Monday, July 14, 2025

അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 04

അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ  | ഭാഗം 04

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 54

(Part -4  -   സൂക്തം 43 മുതൽ 54  വരെ സൂക്തങ്ങളുടെ വിവരണം )

 



റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(43)
        وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ قَالُوا۟ مَا هَـٰذَآ إِلَّا رَجُلٌۭ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَـٰذَآ إِلَّآ إِفْكٌۭ مُّفْتَرًۭى ۚ وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌۭ


നമ്മുടെ  ദൃഷ്ടാന്തങ്ങൾ സ്പഷ്ടമായ നിലയിൽ അവർക്ക് ഓതിക്കേൾപിക്കപ്പെട്ടാൽ അവർ ജനങ്ങളോട് പറയും
,നിങ്ങളുടെ പിതാക്കന്മാർ ആരാധിച്ചു വന്നിരുന്നതിൽ നിന്ന് നിങ്ങളെ തടയുവാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണിത്.  ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്എന്നും അവർ പറയും. തങ്ങൾക്ക് സത്യം വന്ന് കിട്ടിയപ്പോൾ അതിനെപ്പറ്റി അവിശ്വാസികൾ പറഞ്ഞു ഇത് സ്പഷ്ടമായ ജാല വിദ്യ മാത്രമാകുന്നു



സത്യ നിഷേധികൾക്ക് നരകത്തിൽ ശിക്ഷ നൽകപ്പെടുമെന്ന് കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞതിൻ്റെ കാരണം വിവരിക്കുകയാണിവിടെ . നബി തങ്ങൾ കൃത്യമായ നിലയിൽ ഖുർആൻ പാരായണം ചെയ്ത് സുതാര്യമായ മത നിലപാടുകൾ വിവരിക്കുകയും ഏകദൈവ വിശ്വാസമാകുന്ന തൗഹീദ് സ്ഥിരപ്പെടുത്തുകയും ബഹുദൈവത്വം എന്ന ശിർക്കിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തുകയും ചെയ്യുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കും വിധം അവർ പരസ്പരം പറയുന്നത് നമ്മുടെ പൂർവീകരുടെ ആരാധ്യന്മാരെ തള്ളിപറയാനായി വന്നതാണ് ഇദ്ദേഹം.ഇതിൽ സത്യമില്ല കള്ളം കെട്ടി പറയുകയാണ് ശ്രോദ്ധാക്കൾക്ക് ശരിയുണ്ടെന്ന് തോന്നിപ്പിക്കാനുള്ള ചില ചെപ്പടി വിദ്യകളാണിതിൽ.അതിനാൽ ഈ വേദമോ ഇത് പറയുന്ന മുഹമ്മദ് നബിയോ  നാം ഉൾക്കൊള്ളേണ്ടവരല്ല എന്ന്




(44)
وَمَآ ءَاتَيْنَـٰهُم مِّن كُتُبٍۢ يَدْرُسُونَهَا ۖ وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍۢ


അവർക്ക് പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവർക്ക് നൽകിയിരുന്നില്ല തങ്ങൾക്ക് മുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല



ബഹുദൈവത്വം സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകളുമായി ഒരു ദൂതനോ ഒരു വേദഗ്രന്ഥമോ നബി തങ്ങൾക്കും ഖുർആനിനും മുമ്പ് ഇവർക്ക് നാം നൽകിയിട്ടില്ല (അങ്ങനെ ഒരു നബി ഒരു ഗ്രന്ഥം കൊണ്ടു വന്നാൽ ഞങ്ങളായിരിക്കും ഏറ്റവും സന്മാർഗം സിദ്ധിച്ചവർ എന്ന് ആഗ്രഹ പൂർവം അവർ പറഞ്ഞിരുന്നതായി ഖുർആൻ പറയുന്നുണ്ട്. ഉദാഹരണം ആറാം അദ്ധ്യായം അൽ അൻ ആം 157/ മുപ്പത്തി അഞ്ചാം അദ്ധ്യായം , ഫാഥിർ -42) ആ സ്ഥിതിക്ക് ഇവരുടെ പൂർവീകർ നിലക്കൊണ്ട മാർഗമാണ് ശരി . നബി തങ്ങൾ പറയുന്നത് കള്ളമാണ് എന്ന് കണ്ടുപിടിച്ചത് എന്ത് തെളിവിൻ്റെ ബലത്തിലാണ് എന്ന് സാരം




(45)

وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَـٰهُمْ فَكَذَّبُوا۟ رُسُلِى ۖ فَكَيْفَ كَانَ نَكِيرِ


ഇവർക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട് അവർക്ക് നാം കൊടുത്തിരുന്നതിൻ്റെ പത്തിലൊന്ന് പോലും ഇവർ നേടിയിട്ടില്ല അങ്ങനെ നമ്മുടെ ദൂതന്മാരെ അവർ നിഷേധിച്ചു തള്ളി അപ്പോൾ എൻ്റെ രോഷം എങ്ങനെയുള്ളതായിരുന്നു!



ഖുറൈശികൾക്ക് മുമ്പ് ധാരാളം സമൂഹങ്ങൾ പ്രവാചകന്മാരെ കളവാക്കിയിട്ടുണ്ട് അവരുമായി തുലനം ചെയ്താൽ ഇവർ ഒന്നുമല്ല. ഇവരേക്കാൾ എത്രയോ ഇരട്ടി സമ്പത്തും ശക്തിയും ഉണ്ടായിരുന്നവരാണവർ. എന്നിട്ടും അവരുടെ നിഷേധത്തിനുള്ള എൻ്റെ ശിക്ഷ അവരിൽ വന്നിറങ്ങിയപ്പോൾ അവർ തകർന്നു പോയി അങ്ങനെ ഒരു കൂട്ടർ ഇവിടെ ജീവിച്ചിരുന്നില്ല എന്ന് തോന്നും വിധം അവർ തുടച്ചു നീക്കപ്പെട്ടു.അതിനാൽ നബി തങ്ങൾക്കെതിരിലുള്ള ഈ പുറപ്പാട് ഇവർക്ക് നാശം മാത്രമേ വരുത്തുകയുള്ളൂ എന്ന താക്കീതാണിത്


(46)
۞ قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ ۖ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ ۚ مَا بِصَاحِبِكُم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌۭ لَّكُم بَيْنَ يَدَىْ عَذَابٍۢ شَدِيدٍۢ


തങ്ങൾ പറയുക. ഞാൻ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ.
അള്ളാഹുവിനു വേണ്ടി നിങ്ങൾ ഈരണ്ടു പേരായോ, ഒറ്റയായോ നിലക്കൊള്ളുകയും എന്നിട്ട് നിങ്ങൾ ചിന്തിക്കുകയും ചെയ്യണമെന്ന്.നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബി ക്ക്) യാതൊരു ഭ്രാന്തുമില്ല ഭയങ്കരമായ ശിക്ഷയുടെ മുമ്പിൽ നിങ്ങൾക്ക് താക്കീതു നൽകുന്ന ആൾ മാത്രമാകുന്നു അദ്ദേഹം



തങ്ങൾ പ്രബോധന രംഗത്ത് സജീവമായപ്പോൾ നബി തങ്ങളെ നിഷേധിക്കാൻ അവർ പറഞ്ഞ കാരണങ്ങളിലൊന്നായിരുന്നു നബി തങ്ങൾക്ക് ഭ്രാന്താണെന്ന്. അതിനോടുള്ള പ്രതികരണമാണ് ഖുർആൻ നടത്തുന്നത് .ആ ജനങ്ങളോട് തങ്ങൾ ആവശ്യപ്പെടുക നിങ്ങൾ സ്വന്തമായോ, സംഘമായോ മുൻവിധിയില്ലാതെ, കക്ഷിത്തവും പക്ഷപാത നിലപാടുമില്ലാതെ അള്ളാഹുവിനെ ഓർത്ത് കൊണ്ട് ചിന്തിക്കൂ മുഹമ്മദ് നബി ഈ പറയുന്നത് ഭ്രാന്ത് കൊണ്ടാണോ എന്ന്. എന്നാൽ നിങ്ങൾ തന്നെ സമ്മതിക്കേണ്ടി വരും .നബി തങ്ങൾക്ക് ഭ്രാന്തില്ല, ഈ പറയുന്നത് ഭ്രാന്തുമല്ല. മറിച്ച് നിഷേധികൾക്ക് വാരാനിരിക്കുന്ന ഭയങ്കരമായ ശിക്ഷയെക്കുറിച്ച് താക്കീത് നൽകുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് അത് മുഖവിലക്കെടുത്ത് നന്നാവാൻ നോക്കുകയാണ് നാം വേണ്ടത്




(47)
قُلْ مَا سَأَلْتُكُم مِّنْ أَجْرٍۢ فَهُوَ لَكُمْ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ شَهِيدٌۭ

 


തങ്ങൾ പറയുക നിങ്ങളോട് വല്ല പ്രതിഫലവും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് വേണ്ടി തന്നെയാകുന്നു.എനിക്കുള്ള പ്രതിഫലം
അള്ളാഹുവിങ്കൽ നിന്ന് മാത്രമാകുന്നു അവൻ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു



ഞാൻ ഈ പ്രബോധനം മുഖേന സാമ്പത്തിക ഉന്നമനം ലക്ഷ്യവെച്ച ആളല്ല. ഈ പ്രബോധനത്തിൻ്റെ പേരിൽ ഞാൻ നിങ്ങളോട് വല്ല ശമ്പളമോ, പാരിതോഷികമോ ഒന്നും ആവശ്യപ്പെടുന്നില്ല മറിച്ച് എൻ്റെ ഉപദേശം നിങ്ങൾ സ്വീകരിച്ചാൽ നിങ്ങൾക്ക് ഭയങ്കര ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. ഇതാണ് നബി തങ്ങൾ നിങ്ങളോട് വല്ല പ്രതിഫലവും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത്  നിങ്ങൾക്ക് വേണ്ടി തന്നെയാകുന്നു എന്ന് പറയുന്നത്. എനിക്ക് ഇതിനുള്ള പ്രതിഫലം അള്ളാഹു നൽകും അവൻ എൻ്റെയും നിങ്ങളുടെയും പ്രവർത്തനങ്ങൾക്ക് സാക്ഷിയാണല്ലൊ

 

(48)
قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّـٰمُ ٱلْغُيُوبِ


തീർച്ചയായും എൻ്റെ രക്ഷിതാവ് സത്യത്തെ ഇട്ട് തരുന്നു (അവൻ) അദൃശ്യകാര്യങ്ങൾ നല്ലവണ്ണം അറിയുന്നവനാകുന്നു



അള്ളാഹു ദിവ്യ ബോധനം നൽകുന്നു അവൻ അദൃശ്യങ്ങൾ എല്ലാം അറിയുന്നവനാണ്.സത്യം സ്ഥാപിക്കുകയും അസത്യത്തെ അവൻ തകർത്തെറിയുകയും ചെയ്യും

 


(49)
قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَـٰطِلُ وَمَا يُعِيدُ


തങ്ങൾ പറയുക
,സത്യം വന്നു കഴിഞ്ഞു അസത്യം (യാതൊന്നിനും) തുടക്കം കുറിക്കുകയില്ല (യാതൊന്നും) പുനസ്ഥാപിക്കുകയുമില്ല



അള്ളാഹു മനുഷ്യർക്ക് നൽകുന്ന നിയമവ്യവസ്ഥിതിയായ ശരീഅത്ത് അള്ളാഹു സ്ഥാപിച്ചു അതിനെതിരിലുള്ള എല്ലാ ആശയങ്ങളും വിസ്മൃതിയിലായി .അസത്യം ആത്യന്തികമായി പരാജയപ്പെടുകയും തകർക്കപ്പെടുകയും ചെയ്യും.മക്കയിൽ ഈ പ്രഖ്യാപനത്തിൻ്റെ നേർക്കാഴ്ചയായിരുന്നു മക്കാ വിജയം




(50)

قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى ۖ وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ ۚ إِنَّهُۥ سَمِيعٌۭ قَرِيبٌۭ


തങ്ങൾ പറയുക. ഞാൻ പിഴച്ചു പോയിട്ടുണ്ടെങ്കിൽ ഞാൻ പിഴക്കുന്നതിൻ്റെ ദോഷം എനിക്ക് തന്നെയാണ് ഞാൻ നേർമാർഗം പ്രാപിച്ചുവെങ്കിലോ അത് എനിക്ക് എൻ്റെ രക്ഷിതാവ് ബോധനം നൽകുന്നതിൻ്റെ ഫലമായിട്ടാണ് തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു



അള്ളാഹു നൽകുന്ന കല്പന സത്യമാണ് അതിൽ സന്മാർഗവും രക്ഷയുമുണ്ട് .അത് ഉൾക്കൊള്ളാതെ പോയാൽ അതിൻ്റെ ഉത്തരവാദി ഉൾക്കൊള്ളാത്തവൻ തന്നെയാണ്. ഞാൻ പിഴച്ചു പോയാലും അത് എൻ്റെ കുഴപ്പമാണ് അള്ളാഹു നൽകിയ സന്ദേശത്തിൽ ഒരു കുഴപ്പവുമില്ല.കാരണം അവൻ എല്ലാം കേൾക്കുന്നവനും അടുത്തറിയുന്നവനുമാണ്




(51)
وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍۢ قَرِيبٍۢ


അവർ (സത്യനിഷേധികൾ) പരിഭ്രാന്തരായിപ്പോകുന്ന സന്ദർഭം തങ്ങൾ കാണുകയാണെങ്കിൽ (അതൊരു മഹാ കാഴ്ചയാകുമായിരുന്നു) എന്നാൽ അവർ (പിടിയിൽ നിന്ന്) ഒഴിവാകുകയില്ല അടുത്ത സ്ഥലത്ത് നിന്ന് തന്നെ അവർ പിടിക്കപ്പെടും

അന്ത്യനാളിൽ ഭയന്ന് വിറക്കുന്ന നിഷേധികളുടെ അവസ്ഥ പറയുകയാണ്. അവരുടെ ഗതികേടും ജാള്യതയും തങ്ങൾ കാണുകയാണെങ്കിൽ അതൊരു കാഴ്ച തന്നെയായിരിക്കും (ഭൂമിയിൽ സത്യത്തെ തള്ളിക്കളയാൻ എന്തൊരു വീറും വാശിയുമായിരുന്നു അവർ കാണിച്ചിരുന്നത് ഇപ്പൊൾ പേടിച്ച് വിറച്ച് ദയനീയമായ അവസ്ഥയിൽ നിൽക്കുന്നു)ഇവിടെ അള്ളാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധ്യമല്ല അവർക്ക് അഭയം നൽകാനും ആരുമില്ല. ഖബ്റിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ അവർ നിരീക്ഷണത്തിലാണ്
ഭൂമിയിൽ തന്നെ നിഷേധികൾ ബദ്റിലും മറ്റും ഏറ്റുവാങ്ങേണ്ടി വന്ന തിരിച്ചടികളെയും ഇതിലേക്ക് ചേർത്ത് വായിക്കുന്നുണ്ട് ഇബ്നുകസീറിനെ പോലുള്ള വ്യാഖ്യാതാക്കൾ




(52)
وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍۢ


ഇതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് അവർ പറയുകയും ചെയ്യും വിദൂരമായ ഒരു സ്ഥലത്ത് നിന്ന് അവർക്ക് എങ്ങനെയാണ് (ആ വിശ്വാസം) നേടിയെടുക്കാൻ കഴിയുക
?



അന്ത്യനാൾ സത്യമാണെന്ന് അവർക്ക് ബോദ്ധ്യം വരുമ്പോൾ ഞങ്ങൾ അള്ളാഹുവിലും മറ്റ് വിശ്വാസ കാര്യങ്ങളിലുമെല്ലാം  വിശ്വസിച്ചു എന്ന് അവർ പറയും പക്ഷെ അത് സ്വീകരിക്കപ്പെടുകയില്ല കാരണം വിശ്വാസ പ്രഖ്യാപനം സ്വീകരിക്കുന്ന സ്ഥലം ഭൂമിയിലായിരുന്നു ഇപ്പോൾ അവർ പരലോകത്ത് എത്തിയല്ലൊ ഈ രണ്ട് ലോകവും തമ്മിൽ വളരെ അകലമുണ്ടല്ലോ .പ്രവൃത്തിക്കേണ്ട ലോകത്ത് നിന്ന് പ്രവർത്തിച്ചതിനു പ്രതിഫലം കൊടുക്കുന്ന ലോകമാണിത് ഇവിടെ വെച്ചുള്ള വിശ്വാസ പ്രഖ്യാപനം സ്വീകാര്യമല്ല അതാണ് ,വിദൂരമായ ഒരു സ്ഥലത്ത് നിന്ന് അവർക്ക് എങ്ങനെയാണ് വിശ്വാസം നേടാനാവുക എന്ന് പറഞ്ഞത്



 

(53)
وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ ۖ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍۢ


മുമ്പ് അവർ അതിൽ അവിശ്വസിച്ചതായിരുന്നു വിദൂര സ്ഥലത്ത് നിന്ന് നേരിട്ട് അറിയാതെ അവർ ആ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു

ഭൂമിയിൽ ജീവിക്കുമ്പോൾ സ്വർഗമില്ല, നരകമില്ല, പുനർജന്മമില്ല എന്നിങ്ങനെ അവർക്ക് യാതൊരു അറിവുമില്ലാത്ത കാര്യങ്ങളെ ശക്തിയുക്തം നിഷേധിക്കാനും എതിർക്കാനും അവർ രംഗത്ത് വന്നു .ഈ സത്യം പഠിപ്പിക്കാൻ വന്ന നബിതങ്ങളെ കവി,ജോത്സ്യൻ,ജാലവിദ്യക്കാരൻ,ഭ്രാന്തൻ എന്നിങ്ങനെ പല പേരും വിളിച്ച് അവർ കളിയാക്കുകയും ചെയ്തു




(54)
وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ ۚ إِنَّهُمْ كَانُوا۟ فِى شَكٍّۢ مُّرِيبٍۭ


അങ്ങനെ മുമ്പ് അവരുടെ പക്ഷക്കാരെക്കൊണ്ട് ചെയ്തത് പോലെ തന്നെ അവർക്കും അവർ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയിൽ തടസ്സം സൃഷ്ടിക്കപ്പെട്ടു തീർച്ചയായും അവർ അവിശ്വാസ ജനകമായ സംശയത്തിലായിരുന്നു

 

പരലോകവും പുനർജന്മവും സത്യമാണെന്ന് ബോദ്ധ്യം വന്നപ്പോൾ വിശ്വസിക്കാൻ അവർ തയാറായി പക്ഷെ മുൻ കാല നിഷേധികൾക്കുണ്ടായത് പോലെ ശിക്ഷ കാണുമ്പോഴുള്ള വിശ്വാസ ഭാഗ്യം അവർക്കും തടയപ്പെട്ടു നേരത്തെ ഇതൊന്നും നടപ്പുള്ള കാര്യമേ അല്ല എന്ന നിഷേധവും സംശയവുമായിരുന്നു അവർക്ക്.

അള്ളാഹു നമ്മെ സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ آمین

(തുടരും)  إِنْ شَاءَ ٱللَّٰهُ


ഈ അദ്ധ്യായം അവസാനിച്ചു



തുടരും
ഇൻശാ അള്ളാഹ്


No comments: