Tuesday, September 20, 2011

അദ്ധ്യായം-76 -സൂറത്തുദ്ദഹ്റ് /സൂറത്തുൽ ഇൻസാൻ-ഭാഗം-02


سورة الإنسان –سورة الدهر

മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 31Part -01 (1 മുതല്‍ 22 വരെ ഇവിടെ വായിക്കുക )


بسم الله الرحمن الرحيم


പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു

  


إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنزِيلًا (23


നിശ്ചയമായും തങ്ങൾക്ക് നാം ഖുർആനിനെ അല്പാല്പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു


ഖുർആൻ അള്ളാഹു അവതരിപ്പിച്ചതാണെന്നും ബഹു ദൈവ വിശ്വാസികളായിരുന്ന മക്കക്കാർ വാദിച്ചത് പോലെ നബി(സ) സ്വന്തമായി നിർമ്മിച്ചുണ്ടാക്കിയതല്ലെന്നും സ്ഥിരീകരിക്കാനാണ് ഈ പ്രഖ്യാപനം(ഖുർത്വുബി)


ഇമാം റാസി(റ)എഴുതുന്നു. ‘ഈ സൂക്തം, നബി(സ)യെ ജോത്സ്യനാണെന്നും ആഭിചാരക്കാരനാണെന്നും ഖുർആൻ കെട്ടുകഥകളാണെന്നുമൊക്കെയുള്ള ആരോപണത്തിനെതിരെയുള്ള ശക്തമായ മറുപടിയാണ്. ഖുർആൻ അള്ളാഹു അവതരിപ്പിച്ചതാണെന്ന പ്രഖ്യാപനം. ഇത് നബി(സ)യെ സന്തോഷിപ്പിക്കാനും തങ്ങൾക്ക് സ്ഥിരത നൽകാനുമാണ്. രണ്ട് ഗുണങ്ങൾ ഇങ്ങനെ പറയുന്നത് കൊണ്ടുണ്ടാവുന്നു (1) വിവര ദോഷികൾ നബി(സ)യെ ആക്ഷേപിക്കുന്നുണ്ടെങ്കിലും എല്ലാത്തിന്റെയും അധിപനായ അള്ളാഹു തങ്ങളെ ആദരിക്കുകയും അവിടുത്തെ സത്യസന്ധത സ്ഥിരീകരിക്കുയും ചെയ്യുന്നു (2) ശത്രുക്കളുണ്ടാക്കുന്ന പ്രയാസങ്ങളിൽ സഹിക്കാനുള്ള ശക്തി സംഭരിക്കൽ എന്നിവയാണത് (റാസി)


ഖുർആനിനെ അള്ളാഹു ഒന്നായി അവതരിപ്പിച്ചതല്ല സന്ദർഭവും സാഹചര്യവും അനുസരിച്ച് അല്പാല്പമായാണ് അവതരിപ്പിച്ചത്فَاصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ آثِمًا أَوْ كَفُورًا(24

അതിനാൽ അങ്ങയുടെ രക്ഷിതാവിന്റെ കല്പനക്ക് തങ്ങൾ ക്ഷമിച്ചു കൊള്ളുക അവരിൽ നിന്നുള്ള കുറ്റവാളിയെയോ സത്യ നിഷേധിയെയോ തങ്ങൾ അനുസരിക്കരുത്


ഖുർആനിനെ ഒറ്റയടിക്ക് അവതരിപ്പിക്കാത്തത് അടക്കം നാഥന്റെ തീരുമാനങ്ങൾക്കെതിരിൽ ആർ ആക്ഷേപം ഉന്നയിച്ചാലും അത് കാര്യമാക്കാതെ ആ വിധി അംഗീകരിക്കുകയും അത് നടപ്പാക്കുന്നിടത്ത് വരുന്ന വിഷമങ്ങൾ ക്ഷമയോടെ സഹിക്കണമെന്നും ഉണർത്തുകയും അള്ളാഹുവിന്റെ വിധികളെ വെല്ലുവിളിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പാപികളെയും നിഷേധികളെയും അങ്ങ് അനുസരിക്കരുത് എന്ന് ഉണർത്തുകയും ചെയ്തിരിക്കുകയാണിവിടെ


ഇമാം ഖുർത്വുബി(റ) എഴുതുന്നു. ‘അബൂജഹ്ൽ പറഞ്ഞു. മുഹമ്മദ് നബി(സ) നിസ്ക്കരിക്കുന്നത് ഞാൻ കണ്ടാൽ ഞാൻ നബിയുടെ പിരടിയിൽ ചവിട്ടുമെന്ന്, അപ്പോൾ അള്ളാഹു അവതരിപ്പിച്ചതാണീ സൂക്തം. (എന്ത് പ്രകോപനം അവരുണ്ടാക്കിയാലും അവർക്ക് വഴങ്ങിക്കൊടുക്കരുതെന്നും അത്തരം പ്രതികരണങ്ങളെല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യണമെന്നും സാരം)


ഉത്ബത് ബിൻ റബീഅ:യും വലീദ് ബിൻ മുഗീറയും നബി(സ)യുടെ അടുത്ത് ചെന്ന് പ്രവാചകത്വ വാദം ഉപേക്ഷിച്ചാൽ ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം ചെയ്ത് തരികയും ആവശ്യപ്പെടുന്ന സമ്പത്ത് നൽകാമെന്നും (അതായത് പ്രവാചകത്വ വാദം ഉപേക്ഷിച്ചാൽ എന്റെ പെൺമക്കൾ ഖുറൈശികളിലെ ഏറ്റവും സൌന്ദര്യമുള്ള പെൺകുട്ടികളാണ് മഹർ ഇല്ലാതെ തന്നെ ഞാൻ അവരിലൊരാളെ കല്യാണം കഴിച്ചു തരാം എന്ന് ഉത്ബതു ബിൻ റബീഅ:യും ഇങ്ങനെ പ്രവാചകത്വ വാദം ഉന്നയിക്കുന്നത് ധനത്തിനു വേണ്ടിയാണെങ്കിൽ ഈ വാദം ഉപേക്ഷിച്ചാൽ നിങ്ങൾക്ക് തൃപ്തി വരുന്നത്ര ധനം ഞാൻ തരാം എന്ന് വലീദും പറഞ്ഞു. അപ്പോഴാണ് ഇത്തരക്കാരെയൊന്നും തങ്ങൾ അനുസരിക്കരുതെന്ന് അർത്ഥം വരുന്ന ഈ സൂക്തം അവതരിച്ചത് എന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇവിടെ പറഞ്ഞ കുറ്റവാളി കപട വിശ്വാസിയാണെന്നും കാഫിർ പരസ്യമായി സത്യ നിഷേധം ഉൾക്കൊള്ളുന്നവനാനെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇമാം റാസി(റ) എഴുതുന്നു,, كَفُور , آثِمً. ഇത് തമ്മിലെന്താണ് വ്യത്യാസം എന്ന ചോദ്യമുണ്ടിവിടെ, ഉത്തരമിതാണ്. കുറ്റവാളിയെന്നാൽ ദോഷങ്ങളിലേക്ക് മുന്നിടുന്നവൻ എന്നാണ് അത് എന്ത് കുറ്റമായാലും ശരി എന്നാൽ കാഫിർ എന്നത് അനുഗ്രഹത്തെ നിഷേധിക്കുന്നവനാണ്! അപ്പോൾ എല്ലാ നിഷേധിയും കുറ്റവാളിയാണ് എന്നാൽ എല്ലാ കുറ്റവാളിയും നിഷേധിയാവണമെന്നില്ല (റാസി)


ഇവിടെ പറഞ്ഞ , آثِمً വലീദ് ബിൻ മുഗീറയാണെന്നും (അയാളെക്കുറിച്ച് أثيمഎന്ന് ഖുർആൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ)

كَفُور ഉത്ബത്ത് ആണെന്നും തിരിച്ചും അഭിപ്രായമുണ്ട്. ഈ രണ്ട് വിശേഷണവും അബൂ ജ‌ഹ്‌ലിനെക്കുറിച്ചാണെന്നും വീക്ഷണമുണ്ട് .ഈ സ്വഭാവമുള്ള എല്ലാവർക്കും ബാധകമാണിതെന്ന കാര്യത്തിൽ സംശയമില്ല(റാസി)

ഇവിടെ ഒരു ചോദ്യമുണ്ട് അവർ എല്ലാവരും നിഷേധികളും കുറ്റവാളികളുമാണെന്നിരിക്കെ എന്തിനു രണ്ട് വിശേഷണം,? ഉത്തരമിതാണ്. കുറ്റങ്ങളിൽ ഏറ്റവും മോശമായത് നിഷേധമായത് കൊണ്ട് അത് പ്രത്യേകം ഉണർത്തിയതാണ്(റാസി) 25) وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا


രാവിലെയും വൈകുന്നേരവും തങ്ങളുടെ റബ്ബിന്റെ നാമം സ്മരിക്കുകയും ചെയ്യുക


ഈ സ്മരണയുടെ പ്രധാന ഉദ്ദേശ്യം നിസ്ക്കാരമാണ് രാവിലെയും വൈകുന്നേരവും എന്നതിൽ സുബ്ഹ് .ദുഹ്റ്, അസ്ർ എന്നീ നിസ്ക്കാരങ്ങൾ വരുന്നു


നിസ്ക്കാരമല്ലാത്ത ദിക്റുകൾ എല്ലാ സമയത്തും ചൊല്ലണമെന്നും ഈ വാക്യം സൂചിപ്പിക്കുന്നുണ്ട്. അള്ളാഹുവെ വിസ്മരിക്കുന്ന മനസിൽ പിശാച് അടയിരിക്കുമെന്ന പ്രവാചകാധ്യാപനം നാം ഓർക്കേണ്ടതുണ്ട് 26 ) وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًاരാത്രിയിൽ നിന്ന് (അല്പ സമയം) തങ്ങൾ അള്ളാഹുവിനു സുജൂദ് ചെയ്യുക രാത്രിയിൽ ഒരു നീണ്ട സമയം അവനു തസ്ബീഹും (അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കൽ) നടത്തുക


രാത്രിയിൽ നിന്ന് അല്പ സമയം എന്നതിൽ മഗ്‌രിബ്, ഇശാഅ് എന്നിവ ഉൾപ്പെടുന്നു അഞ്ച് നേരത്തെ നിസ്ക്കാരത്തെയും ഈ വാക്യങ്ങൾ ഒരു മിച്ചു കൂട്ടുന്നുണ്ടെന്ന് ഇമാം റാസി/ഖുർത്വുബി തുടങ്ങിയ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്

രാത്രിയിൽ നീണ്ട സമയം തസ്ബീഹ് ചൊല്ലുക എന്ന കല്പനയിൽ തഹജ്ജുദ് നിസ്ക്കാരം ഉൾപ്പെടുന്നു. രാത്രി നിസ്ക്കാരം നബി(സ)ക്ക് നിർബന്ധമാണെന്ന് അഭിപ്രായമുണ്ടല്ലോ 27 ) إِنَّ هَؤُلَاء يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءهُمْ يَوْمًا ثَقِيلًا

ഇക്കൂട്ടർ ഐഹിക ജീവിതത്തെ തന്നെയാണ് ഇഷ്ടപ്പെടുന്നത് തങ്ങളുടെ മുന്നിൽ ഭാരമേറിയ ഒരു ദിവസത്തെ അവർ വിട്ട് കളയുകയും ചെയ്യുന്നുകഴിഞ്ഞ അദ്ധ്യായത്തിലെ 20-21 വാക്ക്യങ്ങളുടെ ആശയം തന്നെയാണിവിടെയും ഉള്ളത്. ഭാരമേറിയ ദിവസം എന്നത് അന്ത്യനാളാണ് അന്നത്തെ ഭയാനകതയും വിഷമങ്ങളും പരിഗണിച്ചാണ് ഭാരമേറിയ ദിനം എന്ന് അതിനെ വിശേഷിപ്പിച്ചത് ക്ഷണികമായ ഭൌതിക ജീവിതത്തെ ഇഷ്ടപ്പെട്ട ഇവർ ഗൌരവമേറിയ പാരത്രിക ജീവിതം വിസ്മരിച്ചവരാണെന്നും അതാണിവർ സന്മാർഗം പ്രാപിക്കാതെ പോയതെന്നും ആണിവിടെ ഉണർത്തുന്നത് .


തങ്ങളുടെ മുന്നിൽ ഭാരമേറിയ ഒരു ദിനം അവർ വിട്ടു കളഞ്ഞു എന്നാൽ അന്ത്യ നാൾ സത്യമാണെന്ന് അവർ വിശ്വസിച്ചില്ലെന്നും അതിനു വേണ്ടി അവർ പ്രവർത്തിച്ചില്ലെന്നും വ്യാഖ്യാനമുണ്ട്. ഭൌതിക കാര്യ ലാഭത്തിനു വേണ്ടി നബി(സ)യുടെ വിശേഷണങ്ങൾ തങ്ങളുടെ ഗ്രന്ഥത്തിലുള്ളത് മറച്ചു വെച്ച ജൂതരും ദുനിയാവിന്റെ നേട്ടത്തിനായി അവിശ്വാസത്തെ പിന്തുണച്ച കപടന്മാരും ഈ സൂക്തത്തിന്റെ പരിധിയിൽ പെടുന്നു. പരലോകം എന്തായാലും ഇവിടെ ധനം ലഭിച്ചാൽ മതി എന്ന ചിന്തയിൽ ഹറാമും ഹലാലും വിവേചനമില്ലാതെ എന്ത് തട്ടിപ്പും ചെയ്ത് പണമുണ്ടാക്കുന്ന മുസ്ലിം നാമധാരികളും ഇത് ഗൌരവമായി ആലോചിക്കേണ്ടതാണ്


 28) نَحْنُ خَلَقْنَاهُمْ وَشَدَدْنَا أَسْرَهُمْ وَإِذَا شِئْنَا بَدَّلْنَا أَمْثَالَهُمْ تَبْدِيلًاനാമാണ് അവരെ സൃഷ്ടിച്ചതും അവരുടെ ശരീര ഘടനയെ ബലപ്പെടുത്തുന്നതും .നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർക്ക് തുല്യമായവരെ നാം പകരം കൊണ്ടുവരുമായിരുന്നു


മനുഷ്യനു ജന്മം നൽകി എന്നതും ശക്തി നൽകി എന്നതും വലിയ അനുഗ്രഹമാണ്.ശരീര ഘടനയെ ബലപ്പെടുത്തുക എന്നാൽ ആവശ്യമായ മജ്ജയും ഞരമ്പുകളും  കെണുപ്പുകളും അടക്കം ശരീരത്തിന്റെ ഉറപ്പിനാവശ്യമായ എല്ലാം നൽകി എന്നാണ്. എന്നാൽ അള്ളാഹു നൽകിയ ഈ അനുഗ്രഹങ്ങൾ ഉപയോഗിച്ച് ആ അള്ളാഹുവിനു നന്ദികേട് കാണിക്കുന്ന മനുഷ്യരെ നശിപ്പിച്ച് അള്ളാഹുവിനെ പൂർണ്ണമായി അനുസരിക്കുന്ന മറ്റൊരു വിഭാഗത്തെ സൃഷ്ടിക്കുക എന്നത് അള്ളാഹുവിനു പ്രശ്നമുള്ള കാര്യമല്ലെന്ന് സാരം


ഇമാം റാസി(റ) എഴുതുന്നു. ‘യഥാർത്ഥത്തിൽ ഭൌതികതയോടുള്ള അവരുടെ ഇഷ്ടത്തെക്കുറിച്ച് ചിന്തിച്ചാൽ പോലും അവർ അള്ളാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ചും അവന്റെ ശിക്ഷയെ ഭയപ്പെട്ടും (രണ്ട് നിലയിലും) അവനെ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. അനുഗ്രഹം പ്രതീക്ഷിച്ചു കൊണ്ട് അവനെ അനുസരിക്കേണ്ടി വരുന്നത് അള്ളാഹുവാണ് ഇവരെ സൃഷ്ടിച്ചതും സുരക്ഷിതമായ അവയവങ്ങൾ ഇവർക്ക് നൽകിയതും. അവർ ഇഷ്ടപ്പെടുന്ന ഭൌതിക സുഖങ്ങളും രസങ്ങളും അനുഭവിക്കാനും ഈ അവയവങ്ങളും അതിൽ അള്ളാഹു പടച്ച ഉപകാരങ്ങളും ആവശ്യമാണ്. അപ്പോൾ ഇവരുടെ ജന്മവും ഇവരുടെ അവയവങ്ങളുമൊക്കെ അള്ളാഹു നൽകുകയും അവക്ക് ഈ രൂപത്തിൽ ഉപകാരം അള്ളാഹു സൃഷ്ടിച്ചു കൊടുക്കുകയും ചെയ്യണമെന്ന് വരുമ്പോൾ ഇവർ ഇഷ്ടപ്പെടുന്ന സുഖങ്ങൾ അനുഭവിക്കാനും അള്ളാഹുവിന്റെ അനുഗ്രഹം അനിവാര്യമാണെന്ന് വരുന്നു അവന്റെ അനുഗ്രഹം നഷ്ടപ്പെടാതിരിക്കാനായി അവനിൽ പ്രതീക്ഷയർപ്പിച്ചും അവനെ അനുസരിച്ചും ജീവിക്കാൻ ഇവർ നിർബന്ധിതരാവുന്നു ഇതാണ് അനുഗ്രഹം പ്രതീക്ഷിച്ച് അവനെ അനുസരിക്കുക എന്നതിന്റെ താല്പര്യം. ഭയപ്പെട്ട് കൊണ്ട് അള്ളാഹുവെ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണന്നതിന്റെ താല്പര്യം ഇവരെ മരിപ്പിക്കാനോ ഇവർക്ക് നൽകിയ അനുഗ്രഹങ്ങൾ ഇല്ലായ്മ ചെയ്യാനോ അവർക്ക് പരീക്ഷണങ്ങൾ നൽകി ശിക്ഷിക്കാനോ അള്ളാഹുവിനു കഴിവുണ്ടെന്നും അവൻ അങ്ങനെ വല്ലതും ചെയ്താൽ പിന്നെ ഇവരിഷ്ടപ്പെടുന്ന ഭൌതിക സുഖം എങ്ങനെ നേടുമെന്ന് ചിന്തിച്ചാലും അള്ളാഹുവെ ഭയപ്പെട്ട് അവനെ അനുസരിക്കുകയാണവർ ചെയ്യേണ്ടത് ,എന്നിട്ടും ഇവരുടെ ഈ നിഷേധം വളരെ പരിഹാസ്യമാണ് എന്നുണർത്തുകയാണ് അവരെ പടച്ചതും ശക്തി നൽകിയതും ഞാനാണെന്നും അവരെ നശിപ്പിച്ച് മറ്റൊരു വിഭാഗത്തെ കൊണ്ട് വരാൻ എനിക്ക് പ്രയാസമില്ലെന്നും അള്ളാഹു ഈ സൂക്തത്തിലൂടെ അറിയിച്ചത് ശക്തമായ താക്കീതത്രെ!(റാസി)

അള്ളാഹുവിനു നമ്മുടെ ഒരു ആവശ്യവുമില്ലെന്ന മുന്നറിയിപ്പാണ് നിങ്ങളെ നശിപ്പിക്കുന്നത് അള്ളാഹുവിനു പ്രശ്നമല്ലെന്നു പറഞ്ഞതിൽ നിന്ന് മനസ്സിലാക്കേണ്ടത്

ഈ ആശയം പലയിടത്തും അള്ളാഹു പഠിപ്പിച്ചിട്ടുണ്ട് 29 ) إِنَّ هَذِهِ تَذْكِرَةٌ فَمَن شَاء اتَّخَذَ إِلَى رَبِّهِ سَبِيلًا

നിശ്ചയം ഇതൊരു മഹത്തായ ഉദ്ബോധനമാണ് അത് കൊണ്ട് വല്ലവനും ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് (വേണ്ടുന്ന)മാർഗം ഏർപ്പെടുത്തിക്കൊള്ളട്ടെ


ഇതുവരെയായി സ്വർഗ നരകങ്ങളുടെ അവസ്ഥയും സജ്ജനങ്ങളുടെയും ദുർജ്ജനങ്ങളുടെയും സ്ഥിഥിഗതികളും വിശദീകരിച്ചത് എല്ലാവർക്കുമുള്ള ഒരു ഉദ്ബോധനമാണെന്നും അത് കൊണ്ട് സന്മാർഗം സ്വീകരിച്ച് അള്ളാഹുവിന്റെ പ്രീതി നേടുവാൻ ഉദ്ദേശിക്കുന്നവർ അങ്ങനെ ചെയ്തു കൊള്ളട്ടെ എന്നുമാണ് അള്ളാഹു പറയുന്നത്30) وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا


അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല അള്ളാഹു സർവജ്ഞനും അഗാധജ്ഞനും തന്നെയാകുന്നു


നിങ്ങൾക്ക് എന്തെങ്കിലും ഉദ്ദേശിക്കാൻ പോലും അള്ളാഹുവിന്റെ തീരുമാനം വേണമെന്ന് സാരം 31) يُدْخِلُ مَن يَشَاء فِي رَحْمَتِهِ وَالظَّالِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًا


താനുദ്ദേശിക്കുന്നവരെ അവൻ തന്റെ അനുഗ്രഹത്തിൽ പ്രവേശിപ്പിക്കും അക്രമികൾക്കാവട്ടെ വേദനാജനകമായ ശിക്ഷ അവൻ ഒരുക്കിവെക്കുകുകയും ചെയ്തിരിക്കുന്നു

അള്ളാഹുവിന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായവരെ അള്ളാഹു തന്റെ അനുഗ്രഹത്തിൽ പ്രവേശിപ്പിക്കും. നന്മ ചെയ്യാനുള്ള മനസ്സും അനുകൂല സാഹചര്യം നൽകലും സന്മാർഗമുൾക്കൊള്ളാനുള്ള മനസ്ഥിതി നൽകലുമൊക്കെ ഈ അനുഗ്രഹത്തിന്റെ ഭാഗമാണ്(ബൈളാവി)


അല്ലാത്തവർക്ക് ശക്തമായ ശിക്ഷയും അള്ളാഹു നൽകും .അതിന്റെ സാമ്പിളുകളാണ് ഈ അദ്ധ്യായത്തിന്റെ മുൻ സൂക്തങ്ങളിൽ പരാമർശിക്കപ്പെട്ടത് അള്ളാഹു നല്ലവർക്ക് നൽകുന്ന എല്ലാ മഹത്വങ്ങൾക്കും നമ്മെ അവൻ അർഹരാക്കട്ടെ ആമീൻ


ഈ അദ്ധ്യായത്തിന്റെ അത്യത്ഭുതകരമായ ഘടനയെക്കുറിച്ച് ഇമാം റാസി(റ) എഴുതുന്നു. അദ്ധ്യായത്തിന്റെ ആരംഭത്തിൽ ശൂന്യതയിൽ നിന്ന് അള്ളാഹു മനുഷ്യനെ പലതും കൂടിച്ചേർന്ന ഇന്ദ്രിയത്തുള്ളിയിൽ നിന്ന് പടച്ചുവെന്നും അവരെ അള്ളാഹു വെറുതെ പടച്ചതല്ലെന്നും പ്രത്യുത പരീക്ഷണാർത്ഥമാണെന്നും പരീക്ഷണത്തിൽ വിജയിക്കാനാവശ്യമായ ചിന്താ ശേഷി നൽകാനായി കാഴ്ചയും കേൾവിയും അവർക്ക് അള്ളാഹു നൽകിയെന്നും അത് ഉപയോഗപ്പെടുത്തിയവർ നന്ദിയുള്ളവരും അല്ലാത്തവർ നിഷേധികളുമായെന്നും രണ്ട് വിഭാഗത്തിനും ലഭിക്കാനിരിക്കുന്ന ഫലങ്ങൾ തുടർന്ന് അള്ളാഹു വിശദീകരിച്ചു എന്നാൽ അനുഗ്രഹത്തെയാണ് ശിക്ഷയെക്കാൾ കൂടുതൽ പരാമർശിച്ചത് കാരണം അനുഗ്രഹത്തിന്റെ ശൈലിക്കാണ് കൂടുതൽ ശക്തി. പിന്നീട് ഭൌതികലോകത്തെ സാഹചര്യങ്ങൾ വിശദീകരിച്ചു. നബി(സ)യും സത്യവിശ്വാസികളും അനുസരിച്ചവരും അല്ലാത്തവർ ധിക്കരിച്ചുവരുമാണെന്നും രണ്ട് വിഭാഗത്തെയും പ്രത്യേകം കാത്തിരിക്കുന്ന രക്ഷാ ശിക്ഷകളും പറഞ്ഞു കൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത് എന്നത് ഇതിന്റെ വളരെ ഭംഗിയുള്ള ക്രമീകരണമാണ് (റാസി)അള്ളാഹുവിന്റെ ഉത്തമരായ അടിമകളിൽ നമുക്ക് അവൻ ഇടം നൽകട്ടെ ആമീൻ1 comment:

വഴികാട്ടി / pathfinder said...

ഇമാം റാസി(റ)എഴുതുന്നു. ‘ഈ സൂക്തം, നബി(സ)യെ ജോത്സ്യനാണെന്നും ആഭിചാരക്കാരനാണെന്നും ഖുർആൻ കെട്ടുകഥകളാണെന്നുമൊക്കെയുള്ള ആരോപണത്തിനെതിരെയുള്ള ശക്തമായ മറുപടിയാണ്.