Monday, November 10, 2008

അദ്ധ്യായം 1,സൂക്തം 2‌ (സ്തുതി)

ഫാത്തിഹ :
സൂക്തം രണ്ട്‌. اَلْحَمْدُ للّهِ رَبِّ الْعَالَمِينَ

സർവ്വസ്തുതിയും ലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

ഫാതിഹ പ്രധാനമായും അല്ലാഹുവോടുള്ള അപേക്ഷയാണ്‌. അപേക്ഷക്ക്‌ മുമ്പ്‌ സാധാരണയായി ചില ഉപചാരങ്ങൾ ഉണ്ടാവും. സർ, യുവർ ഹോണർ പോലെ. അപേക്ഷ സമർപ്പിക്കപ്പെടുന്ന കേന്ദ്രമേതോ അതിനോട്‌ കാണിക്കുന്ന വിധേയത്വമാണ്‌ ഈ ഉപചാരം. അതിന്‌ ശേഷം അപേക്ഷ സമർപ്പിക്കും. ഇത്‌ പോലെ ബിസ്മി മുതൽ ഇയ്യാക വരെ ഉപചാരമാണ്‌. ഹംദ്‌ (സ്തുതി) കൊണ്ട്‌ കാര്യങ്ങൾ തുടങ്ങണം എന്ന് നിർദ്ദേശമുണ്ട്‌. ബിസ്മി കൊണ്ട്‌ തുടങ്ങാൻ നിർദ്ദേശമുള്ള പോലെ. അപ്പോൾ രണ്ട്‌ കൊണ്ടും (ബിസ്മിയും, ഹംദും) കൂടി എങ്ങനെ തുടങ്ങാനാവും എന്ന സംശയം വരാം. ഹംദ്‌ കീർത്തനമാണല്ലോ ബിസ്മിയിൽ. റഹ്‌മാൻ, റഹീം എന്നത്‌ കൊണ്ട്‌ കീർത്തനം സാധ്യമാക്കി അതോടെ തത്വത്തിൽ രണ്ട്‌ കൊണ്ടും തുടങ്ങലായി. അതിന്‌ പുറമെ ബിസ്മി കൊണ്ടും ഹംദ്‌ കൊണ്ടും തുടങ്ങാൻ നിർദ്ദേശിച്ച അല്ലാഹുവും റസൂലും ആദ്യം ബിസ്മിയും പിന്നെ ഹംദും ചെയ്യാൻ കൽപിച്ചതിലൂടെ ഏറ്റവുമാദ്യം പരിഗണിക്കേണ്ടത്‌ ബിസ്മിയാണെന്നും വ്യക്തമായി.

മനുഷ്യ പിതാവ്‌ ആദം(അ) ആദ്യമായി പറഞ്ഞ വാക്ക്‌ അൽഹംദുലില്ലാഹ്‌ എന്നാണെന്നും സ്വർഗാവകാശികൾക്ക്‌ അവസാനമായി പറയാനുള്ളത്‌ അൽഹംദുലില്ലാഹ്‌ എന്നാണെന്നും ഇസ്‌ലാം വ്യക്തമാക്കുമ്പോൾ ലോകാരംഭവും ലോകാവസാനവും ഹംദുമായി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌ എന്ന് മനസ്സിലാക്കുകയും വിശ്വാസി തന്റെ പ്രവർത്തനങ്ങളുടെ ആരംഭവും അവസാനവും ഹംദുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കണമെന്നും മനസിലാക്കാം. ഇത്‌ കൊണ്ടാണ്‌ വിശ്വാസികൾ അവരുടെ വിഷയങ്ങൾ ഫാത്തിഹ ചൊല്ലി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത്‌.

ഹംദ്‌-അഥവാ സ്തുതി എന്നാൽ എന്ത്‌? സ്വമേധയാ ചെയ്യുന്ന സുകൃതത്തിന്റെ പേരിൽ ഒരാളെ കീർത്തിക്കുക എന്നാണ്‌ ഇതിന്റെ ആശയം. ഇത്‌ നാല്‌ രൂപത്തിൽ കാണാം 1) സൃഷ്ടാവ്‌ സ്തുതിക്കുക 2) സൃഷ്ടി സൃഷ്ടാവിനെ സ്തുതിക്കുക. 3) സൃഷ്ടാവ്‌ സൃഷ്ടിയെ സ്തുതിക്കുക. 4) സൃഷ്ടി സൃഷ്ടിയെ സ്തുതിക്കുക. എന്നിങ്ങനെ. ഇത്‌ നാലും അല്ലാഹുവിന്‌ അവകാശപ്പെട്ടതാണെന്നാണ്‌ അൽഹംദുലില്ലാഹ്‌ എന്നതിന്റെ താൽപര്യം. അഥവാ സ്വമേധയാ ചെയ്യുന്ന ഏതു സുകൃതവും ആരിൽ നിന്നുണ്ടായാലും അത്‌ ചെയ്യാനുള്ള എല്ലാ കഴിവും അനുകൂലാവസ്ഥയും നൽകിയത്‌ അല്ലാഹുവാണ്‌. കാരണം അവനാണ്‌ എല്ലാം പരിപാലിക്കുന്നവൻ.

وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللّهِ

''നിങ്ങളിൽ ഉള്ള എന്ത്‌ അനുഗ്രഹമുണ്ടോ എല്ലാം അല്ലാഹുവിൽ നിന്നാകുന്നു'' എന്നാണ്‌ അല്ലാഹു പറഞ്ഞത്‌. അതിനാൽ ഏത്‌ വകുപ്പിൽ വരുന്ന സുകൃതത്തിന്റെ പേരിലുള്ള കീർത്തനവും യഥാർത്ഥത്തിൽ അവനു തന്നെ അവകാശപ്പെട്ടതാണ്‌. ഈ തത്വം മനസിലാക്കുന്ന വിശ്വാസി എന്ത്‌ നന്മ ചെയ്താലും അഹങ്കരിക്കുന്നതിന്‌ പകരം വിനയാന്വിതനാവുന്നത്‌ കാണാം. അല്ലാഹുവിനെ സ്തുതിക്കുന്നതിൽ അലംഭാവം കാണിക്കുന്നത്‌ അല്ലാഹുവിന്‌ വെറുപ്പുള്ള കാര്യാമാണെന്ന് വിശ്വാസി മനസ്സിലാക്കണം. താൻ ഒന്നിന്റെയും സ്വതന്ത്രാവകശിയല്ലെന്നും. ! ഞാൻ അല്ലാഹുവെ സ്തുതിക്കുന്നു എന്നോ ഞങ്ങൾ സ്തുതിക്കുന്നു എന്നോ പോലെയുള്ള ക്രിയാ വചനങ്ങള്‍(ഫിഅ്ലിയ്യായ ജുംല) പറയാതെ എല്ലാ സ്തുതിയും അല്ലാഹുവിന്നാകുന്നു എന്ന നാമ വചനം(ഇസ്മിയ്യായ ജുംല) പറഞ്ഞത്‌ ഈ ആശയം (സ്തുതി അല്ലാഹുവിന്ന് മാത്രം എന്നത്‌) സാർവ്വ കാലികമാണെന്ന് തെളിയിക്കാനാണ്‌. അഥവാ അല്ലാഹു കഴിഞ്ഞ കാലത്ത്‌ ധാരാളം സ്തുത്യർഹമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നുവെന്നും ഇനിയും ചെയ്യുമെന്നും ഈ സൂക്തം വ്യക്തമാക്കുന്നു.

ഫാതിഹ; ഖുർആനിന്റെ ആമുഖമാവുമ്പോൾ ഭൂത-വർത്തമാന-ഭാവി കാലങ്ങളെ മൊത്തത്തിൽ സ്പർശിക്കുക എന്നതും അനിവാര്യമാണ്‌. അപ്പോൾ എല്ലാവരും അറിഞ്ഞോ അറിയാതെയോ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടേയിരിക്കുന്നുവെന്ന വസ്തുത ഈ വാചകത്തിലൂടെ ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്‌. ദൈവിക വചനങ്ങൾക്കല്ലാതെ ഇത്രയും ആഴത്തിലേക്കിറങ്ങാനാവില്ലെന്നത്‌ തീർച്ച.

എല്ലാവരും സ്തുതിക്കുന്നില്ലല്ലോ അല്ലാഹുവിനെ. ? നിരീശ്വര നിർമ്മത വാദികൾ അല്ലാഹുവിനെ തന്നെ നിരാകരിക്കുമ്പോൾ പിന്നെ അവനെ സ്തുതിക്കുമോ എന്ന് സംശയം തോന്നാം. അവർ അവർ പോലുമറിയാതെ നിശ്ശബ്ദം അല്ലാഹുവിനെ സ്തുതിക്കേണ്ട ഗതികേടിലാണെന്നാണ്‌ നാം കാണുന്നത്‌. കാരണം അവർക്കാവശ്യമായ വായു, വെള്ളം, ദൈവം ഇല്ലെന്നു പറയാൻ അവർ ഉപയോഗപ്പെടുത്തിയ അവരുടെ തലച്ചോർ ഒന്നും അവരോ അവരുടെ വേണ്ടപ്പെട്ടവരോ നിർമ്മിച്ചതല്ല. ഇവർ വായുവും വെള്ളവും ഉപയോഗിച്ച്‌ ജീവിക്കുന്നതും ഹൃദയവും തലച്ചോറും ഉപയോഗിച്ച്‌ ചിന്തിക്കുന്നതും സ്വയം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു ഇതിന്റെയെല്ലാം ഉടമസ്ഥനാണ്‌ സർവ്വ സ്തുതിയും എന്ന്. ഇതൊരു ഉദാഹരണത്തിലൂടെ നമുക്ക്‌ മനസിലാക്കാം. ഒരു വെള്ള കടലാസിൽ നല്ല വൃത്തിയിൽ വടിവൊത്ത ഒരക്ഷരം പതിയുമ്പോൾ പേനയെ മാത്രം നോക്കികാണുന്നവൻ ഇത്ര നല്ല എഴുത്ത്‌ ഉണ്ടാക്കുന്നത്‌ പേനയാണെന്ന് കരുതുന്നു. എന്നാൽ കുറച്ചു കൂടി ചിന്തിക്കുന്നവൻ ആ പേന ചിലവിരലുകളാൽ നിയന്ത്രിക്കപ്പെടുന്നതിനാൽ വിരലുക്കൾക്കാണ്‌ ഈ എഴുത്തിന്റെ അവകാശം എന്ന് വിശ്വസിക്കുന്നു. കുറച്ച്‌ കൂടി ആഴത്തിൽ ചിന്തിക്കുന്നവൻ വിരൽ കൈപ്പടത്തിലാണെന്നും കൈചലിച്ചത്‌ കൊണ്ടാണ്‌ പേനക്കും വിരലുകൾക്കും ചലനമനുഭവപ്പെട്ടതെന്നും അതിനാൽ കയ്യിനാണ്‌ ഇതിന്റെ അവകാശമെന്നും സമ്മതിക്കുന്നു. വീണ്ടും ചിന്തിക്കുന്നവന്ന് കൈ തന്നെ ചലിപ്പിച്ച മറ്റൊരു ശക്തിയുണ്ടെന്ന് ബോധ്യമാവുകയും അതിനാൽ ഈ എഴുത്തിനെ ആ ശക്തിയുടേതായി അവൻ അംഗീകരിക്കുകയും ചെയ്യും. പിന്നെയും സജീവമായി ചിന്തിക്കുന്നവന്ന് ആശക്തി സ്വയം നിലനിൽക്കുന്നതല്ലെന്നും ഇച്ചിക്കുന്നവനും ചലിപ്പിക്കുന്നവനുമായ ഒരു വ്യക്തിയിൽ നിന്നാണ്‌ അതുണ്ടാകുന്നതെന്നും മനസിലാകും. എന്നാൽ ശരിയായി കണ്ണ്‌ തുറന്ന് നാം കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ആവ്യക്തിയും അവന്റെ താൽപര്യങ്ങളുമെല്ലാം അവന്റെ സ്വയം കഴിവുകളല്ലെന്നും മറിച്ച്‌ അല്ലാഹു അവനു നൽകിയതാണെന്നും ഇവന്റെ എഴുത്തും ഇവനെ തന്നെയും ആ അല്ലാഹുവാണ്‌ സൃഷ്ടിച്ചതെന്നും അല്ലാഹുവിന്റെ സഹായം കൊണ്ടാണ്‌ ഈ ഭംഗിയുള്ള എഴുത്ത്‌ കടലാസിൽ പതിഞ്ഞതെന്നും അവനു ബോധ്യപ്പെടും. എങ്കിൽ നല്ല എഴുത്തിന്റെ പേരിൽ അവൻ യഥാർത്ഥത്തിൽ സ്തുതിക്കുന്നതും സ്തുതിക്കേണ്ടതും ഈ അല്ലാഹുവിനെയാണെന്ന് ബോധ്യപ്പെടും. ഇത്‌ തന്നെയാണ്‌ എല്ലാ സ്തുതിയും അല്ലാഹുവിന്നാണ്‌ എന്ന പ്രഖ്യാപനം മുഖേന തെളിയുന്നത്‌ എല്ലാ സ്തുതിയും അല്ലാഹുവിന്‌ എന്ന് പറഞ്ഞാൽ അല്ലാഹു അത്‌ അർഹിക്കുന്നുവെന്നും എല്ലാവരും അവനെ സ്തുതിക്കണമെന്നും മനസിലാവുന്നു. അഥവാ എല്ലാവരും അവനെ സ്തുതിക്കാൻ കടപെട്ടവരായതിനാൽ അവർ അത്‌ നിർവ്വഹിക്കണം. എന്നല്ലാതെ ആരും അവനെ സ്തുതിച്ചില്ലെങ്കിൽ അല്ലാഹുവിനെന്തെങ്കിലും കുറവുണ്ടെന്നോ നാം സ്തുതിച്ചാൽ അവൻ രക്ഷപ്പെട്ടുവെന്നോ അതിനർത്ഥമില്ല. കാരണം സ്വയം പര്യാപ്തനും അന്യായശ്രയമില്ലാത്തവനുമാണവൻ. തന്നെ സ്തുതിക്കണമെന്ന് അവൻ കൽപ്പിക്കുന്നതിന്റെ താൽപര്യം തന്റെ അർഹത അംഗീകരിക്കുന്നതിലൂടെ നാം ആപുണ്യം ഉൾക്കൊള്ളണമെന്നാണ്‌. അല്ലാഹുവിന്‌ കടം കൊടുക്കാൻ ആരുണ്ട്‌ ! എന്ന ചോദ്യം പോലെയാണിത്‌. അല്ലാഹു പൊളിഞ്ഞത്‌ കൊണ്ടോ തുലഞ്ഞത്‌ കൊണ്ടോ അല്ല മറിച്ച്‌ സൃഷ്ടികൾ നല്ല മാർഗത്തിൽ ചിലവഴിച്ച്‌ പുണ്യം നേടാനാണ്‌ ആര് ആരെ സ്തുതിക്കുന്നതും അല്ലാഹുവിന്റെ ഇഷ്ടം ലക്ഷ്യം വെച്ചായിരിക്കണം അല്ലാതെ കാപട്യം മനസ്സിൽ വെച്ച്‌ ആരെയും സുഖിപ്പിക്കാനാവരുത്‌ കാരണം ആ സ്തുതിയും ആത്യന്തികമായി അല്ലാഹുവിനു തന്നെയാണല്ലോ. അൽഹംദുലില്ലാഹ്‌ എന്നതിൽ സ്തുതികൾ അല്ലാഹുവിന്‌ വേണ്ടിയാവണം എന്നൊരാശയവും നമുക്ക്‌ കാണാമല്ലോ.

ഇവിടെ ഒരു സംശയമുണ്ടാവാം. അല്ലാഹു ഖുർആനിൽ പലയിടത്തും തന്റെ സ്തുതികീർത്തനങ്ങൾ ആവർത്തിച്ചത്‌ 'തന്നെ പൊക്കി നയം' അല്ലേ ?എന്ന്. ഒരിക്കലുമല്ല കാരണം യഥാർത്ഥത്തിൽ പൊങ്ങാത്തവനാണ്‌ പൊങ്ങാനും പൊക്കാനും ശ്രമിക്കുക അത്‌ പലപ്പോഴും പാളി പോവുകയും നിലവിലുള്ള പൊക്കത്തെ തന്നെ ബാധിക്കുകയും ചെയ്യും. അല്ലാഹു ഇതിൽ നിന്നെല്ലാം പരിശുദ്ധനാണ്‌. എന്നാൽ പിന്നെ ഈ സ്തുതിയുടെ താൽപര്യം താൻ ആരാണെന്ന് നിഷേധികളെ ധരിപ്പിക്കലും വിശ്വാസികളെ അറിയിക്കലുമാണ്‌. ലോക ചരിത്രം പരിശോധിച്ചാൽ പല കള്ള ദൈവങ്ങളെയും കാണാം ഇവരെയെല്ലാം അല്ലാഹു വെല്ല് വിളിച്ചു. അവരെയൊക്ക അവൻ പാഠം പഠിപ്പിക്കുകയും ചെയ്തു. ഞാൻ നിങ്ങളുടെ പരമേശ്വരനാണെന്ന് انا ربكم الأعلي വാദിച്ച ഫറോവയെ ചെങ്കടലിൽ കൈകാര്യം ചെയ്തത്‌ ഇതിനുദാഹരണമാണ്‌. റബ്ബ്‌ എന്നതിന്‌ രക്ഷിതാവ്‌, പരിപാലകൻ എന്നെല്ലാം അർത്ഥം പറയാം പരിപാലിക്കണമെങ്കിൽ ആദ്യം സൃഷ്ടിക്കണം. ഉള്ളതിനെയല്ലേ രക്ഷിക്കാനും പരിപാലിക്കാനും കഴിയൂ. ഉണ്ടാക്കലാണ്‌ സൃഷ്ടിക്കൽ. അല്ലാഹു എന്ന പദം അത്‌ ഉൾക്കൊണ്ടു. അപ്പോൾ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എന്നാൽ ലോകം സൃഷ്ടിച്ച്‌ പരിപലിക്കുന്നവന്‌ സർവ്വ സ്തുതിയും എന്നായി സൃഷ്ടിപ്പോടെ സൃഷ്ടിക്ക്‌ അസ്തിത്വം ലഭിക്കുന്നതിനാൽ ഇനി അവന്‌ സരക്ഷണവും പരിപാലനവും ആവശ്യമായി വരുന്നു അഥവാ സൃഷ്ടിക്കലോടെ സൃഷ്ടാവിന്റെ ജോലി തീരുന്നില്ല മറിച്ച്‌ തുടങ്ങുകയാണ്‌. സ്രഷ്ടിയുടെ മരണമോ തകർച്ചയോ കൊണ്ടും അവസാനിക്കുന്നില്ല, കാരണം ഒരു വീട്‌ തകർന്നാൽ അതിന്റെ അവശിഷ്ടങ്ങൾ മറ്റൊന്നിന്റെ നിർമ്മാണത്തിന്‌ സഹായിക്കുന്നില്ലേ? അഥവാ സൃഷ്ടിപ്പിനു ശേഷം ആത്യന്തികമായ നാശം ഇല്ല അതിനാൽ പരിപാലനം ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക്‌ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കണം ഇതാണ്‌ കാല നിർണ്ണയമില്ലാതെ സൃഷ്ടിച്ച്‌ പരിപാലിക്കുന്നവൻ എന്ന വാക്യം സൂചിപ്പിക്കുന്നത്‌. അല്ലാഹുവിന്റെ ആസ്തിക്യം ഇതിൽ നിന്ന് മനസിലാവുമ്പോലെ അല്ലാഹു സ്ഥലത്തിലേക്കും കാലത്തിലേക്കും ആവശ്യമാവുന്നവനല്ല എന്നും ഇത്‌ തെളിയിക്കുന്നു. കാരണം സഥലവും കാലവും അല്ലാഹുവിന്റെ സൃഷ്ടികളാണ്‌. അതുണ്ടാക്കുന്നതിന്‌ മുമ്പേ അവൻ ഉള്ളവനാണ്‌. അതിനാൽ അല്ലാഹു നിരാശ്രയണാണെന്ന സത്യം അംഗീകരിക്കുന്ന ആരും അല്ലാഹു ഒരുസ്ഥലത്തിരിക്കുന്നവനാണെന്ന് പറയില്ല.


പരിപാലിക്കുന്നവനാണ്‌ അല്ലാഹു എന്ന് വരുമ്പോൾ ഓരോ സൃഷ്ടിയും എല്ലാ സമയത്തും അവനിലേക്ക ആശ്രയിക്കേണ്ടവരാണെന്ന തത്വം കൂടി അതുൾക്കൊള്ളുന്നു. അഥവാ ഓരോ സെക്കന്റിലും നമ്മിൽ നിന്നുണ്ടാവുന്ന ഓരോ ചലനങ്ങളിലും അപ്പപ്പോഴുള്ള അല്ലാഹുവിന്റെ നിയന്ത്രണം നടക്കുന്നുണ്ടെന്നും അതിലേക്ക്‌ നാം ആവശ്യക്കാരാണെന്നും വ്യക്തം. നമ്മുടെ കഴിവുകൾ അല്ലാഹു നേരത്തെ തന്ന് പോയതാണെന്നും ഇനി അതുപയോഗിക്കാൻ നാം സ്വതന്ത്രരാണെന്നും നിരീക്ഷിക്കുന്നത്‌ അല്ലാഹു റബ്ബ്‌ ആണെന്ന താൽപര്യത്തെ നിരാകരിക്കലാണെന്ന് നാം ഗൗരവത്തോടെ കാണേണ്ടതാണ്‌. ഇത്‌ കൊണ്ട്‌ തന്നെയാണ്‌ ഓരോ നന്മ സ്വന്തമാക്കുമ്പോഴും അൽഹംദുലില്ലാഹ്‌ എന്ന സ്തുതി വാക്യം മനുഷ്യനിൽ നിന്നുണ്ടാവുന്നത്‌. സൃഷ്ടികളിൽ ഉന്നതനാണ്‌ മനുഷ്യൻ! ഇവന്റെ സൃഷ്ടിപ്പും പരിപാലനവും പലതവണ ഖുർആൻ പരാമർശിച്ചിട്ടുണ്ട്‌. ഒന്നാമതായി അവതരിച്ച അൽഅലഖ്‌ എന്ന അദ്ധ്യായം തന്നെ മനുഷ്യസൃഷ്ടിപ്പിനെ വേണ്ട വിധം ചർച്ച ചെയ്തിട്ടുണ്ട്‌. മനുഷ്യനെ അലഖിൽ നിന്ന് പടച്ചു എന്നാണ്‌ ഖുർആൻ പറയുന്നത്‌. എന്താണ്‌ അലഖ്‌?രക്തം, ഒട്ടുന്ന മണ്ണ്‌, അട്ട തുടങ്ങിയ അർത്ഥങ്ങൾ ഇതിനുണ്ട്‌. അലഖിൽ നിന്ന് പടച്ചു എന്നിടത്ത്‌ ഈ അർത്ഥങ്ങളെല്ലാം പ്രായോഗികമാണ്‌. മനുഷ്യൻ മണ്ണിൽനിന്ന് ജനിച്ചു. അവനിൽ രക്തമുണ്ടായി. രക്തത്തിൽ നിന്ന് ബീജവും അണ്ഡവും ഉണ്ടായി ഇവ കൂടിചേർന്ന ഭ്രൂണത്തിൽ നിന്ന് വീണ്ടും മനുഷ്യനുണ്ടായി. പുരുഷ ബീജം സ്ത്രീയുടെ അണ്ടത്തിൽ ഒട്ടിപ്പിടിക്കുന്നു അട്ടയെ പോലെ! രണ്ടിന്റെയും ന്യൂക്ലിയസ്‌ ഒന്നായി തീരുന്നു അതിൽ നിന്നാണ്‌ മനുഷ്യൻ ജനിക്കുന്നത്‌. ഈപാശ്ചാത്തലത്തിൽ മനുഷ്യൻ എന്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിന്‌ മണ്ണിൽ നിന്ന്, രക്തത്തിൽ നിന്ന്‌, അട്ടയെപോലെ ഒട്ടി നിൽക്കുന്ന ബീജത്തിൽ നിന്ന് എന്നതെല്ലാം മറുപടിയാവുന്നു. സംയോഗ സമയത്ത്‌ പുരുഷൻ സ്ത്രീയിൽ ബീജം വിസർജ്ജിക്കുന്നു. അതിൽ കോടിക്കണക്കിന്‌ അണുക്കളുണ്ട്‌. അതിൽ ഒന്നാണ്‌ അണ്ഡവുമായി സംയോജിക്കുന്നത്‌. ഇതിൽ നിന്ന് കുട്ടിയുണ്ടാവുന്നു. ഒന്നിലധികം അണുക്കൾ സംയോജിക്കുമ്പോൾ കുട്ടികൾ വർദ്ധിക്കുന്നു. ഇപ്പോൾ നമുക്ക്‌ മനസിലാകുന്നത്‌ സംയോഗം കൊണ്ട്‌ മാത്രം കുട്ടിയുണ്ടാവുന്നില്ലെന്നും അതിനു ബീജാണ്ഡ സംയോഗം ആവശ്യമാണെന്നുമാണ്‌. പക്ഷെ ഒന്നാമത്തെ സംയോഗ ശേഷം സ്ത്രീയും പുരുഷനും വേർപിരിഞ്ഞു. അതിനാൽ ബീജാണ്ഡ സംയോഗത്തിന്‌ അല്ലാഹു ബീജത്തെ ചുമതലപ്പെടുത്തി. ഈ ചുമതല ഏറ്റെടുത്ത ബീജം ഗർഭാശയത്തിൽ നീന്തി തനിക്ക്‌ വേണ്ട ഇണയെ കണ്ടെത്തി. പിന്നെ വിടാതെ ഒട്ടിപ്പിടിച്ചു തമ്മിൽ ലയിച്ചു രണ്ടിന്റെയും ഹൃദയമാകുന്ന ന്യൂക്ലിയസ്‌ ഒന്നായി. അല്ലാഹു തന്റെ കൽപനയാകുന്ന ബട്ടൻ അമർത്തുന്നതോടെ കാര്യം എളുപ്പമായി. ഇതാണ്‌ അല്ലാഹു ചോദിച്ചത്‌.

أَفَرَأَيْتُم مَّا تُمْنُونَ
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ
(നിങ്ങള്‍ വിസർജ്ജിക്കുന്ന ബീജം നിങ്ങൾ മനസിലാക്കുന്നുണ്ടോ?അതെ സൃഷ്ടിക്കുന്നത്‌ നിങ്ങളോ നമ്മളോ (അൽവാഖിഅ:58.59) )

ഇത്രയും വിശാലമായോരാശയം നമ്മെ പഠിപ്പിക്കാനാണ്‌ സംയോഗത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയാതെ അട്ട എന്ന് കൂടി അർത്ഥമുള്ള അലഖിൽ നിന്ന് സൃഷ്ടിച്ചു എന്ന് പറഞ്ഞത്‌. ബീജം അണ്ഡവുമായുള്ള സങ്കലനമാണ്‌ ഗർഭ ധാരണം എന്ന് വരുമ്പോൾ മനുഷ്യനുണ്ടാവാൻ സ്ത്രീ പുരുഷ സംയോഗമോ ഗർഭ പാത്രമോ അല്ല ബീജാണ്ഡ സങ്കലനമാണ് ഏറ്റവും അനിവര്യമെന്ന് മനസിലായി. ടെസ്റ്റ്‌ ട്യൂബ്‌ ശിശു ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തി. ഖുർആനിന്റെ അൽഭുതം ബുദ്ധിയുള്ളവർ കാണട്ടെ! സുബ്‌ഹാനല്ലാഹ്‌ !! ഇങ്ങനെ ജന്മമമെടുക്കുന്ന മനുഷ്യന്‌ രക്തം, മാംസം, എല്ല്, തൊലി, പല്ല്, നഖം, മണം, നിറം, പഞ്ചേന്ദ്രിയങ്ങൾ, ആത്മാവ്‌ എല്ലാം അല്ലാഹു നൽകുന്നു. താൻ താമസിക്കുന്ന സ്ഥലം തനിക്ക്‌ പോരെന്ന് തോന്നുമ്പോൾ അവനെ അല്ലാഹു പുറത്ത്‌ കൊണ്ട്‌ വരുന്നു. ഭൂമിയും ആകാശവും അവന്‌ വേണ്ടി സംവിധാനിക്കുന്നു. ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും മറ്റും സാഹചര്യങ്ങൾ ഒരുക്കുന്നു. ജീവിക്കാൻ വേണ്ടി അവൻ കൃഷി ചെയ്യുന്നു. ഇതിന്‌ വേണ്ടി വിത്ത്‌ പാകുന്നു. അത്‌ വീർത്ത്‌ അടിയും മേലും പിളരുന്നു. അടി മുരടും വേരുമായി ഭൂമിയിൽ പിടിച്ച്‌ നിൽക്കുന്നു മേലെ തണ്ടും കൊമ്പും ഇലയും പൂവും കാണുന്നു. ആവശ്യമായ വായു, വെള്ളം, ഊർജ്ജം ഭൂമിയിൽ നിന്നു അവ വലിച്ചെടുക്കുന്നു. പഴം കായ്ക്കുന്നു. ഈ സംവിധാനങ്ങളെല്ലാം അല്ലാഹു അവക്ക്‌ നൽകുന്ന നിർദ്ദേശങ്ങളാണ്‌ ഇ‍താണ്‌ അല്ലാഹു ചോദിച്ചത്‌.


أَفَرَأَيْتُم مَّا تَحْرُثُونَأَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ
നിങ്ങൾ പാകുന്ന വിത്തിനെ പറ്റി നിങ്ങൾക്കറിയുമോ?അത്‌ മുളപ്പിച്ച്‌ വളർത്തുന്നത്‌ നിങ്ങളോ നാമോ?(അൽ-വാഖിഅ: 63,64) ചുരുക്കത്തിൽ മനുഷ്യനോ മരമോ എന്തുമാകട്ടെ അതിന്‌ ജന്മവും വളർച്ചയും പരിപാലനവും നൽകുന്നത്‌ അല്ലാഹു മാത്രമാണ്‌ അതു കൊണ്ട്‌ തന്നെ സർവ്വ സ്തുതിയും അവനു മാത്രം അവകാശപ്പെട്ടതാണ്‌
ഇത്‌ പറയുമ്പോൾ ഒരുചോദ്യം വരാം. ആരാണീ അല്ലാഹു? അവൻ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക്‌ വിധേയമല്ല. ഈ സ്ഥിതിക്ക്‌ വാക്കാലുള്ള വിവരണം കൊണ്ടല്ലാതെ അല്ലാഹുവെ മനസിലാക്കാൻ സാധ്യവുമല്ല എന്നാൽ മനസ്സിലാവുന്നതും തള്ളിക്കളയാൻ പറ്റാത്തതുമാണ്‌ ലോകം സൃഷ്ടിച്ച്‌ പരിപാലിക്കുന്നവൻ എന്ന വിവരണം. ചോദ്യ കർത്താവുൾപ്പെടെയുള്ളവരെല്ലാം സൃഷ്ടിക്കപ്പെട്ടവരാണ്‌ പരിപാലിക്കപ്പെടുന്നവരും. സൃഷ്ടിച്ചു പരിപാലിക്കാൻ ഒരു മഹാശക്തി വേണമെന്നും അതിനാൽ ആ ശക്തിയുടെ പേരറിയട്ടെ അറിയാതിരിക്കട്ടെ സർവ്വ സ്തുതിയും ആ ശക്തിക്കാണെന്ന്സമ്മതിച്ചേ പറ്റൂ! മനുഷ്യൻ മാതാപിതാക്കളെ കാണാതിരിക്കാം. പക്ഷെ താൻ സ്വയം ജനിച്ചതാണെന്നോ മാതാപിതാക്കളില്ലാത്തവനാണെന്നോ അവൻ കരുതുമോ ? ഇല്ല ബുദ്ധിയുള്ള മനുഷ്യന്‌ അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല മറിച്ച്‌ താൻ ജനിപ്പിക്കപ്പെട്ടവനാണെന്നും മാതാപിതാക്കളുണ്ടെന്നും അവൻ വിശ്വസിക്കും പടച്ചവൻ എന്നെ പടച്ചെന്ന് ഞാൻ വിശ്വസിക്കില്ല കാരണം എന്നെ അവൻ പടച്ചത്‌ ഞാൻ കണ്ടിട്ടില്ല എന്ന് വാദിക്കുന്നവരുണ്ട്‌. ഇത്‌ താഴെ പറയുമ്പോലെയാണ്‌. എനിക്ക്‌ മാതാപിതാക്കളുണ്ടെന്ന് ഞാൻ അംഗീകരിക്കുന്നില്ല. കാരണം അവരുടെ കല്യാണത്തിനോ സംയോഗത്തിനോ ഞാൻ പങ്കെടുത്തിട്ടില്ല! മാതാപിതാക്കളേക്കാൾ നമ്മുടെ പരിപാലകൻ അല്ലാഹുവാണെന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാവും. അപ്പോൾ ഇവരെ നാം സ്തുതിച്ചാൽ തന്നെ അത്‌ സാന്ദർഭികവും സോപാധികവും മാത്രമാണ്‌ നിരു‍പാധികമുള്ള സ്തുതി അല്ലാഹുവിനു തന്നെ ഇതാണ്‌ അൽഹംദുലില്ലാഹി... എന്ന് പറഞ്ഞത്‌ അല്ലാഹുവിന്റെ പരിപാലനം എല്ലാ വസ്തുക്കൾക്കും ലഭിക്കുന്നു. ഓരോന്നിനും വ്യത്യസ്ഥമായ അവസ്ഥയിൽ. ഒരു വിധത്തിൽ ബലഹീനതയുള്ളവ മറ്റൊരു വിധത്തിൽ ശക്തരായി കാണുന്നത്‌ ഇതു കൊണ്ടാണ്‌ ശക്തനായ മനുഷ്യന്‌ ജനിച്ചയുടനെ ഓടാനോ ചാടാനോ സാധ്യമല്ല. എന്നാൽ ബലഹീനയായ കോഴികുഞ്ഞിന്‌ ജനിച്ചപ്പഴേ അത്‌ സാധ്യമാണ്‌ താനും! എട്ട്കാലിയുടെ വല, ഈച്ചയുടെ തേൻ ശേഖരം, നായയുടെ അന്വേഷണ വൈദഗ്ദ്യം തുടങ്ങിയതൊക്കെ നേരത്തേ പറഞ്ഞ സത്യത്തിന്റെ സ്ഥിരീകരണമാണ്‌. വലകെട്ടി ജീവിക്കുന്ന എട്ടുകാലിക്ക്‌ നൂൽ എവിടെനിന്ന് കിട്ടി? തേനീച്ച എത്ര യാത്ര ചെയ്താണീ തേൻ ശേഖരിച്ചത്‌? ഇതൊക്കെ ബുദ്ധിയുള്ള മനുഷ്യൻ ചിന്തിക്കുമ്പോൾ പരിപാലകനിൽ വിശ്വസിക്കാൻ അവൻ നിർബന്ധിതനാവും തീർച്ച!

സർവ്വ സ്തുതിയും സർവം പരിപാലിക്കുന്ന അല്ലാഹുവിനു തന്നെ! ആലമീൻ എന്നാൽ അല്ലാഹു അല്ലാത്തതെല്ലാം എന്നാണ്‌ വിവക്ഷ. അഥവാ റബ്ബിന്റെ നിയന്ത്രണവും പരിപാലനവും എല്ലാത്തിനും ബാധകമാണ്‌. അത്‌ കൊണ്ട്‌ തന്നെ എങ്ങനെയൊക്കെയുള്ള സ്തുതികളുണ്ടോ അതെല്ലാം അല്ലാഹുവിനു തന്നെ!. അൽഹംദുലില്ലാഹ്‌

തുടരും ..ഇന്‍ശാ അല്ലാഹ്‌

9 comments:

ബഷീർ said...

വിശദമായ വിവരണം. വളരെ നന്നായിട്ടുണ്ട്‌

sandya said...

സൃഷ്ടിപ്പിന്റെ അത്ഭുതകരമായ അവസ്ഥകൾ അനാവരണം ചെയ്ത വിശദീകരണം ഹൃദ്യമായി തോന്നി..അണിയറയിൽ അണിനിരന്നവർക്ക്‌ ആശംശകൾ.....

Unknown said...

ഇസ്ലാമിക വിജ്ഞാന പ്രധമായ ബ്ലോഗുകള്‍ വളരെ കുറവാണ്. താന്കളുടെ ശ്രമങ്ങള്‍ തീര്ച്ചയായും ഉപകരപെടും...

ഗീത said...

ഖുറാനിലെ സൂക്തങ്ങള്‍ ഇതിലൂടെ വായിക്കാന്‍ കഴിയുന്നത് നല്ലതു തന്നെ. ആശംസകള്‍.

വഴികാട്ടി / pathfinder said...

Basheer,
Sandhya,
Kerala inside,
Sabith,
GeethaaGeethikal,

ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി .
വീണ്ടും വരുമല്ലോ

poor-me/പാവം-ഞാന്‍ said...

Let this light lead every body!

വഴികാട്ടി / pathfinder said...

Poor me

Thank you for your comment.

Unknown said...

Masha Allah nalla vishadeegaranam....pakshe fathihayile AL HAMDULILLAH yennu thudangunna ayathu malayalathil yezuthi kanunnu.....Quran mattu bashayil yezuthan paadilla yennanu yente arivu....usthathinodu chodichu vendathu pole cheyyum yenna pradeekshayode

വഴികാട്ടി / pathfinder said...

edited