക്ക് മുഖത്തെ മാംസം കരിയുകയും ആമാശയം ഉരുകുകയും ചെയ്യും അതോടൊപ്പം ഇരുമ്പ് ദണ്ഡ് കൊണ്ട് അവൻ അടിക്കപ്പെടും. നഷ്ടമേ എന്ന് വിളിച്ച് അവർ വിലപിക്കും (ഇബ്നുകസീർ)

 
സഖ്ഖൂം എന്ന വൃക്ഷത്തിൽ നിന്ന് കഴിച്ച് വയറ് നിറയുമ്പോൾ അതിന്റെ അസഹ്യമായ ചൂട് അവർക്ക് വലിയ തോതിൽ ദാഹം സമ്മാനിക്കും.
വെള്ളത്തിനായി മുറവിളിയാകും പിന്നീട്. അത് തുടർന്നു കൊണ്ടിരിക്കുമ്പോഴാണ് ഈ ചൂടിന്റെ പാരമ്യത്തിലുള്ള വെള്ളം കുടിപ്പിക്കപ്പെടുക വയറിലുള്ള ഭക്ഷണവും ഇപ്പോൾ കുടിച്ച വെള്ളവും കലരുന്ന അവസ്ഥ ഭയാനകമായിരിക്കും അതാണിവിടെ ചേരുവ എന്ന് വിശേഷിപ്പിച്ചത്. ഭക്ഷണം കഴിച്ച് ദാഹം വന്ന് വളരെ സമയത്തിനു ശേഷമേ വെള്ളം ലഭിക്കുകയുള്ളൂ എന്ന് അറിയിക്കാനാണ് പിന്നെ എന്ന പ്രയോഗം


(68‌)
ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ


പിന്നീട് തീർച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു

ഈ ദുരനുഭവത്തിനു ശേഷം അവരെ കത്തിയെരിയുന്ന അഗ്നിയിലേക്ക്  മടക്കപ്പെടും അഥവാ നേരത്തെ പറഞ്ഞ ഭക്ഷണവും വെള്ളവും എന്ന ശിക്ഷയിൽ അവരുടെ കഷ്ടപ്പാട് അവസാനിക്കുന്നില്ല കടുത്ത ശിക്ഷകളുടെ തുടർച്ചക്കായി അവർ നരകത്തിലേക്ക് മടക്കപ്പെടും അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ امين


ഇമാം റാസി
رحمة الله عليهഎഴുതുന്നു പിന്നീട് അവരുടെ മടക്കം നരകത്തിലേക്കായിരിക്കും എന്ന പ്രയോഗത്തിൽ നിന്ന് ഈ ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും അവർ നരകത്തിലല്ല എന്ന് വരുന്നുണ്ട് നരകത്തിന്റെ പുറത്ത് സംവിധാനിച്ച വെള്ളവും ഭക്ഷണവും കഴിക്കാൻ അവർ അവിടെ എത്തിക്കപ്പെടുന്നു എന്നർത്ഥം


(69)
إِنَّهُمْ أَلْفَوْا آبَاءهُمْ ضَالِّينَ

 

തീർച്ചയായും അവർ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്

ഈ ദുരിതക്കയത്തിൽ അവർ എത്തിപ്പെട്ടതിന്റെ കാരണം അവരുടെ വഴിതെറ്റിയ പൂർവീകരെ പിന്തുടരുകയും അവരെ മാതൃകയാക്കുകയും ചെയ്തതിന്റെ പേരിലാണ് സത്യം തെളിവിന്റെ അടിസ്ഥാനത്തിൽ പ്രവാചകന്മാർ അവതരിപ്പിച്ചിട്ടും ആ തെളിവുകൾ കണ്ണ് തുറന്ന് കാണാനോ നബിമാരുടെ ഉൽബോധനത്തിനു ചെവികൊടുക്കാനോ ശ്രമിക്കാതെയുള്ള അന്ധമായ അനുകരണം അവരെ കുടുക്കി

 


(70)
فَهُمْ عَلَى آثَارِهِمْ يُهْرَعُونَ

 

അങ്ങനെ അവർ ഇവരുടെ (പിതാക്കളുടെ ) കാല്പാടുകളിലൂടെ കുതിച്ചു പായുന്നു

പിതാക്കൾക്ക് പറ്റിയ അബദ്ധങ്ങൾ ഇവരും ചെയ്യുന്നുവെന്ന് മാത്രമല്ല വലിയ ആവേശത്തിലാണ് വഴികേടിലൂടെ സഞ്ചരിക്കാൻ അവർ ശ്രമിക്കുന്നത്


(71)
وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ


ഇവർക്ക് മുമ്പ് പൂർവ്വീകരിൽ അധിപേരും വഴിപിഴച്ചു പോവുക തന്നെയാണുണ്ടായത്

സത്യത്തെ നിഷേധിച്ചും അസത്യത്തെ അതീവ താല്പര്യത്തോടെ നെഞ്ചേറ്റിയും മുന്നോട്ട് പോയിരുന്നവർ തന്നെയാണ് ഇവരുടെ മുമ്പ് ജീവിച്ചവരിലും ധാരാളം ആളുകൾ. അള്ളാഹുവിനു പുറമേ മറ്റു ദൈവങ്ങളെ നിശ്ചയിക്കുകയും അക്രമികളാവുകയും ചെയ്തു അവർ
സുതാര്യമായി കാര്യങ്ങൾ വിശദീകരിച്ചിട്ടും അത് സ്വീകരിക്കാതെ പോയ മുശ്‌രിക്കുകളുടെ നിലപാടിൽ വേദനിക്കുന്ന നബി
തങ്ങളെ ആശ്വസിപ്പിക്കുകയാണിവിടെ അള്ളാഹു. വഴിതെറ്റുന്ന ആദ്യ സമൂഹമല്ല അറബികൾ മുമ്പും ഇത് ധാരാളമായി നടന്നിരുന്നു. അന്ന് ദൂതന്മാർ ക്ഷമിച്ചത് പോലെ ഈ വിഷയത്തിൽ അങ്ങും ക്ഷമിക്കുക അവരുടെ മാതൃക പിന്തുടർന്ന് പ്രബോധനമെന്ന ദൌത്യം നിർവഹിക്കുക എന്ന് ചുരുക്കം


(72)
وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ


അവരിലേക്ക് നാം മുന്നറിയിപ്പുകാരെ അയക്കുക തന്നെ ചെയ്തു

നിഷേധത്തിൽ മൂടുറച്ച് പോയ ആ ധിക്കാരികളെ സമുദ്ധരിക്കാനും നേരിന്റെ വഴി അവർക്ക് വിശദീകരിച്ചു കൊടുക്കാനും അത് ഉൾക്കൊള്ളാതെ പോയാൽ അജയ്യനായ അള്ളാഹുവിന്റെ ശിക്ഷകൾ നിങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും അവന്റെ ശക്തിയെയും കഴിവിനെയും വെല്ലുവിളിക്കാൻ നിങ്ങൾക്കാവില്ലെന്നും മുന്നറിയിപ്പു നൽകാനായി അള്ളാഹു പ്രവാചകന്മാരെ അടിക്കടി അയച്ചു കൊണ്ടിരുന്നു എന്നാൽ പ്രവാചകന്മാരുടെ ഹൃദയസ്പ്പർക്കായ ഉൽബോധനങ്ങൾക്ക് ചെവി കൊടുക്കാനോ ആ മഹാന്മാരെ അംഗീകരിക്കാനോ തയാറാകുന്നതിനു പകരം അവരെ നിഷേധിക്കാനും നിരാകരിക്കാനും വെമ്പൽ കൊള്ളുകയാണവർ ചെയ്തത്.ഫലമോ അള്ളാഹുവിന്റെ കഠിന ശിക്ഷ ഏറ്റുവാങ്ങി ഒടുങ്ങുകയായിരുന്നു അവർ. അതാണ് അടുത്ത സൂക്തത്തിൽ
എന്നിട്ട് ആ മുന്നറിയിപ്പ് നൽകപ്പെട്ടവരുടെ പരിണിതി എങ്ങനെയായിരുന്നുവെന്ന് ചിന്തിച്ച് നോക്കൂ
എന്ന് പറഞ്ഞത്

 


(73)
فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ


എന്നിട്ട് ആ മുന്നറിയിപ്പ് നൽകപ്പെട്ടവരുടെ പരിണിതി എങ്ങനെയായിരുന്നുവെന്ന് ചിന്തിച്ച് നോക്കൂ


നിഷേധം തൊഴിലാക്കി പ്രവാചകന്മാരെ തള്ളിക്കളഞ്ഞവർക്ക് അള്ളാഹു ശക്തമായ ശിക്ഷ നൽകി അത് തന്നെ ഇവിടെയും സംഭവിക്കുമെന്ന് സാരം


(74)
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ


അള്ളാഹുവിന്റെ ആത്മാർത്ഥ ദാസന്മാരുടെതൊഴിച്ച്


ശിക്ഷ അനുഭവിച്ചതും തിരിച്ചടി നേരിട്ടതും ഈ അവിശ്വാസികൾക്ക് മാത്രമാണ് അള്ളാഹുവിനെ വിശ്വസിക്കുകയും താക്കീതു നൽകുന്ന ദൂതന്മാരെ അനുസരിക്കുകയും ചെയ്തവർ- അള്ളാഹിവിന്റെ ആത്മാർത്ഥ ദാസന്മാർ- ശിക്ഷയുടെ കൈപ്പു നീർ അനുഭവിക്കേണ്ടി വന്നില്ലെന്ന് മാത്രമല്ല സന്തോഷത്തിന്റെ നെറുകയിൽ വിരാചിക്കാൻ പരിഗണിക്കപ്പെടുക കൂടിയായിരുന്നു അവർ.

അള്ളാഹു നമ്മെ ആ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ
(തുടരും)
ان شاء الله





No comments: