Monday, January 1, 2018

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ -ഭാഗം-04

അദ്ധ്യായം – 44 | സൂറത്തുദ്ദുഖാൻ | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 59


Part-4  ( 30 to 42 )ഒന്നാം ഭാഗം ഇവിടെ വായിക്കുക >>

രണ്ടാം ഭാഗം ഇവിടെ വായിക്കുക  >>

മൂന്നാം ഭാഗം ഇവിടെ  >>>


بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു
(30)

وَلَقَدْ نَجَّيْنَا بَنِي إِسْرَائِيلَ مِنَ الْعَذَابِ الْمُهِينِ

നിശ്ചയം ഇസ്‌റയേൽ സന്തതികളെ അപമാനകരമായ ശിക്ഷയിൽ നിന്ന് നാം രക്ഷപ്പെടുത്തി

(31)
مِن فِرْعَوْنَ إِنَّهُ كَانَ عَالِيًا مِّنَ الْمُسْرِفِينَ

അതായത് ഫറോവയിൽ നിന്ന് (രക്ഷപ്പെടുത്തി) അവൻ അതിക്രമികളിൽ പെട്ട ഒരു അഹങ്കാരി തന്നെയായിരുന്നു

പ്രയാസകരമായ ജോലികൾ ചെയ്യിച്ചും അവരെ നിസ്സാരപ്പെടുത്തിയും പലപ്പോഴായി അവരിലെ ആൺ കുട്ടികളെ കൊന്നും സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിച്ചും അവരെ അടക്കി ഭരിച്ചിരുന്ന അഹങ്കാരിയും അക്രമിയുമായിരുന്ന ഫറോവയെയും ആൾക്കാരെയും ചെങ്കടലിൽ മുക്കി നശിപ്പിച്ച് എന്നെന്നേക്കുമായി ഫറോവയുടെ ശല്യത്തിൽ നിന്ന് അള്ളാ‍ഹു അവരെ രക്ഷപ്പെടുത്തി.ഞാനാണ് ഏറ്റവും വലിയ ദൈവം എന്ന് വാദിക്കുന്നിടത്തോളം ഫറോവയുടെ അഹങ്കാരം വളരുകയും അതിക്രമത്തിൽ എല്ലാ പരിധിയും ലംഘിക്കും വിധം അവൻ മുന്നോട്ട് പോവുകയും ചെയ്തിരുന്നു


(32)

وَلَقَدِ اخْتَرْنَاهُمْ عَلَى عِلْمٍ عَلَى الْعَالَمِينَ 

അറിഞ്ഞു കൊണ്ട് തന്നെ മറ്റു ലോകരേക്കാൾ ഇസ്‌റയേല്യരെ നാം ഉൽകൃഷ്ടരായി തിരഞ്ഞെടുത്തു

ഇസ്‌റയേല്യരിൽ നിന്ന് ധാരാളം പ്രവാചകന്മാരെ അള്ളാഹു നിയോഗിച്ചിട്ടുണ്ട്.ആ കാലത്തുള്ള മറ്റു ജനങ്ങളേക്കാൾ അവർക്ക് ശ്രേഷ്ഠത നൽകി എന്നാണിവിടെ പറയുന്നത്.കാരണം ഏറ്റവും ശ്രേഷ്ഠർ മുഹമ്മദ് നബി  യുടെ സമുദായമാണെന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട് )നിങ്ങൾ ഉത്തമ സമുദായമാണ് 3/110)


(33)
وَآتَيْنَاهُم مِّنَ الْآيَاتِ مَا فِيهِ بَلَاء مُّبِينٌ

വ്യക്തമായ പരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ദൃഷ്ടാന്തങ്ങൾ അവർക്ക് നാം നൽകുകയും ചെയ്തു

വിഷമങ്ങൾ കൊണ്ടും സന്തോഷങ്ങൾ കൊണ്ടും പരീക്ഷണമുണ്ടാകും.വിഷമമുണ്ടായാൽ ക്ഷമിക്കുകയും സന്തോഷമുണ്ടായാൽ നന്ദി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് വേണ്ടത്.ശത്രുക്കളായ ഖിബ്‌ഥികളിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയതും സുരക്ഷിതമായി ചെങ്കടൽ കടത്തിയതും മേഘം തണൽ വിരിച്ചതും കാടപ്പക്ഷിയുടെ മാംസവും കട്ടിത്തേനും മരുഭൂമിയിൽ വെച്ച് നൽകിയതും അവർക്ക് നൽകിയ സന്തോഷങ്ങളാണ് ഖിബ്‌ഥികളുടെ അടിമകളായി അവഗണന സഹിച്ചത് പരീക്ഷണത്തിന്റെ ഉദാഹരണവുമാണ്.മൂസാ നബി عليه السلامയുടെ വടിയും കൈ പ്രകാശിച്ചതുമെല്ലാം ദൃഷ്ടാന്തങ്ങളുടെ ഭാഗം തന്നെയാണ്


(34)

إِنَّ هَؤُلَاء لَيَقُولُونَ

നിശ്ചയമായും ഇക്കൂട്ടർ പറഞ്ഞു കൊണ്ടിരിക്കുന്നു


ഇക്കൂട്ടർ എന്ന് പറഞ്ഞത് മക്കയിലെ ബഹുദൈവാരാധകരാണ്


(35)

إِنْ هِيَ إِلَّا مَوْتَتُنَا الْأُولَى وَمَا نَحْنُ بِمُنشَرِينَ

സ്ഥിതി (ഇതാണ്) നമ്മുടെ ആദ്യ മരണമല്ലാതെ മറ്റൊന്നുമില്ല നാം ഉയിർത്തെഴുന്നേല്പിക്കപ്പെടുന്നവരുമല്ല

നാം ഇവിടെ നിന്ന് മരിച്ചു കഴിഞ്ഞാൽ പിന്നെ ഒരു പുനർജന്മം ഉണ്ടാവുകയില്ല .അഥവാ ഈ മരണത്തോടെ എല്ലാം അവസാനിച്ചു.വീണ്ടും ഒരു ജീവിതമോ വിചാരണയോ രക്ഷാ ശിക്ഷയോ ഒന്നുമുണ്ടാവില്ല എന്നായിരുന്നു അവരുടെ വാദം


(36)

فَأْتُوا بِآبَائِنَا إِن كُنتُمْ صَادِقِينَ

എന്നാൽ (അങ്ങനെയൊന്നുണ്ടെങ്കിൽ) നമ്മുടെ പിതാക്കളെ നിങ്ങൾ കൊണ്ടു വരുവീൻ നിങ്ങൾ സത്യവാദികളാണെങ്കിൽ


പുനർജന്മമുണ്ടാവില്ലെന്നതിന് തെളിവായി അബൂജഹ്‌ൽ അടക്കമുള്ളവർ നബി യോട് പറഞ്ഞ വിവരക്കേടാണിത്.പുനർജന്മമുണ്ടെങ്കിൽ നേരത്തേ മരണപ്പെട്ടു പോയവരെ ജീവിപ്പിച്ച് തരൂ ഞങ്ങൾ അവരോട് ചോദിക്കട്ടെ അവിടെ ഇങ്ങനെയെല്ലാം ഉണ്ടോ എന്ന്!

വാസ്തവത്തിൽ ഈ ചോദ്യം തികച്ചും അനാ‍വശ്യമാണ്.കാരണം പുനർജന്മം ഉണ്ടെന്ന് നബി   പറഞ്ഞത് അന്ത്യ നാളിലാണ് അപ്പോഴാണ് വിചാരണയും രക്ഷാ ശിക്ഷകളുമെല്ലാം നടക്കുക.അതിനു മുമ്പ് ജീവിപ്പിച്ചാൽ അക്കാര്യം നടക്കുമോനിഷേധികളുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ!


(37)

أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَالَّذِينَ مِن قَبْلِهِمْ أَهْلَكْنَاهُمْ إِنَّهُمْ كَانُوا مُجْرِمِينَ

ഇവരാണോ (ശക്തിയിൽ) ഉത്തമന്മാർഅതോ തുബ്ബ ഇന്റെ ജനതയും അവരുടെ മുമ്പുണ്ടായിരുന്നവരുമോ?അവരെ നാം നശിപ്പിച്ചു കാരണം അവർ കുറ്റവാളികൾ തന്നെയായിരുന്നു

തുബ്ബഅ് എന്നത് യമനിലെ പുരാതന രാജാക്കൾക്ക് പൊതുവിൽ പറയുന്ന നാമമാണ് ഇവിടെ പറയുന്ന തുബ്ബഅ രാജാവിന്റെ ചരിത്രം വിശദമായി നേരത്തെ സൂറത്ത് ഖാഫിന്റെ പതിനാലാം വാക്യത്തിന്റെ വശദീകരണത്തിൽ നാം പറഞ്ഞത് നോക്കുക

തുബ്ബഇന്റെ ജനതയും അവർക്ക് മുമ്പ് കഴിഞ്ഞു പോയ പല ജനതകളും ഈ മക്കക്കാരേക്കാൾ ശക്തന്മാരായിരുന്നു എന്നിട്ടും നിഷേധം അതിന്റെ എല്ലാ പരിധിയും വിട്ടപ്പോൾ അവരെ നാം ശിക്ഷിച്ചു.എന്നിരിക്കെ അവരേക്കാൾ ബലഹീനന്മാരായ ഇവരെ ശിക്ഷിക്കുന്നത് നമുക്ക് പ്രയാസമുള്ള കാര്യമല്ല തന്നെ.ഇത് നിഷേധികൾക്കുല്ല ശക്തമായ താക്കീതാ
ണ്


(38)

وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ

ആകാശ ഭൂമികളും അവക്കിടയിലുള്ളവയും നാം വിനോദത്തിലായിക്കൊണ്ട് (വൃഥാ) സൃഷ്ടിച്ചതല്ല

ചിന്തിക്കുന്നവരെ അമ്പരപ്പിക്കുന്ന അത്ഭുതങ്ങളുടെ കലവറയായ ആകാശങ്ങളും ഭൂമിയും ഒരു തമാശക്ക് പടച്ചതല്ല അഥവാ അവയുടെ സൃഷ്ടിപ്പിനു പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്


(39)

مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അവ രണ്ടും ന്യായമായ കാര്യത്തോട് കൂടിത്തന്നെയാണ് നാം സൃഷ്ടിച്ചിരിക്കുന്നത്  പക്ഷെ അവരിൽ അധികമാളുകളും ഗ്രഹിക്കുന്നില്ല


ന്യായമായ കാര്യത്തോടെ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ ശൂന്യതയിൽ നിന്ന് ഇത്രയും അത്ഭുതകരവും അതി സങ്കീർണവുമായ പ്രബഞ്ചത്തെ സൃഷ്ടിച്ചു നിയന്ത്രിക്കുന്ന അള്ളാഹുവിനു ഈ പ്രപഞ്ചത്തിലെ വളരെ ചെറിയ സൃഷ്ടിയായ ഈ മനുഷ്യൻ മണ്ണിൽ ലയിച്ചതിനു ശേഷം പുനർജനിപ്പിക്കുന്നത് പ്രയാസമുള്ള കാര്യമേ അല്ല എന്ന് ചിന്തിക്കുന്നവർക്ക് മനസിലാക്കാൻ വേണ്ടി തന്നെയാണിത് സൃഷ്ടിച്ചത് പക്ഷെ അധികമാളുകളും ഈ യാഥാർത്ഥ്യത്തിനു നേരെ കണ്ണടക്കുകയാണ്.അത് കൊണ്ടാണ് നന്മക്ക് പ്രതിഫലമോ തിന്മക്ക് ശിക്ഷയോ ലഭിക്കുന്ന ഒരു സംവിധാനത്തെ അവർ നിഷേധിക്കുന്നത്

(40) 

إِنَّ يَوْمَ الْفَصْلِ مِيقَاتُهُمْ أَجْمَعِينَ

അന്ത്യ തീരുമാനത്തിന്റെ ദിവസം അവരെല്ലാവരുടെയും നിർണിത സമയമാണ് തീർച്ച

ഓരോരുത്തരുടെയും പ്രവർത്തിക്കനുസരിച്ചുള്ള പ്രതിഫലം നൽകുന്ന ദിനമാണ് അന്ത്യ തീരുമാനത്തിന്റെ ദിനം അത് അള്ളാഹു നിശ്ചയിച്ചിട്ടുണ്ട്.ആ ദിനം വരിക തന്നെ ചെയ്യും അന്ന് ഭൂമിയിൽ നന്മ ചെയ്തവരെ വിജയികളായും തിന്മ ചെയ്തവരെ പരാജയപ്പെട്ടവരായും പ്രഖ്യാപിക്കുകയും ചെയ്യും


(41)

يَوْمَ لَا يُغْنِي مَوْلًى عَن مَّوْلًى شَيْئًا وَلَا هُمْ يُنصَرُونَ

അതായത് ഒരു ബന്ധുവും മറ്റൊരു ബന്ധുവിന് ഒട്ടും ഉപകരിക്കാത്ത ദിവസം അവർ സഹായിക്കപ്പെടുന്നതുമല്ല

അതായത് ഭൂമിയിൽ കുടുംബക്കാർ പരസ്പരം സഹായിക്കുന്നത് പോലെ അവിടെ ആരും ആരെയും സഹായിക്കില്ല ഓരോരുത്തരും അവരുടെ രക്ഷക്കെന്ത് ചെയ്യാൻ സാധിക്കും എന്ന് മാത്രം ചിന്തിക്കും


(42)

إِلَّا مَن رَّحِمَ اللَّهُ إِنَّهُ هُوَ الْعَزِيزُ الرَّحِيمُ

അള്ളാഹു കരുണ ചെയ്തവർ ഒഴികെ നിശ്ചയം അവൻ തന്നെയാണ് പ്രതാപ ശാലിയും മഹാ കാരുണ്യവാനും


നാല്പത്തൊന്നാം സൂക്തത്തിൽ പറഞ്ഞത് അവിശ്വാസികളുടെ കാര്യമാണെന്ന് ഉണർത്തുകയാണിവിടെ .അതായത് വിശ്വാസികൾ പരസ്പരം ശുപാർശ ചെയ്ത് സഹായിക്കും .അതേ സമയം അവിശ്വാസിയെ ആരും സഹായിക്കില്ല എന്നാണ് ഉദ്ദേശ്യം.ശിക്ഷ ലഭിക്കേണ്ടവനെ ശിക്ഷിക്കാൻ കഴിവുള്ള അള്ളാഹു വിശ്വാസിക്ക് കരുണ നൽകും എന്നാണ് പ്രതാപിയും കാരുണ്യാവനും എന്ന് പറഞ്ഞതിന്റെ അർത്ഥം

അള്ളാഹു നമ്മെയെല്ലാം അന്ന് വിജയിക്കുന്നവരിൽ പെടുത്തട്ടെ ആമിൻ


(തുടരും)
ഇൻശാ അള്ളാഹ്


പ്രിയസഹോദരങ്ങളെ,  നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين

തെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോപിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക് vilakk@gmail.comNo comments: