Monday, March 18, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 09

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -9  -   സൂക്തം 48 മുതൽ  54  സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(48)

وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ



നിങ്ങൾ സത്യവാദികളാണെങ്കിൽ ഈ വാഗ്ദാനം എപ്പോഴാണ് പുലരുക എന്ന് അവർ ചോദിക്കുന്നു

ഈ ലോകം നശ്വരമാണെന്നും മരണ ശേഷം പുനർജന്മവും, വിചാരണയും, പ്രതിഫലം നൽകലും, രക്ഷാ-ശിക്ഷ നടപ്പാക്കലും ഉണ്ടെന്നും അതിനാൽ അള്ളാഹുവിൻ്റെ നിർദേശങ്ങൾ പാലിച്ച്, വിധി വിലക്കുകൾ ശ്രദ്ധിച്ച് ജീവിക്കണം എന്നും ദൈവദൂതന്മാർ സമൂഹത്തെ നിരന്തരം ഉപദേശിക്കുകയും അവർക്ക് മാർഗനിർദേശം നൽകുകയും ചെയ്തപ്പോൾ ഈ ലോകത്തിൻ്റെ നാശവും പുനർജന്മവും വിശ്വാസമില്ലാത്ത ജനത ദൂതന്മാരെ കളവാക്കിക്കൊണ്ട് ചോദിക്കുന്ന ചോദ്യമാണിത് നിങ്ങൾ പറയുന്ന അന്ത്യ നാൾ എപ്പോഴാണ് സംഭവിക്കുക? അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ കൊണ്ടുവരൂ എന്ന്. അറിയാനല്ല അങ്ങനെയൊരു കാര്യം സംഭവിക്കില്ല എന്ന് വാദിക്കാനാണീ ചോദ്യം അവർ ചോദിക്കുന്നത്
നേരത്തേ
മുന്നിലുള്ളതും പിന്നിലുള്ളതും സൂക്ഷിക്കുക(നാല്പത്തഞ്ചാം സൂക്തം) എന്ന് അവരോട് പറയപ്പെടുന്ന കാര്യം പറഞ്ഞല്ലോ അത് പുനർജന്മത്തിലേക്കുള്ള സൂചനയായിരുന്നു അതിനെ നിരാകരിച്ച് കൊണ്ട് അവർ ചോദിക്കുകയാണ് അങ്ങിനെ ഒരു നാൾ ഉണ്ടെങ്കിൽ എന്നാണ് എപ്പോഴാണ് അത് എന്ന്. അതായത് അങ്ങനെ ഒരു നാൾ ഉണ്ടാവില്ല എന്ന പ്രഖ്യാപനവും ഉണ്ടെന്ന് പറഞ്ഞതിനോടുള്ള പരിഹാസവുമാണിത് (ഖുർതുബി)


(49)
مَا يَنظُرُونَ إِلَّا صَيْحَةًۭ وَٰحِدَةًۭ تَأْخُذُهُمْ وَهُمْ يَخِصِّمُونَ


ഒരു ഘോര ശബ്ദമല്ലാതെ അവർ മറ്റൊന്നും കാത്തിരിക്കുന്നില്ല അവർ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കെ അതവരെ പിടികൂടുന്നതാണ്.


വാഗ്ദാനം എപ്പോഴാണ് പുലരുക എന്ന് അവർ ചോദിച്ചതിനു അള്ളാഹു നേരേ മറുപടി പറയുന്നില്ല കാരണം അന്ത്യനാൾ എപ്പോഴാണെന്ന് ചോദിക്കുന്നവരോട് അത് അള്ളാഹു മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്ന് പറയാനാണ് അള്ളാഹു കല്പിച്ചത്. പകരം
അവർ അഭിമുഖീകരിക്കാൻ പോകുന്ന ഒരു വലിയ ദുരന്തത്തെ അനാവരണം ചെയ്യുകയാണീ വാക്യം. താങ്ങാനാവാത്ത ഒരു ഘോര ശബ്ദം അവരെ തകർത്തു കളയുമെന്ന്!


ഇവിടെ ഒരു ചോദ്യമുണ്ട് അതായത് അവർ ഘോര ശബ്ദത്തെയും ഈ ലോകത്തിൻ്റെ നാശത്തെയും നിഷേധിക്കുന്നവരാണല്ലോ ആ സ്ഥിതിക്ക് ഇത്തരം ഒരു ശിക്ഷ അവർ പ്രതീക്ഷിക്കുകയില്ലല്ലോ. എങ്കിൽ ഈ വാക്യം (ഒരു ഘോര ശബ്ദമല്ലാതെ അവർ മറ്റൊന്നും കാത്തിരിക്കുന്നില്ല) എങ്ങിനെ ശരിയാകും
? നിവാരണമിങ്ങനെയാണ്. ശിക്ഷ ലഭിക്കാനാവശ്യമായ പ്രവർത്തനങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നു അത് അവരിൽ വരിക തന്നെ ചെയ്യും അതിനാൽ വാക്കാലുള്ള കാത്തിരിപ്പിൻ്റെ സമ്മതം അവർ നടത്തുന്നില്ലെങ്കിലും അവരുടെ പ്രവർത്തി അതിലേക്ക് എത്തിക്കുന്നവയാണ്. ആ നിലക്കാണ് ഈ പരാമർശനം (റാസി)

അതി ശക്തമായ ശബ്ദമായിരിക്കും അത് ഒറ്റ ശബ്ദം കൊണ്ട് തന്നെ അവർ തകർന്നു പോകും അത്രയും ശക്തമായിരിക്കുമത് എന്ന് കാണിക്കാനാണ് 'ഒരു ഘോര ശബ്ദമല്ലാതെ അവർ പ്രതീക്ഷിക്കുന്നില്ലഎന്ന് പറഞ്ഞിരിക്കുന്നത്
അത് അവരെ പിടികൂടുംഎന്ന് പറഞ്ഞത് അവരെ എല്ലാവരെയും ഉൾപ്പെടുത്തും ആരെയും വിട്ടുകളയുകയില്ല എന്ന് ബോദ്ധ്യപ്പെടുത്താനാണ്
അവർ തർക്കിച്ച് കൊണ്ടിരിക്കെഎന്നത് അവർ അവരുടെ ജോലികളിൽ (കച്ചവടം, കൃഷി തുടങ്ങിയവ) വ്യാപൃതരായിക്കൊണ്ടിരിക്കെ അവർ ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഈ ശബ്ദം അവരെ ബാധിക്കുന്നത്  അപ്രതീക്ഷിതമായി ഒരു ശബ്ദം കേൾക്കുന്നതിൻ്റെ ആഘാതം പ്രതീക്ഷിച്ചിരിക്കുമ്പോൾ കേൾക്കുന്നതിലും എത്രയോ ഭയാനകമായിരിക്കും എന്ന് കൂടി ഈ വാക്യം ബോധ്യപ്പെടുത്തുന്നു. ഇവിടെ അപ്രതീക്ഷിതമായി ഒരു ഭൂമി കുലുക്കമോ, കൊടുങ്കാറ്റോ അപകടങ്ങളോ ഉണ്ടായാൽ തന്നെ എന്ത് ചെയ്യണമെന്നറിയാതെ നാം അന്തിച്ചു നിൽക്കാറില്ലേ? അപ്പോൾ ഈ ലോകത്തിൻ്റെ നാശത്തിനു നാന്ദികുറിക്കുന്ന അപകടം എത്രത്തോളം ആളുകളെ ബാധിക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ
ഇമാം ഥിബ്‌രി رحمة الله عليهഎഴുതുന്നു അബൂഹുറൈറ: رضي الله عنهനബി തങ്ങൾ പറഞ്ഞതായി ഉദ്ധരിക്കുന്നു അള്ളാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചശേഷം സൂർ എന്ന കാഹളം പടക്കുകയും അത് ഇസ്റാഫീൽ عليه السلاഎന്ന മലക്കിനെ ഏല്പിക്കുകയും ചെയ്തു അന്ന് മുതൽ ആ മലക്ക് അള്ളാഹുവിൻ്റെ ഊതാനുള്ള ഉത്തരവും കാത്ത് ഈ കാഹളം തൻ്റെ ചുണ്ടത്ത് വെച്ച് കാത്തിരിക്കുന്നു. അബൂഹുറൈറ: رحمة الله عليهചോദിച്ചു തിരു ദൂതരേ! എന്താണീ സൂർ? തങ്ങൾ പറഞ്ഞു അതൊരു കൊമ്പാണ്‌ മൂന്ന് തവണ അതിൽ ഊതപ്പെടും (1) ഭയപ്പെടുത്താനുള്ളതാണ്  (2) ആളുകൾ മരിക്കാനുള്ളത്  (3) നാഥനിലേക്ക് എല്ലാവരും എഴുന്നേറ്റു വരാൻ. ഒന്നാമത്തെ ഊത്തിന് അള്ളാഹു കല്പിക്കുമ്പോൾ അള്ളാഹു ഉദ്ദേശിച്ചവരൊഴികെ മറ്റെല്ലാവരും ഭയം കൊണ്ട് വിഷമിക്കും പിന്നീട് രണ്ടാമത്തെ ഊത്ത് ഊതാൻ അള്ളാഹു കല്പിക്കും അപ്പോൾ മലക്ക് ഊതുകയും അള്ളാഹു ഉദ്ദേശിച്ചവർ ഒഴികെയുള്ളവരെല്ലാം മരിക്കുകയും ചെയ്യും പിന്നീട് അള്ളാഹു അല്ലാത്തവരെല്ലാം മരിക്കും ഭൂമിയെ അള്ളാഹു കുന്നും മലയും ഒന്നും ഇല്ലാത്ത സമനിരപ്പായ സ്ഥലമാക്കി മാറ്റും മൂന്നാമത്തെ ഊത്ത് നടന്നാൽ എല്ലാവരും പുനർജനിക്കും (ഥിബ്‌രി)





(50)
فَلَا يَسْتَطِيعُونَ تَوْصِيَةًۭ وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ


അന്നേരം വല്ല വസിയ്യത്തും ചെയ്യുവാൻ അവർക്ക് കഴിയുന്നതല്ല തങ്ങളുടെ കുടുംബത്തിലേക്ക് അവർ മടങ്ങിച്ചെല്ലുന്നതുമല്ല


ഈ ഘോര ശബ്ദത്തിൻ്റെ ആഘാതം വളരെ പെട്ടെന്ന് തന്നെ അവരെ ഗ്രസിച്ചിരിക്കും ഒരു വാക്ക് കൊണ്ട് മരണത്തിനു മുമ്പ് ഒരു വസിയ്യത്ത് പറയാൻ പോലും സാവകാശം നൽകാതെയായിരിക്കും അത് സംഭവിക്കുക നിൽക്കുന്നിടത്ത് വെച്ച് ഒരു വാക്ക് സംസാരിക്കാൻ കഴിയാത്തവർക്ക് കുടുംബത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്നത് സുവ്യക്തമല്ലേ അതാണ് തങ്ങളുടെ കുടുംബത്തിലേക്ക് അവർ മടങ്ങിച്ചെല്ലുന്നതുമല്ലഎന്ന പ്രയോഗം അറിയിക്കുന്നത്.


പശ്ചാത്തപിച്ചും പരസ്പരം കുറ്റങ്ങൾ ഏറ്റ് പറഞ്ഞും അവർക്ക് തൻ്റെ മരണ ശേഷം നടപ്പാക്കേണ്ട കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്യാൻ അവർക്കാവില്ല അങ്ങാടിയിലോ മറ്റു സ്ഥലങ്ങളിലോ എവിടെയാണോ അവരുള്ളത് അവിടെ തന്നെ മരിച്ചു വീഴും (ഖുർതുബി)


ഇമാം റാസി
رحمة الله عليه എഴുതുന്നു. അവർക്ക് ഒരു വസ്വിയ്യത്തും ചെയ്യാൻ കഴിയില്ല എന്ന ഈ പ്രയോഗം ഗൗരവതരമായ ചില കാര്യങ്ങളിലേക്ക് സൂചന നൽകുന്നുണ്ട് (ഒന്ന്) വസിയ്യത്ത് ചെയ്യാൻ കഴിയില്ല എന്നാണ് അള്ളാഹു പറയുന്നത് വസിയ്യത്ത് ചെയ്യില്ല എന്നല്ല (കഴിയുന്നതെല്ലാം ചെയ്യാറില്ലല്ലോ) അപ്പോൾ അത് ഗൗരവം തന്നെ (രണ്ട്) വസ്വിയ്യത്ത് വാക്ക് കൊണ്ടാണ് ഉണ്ടാവുക. പ്രവർത്തനം മുഖേന ഒരു കാര്യം ഉണ്ടാവുന്നതിനേക്കാൾ എളുപ്പത്തിൽ വാക്ക് സാധ്യമാവും. അപ്പോൾ എളുപ്പത്തിൽ നടക്കുന്ന ഒരു വാക്ക് പോലും അവർക്ക് പറയാൻ സാധ്യമല്ലെന്ന് വരുമ്പോൾ കടമകൾ നിർവഹിച്ചും ഇടപാടുകൾ പരസ്പരം കൊടുത്തു തീർത്തും ബാധ്യത ഒഴിവാക്കാൻ ഒരിക്കലും സാധിക്കില്ല (മൂന്ന്) വസിയ്യത്ത് കഴിയില്ല എന്ന് പറഞ്ഞത് ഏറ്റവും നിർണായകമായ ഒരു സമയത്ത് (ഞാൻ മരിക്കാൻ പോകുന്നു എന്ന് മനസിലാക്കുന്ന സമയം പോലെ) ഏതൊരാളും തൻ്റെ മരണ ശേഷം നടപ്പാക്കേണ്ട കാര്യങ്ങളാണ് ആദ്യം പറയുക അതിനു തന്നെ അവർക്ക് പറ്റുന്നില്ലെങ്കിൽ മറ്റ് ഒരു കാര്യവും ചെയ്യാനാവാതെ അവർ കുടുങ്ങി എന്നാവും അർത്ഥം (നാല്) എന്തെങ്കിലും ഒരു വസിയ്യത്ത് പോലും കഴിയില്ല എന്ന പ്രയോഗം എല്ലാ മേഘലയെയും ഉൾക്കൊള്ളിക്കുന്നതാണ് (റാസി)

 

(51)
وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ


കാഹളത്തിൽ ഊതപ്പെടുന്നതാണ് അന്നേരം അവരതാ ഖബ്റുകളിൽ നിന്ന് തങ്ങളുടെ രക്ഷിതാവിലേക്ക് ധൃതിപ്പെട്ട് പോകുന്നു


നേരത്തെ പറഞ്ഞ ഘോര ശബ്ദം ഇസ്റാഫീൽ عليه السلام എന്ന മലക്ക് സൂർ എന്ന കാഹളത്തിൽ ഊതുമ്പോഴാണ് സംഭവിക്കുക. അതോടെ എല്ലാവരും മരണപ്പെടും അവരെ വീണ്ടും പുനർജനിപ്പിക്കാനുള്ള ഊത്താണ് ഇവിടെ പറയുന്നത് അതായത് മൂന്നാമത്തെ ഊത്ത്. ഈ രണ്ട് ഊത്തിൻ്റെയും ഇടയിൽ നാല്പത് വർഷത്തെ ഈടവേളയുണ്ടായിരിക്കും എന്ന് ഇമാം ബഗ് വി رحمة الله عليപറഞ്ഞിടുണ്ട് . ഇവിടെ ഒരു ചോദ്യമുണ്ട് ഊത്ത് എന്ന പ്രവർത്തി കാരണം ഒരിക്കൽ നശിക്കുകയും മറ്റൊരിക്കൽ ജനിക്കുകയും ചെയ്യുമെന്ന് പറയുന്നത് എങ്ങിനെ?


എല്ലാ പ്രവർത്തനങ്ങളിലും ഫലം ഉണ്ടാക്കുന്നത്
അള്ളാഹുവാണ്. ഊത്ത് എന്നത് അടയാളം മാത്രവും. ഭീകരമായ ഒരു ശബ്ദം കേൾക്കുന്ന നേരത്ത് പ്രകമ്പനം സ്വഭാവികമാണല്ലോ ആ പ്രകമ്പനത്തിൽ ജീവിതത്തിൽ കൂടിച്ചേർന്ന് നിന്നവ ചിന്നിച്ചിതറുന്നതും ചിന്നിച്ചിതറിയവ കൂടി ച്ചേരുന്നതും സംഭവ്യമാണ്.അതായത് രണ്ട് ഊത്തിലും പ്രകമ്പനം ഉണ്ടാകുന്നു കൂടി നിന്നത് വിട്ട് പോയി ആദ്യ ഊത്ത് മരണത്തിലും വിട്ട് നിന്നത്  കൂടി ച്ചേർന്ന് രണ്ടാം ഊത്ത് പുനർജീവിതത്തിലും എത്തിച്ചേർന്നു (റാസി)


(52)
قَالُوا۟ يَـٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ ٱلرَّحْمَـٰنُ وَصَدَقَ ٱلْمُرْسَلُونَ


അവർ പറയും എന്തൊരു നാശം! ഉറങ്ങിയേടത്ത് നിന്ന് ഞങ്ങളെ എഴുന്നേല്പിച്ചതാരാണ്
? ഇത് മഹാ കാരുണ്യവാനായ അള്ളാഹു വാഗ്ദാനം ചെയ്യുകയും ദൈവദൂതന്മാർ സത്യം പറയുകയും ചെയ്തിട്ടുള്ളതാണ്


പുനർജന്മം നടന്നു എന്ന് ബോധ്യം വരുമ്പോഴുള്ള വിലാപമാണിത്. അതിശക്തമായി അവർ നിഷേധിച്ചിരുന്ന കാര്യമാണ് മരണ ശേഷമുള്ള പുനർജന്മം. അതാണ് ഇപ്പോൾ അവർക്ക് അനുഭവത്തിൽ വന്നിരിക്കുന്നത്. ഇത് സത്യമായ സ്ഥിതിക്ക് പ്രവാചകന്മാർ പറഞ്ഞ വിചാരണയും ശിക്ഷയും എല്ലാം സത്യമായിരിക്കും എന്ന് അവർക്ക് ബോധ്യം വരുന്നു അതിൽ നിന്നുണ്ടാകുന്ന ഭയവും അസ്വസ്ഥതയും ഒരു വിലാപമായി അവരിൽ നിന്ന് പുറത്ത് വരികയാണ്. അവരുടെ നാശം ഉറപ്പായി എന്നും തങ്ങൾ നിഷേധിച്ചത് അസത്യമാവുകയും അള്ളാഹുവും ദൂതന്മാരും പറഞ്ഞത് സത്യമാവുകയും ചെയ്തിരിക്കുന്നു എന്ന് അവർ തിരിച്ചറിയുന്നു
ഉറങ്ങിയേടത്ത് നിന്ന് ആരാണ് ഞങ്ങളെ എഴുന്നേല്പിച്ചത് എന്ന ചോദ്യം ഖബറിൽ ശിക്ഷ ഇല്ല എന്നതിനു ചിലർ തെളിവാക്കിയിട്ടുണ്ട് ഉറങ്ങിക്കിടന്നു എന്ന് പറയുമ്പോൾ അവിടെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് മനസിലാകുന്നുണ്ട് എന്നാണ് അവരുടെ ന്യായം. എന്നാൽ അത് ശരിയല്ല മഹ്ശറിലെ ഭീകരത കാണുമ്പോൾ ഖബറിലെ ശിക്ഷ അവർക്ക് നിസ്സാരമായി തോന്നുന്നതാണ് വലിയ വിഷമം അനുഭവിക്കുമ്പോൾ തരതമ്യേന ചെറിയ വിഷമങ്ങൾ അവഗണിക്കപ്പെടുമല്ലോ! എന്ന് ഇബ്നുകസീർ رحمة الله عليه പറയുന്നു.


മറ്റൊരു മറുപടി എല്ലാവരും മരിക്കാനുള്ള ഊത്ത് കഴിഞ്ഞ ശേഷം വീണ്ടും പുനർജനിപ്പിക്കുന്നതിനിടക്ക് നാല്പത് വർഷമുണ്ടെന്ന് നേരത്തേ പറഞ്ഞുവല്ലോ ആ സമയത്ത് ശിക്ഷയൊന്നും ഇല്ലാതെ എല്ലാവർക്കും ഉറങ്ങാൻ അവസരം കൊടുക്കും. അത് കഴിഞ്ഞ് വരുമ്പോൾ മഹ്ശറിലെ ബേജാറുകളാണല്ലോ അവർ കാണുന്നത് അപ്പോൾ നേരത്തെ അനുഭവിച്ച സുഖം ഓർക്കുന്നത് സ്വാഭാവികം മാത്രം (ഖുർതുബി)


ഇത് മഹാ കാരുണ്യവാനായ
അള്ളാഹു വാഗ്ദാനം ചെയ്യുകയും ദൈവദൂതന്മാർ സത്യം പറയുകയും ചെയ്തിടുള്ളതാണ് എന്നത് സത്യവിശ്വാസികൾ അവർക്ക് നൽകുന്ന മറുപടിയാണ് മലക്കുകൾ അത് പറയുമെന്നും ഈ നിഷേധികൾ തന്നെ പറയുമെന്നും അഭിപ്രായമുണ്ട്


(53)
إِن كَانَتْ إِلَّا صَيْحَةًۭ وَٰحِدَةًۭ فَإِذَا هُمْ جَمِيعٌۭ لَّدَيْنَا مُحْضَرُونَ


അത് ഒരേയൊരു ഘോര ശബ്ദം മാത്രമായിരിക്കും അപ്പോഴതാ അവരെല്ലാവരും നമ്മുടെ അടുക്കൽ ഹാജറാക്കപ്പെട്ടവരായിരിക്കുന്നു!


അവർ പുനർജനിക്കാനാവശ്യമായി നടക്കുന്നത് ഒരു ഊത്ത് മാത്രമാണ് അതോടെ അവരെല്ലാം അള്ളാഹുവിങ്കൽ വിചാരണക്കായി ഹാജറായിരിക്കുന്നു


(54)
فَٱلْيَوْمَ لَا تُظْلَمُ نَفْسٌۭ شَيْـًۭٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ


ഇന്ന് ആരോടും ഒട്ടും അനീതി ചെയ്യപ്പെടുകയില്ല നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നതുമല്ല (എന്ന് അവരോട് പറയപ്പെടും)


വിചാരണ നാളിൽ നടക്കുന്ന കാര്യമാണിത് ഇവിടെ ആരും അനീതിക്കിരയാവുകയില്ല ഇത് വിശ്വാസികൾക്ക് നിർഭയത്വം നൽകുന്ന പ്രഖ്യാപനമാണ്  പ്രവർത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നകപ്പെടുകയില്ലഎന്ന് പറഞ്ഞത് നിഷേധികളോടാണ്. നിങ്ങൾക്ക് ലഭിക്കുന്ന ശിക്ഷ നിങ്ങൾ ചെയ്തുവെച്ച പാപത്തിൻ്റെ ശമ്പളം മാത്രമാണ് എന്ന്. വിശ്വാസിക്ക് അവൻ അർഹിക്കുന്നതിലും അധികം അനുഗ്രഹം നാഥൻ നൽകുമെന്നതിനാലാണ് പ്രവർത്തിച്ചതിനല്ലാതെ പ്രതിഫലം നൽകപ്പെടുകയില്ല എന്നത് അവിശ്വാസികളോടാണ് എന്ന് വിവരിച്ചത്
അള്ളാഹു നമ്മെ ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ


(തുടരും)
ഇൻശാ അള്ളാഹ്

No comments: