അദ്ധ്യായം 36 | സൂറത്ത് യാസീൻ سورة يس
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 83
(Part -1 - സൂക്തം 1 മുതൽ 5 വരെ സൂക്തങ്ങളുടെ വിവരണം )
അനസ് رضي
الله عنه നബി ﷺ തങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു ‘എല്ലാ വസ്തുക്കൾക്കും
ഹൃദയമുണ്ട് ഖുർആനിന്റെ ഹൃദയം സൂറത്ത് യാസീൻ ആകുന്നു (തുർമുദി/ഇബ് നു കസീർ)
അബൂ
ഹുറൈറ: رضي
الله عنه നബി ﷺ തങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു ‘യാസീൻ രാത്രിയിൽ ഒരാൾ ഓതിയാൽ ദോഷം
പൊറുക്കപ്പെട്ടവനായി അവൻ പ്രഭാതത്തിലാവും. ദുഖാൻ സൂറത്ത് ഓതിയാലും ഇതേ പ്രതിഫലമാണ് ( അബൂയഅ് ലാ /ഇബ് നു കസീർ)
മഅ്ഖിലുബിൻ യസാർ رضي الله عنه നബി ﷺ തങ്ങളിൽ നിന്ന് റിപ്പോർട്ട്
ചെയ്യുന്നു യാസീൻ നിങ്ങൾ മരണാസന്നരുടെ /മരിച്ചവരുടെ അടുത്ത് ഓതുക. (അഹ്‌മദ്, അബൂദാവൂദ്, ഇബ്നുകസീർ)
ഈ സൂറത്തിന്റെ പ്രാധാന്യം പരിഗണിച്ച് ചില
പണ്ഡിതന്മാർ പറഞ്ഞത് ഏതൊരു പ്രയാസഘട്ടത്തിലും ഈ സൂറത്ത് ഓതിയാൽ ﷲഅള്ളാഹു അത് എളുപ്പമാക്കാതിരിക്കില്ല മയ്യിത്തിന്റെ
സമീപത്ത് ഈ സൂറത്ത് പാരായണം ചെയ്യുന്നത് ﷲ അള്ളാഹുവിന്റെ കാരുണ്യം അവിടെ ഇറങ്ങാനും മരണാസന്നനായ ആളുടെ
ആത്മാവ് പുറപ്പെടുന്നത് എളുപ്പത്തിലാവാനും വേണ്ടിയാണ് (ഇബ്നുകസീർ)
ഇമാം അഹ്‌മദ് رحمة الله عليهപറയുന്നു മയ്യിത്തിന്റെ സമീപത്ത് യാസീൻ ഓതിയാൽ, യാസീൻ കാരണത്താൽ
മയ്യിത്തിനു പ്രയാസങ്ങളിൽ നിന്ന് ലഘൂകരണം ലഭിക്കും എന്ന് ആദ്ധ്യാത്മിക ഗുരുക്കൾ
പറയാറുണ്ട്. യാസീൻ എന്റെ സമുദായത്തിലെ ഓരോരുത്തരുടെ മനസ്സിലും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു (അത് അവർ
മന:പാഠമാക്കണം എന്ന് സാരം) എന്ന് നബി ﷺ തങ്ങൾ പറഞ്ഞതായി ഇബ്നു അബ്ബാസ് رضي الله عنه ഉദ്ധരിക്കുന്നു. (ഇബ്നുകസീർ)
അനസ് رضي الله عنه നബി ﷺതങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു ഒരാൾ സ്മശാനത്തിൽ
പ്രവേശിച്ച് യാസീൻ സൂറത്ത് ഓതിയാൽ അന്നേദിവസം ആ ഖബ്‌റാളികൾക്കെല്ലാം ﷲ അള്ളാഹു
ശിക്ഷയിൽ ഇളവ് നൽകുന്നതും ഓരോ
അക്ഷരങ്ങളുടെ എണ്ണം കണ്ടുമവനു നന്മ കണക്കാക്കുന്നതുമാണ് (ഖുർതുബി)
ഇത്രയും പ്രാധാന്യമുള്ള ഈ സൂറത്ത് മന:പാഠമാക്കാനും നിത്യവും പാരായണം ചെയ്യാനും ﷲ അള്ളാഹു നമ്മെ
അനുഗ്രഹിക്കട്ടെ ആമീൻ.
بسم الله الرحمن الرحيم
റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(1)
يس
ഇതിന്റെ അർത്ഥം ﷲ
അള്ളാഹുവിനു അറിയാം
അദ്ധ്യായങ്ങളുടെ തുടക്കത്തിൽ കാണുന്ന
അക്ഷരങ്ങളുടെ ഉദ്ദേശ്യം ﷲ അള്ളാഹുവിനു
അറിയാം എന്ന് പറയുന്ന ശൈലിയാണ് ഇവിടെയും നാം സ്വീകരിക്കുന്നത്. ﷲ അള്ളാഹുവിന്റെ നാമം ആണെന്നും ഹേ മനുഷ്യാ! എന്നാണ് അതിന്റെ
അർത്ഥമെന്നും ഖുർആനിന്റെ നാമം ആണെന്നും അഭിപ്രായമുണ്ട് (ഥിബ്‌രി)
മനുഷ്യരുടെ നേതാവേ എന്നാണ് യാസീൻ എന്നതിന്റെ അർത്ഥം എന്നും നബി ﷺ തങ്ങളാണ് ഉദ്ധേശ്യമെന്നും മഹാന്മാർ പറഞ്ഞിട്ടുണ്ട് (ബഗ്‌വി)
നബി ﷺതങ്ങളുടെ പേരാണ് യാസീൻ. ശേഷം പറയുന്ന ‘തങ്ങൾ’ എന്ന സംബോധന അതിന്റെ
തെളിവാണ് എന്ന് സഈദ് ബിൻ ജുബൈർ رضي الله عنه പറഞ്ഞു (ഖുർതുബി)
(2)
وَالْقُرْآنِ الْحَكِيمِ
യുക്തിബദ്രമായ ഖുർആൻ തന്നെ സത്യം
അസത്യമോ വൈരുദ്ധ്യമോ മറ്റ് തകരാറുകളോ
വരാത്ത വിധം യുക്തി ബദ്രമായി അവതരിപ്പിക്കപ്പെട്ടതാണ് ഖുർആൻ (ഖുർതുബി)
അതിലെ വിധികളും തെളിവുകളും വ്യക്തതയുള്ളതാണ് (ഥിബ്‌രി)
അതിന്റെ മുന്നിലൂടെയൊ പുറകിലൂടെയോ അസത്യം വരാത്ത വിധം
സുബദ്രമായ ഗ്രന്ഥമാണത് (ഇബ്നുകസീർ)
അതായത് യുക്തി ഭദ്രമായ നിർദ്ദേശങ്ങൾ, ആശയങ്ങളുടെ ഉൽക്കൃഷ്ടത, അനിതരസാധാരണമായ വാചക ഘടന, അത്യത്ഭുതകരമായ പ്രതിപാദന
രീതി ഇതൊക്കെയാണ് ഖുർആനിന്റെ സ്വഭാവം. ഖുർആനിന്റെ ആശയങ്ങൾ ചോദ്യം ചെയ്യാനോ അതിന്റെ
കണ്ടെത്തലുകളെ ഇളക്കി പ്രതിഷ്ഠിക്കാനോ ഒരുങ്ങി വരുന്നവർ നിരാശരായി മടങ്ങേണ്ടി വരും.
(3)
إِنَّكَ لَمِنَ الْمُرْسَلِينَ
നിശ്ചയം തങ്ങൾ ﷲഅള്ളാഹുവിന്റെ
ദൂതന്മാരിൽ പെട്ടവർ തന്നെയാണ്
ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു മക്കത്തെ മുശ്‌രിക്കുകൾ നബി ﷺതങ്ങളോട് ‘നിങ്ങൾ പ്രവാചകനല്ല. ഞങ്ങളിലേക്ക് നിങ്ങളെ അള്ളാഹു
നിയോഗിച്ചിട്ടും ഇല്ല’ എന്ന് അവർ നിഷേധിച്ചപ്പോഴാണ് സത്യം ചെയ്ത് കൊണ്ട് അവർക്ക് മറുപടിയായി മുഹമ്മദ്
നബിﷺ പ്രവാചകന്മാരിൽ പെട്ടവർ
തന്നെയാണ് ﷲഅള്ളാഹു പറഞ്ഞത് (ഖുർതുബി)
ഇമാം റാസി رحمة الله عليه എഴുതുന്നു മുഹമ്മദ് നബി ﷺ ദൈവദൂതനാണെന്ന കാര്യം സത്യ നിഷേധികൾ തള്ളിക്കളഞ്ഞു അവിടെ തങ്ങൾ
പ്രവാചകനാണെന്ന കാര്യം തെളിവ് മുഖേനയാണ് സമർത്ഥിക്കേണ്ടത് സത്യം ചെയ്ത് ആണയിട്ട്
കൊണ്ടല്ല അപ്പോൾ പിന്നെ മുകളിലെ സത്യത്തിനു എന്താണ് പ്രസക്തി? എന്ന് ഇവിടെ ഒരു ചോദ്യം
ഉണ്ട് വിവിധ രീതിയിൽ നമുക്ക് അതിനു നിവാരണം കാണാം
(1) പൊതുവെ
അറബികൾ കള്ള സത്യം ചെയ്യലിനെ സൂക്ഷിക്കുകയും കള്ള സത്യം ചെയ്യുന്നത് ലോകത്തിന്റെ
നാശത്തിനു കാരണമാകും എന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു ആ വിശ്വാസത്തെ ‘കള്ള സത്യം വീടുകളെ കാലിയാക്കും (ആളുകൾ
നശിച്ച് പോകും)’ എന്ന് പഠിപ്പിച്ച് നബി ﷺ തങ്ങൾ അംഗീകരിച്ചതായി ശരിയായ രേഖ വന്നിട്ടുമുണ്ട്. അവരുടെ
ദൈവങ്ങളെ നിരാകരിക്കുക വഴി നബി ﷺ തങ്ങൾക്ക് ആ
ദൈവങ്ങളിൽ നിന്ന് നല്ല വിപത്തുകൾ നേരിടും എന്ന് വിശ്വസിക്കുന്നവരായിരുന്നു മക്കത്തെ
മുശ്‌രിക്കുകൾ. തങ്ങളാവട്ടെ ﷲ അള്ളാഹുവിന്റെ കല്പന പ്രകാരം ഈ ദൈവങ്ങളെ നിരാകരിക്കുന്ന
കാര്യങ്ങൾ നിരന്തരം ആണയിട്ട് പറയുകയും ചെയ്തിരുന്നു എന്നിട്ടും നബി ﷺ തങ്ങൾക്ക്
ഇവരുടെ ദൈവങ്ങളിൽ നിന്ന് വിപത്തുകളൊന്നും നേരിടുന്നില്ല എന്ന് അവർ അനുഭവത്തിൽ
കാണുമ്പോൾ, എന്ന് മാത്രമല്ല ഓരോ ദിവസവും നബി ﷺ തങ്ങൾക്ക്
സ്വീകാര്യത വർദ്ധിക്കുകകയും തങ്ങളുടെ നിലപാട് ഉയർന്ന് നിൽക്കുകയും ചെയ്യുന്നത്
കാണുമ്പോൾ ഇത് കള്ള സത്യമല്ല മറിച്ച് യഥാർത്ഥ സത്യമാണ് എന്ന് അവർക്ക്
അംഗീകരിക്കേണ്ടി വരും അതിനാണീ സത്യം ചെയ്തു കൊണ്ടുള്ള സംസാരം
(2)
രണ്ട് പേർ തമ്മിൽ സംവാദം നടത്തി തെളിവുകൾ നിരത്തി ഒരാൾ മറ്റൊരാളെ
പരാചയപ്പെടുത്തിയാലും ചിലപ്പോൾ പരാചയപ്പെട്ടയാൾ നിന്റെ തെളിവുകൾ സത്യമായത്
കൊണ്ടല്ല ഞാൻ തോറ്റു പോയത് നിന്റെ വാക് സാമർത്ഥ്യത്തിനു മുന്നിൽ ഞാൻ വീണു പോയതാണ് എന്ന് പറഞ്ഞു പിടിച്ച്
നിൽക്കാൻ ശ്രമിച്ചേക്കാം വീണ്ടും തെളിവ് പറഞ്ഞാൽ അതിനോടും ഇതേ പ്രതികരണം അയാൾ
തുടരാം. ആ സമയത്ത് വിജയിച്ചയാൾക്ക് തന്റെ ഭാഗമാണ് ശരി എന്ന് സമർത്ഥിക്കാൻ സത്യം
ചെയ്യൽ അല്ലാതെ മറ്റു മാർഗമുണ്ടാവില്ല അതാണ് ചില സത്യങ്ങളുടെ പ്രസക്തി
(3) ഇത്
കേവലം ഒരു സത്യം അല്ല സത്യത്തിന്റെ രൂപത്തിൽ കൃത്യമായി അവതരിപ്പിച്ച തെളിവ്
തന്നെയാണ് ശ്രോദ്ധാവിന്റെ മനസ്സിൽ പറയുന്ന ആശയം അരക്കിട്ടുറപ്പിക്കാനുള്ള
ഫലപ്രദമായ വഴി. അതിനാണ് സത്യം ചെയ്തത് (റാസി)
(4)
عَلَى صِرَاطٍ مُّسْتَقِيمٍ
ചൊവ്വായ മാർഗത്തിൽ തന്നെയാണ് (തങ്ങൾ സ്ഥിതി ചെയ്യുന്നത്)
വക്രതയില്ലാത്ത ശരിയായ ലക്ഷ്യത്തിലെത്തിക്കുന്ന
പ്രത്യേയ ശാസ്ത്രം തന്നെയാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നത്
ലക്ഷ്യത്തിലേക്കെത്താനുള്ള ഏറ്റവും എളുപ്പ വഴിയാണ് നേർ വഴി. ദീൻ അപ്രകാരം
തന്നെയാണ് ﷲ അള്ളാഹുവിന്റെ തൃപ്തിയിലേക്ക് അത് മനുഷ്യനെ തിരിക്കുന്നു ﷲ
അള്ളാഹുവിലേക്ക് മനുഷ്യന്റെ ശ്രദ്ധ തിരിയാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന
പ്രവാചകന്മാർ ഒരു പാട് വന്നിട്ടുണ്ട് മുഹമ്മദ് നബി ﷺയും
ആകൂട്ടത്തിൽ പെട്ടവർ തന്നെയാണ്. നിർദ്ദേശങ്ങളൊന്നും പാലിക്കാതെ കല്പനകൾ ഒന്നും
നടപ്പാക്കാതെ തന്നെ ﷲ അള്ളാഹുവിലേക്ക് എത്താം എന്ന് വാദിച്ചിരുന്നചില വഴി പിഴച്ച
കക്ഷികൾക്കുള്ള ഖണ്ഡനം ഈ വാക്കിലുണ്ട്. അതായത് നിരന്തരം ﷲഅള്ളാഹുവിന്റെ
നിർദ്ദേശാനുസരണം പ്രവർത്തിച്ചാണ് പ്രവാചകന്മാർ ﷲഅള്ളാഹുവിൻറ്റെ
തൃപ്തി കരസ്ഥമാക്കിയത് ഒന്നും ചെയ്യാതെ അത് ലഭിക്കും എന്ന് പറയുന്ന വിവരദോഷി എവിടെ
കിടക്കുന്നു (റാസി)
(5)
تَنزِيلَ الْعَزِيزِ
الرَّحِيمِ
പ്രതാപ ശാലിയും മഹാ കാരുണ്യവാനുമായ ﷲഅള്ളാഹുവാണ്
ഇത് അവതരിപ്പിച്ചിട്ടുള്ളത്
തങ്ങളുടെ കൂടെയുള്ള പ്രത്യേയ ശാസ്ത്രം നാഥനായ
ﷲഅള്ളാഹു തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഇമാം
ഥിബ്‌രി رحمة الله عليه എഴുതുന്നു ഇവിടെ ഖുർആൻ പ്രതാപിയായ ﷲഅള്ളാഹു
അവതരിപ്പിച്ചു എന്നും തങ്ങളെ പ്രവാചകനായി പ്രതാപിയായ ﷲഅള്ളാഹു
അവതരിപ്പിച്ചു എന്നും അർത്ഥം വരാം
(നബി ﷺതങ്ങൾ പ്രവാചകനല്ല എന്ന് വാദിക്കുന്നവർക്കും ഖുർആൻ ദൈവിക
ഗ്രന്ഥമല്ല എന്ന് വാദിക്കുന്നവർക്കും ചുട്ട മറുപടിയാണിത്)
ﷲഅള്ളാഹുവിനെ നിഷേധിച്ചവർക്ക് ശിക്ഷ നൽകാൻ കഴിയുന്നവൻ എന്നാണ്. ‘അസീസ്’ എന്ന വാക്കിന്റെ വിവക്ഷ. അവനിലേക്ക് ഖേദിച്ച് മടങ്ങുകയും
അവിശ്വാസത്തിൽ നിന്നും തമ്മാടിത്തത്തിൽ നിന്നും രാജിയാവുകയും ചെയ്യുന്നവർക്ക് ( അവരെ
ശിക്ഷക്ക് വിധേയമാക്കാതെ) അവർക്ക് കരുണ ചെയ്യുന്നവൻ എന്നാണ് ‘റഹീം’ എന്ന്
പറഞ്ഞതിന്റെ ഉദ്ദേശ്യം (ഥിബ്‌രി)
പ്രതാപിയും മഹാ കാരുണ്യവാനുമായ ﷲ അള്ളാഹുവാണ് ഈ നേർമാർഗത്തെ (തങ്ങൾ
കൊണ്ടു വന്ന ഈ പ്രത്യേയ ശാസ്ത്രത്തെ) അവതരിപ്പിച്ചത് എന്ന് ഇബ്നു കസീർ رحمة الله عليه ഇവിടെ
വ്യാഖ്യാനം പറഞ്ഞു അതിനു തെളിവായി നാൽപത്തി രണ്ടാം അദ്ധ്യായം ‘ശൂറാ’ യുടെ 52, 53 സൂക്തങ്ങളും ( നിശ്ചയം തങ്ങൾ നേർ മാർഗത്തിലേക്ക് വഴി
കാണിക്കുന്നവർ തന്നെയാണ് അതായത് ആകാശ ഭൂമികളുടെ അധിപനായ അള്ളാഹുവിന്റെ
മാർഗത്തിലേക്ക്) അദ്ദേഹം ഉദ്ധരിച്ചു (ഇബ്നുകസീർ)
നബി ﷺ തങ്ങളെ പ്രതാപിയായ ﷲ അള്ളാഹു പ്രവാചകരായി അവതരിപ്പിച്ചു എന്ന അർത്ഥവും ശരിയാണ് എന്ന്
ഇമാം ഖുർതുബി رحمة الله عليهപറഞ്ഞു ഖുർആനിൽ തന്നെ അറുപത്തി അഞ്ചാം അദ്ധ്യായം ‘അഥ്ഥലാഖ്’ 9,10 സൂക്തങ്ങൾ (തീർച്ചയായും ﷲഅള്ളാഹു
നിങ്ങളിലേക്ക് ഉൽബോധനം ഇറക്കിയിരിക്കുന്നു അതായത് വിശ്വാസികളെ ഇരുട്ടിൽ നിന്ന്
വെളിച്ചത്തിലേക്ക് കൊണ്ട് വരാനായി അള്ളാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ
നിങ്ങൾക്ക് ഓതിത്തരുന്ന ദൈവ ദൂതനെ ) അദ്ദേഹം തെളിവായി അവതരിപ്പിച്ചു (ഖുർതുബി)
ﷲഅള്ളാഹു സത്യ ദീനിൽ അടിയുറച്ച് നിൽക്കുന്നവരിൽ നമ്മെയെല്ലാം ഉൾപെടുത്തട്ടെ
ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
==============================================
1 comment:
new post
Post a Comment