Monday, June 20, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 07

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -7  -   സൂക്തം 75 മുതൽ 87 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(75)
وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ


നൂഹ് നമ്മെ വിളിക്കുകയുണ്ടായി അപ്പോൾ ഉത്തരം നൽകിയവൻ എത്ര നല്ലവൻ !


കഴിഞ്ഞ സൂക്തങ്ങളിൽ മുൻ കാലത്ത് ധാരാളം ആളുകൾ വഴിതെറ്റിപ്പോയെന്ന് അള്ളാഹു  പറഞ്ഞതിനെ വിശദമായി ചർച്ച ചെയ്യുകയാണിവിടെ ആദ്യമായി  സത്യത്തെ നിഷേധിക്കുന്ന സമൂഹത്തിലേക്ക് പ്രബോധകനായി കടന്നുവന്ന നൂഹ് നബി عليه السلامയുടെയും ജനതയുടെയും ചരിത്രം അള്ളാഹു പറയുകയാണ്. ബിംബാരാധന നടത്തിയിരുന്ന ജനതയെ നേർവഴിയിലേക്ക് ക്ഷണിക്കാനാണ് നൂഹ് നബി عليه السلامവന്നത് തൊള്ളായിരത്തി അമ്പത് വർഷം അവിശ്രമം പ്രബോധനം നടത്തിയ നൂഹ് നബി عليه السلامക്ക് നിഷേധം കൊണ്ടും പരിഹാസം കൊണ്ടുമാണ് ആ ജനത മറുപടി പറഞ്ഞത് അവസാനം നൂഹ് നബി عليه السلامയുടെ ഉൽബോധനം കേൾക്കാൻ പോലും സന്മനസ്സില്ലാത്തവരായ ആ ജനത നൂഹ് നബി عليه السلامഉപദേശിക്കുമ്പോൾ ചെവിയിൽ വിരൽ തിരുകി  നൂഹ് നബി عليه السلام പറയുന്നത് കേൾക്കാതിരിക്കാനും നേരിൽ കാണാതിരിക്കാൻ തലയിൽ മുണ്ടിട്ട് വഴിമാറി നടക്കാനും തുടങ്ങി. എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോൾ അള്ളാഹുവോട് ഇവരെ നശിപ്പിക്കണമെന്നും അവർ ജീവിച്ചാൽ അടുത്ത തലമുറയിലും നന്മയുടെ പ്രതീക്ഷ കാണാനില്ലെന്നും നൂഹ് നബി عليه السلام പ്രാർത്ഥിച്ചു അതാണ് നൂഹ് നമ്മെ വിളിക്കുകയുണ്ടായി എന്ന് ഈ സൂക്തത്തിൽ പറഞ്ഞത് നൂഹ് നബി عليه السلامയുടെ ആവശ്യം അള്ളാഹു പരിഗണിക്കുകയും അവർക്ക് കടുത്ത ശിക്ഷ തന്നെ നൽകുകയും ചെയ്തു അതിലേക്കാണ് ഉത്തരം നൽകിയവൻ എത്ര നല്ലവൻ എന്ന പരാമർശനം സൂചന നൽകുന്നത് (ഇബ്നുകസീർ)
നിഷേധികളെ നശിപ്പിക്കാനുള്ള നൂഹ് നബി
عليه السلام യുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്തു (ബഗ്‌വി)


നൂഹ് നബി
عليه السلامപ്രാർത്ഥിച്ചത് നിഷേധികളായ ജനതയെ നശിപ്പിക്കാനാണെന്നും ജല പ്രളയത്തിൽ നിന്ന് തന്നെയും ജനതയെയും രക്ഷിക്കാനാണെന്നും അഭിപ്രായമുണ്ട്. നൂഹ് നബി عليه السلام  അള്ളാഹുവെയാണ് വിളിച്ചത് അവൻ തന്നെയാണ് ഉത്തരം നൽകിയതും എന്നിരിക്കെ രണ്ടിടത്തും ബഹുവചനം പ്രയോഗിച്ചത് അതിലുള്ള അനുഗ്രഹത്തിന്റെ മഹത്വം സ്ഥിരീകരിക്കാനാണ്.(റാസി)

(76)
وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ


അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തി


ആ ജനത സത്യത്തെ നിരാകരിച്ചതും നൂഹ് നബി عليه السلامയെയും കൂട്ടാളികളെയും ദ്രോഹിച്ചതുമാണ് ഇവിടെ പറയുന്ന ദുരന്തം (ഇബ്നുകസീർ)


പ്രളയത്തിൽ നശിക്കുമോ എന്ന ഭയം ആണ് ഇവിടെ പറഞ്ഞ ദുരന്തം എന്നും നിഷേധികൾ ഉണ്ടാക്കിയ
ഉപദ്രവങ്ങൾ ആണ് ഉദ്ദേശ്യം എന്നും വ്യാഖ്യാനമുണ്ട് (റാസി)


നൂഹ് നബി
عليه السلامയുടെ ആളുകൾ എന്ന് ഇവിടെ പറഞ്ഞത് തന്നെക്കൊണ്ട് വിശ്വസിച്ച ആളുകളാണ് അവർ എൺപത് ആളുകളായിരുന്നു (ഖുർതുബി)


 (77)
وَجَعَلْنَا ذُرِّيَّتَهُ هُمْ الْبَاقِينَ


അദ്ദേഹത്തിന്റെ സന്തതികളെ നാം (ഭൂമിയിൽ ) നില നിൽക്കുന്നവരാക്കുകയും ചെയ്തു


നൂഹ് നബി عليه السلامയുടെ സന്താനങ്ങളിലൂടെ ലോകത്ത് അള്ളാഹു ജന സഞ്ചയത്തെ നിലനിർത്തി സാം, യാഫിസ്, ഹാം എന്നിവരിലൂടെയാണ് ജലപ്രളയ ശേഷം മനുഷ്യ പാരമ്പര്യം നിലനിന്നത്. അറബ്, പേർഷ്യ, റോം വംശങ്ങൾ സാം എന്ന മകനിലൂടെയും സുഡാൻ ജനതഹാം എന്ന മകനിലൂടെയും തുർക്ക് വംശം യാഫിസ് എന്ന മകനിലൂടെയും നില നിന്നു (റാസി)


കപ്പലിൽ നിന്ന് പുറത്തിറങ്ങിയ ജനങ്ങളിൽ നിന്ന് നൂഹ് നബി
عليه السلامയുടെ ഹാം, യാഫിസ്, സാം എന്നീ ആൺ മക്കളും അവരുടെ ഭാര്യമാരും അല്ലാത്തവരെല്ലാം മരണപ്പെടുകയും ഇവരിലൂടെ പിന്നീട് ജനങ്ങൾ നിലനിൽക്കുകയും ചെയ്തു (ബഗ്‌വി)


(78)
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ


പിൽക്കാലത്ത് വന്നവരിൽ അദ്ദേഹത്തെപ്പറ്റിയുള്ള സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു


നൂഹ് നബി عليه السلامക്ക് അള്ളാഹു നൽകിയ വലിയ ഒരു അനുഗ്രഹമാണിത്. പിന്നീട് വന്നവരെല്ലാം നൂഹ് നബി عليه السلامയെ പ്രകീർത്തിക്കുകയും അദ്ദേഹത്തെ നല്ല വാക്കുകളിലൂടെ പ്രശംസിക്കുകയും ചെയ്തു


(79)
سَلَامٌ عَلَى نُوحٍ فِي الْعَالَمِينَ


ലോകരിൽ നൂഹിനു സമാധാനം


എല്ലാവരും നൂഹ് നബി عليه السلامയ്ക്ക് സലാം പറയുന്നു എന്നത് അഥവാ തന്റെ പേരു കേൾക്കുമ്പോൾ അലൈഹിസ്സലാം عليه السلام എന്ന് പറയുന്നത് അദ്ദേഹത്തിനുള്ള ആദരവും അവരോടുള്ള ബഹുമാനവുമാണ്. അന്ത്യനാൾ വരെയും ഇത് തനിക്ക് ലഭിക്കാനാവശ്യമായ ക്രമീകരണം അള്ളാഹു ഉണ്ടാക്കിയിട്ടുണ്ടെന്ന് സാരം ഈ വാക്യം ആരെങ്കിലും വൈകുന്നേരം പറഞ്ഞാൽ തേൾ വിഷബാധ ഏൽക്കുകയില്ലെന്ന് സഈദ് ബിൻ മുസയ്യബ് رحمة الله عليهവിവരിച്ചിട്ടുണ്ട്. ഇത്തരം പ്രയാസങ്ങൾക്ക് അഊദു ബി കലിമാത്തില്ലാഹിത്താമ്മാത്തി മിൻ ശറ്രി മാ ഖലഖ ഉൾപ്പെടെ വേറെയും ധാരാളം വാക്യങ്ങളുണ്ട്  (ഖുർതുബി)


(80)
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ


തീർച്ചയായും അപ്രകാരമാണ്  സദ്‌വൃത്തർക്ക്  നാം പ്രതിഫലം നൽകുന്നത്

അള്ളാഹുവെ അനുസരിച്ച് ജീവിച്ചവരെക്കുറിച്ച് പിൽക്കാലത്ത് നല്ലതു പറയാൻ അവസരമുണ്ടാവുക എന്നത് അള്ളാഹു അവർക്ക് നൽകുന്ന പ്രതിഫലത്തിന്റെ ഭാഗമാണ്. അവർ അള്ളാഹുവോട് നല്ല രീതിയിൽ വർത്തിച്ചു എന്നതാണ് അതിനു കാരണം ഓരോരുത്തരുടെയും നന്മയുടെ തോതനുസരിച്ച് ഈ പ്രകീർത്തനത്തിന്റെ വൈപുല്യവും കൂടിയും കുറഞ്ഞുമിരിക്കും. അപ്പോൾ ഏറ്റവും വലിയ നന്മ ചെയ്തവരായ മുത്തുനബി യുടെ പ്രശംസ ഏറ്റവും സജീവവും എല്ലായ്പ്പോഴും നിലനിൽക്കുന്നതുമായിരിക്കും അവിടുത്തെ ജന്മ മാസം പോലുള്ള സമയത്ത് അത് ആവേശത്തിന്റെ നെറുകയിലെത്തിക്കാൻ ശ്രമിക്കുന്ന സത്യ വിശ്വാസികൾ എത്ര ഭാഗ്യവാന്മാർ! (അതിനെ നിഷേധിക്കാൻ ശ്രമിക്കുന്ന ദൌർഭാഗ്യം അള്ളാഹു ആർക്കും നൽകാതിരിക്കട്ടെ )

 


(81)
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ


തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു


നൂഹ് നബി عليه السلام നന്മ ചെയ്യുന്നവരിൽ പെട്ടവരായിരുന്നു എന്നതിന്റെ വിശദീകരണമാണിത് അഥവാ ഏറ്റവും വലിയ നന്മ അള്ളാഹുവിൽ വിശ്വസിക്കലും അവനെ അനുസരിക്കലും തന്നെ (റാസി)


അള്ളാഹുവിന്റെ കല്പനകളെ സത്യമായി അംഗീകരിക്കുകയും അവന്റെ ഏകത്വം വിശ്വസിക്കുകയും അവനിൽ നിന്നാണ് എല്ലാം ലഭിക്കുന്നത് എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യലാണിത് (ഇബ്നുകസീർ)


(82)
ثُمَّ أَغْرَقْنَا الْآخَرِينَ


പിന്നീട് നാം മറ്റുള്ളവരെ മുക്കി നശിപ്പിച്ചു


നൂഹ് നബി عليه السلام യെ രക്ഷപ്പെടുത്തുകയും തന്റെ കീർത്തി നിലനിർത്തുകയും ചെയ്ത അള്ളാഹു നൂഹ് നബി عليه السلامയുടെ എതിരാളികളെ പ്രളയത്തിൽ മുക്കുകയും അവരെ നിഷേധികളായതിന്റെ പേരിൽ മുങ്ങി നശിച്ചവർ എന്ന ആക്ഷേപത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന കുപ്രസിദ്ധരാക്കുകയും ചെയ്തു


(83)
وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ


തീർച്ചയായും അദ്ദേഹത്തിന്റെ കക്ഷികളി പെട്ട ആൾ തന്നെയാകുന്നു ഇബ്‌റാഹീം


നൂഹ് നബി عليه السلامയുടെ സന്താനങ്ങളിലും വിശ്വാസ സംഹിതയിലും പെട്ട ആളായിരുന്നു ഇബ്‌റാഹീം നബി عليه السلام.അവർ രണ്ടു പേർക്കുമിടയിൽ 2640 വർഷം അകലമുണ്ടായിരുന്നു അവർക്കിടയിൽ ഹൂദ്, സാലിഹ് عليهم الصلاة والسلام എന്നീ പ്രവാചകന്മാർ കഴിഞ്ഞു പോയിട്ടുണ്ട്  )റാസി / ഖുർതുബി) 


(84)
إِذْ جَاء رَبَّهُ بِقَلْبٍ سَلِيمٍ


നിഷ്കളങ്കമായ ഹൃദയത്തോട് കൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കൽ വന്ന സന്ദർഭം  (ശ്രദ്ധേയമാകുന്നു)

ബഹുദൈവത്തത്തിന്റെ ലാഞ്ചനയില്ലാതെ ഏകദൈവ വിശ്വാസം നിലനിർത്തിയ ആളാണ് ഇബ്‌റാഹീം നബി عليه السلام. അതാണ് നിഷ്ക്കളങ്ക ഹൃദയത്തോടെ എന്നതിന്റെ സാരം (ഥിബ്‌രി)
ഏകദൈവ വിശ്വാസം നിലനിർത്തിയതും ആരോടും പകയോ വിദ്വോഷമോ പ്രകടിപ്പിക്കാതിരുന്നതും അസൂയ പോലുള്ള നിലവാരമില്ലായ്മ കാണിക്കാതെ തനിക്ക് ഇഷ്ടപ്പെടുന്നത് എന്തും ജനത്തിനും ഇഷ്ടപ്പെടുകയും തന്റെ അതിക്രമം കാരണം ആരെങ്കിലും വിഷമിക്കാൻ ഇടവരുത്താതിരുന്നതും താൻ ആരെയും ശപിക്കാതിരുന്നതും ഈ നിഷ്ക്കളങ്കതയുടെ ഭാഗം തന്നെ (റാസി)


അള്ളാഹു സത്യമാണെന്നും അന്ത്യനാൾ സംഭവിക്കുമെന്നും ഖബ്‌റിലുള്ളവർ പുനർജനിപ്പിക്കപ്പെടുക തന്നെ ചെയ്യും എന്ന് അറിയൽ നിഷ്ക്കളങ്കതയുടെ ഭാഗമാണ്. രക്ഷിതാവിങ്കൽ വന്ന സന്ദർഭം എന്നത് അള്ളാഹുവിലേക്ക് ക്ഷണിക്കുമ്പോൾ എന്നും  താൻ തീയിൽ എറിയപ്പെട്ടപ്പോൾ എന്നും അഭിപ്രായമുണ്ട്  (ഖുർതുബി)

(85)
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ


തന്റെ പിതാവിനോടും തന്റെ ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം.
എന്തൊന്നിനെയാണ് നിങ്ങൾ ആരാധിക്കുന്നത്?

ബിംബാരാധനയെ നിഷേധിച്ചും അതിനെ തള്ളിപ്പറഞ്ഞും ചോദിക്കുന്നതാണിത്. അല്ലാതെ ഒരു അറിവ് ലഭിക്കാൻ അല്ല. അഥവാ ഈ വസ്തുക്കളെ നിങ്ങൾ ആരാധിക്കരുത് എന്ന് കല്പിക്കുകയാണ്


(86)
أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ


അള്ളാഹുവിനു പുറമെ വ്യാജമായി നിങ്ങൾ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?

അള്ളാഹു മാത്രമേ ആരാധിക്കപ്പെടാൻ അർഹൻ ആയിട്ടുള്ളൂ മറ്റാർക്കെങ്കിലും അത് വകവെച്ച് കൊടുക്കുന്നത് അർഹതയില്ലാത്ത സ്ഥാനം കള്ളമായി ചാർത്തിക്കൊടുക്കലാണ്. ഇത് തീർത്തും തെറ്റായ പ്രവണത തന്നെ


(87)
فَمَا ظَنُّكُم بِرَبِّ الْعَالَمِينَ


അപ്പോൾ ലോക രക്ഷിതാവിനെ പറ്റി നിങ്ങളുടെ വിചാരമെന്താണ്
?

ആരാധിക്കപ്പെടുക എന്ന പരമമായ വണക്കം ഏറ്റവും വലിയ അനുഗ്രഹം ആരിൽ നിന്നാണോ ലഭിച്ചത് അവരോട് മാത്രമേ ആകാവൂ മറ്റാർക്കും അത് നൽകരുത് എന്നാൽ നിങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനു മാത്രം നൽകേണ്ട പരമമായ വണക്കം അവന്റെ സൃഷ്ടികളിൽ ചിലതിനു വകവെച്ച് കൊടുക്കുമ്പോൾ ഈ രക്ഷിതാവിനെക്കുറിച്ച് നിങ്ങൾ എന്താണ് ധരിക്കുന്നത്. അഥവാ ഈ പ്രകോപനമുണ്ടാക്കുന്ന അക്ഷന്തവ്യമായ കാര്യം ചെയ്യുന്ന നിങ്ങൾക്ക് അള്ളാഹു നൽകുന്ന ശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് ധാരണയില്ലാത്തത് എന്താണ്? അവനെ നിങ്ങൾ വിചാരണ നാളിൽ എങ്ങനെ നേരിടും എന്ന് സാരം (ഥിബ്‌രി)
അള്ളാഹു നമ്മെ യഥാർത്ഥ വിശ്വാസികളിൽ പെടുത്തട്ടെ امين


(തുടരും)
ان شاء الله


=======================================================

ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: