Thursday, March 28, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 10

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -10  -   സൂക്തം 55 മുതൽ  65  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(55)
إِنَّ أَصْحَـٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍۢ فَـٰكِهُونَ


നിശ്ചയമായും അന്ന് സ്വർഗാവകാശികൾ മഹത്തായ ചില ജോലികളിൽ വ്യാപൃതരായി ആനന്ദം കൊള്ളുന്നവരായിരിക്കും


അന്ത്യനാളിൻ്റെ ഭയാശങ്കകളിൽ നിന്നെല്ലാം രക്ഷപ്പെട്ട് അള്ളാഹു അവർക്കായി ഒരുക്കിയ ആസ്വാദനങ്ങളിലായി കഴിയുന്നവരാണ് അന്ന് സ്വർഗാവകാശികൾ.അവർ ജോലിയിലാണ്എന്ന് മാത്രം പറഞ്ഞിരുന്നെങ്കിൽ അന്ത്യനാളിൻ്റെ അവസ്ഥകളെക്കുറിച്ചുള്ള ആശങ്കയിലാണെന്നും തോന്നാൻ സാദ്ധ്യതയുണ്ട് കാരണം ഒരു വിഷയം പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരാളുടെ മുന്നിൽ എന്തെങ്കിലും ഒരു കാര്യം ഒരാൾ അവതരിപ്പിച്ചാൽ ഞാൻ അതിലും വലിയ വിഷയത്തിൽ വിഷമിച്ചിരിക്കുകയാണ് അത് കൊണ്ട് ഇപ്പോൾ എനിക്ക് അത് കേൾക്കാൻ നേരമില്ല എന്ന് പറയാറില്ലേ? അത്തരം ഒരു സാദ്ധ്യത നിരാകരിക്കാനാണ് അവർ ആനന്ദം കൊള്ളുന്നു എന്ന് അള്ളാഹു തുടർന്ന് പറഞ്ഞത് അവർ ഭൂമിയിൽ നിന്ന് കണക്ക് കൂട്ടിയിരുന്നതിലും എത്രയോ മുകളിലാണ് സ്വർഗത്തിലെ സംവിധാനങ്ങൾ. ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത ഒരാൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത അത്രയും വിപുലമായ സുഖങ്ങളാണ് എൻ്റെ അടിമകൾക്ക് വേണ്ടി ഞാൻ ഒരുക്കിയിട്ടുള്ളത് എന്ന് അള്ളാഹു പറഞ്ഞത് ഇവിടെ സ്മരിക്കാം


(56)
هُمْ وَأَزْوَٰجُهُمْ فِى ظِلَـٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ


അവരും അവരുടെ ഇണകളും തണലുകളിലും അലങ്കൃതമായ ചില കട്ടിലുകളിൽ (സസുഖം) ചാരി ഇരിക്കുന്നവരുമായിരിക്കും


അവർക്ക് ആനന്ദം നൽകുന്ന പടർന്ന് പന്തലിച്ച മരത്തണലിൽ പരസ്പരം അഭിമുഖമായി ഇരിക്കാൻ സൗകര്യപ്പെടുത്തിയ അലങ്കരിച്ച കട്ടിലുകളിൽ ഇണകളോടൊപ്പമവർ ചാരി ഇരിക്കുന്നു. ഒറ്റപ്പെടലിൻ്റെ അസ്വസ്ഥതയില്ലെന്ന് മാത്രമല്ല ഇണകളുടെ സാന്നിദ്ധ്യം അവർക്ക് തികച്ചും സമാധാനം നൽകുന്നതുമായിരിക്കും

 

(57)
لَهُمْ فِيهَا فَـٰكِهَةٌۭ وَلَهُم مَّا يَدَّعُونَ


അവർക്കവിടെ പഴവർഗങ്ങളുണ്ട് (മാത്രമല്ല) അവർ എന്താവശ്യപ്പേടുന്നുവോ അതെല്ലാം അവർക്കവിടെയുണ്ട്


വിവിധ പഴങ്ങളും മറ്റ് സൗകര്യങ്ങളും അവർക്കവിടെ ഒരുക്കിയിടുണ്ട്. എന്താണോ അവരുടെ മനസ്സിൽ ആവശ്യമായി തോന്നുന്ന രസങ്ങൾ അതെല്ലാം അവർക്കവിടെ തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു.
ഇമാം ഇബ്നുകസീർ 
رحمة الله عليهഇവിടെ ഒരു നബി വചനം ഉദ്ധരിക്കുന്നു നബി തങ്ങൾ പറഞ്ഞതായി ഉസാമത്ത് ബിൻ സൈദ് رضي الله عنهപറഞ്ഞു സ്വർഗത്തിൽ പ്രവേശിക്കാനായി പരിശ്രമിക്കുന്നവരില്ലേ? കാരണം സ്വർഗം പ്രഭാപൂരിതവും സൗരഭ്യം നിറഞ്ഞതും കൊട്ടാരങ്ങളും നദികളും പഴങ്ങളും സൗന്ദര്യമുള്ള ഇണകളും ധാരാളം ആഭരണങ്ങളും സ്ഥിര താമസം ഉറപ്പ് നൽകപ്പെട്ടതുമാണ് പ്രവാചക ശിഷ്യന്മാർ പറഞ്ഞു അതെ നബിയേ! ഞങ്ങൾ പരിശ്രമിക്കുക തന്നെ ചെയ്യും അപ്പോൾ തങ്ങൾ പറഞ്ഞു നിങ്ങൾ ഇൻശാ അള്ളാഹ് എന്ന് പറയുക. അവർ ഇൻശാ അള്ളാഹ് എന്ന് പറഞ്ഞു  



(58)
سَلَـٰمٌۭ قَوْلًۭا مِّن رَّبٍّۢ رَّحِيمٍۢ


മഹാകാരുണ്യവാനായ നാഥനിൽ നിന്ന് അവർക്ക് ലഭിക്കുന്ന സന്ദേശം
സലാംആയിരിക്കുന്നതാണ്


സ്വർഗാവകാശികൾക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യമാണിത്. ഇമാം ഇബ്നുമാജ: رحمة الله عليهറിപ്പോർട്ട് ചെയ്ത ഒരു നബി വചനം ഇമാം ഇബ്നുകസീർ رحمة الله عليهഇവിടെ ഉദ്ധരിക്കുന്നു  ജാബിർ ബിൻ അബ്ദില്ലാഹ് رضي الله عنهനബി തങ്ങൾ പറഞ്ഞതായി ഉദ്ധരിക്കുന്നു സ്വർഗാവകാശികൾ സ്വർഗത്തിലെ സുഖാസ്വാദനത്തിൽ കഴിയവേ മുകൾ ഭാഗത്ത് ഒരു പ്രകാശം പരക്കും അപ്പോൾ അവർ അങ്ങോട്ട് തലയുയർത്തി നോക്കും അപ്പോൾ അള്ളാഹു അവരിലേക്ക് പ്രത്യക്ഷപ്പെടുകയും സ്വർഗക്കാരേ നിങ്ങൾക്ക് സലാം എന്ന് പറയുകയും ചെയ്യും (അതാണീ സൂക്തത്തിൽ പറഞ്ഞ സലാം.)  അപ്പോൾ അള്ളാഹു അവരെ നോക്കും അവർ  അള്ളാഹുവിനെയും കാണും (അന്നേരം ) അള്ളാഹു അവരെ തൊട്ട് മറയുന്നത് വരെ സ്വർഗത്തിൻ്റെ ഒരു സുഖത്തിലേക്കും അവർ തിരിഞ്ഞു നോക്കുകയില്ല   ആ പ്രകാശവും അനുഗ്രഹവും പിന്നീട് അവരുടെ മേലിലും അവരുടെ വീടുകളിലും നിലനിൽക്കും (ഇബ്നുകസീർ)


എല്ലാ കവാടങ്ങളിലൂടെയും പ്രവേശിച്ച് മലക്കുകൾ അവർക്ക് സലാം പറയും
മഹാ കാരുണ്യവാനായ അള്ളാഹുവിൽ നിന്ന് നിങ്ങൾക്കുള്ള സലാം ഉണ്ട് സ്വർഗക്കാരേഎന്ന് (ബഗ് വി)




(59)
وَٱمْتَـٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ


ഹേ
കുറ്റവാളികളേനിങ്ങൾ ഇന്ന് വേർതിരിഞ്ഞ് നിൽക്കുക


വിചാരണക്കായി പരലോകത്ത് നിൽക്കുന്ന സമയത്താണ് ഈ നിർദ്ദേശം വരിക  സത്യ നിഷേധം കാണിക്കുക വഴി കുറ്റവാളികളായവരോട് സത്യ വിശ്വാസികളിൽ നിന്ന് മാറി നിൽക്കാൻ കല്പിക്കുന്നതാണിത്. അവിടെ സത്യവിശ്വാസം സ്വീകരിച്ചവർക്ക് മാത്രമാണ് പരിഗണന.


സത്യ വിശ്വാസികൾക്ക് അവിടെ ലഭിക്കുന്ന ആദരവും പരിഗണനയും കാണുമ്പോൾ അവിശ്വാസിക്ക് വലിയ വിഷമം നേരിടും അപ്പോൾ അവരോട് പറയുന്നതാണ് മാറി നിൽക്കൂ ഇന്ന് നിങ്ങളുടെ വേദനക്ക് മരുന്നോ രോഗത്തിനു ശമനമോ ഇല്ല. വിശ്വാസികളുടെ കൂട്ടത്തിൽ ഇനി നിങ്ങൾ നിന്ന് കൂടാ
, കാരണം അവർ സ്വർഗത്തിൻ്റെ സന്തോഷത്തിലേക്ക് പോകേണ്ടവരാണ് നിങ്ങൾക്ക് നരകത്തിലേക്കും പോകാനാണ് വിധി എന്നും, ഇവർ തന്നെ പരസ്പരം വിട്ട് നിൽക്കണം എന്നും വ്യാഖ്യാനമുണ്ട് കാരണം ഒറ്റപ്പെടലിൻ്റെ വേദനയും ഒരു ശിക്ഷയാണല്ലോ. പ്രയാസം അനുഭവിക്കുന്നവനെ ആശ്വസിപ്പിക്കാൻ പോലും ആരും വരാതിരിക്കാനാണീ രീതി. നിങ്ങളുടെ ദൈവങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നും വ്യാഖ്യാനമുണ്ട്.കാരണം ആ ആരാധ്യ വസ്തുക്കൾ അവരെ ശുപാർശ ചെയ്ത് രക്ഷപ്പെടുത്തും എന്ന് അവർക്ക് വിശ്വാസമുണ്ടായിരുന്നു അതിനു അവസരമില്ല എന്നാണ്. നിങ്ങൾക്കിവിടെ ശുപാർശകരോ സഹായികളോ ഇല്ല (റാസി)  
അവിശ്വാസിയെ നരകത്തിലെ സെല്ലിൽ അടച്ചാൽ അവനെ ആരും കാണാതെ അവന്ന് ആരെയും കാണാനുമാകാതെ ഒറ്റപ്പെടുത്തപ്പെടും എന്ന് ഇമാം ബഗ് വി 
رحمة الله عليهവ്യാഖ്യാനം പറഞ്ഞിട്ടുണ്ട്

 

(60)
 أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِين


മനുഷ്യരേ! നിങ്ങൾക്ക് ഞാൻ ആജ്ഞ നൽകിയിരുന്നില്ലേ
?  നിങ്ങൾ പിശാചിനെ ആരാധിക്കരുത് നിശ്ചയം അവൻ നിങ്ങളുടെ സ്പഷ്ട ശത്രുവാണ് എന്ന്


കഴിഞ്ഞ സൂക്തങ്ങളിൽ വിശ്വാസികൾക്കുള്ള പരിഗണനയുടെയും അവിശ്വാസികൾക്ക് നേരിടേണ്ടി വരുന്ന അവഗണനയുടെയും അവസ്ഥ വിവരിച്ചപ്പോൾ ഇവിടെ ഒരാൾ ചോദിച്ചേക്കാം മനുഷ്യൻ വിവര ദോഷിയാണ് അത് കൊണ്ട് ചിലപ്പോൾ അവന് അബദ്ധം പറ്റിയതാകാം അത് മാപ്പാക്കപ്പെടേണ്ടതല്ലേ? അതിൻ്റെ മറുപടിയാണ് അള്ളാഹു പറയുന്നത് സത്യവിശ്വാസം സ്വീകരിക്കാനാവശ്യമായ ഉൽബോധനങ്ങളും അതിൽ നിന്ന് തെറ്റിച്ച് കളയുന്ന ശത്രുക്കളുടെ കുതന്ത്രവും നേരത്തേ കൃത്യമായി അവരെ ഉൽബോധിപ്പിച്ചിട്ടുണ്ട് അത് അവർ അവഗണിക്കുകയായിരുന്നു എന്താണ് ചെയ്യേണ്ടത് എന്നും എന്താണ് ചെയ്ത് കൂടാത്തത് എന്നും അവർക്ക് അറിവ് നൽകിയിരുന്നു അതിൻ്റെ ഭാഗമാണ് പിശാച് മനുഷ്യൻ്റെ ശത്രുവാണെന്നും അവൻ്റെ വാക്ക് സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചത് .പക്ഷെ അവർക്ക് പിശാചിൻ്റെ ദുർബോധനമായിരുന്നു പ്രവാചകരുടെ ഉൽബോധനത്തേക്കാൾ പ്രിയം .അതിൻ്റെ പ്രത്യാഘാതമാണ് അവർ അനുഭവിക്കുന്നത് അതായത് അവർക്ക് ലഭിക്കുന്ന ശിക്ഷക്കും അവഗണനക്കും ശരിക്കും അവർ അർഹർ തന്നെയാണ് എന്ന് സാരം


പിശാചിനെ ആരാധിക്കുക എന്നാൽ അവനെ അനുസരിക്കുക എന്നാണ് ഉദ്ദേശ്യം. പിശാച് എന്തിനാണ് മനുഷ്യൻ്റെ ശത്രുവായത് എന്ന് ചോദിക്കാം.
അള്ളാഹു ആദം നബി عليه السلامയെ ആദരിക്കുകയും മലക്കുകളോടും കൂടെയുണ്ടായിരുന്ന ഇബ്ലീസിനോടും ആദം നബി عليه السلامയെ ആദരിച്ച് അദ്ദേഹത്തിനു സുജൂദ് ചെയ്യാൻ കല്പിക്കുകയും ചെയ്തു. അത് പിശാചിന് അംഗീകരിക്കാനായില്ല ഞാനാണ് ആദമിനേക്കാൾ ഉത്തമൻ കാരണം എന്നെ സൃഷ്ടിച്ചത് തീയിൽ നിന്നാണ് ആദമാവട്ടെ മണ്ണിൽ നിന്ന് പടക്കപ്പെട്ടതാണ് തീയിൻ്റെ  പ്രകൃതം  ഉയർച്ചയും മണ്ണിൻ്റെത് താഴ്ചയുമാണ് ആ സ്ഥിതിക്ക് ഉയർന്ന പ്രകൃതമുള്ള ഞാൻ താഴ്ന്ന പ്രകൃതമുള്ള ആദമിനു മുന്നിൽ തലകുനിക്കുന്നത് നടപ്പുള്ള കാര്യമല്ല എന്നാണ് അവൻ ന്യായം പറഞ്ഞത് (ആ ന്യായം നിലനിൽക്കത്തക്കതല്ല കാരണം തീയിൻ്റെ സ്വഭാവം സംഹാരവും മണ്ണിൻ്റെത് നിർമാണവുമാണ് അപ്പോൾ മണ്ണിനാണ് മഹത്വം) യഥാർത്ഥത്തിൽ അള്ളാഹുവാണ് സുജൂദ് ചെയ്യാൻ കല്പിച്ചത് അവൻ്റെ കല്പനക്ക് വഴങ്ങലാണ് സൃഷ്ടികളുടെ കടമ അത് മറന്ന പിശാചിന് അർഹമായ ശിക്ഷ തന്നെ അള്ളാഹു നൽകി നൽകപ്പെട്ടിരുന്ന ആദരവുകളിൽ നിന്നെല്ലാം പുറത്താക്കി താമസിക്കുന്ന ഉന്നത സ്ഥലത്ത് നിന്ന് പുറത്ത് പോകാൻ അള്ളാഹു നിർദ്ദേശിച്ചു. ആദമിനെ അവഗണിച്ചാലും തൻ്റെ സ്ഥാനം അങ്ങനെ തന്നെ നിലനിൽക്കുമെന്നായിരുന്നു പിശാചിൻ്റെ കണക്കു കൂട്ടൽ. അതോടെ താൻ പുറത്ത് പോകാൻ കാരണം ആദം നബിയാണെന്ന് ചിന്തിച്ച പിശാച് ആദമിനോടും സന്താനങ്ങളോടും യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.  തൻ്റെ തലക്കനമാണ് തൻ്റെ നാശത്തിൻ്റെ ഹേതു എന്ന് തിരിച്ചറിയാൻ അപ്പോഴും അവനു സാധിച്ചില്ല പുറത്ത് പോകുമ്പോൾ അവൻ്റെ ശപഥമായിരുന്നു ആദം സന്തതികളെ നേർമാർഗത്തിൽ നിന്ന് വഴിതെറ്റിക്കാൻ എല്ലാ കുതന്ത്രങ്ങളും ഞാൻ പ്രയോഗിക്കുമെന്ന്!അതാണ് അവൻ മനുഷ്യൻ്റെ വ്യക്തമായ ശത്രുവാണെന്ന് അള്ളാഹു പറഞ്ഞത് ഇത് മനസ്സിലാക്കിയാൽ മനുഷ്യൻ ഒരിക്കലും പിശാചിനു വഴങ്ങാൻ പാടില്ലാത്തതാണ് പക്ഷെ മനുഷ്യൻ പലപ്പോഴും അങ്ങനെ വഴങ്ങുന്നു. പിശാച് സന്തോഷിക്കും വിധം മദ്യവും വ്യഭിചാരവും പലിശയും അടക്കം സകല തിന്മകളും നിർബാധം തുടരുന്നു ഫലമോ മനുഷ്യൻ സത്യത്തിൽ നിന്ന് അകന്ന് തെറ്റിൻ്റെ കൂടപ്പിറപ്പാകുന്നു അങ്ങനെ നിത്യ ദുരിതത്തിലായി കഴിയേണ്ടി വരുന്നു അള്ളാഹു നമ്മെ നന്നാക്കട്ടെ ആമീൻ


(61)
وَأَنِ ٱعْبُدُونِى ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ


നിങ്ങൾ എന്നെയാണ് ആരാധിക്കേണ്ടത് അതാണ് ചൊവ്വായ മാർഗമെന്നും

പിശാചിനെ ആരാധിക്കലിനെ വിലക്കിയ അള്ളാഹു തന്നെ ആരാധിക്കാൻ കല്പിക്കുകയും ചെയ്തിട്ടൂണ്ട് എന്നാണിവിടെ പറയുന്നത്. ഒരു ഡോക്ടർ രോഗിയോട് ഇന്ന ഭക്ഷണം കഴിക്കരുത് ഇന്ന കാര്യം ചെയ്യരുത് എന്ന് പറഞ്ഞാൽ രോഗപ്രതിരോധത്തിൻ്റെ ഭാഗമായി അത് നടപ്പാക്കിയില്ലെങ്കിൽ രോഗം മൂർഛിക്കും അതിനാൽ ഡോക്ടർ നിർദ്ദേശിച്ച പഥ്യം പാലിച്ച് മരുന്നുപയോഗിക്കണം എന്ന് നമുക്ക് അറിയാമല്ലോ ഇത് പോലെയാണ് അള്ളാഹു നൽകുന്ന നിർദ്ദേശങ്ങൾ മനുഷ്യാത്മാവിനെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ അവൻ നൽകുന്ന നിർദ്ദേശങ്ങളുടെ ആകെത്തുകയാണ് അവനെ ആരാധിക്കണം എന്നത് എന്നാൽ രോഗി പഥ്യം തെറ്റിക്കുന്ന സ്ഥാനത്താണ് മനുഷ്യൻ പിശാചിനെ അനുസരിക്കുന്നത് അത് കൊണ്ട് അപകടം വരാതിരിക്കാൻ പിശാചിനെ മാറ്റി നിർത്തുകയും ഗുണം വരാൻ അള്ളാാഹുവിനെ ആരാധിക്കുകയും വേണം.


അള്ളാഹുവിനെ അനുസരിക്കലാണ് നേർമാർഗം. കാരണം അവൻ്റെ അധികാരം എന്നും നിലനിൽക്കുന്നതാണ് മറ്റുള്ളതെല്ലാം നാശത്തിനു വിധേയവുമാണ് ഒരു കച്ചവടക്കാരൻ തൻ്റെ ചിരക്കുകൾ വിൽക്കാൻ അനുയോജ്യമായ മാർക്കറ്റ് കണ്ടെത്താൻ ശ്രമിക്കുകയും അവിടെ കച്ചവടം നടത്തുകയും ചെയ്താൽ മാത്രമേ ലാഭം കൊയ്യാനാവൂ  എങ്കിൽ അള്ളാഹുവിനെ ആരാധിക്കുന്നവനെ എന്നും സംരക്ഷിക്കാൻ  അള്ളാഹുവിനു സംവിധാനമുണ്ട് പിശാചിനു വഴങ്ങിയാൽ അവൻ നിർണായക സമയത്ത് കൈമലർത്തും എന്ന് തിരിച്ചറിയണം ഇതാണിവിടെ സൂചിപ്പിക്കുന്നത്


(62)
وَلَقَدْ أَضَلَّ مِنكُمْ جِبِلًّۭا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ


നിങ്ങളിൽ ധാരാളം ജനപഥങ്ങളെ അവൻ വഴിതെറ്റിച്ചിരിക്കുന്നു എന്നിട്ടും ആലോചിക്കുന്നവരായില്ലേ നിങ്ങൾ
?


നിങ്ങൾക്ക് മുമ്പ് ധാരാളം ജനങ്ങളെ പിശാച് വഴിതെറ്റിച്ചിട്ടുണ്ട് അവരിൽ പലരും അതിൻ്റെ ദുരിതം അനുഭവിച്ചതും ചരിത്രത്തിൽ പ്രസിദ്ധമാണ് എന്നിട്ടും നിങ്ങളെന്താണ് ചിന്തിക്കാൻ ശ്രമിക്കാത്തത് എന്നാണ് അള്ളാഹു ചോദിക്കുന്നത് .


ഇമാം റാസി 
رحمة الله عليهഎഴുതുന്നു പിശാച് അള്ളാഹുവല്ലാത്തവരെ ആരാധിക്കാൻ കല്പിക്കും അത് വിജയിക്കുന്നില്ലെങ്കിൽ അള്ളാഹുവിനെ ആരാധിക്കുന്നതിൽ തന്നെ ആരാധനയുടെ മഹത്വത്തിനു നിരക്കാത്ത ചിന്തകൾ ഉണ്ടാക്കും ഉദാഹരണമായി അള്ളാഹുവിനു ചെയ്യുന്ന ആരാധനയിൽ ജനങ്ങളുടെ അടുത്ത് സ്ഥാനം കിട്ടണമെന്ന് ആഗ്രഹിക്കുക അല്ലെങ്കിൽ അവരുടെ മേൽ അധികാരം സ്ഥാപിക്കാൻ ഈ ആരാധനയെ ഒരു മാർഗമാക്കുക ഇതിനു മനുഷ്യൻ വഴങ്ങുന്നതോടെ പിശാചിൻ്റെ ലക്ഷ്യം പൂവണിഞ്ഞു.അനാവശ്യ സംശയങ്ങൾ നമ്മുടെ മനസ്സിൽ ഇട്ടു നൽകി സംശയാലുവാക്കി പതുക്കെ നിഷേധിയാക്കുന്ന രീതി പിശാച് നന്നായി പയറ്റും അത് ശ്രദ്ധിക്കണം

 


(63)
هَـٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ


ഇതാ
,നിങ്ങളൾക്ക് താക്കീത് നൽകപ്പേട്ടിരുന്ന നരകം!


വഴിതെറ്റിയവരെ കാത്തിരിക്കുന്നത് നരകമാണ് പരലോകത്ത് അവരോട് പറയപ്പെടുന്നതാണിത്. പുനർജന്മത്തെയും നരകത്തെയും നിഷേധിച്ചിരുന്നവരോട് ഇതാ നിങ്ങളോട് പറഞ്ഞിരുന്ന നരകം എന്ന് പറയുന്നത് അവർക്ക് വല്ലാത്ത തിരിച്ചടിയാണ്


(64)
ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ


സത്യനിഷേധികളായിരുന്ന കാരണത്താൽ നിങ്ങളിതിൽ പ്രവേശിച്ച് ചൂടേറ്റ് കൊള്ളുക

വഴിതെറ്റിയ കാരണത്താൽ നിങ്ങൾക്ക് തയാർ ചെയ്യപ്പെട്ടതാണ് നരകം അത് കടുത്ത ചൂൂടുള്ള തീയാണ് അതിൽ പ്രവേശിച്ച് ആ ചൂട് അനുഭവിക്കുക എന്ന് അവരോട് പറയപ്പെടും .സത്യവഴി ഉപേക്ഷിച്ചതിൻ്റെ പേരിൽ കടുത്ത ദു:ഖം പേറിയായിരിക്കും അവർ ആനരകത്തിൽ പ്രവേശിക്കുക (അള്ളാഹുവിൽ ശരണം)


(65)

ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ



അന്ന് അവരുടെ വായകൾക്ക് നാം മുദ്ര ചാർത്തുന്നതും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ കൈകൾ നമ്മോട് സംസാരിക്കുന്നതും അവരുടെ കാലുകൾ സാക്ഷിനിൽക്കുന്നതുമാകുന്നു


നിഷേധികളായ കാരണത്താൽ നിങ്ങൾ നരകത്തിൽ കിടന്ന് ചൂടേൽക്കുക എന്ന് പറയപ്പെടുമ്പോൾ നിഷേധികളായിരുന്നു അവർ എന്നതിനെ നിഷേധിക്കാൻ അവർ ഒരു പാഴ്ശ്രമം നടത്തും ഞങ്ങൾ നിഷേധികളായിട്ടില്ല എന്ന് അവർ പറയും അപ്പോൾ കള്ളം പറഞ്ഞ് ശീലമുള്ള നാവിനു മുദ്ര വെച്ച് സംസാരിക്കാൻ അനുവാദമില്ലാതാക്കി നുണ പറഞ്ഞ് ശീലമില്ലാത്ത അവയവങ്ങൾക്ക് സംസാരിക്കാൻ അള്ളാഹു അവസരം നൽകുകയും അവ സത്യമായി കാര്യങ്ങൾ സമ്മതിക്കുകയും ചെയ്യും ചെയ്ത കുറ്റങ്ങൾ കൈ പറയുമ്പോൾ കാൽ അതിനു സാക്ഷിയാകും .കൈ എങ്ങനെ സംസാരിക്കും എന്ന് സംശയിക്കേണ്ടതില്ല നാവിനു സംസാരിക്കാൻ കഴിവ് നൽകിയ അള്ളാഹു മറ്റ് അവയവങ്ങൾക്കും കഴിവ് നൽകുന്നു എന്നാണിവിടെ മനസ്സിലാക്കേണ്ടത്.


കൈ സംസാരിക്കുകയും കാൽ സാക്ഷി പറയുകയും ചെയ്യും എന്ന് പറഞ്ഞതിനെ കുറിച്ച് എന്തേ ഇങ്ങനെ തന്നെ പറയാൻ (കാൽ സംസാരിച്ച് കൈ സാക്ഷി പറഞ്ഞു കൂടേ എന്ന് ചോദിച്ചാൽ) ഇമാം ഖുർതുബി 
رحمة الله عليهപറയുന്നു സാധാരണ ഗതിയിൽ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നത് കൈ ആണ് കാൽ അവിടെ സന്നിഹിതനാകും  സന്നിഹിതനായവൻ സാക്ഷി പറയുകയാണ് ചെയ്യുക കുറ്റ സമ്മതം നടത്തേണ്ടത് ചെയ്ത ആളാണല്ലോ അത് കൊണ്ടാണ് ഈ രീതിയിൽ പ്രയോഗിച്ചത്


അള്ളാഹു നമ്മെ സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ آمین

(തുടരും)  إِنْ شَاءَ ٱللَّٰهُ   

====================================================
ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: