Sunday, February 15, 2009

അദ്ധ്യായം 78 (അന്നബഅ് ) മൂന്നാം ഭാഗം

അദ്ധ്യായം 78 (അന്നബഅ് )
(സൂക്തം 31 മുതല്‍ 40 വരെയുള്ളതിന്റെ വിശദീകരണം )

സൂക്തം 1 മുതല്‍ 20 വരെ വിശദീകരണം ഇവിടെ
സൂക്തം 21 മുതല്‍ 30 വരെ ഇവിടെ

إِنَّ لِلْمُتَّقِينَ مَفَازًا .31
തീർച്ച!ദോഷബാധയെ സൂക്ഷിക്കുന്ന (ഭയ ഭക്തിയുള്ള)വർക്കു വിജയമുണ്ട്‌.


മുത്തഖീങ്ങൾ എന്നാൽ തഖ്‌വയുള്ളവർ എന്നർത്ഥം. തഖ്‌വ എന്നാൽ ധാരാളം വ്യാഖ്യാനങ്ങൾ ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്‌. ഇമാം റാസി(റ) എഴുതുന്നു 'നബി(സ്വ) പറഞ്ഞു.ഒരു അടിമയും തെറ്റിൽ പെട്ടേക്കുമെന്ന ഭയത്താൽ തെറ്റല്ലാത്ത ചിലകാര്യങ്ങൾ പോലും ഉപേക്ഷിക്കുന്നത്‌ വരെ മുത്തഖീങ്ങളുടെ സ്ഥാനം എത്തിക്കുകയില്ല... (തഫ്സീർ റാസി2/22) അപ്പോൾ തിന്മയിൽ പെട്ട്‌ പോകാതിരിക്കാനും നന്മകൾ ചോർന്ന് പോകാതിരിക്കാനുമുള്ള ഒരു സജീവ ശ്രദ്ധയുള്ളവരാണ്‌ മുത്തഖികൾ. ഇത്‌ പലമേഖലകളേയും സ്പർശിക്കുന്ന പരാമർശമാണ്.
ഇമാം റാസി(റ)എഴുതുന്നു. 'തഖ്‌വ എന്നത്‌ വിശ്വാസം,പാശ്ചാത്താപം,അനുസരണം,ദോഷങ്ങൾ ഉപേക്ഷിക്കൽ,ആത്മാർത്ഥത,എന്നിവയെല്ലാം മേളിക്കുന്നതാണ്‌(തഫ്സീർ റാസി.2/22)മഹാനായ ഇബ്‌ റാഹീമുംബ്നു അദ്‌ഹം(റ)പറഞ്ഞു 'തഖ്‌വാ എന്നാൽ സൃഷ്ടികൾ നിന്റെ നാവിൽ ന്യൂനത കാണാതിരിക്കുകയും മാലാഖമാർ നിന്റെ പ്രവർത്തനങ്ങളിൽ ന്യൂനത ദർശിക്കാതിരിക്കുകയും അർശിന്റെ ഉടമ(അല്ലാഹു) നിന്റെ സ്വകാര്യതയിൽ ന്യൂനത ദർശിക്കാതിരിക്കുകയും ചെയ്യലാണ്റാസി.2/22)'. റാസി തന്നെ എഴുതുന്നു. 'അല്ലാഹു വിരോധിച്ചിടത്തൊന്നും നിന്നെ അവൻ കാണാതിരിക്കലാണ്‌ തഖ്‌വ.(റാസി 2/22'
ചുരുക്കത്തിൽ രഹസ്യവും പരസ്യവും ആത്മാർത്ഥമായി അല്ലാഹുവിന്റെ ഇഷ്ടങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നവരാണ്‌ മുത്തഖികൾ. അരുതായ്മ വരാതെയും ബാദ്ധ്യതകൾ നിറവേറ്റിയും മാതൃക കാണിക്കുന്നവർ!. അവർക്ക്‌ ലഭിക്കുന്ന നേട്ടങ്ങളാണ്‌ അല്ലാഹു പറയുന്നത്‌ കഴിഞ്ഞ സൂക്തങ്ങളിൽ അല്ലാഹു സത്യനിഷേധികൾക്ക്‌ നൽകുന്ന ശിക്ഷകളും അതിന്റെ സാഹചര്യങ്ങളും വിശദീകരിക്കുകയായിരുന്നുവല്ലോ. അവിശ്വാസത്തിന്റെ അപകടം പറഞ്ഞാലുടൻ വിശ്വാസത്തിന്റെ നേട്ടം സൂചിപ്പിക്കുന്ന ശൈലിയാണ്‌ പൊതുവെ ഖുർആൻ സ്വീകരിക്കാറുള്ളത്‌ അതിനാൽ ഇനി അല്ലാഹു വിശ്വാസത്തിന്റെ മഹത്വവും വിശ്വാസികൾക്കുള്ള നേട്ടങ്ങളും വിശദീകരിക്കുകയാണ്‌ഇവിടെ
مفازا
എന്നതിനു വിജയമെന്നും വിജയത്തിന്റെ സ്ഥലം എന്നും അർത്ഥം പറയാം(റാസി/ബൈളാവി)

ഇമാം റാസി എഴുതുന്നു. വിജയം എന്നതിന്റെ ഉദ്ദേശ്യം മൂന്ന് വിധത്തിൽ മനസിലാക്കാം
(1) ലക്ഷ്യം നേടിയുള്ള വിജയം
(2) ശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതിലൂടെയുള്ള വിജയം
(3) ഇതു രണ്ടും ചേർന്നുള്ള വിജയം.

ഇതിൽ ഒന്നാമത്തെ അർത്ഥമാണ്‌ ഏറ്റവും സ്വീകാര്യം കാരണം അല്ലാഹു തുടർന്നു പറയുന്നത്‌ ലക്ഷ്യം നേടുന്നതിന്റെ വിശദീകരണമാണ്‌ അപ്പോൾ അവിടെ ഒരു ചോദ്യം വരാം.നരകത്തിന്റെ നാശത്തിൽ നിന്നു രക്ഷപ്പെടുന്നതല്ലേ സ്വർഗ്ഗത്തിന്റെ സുഖങ്ങളേക്കാൾ പ്രാധാനം അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്‌? ഞാൻ പറയാം. നാശത്തിൽ നിന്ന് രക്ഷപ്പെട്ടത്‌ കൊണ്ട്‌ മാത്രം നന്മകൊണ്ട്‌ വിജയിക്കണമെന്നില്ല. എന്നാൽ നന്മകൊണ്ട്‌ വിജയിക്കണമെങ്കിൽ നാശത്തിൽ നിന്ന് കരകയറാതെ സാധ്യമല്ല.അപ്പോൾ ഈ വിശദീകരണമാണ്‌ കൂടുതൽ പ്രസക്തം(റാസി 31/19)


حَدَائِقَ وَأَعْنَابًا .32
അതായത്‌ തോട്ടങ്ങളും മുന്തിരി വള്ളികളും


അവിശ്വാസികൾക്ക്‌ ഒരു കുളിർ കാറ്റ്‌ ആസ്വദിക്കാൻ പോലും അവസരം നൽകാത്ത അല്ലാഹു വിശ്വാസികളെ വലയം ചെയ്യുന്ന പച്ചപ്പിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങൾ വിലയിരുത്തുകയാണ്‌ സ്വർഗ്ഗത്തിലെ ഒരു മരത്തെക്കുറിച്ച്‌ നബി(സ്വ) പറയുന്നതായി അനസ്‌(റ) പറയുന്നു
.ان فى الجنة لشجرة يسيرالراكب فى ظلها مأة عام لايقطعها (صحيح البخاري
സ്വർഗ്ഗത്തിൽ ഒരു മരമുണ്ട്‌ യാത്രക്കാരൻ അതിന്റെ തണലിലൂടെ നൂറു വർഷം നടന്നു നീങ്ങിയാലും അയാൾക്ക്‌ അത്‌ മുറിച്ച്‌ കടക്കാൻ സാധിക്കില്ല(ആ മരത്തണൽ പിന്നെയും നീണ്ടുപരന്നു കിടക്കുന്നുണ്ടാവും!(ബുഖാരി ഹദീസ്‌ നമ്പർ3251)

وَكَوَاعِبَ أَتْرَابًا (33
സ്തനം തുടിച്ച സമപ്രായക്കാരികളായ തരുണികളും.

തങ്ങളുടെ ഭർത്താവിനെ സന്തോഷിപ്പിക്കാൻ തുടുത്ത്നിറഞ്ഞ മാർവ്വിടമുള്ളവരായിട്ടാണ്‌ സ്വർഗ്ഗത്തിൽ അല്ലാഹു സ്ത്രീകളെ സൃഷ്ടിക്കുന്നത്‌. ഭൂമിയിൽ നിന്നു ചെന്നവരായാലും സ്വർഗ്ഗത്തിൽ അല്ലാഹു സൃഷ്ടിച്ച അപ്സരസ്സുകളായാലും ഇതേ സ്വഭാവം തന്നെയായിരിക്കും كواعب എന്നതിനു കന്യകകൾ എന്നും അർത്ഥമുണ്ട്‌. അഥവാ എല്ലാസമയത്തും സ്വർഗ്ഗത്തിലെ ഭാര്യമാർ കന്യകത്വം സൂക്ഷിക്കപ്പെട്ടവരായിരിക്കും. ഭൂമിയിലെ അവസ്ഥ അവിടെയില്ലെന്നർത്ഥം. ഇമാം ത്വബ്‌റാനി(റ) അബൂ സഈദ്‌(റ)വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. നബി(സ്വ) പറഞ്ഞു.
ان أهل الجنة اذاجامعوا النساء عدن أبكارا (الدر المنثور 6.224
സ്വർഗ്ഗക്കാർ അവരുടെ ഭാര്യമാരെ സംയോഗം ചെയ്താൽ അവർ വീണ്ടും കന്യകകളായി മാറും(അദ്ദുർ അൽ മൻഥൂർ 6/224)
ഇമാം ഇബ്നുൽ മുൻദിർ(റ)ളഹ്ഹാക്ക്‌(റ) വിൽ നിന്ന് ഉദ്ധരിക്കുന്നു كواعب-എന്നാൽ കന്യകകൾ എന്നാണ്‌(അദ്ദുർ അൽ മൻഥൂർ 6/505)
ഈരണ്ട്‌ വ്യഖ്യാനങ്ങൾ വൈരുദ്ധ്യമല്ല വൈവിദ്ധ്യമാണ്‌ എന്ന് പറയേണ്ടതില്ലല്ലൊ. അഥവാ ഈ രണ്ട്‌ അർത്ഥവും ഇവിടെ ഉദ്ദെശ്യമാണ്‌ സ്വർഗ്ഗസ്ത്രീകൾ തുടുത്ത മാർവ്വിടവും നിത്യകന്യകകളുമായിട്ടാണ്‌ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന് أترابا -എന്നതിനാണ്‌ സമപ്രായക്കാർ എന്ന് നാം അർത്ഥം കൊടുത്തത്‌ അതിന്റെ ഉദ്ദേശ്യം സ്വർഗ്ഗത്തിൽ വയസ്സ്‌ വർദ്ധിച്ച്‌ വാർദ്ധക്യം ബാധിക്കില്ല എന്നാണ്‌ അഥവാ ഭൂമിയിലെ എത്ര വയാസ്സയി ക്ഷീണിച്ച സ്ത്രീകളും സ്വർഗ്ഗത്തിലെത്തിയാൽ എന്നും മുപ്പത്തി മൂന്നിന്റെ പ്രസരിപ്പിലാണ്‌(അദ്ദുർ അൽ മൻഥൂർ 6/225)


ഇമാം ബൈഹഖി(റ),ഇമാം തുർമ്മുദി(റ),ഇമാം ഇബ്നുൽ മുൻദിർ(റ) തുടങ്ങിയവർ റിപ്പോർട്ട്‌ ചെയ്യുന്ന
ഹദീസിൽ പറയുന്നു.നബി(സ്വ)യുടെ സമീപത്ത്‌ ഒരു വയസ്സായ സ്ത്രീ വന്ന് പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരേ! എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ അങ്ങ്‌ അല്ലാഹുവോട്‌ പ്രാർത്ഥിക്കണം അപ്പോൾ നബി(സ്വ) പറഞ്ഞു ഉമ്മാ! സ്വർഗ്ഗത്തിൽ വൃദ്ധകൾ പ്രവേശിക്കുകയില്ല! അപ്പോൾ ആ ഉമ്മ കരഞ്ഞുകൊണ്ട്‌ തിരിച്ച്‌ പോരുമ്പോൾ നബി(സ്വ)പറഞ്ഞു അവർ വൃദ്ധയായി സ്വർഗ്ഗത്തിൽ കടക്കില്ല(അപ്പോൾ അവർ യുവതിയാവും എന്ന് സാരം)എന്നാണ്‌ ഞാൻ പറഞ്ഞതെന്ന് അവരോട്‌ പറയുക കാരണം അല്ലാഹു പറഞ്ഞത്‌ انا أنشأناهن انشاء فجعلناهن أبكارا عربا أترابا (الواقعة ,32 ,36 ,37

നിശ്ചയം നാം ആ തരുണികളെ പ്രത്യേക നിലയിൽ നാം സൃഷ്ടിച്ചിരിക്കുന്നു അങ്ങനെ അവരെ നാം കന്യകകളും ഭർത്താക്കളെ പ്രേമിക്കുന്നവരും തുല്യപ്രായക്കാരുമാക്കിയിരിക്കുന്നു (അൽ വാഖിഅ:35/36/37)എന്നാണ്‌ എന്ന് നബി(സ്വ) പറഞ്ഞു(224/6 അദ്ദുർ അൽ മൻഥൂർ)

34. وَكَأْسًا دِهَاقًا
മദ്യം നിറക്കപ്പെട്ട കോപ്പകളും (ഉണ്ട്‌)

ഒന്നിനു പുറമെ മറ്റൊന്നായി തുടർന്നു വരുന്ന കോപ്പകൾ എന്നും കലർപ്പില്ലാത്തത്‌ എന്നും അർത്ഥമുണ്ട്‌(അദ്ദുർ അൽ മൻഥൂർ.6/505/ഖുർത്വുബി10/130) (റാസി31/20

35. لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا
അവിടെ വെച്ച്‌ അനാവശ്യവാക്കുകളോ അസത്യവാക്കുകളോ അവർ കേൾക്കുകയില്ല.

ഭൂമിയിൽ മദ്യം ഉപയോഗിക്കുന്നവർക്ക്‌ ബുദ്ധി നഷ്ടപ്പെടുകയും അവർ ചീത്തവാക്കുകൾ പ്രയോഗിക്കുകയും ചെയ്യുന്നത്‌ സാധാരണയാണ്‌ എന്നാൽ സ്വർഗ്ഗത്തിലെ മദ്യം ഉപയോഗിക്കുന്നവർക്ക്‌ ഒരിക്കലും ഇങ്ങനെയുള്ള അവസ്ഥയുണ്ടാവില്ല. കാരണം ആ മദ്യം മനുഷ്യനെ മൃഗമാക്കുന്ന ലഹരിയല്ല പ്രധാനം ചെയ്യുന്നത്‌.സ്വർഗ്ഗത്തിൽ അനാവശ്യ വാക്കുകളോ അവർക്ക്‌ വിഷമമുണ്ടാക്കുന്ന വാക്കുകളോ കേൾക്കേണ്ടി വരില്ലെന്നും ഇവിടെ അർത്ഥമുണ്ട്‌(റാസി31/20)മദ്യമുപയോഗിച്ച്‌ ലക്ക്‌ കെട്ടവൻ കളവുകൾ പറയുന്നതും സാധാരണയാണ്‌ അതും ഈ മദ്യം കാരണം ഉണ്ടാവുന്നതല്ല.നേരത്തേ നരകക്കാരെകുറിച്ച്പറഞ്ഞപ്പോൾ അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കി എന്ന് പറഞ്ഞിരുന്നല്ലോ ഭൂമിയിൽ വെച്ച്‌ അവരുടെ പല കള്ളപ്രചരണങ്ങളും വിശ്വാസികൾ കേൾക്കാൻ നിബന്ധിതരായിരുന്നു എന്നാൽ സ്വർഗ്ഗത്തിൽ അത്തരം ഒരു കള്ളവും കേൾക്കേണ്ട ഗതികേട്‌ അവർക്കുണ്ടാവില്ല എന്നും ഇവിടെ വ്യാഖ്യാനമുണ്ട്‌ അഥവാ സ്വർഗ്ഗാവകാശികളുടെ സ്വൈര്യം കെടുത്തുന്ന ശത്രുവിന്റെ പ്രചാരണങ്ങളോ അവരുടെ തെറ്റായ ആശയങ്ങളോ കേൾക്കാത്ത വിധം പൂർണ്ണ സമാധാനം അല്ലാഹു സ്വർഗ്ഗാവകാശികൾക്ക്‌ നൽകുമെന്നർത്ഥം!(റാസി31/20)
സ്വർഗ്ഗാവകാശികൾ പരസ്പരം കള്ളം പറയില്ലെന്നും വ്യഖ്യാനമുണ്ട്‌(ത്വിബ്‌രി30/23)

جَزَاء مِّن رَّبِّكَ عَطَاء حِسَابًا .36
(ഈ അനുഗ്രഹങ്ങൾ) തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്(അവർക്ക്‌)പ്രതിഫലമായി നൽകിയതാണ്‌ (തികച്ചും)

മതിയായ സമ്മാനം നേരത്തേ നരകക്കാരുടെ ശിക്ഷയെ കുറിച്ച്പറഞ്ഞപ്പോൾ അവർക്ക്‌ യോജിച്ച പ്രതിഫലം എന്നായിരുന്നുവല്ലോ അല്ലാഹു പറഞ്ഞത്‌. എന്നാൽ ഇവിടെ നാഥനിൽ നിന്നുള്ള പ്രതിഫലം എന്ന് മാത്രമല്ല അല്ലാഹു പറയുന്നത്‌ മറിച്ച്‌ പ്രതിഫലം എന്നതിന്റെ കൂടെ മതിയായ സമ്മാനം എന്ന് കൂടി ചേർത്തിരിക്കുന്നു. അതിന്റെ കാരണം കുറ്റവാളിക്ക്‌ അവൻ ചെയ്ത തിന്മയുടെ കുറ്റം മാത്രമാണ്‌ നൽകപ്പെടുന്നത്‌ പക്ഷെ സത്യവിശ്വാസിക്ക്‌ നന്മക്ക്‌ പ്രതിഫലം ഇരട്ടി ഇരട്ടിയാണ്‌ എന്ന് സൂചിപ്പിക്കാനാണ്‌. ഇമാം റാസി(റ) എഴുതുന്നു ''ഒരു നന്മക്ക്‌ നൽകപ്പെടുന്ന പ്രതിഫലം മൂന്നായി അല്ലാഹു തിരിച്ചിട്ടുണ്ട്‌(1) പത്തിരട്ടി(2) എഴുന്നൂറിരട്ടി(3)അറ്റമില്ലാത്ത പ്രതിഫലംഅല്ലാഹു പറയുന്നു
إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ (الزمر 10
നിഴ്ചയം ക്ഷമിക്കുന്നവരുടെ പ്രതിഫലം കണക്കില്ലാതെ നൽകപ്പെടും(സൂറ:സുമർ10) (റാസി 31/21
എന്നാൽ ഇതെല്ലാം അല്ലാഹുവിന്റെ ഔദാര്യമാണ്‌ അവരുടെ അവകാശമല്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്ന വാക്കാണിത്‌അവരുടെ ചെറിയ കർമ്മത്തിനു ഒരിക്കലും മുറിയാത്ത വലിയ നന്മ അല്ലാഹു നൽകുന്നു(ത്വിബ്‌ രി30/24)

ഇവിടെ അല്ലാഹു جزاء(പ്രതിഫലം)എന്നുംعطاء(ഔദാര്യം എന്നും പറഞ്ഞത്‌ വൈരുദ്ധ്യമല്ലേ എന്നൊരു ചോദ്യമുണ്ട്‌ അഥവാ പ്രതിഫലമാണെങ്കിൽ അവകാശമാണ്‌ അപ്പോൾ അത്‌ ഔദാര്യമല്ല ഇനി ഔദാര്യമാണെങ്കിലോ അവകാശവുമല്ല കേവലം അനുഗ്രഹമാണ്‌ അപ്പോൾ ഇവ തമ്മിൽ വൈരുദ്ധ്യമില്ലേ?മറുപടി ഇങ്ങനെയാണ്‌ നന്മ ചെയ്തവർക്ക്‌ പ്രതിഫലം നൽകാമെന്ന് അല്ലാഹു ചെയ്ത വാഗ്ദാനം അവൻ നടപ്പാക്കുമെന്ന നിലക്കാണ്‌ അവകാശമെന്ന് തോന്നാവുന്ന പദം പ്രയോഗിച്ചിരിക്കുന്നത്‌ അല്ലാതെ പ്രവർത്തനത്തിന്‌ പ്രതിഫലം കൊടുക്കൽ അല്ലാഹുവിനു നിർബന്ധമുണ്ടെന്ന അർത്ഥത്തിലല്ല അതേസമയം നിർബന്ധമില്ലാത്തത്‌ നൽകുന്നത്‌ ഔദാര്യമാണല്ലോ ആ നിലക്കാണ്‌ ഔദാര്യം എന്ന് പറഞ്ഞത്‌ അപ്പോൾ ഈ സൂക്തത്തിൽ വൈരുദ്ധ്യമില്ല(റാസി31/21)

رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرحْمَنِ لَا يَمْلِكُونَ مِنْهُ خِطَابًا (37
അതെ!ആകാശഭൂമികളുടെയും അവക്കിടയിലുള്ളതിന്റെയും നാഥന്റെ-കരുണാനിധിയായ അല്ലാഹുവിന്റെ-വക സമ്മാനം)

അവനോട്‌ അഭിമുഖ സംഭാഷണത്തിനു അവർക്ക്‌ ആർക്കും കഴിയില്ലഅന്ത്യ നാളിൽ അല്ലാഹു ചിലർക്ക്‌ ശിക്ഷയും ചിലർക്ക്‌ പ്രതിഫലവും നൽകുമെന്നാണല്ലോ നേരത്തേ പറഞ്ഞത്‌.എന്നാൽ ഈ ശിക്ഷ കൂടിപ്പോയെന്നോ അല്ലെങ്കിൽ ഈ പ്രതിഫലം കുറഞ്ഞ്‌ പോയെന്നോ അല്ലാഹുവോട്‌ ആക്ഷേപമുന്നയിക്കാൻ ആർക്കും സാധിക്കില്ല കാരണം അവരെല്ലാം അവന്റെ അടിമകളും അവൻ ഉടമയുമാണ്‌ ഉടമയെ ചോദ്യം ചെയ്യപ്പെടാവതല്ല..മഹാന്മാർ പരലോകത്ത്‌ ശുപാർശ നടത്തുന്നത്‌ ഇതിനെതിരല്ല അത്‌ അല്ലാഹുവിന്റെ അനുമതിയോടെ ചെയ്യുന്നതാണെന്ന് അടുത്ത സൂക്തത്തിൽ നിന്ന് തന്നെ ഗ്രഹിക്കാം(ബൈളാവി2/563)ഇമാം റാസി(റ) എഴുതുന്നു. ഇവിടെ പറഞ്ഞ സംസാരിക്കില്ലെന്നത്‌ ശുപാർശ പറയുന്നതിനെതിരല്ല കാരണം ഇവിടെ لايملكون (അവർക്ക്‌ ഉടമാവകാശമില്ല)എന്നാണ്‌ പറഞ്ഞത്‌ എന്നാൽ ശുപാർശ അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ടും അനുമതിയോടെയുമാണ്‌ നടക്കുന്നത്‌(റാസി31/22)

يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرحْمَنُ وَقَالَ صَوَابًا (38
റൂഹും മലക്കുകളും അണിയായി നിൽക്കുന്ന ദിവസം (അന്ന്) കരുണാനിധിയായ അല്ലാഹു അനുമതി നൽകുകയും ശരിയായത്‌ പറയുകയും ചെയ്തവനല്ലാതെ ആരും സംസാരിക്കുന്നതല്ല.

ഖിയാമത്ത്‌ നളിന്റെ ഭയങ്കരാവസ്ഥയാണിവിടെ ഉദ്ദേശ്യം.മലക്കുകൾ അണിയണിയായിമനുഷ്യനെ വലയം ചെയ്ത്‌ കൊണ്ട്‌ നിൽക്കുന്ന ദിവസമാണത്‌.ജീവിതത്തിൽ അല്ലാഹുവിന്റെ ഇഷ്ടത്തിനെതിരായി ഒന്നും ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത പരിശുദ്ധരായ മലക്കുകൾ പോലും ഇന്ന് നാഥന്റെ തീരുമാനം എന്താവുമെന്ന് ഭയത്തോടെ നോക്കി നിൽക്കുമ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്തു മാത്രം ഭയാനകമാണെന്ന് ഊഹിക്കാമല്ലോഇവിടെ പറഞ്ഞ റൂഹ്‌ എന്നതിന്റെ ഉദ്ദേശ്യം എന്താണെന്നതിൽ വ്യാഖ്യാതാക്കൾക്കിടയിൽ ധാരാളം അഭിപായങ്ങളുണ്ട്‌. ജിബ്‌രീൽ(അ)എന്ന മലക്കാണെന്നും മനുഷ്യാത്മാക്കളാണെന്നും മറ്റും ....ആമഹത്തായ ദിനത്തിൽ നബിമാർ പോലും എന്നെ രക്ഷിക്കേണമേ എന്ന് പറയുന്ന ദിവസമാണ്‌ അല്ലാഹു അന്ന് സംസാരിക്കാൻ ചിലർക്ക്‌ അനുമതി നൽകുമെന്നാണ്‌ അല്ലാഹു പറയുന്നത്‌ സത്യം പറഞ്ഞവർക്കാണ്‌ സംസാരിക്കാൻ അനുവാദമെന്നും അനുമതി കിട്ടിയവർ സത്യമേ സംസാരിക്കൂ എന്നും ഭൂമിയിൽ വെച്ച്‌ സത്യവാക്യം ചൊല്ലിയവർക്ക്‌ വേണ്ടി മാത്രമേ ശുപാർശക്ക്‌ അല്ലാഹു അനുമതി നൽകൂ എന്നുമൊക്കെ ഇവിടെ വിവക്ഷിക്കാം . അതിനാൽ ആ ദിനത്തിലെ നബി(സ്വ)യുടെ ഏറ്റവും വലിയ ശുപാർശയെ കുറിച്ചുള്ള ഹദീസ്‌ (റാസി31/23)പ്രസിദ്ധമത്രെ

ذَلِكَ الْيَوْمُ الْحَقُّ فَمَن شَاء اتَّخَذَ إِلَى رَبِّهِ مَآبًا (39
അത്‌ സ്ഥിരപ്പെട്ട ദിവസമാകുന്നു.(വേണമെന്ന് ) ആർ ഉദ്ദേശിക്കുന്നുവോ അവൻ തന്റെ രക്ഷിതാവിങ്കലേക്ക്‌ (മടങ്ങുവാനുള്ള) ഒരു സങ്കേതം തയ്യാറാക്കി വെക്കട്ടെആ ദിനം. സത്യം പുലരുകയും അസത്യം തകർന്നടിയുകയും ചെയ്യും

(ഭൂമിയിൽ പലപ്പോഴും സത്യം തമസ്ക്കരിക്കപ്പെടുകയും അസത്യം വിജയിക്കുകയും ചെയ്യുന്ന കാഴ്ച്ച നാം കാണുന്നു എന്നാൽ ആ ദിനത്തിൽ അസത്യത്തിനു നിലനിൽപ്പില്ല തന്നെ! ഭൂമിയിൽ കൊമ്പുള്ള ഒരാട്‌ കൊമ്പില്ലാത്ത ഒരാടിനെ കുത്തിയിരുന്നുവെങ്കിൽ അന്ന് കൊമ്പില്ലാതിരുന്ന ആടിനു കൊമ്പ്‌ നൽകി പകരം കുത്താൻ അല്ലാഹു അവസരം നൽകുകയും ഇനി മണ്ണായികൊള്ളുക എന്ന് അവകളോട്‌ പറയപ്പെടുകയും ചെയ്യും എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌നിർണ്ണായകമായ ആദിനം ഉണ്ടാവുമെന്നും അതിനെ വരവേൽക്കാൻ സത്യവിശ്വാസവും സൽക്കർമ്മങ്ങളും മുഖേന അല്ലാഹുവിങ്കൽ മെച്ചപ്പെട്ടൊരു സങ്കേതം തയാറാക്കണമെന്നും അത്‌ ചിട്ടപ്പെടുത്താത്തവരുടെ പാരത്രികം വളരെ പരിതാപകരമായിരിക്കുമെന്നും അല്ലാഹു ഉണർത്തുകയാണിവിടെ

إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا (40
ജനങ്ങളേ )! നിശ്ചയം സമീപസ്ഥമായ ഒരു ശിക്ഷയെ കുറിച്ച്‌ നിങ്ങൾക്ക്‌ നാമിതാ താക്കീത്‌ അൽകിയിരിക്കുന്നു മനുഷ്യന്റെ രണ്ട്‌ കരങ്ങൾ മുൻ കൂട്ടി ചെയ്തു വെച്ചതിനെ അവൻ നോക്കികാണുകയും ഞാൻ മണ്ണായി പോയെങ്കിൽ നന്നായിരുന്നേനേ എന്ന് സത്യ നിഷേധി പറയുകയും ചെയ്യുന്ന ദിവസം(അനുഭവപ്പെടുന്ന ശിക്ഷ) അന്നത്തെ ഭയങ്കരാവസ്ഥ കാണുമ്പോൾ സത്യ വിശ്വാസവും സൽക്കർമ്മങ്ങളുമൊന്നും ഒരുക്കാത്തവർ പറയുന്നത്‌ ഞാൻ മണ്ണായെങ്കിൽ നന്നായിരുന്നു (പിന്നെ ശിക്ഷ അനുഭവിക്കേണ്ടി വരില്ലല്ലോ എന്ന നിലക്ക്‌ )

എന്നാണെന്നാണ്‌ അല്ലാഹു പറയുന്നത്‌ ഓരോരുത്തരും ഭൂമിയിൽ വെച്ച്‌ ചെയ്തത്‌ അവിടെ തൂക്കുന്ന ഘട്ടത്തിൽ തിന്മയുടെ ആധിക്യം കാണേണ്ടി വരുന്ന അവസ്ഥയെ കുറിച്ച്‌ നാം ശരിക്കും ബോധവാന്മാരാകണം ..ഇമാം റാസി(റ) എഴുതുന്നു നല്ലവരുടെ പ്രവർത്തനങ്ങൾ ചെയ്തു വെച്ചവർക്ക്‌ മംഗളം! തെമ്മാടികളുടെ പ്രവർത്തനങ്ങൾ ചെയ്ത്‌ വെച്ചവർക്ക്‌ നാശം!(റാസി31/24)

ഞാൻ മണ്ണായെങ്കിൽ നന്നായിരുന്നു എന്ന് അവിശ്വാസികൾ പറയാൻ പല കാരണങ്ങളും വ്യഖ്യാതാക്കൾ പറയുന്നു മണ്ണായെങ്കിൽ നന്നായിരുന്നു എന്നതിന്റെ താൽപര്യം പുനർജ്ജന്മം ഇല്ലാതിരുന്നാൽ മതിയായിരുന്നു അഥവാ മരിച്ച്‌ മണ്ണായി കിടന്ന അവസ്ഥ തുടർന്നാൽ മതിയായിരുന്നു എന്നാണ്‌ മൃഗങ്ങളിൽ നടപ്പാക്കാനുള്ള പ്രതിക്രിയ(ഖിസാസ്‌) കഴിഞ്ഞതിനു ശേഷം അവകളോട്‌ അല്ലാഹു പറയും നിങ്ങൾ മണ്ണായി പോവുക എന്ന് ഇത്‌ കാണുമ്പോഴാണ്‌ അവിശ്വാസികൾ: ഇങ്ങനെ പറയുക എന്നും അഭിപ്രായമുണ്ട്‌(റാസി31/25)

ഏറ്റവും പ്രയാസകരമായ ഈ കടമ്പകടക്കാൻ നാം ശ്രദ്ധിക്കുക.പരലോകം രക്ഷപ്പെട്ടതാക്കാൻ പണിയെടുക്കുക ഇല്ലെങ്കിൽ അവിടെ വിരൽ കടിക്കേണ്ടി വരും അല്ലാഹു നന്മക്ക്‌ തൗഫീഖ്‌ നൽകട്ടെ ആമീൻ തുടരും (ഇൻശാ അല്ലാഹ്‌

5 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 78 (അന്നബഅ് ) (സൂക്തം 31 മുതല്‍ 40 വരെയുള്ളതിന്റെ വിശദീകരണം )ഇവിടെ

Anonymous said...

May ALLAH accept your works and reward you hereafter ,ameen

നേരിന്റെ കൂടെ said...

ഈ നല്ല വിശദീകരണത്തിന്‌ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

വഴികാട്ടി / pathfinder said...

dear all,
thanks for your support.

NB; REPOSTED DUE TO SOME TYPE SETTING ERROR

prachaarakan said...

GOOD .. THANK YOUR VERY MUCH FOR THIS GOOD EFFORT.