Wednesday, August 13, 2025

അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 02

അദ്ധ്യായം 33 : അൽ അഹ്സാബ് الأحزاب  سورة  

മദീനയിൽ അവതരിച്ചു സൂക്തങ്ങൾ 73

(Part -2  -   സൂക്തം 13 മുതൽ 27  വരെ സൂക്തങ്ങളുടെ വിവരണം )

 

بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(13)
وَإِذْ قَالَت طَّآئِفَةٌۭ مِّنْهُمْ يَـٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌۭ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌۭ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًۭا

 

യഥ്‌രിബുകാരേ! നിങ്ങൾക്ക് നിൽക്കക്കള്ളിയില്ല (നിലനില്പില്ല). അതിനാൽ നിങ്ങൾ മടങ്ങിപ്പോകൂ എന്ന് അവരിൽ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദർഭം (ഓർക്കുക) ഞങ്ങളുടെ വീടുകൾ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരിൽ ഒരു വിഭാഗം (യുദ്ധരംഗം വിട്ട് പോകാൻ) നബി തങ്ങളോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവ ഭദ്രതയില്ലാത്തതല്ല അവർ ഓടിക്കളയാൻ ഉദ്ദേശിക്കുന്നുവെന്ന് മാത്രം

 

നബി തങ്ങൾ എത്തുന്നതിനു മുമ്പ് മദീനയുടെ പേര് യഥ്‌രിബ് എന്നായിരുന്നു. അതാണ് യഥ്‌രിബുകാരേ എന്ന വിളി.

പന്ത്രണ്ടാം സൂക്തത്തിൽ കപടന്മാരുടെ അഭിപ്രായ പ്രകടനം നാം കണ്ടുവല്ലോ. ഇവിടെ മറ്റൊരു വിഭാഗം ആളുകളുടെ പ്രതികരണം ആണ് പറയുന്നത്. യുദ്ധത്തിൻ്റെ തീഷ്ണത കണ്ടപ്പോൾ ഭയം തോന്നിയ ചിലരാണ് (ഔസ് ബിൻ ഖൈളീ എന്ന ആളും അനുയായികളുമാണ് ഇത് പറഞ്ഞത് എന്ന് ഇമാം ബൈളാവി رحمة الله عليهപറഞ്ഞിട്ടുണ്ട്) ഇങ്ങനെ പറഞ്ഞത്. അവർ വിശ്വാസികൾ തന്നെയാണെങ്കിലും വിശ്വാസത്തിനു ദൃഢത ഇല്ലാത്ത ദുർബല ഹൃദയരായിരുന്നു പ്രതിസന്ധികൾ ഒന്നും  താങ്ങാൻ കഴിവില്ലാത്തവർ യുദ്ധം നമുക്ക് പ്രയാസങ്ങളുണ്ടാക്കും എന്ന് ബോദ്ധ്യമായപ്പോൾ നബി തങ്ങളുടെ കൂടെ നമുക്ക് നിലനില്പില്ല അതിനാൽ തിരിച്ചു പോകാം എന്ന് അവർ പറയുന്നു. യുദ്ധം നീണ്ടുപോകുമ്പോൾ ഇനി എന്ത് എന്ന ആശങ്കയിൽ നിന്നാണ് ഇത്തരം ചിന്തയിലേക്ക് അവരെത്തുന്നത്.


യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സൂത്രം എന്ന നിലക്ക് മറ്റൊരു കൂട്ടർ (ബനൂ ഹാരിസ:
ഗോത്രമാണത് എന്ന് ഇബ്നുകസീർ പറഞ്ഞിട്ടുണ്ട്) നബി തങ്ങളുടെ മുന്നിൽ അവതരിപ്പിച്ചതാണ് ഞങ്ങളുടെ വീടുകൾ ദുർബലമാണ് ശത്രുക്കൾ അവിടെ പ്രവേശിച്ചാൽ എല്ലാം നഷ്ടപ്പെടും അത് കൊണ്ട് പോകാൻ അനുവദിക്കണം എന്ന്. അള്ളാഹു പറഞ്ഞു. അവരുടെ വീട് ഭദ്രതയില്ലാത്തത് കൊണ്ടല്ല യുദ്ധ രംഗത്ത് നിന്ന് ഓടിപ്പോകാൻ പഴുത് തേടുകയണവർ

 


(14)
وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا۟ ٱلْفِتْنَةَ لَـَٔاتَوْهَا وَمَا تَلَبَّثُوا۟ بِهَآ إِلَّا يَسِيرًۭا


അതിൻ്റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കൾ) അവരുടെ അടുത്ത് പ്രവേശിക്കുകയും എന്നിട്ട് (മുസ്ലിംകൾക്കെതിരിൽ) കുഴപ്പമുണ്ടാക്കാൻ അവരോട് ആവശ്യപ്പെടുകയുമാണെങ്കിൽ അവർ അത് ചെയ്ത് കൊടുക്കുന്നതാണ് അവരതിനു താമസം വരുത്തുകയുമില്ല കുറച്ചു മാത്രമല്ലാതെ


ശത്രുക്കളെ പേടിച്ച് വീട്ടിൽ പോകണം എന്ന് പറഞ്ഞ ആളുകളുടെ യഥാർത്ഥ സ്വഭാവം അള്ളാഹു പറയുകയാണിവിടെ. അവരുടെ അടുത്ത് സത്യനിഷേധികൾ വന്ന് അവിശ്വാസത്തിലേക്ക് ക്ഷണിച്ചാൽ അതിനു അനുകൂലമായി അവർ പ്രതികരിക്കും അഥവാ അവിശ്വാസത്തിലേക്ക് പോകും. എന്തെങ്കിലും ഒരു വിഷമം വിശ്വാസത്തിൽ കഴിയുന്നതിനാൽ ഉണ്ടാകുമെന്ന് ഭയപ്പെട്ടാൽ വിശ്വാസം വലിച്ചെറിയാൻ അവർക്ക് താമസമുണ്ടാവില്ല. അവിശ്വാസം സ്വീകരിക്കാൻ  അശേഷം മടിയുമുണ്ടാവില്ല.   താമസം വരുത്തുകയില്ലഎന്നതിനു നിഷേധം സ്വീകരിച്ച ശേഷം കൂടുതൽ കാലം അവർക്ക് മദീനയിൽ താമസിക്കാനായില്ല. അതിനു മുമ്പ് അവർ നാശമടഞ്ഞു എന്നും വ്യാഖ്യാനമുണ്ട്

 


(15)
وَلَقَدْ كَانُوا۟ عَـٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَـٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًۭا


തങ്ങൾ പിന്തിരിഞ്ഞു പോവുകയില്ലെന്ന് മുമ്പ് അവർ
അള്ളാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു അള്ളാഹുവിൻ്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്

ഉഹ്ദ് യുദ്ധ വേളയിൽ ബനൂഹാരിസ:, ബനൂ സലമ: എന്നീ ഗോത്രങ്ങൾ യുദ്ധത്തിൽ നിന്ന് ഭയം കാരണം (മുന്നൂറ് കപടന്മാർ ഇടക്ക് വെച്ച് പിന്മാറിയതിനാൽ ഇനി നമുക്ക് പരാചയം വരുമെന്ന് ഭയന്നായിരുന്നു അവർക്ക് ഭീരുത്വം വന്നത്) പിന്മാറാൻ ആലോചിക്കുകയും അള്ളാഹു അവർക്ക് ധൈര്യം നൽകി യുദ്ധത്തിൽ അവർ ഉറച്ച് നിൽക്കുകയും ചെയ്തു. പിന്നീട് ഖന്തഖ് യുദ്ധത്തിനു മുമ്പ് ഇനി ഒരു യുദ്ധത്തിലും ഞങ്ങൾ പിന്തിരിഞ്ഞോടുകയില്ലെന്ന് അവർ നബി തങ്ങളോട് കരാർ ചെയ്തു. അത് ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഓർമിപ്പിക്കുകയാണിവിടെ. ഖന്തഖിൽ യുദ്ധത്തിൽ നിന്ന് വിട്ട് പോകാൻ അനുവാദം ചോദിച്ചവരിൽ ഇക്കൂട്ടത്തിലുള്ള ചിലരുമുണ്ടായിരുന്നതിനാൽ അവരെ ഉണർത്തിയതാണിത്


(16)
قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًۭا لَّا تُمَتَّعُونَ إِلَّا قَلِيلًۭا


(നബിയേ) പറയുക. മരണത്തിൽ നിന്നോ കൊലയിൽ നിന്നോ നിങ്ങൾ ഓടിക്കളയുകയാണെങ്കിൽ ആ ഓട്ടം നിങ്ങൾക്ക് പ്രയോചനപ്പെടുകയില്ല അങ്ങനെ (ഓടി രക്ഷപ്പെട്ടാലും) അല്പമല്ലാതെ നിങ്ങൾക്ക് ജീവിത സുഖം നൽകപ്പെടുകയില്ല

 

മരണത്തിൽ നിന്നോ കുറ്റം കാരണത്താലുള്ള കൊലയിൽ നിന്നോ ഓടി രക്ഷപ്പെടാം എന്ന് കരുതി നിങ്ങൾ ചില ശ്രമങ്ങൾ നടത്തിയാലും അള്ളാഹു നിശ്ചയിച്ച അവധിക്കപ്പുറം നിങ്ങൾക്ക് പോവാനാവില്ല അതിനാൽ ചങ്കൂറ്റത്തോടെ സത്യത്തിൻ്റെ പക്ഷത്ത് നിന്ന് അഭിമാനത്തോടെ ജീവിക്കുകയാണ് വേണ്ടത് ഭീരുത്വം നാണക്കേട് സമ്മാനിക്കുമെന്നല്ലാതെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയില്ല


(17)
قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةًۭ ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا


തങ്ങൾ പറയുക.
അള്ളാഹു നിങ്ങൾക്ക് വല്ല ദോഷവും വരുത്താൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് വല്ല കാരുണ്യവും നൽകാൻ അവൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അള്ളാഹുവിൽ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാൻ ആരാണുള്ളത്? അവർക്ക് അള്ളാഹുവിനു പുറമേ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവർ കണ്ടെത്തുകയില്ല


അള്ളാഹു നിശ്ചയിച്ചതേ നടക്കൂ അത് ബുദ്ധിമുട്ടായാലും സന്തോഷമായാലും. അവൻ്റെ തീരുമാനത്തിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ടു പോകാൻ ഒരു രക്ഷകനും സഹായിയും വരികയില്ല അത് കൊണ്ട് അള്ളാഹുവിൻ്റെ പൊരുത്തം ലഭിക്കാനായി സത്യത്തോടൊപ്പം നിലക്കൊള്ളുകയാണ് ബുദ്ധിയുള്ളവർ ചെയ്യേണ്ടത്


(18)
۞ قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لِإِخْوَٰنِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ ٱلْبَأْسَ إِلَّا قَلِيلًا


നിങ്ങളുടെ കൂട്ടത്തിലുള്ള
മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂഎന്ന് പറയുന്നവരെയും അള്ളാഹു അറിയുന്നുണ്ട് ചുരുക്കത്തിലല്ലാതെ അവർ യുദ്ധത്തിന് ചെല്ലുകയില്ല


മുടക്കികൾഎന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങളെ യുദ്ധത്തിൽ നിന്ന് തടയാൻ ശ്രമിക്കുന്നവരെയാണ്. മദീനയിലുണ്ടായിരുന്ന അബ്ദുള്ളാഹി ബിൻ ഉബയ്യ് എന്ന കപടൻ്റെ നേതൃത്വത്തിലുള്ളവരാണ് ഉദ്ദേശ്യം. യുദ്ധത്തിൽ നിന്ന് പിന്മാറാൻ ജനങ്ങളോട് അവർ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. നബി തങ്ങൾ അടുത്ത് തന്നെ കൊല്ലപ്പെടും പിന്നെ നിങ്ങൾ ഒറ്റപ്പെട്ട് പോകും എന്നൊക്കെയായിരുന്നു അവരുടെ പ്രചരണം


മദീനയിൽ താമസിച്ചിരുന്ന ബനൂഖുറൈള: എന്ന ജൂത ഗോത്രമാണെന്നും മറ്റും അഭിപ്രായമുണ്ട്. നന്മയിൽ നിന്ന് ആളുകളെ തടയാൻ ശ്രമിക്കുന്ന ഇവരെ
അള്ളാഹു അറിയുന്നുണ്ട് എന്ന് പറഞ്ഞത് ശക്തമായ താക്കീതാണ്. മറ്റുള്ളവരെ തടയാൻ ശ്രമിക്കുന്ന ഈ അധമന്മാർ അപൂർവമായേ യുദ്ധത്തിൽ സംബന്ധിക്കുകയുള്ളൂ ഒഴിഞ്ഞു മാറാൻ പഴുതുകൾ നോക്കിക്കൊണ്ടിരിക്കും. സംബന്ധിച്ചാൽ തന്നെ ആളുകളെ കാണിക്കാനല്ലാതെ അവർ യുദ്ധം ചെയ്യുകയുമില്ല  എന്ന് സാരം


(19)

أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَـٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَـٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا

 


നിങ്ങൾക്കെതിരിൽ പിശുക്ക് കാണിക്കുന്നവരായിരിക്കും അവർ. അങ്ങനെ (യുദ്ധ) ഭയം വന്നാൽ അവർ തങ്ങളെ ഉറ്റു നോക്കുന്നതായി തങ്ങൾക്ക് കാണാം. മരണ വെപ്രാളം കാണിക്കുന്ന ഒരാളെ പോലെ അവരുടെ കണ്ണുകൾ കറങ്ങിക്കൊണ്ടിരിക്കും എന്നാൽ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ
ധനത്തിൽ ദുർമോഹം പൂണ്ടവരായിക്കൊണ്ട് മൂർച്ചയേറിയ നാവുകൾ കൊണ്ട് അവർ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും .അത്തരക്കാർ വിശ്വസിച്ചിട്ടില്ല അതിനാൽ അള്ളാഹു അവരുടെ കർമങ്ങൾ നിഷ്ഫലമാക്കിയിരിക്കുന്നു അത് അള്ളാഹുവെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു

അവർ നിങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ പോലും പിശുക്ക് കാണിക്കുന്നവരായിരിക്കും എന്നും സമരാർജിത സമ്പത്ത് നിങ്ങൾക്ക് ലഭിക്കുന്നതിൽ പിശുക്ക് കാണിക്കുന്നവരായിരിക്കും  എന്നും അഭിപ്രായമുണ്ട്  


ഒരു യുദ്ധം നടക്കാനിരിക്കുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഭയന്ന് വിറച്ച് അതി ദയനീയമായി തങ്ങളെ അവർ നോക്കിക്കൊണ്ടിരിക്കും മരണവെപ്രാളം കാണിക്കുന്നവനെ പോലെ ഭീരുത്വം കാരണം അവർ അസ്വസ്ഥരാകും. എന്നാൽ യുദ്ധ ഭയം നീങ്ങിയാൽ (യുദ്ധം കഴിഞ്ഞ് മുസ്ലിംകൾക്ക് വിജയം ലഭിച്ചാൽ) സമരാർജ്ജിത സമ്പത്തിൽ നിന്ന് നല്ലൊരു വിഹിതം ലഭിക്കാനായി അവർ അവകാശവാദവുമായി രംഗത്ത് വരും ഞങ്ങളുടെ ശക്തമായ പോരാട്ടമാണ് നമുക്ക് വിജയം സമ്മാനിച്ചത് ഞങ്ങളാണ് ശത്രുക്കളെ തുരത്തിയത്ഞങ്ങളുടെ യുദ്ധ തന്ത്രത്തിനു മുന്നിലാണ് ശത്രുക്കൾ പകച്ചു പോയത് അതിനാൽ സമരാർജ്ജിത സമ്പത്തിൻ്റെ നല്ല ഭാഗം ഞങ്ങൾക്ക് അവശാശപ്പെട്ടതാണ് എന്നിങ്ങനെ അവർ അവകാശവാദങ്ങൾ നിരത്തിക്കൊണ്ടിരിക്കും. (അതിൽ സത്യത്തിൻ്റെ ഒരു വശവും ഉണ്ടാവില്ല എന്നതാണ് വസ്തുത) അതാണ്  ധനത്തിൽ ദുർമോഹം പൂണ്ടവരായിക്കൊണ്ട് മൂർച്ചയേറിയ നാവുകൾ കൊണ്ട് അവർ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും എന്ന് പറഞ്ഞത് എന്നാൽ ഇവർ യഥാർത്ഥ വിശ്വാസികളോ കർമങ്ങൾക്ക് പ്രതിഫലാർഹരോ അല്ല അവർക്ക് അർഹമായ പ്രതിഫലം കൊടുക്കുക എന്നത്         അള്ളാഹുവിനു വളരെ എളുപ്പമത്രേ


(20)
يَحْسَبُونَ ٱلْأَحْزَابَ لَمْ يَذْهَبُوا۟ ۖ وَإِن يَأْتِ ٱلْأَحْزَابُ يَوَدُّوا۟ لَوْ أَنَّهُم بَادُونَ فِى ٱلْأَعْرَابِ يَسْـَٔلُونَ عَنْ أَنۢبَآئِكُمْ ۖ وَلَوْ كَانُوا۟ فِيكُم مَّا قَـٰتَلُوٓا۟ إِلَّا قَلِيلًۭا

 

സംഘടിത കക്ഷികൾ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവർ (കപടന്മാർ) വിചാരിക്കുന്നത് സംഘടിത കക്ഷികൾ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തിൽ പങ്കെടുക്കാതെ )നിങ്ങളുടെ വിവരങ്ങൾ അന്യേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവസികളായി കഴിഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും അവർ (കപടന്മാർ) കൊതിക്കുന്നത് അവർ നിങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നാലും ചുരുക്കത്തിലല്ലാതെ അവർ യുദ്ധം ചെയ്യുകയില്ല

ഇവരുടെ ഭയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും കാരണം പറയുകയാണ് സംഘടിത ശക്തികൾ വീണ്ടും തിരിച്ചു വന്ന് പോരാട്ടം തുടങ്ങുമോ എന്ന് അവർക്ക് ഉള്ളിൽ ഭയം നിലനിൽക്കുന്നുണ്ടാകും അത് കൊണ്ട് മദീനയിൽ നബി തങ്ങൾക്കൊപ്പം നിൽക്കാതെ മരുഭൂമിയിൽ കഴിഞ്ഞു കൂടിയാൽ രണ്ടു കൂട്ടരുടെയും വിവരങ്ങൾ മണത്തറിഞ്ഞ് തരാതരം പോലെ ചുവടുമാറ്റം നടത്താമെന്ന് അവർ കണക്കുകൂട്ടുന്നു .അവർ കൂടെയുണ്ടായാലും വിശ്വാസികൾക്ക് അത് പ്രയോചനം ചെയ്യുകയില്ല കാരണം അവർ ആത്മാർത്ഥമായി യുദ്ധം ചെയ്യുകയില്ല


(21)
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌۭ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًۭا


തീർച്ചയായും നിങ്ങൾക്ക്
അള്ളാഹുവിൻ്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട് അതായത് അള്ളാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും അള്ളാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തു വരുന്നവർക്ക്


വാക്കിലും പ്രവർത്തിയിലും നിലപാടിലും നബി തങ്ങളെ മാതൃകയാക്കാൻ ഒരാൾ തീരുമാനിച്ചാൽ അദ്ദേഹത്തിനു നിരാശനാകേണ്ടി വരികയില്ല. ഒരാൾ എങ്ങനെയാകണം, എങ്ങനെയാകരുത് എന്നൊക്കെ നബി തങ്ങളുടെ ജീവിതം പഠിച്ചാൽ നമുക്ക് അതിൽ നിന്ന് പകർത്താനാവും.കാരണം സൽസ്വഭാവങ്ങളുടെ പൂർത്തീകരണത്തിനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങൾ.


യുദ്ധക്കളത്തിൽ പ്രയാസം വരുമെന്ന് കണ്ടപ്പോൾ ഈ നിർണായക ഘട്ടത്തിൽ സ്വയം രക്ഷക്ക് എന്താണ് വഴി എന്ന് ചിന്തിച്ച് നബി
തങ്ങളെയും കൂടെയുള്ള വിശ്വാസികളെയും ഒറ്റുകൊടുക്കാൻ ശ്രമിച്ചവരുടെ കഥ മുൻ സൂക്തങ്ങളിൽ നാം കണ്ടു .പ്രതിസന്ധി ഘട്ടത്തിൽ തങ്ങളോടൊപ്പം ഏതറ്റം വരെയും ഞങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച (തങ്ങൾക്ക് ശക്തമായി പിന്തുണ കൊടുത്ത)  സഹാബിമാരുടെ ചരിത്രം ഈ അദ്ധ്യായത്തിൽ ഇരു പത്തിരണ്ടാം സൂക്തം മുതൽ വിശദീകരിക്കുന്നുമുണ്ട്. ഇതിനിടയിൽ മാതൃകയുടെ കാര്യം പറഞ്ഞത് വളരെ പ്രസക്തമാണ്. പ്രയാസം വരുമ്പോൾ എല്ലാം അള്ളാഹുവിൽ ഏല്പിച്ച് ഏതറ്റം വരെയും ത്യാഗം ചെയ്ത് ഒരു ശരിയായ ലക്ഷ്യം നേടിയെടുക്കണം അതിനു സ്വന്തത്തെ തന്നെ സമർപ്പിക്കുകയും ക്ഷമയും സമർപ്പണവും നടത്തുകയും വേണം.കിടങ്ങ് കുഴിക്കുന്നതിലടക്കം പങ്കാളിത്തം വഹിച്ചു കൊണ്ട് തങ്ങൾ മാതൃക  കാണിച്ചത് ഇവിടെ സ്മരിക്കേണ്ടതാണ്. എന്തിനേയും നേരിടാൻ അള്ളാഹുവിൻ്റെ അനുഗ്രഹമാണ് കാത്തിരിക്കേണ്ടത്. ധൃതിയോ പൊറുതികേടോ കാണിക്കരുത്.


നബി
തങ്ങൾ പറയുകയോ ചെയ്യുകയോ മൗനാനുവാദം നൽകുകയോ ചെയ്ത വിഷയങ്ങളുടെ അന്തസത്ത നഷ്ടപ്പെടാതെ വേണം നാം ജീവിക്കാൻ. നബി തങ്ങൾ ചെയ്തതിൽ നിന്നോ പറഞ്ഞതിൽ നിന്നോ മൗനാനുവാദം നൽകിയതിൽ നിന്നോ  മനസിലാക്കാൻ സാധിക്കുന്നതെല്ലാം ഇതിൻ്റെ പരിധിയിൽ വരും . അതിനാൽ തങ്ങൾ ചെയ്തില്ല, പറഞ്ഞില്ല, അനുവാദം നൽകിയില്ല എന്ന് മാത്രം പറഞ്ഞ് ഒരു കാര്യം നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാവതല്ല. തങ്ങൾ പറഞ്ഞ, ചെയ്ത, അനുവാദം നൽകിയ കാര്യങ്ങളിൽ നിന്ന് അതിലേക്ക് സൂചനയുണ്ടെന്ന് പണ്ഡിതന്മാർക്ക് മനസിലാക്കാൻ സാധിക്കുന്നതും ഈ മാത്രകയുടെ ഭാഗമാണ് അത് കൊണ്ടാണ് മതത്തിൽ പെടാത്ത കാര്യം പുതുതായി ആരെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളണം എന്ന് തങ്ങൾ പറഞ്ഞത്.


നബി
തങ്ങളുടെ മാത്രക കൊണ്ട് വിജയിക്കാൻ അള്ളാഹുവിൻ്റെ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുകയും പരലോക ജീവിതത്തെ  ഓർക്കുകയും അള്ളാഹുവിനെ സ്മരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അള്ളാഹു നമ്മെ അക്കൂട്ടത്തിൽ ഉൾപെടുത്തട്ടെ ആമീൻ 

(22)

وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَـٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَـٰنًۭا وَتَسْلِيمًۭا


സത്യവിശ്വാസികൾ സംഘടിത കക്ഷികളെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞു ഇത്
അള്ളാഹുവും അവൻ്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു അള്ളാഹുവും അവൻ്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത് അതവർക്ക് വിശ്വാസവും അർപ്പണ ബോധവും വർദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ


കപടന്മാർ യുദ്ധത്തിൽ നിന്ന് പിന്തിരിയാൻ പഴുത് തേടുകയാണ് ചെയ്തിരുന്നത് എന്ന് നേരത്തെ വിവരിച്ചു.എന്നാൽ സത്യവിശ്വാസികൾ ശക്തരായ ശത്രു സൈന്യത്തെ മുഖാമുഖം കാണുമ്പോൾ പതറാതെ വിശ്വാസത്തിൻ്റെ ശക്തി പ്രകടിപ്പിക്കുകയാണ്. ഖുറൈശികളിൽ നിന്നും ഗത്ഫാൻ ഗോത്രത്തിൽ നിന്നും വന്നവരും ചതിയന്മാരായ ബനൂഖുറൈളയും ഉൾക്കൊള്ളുന്ന വലിയ സൈന്യത്തെ കാണുമ്പോൾ അവർ പകച്ചു പോകുന്നില്ല  മറിച്ച് സധൈര്യം നേരിടാൻ തീരുമാനിക്കുകയാണ്. അതിനു പല കഷ്ടപ്പാടും സഹിക്കേണ്ടതായി  വരും അതിനെല്ലാം ഞങ്ങൾ തയാറാണ് എന്ന് പ്രഖ്യാപിക്കുകയാണവർ .ത്യാഗം ചെയ്യേണ്ടി വരുമെന്നും മുൻഗാമികൾ കഷ്ടത അനുഭവിച്ച പോലെ നമ്മളും പരീക്ഷിക്കപ്പെടും എന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു അതാണ് സൈന്യത്തെ കാണുമ്പോൾ അള്ളാഹുവും റസൂലും ഞങ്ങൾക്ക് വാഗ്ദാനം ചെയ്തതാണിത് എന്ന് പറഞ്ഞത്


അള്ളാഹുവും റസൂലും സത്യം പറഞ്ഞിരിക്കുന്നുഎന്ന ഭാഗം സൂചിപ്പിക്കുന്നത് ആത്യന്തികമായി വിജയവും സന്തോഷവും വിശ്വാസികൾക്കായിരിക്കും എന്നാണ്. അതിനാൽ പരീക്ഷണത്തിൽ പകച്ച് നിൽക്കാതെ അള്ളാഹുവിൻ്റെ സഹായത്തിൽ പ്രതീക്ഷയർപ്പിച്ച് മുന്നോട്ട് നീങ്ങണം എന്നാണിത് അറിയിക്കുന്നത്. അതായത് യുദ്ധ രംഗത്തെ പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ ശേഷം വരാനുള്ള സന്തോഷം മുന്നിൽ കണ്ട് ത്യാഗം ചെയ്യാനും ക്ഷമ കൈക്കൊള്ളാനും അവർക്ക് സാധിച്ചു അതാണ് ഈ സൂക്തത്തിൻ്റെ അവസാനം ഇത് അവർക്ക് വിശ്വാസവും അർപ്പണ ബോധവും മാത്രമേ വർദ്ധിപ്പിട്ടുള്ളൂ എന്ന് പറഞ്ഞത്


(23)
مِّنَ ٱلْمُؤْمِنِينَ رِجَالٌۭ صَدَقُوا۟ مَا عَـٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًۭا


സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷന്മാരുണ്ട് ഏതൊരു കാര്യത്തിൽ അവർ
അള്ളാഹുവോട് ഉടമ്പടി ചെയ്തുവോ അതിൽ അവർ സത്യസന്ധത പുലർത്തി. അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി.അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു അവർ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല


കപടന്മാർ നബി തങ്ങളോട് ചെയ്ത കരാറിൻ്റെ ലംഘനം നടത്തിയ കാര്യം നേരത്തേ വിശദീകരിച്ചുവല്ലോ. ഇനി വിശ്വാസികളുടെ കരാർ അവർ സാക്ഷാൽക്കരിച്ച ചരിത്രം വിവരിക്കുകയാണ്. ശത്രുക്കളെ കണ്ടുമുട്ടിയാൽ അല്പം പോലും പുറകോട്ട് മാറാതെ ഉറച്ച് നിന്ന് പൊരുതുമെന്ന കരാർ സത്യവിശ്വാസികളിൽ പലരും സാക്ഷാൽക്കരിച്ചു അഥവാ പോരാട്ട ഭൂമിയിൽ അവർ രക്ത സാക്ഷിത്വം വരിച്ചു ഹംസ:, മിസ് അബ് ബിൻ ഉമൈർ, അനസ് ബിൻ നള്ർ, അംറു ബിൻ അൽ ജമൂഹ് رضي الله عنهപോലെയുള്ള രക്തസാക്ഷികളാണ് ഇവിടെ ഉദ്ദേശ്യം. അവരിൽ ഓരോരുത്തരുടെയും അർപ്പണ ബോധവും സമർപ്പണ രീതിയും ത്യാഗ സന്നദ്ധതയും അങ്ങേ അറ്റം അത്ഭുതപ്പെടുത്തുന്നതാണ് . നബി തങ്ങളുടെ സേവകനായിരുന്ന അനസ് ബിൻ മാലിക് رضي الله عنهപറയുന്നു. എൻ്റെ പിതൃവ്യൻ അനസ് ബിൻ നള്ർ رضي الله عنهഎന്നവർക്ക് ബദ്ർ യുദ്ധത്തിൽ സംബന്ധിക്കാൻ സാധിച്ചിരുന്നില്ല അത് അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു എന്നിട്ട് അദ്ദേഹം പറഞ്ഞു ഇനി ഒരു പോരാട്ടത്തിനു അള്ളാഹു എനിക്ക് അവസരം തന്നാൽ എൻ്റെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന് അള്ളാഹു നിങ്ങൾക്ക് കാണിച്ചു തരികതന്നെ ചെയ്യും എന്ന്. തൊട്ടടുത്ത വർഷം (ഹിജ് റ  മൂന്നാം വർഷം ശവ്വാലിൽ ) ഉഹ്ദ് യുദ്ധം നടന്നു സ്വർഗത്തിൻ്റെ സുഗന്ധം എനിക്ക് അനുഭവപ്പെടുന്നു എന്ന് പ്രഖ്യാപിച്ച് കൊണ്ട് പോർക്കളത്തിൽ ശക്തമായി പൊരുതി എൺപതിലധികം വെട്ട് ശരീരത്തിലേറ്റുവാങ്ങി മഹാൻ രക്തസാക്ഷിയായി അപ്പോഴാണ് ഈ സൂക്തം അവതരിച്ചത് എന്ന് ഇബ്നുകസീർ رحمة الله عليهവിവരിക്കുന്നു

പോർക്കളത്തിൽ പൊരുതിയിട്ടും രക്തസാക്ഷിത്വം ലഭിക്കാത്തവർ അതിനായി അവസരം കാത്തിരിക്കുന്നു എന്നാണ് അവരിൽ ചിലർ കാത്തിരിക്കുന്നുഎന്നതിൻ്റെ സാരം. അവർ കരാരിൽ ലംഘനം കാണിക്കുകയോ അതിൽ വല്ല മാറ്റം വരുത്തുകയോ ചെയ്തില്ല എന്ന് അള്ളാഹു അവരെ പ്രശംസിക്കുന്നു


(24)
لِّيَجْزِىَ ٱللَّهُ ٱلصَّـٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَـٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا


സത്യവാന്മാർക്ക് തങ്ങളുടെ സത്യസന്ധതക്കുള്ള പ്രതിഫലം
അള്ളാഹു നൽകുവാൻ വേണ്ടി.അവനുദ്ദേശിക്കുന്ന പക്ഷം കപട വിശ്വാസികളെ ശിക്ഷിക്കുകയോ അല്ലെങ്കിൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാൻ വേണ്ടിയും തീർച്ചയായും അള്ളാഹു ഏറെ പൊറുക്കുന്നവനും മഹാകാരുണ്യവാനുമാകുന്നു



അള്ളാഹു അവൻ്റെ അടിമകൾക്ക് പരീക്ഷണങ്ങൾ നൽകുന്നത് അവർ ക്ഷമയോട് കൂടി ആ പരീക്ഷണങ്ങൾ മറികടക്കുമോ അതല്ല പ്രയാസം വരുമ്പോൾ കരാർ ലംഘിച്ച് ഓടിപ്പോകുമോ എന്ന് നിരീക്ഷിക്കാനാണ്. ഓരോരുത്തരുടെയും പ്രവർത്തനത്തെ അടിസ്ഥാനമാക്കി മാത്രമേ അള്ളാഹു പ്രതിഫലം കൊടുക്കൂ എന്ന് അവൻ തീരുമാനിച്ചത് കൊണ്ടാണ് അങ്ങനെ. പരീക്ഷണത്തിൽ വിചയിച്ചവർക്ക് അതിനുള്ള പ്രതിഫലം അള്ളാഹു നൽകും.അതിൽ പരാചയപ്പെട്ട കപടന്മാരെ ഒന്നുകിൽ ശിക്ഷക്ക് വിധേയമാക്കുകയോ അല്ലെങ്കിൽ തെറ്റ് ബോധ്യപ്പെട്ട് പശ്ചാത്തപിച്ചാൽ അവർക്ക് പൊറുത്ത് കൊടുക്കുകയോ ചെയ്യുക എന്ന നിലപാട് അള്ളാഹു സ്വീകരിക്കാനുമാണിത്. തെറ്റുകൾ പൊറുക്കാനും അടിമകൾക്ക് കരുണ ചെയ്യാനും അള്ളാഹു തയാറാണ് (അതിനു തെറ്റ് ചെയ്തവർ പശ്ചാത്തപിക്കാൻ തയാറാകണമെന്ന് മാത്രം)

 


(25)
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًۭا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًۭا


സത്യനിഷേധികളെ അവരുടെ ഈർഷ്യതയോടെത്തന്നെ
അള്ളാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവർ നേടിയില്ല സത്യവിശ്വാസികൾക്ക് അള്ളാഹു യുദ്ധത്തിൻ്റെ ആവശ്യം ഇല്ലാതാക്കി അള്ളാഹു ശക്തനും പ്രതാപിയുമാകുന്നു


ഖന്തഖ് യുദ്ധത്തിൽ ശത്രുക്കൾക്ക് നേരിടേണ്ടി വന്ന പരാചയമാണിവിടെ സൂചിപ്പിക്കുന്നത് (ശക്തമായ കൊടുങ്കാറ്റ് അടിപ്പിച്ച് അവരെ പരാചയപ്പെടുത്തിയ ചരിത്രം നേരത്തേ പറഞ്ഞത് ഓർക്കുക). മുസ്ലിംകളെ തകർക്കുമെന്ന് പ്രതിജ്ഞ ചെയ്ത് വന്നവർക്ക് അത് സാധിച്ചില്ലെന്ന് മാത്രമല്ല സമ്പത്തും മാനവും നഷ്ടപ്പെട്ട് ജീവനും കൊണ്ട് ഓടേണ്ടി വരികയും ചെയ്തു അതിനാൽ ഇവിടെ അവർ ഒരു ഗുണവും നേടിയില്ല പരലോകത്താവട്ടെ അവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയുമാണ് സത്യവിശ്വാസികളാവട്ടെ എല്ലാ രീതിയിലും അവർക്ക് സന്തോഷിക്കാൻ അള്ളാഹു വക നൽകി. ഇനിയും പോരാട്ടത്തിനു മുതിരാതിരിക്കാനാവശ്യമായ ഗുണപാഠം നൽകുക വഴി അവരുടെ ഭാഗത്ത് നിന്ന് ഒരു യുദ്ധത്തിനു തുടക്കം കുറിക്കാൻ അവർ തയാറാവാത്ത അവസ്ഥ അള്ളാഹു ഉണ്ടാക്കി. അള്ളാഹുവാണല്ലോ എല്ലാം തീരുമാനിക്കുന്നവനും നടപ്പാക്കുന്നവനും


(26)
وَأَنزَلَ ٱلَّذِينَ ظَـٰهَرُوهُم مِّنْ أَهْلِ ٱلْكِتَـٰبِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقًۭا تَقْتُلُونَ وَتَأْسِرُونَ فَرِيقًۭا


വേദക്കാരിൽ നിന്ന് അവർക്ക് (സത്യനിഷേധികൾക്ക്) പിന്തുണ നൽകിയവരെ അവരുടെ കോട്ടകളിൽ നിന്ന് അവൻ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളിൽ അവൻ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു ഒരു വിഭാഗത്തെ നിങ്ങൾ തടവിലാക്കുകയും ചെയ്യുന്നു


മദീനയിൽ താമസിച്ചിരുന്ന ബനൂഖുറൈള: കരാർ ലംഘനം നടത്തിയതും യുദ്ധത്തിൽ നബി തങ്ങളുടെ ശത്രുക്കളെ സഹായിച്ചതും നാം നേരത്തേ പറഞ്ഞിട്ടുണ്ട് . ആ ചതിക്കുള്ള പ്രതിഫലം ഖന്തഖ് യുദ്ധം കഴിഞ്ഞയുടനെ അള്ളാഹു നൽകുകയുണ്ടായി അതാണ് ഇവിടെ പറയുന്നത് .ജിബ്‌രീലി عليه السلامൻ്റെ നിർദ്ദേശ പ്രകാരം നബി തങ്ങളും യോദ്ധാക്കളും ബനൂഖുറൈളയിലെത്തുകയും അവരുടെ കോട്ട വളയുകയും ചെയ്തു. ദിവസങ്ങൾ ഉപരോധം നീണ്ടു പോയപ്പോൾ സഅദ് ബിൻ മുആദ് رضي الله عنهപറയുന്ന തീരുമാനം ഞങ്ങൾ അംഗീകരിക്കാമെന്ന് അവർ സമ്മതിക്കുകയും അവരിൽ നിന്ന് യുദ്ധത്തിൽ പങ്കെടുത്ത് വാഗ്ദാന ലംഘനം നടത്തിയവരെ കൊല്ലാനും മറ്റുള്ളവരെ തടവുപുള്ളികളായി പിടികൂടാനും സഅദ് വിധിച്ചു ശരിയായ വിധിയാണതെന്ന് നബി തങ്ങൾ അംഗീകരിക്കുകയും ചെയ്തു അതാണ് ഈ സൂക്തത്തിൽ വിവരിച്ചത് (തൻ്റെ മരണത്തിൽ അർശ് വിറച്ചതും എഴുപതിനായിരം മലക്കുകൾ സംസ്ക്കരണ ചടങ്ങിൽ സംബന്ധിച്ചതും സഅദ് തങ്ങളുടെ رضي الله عنهവലിയ മഹത്വം വിളിച്ചോതുന്ന കാര്യങ്ങളാണ്


(27
)
وَأَوْرَثَكُمْ أَرْضَهُمْ وَدِيَـٰرَهُمْ وَأَمْوَٰلَهُمْ وَأَرْضًۭا لَّمْ تَطَـُٔوهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرًۭا


അവരുടെ ഭൂമിയും വീടുകളും സ്വത്തുകളും നിങ്ങൾ (മുമ്പ്) കാലെടുത്തു വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങൾക്കവൻ അവകാശപ്പെടുത്തി തരികയും ചെയ്തു.
അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു



വഞ്ചകന്മാരായ ജൂതന്മാരുടെ വീടുകളും സ്വത്തും മുസ്ലിംകൾക്ക് ലഭിച്ചു നേരത്തേ മുസ്ലിംകൾക്ക് സ്വാധീനമില്ലാതിരുന്ന റോമൻ, പേർഷ്യൻ സാമ്രാജ്യങ്ങളൊക്കെ പിന്നീട് ഇസ്ലാമിൻ്റെ കീഴിൽ വന്നു. അതാണ് നിങ്ങൾ കാലെടുത്തു വെച്ചിട്ടില്ലാത്ത ഭൂപ്രദേശവും അവകാശപ്പെടുത്തി തന്നു എന്ന് പറഞ്ഞത്


അള്ളാഹുവിന്റെ തൃപ്തിക്കായി പ്രവർത്തിക്കാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ


آمین

(തുടരും)  إِنْ شَاءَ ٱللَّٰهُ

 







 
 

 



ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: