Saturday, December 23, 2017

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ -ഭാഗം-03

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 59


Part-3  ( 17 to 29 )



ഒന്നാം ഭാഗം ഇവിടെ വായിക്കുക >>

രണ്ടാം ഭാഗം ഇവിടെ വായിക്കുക  >>


بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



(17)

وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاءهُمْ رَسُولٌ كَرِيمٌ


നിശ്ചയം ഇവർക്ക് മുമ്പ് ഫറോവയുടെ ജനതയെ നാം പരീക്ഷിച്ചു. ആദരണീയനായ ഒരു ദൂതൻ അവരുടെ അടുക്കൽ വരികയും ചെയ്തു


മക്കക്കാർക്ക് മുമ്പ് ജീവിച്ച ഒരു ജനതയാണ് ഫറോവയുടെ കുടുംബം.അവരിലേക്ക് വന്ന പ്രവാചകനാണ് മൂസാ عليه السلام. മൂസാ നബിയും ഫറോവയും തമ്മിലുള്ള പ്രശ്നങ്ങൾ നബി യുടെയും മക്കക്കാരുടെയും ഇടയിലുള്ള പ്രശ്നങ്ങൾക്ക് സമാനമാണ്.അപ്പോൾ ഫറോവയും അനുയായികളും നേരിട്ട നാഥന്റെ ശിക്ഷാ നടപടികൾ ഇവരെയും ബാധിക്കുമെന്ന ഓർമപ്പെടുത്തലാണിത്.മക്കക്കാരേക്കാൾ ശക്തന്മാരായിരുന്ന ഫറോവയും കൂട്ടരും നശിപ്പിക്കപ്പെട്ടെങ്കിൽ താരതമ്യേന ബലഹീനന്മാരായ നബി  യുടെ ശത്രുക്കൾ പിടികൂടപ്പെടുക തന്നെ ചെയ്യും. മൂസാ നബിعليه السلامയുടെ അനുയായികൾ സഹായിക്കപ്പെട്ടത് പോലെ മുഹമ്മദ് നബിയുടെ അനുയായികളും സഹായിക്കപ്പെടും

പരീക്ഷിച്ചു‘ എന്ന് പറഞ്ഞാൽ ദൂതനെ അനുസരിക്കണമെന്ന കല്പന നൽകി എന്നാണ് ‘ആദരണീയനായ ദൂതൻ’ എന്നാൽ തന്റെ സമൂഹത്തിൽ ആദരണീയൻ എന്നും, വിട്ടു വീഴ്ച ചെയ്തും പ്രതികാര നടപടികളെടുക്കാതെയും സ്വഭാവ വിശുദ്ധിയുള്ളവൻ എന്നും, പ്രവാചകത്വത്തിനു തിരഞ്ഞെടുത്തു കൊണ്ടും പ്രത്യേക സംസാരം മുഖേന ബഹുമാനിച്ച് കൊണ്ടും അള്ളാഹു ആദരിച്ചു എന്നും ഇവിടെ ആദരണീയൻ എന്നു പറഞ്ഞതിനർത്ഥമുണ്ട് (ഖുർതുബി)


(18)

أَنْ أَدُّوا إِلَيَّ عِبَادَ اللَّهِ إِنِّي لَكُمْ رَسُولٌ أَمِينٌ

(ദൌത്യം ഇവയാണ്) അള്ളാഹുവിന്റെ അടിമകളെ നിങ്ങൾ എനിക്ക് വിട്ട് തരണം ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ ദൂതൻ തന്നെയാകുന്നു


ഫറോവയും കുടുംബവും ഇസ്രയേലികളെ അടിമകളാക്കിവെച്ച് വല്ലാതെ പീഢിപ്പിച്ചിരുന്നു.അവരെ മോചിപ്പിക്കുക എന്നത് മൂസാ നബിعليه السلامയുടെ ദൌത്യത്തിൽ പെട്ടതായിരുന്നു. അതാണ് അള്ളാഹുവിന്റെ അടിമകളെ നിങ്ങൾ എനിക്ക് വിട്ട് തരണം എന്ന് പറഞ്ഞത്.അതോടൊപ്പം  ഞാൻ അള്ളാഹുവിലേക്ക് ക്ഷണിക്കുന്ന ദൂതനുമാണ് ഇതിലേക്കാണ് ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ ദൂതൻ തന്നെയാകുന്നു എന്നത് വിരൽ ചൂണ്ടുന്നത് വിശ്വസ്ഥനായ ദൂതൻ എന്ന് പറഞ്ഞാൽ ഞാൻ നിങ്ങളോട് പറയുന്നതെല്ലാം സത്യ സന്ധമായി അള്ളാഹു നൽകിയ നിർദേശങ്ങൾ തന്നെയാണ്.ഞാൻ അതിൽ എന്റെ ഭാഗത്ത് നിന്ന് ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ല അതിനാൽ എന്റെ സദുപദേശം നിങ്ങൾ സ്വീകരിക്കണം


(19)

وَأَنْ لَّا تَعْلُوا عَلَى اللَّهِ إِنِّي آتِيكُم بِسُلْطَانٍ مُّبِينٍ

നിങ്ങൾ അള്ളാഹുവിനെതിരിൽ  പൊങ്ങച്ചം കാണിക്കരുത്.നിശ്ചയം ഞാൻ നിങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ കൊണ്ടു വരുന്നുണ്ട്

അള്ളാഹുവിനെതിരിൽ നിങ്ങൾ അഹങ്കാരികാരികളാവുകയോ അവനെ അനുസരിക്കുന്നതിൽ നിന്ന്  മാറി നിൽക്കുകയോ അരുത്.എന്നും  അള്ളാഹുവിന്റെ പേരിൽ (അവന് പങ്കാളികളുണ്ട്  എന്നത് പോലുള്ള ) കള്ളം നിങ്ങൾ പറയരുത് എന്നും വ്യാഖ്യാനമുണ്ട് (ഖുർതുബി)

ഞാൻ പ്രവാചകനാണെന്നതിനു വ്യക്തമായ ധാരാളം തെളിവുകൾ ഞാൻ കൊണ്ടു വന്നിട്ടുണ്ട്


(20)

وَإِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَن تَرْجُمُونِ

എന്നെ നിങ്ങൾ എറിഞ്ഞു കൊല്ലുന്നതിനെപ്പറ്റി എന്റെയും നിങ്ങളുടെയും രക്ഷിതാവിൽ ഞാൻ ശരണം പ്രാപിക്കുന്നു


ഇവിടെ എറിഞ്ഞു കൊല്ലുക എന്നതിന് വാക്കാലുള്ള ദുരാരോപണങ്ങളെന്നും കല്ലെറിയലെന്നും ശരിയായ കൊലയെന്നും വ്യാഖ്യാനങ്ങളുണ്ട് ഇതിലേത് നിലക്കുള്ള വിഷമിപ്പിക്കലിൽ നിന്നും അള്ളാഹുവിൽ രക്ഷ തേടിയെന്നാണ് ശരിയായ അഭിപ്രായം (ഥിബ്‌രി)

കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയവരോട് മൂസാ നബിയുടെ പ്രതികരണമാണിത് എന്നെയും നിങ്ങളെയും സൃഷ്ടിച്ച നാഥനോട് ഞാൻ കാവൽ തേടുന്നു.നിങ്ങളുടെ ഭീഷണിയിൽ ഞാൻ ഭയപ്പെടുന്നില്ല.എന്റെ ദൌത്യ നിർവഹണവുമായി ഞാൻ മുന്നോട്ട് പോവുക തന്നെ ചെയ്യും.എന്നെ എന്റെ നാഥൻ സഹായിക്കുക തന്നെ ചെയ്യും


(21)

وَإِنْ لَّمْ تُؤْمِنُوا لِي فَاعْتَزِلُونِ

എന്നെ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ എന്നെ വിട്ട് അകന്നു പോവുക

ഞാൻ പറയുന്ന ഈ സത്യം നിങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ എന്നെ വെറുതെ വിടുക.ആരായിരുന്നു ശരി എന്ന് അള്ളാഹു തീരുമാനിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം.അനുകൂലിക്കാത്ത നിങ്ങൾ എന്നോട് പ്രതികൂല നിലപാടും സ്വീകരിക്കാതെ എന്നെ എന്റെ പാട്ടിനു വിടൂ എന്ന് മൂസാ നബിعليه السلام പറഞ്ഞു


(22)

فَدَعَا رَبَّهُ أَنَّ هَؤُلَاء قَوْمٌ مُّجْرِمُونَ

അങ്ങനെ ആ ദൂതൻ തന്റെ നാഥനോട് പ്രാർത്ഥിച്ചു ഇവർ കുറ്റവാളികളായ ജനത തന്നെയാണ് (അതിനാൽ വേണ്ട നടപടി എടുക്കേണമേ)

ഉപദ്രവിക്കരുതെന്ന അപേക്ഷ അവർ മാനിച്ചില്ലെന്ന് മാത്രമല്ല മൂസാ നബിعليه السلامയെ അവർ അപായപ്പെടുത്താൻ ശ്രമിച്ചു അപ്പോൾ മൂസാ നബി عليه السلامപ്രാർത്തിച്ചതാണ് അള്ളാഹുവേ! ഇവർ കുറ്റവാളികൾ തന്നെ .ഇവരെ നീ കൈകാര്യം ചെയ്യണം എന്ന്.അപ്പോൾ അള്ളാഹു പറഞ്ഞ മറുപടിയാണ് അടുത്ത സൂക്തം


(23)

فَأَسْرِ بِعِبَادِي لَيْلًا إِنَّكُم مُّتَّبَعُونَ

(അള്ളാഹു മറുപടി നൽകി) എന്നാൽ നിങ്ങൾ എന്റെ അടിമകളെയും കൊണ്ട് രാത്രിയിൽ പ്രയാണം ചെയ്യുക തീർച്ചയായും നിങ്ങൾ പിന്തുടരപ്പെടുന്നവരാണ്

മൂസാ നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു.വിശ്വാസികളെയും കൊണ്ട് രാത്രി തന്നെ നാട് വിടാൻ നിർദേശിച്ചു.രാത്രിയിലുള്ള യാത്ര ശത്രുവിൽ നിന്ന് മറയാൻ സഹായകം എന്ന നിലക്കോ വാഹനങ്ങൾക്ക് ഒരു ആശ്വാസം എന്ന നിലക്കോ ആവാം (ഖുർതുബി)

നിങ്ങൾ നാട് വിട്ടു എന്നറിയുമ്പോൾ ഫറോവയും സംഘവും നിങ്ങളെ തിരഞ്ഞ് പിന്തുടരും എന്നാണ് നിങ്ങൾ പിന്തുടരപ്പെടുന്നവരാണ് എന്നതിന്റെ ഉദ്ദേശം (ഥബരി)


(24)

وَاتْرُكْ الْبَحْرَ رَهْوًا إِنَّهُمْ جُندٌ مُّغْرَقُونَ

തുറന്നു വിശാലമായ നിലയിൽ സമുദ്രത്തെ താങ്കൾ വിട്ടു പോവുക നിശ്ചയമായും അവർ (വെള്ളത്തിൽ) മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാകുന്നു

അള്ളാഹുവിന്റെ നിർദ്ദേശാനുസരണം മൂസാനബിعليه السلامയും കൂട്ടരും ചെങ്കടലിനടുത്തെത്തി. അള്ളാഹുവിന്റെ നിർദ്ദേശാനുസരണം കടലിൽ അടിച്ചു അപ്പോൾ കടൽ രണ്ട് ഭാഗമായി വെള്ളം മാറി നിൽക്കുകയും അവർ സൌകര്യപൂർവം കടൽ കടക്കുകയും ചെയ്തു അപ്പോൾ ഫറോവയും സംഘവും തങ്ങളെ പിടികൂടാതിരിക്കാൻ വെള്ളം പഴയത് പോലെ കൂടാൻ മൂസാ നബി عليه السلامആഗ്രഹിച്ചു അതിനായി കടലിൽ അടിക്കാൻ ആലോചിച്ചു അപ്പൊൾ. അള്ളാഹു പറഞ്ഞതാണിത്.സമുദ്രം വെള്ളം മാറി നടക്കാനുള്ള വഴി കണ്ടപ്പോൾ ഫറോവയും സംഘവും കടലിൽ ഇറങ്ങി.അപ്പോൾ മാറിനിന്ന വെള്ളത്തോട് കൂടിച്ചേരാൻ അള്ളാഹു നിർദ്ദേശിച്ചു അവർ കടലിൽ മുങ്ങി മരിച്ചു.അതാണ് അവർ മുക്കി നശിപ്പിക്കപ്പെടുന്ന സൈന്യമാകുന്നു എന്ന് പറഞ്ഞത്


(25)

كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ

എത്ര തോട്ടങ്ങളെയും അരുവികളെയുമാണ് അവർ വിട്ടു പോയത്?

വിവിധങ്ങളായ നിരവധി അനുഗ്രഹങ്ങൾ മുറ്റി നിന്നിരുന്ന നാടായിരുന്നു ഈജിപ്ത്.അതെല്ലാം കൈയടക്കി വെച്ച് ആസ്വദിക്കുകയായിരുന്നു ഫറോവയും സംഘവും.എന്നിട്ടും ഇതെല്ലാം നൽകിയ നാഥനു നന്ദി രേഖപ്പെടുത്തുന്നതിനു പകരം ഞാൻ ഏറ്റവും വലിയ ദൈവം തന്നെ എന്ന് വീമ്പിളക്കുകയായിരുന്നു അവൻ.സദുപദേശം നൽകാൻ വന്ന മൂ‍സാനബിعليه السلامയെയും അവൻ കണക്കിനു കളിയാക്കി.അവനും അവന്റെ ആളുകളും നിലമ്പരിശായി .ഇത്രയും കാലം അവർ എത്ര തോട്ടങ്ങളും അരുവികളും അനുഭവിച്ചിരുന്നു.നൈൽ നദിയെക്കുറിച്ച് മാത്രം ചിന്തിച്ചാൽ തന്നെ അവരുടെ സൌഭാഗ്യം മനസ്സിലാക്കാം.അതെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയാണല്ലോ അവന്മാർ മുങ്ങി മരിച്ചത്

(26)

وَزُرُوعٍ وَمَقَامٍ كَرِيمٍ

കൃഷികളെയും മനോഹരമായ താമസ സ്ഥലങ്ങളെയും
 
കൃഷിയിടങ്ങളും രമ്യ ഹർമങ്ങളും അവരെ സന്തോഷിപ്പിക്കാനുണ്ടായിരുന്നു


(27)

وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ

അവർ സുഖിച്ചിച്ചാനന്ദം കൊള്ളുന്നവരായിരുന്ന എത്ര സുഖങ്ങളെയു(മാണവർ വിട്ടു പോയത്)


യാതൊരു അല്ലലുമില്ലാതെ സുഖത്തിന്റെ ഉന്നതിയിലായിരുന്നു അവർ ഭൂമിയിൽ ജീവിച്ചിരുന്നത്.ഉദ്ദേശിക്കുന്ന വസ്ത്രമുടുത്തും ആഗ്രഹിക്കുന്ന ഭക്ഷണം കഴിച്ചും യഥേഷ്ഠം വിഹരിച്ചിരുന്നു അവർ


(28)

كَذَلِكَ وَأَوْرَثْنَاهَا قَوْمًا آخَرِينَ

അങ്ങനെയാണ് (അവരുടെ അന്ത്യം) മറ്റൊരു ജനതക്ക് നാം അതെല്ലാം അനന്തരാവകാശമായി നൽകുകയും ചെയ്തു


അതായത് ഇവർക്ക് അടിമപ്പണിയെടുത്തിരുന്ന ഇസ്‌റയേലികൾ അവിടുത്തെ കൈകാര്യ കർത്താക്കളായി

(29)

فَمَا بَكَتْ عَلَيْهِمُ السَّمَاء وَالْأَرْضُ وَمَا كَانُوا مُنظَرِينَ

എന്നിട്ട് അവരുടെ പേരിൽ ആകാശവും ഭൂമിയും കരഞ്ഞില്ല അവർ കാല താമസം നൽകപ്പെട്ടവരായതുമില്ല


അവർ മൃതിയടഞ്ഞപ്പോൾ അവരെ ഓർത്ത് കരയാൻ ആരുമുണ്ടായില്ല.അതി നിന്ദ്യമായ അന്ത്യം!.ശിക്ഷയുടെ സമയമെത്തിയപ്പോൾ പിന്നെ അവർക്ക് സാവകാശം ലഭിച്ചുമില്ല

ഇമാം ഥിബ്‌രി എഴുതുന്നു ഇബ്‌നു അബ്ബാസ് തങ്ങളുടെ അടുത്ത് വന്ന് ഒരാൾ ചോദിച്ചു.അല്ലയോ ഇബ്‌നു അബ്ബാസ്! അങ്ങ് ഖുർആനിലെ
അവരുടെ പേരിൽ ആകാശവും ഭൂമിയും കരഞ്ഞില്ല എന്ന ഭാഗം കണ്ടില്ലേ? ആകാശവും ഭൂമിയും ആരുടെയെങ്കിലും പേരിൽ കരയുമോ?അപ്പോൾ അദ്ദേഹം പറഞ്ഞു കരയും  ഏതൊരാൾക്കുമായി ആകാശത്ത് ഒരു വാതിലുണ്ട്.അവന്റെ സുകൃതങ്ങൾ അതിലൂടെ കയറിപ്പോവുകയും അവന്റെ ആഹാരം അതിലൂടെ ഇറങ്ങി വരികയും ചെയ്യും സത്യ വിശ്വാസിയായ മനുഷ്യൻ മരിക്കുമ്പോൾ ആ കവാടം അടക്കപ്പെടും അപ്പോൾ ആകാശം കരയും ഭൂമിയിൽ വെച്ച് അവൻ നിസ്ക്കരിക്കുകയും ദിക്‌ർ ചൊല്ലുകയും ചെയ്തിരുന്ന സ്ഥലത്ത് അവനെ കാണാതാവുമ്പോൾ ഭൂമിയും കരയും എന്നാൽ ഫറോവക്കും സംഘത്തിനും ഇങ്ങനെ സുകൃതങ്ങൾ കേറിപോകാനില്ലാത്തതിനാൽ ആകാശത്തിനോ ഭൂമിയിൽ വെച്ച് അവർ ചെയ്യുന്ന നന്മകളൊന്നും ഇല്ലാതിരുന്നതിനാൽ ഭൂമിക്കോ അവർ നശിച്ചപ്പോൾ കരയേണ്ടി വന്നില്ല (ഥിബ്‌രി)

അള്ളാഹു നമ്മെ നല്ലവരിൽ ഉൾപെടുത്തട്ടെ ആമീൻ

(തുടരും)
ഇൻശാ അള്ളാഹ്



പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.com





No comments: