Tuesday, July 22, 2025

അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 01

അദ്ധ്യായം 33 : അൽ അഹ്സാബ് الأحزاب  سورة  

മദീനയിൽ അവതരിച്ചു സൂക്തങ്ങൾ 73

(Part -1  -   സൂക്തം 1 മുതൽ 12  വരെ സൂക്തങ്ങളുടെ വിവരണം )

 

بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(1)

يَـٰٓأَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا


നബിയായവരേ! തങ്ങൾ
അള്ളാഹുവിനെ സൂക്ഷിക്കുക സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക തീർച്ചയായും അള്ളാഹു സർവജ്ഞനും യുക്തിമാനുമാകുന്നു

 

നബിയായവരേ എന്ന സംഭോധന നബി തങ്ങളെ ബഹുമാന സൂചകമായി വിളിച്ചതാണ്. പേര് വിളിച്ച് പല നബിമാരെയും ഖുർആൻ സംഭോധന ചെയ്തിട്ടുണ്ട് നബി തങ്ങളെ സ്ഥാനപ്പേരുകൊണ്ട് മാത്രമേ സംഭോധന ചെയ്തിട്ടുള്ളൂ ഇത് പ്രത്യേക ആദരവ് കൊണ്ടാണ്


അള്ളാഹുവെ സൂക്ഷിക്കുക എന്ന കല്പന തഖ് വ’  എന്ന വിഷയത്തിൻ്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതാണ്. കല്പനകൾ പാലിക്കുന്നതിൽ സ്ഥിരതയും വിരോധിക്കപ്പെട്ടവ ഉപേക്ഷിക്കുന്നതിൽ കണിശതയും ഉറപ്പ് വരുത്തുന്നതാണ് ഈ നിർദ്ദേശത്തിൻ്റെ അന്തസത്ത ശിക്ഷയെ ഭയപ്പെട്ടും പ്രതിഫലം ആഗ്രഹിച്ചും അള്ളാഹുവുമായുള്ള ബന്ധം മുറിയാതെ നിലനിർത്താൻ ശ്രദ്ധിച്ചും തഖ് വ യാഥാർത്ഥ്യമാക്കാം. നബി തങ്ങളിൽ മൂന്നാമത് പറഞ്ഞതാണ് മികച്ചു നിൽക്കുക എന്ന് പറയേണ്ടതില്ല.


ഇമാം ബൈളാവി 
رحمة الله عليهതഖ് വക്ക് മൂന്ന് വ്യാഖ്യാനങ്ങൾ പറയുന്നുണ്ട്. (1)ശിർക്കിൽ നിന്ന് രക്ഷപ്പെട്ട് ശാശ്വതമായ നരക ശിക്ഷയിൽ നിന്ന് രക്ഷ നേടാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക (2) കുറ്റകരമായ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുക  (3) അള്ളാഹുവിൽ നിന്ന് തൻ്റെ മനസ്സിനെ തിരിച്ചു കളയുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മാറിനിൽക്കുകയും അള്ളാഹുവിലേക്കുള്ള പൂർണ്ണ ചിന്തയിലേക്ക് മുഴുകുന്ന നില സ്വീകരിക്കുകയും ചെയ്യുക എന്നിവയാണത്. ‘സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകഎന്നത്  സംബന്ധമായി ഇമാം ബൈളാവി رحمة الله عليهപറയുന്നത് അബൂസുഫ് യാൻ, ഇക്‌രിമ: തുടങ്ങിയവർ നബി തങ്ങളെ സമീപിച്ച് ഞങ്ങളുടെ ആരാധ്യന്മാരെ കുറിച്ച് ബഹുമാനം കുറക്കുന്ന ഒന്നും നിങ്ങൾ പറയാതിരിക്കുകയും അവകൾക്ക് ശുപാർശക്ക് അധികാരമുണ്ട് എന്ന് സമ്മതിച്ച് പറയുകയും ചെയ്യണം എന്നാൽ നിങ്ങളെയും നിങ്ങളുടെ നാഥനെയും കുറിച്ച് ഞങ്ങൾ ഒന്നും പറയില്ല അങ്ങനെ നമുക്ക് ഒരു സന്ധിയുണ്ടാക്കാം എന്ന് പറഞ്ഞു. അപ്പോൾ ഇസ്ലാമിൻ്റെ അടിസ്ഥാന ആശയങ്ങളിൽ സന്ധി ചെയ്തു കൊണ്ടുള്ള ഒരു സംസാരത്തിനും വഴങ്ങേണ്ടതില്ല എന്ന് അള്ളാഹു നിർദ്ദേശിച്ചതാണ് കാരണം ഏതൊരു കാര്യത്തിൻ്റെയും ഗുണദോഷങ്ങൾ നന്നായി അറിയുന്നവനും യുക്തമായ തീരുമാനങ്ങൾ എടുക്കുന്നവനുമാണ് അള്ളാഹു.


നബി
തങ്ങളുടെ സമീപത്ത് നിന്ന് സാധുക്കളായ ശിഷ്യന്മാരെ മാറ്റി നിർത്തി ഞങ്ങൾക്ക് സ്വന്തമായി സദസ്സ് അനുവദിക്കണമെന്ന അവരുടെ ആവശ്യത്തിനു അനുസരിക്കരുത് എന്നും വ്യാഖ്യാനമുണ്ട്


(2)
وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ مِن رَّبِّكَ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا


തങ്ങൾക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് ബോധനം നൽകപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക തീർച്ചയായും അള്ളാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു

തങ്ങൾക്ക് ബോധനം നൽകപ്പെടുന്ന എല്ലാ കാര്യങ്ങളും പിന്തുടരണം. അവിശ്വാസിയെയും കപടനെയും അനുസരിക്കരുതെന്നത് അക്കൂട്ടത്തിൽ പെട്ടതാണ്. തങ്ങൾക്ക് നൽകപ്പെടുന്ന നിർദ്ദേശങ്ങൾ തങ്ങളുടെ വഴി ശരിയാവാൻ മതിയായതാണ് അവിശ്വാസികളുടെ ഉപദേശത്തിലേക്ക് ആവശ്യമില്ലാതാക്കുന്നതുമാണ്


(3)
وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًۭا


അള്ളാഹുവിൻ്റെ മേൽ അങ്ങ് ഭരമേല്പിക്കുകയും ചെയ്യുക കൈകാര്യ കർത്താവായി അള്ളാഹു തന്നെ മതി


എല്ലാ കാര്യങ്ങളും അള്ളാഹുവിൻ്റെ നിയന്ത്രണത്തിലാണ് നടക്കുന്നത് ഈ ധാരണയിൽ എല്ലാം അള്ളാഹുവിൽ ഏല്പിക്കുക അവനെ ഏല്പിച്ചാൽ അവൻ എല്ലാത്തിനും മതിയായവനാണ്


(4)
مَّا جَعَلَ ٱللَّهُ لِرَجُلٍۢ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ وَمَا جَعَلَ أَزْوَٰجَكُمُ ٱلَّـٰٓـِٔى تُظَـٰهِرُونَ مِنْهُنَّ أُمَّهَـٰتِكُمْ ۚ وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَٰهِكُمْ ۖ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ


യാതൊരു മനുഷ്യന്നും അവൻ്റെ ഉള്ളിൽ
അള്ളാഹു രണ്ട് ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല നിങ്ങൾ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല നിങ്ങളിലേക്ക് ചേർത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്മാരെ അവൻ നിങ്ങളുടെ പുത്രന്മാരാക്കിയിട്ടുമില്ല അതൊക്കെ നിങ്ങളുടെ വായ്കൊണ്ട് നിങ്ങൾ പറയുന്ന വാക്ക് മാത്രമാകുന്നു അള്ളാഹു സത്യം പറയുന്നു അവൻ നേർവഴികാണിച്ചു തരികയും ചെയ്യുന്നു


രണ്ട് ഹൃദയം ആക്കിയിട്ടില്ല എന്നത് പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് സൂചനയായി പറഞ്ഞതാണ്.വിഷയം ശേഷം വരുന്നുണ്ട്.


ഇമാം ബഗ് വി 
 رحمة الله عليهപറയുന്നു ഈ രണ്ട് ഹൃദയത്തിൻ്റെ കാര്യം അബൂ മഅ്മർ ജമീൽ ബിൻ മഅ്മർ എന്ന ആളുടെ വിഷയത്തിലാണ് അവതരിച്ചത് കേൾക്കുന്നതെല്ലാം അപ്പടി മനപാഠമാക്കിയിരുന്ന നല്ല ബുദ്ധിമാനായിരുന്നു അദ്ദേഹം അപ്പോൾ ഖുറൈശികൾ അദ്ദേഹത്തിനു ഒരു മഹത്വം ചാർത്തിക്കൊടുത്തു അബൂമഅ്മറിനു രണ്ടു ഹൃദയം ഉണ്ടായത് കൊണ്ടാണ് അദ്ദേഹത്തിനു ഇങ്ങനെ സാധിക്കുന്നത് എന്ന്. അത് മുതലെടുത്തുകൊണ്ട് അയാളും പറയാൻ തുടങ്ങി എനിക്ക് മുഹമ്മദ് നബിയേക്കാളും ബുദ്ധിയുണ്ട് കാരണം എനിക്ക് രണ്ട് ഹൃദയമുണ്ട് അത് രണ്ട് കൊണ്ടും ഞാൻ കാര്യങ്ങൾ അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട് എന്ന്. അങ്ങനെയിരിക്കെ ബദ്ർ യുദ്ധ സമയത്ത് ഖുറൈശികൾ തോറ്റോടിയപ്പോൾ ഇദ്ദേഹം തൻ്റെ ഒരു ചെരിപ്പ് കാലിലും മറ്റേത് കയ്യിലും പിടിച്ച് ഓടാൻ തുടങ്ങി ഇത് കണ്ട അബൂസുഫ് യാൻ ചോദിച്ചു എന്താണ് ജനങ്ങളുടെ അവസ്ഥ എന്ന്.അയാൾ പറഞ്ഞു അവർ ഓടിപ്പോയിരിക്കുന്നു അപ്പോൾ അബൂ സുഫ് യാൻ ചോദിച്ചു എന്താണ് നിങ്ങളുടെ അവസ്ഥ ? ഒരു ചെരിപ്പ് കയ്യിലും മറ്റേത് കാലിലും?! അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് ഒന്നും മനസിലാകുന്നില്ല രണ്ട് ചെരിപ്പും കാലിൽ തന്നെയായിരുന്നു ! അതോടെ ജനങ്ങൾക്ക് ബോദ്ധ്യമായി ഇദ്ദേഹത്തിനു രണ്ട് ഹൃദയം ഉണ്ടായിരുന്നെങ്കിൽ ഒന്ന് ബേജാറിൽ പകച്ച് നിന്നാലും അടുത്തത് ശരിയായി പ്രവർത്തിക്കുമായിരുന്നല്ലോ എന്ന്. ഈ വ്യാഖ്യാനമനുസരിച്ച് രണ്ട് ഹൃദയം ഒരാൾക്കുണ്ടാവില്ല എന്ന സത്യം വിവരിച്ചതാണ്.


മറ്റൊരു വ്യാഖ്യാനം ഇത് ഈ സൂക്തത്തിൽ തന്നെ തുടർന്ന് പറയുന്ന രണ്ട് വിഷയത്തെ വിവരിക്കാനുള്ള ഒരു ഉപമമയാണ് എന്നാകുന്നു ഒന്നാമത്തെ വിഷയം ഒരു ഭർത്താവ് തൻ്റെ ഭാര്യയോട് നീ എനിക്ക് എൻ്റെ ഉമ്മയുടെ മുതുക് പോലെയാണ് എന്ന് പറയുക (ളിഹാർ എന്നാണ് സാങ്കേതികമായി അതിനു പറയുന്ന പേര്) രണ്ടാമത്തേത് ഒരാൾ മറ്റൊരാളുടെ കുട്ടിയെ ദത്തെടുത്ത് വളർത്തിയാൽ ആ കുട്ടി സ്വന്തം കുട്ടിയാവുകയില്ല എന്നതാണ്.അതായത് ഒരു സ്ത്രീ ഒരാളുടെ ഉമ്മയും ഭാര്യയും കൂടി ആവുകയില്ല ദത്ത് പുത്രൻ സ്വന്തം പുത്രനുമാവുകയില്ല ഒരാൾക്ക് രണ്ട് ഹൃദയം ഇല്ലാത്തത് പോലെ എന്ന്.


ഇസ്ലാം വരുന്ന കാലത്ത് അറബികൾക്കിടയിൽ നിലനിന്നിരുന്ന ഒരു ദുരാചാരമാണ് ഭാര്യയെ ത്വലാഖ് ചൊല്ലാൻ നീ എനിക്ക് എൻ്റെ ഉമ്മയുടെ മുതുക് പോലെയാണ് എന്ന് പറയൽ. എന്നാൽ അത്തരം ഒരു വാക്ക് കൊണ്ട് അവർ തമ്മിൽ വേർപിരിയുകയില്ലെന്നും ഒന്നുകിൽ അവൻ തൻ്റെ ഭാര്യയെ ത്വലാഖ് ചൊല്ലി ഒഴിവാക്കുകയോ അല്ലെങ്കിൽ തൻ്റെ ഭാര്യാപദവിയിലേക്ക് തന്നെ അവളെ കൊണ്ടുവന്ന് ഇങ്ങനെ പറഞ്ഞു പോയതിനു പ്രായശ്ചിത്തം ചെയ്യുകയോ ചെയ്യണം (അമ്പത്തിയെട്ടാം അദ്ധ്യായം
അൽ മുജാദല: മൂന്ന്, നാല് സൂക്തങ്ങളിൽ വിവരിച്ചിട്ടുണ്ട് .ളിഹാർ ചെയ്ത ശേഷം വീണ്ടും ഭാര്യാഭർത്താക്കളായി ജീവിക്കണമെങ്കിൽ അവർ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനു മുമ്പ് ഒരു അടിമയെ മോചിപ്പിക്കണം. അടിമ ലഭ്യമല്ലാത്തത് കൊണ്ടൊ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തത് കൊണ്ടോ അത് നടക്കുന്നില്ലെങ്കിൽ തുടർച്ചയായി രണ്ട് മാസം നോമ്പ് എടുക്കണം അതിനു കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ അറുപത് സാധുക്കൾക്ക് ഒരു മുദ്ദ് വീതം ഭക്ഷ്യധാന്യം നൽകണം.)


സൈദ് ബിൻ ഹാരിസ:യെ ദത്തുപുത്രനായി നബി
തങ്ങൾ വളർത്തിയിരുന്നു. സൈദ് ബിൻ മുഹമ്മദ് എന്ന് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നു എന്നാൽ  ശരിയായ മകൻ്റെ നിയമം അവർ തമ്മിലുണ്ടാവില്ല


ഇത് ഖുർ ആൻ  ഇവിടെ വ്യക്തമാക്കുന്നത് സൈദ് എന്ന നബി
യുടെ പോറ്റു മകൻ സൈനബ് എന്നവരെ വിവാഹം കഴിച്ചിരുന്നു എന്നാൽ അവർ തമ്മിൽ മാനസിക അടുപ്പം ഇല്ലാതെ അവർ വേർപിരിയുന്ന സാഹചര്യമുണ്ടായി ശേഷം ഈ സൈനബിനെ നബി തങ്ങൾക്ക് അള്ളാഹു തന്നെ വിവാഹം ചെയ്ത് കൊടുത്തു. അപ്പോൾ നബി യെ ആക്ഷേപിക്കാൻ എന്തെങ്കിലുമൊരു കച്ചിത്തുരുമ്പ് കിട്ടുമോ എന്ന് തിരഞ്ഞു നടക്കുന്ന ശത്രുക്കൾ മകൻ്റെ ഭാര്യയെ കല്യാണം കഴിച്ച അധമനാണ് നബി തങ്ങൾ എന്ന് ആരോപിക്കാൻ തുടങ്ങി അപ്പോൾ അതിനു അള്ളാഹു മറുപടി പറഞ്ഞതാണ്. ദത്തു പുത്രൻ സ്വന്തം പുത്രനല്ല അത് കൊണ്ട് തന്നെ മകൻ്റെ നിയമം നിലനിൽക്കുകയില്ല നബി തങ്ങളുടെ വിവാഹത്തെ വിമർശിക്കുന്നവർ നിരാശരാവുക തെന്നെ ചെയ്യും


ഈ വാക്കുകൾ (ളിഹാർ
, ദത്തുപുത്രൻ പുത്രനാണെന്ന വാദം) നിങ്ങളുടെ വായിൽ നിന്ന് വരുന്ന ഒരു അടിസ്ഥനവുമില്ലാത്ത വാക്ക് മാത്രമാണ് അതിൽ സത്യമേയില്ല. ഇത് നിങ്ങൾക്ക് വിവരിച്ച് തരേണ്ടത് അള്ളാഹു തന്നെയാണ് കാരണം അവൻ സത്യം പറയുകയും ജനങ്ങളെ സന്മാർഗത്തിലെത്തിക്കുകയും ചെയ്യുന്നവനാണ്



(5)
ٱدْعُوهُمْ لِـَٔابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌۭ فِيمَآ أَخْطَأْتُم بِهِۦ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا

 


നിങ്ങൾ അവരെ (ദത്തുപുത്രന്മരെ) അവരുടെ പിതാക്കളിലേക്ക് ചേർത്തുവിളിക്കുക അതാണ്
അള്ളാഹുവിൻ്റെ അടുക്കൽ ഏറ്റവും നീതിപൂർവകമായിട്ടുള്ളത് ഇനി അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു അബദ്ധവശാൽ നിങ്ങൾ ചെയ്തുപോയതിൽ നിങ്ങൾക്ക് കുറ്റമില്ല പക്ഷെ നിങ്ങൾ ഹൃദയങ്ങൾ അറിഞ്ഞു കൊണ്ട് ചെയ്തത് കുറ്റമാകുന്നു അള്ളാഹു ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യവാനുമാകുന്നു

കഴിഞ്ഞ സൂക്തത്തിൻ്റെ തുടർച്ച തന്നെയാണിത്. ദത്തു പുത്രന്മാർ നിങ്ങളുടെ പുത്രന്മാരല്ല അത് കൊണ്ട് അവരെ നിങ്ങൾ അവരുടെ യഥാർത്ഥ പിതാക്കളിലേക്ക് ചേർത്ത് വിളിക്കുക .അതാണ് ശരിയായ രീതി. അള്ളാഹു അംഗീകരിച്ചതും  അതാണ്. നേരത്തെ ശരിയായ മകനോടുള്ള സമീപനം ദത്തുപുത്രനോട് സ്വീകരിച്ചിരുന്നത് കൊണ്ടാണ് ദത്തുപുത്രൻ സൈദ് കല്യാണം കഴിച്ച സ്ത്രീയെ നബി തങ്ങൾ വിവാഹം ചെയ്തപ്പോൾ അവർ വിമർശിച്ചത്. ഒരിക്കലും ദത്തുപുത്രൻ ശരിയായ പുത്രനല്ല ദത്തു പിതാവിലേക്ക് ശരിയായ മകൻ എന്ന നിലക്ക് അവരിലേക്ക് ചേർത്ത് വിളിക്കാനും പാടില്ല. പിതാവ് ആരാണെന്ന് അറിയാത്ത അവസ്ഥയുണ്ടെങ്കിൽ അവർ നിങ്ങളുടെ സ്വന്തക്കാർ-സഹോദരങ്ങൾ- എന്ന നിലയിൽ കണ്ടാൽ മതി. നേരത്തെ പറഞ്ഞു പോയതിൽ കുറ്റമില്ല പക്ഷെ ഇനി ബോധപൂർവം അങ്ങനെ ചെയ്യരുത് എന്ന് അള്ളാഹു പറഞ്ഞു


(6)
ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَـٰتُهُمْ ۗ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍۢ فِى كِتَـٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَـٰجِرِينَ إِلَّآ أَن تَفْعَلُوٓا۟ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًۭا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًۭا


പ്രവചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളേക്കാളും അടുത്ത ആളാകുന്നു തങ്ങളുടെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു രക്തബന്ധമുള്ളവർ അന്യോന്യം
അള്ളാഹുവിൻ്റെ നിയമത്തിൽ മറ്റു വിശ്വാസികളേക്കാളും മുഹാജിറുകളേക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കിൽ അത് ഇതിൽ നിന്ന് ഒഴിവാകുന്നു അത് വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാകുന്നു



സത്യ വിശ്വാസികൾക്ക് അവരുടെ ശരീരത്തേക്കാൾ ബന്ധം നബി തങ്ങളോടാണ് എന്ന് പറഞ്ഞാൽ നബി തങ്ങളെ അനുസരിക്കലും അവിടുത്തെ തീരുമാനങ്ങൾ നടപ്പാക്കലും നിർബന്ധമാണ് . തങ്ങളുടെ തീരുമാനം അവരുടെ ഇഷ്ടത്തിനു എതിരാണെങ്കിലും ശരി .അതായത് നബി തങ്ങൾ അവരോട് ഒരു കാര്യം നിർദേശിച്ചു അവർക്ക് മറ്റൊന്നായിരുന്നു താല്പര്യം എന്നാൽ നബിയെ അനുസരിക്കുകയും അവരുടെ താല്പര്യം മാറ്റി വെക്കുകയും വേണം. കാരണം യഥാർത്ഥത്തിൽ അവർക്ക് ഗുണമുള്ളതേ തങ്ങൾ നിർദ്ദേശിക്കുകയുള്ളൂ.അവർ താല്പര്യപ്പെടുന്നത് അങ്ങനെ ആവണമെന്നില്ല. ഇമാം ഇബ്നുകസീർ رحمة الله عليه വിവരിക്കുന്നു നബി തങ്ങൾക്ക് അവിടുത്തെ ഉമ്മത്തിനോടുള്ള സ്നേഹവും കരുതലും ഗുണ കാംക്ഷയും എത്രമാത്രം ശക്തമാണെന്ന് അള്ളാഹുവിനറിയാം. അത് കൊണ്ട് തന്നെ അവർക്ക് ഗുണമുള്ളതേ തങ്ങൾ നിർദ്ദേശിക്കൂ. അത് അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്. സ്വന്തത്തേക്കാളും, സന്താനങ്ങളേക്കാളും സമ്പത്തിനേക്കാളും മറ്റെന്തിനേക്കാളും തങ്ങളേ സ്നേഹിക്കുമ്പോൾ മാത്രമേ ഒരാളുടെ വിശ്വാസം പൂർണമാവുകയുള്ളൂൂ എന്ന നബി വചനം ഓർക്കുക. എന്നെക്കഴിഞ്ഞാൽ എനിക്കിഷ്ടം തങ്ങളോടാണെന്ന് പറഞ്ഞ ഉമർ  رضي الله عنهനോട് നിങ്ങളുടെ വിശ്വാസം പൂർണമായിട്ടില്ല എന്ന് തങ്ങൾ പറഞ്ഞതും ഇപ്പോൾ എന്നേക്കാൾ ഞാൻ ഇഷ്ടം വെക്കുന്നത് തങ്ങളേയാണെന്ന് പറഞ്ഞപ്പോൾ ഇപ്പോഴാണ് നിങ്ങളുടെ വിശ്വാസം പൂർണമായത് എന്ന് തങ്ങൾ പറഞ്ഞതും ഇവിടെ സ്മരിക്കുക. തങ്ങളൂടെ തീരുമാനം അംഗീകരിക്കാതെ വിശ്വാസിയാവില്ല എന്ന ആശയം ഖുർആൻ പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്

 തങ്ങളുടെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നുഎന്നാൽ ആദരവിലും ബഹുമാനത്തിലും വിവാഹം പാടില്ല എന്ന വിഷയത്തിലും ആണ് ഈ നിയമം . അതേസമയം പരസ്പരം കാണുക, അവരുമായി ഒറ്റക്കാവുക, അവരുടെ മക്കളെ വിവാഹം ചെയ്യൽ വിലക്കപ്പെടുക എന്നിവയിലൊന്നും മാതാവിന്റെ നിയമം ഇല്ല.


രക്തബന്ധമുള്ളവർ അന്യോന്യം അള്ളാഹുവിൻ്റെ നിയമത്തിൽ മറ്റു വിശ്വാസികളേക്കാളും മുഹാജിറുകളേക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു  എന്നതിന്റെ താല്പര്യം അനന്തരാവകാശത്തിൻ്റെ കാരണം രക്തബന്ധത്തിലേക്ക് മാത്രമായി അള്ളാഹു ചുരുക്കി എന്നാണിവിടെ പറയുന്നത് (മക്കയിൽ നിന്ന് മുസ്ലിംകൾ പലായനം ചെയ്ത് മദീനയിൽ എത്തിയപ്പോൾ ഒരു മക്കക്കാരൻ്റേയും ഒരു മദീനക്കാരൻ്റേയും ഇടയിൽ നബി തങ്ങൾ സാഹോദര്യം പ്രഖ്യാപിച്ചു . അവരിൽ ഒരാൾ മരണപ്പെട്ടാൽ മറ്റേ സഹോദരൻ ഇദ്ദേഹത്തിൻ്റെ സ്വത്തിൽ അനന്തരം എടുക്കുമെന്ന അവസ്ഥയുണ്ടായിരുന്നു പിന്നീട് അനന്തരാവകാശ നിയമം അള്ളാഹു രക്തബന്ധുക്കളിൽ പരിമിതപ്പെടുത്തി അതാണിവിടെ മുഹാജിറുകളേക്കാൾ രക്തബന്ധമുള്ളവരാണ് കൂടുതൽ അടുപ്പമുള്ളവർ എന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ അനന്തരമെന്ന നിലക്കല്ലാതെ വസിയ്യത്ത് മുഖേന രക്തബന്ധമില്ലാത്തവരിലേക്ക് നന്മ ചെയ്യാൻ പറയുന്നതോ മറ്റു നിലക്കുള്ള നന്മ ചെയ്യലോ വിലക്കപ്പെട്ടതല്ല. ഇങ്ങനെയാണ് അള്ളാഹു തൻ്റെ അടിസ്ഥാന രേഖയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇടക്കാലത്ത് വിശ്വാസികളുടെ നന്മക്ക് ആവശ്യമായ തീരുമാനം ഉണ്ടായത് അള്ളാഹുവിൻ്റെ ഒരു ആനുകൂല്യമാണ്


(7)
وَإِذْ أَخَذْنَا مِنَ ٱلنَّبِيِّـۧنَ مِيثَـٰقَهُمْ وَمِنكَ وَمِن نُّوحٍۢ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًۭا

 


പ്രവാചകന്മാരിൽ നിന്ന് അവരുടെ കരാർ നാം വാങ്ങിയ സന്ദർഭം സ്മരണീയമാണ് തങ്ങളുടെ പക്കൽ നിന്നും നൂഹ്
, ഇബ്റാഹീം, മൂസാ, മർയമിൻ്റെ മകൻ ഈസാ എന്നിവരിൽ നിന്നും (നാം കരാർ വാങ്ങിയ സന്ദർഭം) ഗൗരവമുള്ള ഒരു കരാറാണ് അവരിൽ നിന്നെല്ലാം നാം വാങ്ങിയത്


അള്ളാഹു തൻ്റെ മതത്തെ നിലനിർത്താനും തൻ്റെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുവാനും പരസ്പര സഹായവും ഐക്യവും നിലനിർത്താനുമായി എല്ലാ നബിമാരിൽ നിന്നും കരാർ സ്വീകരിച്ചിട്ടുണ്ട് പൊതുവായി നബിമാരെ പറഞ്ഞ ശേഷം പ്രവാചകന്മാരിലെ ഏറ്റവും ഉന്നതരായ അഞ്ചു പേരെ (ഉലുൽ അസ്മ്) പ്രത്യേകം പറഞ്ഞത് അവരുടെ മഹത്വം പ്രഖ്യാപിക്കാനാണ്. അതിൽ നിന്ന് തന്നെ ആദ്യം നബി തങ്ങളെ പരാമർശിച്ചത് ഏറ്റവും ശ്രേഷ്ടർ തങ്ങളാണെന്നതിലേക്ക് സൂചനയാണ്. ഇസ്റാഇൻ്റെ സമയത്ത് മുൻ കഴിഞ്ഞ നബിമാർക്കെല്ലാം ഇമാമായി നബി തങ്ങൾ നിസ്കരിച്ചത് ഈ അംഗീകാരത്തിൻ്റെ തെളിവാണ്. ബാഹ്യലോകത്ത് അവസാനമാണ് വന്നതെങ്കിലും ഞാനാണ് ആദ്യത്തെ നബി എന്ന് നബി തങ്ങൾ പറഞ്ഞ  കാര്യവും ഇവിടെ സ്മരണീയമാണ്


നബിമാരെകൂട്ടത്തിൽ നിന്ന് നാല് പേരെ മാത്രം പറഞ്ഞതിൻ്റെ ഒരുകാരണം നബി
തങ്ങളുടെ പ്രബോധന കാലത്ത് മൂസാ നബിയുടെയും ഈസാ നബിയുടെയും عليه السلام  അനുയായികളാണെന്ന് വാദിക്കുന്ന പലരും ഉണ്ടായിരുന്നു . അവരെ നബി തങ്ങൾ അംഗീകരിക്കുന്നു എന്ന് പ്രഖ്യാപിക്കുക വഴി ആ ജനതക്ക് നബി തങ്ങളെ നിഷേധിക്കാൻ വഴി ഇല്ലാതാക്കുകയാണ്. ഇബ്റാഹീം നബി  عليه السلامഞങ്ങളുടെ നേതാവാണ് എന്ന് അവകാശപ്പെട്ടിരുന്നവരാണ് മക്കക്കാർ ആ സ്ഥിതിക്ക് നബി തങ്ങളെ അവരെങ്ങനെ നിഷേധിക്കും .നൂഹ് നബി عليه السلام  യെ പറയാൻ കാരണം ഥൂഫാൻ ജല പ്രളയത്തിനു ശേഷം മനുഷ്യ  സമൂഹം നിലനിന്നത് നൂഹ് നബി عليه السلام  യിലൂടെയാണ് .ഇതെല്ലാം ഉൾക്കൊള്ളുന്നവർ അതിൻ്റെ തുടർച്ചയിൽ വന്ന നബി തങ്ങളെ നിരാകരിക്കുന്നതെങ്ങനെ ശരിയാവും എന്ന് സാരം. നൂഹ് നബി عليه السلام യിലൂടെ സമൂഹം നിലനിന്നത് കൊണ്ട് അവരെ എണ്ണുമ്പോൾ ആദം നബിയെ അല്ലേ ആദ്യം പറയേണ്ടിയിരുന്നത് എന്ന് ചോദിച്ചാൽ ആദം നബി عليه السلا നിയോഗിക്കപ്പെട്ട സമൂഹം നിഷേധികളായിരുന്നില്ല. ആദം നബി عليه السلام   യിൽ നിന്ന് കിട്ടുന്ന സന്ദേശങ്ങൾ അതേപടി സ്വീകരിക്കുന്ന സമൂഹമായിരുന്നു നൂഹ് നബി عليه السلام  മുതലാണ് നിഷേധം സ്വാധീനിച്ച സമൂഹത്തെ സമുദ്ധരിക്കാൻ കല്പനയുണ്ടായത് പിന്നീീട് വന്ന നബിമാരെല്ലാം സമൂഹത്തിൻ്റെ നിഷേധം അനുഭവിക്കേണ്ടി വന്നു. അതാണ് നൂഹ് നബി  عليه السلام യെ പറയാനും ആദം നബിയെ പറയാതിരിക്കാനും കാരണം. ഇമാം റാസി  رحمة الله عليه യുടെ വിശദീകരണമാണത്  

ഉത്തരവാദിത്തം നിർവഹിക്കുന്നിടത്ത് ഒരു അലംഭാവവും ഉണ്ടാകരുത് എന്നതിനാണ് ഗൗരവമുള്ള കരാർ എന്ന് പറഞ്ഞത്


(8)

لِّيَسْـَٔلَ ٱلصَّـٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَـٰفِرِينَ عَذَابًا أَلِيمًۭا


അവന് സത്യവാന്മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാൻ വേണ്ടിയത്രെ അത്. സത്യനിഷേധികൾക്ക് അവൻ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു

അള്ളാഹു പരലോകത്ത് സത്യവാന്മാരായ നബിമാരോട് അവർ പ്രബോധനം നടത്തിയോ എന്നതിനെ സംബന്ധിച്ച് ചോദിക്കുകയും അവർ കൃത്യമായി ദൗത്യ നിർവഹണം നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും അവിടെ തങ്ങളുടെ നിഷേധത്തിനു കാരണം ബോധിപ്പിക്കാനാവാതെ പരാചയപ്പെട്ട് നിൽക്കുന്ന അവിശ്വാസികൾക്ക്  കടുത്ത ശിക്ഷ തയാറാക്കുകയും ചെയ്തിരിക്കുന്നു  


(9)
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌۭ فَأَرْسَلْنَا عَلَيْهِمْ رِيحًۭا وَجُنُودًۭا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا


സത്യവിശ്വാസികളേ നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങൾ വരികയും  അപ്പോൾ അവരുടെ നേരെ നാം ഒരു കാറ്റും നിങ്ങൾ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദർഭത്തിൽ അള്ളാഹു നിങ്ങൾക്ക് ചെയ്ത് തന്ന അനുഗ്രഹം നിങ്ങൾ ഓർമിക്കുക
അള്ളാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു

 
ഇത് മുതൽ ഏതാനും സൂക്തങ്ങളിൽ ഹിജ്റയുടെ അഞ്ചാം വർഷം ശവ്വാൽ ആദ്യം നടന്ന ഖുറൈശികളും ഗത്ഫാൻ ഗോത്രക്കാരും മദീനയിൽ താമസിച്ചിരുന്ന ജൂതന്മാരുടെ പിന്തുണയോടെ നടത്തിയ ശക്തമായൊരു സൈന്യവുമായി മിസ്ലിംകൾ ഏറ്റുമുട്ടേണ്ടി വന്ന പോരാട്ടമായ ഖന്തഖ് യുദ്ധം, അഹ്സാബ് യുദ്ധം എന്ന പേരുകളിൽ അറിയപ്പെടുന്ന യുദ്ധത്തിനെ സംബന്ധിച്ചാണ് വിവരിക്കുന്നത് .


അതിൻ്റെ ചുരുക്കം ഇങ്ങനെ വായിക്കാം. നബി
തങ്ങൾ മദീനയിലെത്തുമ്പോൾ ബനുന്നളീർ, ബനൂഖുറൈള: ബനൂഖൈനുഖാഅ് എന്നീ മൂന്ന് ജൂത ഗോത്രങ്ങൾ അവിടെ താമസിച്ചിരുന്നു അവരുമായി സഹകരണ കരാറിൽ ഒപ്പിട്ട് പരസ്പരം സഹകരണത്തോടെ ജീവിക്കാനും മുസ്ലിംകൾക്കെതിരിൽ ജൂതരോ ജൂതർക്കെതിരിൽ മുസ്ലിംകളോ അവരുടെ ശത്രുക്കളെ സഹായിക്കാൻ പാടില്ല എന്നും തീരുമാനിച്ചിരുന്നു എന്നാൽ അതിനു ജൂതന്മാരിൽ നിന്ന് ലംഘനം ഉണ്ടായപ്പോൾ ബനുന്നളീർ ഗോത്രക്കാരെ നബി തങ്ങൾ മദീനയിൽ നിന്ന് നാടുകടത്തി അവരിൽ ഒരു കൂട്ടം ആളുകൾ ഖൈബറിൽ താമസമാക്കി ഒരു കൂട്ടം അദ്‌രിആത്ത് എന്ന സ്ഥലത്തും താമസിച്ചു ഖൈബറിൽ താമസിച്ചിരുന്നവർ നബി തങ്ങൾക്കെതിരിൽ കുതന്ത്രങ്ങൾ മിനയുകയും ചതികളെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയും ചെയ്തു അവർക്ക് അടങ്ങാത്ത പക നബി തങ്ങളോട് തോന്നുകയും നബി തങ്ങളുടെ ശത്രുക്കളെ ഇസ്ലാമിനെതിരിൽ ഇളക്കി വിടാൻ അവർ പരമാവധി പരിശ്രമിക്കുകയും ചെയ്തു. മുസ്ലിംകളെ ഉന്മൂലനാശം വരുത്താനായിരുന്നു അവരുടെ ആഗ്രഹം. അതിൻ്റെ ഭാഗമായി സല്ലാം ബിൻ അബിൽ ഹഖീഖ് , സല്ലാം ബിൻ മുശ്കം, കിനാനത്തു ബിൻ റബീഅ് എന്നിവരുടെ നേതൃത്തത്തിൽ മക്കയിലെ നേതാക്കളെ പോയി കാണുകയും നബി തങ്ങളോട് യുദ്ധം നടത്താൻ പ്രേരിപ്പിക്കുകയും ഞങ്ങൾ എല്ലാ സഹായവും ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ യുദ്ധം ചെയ്യാമെന്ന് ഖുറൈശികൾ വാക്ക് കൊടുത്തു. പിന്നീട് ഗത്ഫാൻ ഗോത്രനേതാക്കളെ കണ്ട് ഇത് പോലെ അവർ സംസാരിച്ചു അവരും യുദ്ധത്തിനു സമ്മതിച്ചു അങ്ങനെ അബൂ സുഫ് യാൻ്റെ നേതൃത്തത്തിൽ നാലായിരം ഖുറൈശികളും ഉയയ്ന: ബിൻ ഹിസ്നിൻ്റെ നേതൃത്തത്തിൽ ആറായിരം ഗത്ഫാൻ കാരും അടങ്ങുന്ന പതിനായിരത്തോളം വരുന്ന വലിയ സംഘം യുദ്ധം ലക്ഷ്യമാക്കി പുറപ്പെട്ടു. ഈ വിവരമറിഞ്ഞ നബി തങ്ങൾ അവരെ എങ്ങനെ പ്രതിരോധിക്കണമെന്നതിനെ സംബന്ധിച്ച് ചർച്ച നടത്തി. അപ്പോൾ സൽമാൻ അൽഫാരിസി പേർഷ്യക്കാരുടെ യുദ്ധ തന്ത്രമായ കിടങ്ങിനെ കുറിച്ച് സൂചിപ്പിക്കുകയും നബി തങ്ങൾ അത് സ്വീകരിക്കുകയും ചെയ്തു കിടങ്ങിൻ്റെ സ്ഥലം നിർണയിച്ച് പത്ത് വീതം ആളുകൾക്ക് നാല്പത്  മുഴം എന്ന കണക്കിൽ കുഴിക്കാൻ നിർദ്ദേശം നൽകി സഹാബികൾ കിടങ്ങു കുഴിക്കാൻ ആരംഭിക്കുകയും സഹാബികൾക്ക് ആവേശം പകർന്ന് നബി തങ്ങളും പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്തു. ജോലി ചെയ്ത് ക്ഷീണിച്ച് തങ്ങൾ ഇരിക്കുന്നത് കണ്ടാൽ ശിഷ്യന്മാർ നബി തങ്ങളോട് പറയും തങ്ങൾ വിശ്രമിക്കൂ ഞങ്ങൾ ചെയ്തുകൊള്ളാംഅപ്പോൾ അവിടുന്ന് പറയുന്ന മറുപടി പ്രതിഫലത്തിൽ നിങ്ങളോടൊപ്പം പങ്കാളിത്തം ഞാനും ആഗ്രഹിക്കുന്നുഎന്നാകും. ആറു ദിനം കൊണ്ട് കിടങ്ങ് പൂർത്തിയായി .വലിയ പ്രയാസവും ദാരിദ്ര്യവും കാരണം പലപ്പോഴും വളരെ പ്രയാസപ്പെട്ട് കുഴി എടുക്കുന്ന സമയത്ത് വയറ്റത്ത് കല്ല് വെച്ച് കെട്ടിയിരുന്നു അവർ. അവരുടെ ആ വിഷമാവസ്ഥ കണ്ട നബി തങ്ങൾ അള്ളാഹുവേ! യഥാർത്ഥ ജീവിതം പരലോക ജീവിതമാണ് അതിനാൽ മദീനക്കാരായ അൻസാറിനും മക്കക്കാരായ മുഹാജിറിനും നീ പൊറുത്ത് കൊടുക്കേണമേഎന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു . നബി തങ്ങളെ സമാധാനിപ്പിക്കും വിധം തങ്ങളോട് സഹാബികളുടെ പ്രതികരണം അന്നേരം ഇങ്ങനെയായിരുന്നു ഞങ്ങൾ ജീവനുള്ള കാലത്തോളം  ധർമ്മ സമരം നടത്താമെന്ന് മുഹമ്മദ് നബിയോട് കരാർ ചെയ്തവരാണ്

മദീനയിൽ അബ്ദുള്ളാഹ് ബിൻ ഉമ്മി മക്തൂമിനു അധികാരം ഏല്പിച്ച് നബി തങ്ങൾ മൂവായിരം സഹാബികളുമായി മദീനയിൽ നിന്ന് പുറപ്പെടുകയും സൽഅ്പർവതത്തിനടുത്ത് സൈനികർ തമ്പടിക്കുകയും ചെയ്തു. മക്കയിൽ നിന്ന് വന്ന ശത്രുക്കളുടെയും മുസ്ലിംകളുടെയും ഇടയിൽ കിടങ്ങ് വരും വിധമായിരുന്നു ക്രമീകരണം. ഹുയയ്യ് ബിൻ അഖ്തബ് എന്ന ജൂതൻ മദീനയിലുള്ള ബനൂഖുറൈളയുടെ നേതാവായ കഅ്ബ് ബിൻ അസദിനെ സമീപിച്ച് മുസ്ലിംകൾക്കെതിരിൽ യുദ്ധം ചെയ്യാൻ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു അവസാനം ബനൂഖുറൈളയും കരാർ ലംഘിക്കുകയും ഇസ്ലാമിനെതിരിൽ മക്കയിൽ നിന്ന് വന്നവരെ സഹായിക്കുകയും ചെയ്തു സ്വാഭാവികമായും തദ്ദേശീയരിൽ നിന്നുണ്ടാകുന്ന കാലു മാറ്റവും ചതിയും മുസ്ലിംകൾക്ക് വലിയ മനപ്രയാസമുണ്ടാക്കി. യുദ്ധത്തിനെന്ന വ്യാജേന ഉള്ളിൽ വിശ്വാസമില്ലാത്ത കപടന്മാരും  നബി തങ്ങളുടെ കൂടെ വന്നവരിലുണ്ടായിരുന്നു അവർ മുസ്ലിംകളുടെ പ്രയാസം ചൂണ്ടിക്കാട്ടി നമ്മൾ  സത്യത്തിലായിരുന്നുവെങ്കിൽ ഇങ്ങനെ പ്രയാസം വരുമായിരുന്നോ? അള്ളാഹു നമുക്ക് സഹായം തരുമെന്ന് പറഞ്ഞത് എന്താകിട്ടാത്തത് ? എന്നിങ്ങനെ ചോദിച്ചു വിശ്വാസികളുടെ ആത്മവീര്യം തകർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇതും വലിയ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരുന്നു ഈ സമയം നബി തങ്ങൾ തൻ്റെ ശിഷ്യന്മാർക്ക് സമാധാനം നൽകുന്ന സന്ദേശങ്ങൾ നൽകിക്കൊണ്ട് അള്ളാഹു നമുക്ക് അന്തിമ വിജയം നൽകുമെന്ന് ഉറപ്പ് നൽകുന്നുണ്ടെന്ന് അറിയിച്ചു

 
അപ്രതീക്ഷമായി കിടങ്ങുകൊണ്ട് പ്രതിരോധിച്ച അവസ്ഥ കണ്ട് നബി
തങ്ങളുടെ ശത്രുക്കൾ അമ്പരന്നു കാരണം ഇത്തരം യുദ്ധരീതി  അവർക്ക് പരിചിതമല്ലായിരുന്നു. നേരിട്ടുള്ള പോരാട്ടം സാദ്ധ്യമല്ലെന്ന് തിരിച്ചറിഞ്ഞ ശത്രുക്കൾ കിടങ്ങിൻ്റെ അപ്പുറത്ത് നിന്ന് മുസ്ലിംകൾക്ക് നേരെ അമ്പെയ്ത്തു നടത്തി . മുസ്ലിംകൾ അതേ രീതിയിൽ മറുപടിയും നൽകിക്കൊണ്ടിരുന്നു കിടങ്ങ് കുതിരയുടെ സഹായത്തോടെ ചാടിക്കടന്ന് മുസ്ലിംകളുടെ അടുത്തെത്താൻ ചിലർ ശ്രമിച്ചെങ്കിലും കിടങ്ങ് മുറിച്ച് കടന്നവർ ഒന്നുകിൽ മുസ്ലിംകളാൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഓടിപ്പോവുകയോ ചെയ്തു.ചിലർ കിടങ്ങിൽ വീണു അപകടം പറ്റി മുസ്ലിംകളുടെ പിടിയിലാവുകയും ചെയ്തു അങ്ങനെ പിടിക്കപ്പെട്ട് മുസ്ലിംകളുടെ കയ്യിലെത്തിപ്പെട്ട നൗഫൽ ബിൻ അബ്ദിള്ളാഹ് അൽ മഖ്സൂമി എന്നയാളുടെ മൃതശരീരം  വില നൽകി വിട്ടു തരണമെന്ന് ശത്രുക്കൾ ആവശ്യപ്പെട്ടു എന്നാൽ ഒന്നും വാങ്ങാതെ ആ മൃതശരീരം വെച്ച് വിലപേശാതെ അവർക്ക് വിട്ട് നൽകുകയാണ് മുസ്ലിംകൾ ചെയ്തത് .
യുദ്ധം ശക്തമായി തുടരുകയും നിസ്കാരങ്ങൾ വരെ നഷ്ടപ്പെടുന്ന അവസ്ഥ മുസ്ലിംകൾ നേരിടുകയും ചെയ്തു  (ആ നിസ്ക്കാരങ്ങളെല്ലാം പിന്നീട് ഖളാഅ് വീട്ടുകയാണ് ചെയ്തത്. യുദ്ധത്തിൽ ചാടിയും വാഹനത്തിലുമെല്ലാം വെച്ച് സൗകര്യപ്പെടുന്നത് പോലെ നിസ്കരിക്കണം എന്ന കല്പന വരുന്നതിനു മുമ്പായിരുന്നു ഈ സംഭവം)


പ്രതിരോധം പതിനഞ്ച് ദിനം പിന്നിട്ടു. എന്താകുമെന്ന ആശങ്ക പരക്കാൻ തുടങ്ങി മുകളിൽ നിന്ന് ബനൂഖുറൈളയും താഴെ നിന്ന് ഖുറൈശി സൈന്യവും അക്രമിക്കുന്ന സാഹചര്യം നിലനിന്നു. കൂടെയുണ്ടായിരുന്ന വിശ്വാസി വേഷം ധരിച്ച കപടന്മാർ യുദ്ധ രംഗത്ത് നിന്ന് പിൻ വലിയുകയും ചെയ്തു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ഇതാണ് വിശ്വാസികൾ കിടുകിടാ വിറപ്പിക്കപ്പെട്ടു എന്ന് പറഞ്ഞത് . മുസ്ലിംകൾ വല്ലാതെ പ്രയാസപ്പെട്ടപ്പോൾ മദീനയിലെ പഴങ്ങളുടെ മൂന്നിലൊരു ഭാഗം നൽകി ശത്രുക്കളുമായി സന്ധിയിലാകാമെന്ന് നബി
ആലോചിച്ചു അപ്പോൾ മദീനയിലെ ഔസ് ഗോത്രത്തിൻ്റെ നേതാവ് സഅ്ദുബിൻ മുആദും ഖസ്റജ് ഗോത്രത്തിൻ്റെ നേതാവ് സഅ്ദുബിൻ ഉബാദത്തും നബി തങ്ങളോട് ചോദിച്ചു നബിയേ! ഇത് അള്ളാഹു നൽകുന്ന കല്പനയാണോ അതോ ഇവർക്ക് വേണ്ടി തങ്ങൾ നൽകുന്ന കാര്യമാണോ? നബി തങ്ങൾ പറഞ്ഞു നിങ്ങൾക്ക് വേണ്ടി ഞാൻ ആലോചിക്കുകയാണിത്. ആ രണ്ടു നേതാക്കന്മാരും അപ്പോൾ പറഞ്ഞത് നബിയേ ഞങ്ങൾ ശിർക്കിൽ കഴിയുന്ന കാലത്ത് പോലും സൽക്കാരത്തിൻ്റെ ഭാഗമായോ വില്പനയുടെ ഭാഗമായോ അല്ലാതെ ഇന്നാട്ടിലെ വിഭവങ്ങൾ മറ്റാർക്കും നൽകുന്നത് ഇന്നാട്ടുകാർ ഇഷ്ടപ്പെട്ടിട്ടില്ല പിന്നെയല്ലേ അള്ളാഹു ഇസ്ലാം എന്ന മതം നൽകി ഞങ്ങളെ ആദരിച്ച ശേഷം ഞങ്ങളുടെ സമ്പത്ത് അവർക്ക് നൽകുന്നത് അവർക്ക് ഞങ്ങൾ പോരാട്ടത്തിൻ്റെ ചൂട് തന്നെയാണ് കാണിച്ചു കൊടുക്കുക അള്ളാഹു ഞങ്ങൾക്കിടയിൽ ഒരു തീരുമാനം ഉണ്ടാക്കുന്നത് വരെ പൊരുതുക തന്നെ ചെയ്യും.

 
സഹാബത്തിൻ്റെ മനോധൈര്യം മനസിലാക്കിയ നബി
തങ്ങൾ നിർഭയത്വം നൽകാനും മറ പൊളിയാതിരിക്കാനും അള്ളാഹുവോട് പ്രാർത്ഥിക്കാൻ സഹാബികളോട് നിർദ്ദേശിച്ചു .ഗ്രന്ഥമവതരിപ്പിച്ച വിചാരണ പെട്ടെന്ന് നടത്തുന്ന അള്ളാഹുവേ ഈ സൈന്യത്തെ നീ ഓടിക്കുകയും അവരെ നീ വിറപ്പിക്കുകയും ചെയ്യേണമേ എന്ന് നബി തങ്ങളും പ്രാർത്ഥിച്ചു കൊണ്ടിരുന്നു ആ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുകയും മുസ്ലിംകൾക്ക് അവർ അറിയാത്ത മാർഗത്തിലൂടെ വിജയത്തിലേക്കുള്ള വഴി അള്ളാഹു എളുപ്പമാക്കുകയും ചെയ്തു. ആ വഴി ഇങ്ങനെയായിരുന്നു ശത്രു പക്ഷത്തുണ്ടായിരുന്ന ഗത്ഫാൻ ഗോത്രക്കാരനായിരുന്ന  നുഐമു ബിൻ മസ്ഊദ് അൽ ഗത്ഫാനീ മനസ്സ് മാറി സത്യവിശ്വാസിയായി നബി തങ്ങളുടെ അടുത്ത് വന്നു. അദ്ദേഹം പറഞ്ഞു നബിയേ! എനിക്ക് ഇസ്ലാമാണ് സത്യമെന്ന് ബോദ്ധ്യം വന്ന് ഞൻ മുസ്ലിമായിരിക്കുന്നു പക്ഷെ എൻ്റെ നാട്ടുകാർ   അത് അറിഞ്ഞിട്ടില്ല ഞാൻ എന്താണ് ചെയ്യേണ്ടത് തങ്ങൾ കല്പിച്ചാലും! അപ്പോൾ നബി തങ്ങൾ പറഞ്ഞു ആ സത്യം പുറത്തറിയിക്കാതെ നിങ്ങൾ തന്ത്രങ്ങൾ മിനയണം ശത്രുക്കളുടെ യോജിപ്പ് തകർക്കണം  അതിനാവശ്യമായത് ചെയ്യുക എന്ന് തങ്ങൾ പറഞ്ഞു അത് സമ്മതിച്ച നുഐം  തങ്ങളോട് സമ്മതമറിയിച്ച് നേരെ ബനൂഖുറൈളയിൽ ചെന്ന് ബനൂന്നളീറിനും ബനൂഖൈനുഖാ ഇനും നേരത്തേ സംഭവിച്ച തിരിച്ചടികൾ ഓർമിപ്പിച്ചു (അതായത് അവർ കരാർ ലംഘനം നടത്തിയപ്പോൾ അവർക്ക് നാട്ടിൽ നിന്ന് പോവേണ്ടി വന്ന കഥ ഓർമിപ്പിച്ചു) എന്നിട്ട് അദ്ദേഹം അവരോട് പറഞ്ഞു ഈ നാട് (മദീന) നിങ്ങളുടെതാണ് ഇവിടെ നിങ്ങളുടെ സമ്പത്തും ഭാര്യമാരും  സന്താനങ്ങളുമുണ്ട്  ഖുറൈശികളും ഗത്ഫാൻ കാരും യുദ്ധത്തിൽ വിജയിക്കാൻ നോക്കും പരാചയപ്പെടുകയാണെന്ന് കണ്ടാൽ അവർ ഇവിടെ നിന്ന് രക്ഷപ്പെടും അവരുടെ കൂടെക്കൂടിയ നിങ്ങളെ മുഹമ്മദ് നബി ക്ക്  വിട്ട് കൊടുക്കും അപ്പോൾ നിങ്ങൾക്ക് സ്വന്തമായി നബിയോട് യുദ്ധം ചെയ്യാനാവില്ല അത് കൊണ്ട് വ്യക്തമായ ഉറപ്പ് വാങ്ങിയല്ലാതെ നിങ്ങൾ നബി യുടെ ശത്രുക്കൾക്കൊപ്പം കൂടരുത് അതിനു  ഖുറൈശിനോടും ഗത്ഫാൻ കാരോടും നിങ്ങൾ നിബന്ധന വെക്കണം ഞങ്ങൾ യുദ്ധത്തിൽ നിങ്ങളോടൊപ്പം സഹകരിക്കണമെങ്കിൽ നിങ്ങളിലെ ചില നേതാക്കളെ ഞങ്ങളുടെ അടുത്ത് പണയം വെക്കണം .അഥവാ മുഹമ്മദ് നബി ഞങ്ങളോട് യുദ്ധം പ്രഖ്യാപിച്ചാൽ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കണമെന്ന തോന്നലുണ്ടാകാൻ ഈ നേതാക്കളുടെ സാന്നിദ്ധ്യം ആവശ്യമാണ് എന്ന് നിങ്ങൾ ശക്തമായി വാദിക്കണം ഇത് കേട്ടപ്പോൾ ബനൂഖുറൈള പറഞ്ഞു നിങ്ങൾ മുന്നോട്ട് വെച്ച അഭിപ്രായം വളരെ ശരിയാണ് ഞങ്ങൾ അത് നടപ്പാക്കുക തന്നെ ചെയ്യും. പിന്നീട് നു ഐം എന്നവർ ഖുറൈശി നേതാക്കളെ സമീപിച്ചു എന്നിട്ട് പറഞ്ഞു ജൂതന്മാർ നിങ്ങളെ സഹായിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മുഹമ്മദ് നബി യുടെ അടുത്തേക്ക് ദൂതനെ വിട്ടിരിക്കുന്നു ഞങ്ങൾ ശത്രുക്കളെ സഹായിച്ച് കരാർ ലംഘനം നടത്തിയതിനു പകരമായി ഖുറൈശികളിലെയും ഗത്ഫാൻ ഗോത്രത്തിലെയും നേതാക്കളെ ഞങ്ങൾ തങ്ങൾക്ക് ഏല്പിച്ച് തരാം അവരെ തങ്ങൾ കൊന്നു കളയുക പിന്നീട് അവരെ പൂർണമായി നശിപ്പിക്കുന്നത് വരെ തങ്ങളോടൊപ്പം ഞങ്ങൾ ഉറച്ച് നിൽക്കുകയും ചെയ്യാം എന്ന് അവർ അറിയിച്ചിരിക്കുന്നു മുഹമ്മദ് നബി   അതിനു സമ്മതം മൂളുകയും ചെയ്തിരിക്കുന്നു അത് കൊണ്ട് സൂക്ഷിക്കുക എന്ന് പറഞ്ഞു ശേഷം ഗത്ഫാൻ ഗോത്രക്കാരുടെ അടുത്തും ഇതേ പോലെ സംസാരിച്ചു.

രണ്ട് കൂട്ടരുടെയും ഇടയിൽ സംശയത്തിൻ്റെ സാഹചര്യം രൂപപ്പെട്ടു. ശനിയാഴ്ച രാവിൽ മക്കയിൽ നിന്ന് വന്ന സൈന്യം ബനൂ ഖുറൈളയിലേക്ക് ദൂതനെ അയച്ചു എന്നിട്ട് പറഞ്ഞു ഇത് ഞങ്ങളുടെ നാടല്ല. ഞങ്ങളുടെ കുതിരയും ഒട്ടകവുമെല്ലാം നശിച്ചു കഴിഞ്ഞു അത് കൊണ്ട് എത്രയും പെട്ടെന്ന് മുഹമ്മദ് നബി യെ തോല്പിക്കണം നിങ്ങൾ നാളെ യുദ്ധത്തിനു തയാറായി വരണം എന്ന്.അപ്പോൾ ജൂതന്മാർ പറഞ്ഞു ഈ ദിവസം ശനിയാഴ്ചയാണ് ഞങ്ങൾ അന്നേദിവസം ഒരു ജോലിയും ചെയ്യുകയില്ല അതോടൊപ്പം ഇനി നിങ്ങളോടൊപ്പം യുദ്ധം ചെയ്യണമെങ്കിൽ നിങ്ങളിലുള്ള ചിലനേതാക്കളെ ഞങ്ങൾക്ക് പണയമായി തരണം എന്ന്. അതോടെ നുഐം പറഞ്ഞത് സത്യമാണെന്ന് മക്കയിൽ നിന്ന് വന്ന സൈന്യം ഉറപ്പിച്ചു . അവർ പറഞ്ഞു ഞങ്ങൾ ഒരാളെ പോലും നിങ്ങൾക്ക് വിട്ടുതരില്ല യുദ്ധം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വരൂ യുദ്ധം ചെയ്യൂ എന്ന് അതോടെ ജൂതന്മാർക്കും ബോധ്യമായി ഇവർ നമ്മെ പാലം വലിക്കുമെന്ന്! അതോടു കൂടി അവർക്കിടയിൽ ഭിന്നിപ്പ് രൂപപ്പെട്ടു. പരസ്പരം ഭയത്തിലായി അതോടൊപ്പം നല്ല തണുപ്പുള്ള രാത്രിയിൽ ശക്തമായി കാറ്റടിച്ചു അവരുടെ പാത്രങ്ങൾ ക്ക് സ്ഥാന ചലനം ഉണ്ടാവാൻ തുടങ്ങി ടെൻ്റുകൾ ആടിയുലയുന്നു.ഈ വിവരമറിഞ്ഞ നബി തങ്ങൾ അവരുടെ അവസ്ഥ അന്യേഷിക്കാൻ   ഹുദൈഫത്ത് ബിൻ അൽ യമാൻ എന്നവരെ നിയോഗിച്ചു ശക്തമായ ഇരുട്ടിൽ അദ്ദേഹം അവരുടെ തമ്പിലെത്തി അപ്പോൾ അബൂസുഫ് യാൻ പറയുന്നു ഖുറൈശ് സമൂഹമേ!  നമുക്കിവിടെ സ്ഥിര താമസം സാദ്ധ്യമല്ല നമ്മുടെ കുതിരയും ഒട്ടകവും നശിച്ചിരിക്കുന്നു ബനൂഖുറൈള നമ്മോട് വാഗ്ദാന ലംഘനം നടത്തിയിരിക്കുന്നു ശക്തമായ കാറ്റ് നാം അഭിമുഖീകരിക്കുന്നു തീ കത്തുന്നില്ല പാത്രങ്ങൾ സ്ഥാനത്തിരിക്കുന്നില്ല ടെൻ്റുകൾ പിടിച്ചു നിർത്താനാവുന്നില്ല അതിനാൽ യാത്ര പുറപ്പെടുക ഞാൻ പുറപ്പെടുന്നു എന്ന്. ഈ വിവരമറിഞ്ഞ ഗത്ഗഫാൻ കാരും ഇതേ നിലപാട് സ്വീകരിച്ചു ഹുദൈഫ തങ്ങൾ തിരിച്ചെത്തി നബി  തങ്ങളെ വിവരമറിയിച്ചു മുസ്ലിംകൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്കെല്ലാം പരിഹാരമായി .നബി തങ്ങൾ അള്ളാഹുവിൻ്റെ മഹത്വം പ്രകീർത്തിച്ചു സൈന്യത്തെ ആട്ടിയോടിച്ചതിൽ സന്തോഷം രേഖപ്പെടുത്തി . ഈ സന്ദർഭമാണ് അനുഗ്രഹത്തെ ഓർക്കുക എന്ന് അള്ളാഹു പറഞ്ഞത്

 


(10)
إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَـٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠

 


നിങ്ങളുടെ മുകൾ ഭാഗത്ത് കൂടിയും നിങ്ങളുടെ താഴ്ഭാഗത്ത് കൂടിയും അവർ നിങ്ങളുടെ അടുക്കൽ വന്ന സന്ദർഭം. ദൃഷ്ടികൾ തെന്നിപ്പോവുകയും  ഹൃദയങ്ങൾ തൊണ്ടകളിലെത്തുകയും നിങ്ങൾ അള്ളാഹുവെ പറ്റി പല ധാരണകളും ധരിച്ചു പോവുകയും ചെയ്തിരുന്ന സന്ദർഭം


യുദ്ധ സമയത്ത് അവർ അനുഭവിച്ച പ്രയാസങ്ങളാണിത് മുകളിൽ വിശദീകരിച്ചതിൽ ഇത് വിശദമായി വിവരിച്ചിട്ടുണ്ട്


(11)

هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًۭا شَدِيدًۭا


അവിടെ വെച്ച് വിശ്വാസികൾ പരീക്ഷിക്കപ്പെടുകയും അവർ കിടുകിടാ വിറപ്പിക്കപ്പെടുകയും  ചെയ്തു


പല പരീക്ഷണങ്ങൾ ഒന്നിച്ച് വരുമ്പോഴുള്ള അവസ്ഥയാണിത്.പുറത്ത് നിന്നുള്ള ശത്രുക്കളും അകത്ത് നിന്നുള്ള പാരയും ഒരുമിച്ച് വന്ന ചരിത്രം മുകളിൽ നാം പറഞ്ഞിട്ടുണ്ട്


(12
)
وَإِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًۭا


നമ്മോട്
അള്ളാഹുവും അവൻ്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദർഭം


മുസ്ലിംകളുടെ ആത്മവീര്യം തകർക്കും വിധം അള്ളാഹു എന്താണ് സഹായിക്കാത്തത് അവൻ നമ്മെ ചതിച്ചതാണ് എന്ന് കപടന്മാർ പറഞ്ഞതാണിവിടെ സൂചിപ്പിക്കുന്നത് ഇതും മുകളിലെ വിശദീകരണത്തിലുണ്ട്


കപടന്മാർ എന്നാൽ ഉള്ളിൽ വിശ്വാസമേ ഇല്ലാത്തവർ .പുറത്ത് വിശ്വാസിയായി അഭിനയിക്കുന്നവർ എന്നാണ് ഹൃദയങ്ങളിൽ രോഗമുള്ളവർ എന്നാൽ വിശ്വാസമുണ്ട് പക്ഷെ അതിനു ദൃഢതയില്ല.എന്തെങ്കിലും വിഷമം വരുമ്പോഴേക്ക് മനസ്സ് ചാഞ്ചാടാൻ തുടങ്ങും അങ്ങനെയുള്ളവർ എന്നാണ് അർത്ഥം

പേർഷ്യൻ, റോമൻ  സാമ്രാജ്യങ്ങളും മറ്റും  മുസ്ലിംകളുടെ അധീനതയിൽ വരും. സൻആഇൽ നിന്ന് ഹളർ മൗത് വരെ ഒരു പെൺകുട്ടി ഒറ്റക്ക് നടന്നാൽ ചെന്നായയെ അല്ലാതെ ഭയപ്പെടേണ്ടതില്ലാത്ത വിധം സ്വസ്ഥതയുണ്ടാകും, ഇസ്ലാം പടർന്ന് പന്തലിക്കും എന്നൊക്കെ നബി തങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നിട്ട് സ്വന്തം നാട്ടിൽ പോലും രക്ഷയില്ലാതെ മാറുന്നു എന്നാണ് അവരുടെ പരിഭവം. എന്നാൽ ഇതെല്ലാം നടക്കുമെന്ന് തങ്ങൾ പറഞ്ഞു എന്നത് ശരിയാണ് പക്ഷെ അത് ഉടൻ നടക്കുമെന്ന് പറഞ്ഞിട്ടില്ല ഒരു വിഷമമവും ഭാധിക്കില്ല എന്ന് തങ്ങൾ പറഞ്ഞിട്ടുമില്ല  തങ്ങൾ പറഞ്ഞതെല്ലാം കൃത്യമായി പുലർന്നതാണ് അനുഭവം ഈ കിസ്റയും ഖൈസറുമെല്ലാം ഇസ്ലാമിൻ്റെ അധീനതയിൽ വരിക തന്നെ ചെയ്തു. പക്ഷെ ദുർബല ഹൃദയർക്ക് കാത്തുനിൽക്കാൻ നേരമില്ല എന്ന് മാത്രം


സത്യത്തിൽ അടിയുറച്ച് നിൽക്കാൻ
അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ


(തുടരും)  إِنْ شَاءَ ٱللَّٰهُ

 





No comments: