Thursday, March 17, 2016

അദ്ധ്യായം 48 - സൂറത്തുൽ ഫത്‌ഹ് -ഭാഗം-01

അദ്ധ്യായം 48 | സൂറത്തുൽ ഫത്ഹ്  | മദീനയിൽ അവതരിച്ചു  | സൂക്തങ്ങൾ 29

‘ഫത്ഹ്’ എന്ന വാക്കിനു വിജയം എന്നാണ് അർത്ഥം. വിജയത്തെക്കുറിച്ചുള്ള സന്തോഷ വാർത്ത സൂറത്തിൽ വന്നിട്ടുണ്ട്. ഹിജ്റയുടെ ആറാം കൊല്ലം ദുൽഖഅ്ദ:മാസത്തിൽ ഉംറ നിർവഹിക്കാനായി ആയിരത്തി അഞ്ഞൂർ (എണ്ണത്തിൽ വേറെയും അഭിപ്രായമുണ്ട്) സഹാബികൾക്കൊപ്പം നബി മദീനയിൽ നിന്ന് പുറപ്പെട്ടു

(നിർഭയരായി മുടി കളഞ്ഞവരായും മുടി വെട്ടിയവരായും (ഉംറയിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായുള്ള ഒരു കർമ്മമാണ് മുടി കളയൽ/വെട്ടൽ) മസ്ജിദുൽ ഹറാമിൽ സഹാബികളോടൊന്നിച്ച് പ്രവേശിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു എന്ന് നബി അനുയായികളോട് അറിയിച്ചതിനു ശേഷമായിരുന്നു യാത്ര)

യാത്രക്കാർ സാധാരണ കരുതുന്ന ഉറയിലിട്ട വാളല്ലാതെ മറ്റൊരു ആയുധവും അവരുടെ കൂടെയുണ്ടായിരുന്നില്ല ഉസ്ഫാൻ’ എന്ന സ്ഥലത്തെത്തിയപ്പോൾ തങ്ങളെ തടയാനായി മക്കക്കാർ ശ്രമം തുടങ്ങിയതായും ഖാലിദ് ബിൻ വലീദിന്റെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടതായും നബി ക്ക് വിവരം ലഭിച്ചു. അവരോട് ഒരു ഏറ്റുമുട്ടൽ ആഗ്രഹമില്ലാത്തതിനാൽ നബി മറ്റൊരു വഴിയിലൂടെ യാത്ര തുടർന്നു. ദിശ മാറ്റം മക്കക്കാരുടെ സംഘത്തലവനായ ഖാലിദിനു മനസ്സിലായത് വഴിയിൽ കണ്ട ഒരു സൈന്യത്തിന്റെ യാത്രയുടെ അടയാളങ്ങളിൽ നിന്നാണ് ഉടൻ ഖാലിദ് മക്കയിലേക്ക് വിവരമറിയിക്കുകയും മടങ്ങുകയും ചെയ്തു

നബി ഹുദൈബിയ്യക്കടുത്തുള്ള സനിയ്യത്തുൽ മുറാർ’ എന്ന സ്ഥലത്തെത്തിയപ്പോൾ തങ്ങളുടെ ഖസ്വാഅ്’ എന്ന ഒട്ടകം മുട്ടു കുത്തി.അപ്പോൾ ഖസ്വാഅ്’  നടക്കാതായല്ലോ എന്ന് സഹാബികൾ വിഷമം പറഞ്ഞു .ഖസ്‌വാഇനു ഒന്നും പറ്റിയതല്ല ആനയെ തടഞ്ഞവൻ (കഅ്ബ പൊളിക്കാൻ വന്ന അബ്റഹത്തിന്റെ ആനപ്പടയെ അള്ളാഹു തടഞ്ഞല്ലോ) ഖസ്വാഇനെ തടഞ്ഞതാണ് അള്ളാഹു ബഹുമാനിച്ച വസ്തുക്കളെ  ബഹുമാനിച്ചു കൊണ്ടുള്ള ഏത് കാര്യത്തിലേക്ക് ഖുറൈശ് എന്നെ ക്ഷണിച്ചാലും ഞാൻ അത് സ്വീകരിക്കുക തന്നെ ചെയ്യും എന്ന് നബി പറഞ്ഞു പിന്നെ ഖസ്വാഇനെ തെളിച്ചപ്പോൾ അത് എഴുന്നേൽക്കുകയും മക്കയുടെ അടുത്ത് തന്നെയുള്ള ഹുദൈബിയ്യ എന്ന കിണറിനടുത്ത് നബി ഇറങ്ങുകയും ചെയ്തു.അപ്പോൾ ഖുസാഇ‘ ഗോത്രക്കാരായ കുറച്ച് ആളുകൾ ബുദൈലുബ്നു വർഖാഇന്റെ നേതൃത്വത്തിൽ നബി യുടെ അടുത്ത് എത്തുകയും ഹുദൈബിയ്യയിലെ ജലാശയത്തിനടുത്ത് തങ്ങളെ തടയാനായി ഖുറൈശികൾ തമ്പടിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.ഞങ്ങൾ യുദ്ധത്തിനു വന്നതല്ലെന്നും ഉംറ നിർവഹിച്ചു തിരിച്ചു പോകലാണ് ലക്ഷ്യമെന്നും ഇതു വരെ നടന്ന യുദ്ധങ്ങളിലെല്ലാം (ബദ്റും ഉഹ്ദും ഖന്തഖും കഴിഞ്ഞ ശേഷമായിരുന്നു ഈ യാത്ര.ഈ യുദ്ധങ്ങളിലെല്ലാം മുസ്ലിംകളോട് അതിദയനീയമായി മക്കക്കാർ തോൽവി  സമ്മതിച്ചിരുന്നു) തകർന്നടിഞ്ഞ ഖുറൈശികൾ ഇനിയും യുദ്ധത്തിനിറങ്ങിയാൽ മറ്റൊന്നും സംഭവിക്കാനില്ലെന്നും നബി അറിയിച്ചു

വിവരങ്ങളെല്ലാം ബുദൈൽ ഖുറൈശികളെ അറിയിച്ചു പിന്നീട് ഖുറൈശികൾ ഓരോരുത്തരെയായി നബി യുടെ അടുത്തേക്ക് അയക്കുകയും ആഗമനോദ്ധേശം അന്വേഷിക്കുകയും ചെയ്തു കൊണ്ടിരുന്നു എല്ലാവരോടും ഉംറയാണുദ്ധേശമെന്നും യുദ്ധം അജണ്ടയിലില്ലെന്നും നബി അറിയിച്ചെങ്കിലും മക്കയിലേക്ക് നബി യെ പ്രവേശിപ്പിച്ചാൽ മറ്റു അറബ് സമൂഹത്തിനിടയിൽ നമുക്കത് കുറച്ചിലാകുമെന്ന് കണക്കു കൂട്ടിയ മക്കക്കാർ ഒരിക്കലും അത് സമ്മതിക്കില്ലെന്ന് വാശി പിടിച്ചു. മുക്രിസുബ്നു ഹഫ്സ്, ഹുലൈസുബ്നു അൽഖമ: ഉർവതുബ്നു മസ്ഊദ് അസ്സഖഫീ എന്നിവരൊക്കെ കൂട്ടത്തിൽ നബിയെ വന്ന് കണ്ടു. കൂട്ടത്തിൽ ഉർവതുബ്നു മസ്ഊദ് നബി യോട് ദീർഘമായി സംസാരിച്ചു അതിൽ അദ്ദേഹം ചോദിച്ചു അല്ലയോ മുഹമ്മദേ! നിങ്ങളുടെ കുടുംബക്കാരായ ഖുറൈശികൾ നിങ്ങളുമായുള്ള സംഘട്ടനത്തിൽ നശിച്ചു പോയാൽകുലം മുടിച്ചവൻ‘ എന്ന ദുഷ്പേര് നിങ്ങൾ കേൾക്കേണ്ടി വരും സ്വന്തം കുലം നശിപ്പിച്ച ആരെയെങ്കിലും അറബ് സമൂഹത്തിൽ നിങ്ങൾ കേട്ടിട്ടുണ്ടോ? ഇനി ഖുറൈശികളാണ് വിജയിക്കുന്നതെങ്കിൽ നിങ്ങളുടെ കൂടെയുള്ള ജനം നിങ്ങളെ വിട്ട് ഓടി രക്ഷപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. ഇത് കേട്ടപ്പോൾ അബൂബക്കർ رضي الله عنه രൂക്ഷമായി പ്രതികരിക്കുകയും ഞങ്ങൾ നബി യെ വിട്ടു പോകുകയില്ലെന്ന് ആണയിട്ടു പറയുകയും ചെയ്തു. ഉർവയുടെ സംസാരത്തിനിടക്ക് നബിയുടെ താടിയിലേക്ക് അദ്ദേഹം കൈ നീട്ടിയപ്പോൾ അടുത്ത് നിൽക്കുന്ന മുഗീറത്തുബ്നു ശുഅ്ബ: رضي الله عنه ഉർവയുടെ കൈ തട്ടി മാറ്റി. ഇത്രയുമായപ്പോൾ നബി യോട് സഹാബികൾക്കുള്ള ബഹുമാനവും സ്നേഹത്തിന്റെ ആഴവും ഉർവ മനസ്സിലാക്കി. പിന്നീട് അദ്ദേഹം സഹാബത്തിനു നബി യോടുള്ള സമീപനം നിരീക്ഷിക്കാൻ തുടങ്ങി നബി യോടുള്ള സഹാബത്തിന്റെ ബഹുമാനവും ആദരവും കണ്ട് അദ്ദേഹം അമ്പരന്നു പോയി.! ശേഷം സ്വന്തം സമൂഹത്തുൽ ചെന്ന് ഉർവ പറഞ്ഞു. ‘ നാട്ടുകാരേ! ഞാൻ കിസ്റായും ഖൈസറും നജ്ജാശിയുമടക്കം ധാരാളം രാജ സന്നിധിയിൽ നയതന്ത്ര പ്രതിനിധിയായി പോയിട്ടുണ്ട് എന്നാൽ മുഹമ്മദ് നബിയെ അനുയായികൾ ആദരിക്കുന്നത് പോലെ ഒരു രാജാവിനെയും അവരുടെ അനുയായികൾ ആദരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല.നബി കാർക്കിച്ചു തുപ്പുമ്പോൾ സ്വന്തം കയ്യിലേക്ക് ശിഷ്യന്മാർ അത് ഏറ്റു വാങ്ങുകയും സ്വന്തം ശരീരത്തിൽ പുരട്ടുകയും ചെയ്യുന്നു.എന്തെങ്കിലും അവരോട് കല്പിച്ചാൽ അത് നടപ്പാക്കാൻ അവർ ധൃതികൂട്ടുന്നു.വുളൂ അ് ചെയ്താൽ ബാക്കി വെള്ളത്തിനു വേണ്ടി തിക്കും തിരക്കുമുണ്ടാക്കുന്നു.സംസാരിക്കുമ്പോൾ വളരെ ശബ്ദം താഴ്ത്തുന്നു  നബി യോടുള്ള ആദരവു കൊണ്ട് നബിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കാൻ പോലും അവർക്കാവുന്നില്ല . നബി ഒരു സമവായം മുന്നോട്ട് വെച്ചിരിക്കുന്നു ഖുറൈശികളേ നിങ്ങൾ അത് സ്വീകരിക്കുക‘  എന്ന് ഉർവ പറഞ്ഞു. സമാധാന ഭംഗമുണ്ടാവരുതെന്ന് നിർബന്ധമുണ്ടായിരുന്ന നബി സമവായത്തിനായി ഖിറാശുബ്നു ഉമയ്യതൽ ഖുസാഇ എന്നവരെ തന്റെ ഉദ്ദേശ്യം അറിയിക്കാനായി മക്കയിലെ പ്രമുഖരുടെ അടുത്തേക്കയച്ചു.അദ്ദേഹത്തോട് മര്യാദ കാണിക്കുന്നതിനു പകരം ഈ പ്രതിനിധിയുടെ ഒട്ടകത്തെ അറുക്കാനും അദ്ദേഹത്തോട് മര്യാദ കേട് കാണിക്കാനുമാണ് ഖുറൈശികൾ തയാറായത്.എന്ന് മാത്രമല്ല അവരിലെ അമ്പതാളുകൾ നബി യെയും സഹാബികളെയും വളയുകയും കല്ലെറിയുകയും ചെയ്തു.എന്നാൽ അവരെയെല്ലാം മുസ്ലിംകൾ പിടികൂടി എന്നാൽ അവർക്ക് മാപ്പ് നൽകി അവരെ വിട്ടയക്കാനായിരുന്നു നബി യുടെ നിർദ്ദേശം! പിന്നീട് ഖുറൈശി പ്രമുഖരുമായി സംസാരിക്കാൻ നബി ഉസ്മാൻ رضي الله عنه നെ നിയോഗിച്ചു.നബി യുദ്ധത്തിനു വന്നതല്ലെന്നും കഅ്ബയുടെ ആദരവും മഹത്വവും പ്രഖ്യാപിക്കാനും സന്ദർശനം നടത്താനുമാണ് വരവെന്നും അവരെ അറിയിക്കുകയും ബലഹീനരായ മക്കയിലെ മുസ്ലിംകൾക്ക് മക്ക അടുത്ത് തന്നെ ശിർക്കിൽ നിന്ന് മോചിതമാവുമെന്ന് സന്തോഷവാർത്ത നൽകാനുമായിരുന്നു ഉസ്മാൻ رضي الله عنه നെ മക്കയിലേക്ക് അയച്ചത്. ഉസ്മാൻ رضي الله عنه ന്റെ പിതൃസഹോദരൻ അബാനുബ്നു സഅ്ദിന്റെ ഉത്തരവാദിത്തലായിരുന്നു ഉസ്മാൻ رضي الله عنه ന്റെ മക്കാ പ്രവേശനം.എന്നാൽ നബി യെ ഒരു കാരണ വശാലും മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും നിങ്ങൾക്ക് വേണമെങ്കിൽ കഅ്ബാ പ്രധക്ഷിണം ചെയ്യാമെന്നും അവർ പറഞ്ഞു.‘നബി ക്ക് നിഷേധിക്കപ്പെട്ട ഒരു ഭാഗ്യവും എനിക്ക് ആവശ്യമില്ല’ എന്നായിരുന്നു ഉസ്മാൻ () ന്റെ പ്രതികരണം.ഇതിൽ പ്രകോപിതരായ മക്കക്കാർ ഉസ്മാൻ رضي الله عنه നെ മൂന്ന് ദിവസം മക്കയിൽ തടഞ്ഞു വെച്ചു.ഈ സമയം ഉസ്മാൻ رضي الله عنه കൊല്ലപ്പെട്ടു എന്ന വാർത്ത മുസ്ലിംകൾക്കിടയിൽ പരക്കുന്നുണ്ടായിരുന്നു. അപ്പോൾ പിന്തിരിഞ്ഞോടുകയില്ലെന്നും വേണ്ടി വന്നാൽ ജീവത്യാഗത്തിനും ഞങ്ങൾ തയാറണെന്ന് സഹാബികൾ മരച്ചുവട്ടിൽ വെച്ച് നബി യോട് കരാർ (ബൈഅത്ത്) ചെയ്തു. ഉസ്മാൻ رضي الله عنه നു വേണ്ടി തന്റെ ഒരു കൈ മറ്റേ കയ്യിൽ വെച്ചു കൊണ്ട് നബി തന്നെ ബൈഅത്ത് ചെയ്തു.ഈ കരാറാണ് ബൈഅത്തു രിള്വാൻ‘ എന്ന പേരിൽ പ്രസിദ്ധമായത്  ഈ കരാറിൽ പങ്കെടുത്തവർ പ്രത്യേക സമാധാനവും അള്ളാഹുവിന്റെ പൊരുത്തവും ലഭിച്ചവരാണ്. ഇതിനെക്കുറിച്ച് ഈ അദ്ധ്യായത്തിന്റെ പതിനെട്ടാം സൂക്തം പരാമർശിക്കുന്നുണ്ട് .നബി യോടൊപ്പം വേണ്ടിവന്നാൽ യുദ്ധത്തിനു തന്നെ തയാറാവുന്ന കരാറിൽ സഹാബികൾ ഏർപ്പെട്ടുവെന്ന വാർത്ത ഖുറൈശികൾ ഞെട്ടലോടെയാണ് ശ്രവിച്ചത് (നബിയും സഹാബത്തും യുദ്ധരംഗത്ത് പ്രകടിപ്പിക്കുന്ന അർപ്പണ ബോധവും ധീരമായ മുന്നേറ്റവും ബദ്ർ അടക്കമുള്ള യുദ്ധങ്ങളിൽ മക്കക്കാർക്ക് പരിജയമുള്ളതാണല്ലോ) അതോടെ തടഞ്ഞുവെച്ച ഉസ്മാൻ رضي الله عنه നെ  ഖുറൈശികൾ വിട്ടയച്ചു.നയതന്ത്ര ചർച്ചക്കായി സുഹൈലുബ്നു അംറിനെ അവർ നബി യുടെ അടുത്തേക്ക് അയക്കുകയും ചെയ്തു.(അദ്ദേഹം ഖുറൈശികളിലെ പ്രസിദ്ധ പ്രഭാഷകനായിരുന്നു)കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ എത്രയും വേഗം സമവായമുണ്ടാക്കലായിരുന്നു ഈ നീക്കത്തിലൂടെ ഖുറൈശ് ലക്ഷ്യം വെച്ചത് .നബി യുമായി അദ്ദേഹം സുദീർഘമായി സംസാരിക്കുകയും ഒടുവിൽ ഇനി പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സന്ധിയിലേർപ്പെടുകയും ചെയ്തു വ്യവസ്ഥകൾ ഇതായിരുന്നു

(1) ഇക്കൊല്ലം നബി
യും സഹാബികളും മടങ്ങിപ്പോവുകയും അടുത്ത വർഷം യാത്രക്കാർ കയ്യിൽ കരുതുന്ന ഉറയിലിട്ട വാൾ മാത്രം കയ്യിൽ വെച്ച് കൊണ്ട് നബിയും സഹാബികളും മക്കയിലേക്ക് വരികയും ഉംറ നിർവഹിക്കുകയും ചെയ്യാം.മൂന്ന് ദിനം മക്ക മുസ്ലിംകൾക്കായി അവർ വിട്ട് കൊടുക്കും

(2) പത്ത് വർഷത്തേക്ക് രണ്ടു വിഭാഗവും തമ്മിൽ ഇനി യുദ്ധം പാടില്ല

(3) മുമ്പ് നമുക്കിടയിലുണ്ടായ യുദ്ധങ്ങളുടെയും മറ്റു ശത്രുതാപരമായ സമീപനങ്ങളുടെയും പേരിൽ മനസ്സിലുള്ള അതൃപ്തി പുറത്തെടുക്കാതിരിക്കുക

(4) ഈ കരാർ കാലയളവിൽ ഖുറൈശികളിൽ നിന്ന് ആരെങ്കിലും മുസ്ലിം പക്ഷത്തേക്ക് വന്നാൽ അവരെ മക്കയിലേക്ക് തന്നെ തിരിച്ച് കൊടുക്കുക.എന്നാൽ മുസ്ലിം പക്ഷത്ത് നിന്ന് ആരെങ്കിലും ഖുറൈശിന്റെ പക്ഷത്തേക്ക് വന്നാൽ അവരെ തിരിച്ചയക്കുകയില്ല

(5) ഇരു കക്ഷികൾക്കും അവർ ആഗ്രഹിക്കുന്ന ആരുമായും സഖ്യത്തിലേർപ്പെടാവുന്നതാണ് (ഇതനുസരിച്ച് ഖുസാഅ: ഗോത്രം നബി
യുമായും ബനൂബകർ ഗോത്രം ഖുറൈശുമായും സഖ്യമുണ്ടാക്കി)

ഈ വ്യവസ്ഥ എഴുതി തയ്യാറാക്കി രണ്ടു വിഭാഗവും ഒപ്പുവെച്ച ശേഷം നബി
തന്റെ കൂടെയുള്ള  മൃഗത്തെ അറുക്കുകയും മുടികളഞ്ഞ് ഇഹ്റാമിൽ നിന്ന് വിരമിക്കുകയും ചെയ്തു.സഹാബികളെല്ലാം ഇതേ മാതൃക സ്വീകരിച്ചു.ഈ കരാർ ഒരു കീഴടങ്ങലായില്ലേ എന്ന സന്ദേഹം സഹാബികളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി എല്ലാം ഏകപക്ഷീയമായി നടക്കുകയാണെന്ന തോന്നലായിരുന്നു ഇതിനു കാരണം.കാരണം കരാർ എഴുതുന്ന സമയത്ത് എഴുതുന്ന അലി رضي الله عنه നു ബിസ്മി(بسم الله الرحمن الرحيم) എന്ന് എഴുതാനായി നബി പറഞ്ഞു കൊടുത്തപ്പോൾ സുഹൈൽ അതിനെ എതിർത്തു അദ്ദേഹം പറഞ്ഞത് റഹ്മാൻ എന്താണെന്ന് എനിക്കറിയില്ല അത് കൊണ്ട് അങ്ങനെ എഴുതാൻ പാടില്ല ബിസ്മിക്കള്ളാഹുമ്മ‘ എന്ന് എഴുതണം എന്നായിരുന്നു.എന്നാൽ ഞങ്ങൾ എഴുതിയത് തിരുത്തുകയില്ല എന്ന് മുസ്ലിംകൾ പറഞ്ഞു പക്ഷെ സുഹൈൽ പറയുന്നത് പോലെ എഴുതാനായിരുന്നു സമാധാനത്തിന്റെ ആൾ രൂപമായ നബി യുടെ നിർദ്ദേശം! അങ്ങനെ തന്നെയെഴുതി.പിന്നെ നബി പറഞ്ഞു കൊടുത്ത വാചകം ഇത് അള്ളാഹുവിന്റെ ദൂതനായ മുഹമ്മദ് ഏർപ്പെടുന്ന കരാറാണെന്നായിരുന്നു.അപ്പോഴും സുഹൈൽ ഉടക്കുമായി വന്നു.അദ്ദേഹം പറഞ്ഞത് നിങ്ങൾ അള്ളാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾ സമ്മതിച്ചിരുന്നെങ്കിൽ നിങ്ങളെ തടയുകയോ നിങ്ങളുമായി ഞങ്ങൾ യുദ്ധത്തിലേർപ്പെടുകയോ ചെയ്യുമായിരുന്നില്ല അത് കൊണ്ട് റസൂലുള്ളാഹി എന്നത് മാറ്റി അബ്ദുള്ളായുടെ മകൻ മുഹമ്മദ് എന്നാക്കണം എന്നായിരുന്നു അതിനു വഴങ്ങിയ നബി പറഞ്ഞത് മുഹമ്മദ് ബിൻ അബ്ദില്ലാഹ് എന്ന് എഴുതുക അവർ എന്നെ നിഷേധിച്ചാലും ഞാൻ അള്ളാഹുവിന്റെ ദൂതൻ തന്നെയാണ് എന്നായിരുന്നു.പിന്നീട് നബി പറഞ്ഞു കൊടുത്തത് ഞങ്ങൾക്ക് ത്വവാഫിനു തടസ്സമില്ലാതാക്കണമെന്നായിരുന്നു അപ്പോഴും സുഹൈൽ പറഞ്ഞു അത് ഇക്കൊല്ലമില്ല കാരണം കൊല്ലം നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ വഴങ്ങിയാൽ ഞങ്ങൾ പരാജയപ്പെട്ടതായി വിലയിരുത്തപ്പെടും അത് കൊണ്ട് അടുത്ത വർഷം ത്വവാഫിനു സൌകര്യം ചെയ്യണമെന്നെഴുതണം. നബി അങ്ങനെ എഴുതാൻ നിർദ്ദേശിച്ചു.പിന്നെ സുഹൈൽ പറഞ്ഞു കാലയളവിൽ ഞങ്ങളുടെ കൂട്ടത്തിൽ നിന്നാരെങ്കിലും മുസ്ലിമായി നിങ്ങളുടെ അടുത്ത് വന്നാൽ അവരെ തിരിച്ച് മക്കയിലേക്കയക്കണം എന്നാൽ ഇസ്ലാം മടുത്ത് മദീനയിൽ നിന്ന് ആരെങ്കിലും മക്കയിലേക്ക് വന്നാൽ അവരെ ഞങ്ങൾ വിട്ടു തരികയില്ല താനും!ഇത് കേട്ടപ്പോൾ മുസ്‌ലിംകൾ അത്ഭുതം കൂറിക്കൊണ്ട് പറഞ്ഞു എങ്ങനെ ഒരു മുസ്ലിമിനെ നാം വിട്ട് കൊടുക്കും? ഇത് പറഞ്ഞു കൊണ്ടിരിക്കെ ഇതേ സുഹൈലിന്റെ മകൻ അബൂജൻദൽ رضي الله عنه ചങ്ങലയുമായി നബി യുടെ അടുത്തെത്തി (മകൻ മുസ്ലിമായപ്പോൾ ചങ്ങലയിൽ ബന്ധിച്ച് തടവിലിട്ടതായിരുന്നു സുഹൈൽ അവിടുന്ന് എങ്ങനെയോ രക്ഷപ്പെട്ടു വന്നതാണ്..മകനെ കണ്ട സുഹൈൽ പറഞ്ഞത് നമ്മുടെ കരാർ നടപ്പാക്കാനുള്ള ആദ്യ അവസരം നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു അത് കൊണ്ട് എന്റെ മകനെ മടക്കിത്തരണം.അപ്പോൾ നബി പറഞ്ഞു.നാം  ഇത് വരെ കരാർ പൂർത്തിയാക്കിയിട്ടില്ലല്ലോ സ്ഥിതിക്ക് വിട്ട് തരാൻ കടമയില്ല. ഉടൻ സുഹൈൽ പറഞ്ഞത് അങ്ങനെയാണെങ്കിൽ ഇനി ഒരിക്കലും നിങ്ങളുമായി സന്ധിയില്ല .എന്നായിരുന്നു മകനെ തിരിച്ചയക്കാതിരിക്കാൻ നബി പരമാവധി സമ്മർദ്ധം ചെലുത്തിയെങ്കിലും സുഹൈൽ വഴങ്ങിയില്ല . ഘട്ടത്തിൽ അബൂജൻദൽ رضي الله عنه ചോദിച്ചു മുസ്ലിംകളേ! മുസ്ലിമായതിന്റെ പേരിൽ അങ്ങേയറ്റം പീഢിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന എന്നെ മുശ്രിക്കുകൾക്ക് തന്നെ വിട്ടു കൊടുക്കുകയാണോ? നബി പറഞ്ഞു.അബൂ ജൻദൽ! നിങ്ങൾ ക്ഷമിക്കൂ നമ്മൾ ചതിയന്മാരല്ല അള്ളാഹു വൈകാതെ തന്നെ നിങ്ങൾക്ക് രക്ഷ നൽകും.ഈ നിബന്ധനകൾ ഏകപക്ഷീയമാണെന്ന നിലക്ക് സഹാബികൾക്ക് വിഷമം കൂടി വന്നു ഒരു ഘട്ടത്തിൽ ഉമർ رضي الله عنه നബി യുടെ അടുത്തെത്തി ഇങ്ങനെ ചോദിച്ചു ‘നബിയേ! അങ്ങ് സത്യമായും നബിയല്ലേ? നബി പറഞ്ഞു അതെ.നാം സത്യത്തിലും ശത്രു അസത്യത്തിലുമല്ലെ നബിയേ? നബി പറഞ്ഞു അതെ.എങ്കിൽ പിന്നെ നാം എന്തിനു ഇങ്ങനെ താഴ്ന്നു കൊടുക്കണം? നബി യുടെ മറുപടി ഞാൻ അള്ളാഹുവിന്റെ ദൂതരാണ് അവന്റെ കല്പനക്ക് ഞാൻ എതിരു നിൽക്കില്ല അവൻ എന്നെ സഹായിക്കുകതന്നെ ചെയ്യും എന്നായിരുന്നു. അപ്പോൾ ഉമർ رضي الله عنه ചോദിച്ചു നാം കഅ്ബയിലെത്തി ത്വവാഫ് ചെയ്യുമെന്ന് അങ്ങ് പറഞ്ഞിരുന്നില്ലേ?പറഞ്ഞിരുന്നു പക്ഷെ ഇക്കൊല്ലം തന്നെയെന്ന് പറഞ്ഞിട്ടില്ല. മനസ്സ് തണുക്കാത്ത ഉമർ رضي الله عنه ഇതേ ചോദ്യവുമായി അബൂബകർ رضي الله عنه നെ സമീപിച്ചു നബി പറഞ്ഞ അതേ മറുപടിയായിരുന്നു അബൂബകർ പറഞ്ഞത് .തുടക്കത്തിൽ കരാറിൽ വിഷമം തോന്നിയെങ്കിലും ഈ കരാർ ഇസ്ലാമിനു വലിയ നേട്ടമാണുണ്ടാക്കിയത്. മാത്രമല്ല വ്യവസ്ഥകളും ശരിക്ക് ആലോചിച്ചാൽ കീഴടങ്ങൽ അല്ല .കാരണം റഹ്‌മാൻ എന്നതും റസൂലുള്ളാഹ് എന്നതും അവർ അംഗീകരിക്കാത്ത വിഷയമാണ് .മുസ്ലിമായ ആളെ മക്കയിലേക്ക് തന്നെ തിരിച്ചയച്ചാലും സത്യ വിശ്വാസി അതുൾക്കൊള്ളും.അതേ സമയം ഇസ്‌ലാം മടുത്ത് പുറത്ത് പോയവനെ മുസ്ലിമിനു ആവശ്യമില്ലല്ല്ലൊ.അതോടൊപ്പം ഇസ്‌ലാമിനെ പുറത്ത് നിന്ന് വീക്ഷിക്കുന്നവരൂടെ മനസ്സിനെ ഇസ്ലാമിലേക്ക് ആഘർഷിക്കാൻ ഇത് സഹായകമാണ്. ഇക്കൊല്ലമില്ലെങ്കിലും അടുത്ത വർഷം സമാധാനമായി ത്വവാഫ് ചെയ്യാമെന്നത് സൌഭാഗ്യം തന്നെയല്ലെ.ഈ കരാർ ഭാവിയിൽ ഇസ്ലാമിനു വലിയ നേട്ടമുണ്ടാക്കുമെന്ന് ഒന്ന് ആലോചിച്ചാൽ ആർക്കും മനസിലാവും.ഈ കരാറിന്റെ നേട്ടങ്ങൾ നോക്കുക

 (1) മുസ്ലിംകളെ എഴുതിത്തള്ളാമെന്ന്കണക്കു കൂട്ടിയിരുന്നവർ അവരുമായി കരാറുണ്ടാക്കേണ്ടി വന്നു എന്നത് മുസ്ലിമകളെ സംബന്ധിച്ച് അഭിമാനകരം

(2) മൂന്ന് ദിനം സ്വസ്ഥമായി മക്കയിൽ മുസ്ലിംകൾക്ക് ഒത്തുകൂടാം

(3) കരാറിലേർപ്പെട്ട നിലക്ക് ഖുറൈശികളൊ സഖ്യ കക്ഷിയോ ഒരിടത്തും മുസ്ലിംകളെ ഉപദ്രവിക്കില്ല

(4) ഖൈബറിൽ ജൂതർക്കെതിരെയുള്ള വിജയം എളുപ്പമാക്കാനുള്ള പശ്ചാത്തലമൊരുങ്ങുന്നു

(5) യുദ്ധമില്ലാത്ത സ്ഥിതിക്ക് രണ്ട് കൂട്ടരും സ്വതന്ത്രമായി ഇടപെടുകയും ഇസ്‌ലാമിന്റെ മാതൃകാ പരമായ സമീപനം മുശ്‌രിക്കുകൾ കൂടി തിരിച്ചറിയുകയും ചെയ്യും

(6) മക്കയിൽ തന്നെ ഇസ്ലാം പരസ്യമാക്കാതെ കഴിയേണ്ടി വന്നിരുന്ന ബലഹീനരായ മുസ്‌ലിംകൾക്ക് അവരുടെ വിശ്വാസം പരസ്യമാക്കാനുള്ള അവസരം ലഭിക്കുന്നു

(7) പരസ്പരം യുദ്ധമില്ലാത്ത സ്ഥിതിക്ക് സ്വസ്ഥമായി മത പ്രബോധനം നടത്താനുള്ള സുവർണ്ണാവസരം മുസ്ലിംകൾക്ക് ലഭിക്കുന്നു

(8) മക്കാവിജയത്തിലേക്കുള്ള ചൂണ്ടുപലകയായി ഈ കരാർ മാറി
(9) ഖുറൈശികളുമായി സമാധാനകരാറുണ്ടായ സ്ഥിതിക്ക് മറ്റു അറബ് സമൂഹത്തിലേക്കും രാജാക്കളിലേക്കും പ്രബോധന വാതിൽ തുറക്കാനായി

 (10) ഈ കരാറിനെ തുടർന്ന് അഭൂതപൂർണമായ വളർച്ചയാണ് ഇസ്ലാമിനുണ്ടായത്
.
ഇത്തരം ഒരു പാട് സന്തോഷങ്ങൾക്ക് ഈ കരാർ കാരണമായത്കൊണ്ട് ഇതാണ് ഏറ്റവും വലിയ വിജയമായി സഹാബികൾ കണ്ടിരുന്നത്. ബറാഅ്
رضي الله عنه റിപ്പോർട്ട് ചെയ്യുന്നത് നിങ്ങൾ മക്കാവിജയത്തെയാണ് വിജയമായി കാണുന്നത്അത് വിജയമായം തന്നെയായിരുന്നു-എന്നാൽ ഞങ്ങൾ വിജയമായി കണ്ടിരുന്നത് ഹുദൈബിയ്യയിലെ കരാറായിരുന്നു എന്നാണ് .ഹുദൈബിയ എന്നത് ഒരു കിണറായിരുന്നു ഉപയോഗ ശൂന്യമായി കിടന്നിരുന്ന ആ കിണർ ഞങ്ങൾ വൃത്തിയാക്കി ഒരു തുള്ളി ജലം പോലും അതിൽ ഇല്ലായിരുന്നു ഇത് അറിഞ്ഞ നബി അവിടെ വരികയും കിണറിന്റെ വക്കിലിരുന്നു വുളൂ ചെയ്ത് വായിൽ വെള്ളമെടുത്ത് കിണറിലൊഴിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു അല്പ സമയത്തിനു ശേഷം ഞങ്ങൾക്ക് ആവശ്യമായ അത്രയും വെള്ളം ആ കിണറിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു (ഇബ്നു കസീർ 4/266)


================================================================
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


1.    إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا

(നബിയേ) നിശ്ചയമായും അങ്ങേക്ക് നാം സ്പഷ്ടമായ ഒരു വിജയം കൈവരുത്തിത്തന്നിരിക്കുന്നു

പറഞ്ഞ വിജയം ഹുദൈബിയാ സന്ധിയാണ്.കാരണം സന്ധികാരണത്താൽ ധാരാളം നന്മകൾ കൈവരികയും ജനങ്ങൾ നിർഭയരാവുകയും പരസ്പരം ആശയവിനിമയത്തിനുള്ള വേദി കൈവരികയും വിശ്വാസവും വിജ്ഞാനവും വ്യാപിക്കുകയും ചെയ്തു (ഇബ്നു കസീർ)

ഹുദൈബിയ്യയിൽ നിന്ന് മടങ്ങുമ്പോഴാണീ അദ്ധ്യായം അവതരിച്ചത്. ഉമർ رضي الله عنه പറയുന്നു ഞങ്ങൾ നബി യോടൊന്നിച്ച് യാത്രയിലായിരിക്കെ ഒരു കാര്യത്തെക്കുറിച്ച് മൂന്ന് തവണ ഞാൻ നബി യോട് ചോദിച്ചു പക്ഷെ നബി എന്നോട് മറുപടിയൊന്നും പറഞ്ഞില്ല. അപ്പോൾ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ട് ഞാൻ സ്വയം പറഞ്ഞു നീ നബി യെ വിഷമിപ്പിച്ചില്ലേ എന്ന്! എന്റെ കാര്യത്തിൽ വല്ല വഹ്യും ഇറങ്ങുമോ എന്ന് ഞാൻ ഭയപ്പെട്ടു.ഞാൻ എന്റെ വാഹനത്തിൽ കയറി യാത്രതുടങ്ങാനിരിക്കെ ഒരാൾ എന്നെ വിളിച്ചു.ഞാൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുമെന്ന ഭയത്തോടെ ഞാൻ മടങ്ങിച്ചെന്നപ്പോൾ നബി പറഞ്ഞു കഴിഞ്ഞ രാത്രി എനിക്ക് ഒരു അദ്ധ്യായം അവതരിച്ചിട്ടുണ്ട് ലോകത്തെക്കാളും അതിലുള്ള സർവത്തേക്കാളും എനിക്കിഷ്ടമാണത് .അതായത് സൂറത്താണത് (ഇബ്നു കസീർ (4/267)

 2. لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا 

തങ്ങളുടെ തെറ്റുകളിൽ നിന്ന് മുൻ കഴിഞ്ഞതും പിന്നീടുണ്ടാവുന്നതും അള്ളാഹു തങ്ങൾക്ക് പൊറുത്തു തരുവാനും തന്റെ അനുഗ്രഹം അങ്ങേക്ക് അവൻ പരിപൂർണ്ണമാക്കുവാനും നേർമാർഗത്തിൽ തങ്ങളെ നയിക്കുവാനും വേണ്ടി

ഇബ്നു കസീർ رحمة الله عليه എഴുതുന്നു ‘ഇത് മറ്റൊരാൾക്കും പങ്കില്ലാത്ത വിധം നബി ക്ക് അള്ളാഹു നൽകിയ പ്രത്യേകതയാണ് വിധം എല്ലാ പാപവും പൊറുക്കുക എന്ന വാഗ്ദാനം മറ്റാർക്കും നൽകപ്പെട്ടതിനു തെളിവില്ല.ഇത് നബി ക്ക് ലഭിച്ച വലിയ ആദരവാണ്.നബി അള്ളാഹുവിന്റെ കല്പനകളെല്ലാം പാലിക്കുകയും നന്മയും നേർമാർഗത്തിലെ ജീവിതവും മറ്റൊരാൾക്കും കഴിയാത്ത വിധം നിർവഹിക്കുകയും ചെയ്തവരാണ് നിരുപാധികം പരിപൂർണ്ണരും നേതാവുമാണ് നബി .അള്ളാഹുവിനെ വല്ലാതെ അനുസരിക്കുകയും അവന്റെ കല്പനകളെയും വിരോധങ്ങളെയും നന്നായി ആദരിക്കുകയും ചെയ്യുന്നവരായത് കൊണ്ടാണ് യാത്രക്കിടയിൽ തന്റെ ഖസ്വാഅ് എന്ന ഒട്ടകം മുട്ട് കുത്തിയപ്പോൾ ഒട്ടകത്തെ പഴിക്കുന്നതിനു പകരം ആനയെ തടഞ്ഞവൻ ഒട്ടകത്തെയും തടഞ്ഞു’ എന്ന് പ്രതികരിച്ചതും അള്ളാഹുവിന്റെ ആദരവുകളെ മാനിച്ചു കൊണ്ട് ഖുറൈശികൾ എന്ത് സമവായം മുന്നോട്ട് വെച്ചാലും ഞാൻ അതിനോട് അനുകൂലമായി പ്രതികരിക്കു’ മെന്ന് പ്രസ്താവിച്ചതും .അങ്ങനെ അള്ളാഹിവിനു വേണ്ടി ജീവിച്ചപ്പോൾ അള്ളാഹു നൽകിയ ആദരവാണ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപം പൊറുത്തുവെന്നത്.ദുനിയാവിലും ആഖിറത്തിലും അള്ളാഹു അവിടുത്തേക്ക് അനുഗ്രഹം പൂർത്തിയാക്കുമെന്നും നേർമാർഗം വരച്ചു കാണിക്കുന്ന ശരീഅത്ത് അള്ളാഹു തങ്ങൾക്ക് നൽകുമെന്നും അള്ളാഹുവിനെ അനുസരിച്ച തങ്ങൾക്ക് എല്ലാ ഉയർച്ചയും ഔന്നിത്യവും അള്ളാഹു നൽകുമെന്നും വാഗ്ദാനം ചെയ്തിരിക്കുകയാണ് (ഇബ്നു കസീർ 4/268)

 
ഇത്രയും വിശദീകരിച്ചതിൽ നിന്ന് നബി മുമ്പ് തെറ്റ് ചെയ്തുവെന്നോ ഭാവിയിൽ ചെയ്യുമെന്നോ ധരിക്കാവതല്ല.കാരണം നബിമാർ തെറ്റ് ചെയ്യുന്നവരാവില്ല എന്ന് ഇസ്ലാം സവിസ്തരം പ്രഖ്യാപിച്ചിട്ടുള്ളതാണ് .തെറ്റ് ചെയ്യാത്തവർക്ക് പൊറുക്കുമെന്ന് വാഗ്ദാനം ചെയ്തത് തങ്ങൾക്കുള്ള ആദരവാണെന്ന് പറഞ്ഞതും വ്യാഖ്യാനത്തെ ശക്തിപ്പെടുത്തുന്നതാണ്

ഇമാം റാസി رحمة الله عليه എഴുതുന്നു ‘നബി ക്ക് ദോഷമില്ലല്ലോ പിന്നെ എന്താണ് പൊറുക്കുക എന്ന് ചോദിച്ചാൽ മറുപടി പലതുമുണ്ട് .ഉമ്മത്തിന്റെ ദോഷമാണുദ്ദേശ്യം’ ഏറ്റവും ഉത്തമമായത് ഉപേക്ഷിക്കുന്നതിനെ കുറ്റമായി വ്യാഖ്യാനിച്ചതാണ് (യഥാർത്ഥത്തിൽ അത് കുറ്റമല്ല താനും) കുറ്റം വരാതെ സംരക്ഷിക്കുമെന്നാണ് ഉദ്ദേശ്യം (ഒരിക്കലും തെറ്റ് വരാതെ അള്ളാഹു മുമ്പ് തങ്ങളെ സംരക്ഷിച്ചിട്ടുണ്ട് ഭാവിയിലും സംരക്ഷിക്കുമെന്ന ഉറപ്പാണത്) (റാസി 28/72)
ചുരുക്കത്തിൽ അമ്പിയാക്കൾ ദോഷം ചെയ്യില്ല എന്ന സത്യവിശ്വാസത്തെ തകർക്കുന്ന ഒന്നും പരാമർശത്തിൽ നിന്ന് മനസിലാക്കാവതല്ല എന്ന് വ്യക്തം


3. وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا


അന്തസ്സാർന്ന ഒരു സഹായം അള്ളാഹു തങ്ങൾക്ക് നൽകുവാനും വേണ്ടി

അള്ളാഹുവിന്റെ കല്പനകൾക്ക് തങ്ങൾ കീഴ്പ്പെട്ട കാരണത്താൽ അള്ളാഹു അങ്ങയെ ഉയർത്തുകയുംശത്രുക്കൾക്കെതിരിൽ അങ്ങയെ സഹായിക്കുകയും ചെയ്യും.മാപ്പ് ചെയ്യലിലൂടെ ഒരു അടിമക്ക് അള്ളാഹു പ്രതാപവും അള്ളാഹുവിനു താഴ്മ ചെയ്യലിലൂടെ ഉയർച്ചയും നൽകുമെന്ന്  ഹദീസിൽ വന്നിട്ടുണ്ട് (ഇബ്നു കസീർ 4/268)

-4-

هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا



അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ ശാന്തി ഇറക്കിക്കൊടുത്തത് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതൽ വിശ്വാസമുണ്ടായിത്തീരുന്നതിനു വേണ്ടി.അള്ളാഹുവിനുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങൾ.അള്ളാഹു സർവജ്ഞനും യുക്തിമാനുമായിരിക്കുന്നു

ള്ളാഹു പല നിലക്കും അവന്റെ പ്രവാചകന്മാരെ സഹായിച്ചിട്ടുണ്ട് മുൻ കാലങ്ങളിൽ ഘോര ശബ്ദം മുഖേനയും ഭൂമികുലുക്കം മുഖേനയും ആകാശത്ത് നിന്ന് മലക്കുകളെ അയച്ചും സത്യത്തിന്റെ വക്താക്കൾക്ക് ശക്തി നൽകിയും വിശ്വാസികൾക്ക് ധൈര്യം നൽകിയുമൊക്കെ സഹായം നൽകിയിട്ടുണ്ട്.അതിന്റെ ഭാഗമാണ് സത്യവിശ്വാസികളുടെ മനസ്സിലേക്ക് സമാധാനവും ഗാംഭീര്യവും അള്ളാഹുവെക്കുറിച്ചുള്ള ഉറപ്പും നൽകുക എന്നത് അതാണ് സത്യ വിശ്വാസികളുടെ ഹൃദയങ്ങളിൽ ശാന്തി ഇറക്കിക്കൊടുത്തു എന്ന് ഇവിടെ പറഞ്ഞത് . ശാന്തി മുഖേന അവരോട് അള്ളാഹു നൽകുന്ന എല്ലാ കല്പനകളും പാലിക്കുക വഴി വിശ്വാസത്തിന്റെ വർദ്ധനവു സാദ്ധ്യമാക്കാൻ അവർക്ക് കഴിയുന്നു അള്ളാഹുവിലുള്ള വിശ്വാസവും യുദ്ധം ചെയ്യാനുള്ള കല്പനയും ഹജ്ജ് നിർവഹിക്കാനുള്ള നിർദ്ദേശവും അദൃശ്യ കാര്യങ്ങൾ വിശ്വസിക്കാനുള്ള ഉപദേശവും നബി പറയുന്നതെന്തും ഉൾക്കൊള്ളാനുള്ള സന്നദ്ധതയും അടിസ്ഥാന പരവും ശാഖാപരവുമായ എല്ലാ വിഷയങ്ങളും സ്വീകരിക്കുന്നതുമെല്ലാം വിശ്വാസവർദ്ധനവിന്റെ പരിധിയിൽ ഉൾപ്പെടുന്നു (റാസി 28/74)
ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങളെ(മലക്കുകളും ഭൂമിയിലെ വിവിധ ജീവികളും ഇതിൽ പെടുന്നു) ഉപയോഗപ്പെടുത്തി അള്ളാഹുവിനു നിഷ്പ്രയാസം ശത്രുവിനെ നിഗ്രഹിക്കാം എന്നാൽ ഈ വിശ്വാസികളുടെ കൈയിലൂടെ തന്നെ ശത്രുവിനെ നശിപ്പിക്കുക വഴി അവർക്ക് പ്രതിഫലം നേടാനും അവരെ അനുഗ്രഹിക്കാനുമാണ് അള്ളാഹു തീരുമാനിച്ചത്  

5.

لِيُدْخِلَ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّئَاتِهِمْ وَكَانَ ذَلِكَ عِندَ اللَّهِ فَوْزًا عَظِيمًا


സത്യവിശ്വാസികളെയും സത്യ വിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ-അവരതിൽ നിത്യവാസികളായിക്കൊണ്ട്-പ്രവേശിപ്പിക്കാൻ വേണ്ടിയും അവരുടെ തിന്മകളെ അവർക്ക് മാപ്പ് ചെയ്ത് കൊടുക്കുവാൻ വേണ്ടിയുമാണത്. അത് അള്ളാഹുവിങ്കൽ മഹത്തായ ഭാഗ്യമാകുന്നു

നബി ക്ക് അള്ളാഹു വലിയ മഹത്വം നൽകിയെന്ന് ആദ്യ സൂക്തങ്ങളിൽ വന്നപ്പോൾ സഹാബികൾ നബി അനുമോദിച്ചു,എന്നിട്ട് അവർ ചോദിച്ചു നബിയേ അങ്ങേക്ക് ലഭിക്കാൻ പോകുന്നതൊക്കെ ഞങ്ങൾക്ക് മനസ്സിലായി.ഞങ്ങളുടെ അവസ്ഥയെന്താണ്? അതിന്റെ മറുപടിയാണിത് നിത്യവാസികളായി അവർക്ക് അള്ളാഹു സ്വർഗം നൽകും .അവരുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യും അത് മഹാവിജയം തന്നെ


وَيُعَذِّبَ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْمُشْرِكِينَ وَالْمُشْرِكَاتِ الظَّانِّينَ بِاللَّهِ ظَنَّ السَّوْءِ عَلَيْهِمْ دَائِرَةُ السَّوْءِ  6.وَغَضِبَ اللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ وَسَاءتْ مَصِيرًا

അള്ളാഹുവിനെക്കുറിച്ച് തെറ്റായ ധാരണ വെച്ചുപുലർത്തുന്ന കപട വിശ്വാസികളെയും കപട വിശ്വാസിനികളെയും ബഹുദൈവ വിശ്വാസികളെയും ബഹുദൈവ വിശ്വാസിനികളെയും അവൻ ശിക്ഷിക്കുവാൻ വേണ്ടിയുമാണത് അവരുടെ മേൽ തിന്മയുടെ വലയമുണ്ട് അള്ളാഹു അവരുടെ മേൽ കോപിക്കുകയും  അവരെ ശപിക്കുകയും അവർക്ക് നരകം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. സങ്കേതം വളരെ മോശം!

അള്ളാഹുവെയും നബി യെയും അവഗണിച്ച കപടന്മാർക്കും മുശ്രിക്കുകൾക്കും അള്ളാഹു ശിക്ഷയും അവന്റെ അനുഗ്രഹത്തിൽ നിന്ന് ആട്ടിയോടിക്കലും അവന്റെ കോപവുമാണ് നൽകുക  സന്തോഷത്തിന്റെ ഒരു രംഗവും അവർക്ക് വരാനില്ല അവർക്ക് അള്ളാഹു ഒരുക്കിവെച്ച നരകം വളരെ മോശ സങ്കേതം തന്നെ
അള്ളാഹുവെക്കുറിച്ച് തെറ്റായ ധാരണവെച്ച് പുലർത്തി എന്ന് പറഞ്ഞത് നബി യെയും മുസ്ലിംകലെയും മക്കക്കാർ കൊന്നു കളയുമെന്നും അവരിൽ ഒരാളും മദീനയിലേക്ക് മടങ്ങിവരില്ലെന്നും അവർ ധരിച്ചതായിരുന്നു.
 
അവരുടെ മേൽ തിന്മയുടെ വലയുണ്ട് എന്ന് പറഞ്ഞതിന്റെ വ്യാഖ്യാനം ഭൂമിയിൽ യുദ്ധത്തിൽ കൊല്ലപ്പെടൽ,തടവുപുള്ളികളായി പിടിക്കപ്പെടൽ എന്നിവയും പരലോകത്ത് നരകത്തിൽ ശിക്ഷിക്കപ്പെടൽ എന്നതുമാണുദ്ദേശം (ഖുർതുബി 16/191)




 7.وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَزِيزًا حَكِيمًا

അള്ളാഹുവിനുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങൾ.അള്ളാഹു പ്രതാപിയും യുക്തിയുക്തം പ്രവർത്തിക്കുന്നവനുമാകുന്നു

അവരെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാൻ അള്ളാഹുവിനു സാധിക്കുമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണിവിടെ

ഹുദൈബിയ്യയിൽ നബി
മക്കക്കാരുമായി സന്ധിയിലേർപ്പെട്ടപ്പോൾ കപടന്മാരുടെ നേതാവായ ഇബ്നു ഉബയ്യ് നബി യെ കളിയാക്കിക്കൊണ്ട് പറഞ്ഞു . ‘മക്കക്കാരുമായി കരാറുണ്ടാക്കിയാൽ തനിക്ക് വേറേ ശത്രുക്കളൊന്നുമുണ്ടാവില്ലെന്ന് മുഹമ്മദ് ധരിച്ചുവോ? പേർഷ്യയും റോമുമെല്ലാം ശത്രു പക്ഷത്ത് ബാക്കിയുണ്ടല്ലോ.അപ്പോഴാണീ സൂക്തം അവതരിച്ചത്.അതായത് ആകാശങ്ങളിലും ഭൂമിയിലും പേർഷ്യയെയും റോമിനെയും വെല്ലാൻ സാധിക്കുന്ന സൈന്യം അള്ളാഹുവിനുണ്ട് അത് കൊണ്ട് നബി ക്ക് ഒരു ശത്രുവിനെയും ഭയപ്പെടേണ്ടതില്ലെന്ന് സാരം .നബി ക്ക് അള്ളാഹു നൽകിയ അംഗീകാരം ഉൾക്കൊള്ളുകയും അവിടുത്തെ അർഹമായി ആദരിക്കുകയും ചെയ്യാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ


ഭാഗം-02 ഇവിടെ ക്ലിക് ചെയ്ത് വായിക്കുക   -

ഭാഗം 03  ഇവിടെ ക്ലിക് ചെയ്ത് വാ‍ായിക്കുക



1 comment:

പ്രകാശ തീരം said...

masha allah

valare upakaram

allahu thakkadaya prathifalam kkm sa adi usthadinnum mattu pravarthakarkkum nalkatteee.... ameen

تقبل الله

بارك الله فيكم