Sunday, March 25, 2012

അദ്ധ്യായം-57-സൂറത്തുൽ ഹദീദ്‌-ഭാഗം-03

سورة الحديد

മദീനയിൽ അവതരിച്ചു :സൂക്തങ്ങൾ 29



ഭാഗം-01 ( 1 മുതൽ 11 വരെ സൂക്തം -വിവരണം ഇവിടെ വായിക്കുക)
ഭാഗം-02 ( 12 മുതൽ 20 വരെ സൂക്തം -വിവരണം ഇവിടെ വായിക്കുക)



بسم الله الرحمن الرحيم
പരമ കാരുണികനും കരുണാ വാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞു അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


سَابِقُوا إِلَى مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاء وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاء وَاللَّهُ ذُو الْفَضْلِ الْعَظِيمِ(21


നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപ മോചനത്തിലേക്കും ആകാശ ഭൂമികളുടേതിനോട് തുല്യമായ വിശാലതയുള്ള സ്വർഗ്ഗത്തിലേക്കും നിങ്ങൾ മുൻ കടക്കുക അള്ളാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവർക്കുവേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു അത് അള്ളാഹുവിന്റെ ഔദാര്യമാണ് താനുദ്ദേശിക്കുന്നവർക്ക് അത് അവൻ നൽകുന്നു അള്ളാഹു മഹത്തായ ഔദാര്യമുള്ളവനാകുന്നു

പാരത്രിക ലോകം ശാശ്വതമാണല്ലോ,അവിടെ അള്ളാഹു സംവിധാനിച്ച സ്വർഗത്തിലേക്കും പാപമോചനത്തിലേക്കും ഓരോരുത്തരും ഞാൻ ഞാൻ എന്ന വാശിയോടെ ആവേശത്തോടെ മുന്നോട്ട് വരണമെന്നും അള്ളാഹു കൽ‌പ്പിക്കുകയാണ് സ്വർഗമെന്നത് കേവലമൊരു കെട്ടിടമോ തോട്ടമോ അല്ല ആകാശ ഭൂമികണക്കെ പ്രവിശാലമായ ഒരു മഹാ ലോകമാണത് അത് പക്ഷെ അള്ളാഹുവിനെയും റസൂലിനെയും അനുസരിച്ചു കൊണ്ടുള്ള ജീവിതം നയിച്ചവർക്കേ ലഭിക്കൂ .അനുസരിച്ചവർക്ക് തന്നെ അത് ലഭിക്കുന്നത് അള്ളാഹുവിന്റെ ഔദാര്യമാണ് നമ്മുടെ അവകാശമല്ല.

പാപ മോചനത്തിലേക്ക് നമ്മെ എത്തിക്കുന്നതിനായി സൽക്കർമ്മങ്ങൾ സജീവമാക്കണമെന്നും പാശ്ചാത്താപം പെട്ടെന്നാക്കണമെന്നുമെല്ലാം ഇതിന്റെ വ്യാഖ്യാനത്തിൽ പെടും



مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ(22


ഭൂമിയിലാകട്ടെ നിങ്ങളുടെ ദേഹങ്ങളിലാകട്ടെ ഒരു ആപത്തും(അതിനെ നാം സൃഷ്ടിക്കുന്നതിനു മുമ്പായിത്തന്നെ )ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടല്ലാതെ ബാധിക്കുകയില്ല നിശ്ചയമായും അത് അള്ളാഹുവിനു എളുപ്പമുള്ളതാകുന്നു


ഒരു ആപത്തും എന്ന് പറഞ്ഞതിൽ ചെറുതോ വലുതോ പൊതുവായതോ പ്രത്യേകമായതോ എന്ന വ്യത്യാസമില്ലാതെ എല്ലാം ഉൾപ്പെടും.അത് ക്ഷാമം, വരൾച്ച,ദാരിദ്ര്യം മുതലായ ഭൂമിയിൽ ഉണ്ടാവുന്നതാവട്ടെ രോഗം, മരണം മുതലായ ശരീരങ്ങളിൽ ബാധിക്കുന്നതാകട്ടെ അത് ഉണ്ടാവുന്നതിനു മുമ്പേ തന്നെ അള്ളാഹു ഒരു അടിസ്ഥാന ഗ്രന്ഥത്തി (ലൌഹുൽ മഹ്ഫൂള്) ൽ രേഖപ്പെടുത്തിയിട്ടുണ്ട് മഴ, ആരോഗ്യം, സന്താനം തുടങ്ങിയ അനുഗ്രഹങ്ങളുടെ നിലയും ഇങ്ങനെ തന്നെ –അള്ളാഹു നേരത്തെ തീരുമാനിച്ചിട്ടുണ്ട്-ഇസ് ലാമിലെ പ്രധാനപ്പെട്ട ഒരു വിശ്വാസമാണല്ലോ നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അള്ളാ‍ഹുവിന്റെ തീരുമാനമനുസരിച്ചാണെന്നത്.അത് സ്ഥിരപ്പെടുത്തുന്ന സൂക്തമാണിത്.ഇത് അള്ളാഹുവിനു വളരെ എളുപ്പമാണ്



لِكَيْلَا تَأْسَوْا عَلَى مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُور(23


(അങ്ങനെ രേഖപ്പെടുത്തിയത് അഥവാ ആ വിവരം നിങ്ങളെ അറിയിച്ചത്)നിങ്ങൾക്ക് ലഭിക്കാതെ പോയതിൽ ദു:ഖിക്കാതിരിക്കാനും നിങ്ങൾക്കവൻ നൽകിയതിൽ നിങ്ങൾ(അഹങ്കാരത്തിന്റെ)ആഹ്ലാദം കൊള്ളാതിരിക്കാനും വേണ്ടിയാണ് അഹങ്കരിക്കുകയും അഭിമാനം നടിക്കുകയും ചെയ്യുന്ന ആരെയും അള്ളാഹു ഇഷ്ടപ്പെടുന്നതല്ല


എല്ലാ കാര്യവും അള്ളാഹു മുൻ കൂട്ടി തീരുമാനിക്കുകയും ആ വിവരം നമ്മെ അറിയിക്കുകയും ചെയ്തതിന്റെ യുക്തിയാണ് ഇവിടെ വിശദീകരിക്കുന്നത് അതായത് നിങ്ങളുടെ നഷ്ടങ്ങളിൽ പരിധി വിട്ട് ദു:ഖിക്കാതിരിക്കാനും ലഭിച്ച അനുഗ്രഹങ്ങളിലെ സന്തോഷം പരിധി വിട്ട് അഹങ്കാരത്തിലെത്താതിരിക്കാനും ഇതെല്ലാം അള്ളാഹു തനിക്ക് കണക്കാക്കിയതാണെന്ന അറിവ് നമ്മെ സഹായിക്കും.നഷ്ടത്തിൽ ക്ഷമയും അനുഗ്രഹത്തിനു നന്ദിയും രേഖപ്പെടുത്തുന്നവനാവണം വിശ്വാസി.അഹങ്കാരവും ദുരഭിമാനവും അള്ളാഹു ഇഷ്ടപ്പെടുകയില്ല ദു:ഖത്തിലും സന്തോഷത്തിലും അള്ളാഹു ഇഷ്ടപ്പെടാത്ത പരിധിയിലേക്ക് പോകരുത് എന്ന് സാരം


 
الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ وَمَن يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ(24



അതായത് പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാൻ ആളുകളോട് കൽ‌പ്പിക്കുകയും ചെയ്യുന്നവരെ (അല്ലാഹു ഇഷ്ടപ്പെടുന്നതല്ല) ആരെങ്കിലും തിരിഞ്ഞു പോകുന്ന പക്ഷം നിശ്ചയമായും അള്ളാഹു നിരാശ്രയനും സ്തുത്യർഹനുമാകുന്നു


അഹങ്കാരികളുടെ ഒരു സ്വഭാവമാണ് പിശുക്ക് കാണിക്കലും അത് മറ്റുള്ളവരോട് കൽ‌പ്പിക്കലും.ഇവിടെ പറഞ്ഞ പിശുക്കിൽധനം ചിലവഴിക്കുന്നതിലുള്ള പിശുക്കിനു പുറമേ അറിയാവുന്ന വിവരം മറ്റുള്ളവരിൽ നിന്ന് മറച്ചു വെക്കുന്നതും ഉൾപ്പെടും.നബി(സ)യുടെ വിശേഷണങ്ങൾ വേദക്കാരുടെ ഗ്രന്ഥത്തിലുണ്ടായിരുന്നത് അവർ ജനങ്ങളിൽ നിന്ന് മറച്ചു വെച്ചതും ഈ പിശുക്കിന്റെ പരിധിയിൽ വരും അപ്പോൾ പിശുക്ക് കൊണ്ട് കൽ‌പ്പിച്ചു എന്നതിൽ അറിയാവുന്ന വിവരം മറച്ചു വെക്കണമെന്ന് അവർ മറ്റുള്ളവരോട് കൽ‌പ്പിച്ചു എന്നും അർത്ഥമുണ്ട്(ഖുർത്വുബി)



لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ(25


നിശ്ചയമായും വ്യക്തമായ തെളിവുകളും കൊണ്ട് നമ്മുടെ റസൂലുകളെ നാം അയക്കുകയും ജനങ്ങൾ നീതിയനുസരിച്ച് നിലകൊള്ളുവാനായി അവരിലേക്ക് ഗ്രന്ഥവും നീതിയും ഇറക്കുകയും ചെയ്തു നാം ഇരുമ്പും സൃഷ്ടിച്ചിരിക്കുന്നു അതിൽ കഠിനമായ ആയോധന ശക്തിയും ജനങ്ങൾക്ക് പല പ്രയോചനങ്ങളുമുണ്ട് അദൃശ്യനായ നിലയിൽ തന്നെയും തന്റെ ദൂതന്മാരെയും സഹായിക്കുന്നവർ ആരാണെന്ന് അള്ളാഹു(പ്രത്യക്ഷത്തിൽ)അറിയുവാൻ വേണ്ടിയാണ്(അത്) അള്ളാഹു ശക്തനും പ്രതാപശാലിയും തന്നെ


ജനങ്ങൾ ഇവിടെ സമാധാനത്തോടെ ജീവിക്കാനും ഇരു ലോകത്തും വിജയം നേടുവാനും അള്ളാഹു സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ഈ വാക്യം ഉണർത്തുന്നത് അവൻ തന്റെ ദൂതന്മാരെ അമാനുഷിക സിദ്ധികളും വ്യക്തമായ നിയമ സംഹിതകളും

അടക്കമുള്ള ലക്ഷ്യങ്ങൾ നൽകി അയക്കുകയും ജനങ്ങൾ അനുവർത്തിക്കേണ്ട നടപടി ക്രമങ്ങൾ വിവരിക്കുന്ന നിയമ വിധികളും അവർക്ക് നൽകി.ജനങ്ങൾ പരസ്പരം നീതിയോടും മര്യാദയോടും കൂടി വർത്തിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു .എന്നാൽ ജനങ്ങൾ വ്യത്യസ്ഥ സ്വഭാവക്കാരായിരിക്കുമല്ലോ ചിലർ സത്യം പുൽകാൻ തയാറാവുകയും നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുമ്പോൾ മറ്റു ചിലർ ദുർമാർഗികളും അക്രമികളുമായിരിക്കും സത്യമാർഗം ചൂണ്ടിക്കാ‍ണിക്കുന്നവരെ അക്രമിക്കാനും തന്റെ അധർമ്മം സ്ഥാപിക്കാനും അത്തരക്കാർ ശ്രമിക്കും.ജനത്തിന്റെ സ്വൈര ജീവിതം തകർക്കും വിധം കുഴപ്പമുണ്ടാക്കുന്ന ആ വിഭാഗത്തെ ബലപ്രയോഗത്തിലൂടെ തന്നെ ചിലപ്പോൾ നേരിടേണ്ടി വരും അതിനായി ഭരണ കൂടം നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ചിലപ്പോൾ ആയുധ സജ്ജീകരണം തന്നെ നടത്തേണ്ടീ വരും .അതിനു അവശ്യം വേണ്ട സാധനമാണ് ഇരുമ്പ്.ആയുധ നിർമ്മാണം മാത്രമല്ല ഇരുമ്പിന്റെ ഉപയോഗം സൂചി മുതൽ ചെറുതും വലുതുമായ നിരവധി നിത്യോപയോഗ വസ്തുക്കൾക്കും ഇരുമ്പ് ആവശ്യം തന്നെ അതാണ് ഇരുമ്പിൽ ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട് എന്ന് അള്ളാഹു പറഞ്ഞത് അദൃശ്യനായ അള്ളാഹുവിനെയും തന്റെ ദൂതന്മാരെയും ആരാണ് സഹായിക്കുന്നതെന്ന് വേർതിരിച്ച് അറിയാനുമാണീ സംവിധാനം



وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ فَمِنْهُم مُّهْتَدٍ وَكَثِيرٌ مِّنْهُمْ فَاسِقُونَ(26



നിശ്ചയമായും നൂഹി(അ)നെയും ഇബ് റാഹീമി(അ)നെയും നാം അയച്ചു അവരിരുവരുടെയും സന്തതികളിൽ പ്രവാചകത്വവും വേദവും നാം ഏർപ്പെടുത്തുകയും ചെയ്തു എന്നിട്ട് അവരിൽ നേർമാർഗം പ്രാപിച്ചവരുണ്ട് അവരിൽ ധാരാളം ആളുകൾ ദുർനടപ്പുകാരാകുന്നു



നൂഹ്(അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇബ്റാഹീം(അ)യും തന്റെ മുമ്പുണ്ടായിരുന്ന നബിമാരും .ഇബ്റാഹീം നബിക്ക് ശേഷം വന്ന നബിമാരൊക്കെ തന്റെ സന്താനങ്ങളിൽ പെട്ടവരുമായിരുന്നു നാലു വേദങ്ങൾ നൽകപ്പെട്ട നബിമാരും ഇബ്രാഹീം(അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരായിരുന്നു ആ രണ്ട് പ്രവാചക പിതാക്കൾക്ക് ശേഷം അനേകം പ്രവാചകന്മാർ തുടരെത്തുടരെ വന്നു കൊണ്ടിരുന്നു ആ പ്രബോധനം സ്വീകരിച്ച് ധാരാളം ആളുകൾ സന്മാർഗം സിദ്ധിച്ചത് പോലെത്തന്നെ അവരുടെ സന്തതികളിൽ അനേകമാളുകൾ പ്രവാചകാദ്ധ്യാപനങ്ങൾ അവഗണിച്ച് ദുർമാർഗ്ഗത്തിൽ തന്നെ തുടരുകയുംചെയ്തു



ثُمَّ قَفَّيْنَا عَلَى آثَارِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاء رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْ وَكَثِيرٌ مِّنْهُمْ فَاسِقُونَ(27



പിന്നീട് അവരുടെ പുറകിലായി നമ്മുടെ ദൂതന്മാരെ നാം തുടർന്നയച്ചു മർ യമിന്റെ പുത്രൻ ഈസാ(അ)നെയും നാം തുടർന്നയക്കുകയും തനിക്ക് ഇഞ്ചീൽ നൽകുകയും തന്നെ പിൻപറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും കരുണയും ഏർപ്പെടുത്തുകയും ചെയ്തു ഒരു തരം സന്യാസ ജീവിതം അവർ നൂതനമായി ഉണ്ടാക്കി നാം അവരോട് അത് കൽ‌പ്പിച്ചിരുന്നില്ല പക്ഷെ അള്ളാഹുവിന്റെ തൃപ്തി തേടേണ്ടതിനു വേണ്ടി(അവരത് ചെയ്തു)എന്നാൽ അത് പാലിക്കേണ്ട മുറപ്രകാരം അവർ പാലിച്ചില്ല എന്നിട്ട് അവരിൽ നിന്ന് സത്യവിശ്വാസം സ്വീകരിച്ചവർക്ക് അവരുടെ പ്രതിഫലം നാം നൽകി അവരിൽ വളരെ പേർ ദുർനടപ്പുകാരാകുന്നു



പൂർവ പ്രവാചകരിൽ അവസാനത്തെ നബിയാണല്ലോ ഈസാ(അ).ഈസാ നബിക്ക് അള്ളാഹു ഇഞ്ചീൽ എന്ന ഗ്രന്ഥം നൽകി.സാധു സംരക്ഷണ തല്പരത, ദയ,പരസ്പര സഹായ മന:സ്ഥിതി എന്നിവയൊക്കെ തന്റെ അനുയായികളിൽ അള്ളാഹു നൽകി .നിരന്തരം ഇത്തരം സൽഗുണങ്ങളെക്കുറിച്ച് ഈസാ(അ) ജനങ്ങളെ ഉൽബോധിപ്പിച്ചിരുന്നു അതിനു തന്റെ അനുയായികളിൽ നല്ല സ്വീകാര്യത ലഭിച്ചു എന്നാണിവിടെ ഉണർത്തുന്നത്.ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക ആകാശത്തിന്റെ അധിപൻ നിങ്ങൾക്ക് കരുണ ചെയ്യും എന്ന നബി വചനം എത്ര അർത്ഥവത്താണ്.എന്നാൽ ഈസാ(അ)ന്റെ അനുയായികളൊരു സന്യാസജീവിതം പുതുതായി ഉണ്ടാക്കി ഈസാ(അ)നു ശേഷം പല ധിക്കാരികളായ രാജാക്കന്മാരും ദുർനടപ്പിൽ മുഴുകുകയും അത് പാടില്ലെന്നുണർത്തിയ അന്നത്തെ സത്യ വിശ്വാസികളിൽ ധാരാളം പേരെ അവർ കൊന്നൊടുക്കുകയും ചെയ്തു.അപ്പോൾ ഇനി നാട്ടിൽ ജീവിച്ചാൽ തങ്ങളുടെ വിശ്വാസം കൂടി തകർക്കപ്പെടുമെന്ന് കണ്ട സത്യ വിശ്വാസികൾ നാടു വിട്ട് കാട്ടിൽ അഭയം തേടാനും സന്യാസ ജീവിതം നയിക്കാനും തീരുമാനിച്ചു അവർ ഭൌതിക സുഖങ്ങൾ പറ്റേ ഉപേക്ഷിച്ചു വിവാഹം ഒഴിവാക്കി ചെറിയ കുടിലുകളിൽ താമസമാക്കി ജനസമ്പർക്കത്തിൽ നിന്നു വിട്ടു നിന്നു ഈ വിധം കുടുസ്സായ ജീവിതം അവർ സ്വീകരിക്കാൻ നിർബന്ധിക്കപ്പെട്ടു.എന്നാൽ ഇത് അള്ളാഹു കൽ‌പ്പിച്ചതായിരുന്നില്ല മറിച്ച് അള്ളാഹുവിന്റെ തൃപ്തി നേടാനായി അവർ സ്വയം മിനഞ്ഞെടുത്തതായിരുന്നു എന്നാൽ നല്ല ഉദ്ദേശ്യത്തോടെ പൂർവീകർ കണ്ടെത്തിയ സന്യാസത്തിന്റെ മഹത്വം കളഞ്ഞു കുളിക്കും വിധം പിൻ തലമുറ അതിന്റെ അന്തസത്തക്ക് നിരക്കാത്ത മാറ്റങ്ങളുണ്ടാക്കി അതാണ് അതിനെ സൂക്ഷിക്കേണ്ട പ്രകാരം അവർ സൂക്ഷിച്ചില്ലെന്ന് പറഞ്ഞത് അള്ളാഹുവിന്റെ തൃപ്തി ലഭിക്കാനായി അവന്റെ കല്പനകളെ പിന്തുടരാനായിരുന്നു അവരോട് അള്ളാഹു കൽ‌പ്പിച്ചിരുന്നത്.എന്നാലീ കല്പനകളെ കാണേണ്ടത് പോലെ അവർ കണ്ടില്ല.എന്നാൽ ഇതിനപവാദമായി അള്ളാഹുവിലുള്ള വിശ്വാസം ഉറപ്പിച്ചവർക്ക് അള്ളാഹു മഹത്തായ പ്രതിഫലം നൽകും എന്ന് അള്ളാഹു ഉണർത്തുകയും പക്ഷെ കൂടുതൽ പേരും ദുർനടപ്പുകാരായി മാറി എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു



يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ وَاللَّهُ غَفُورٌ رَّحِيمٌ(28


സത്യ വിശ്വാസികളേ! നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുകയും അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുക എന്നാൽ തന്റെ കാരുണ്യത്തിൽ നിന്ന് രണ്ട് ഓഹരി അവൻ നിങ്ങൾക്ക് നൽകുന്നതാണ് നിങ്ങൾക്ക് അതിൽ കൂടി നടക്കുവാനുള്ള ഒരു പ്രകാശം അവൻ ഏർപ്പെടുത്തിത്തരികയും നിങ്ങളുടെ പാപം പൊറുക്കുകയും ചെയ്യും അള്ളാഹു വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു



വേദക്കാരിൽ നിന്ന് അതിരു കവിയാതെ തങ്ങളുടെ പ്രവാചക നിർദ്ദേശങ്ങൾ പിന്തുടർന്ന സത്യവിശ്വാസികളെ സംബോധന ചെയ്തു കൊണ്ടാണ് ഈ പറയുന്നത്.അവർ നബി(സ) വന്നപ്പോൾ തങ്ങളെക്കൊണ്ട് കൂടി വിശ്വസിച്ചാൽ രണ്ട് പ്രതിഫലം ലഭിക്കുമെന്നും പ്രകാശം അഥവാ മാർഗ ദർശനം സിദ്ധിക്കുമെന്നും പാപങ്ങൾ പൊറുക്കുമെന്നും അള്ളാഹു വാഗ്ദാനം ചെയ്തുവെന്നാണിവിടെ സൂചിപ്പിക്കുന്നത്



لِئَلَّا يَعْلَمَ أَهْلُ الْكِتَابِ أَلَّا يَقْدِرُونَ عَلَى شَيْءٍ مِّن فَضْلِ اللَّهِ وَأَنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَن يَشَاء وَاللَّهُ ذُو الْفَضْلِ الْعَظِيمِ(29



തങ്ങൾക്ക് അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് യാതൊന്നും കരസ്ഥമാക്കുവാൻ കഴിയുന്നതല്ലെന്നും അനുഗ്രഹം അള്ളാഹുവിന്റെ പക്കൽ നിന്നു തന്നെയാണ്-താനുദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു-എന്നും വേദക്കാർ അറിയുന്നതിനു വേണ്ടിയാണ് (ഇക്കാര്യം വ്യക്തമാക്കുന്നത്) അള്ളാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു



തങ്ങളുടെ പ്രവാചകന്മാർ മാത്രമേ സത്യ സന്ധരായിട്ടുള്ളൂ തങ്ങളുടെ മാർഗമേ ശരിയുള്ളൂ തങ്ങൾക്ക് മാത്രമാണ് സ്വർഗം എന്നിങ്ങനെ വിശ്വസിച്ചിരുന്ന വേദക്കാർക്കുള്ള ഖണ്ഡനമാണീ‍ സൂക്തം അതായത് പ്രവാചകത്വം നൽകുക എന്നത് അള്ളാഹുവിന്റെ അനുഗ്രഹമാണ് താനുദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകും വേദക്കാർക്ക് അത് കരസ്ഥമാക്കി അവരിഷ്ടപ്പെടുന്നവർക്ക് കൊടുക്കുവാൻ ഒട്ടുംസാദ്ധ്യമല്ല ഈ കാര്യം അവർ അറിഞ്ഞിരിക്കേണ്ടതിനാണ് ഇരട്ടിച്ച പ്രതിഫലം കിട്ടാനും മറ്റും അള്ളാഹുവിനെ സൂക്ഷിക്കുകയുംനബി(സ)യിൽ വിശ്വസിക്കുകയും ചെയ്യണമെന്ന തത്വം വേദക്കാരെ അള്ളാഹു അറിയിച്ചത്

സത്യമുൾക്കൊണ്ട് ജീവിക്കാനും അതിലായി മരിക്കാനും നാഥൻ നമ്മെ തുണക്കട്ടെ ആമീൻ





No comments: