Tuesday, January 27, 2009

അദ്ധ്യായം 78 (അന്നബഅ് )

(78) سورة النبأ
( മക്കയിൽ അവതരിച്ചു. സൂക്തങ്ങൾ 40 )

بسم الله الرحمن الرحيم
മഹാകാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ സർവ്വനാമങ്ങളും ചൊല്ലി അനുഗ്രഹം തേടിക്കൊണ്ട്‌ ഞാൻ ആരംഭിക്കുന്നു. (ബിസ്മിയുടെ വിശദീകരണം ഇവിടെ വായിക്കുക)

عَمَّ يَتَسَاءلُونَ (1
എന്തിനെ കുറിച്ചാണ്‌ അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌ ?

ഖുറൈശികൾ നബി(സ്വ)യുടെ പ്രബോധന വിഷയങ്ങളിൽ പരസ്പരം തർക്കിക്കുകയും അത്‌ സത്യമായിരിക്കാൻ തരമില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തപ്പോൾ അല്ലാഹു അവരുടെ നിലപാടുകളിൽ ന്യായമില്ലെന്നും നബി(സ്വ) പറയുന്നതെല്ലാം സത്യമാണെന്നും സ്ഥിരീകരിക്കുകയാണിവിടെ.

عَنِ النَّبَإِ الْعَظِيمِ(2
ആ മഹത്തായ വാർത്തയെ കുറിച്ച്‌ തന്നെ.

അവർ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന മഹത്തായ വാർത്ത എന്താണ്‌ എന്ന വിഷയത്തിൽ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഖുർആനാണീ മഹത്തായ വാർത്ത എന്നാണ്‌ ഒരു അഭിപ്രായം ഖുർആൻ പൂർവ്വീകരുടെ കെട്ടുകഥയാണെന്നും മറ്റും ചിലർ ആക്ഷേപിച്ചതിനെ കുറിച്ചാവും അപ്പോൾ അവർ തർക്കിക്കുന്നത്‌ സത്യവുമായി ബന്ധമില്ല എന്ന പ്രഖ്യാപനം. ഖുർആൻ പൂർവ്വീകരുടെ കെട്ടുകഥകാളാണെങ്കിൽ അതിലെ ഒരു അദ്ധ്യായത്തോട്‌ തുല്യമായ ഒരു സൃഷ്ടിയെങ്കിലും കൊണ്ട്‌ വരാനുള്ള ഖുർആന്റെ വെല്ലുവിളി നേരിടാന്‍ സാഹിത്യത്തിൽ മികച്ചു നിന്നിരുന്ന മക്കക്കാർക്ക്‌ കഴിയണമായിരുന്നു. അവർക്ക്‌ അന്ന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇന്നോളം ഈ വെല്ലുവിളിയെ നേരിടാൻ ഒരു വിമർശകനും സാധിക്കാത്ത വിധം ഖുർആൻ അത്ഭുതകരമായി നില നിൽക്കുന്നുവെന്നത്‌ ഈ തർക്കത്തിൽ ഒരു കഴമ്പുമില്ലെന്നും മനുഷ്യനെ അശക്തമാക്കുന്ന അത്യത്ഭുതകരമായ ദൈവിക വചനങ്ങളാണവയെന്നും വ്യക്തമാക്കുന്ന യാഥാർത്ഥ്യമാണ്‌. മഹത്തായ വാർത്ത എന്നാൽ പുനർജ്ജന്മമാണെന്നതാണ്‌ മഹാഭൂരിപക്ഷത്തിന്റെയും പക്ഷം. മരിക്കുമെന്നതിൽ ലോകത്ത്‌ ആർക്കും തർക്കമില്ല നിരന്തരം കണ്ട്‌ കൊണ്ടിരിക്കുന്നതായതിനാൽ ഒരു യുക്തിചിന്തകനും അതിൽ തർക്കമില്ല പക്ഷെ 'മരണ ശേഷം എന്ത്‌ ?' എന്ന വിഷയത്തിൽ വിവിധ കാഴ്ചപ്പാടുകൾ ലോകത്ത്‌ നിലനിൽക്കുന്നുണ്ട്‌. പുനർജ്ജന്മം ഉണ്ടെന്ന് പറയുന്നവർ തന്നെ ഇതിൽ വികല കാഴ്ചപ്പാടുകൾ വെച്ച്‌ പുലർത്തുന്നുണ്ട്‌. ഈലോകത്തിനൊരു നാശമുണ്ടെന്നും അനന്തരം മറ്റൊരു ജീവിതം അല്ലാഹു സംവിധാനിച്ചിട്ടുണ്ടെന്നും ഇവിടെ വെച്ച്‌ ചെയ്ത കാര്യങ്ങളെല്ലാം അവിടെ വിചാരണക്ക്‌ വിധേയമാക്കപ്പെടുമെന്നും ശേഷം ഓരോരുത്തർക്കും അർഹമായ പ്രതിഫലം നൽകപ്പെടുമെന്നുമൊക്കെയുള്ള സത്യമാണ്‌ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന പുനർജ്ജന്മ സിദ്ധാന്തത്തിന്റെ കാതൽ

(3) الَّذِي هُمْ فِيهِ مُخْتَلِفُونَ
അതിലാണ്‌ അവർ ഭിന്നാഭിപ്രായമുന്നയിച്ച്‌ കൊണ്ടിരിക്കുന്നത്‌.

كَلَّا سَيَعْلَمُونَ (4
അങ്ങനെ വേണ്ടാ അവർ വഴിയേ അറിഞ്ഞു കൊള്ളും(ആകാര്യത്തിന്റെ നിജസ്ഥിതി)

ثُمَّ كَلَّا سَيَعْلَمُونَ (5
പിന്നെയും അങ്ങനെ വേണ്ടാ അവർ വഴിയേ അറിഞ്ഞു കൊള്ളും(അത്‌ സത്യമാണോ അല്ലേ എന്ന്)

നബി(സ്വ)യുടെ എതിർ ചേരിയിൽ നിലയുറപ്പിച്ചിരുന്നവർ ഈ പുനർജ്ജന്മത്തെ കഠിനമായി നിഷേധിക്കുകയും ആക്ഷേപ ഹാസ്യങ്ങളുടെ അകമ്പടിയോടെ അതിനെ ചോദ്യം ചെയ്യാനായി അവർ പരസ്പരവും നബി(സ്വ) യോടും അവർ തർക്കിച്ചു കൊണ്ടിരുന്നു എന്നാൽ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന പുനർജ്ജന്മ സിദ്ധാന്തം അങ്ങനെ ചോദ്യം ചെയ്യപ്പെടാവുന്നതോ നിഷേധിക്കാവുന്നതോ അല്ലെന്നും ഈ സത്യം ഉൾക്കൊള്ളാത്തവർ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും അത്തരക്കാരെ താക്കീത്‌ ചെയ്യാനാണ്‌ അല്ലാഹു ഈ കാര്യങ്ങൾ ഉണർത്തുന്നത്‌ പുനർജ്ജന്മത്തിന്റെ സാധുതയും അത്‌ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയാസവുമില്ലാത്ത കാര്യമാണെന്നും അല്ലാഹു സ്ഥാപിക്കുകയാണ്‌ തുടർന്നുള്ള വാക്യങ്ങളിൽ!
أَلَمْ نَجْعَلِ الْأَرْضَ مِهَادًا (6
നാം ഭൂമിയെ (നിങ്ങൾക്ക്‌) ഒരു വിരിപ്പ്‌ ആക്കിത്തന്നില്ലയോ?

ഭൂമിയെ മനുഷ്യനടക്കമുള്ള എല്ലാത്തിനും കുഞ്ഞിനു തൊട്ടിലെന്നപോലെ അല്ല്ലാഹു സൗകര്യമാക്കിക്കൊടുത്തുനടക്കാനും കിടക്കാനും ഒന്നിനും അസൗകര്യം വരാത്ത വിധം ഭൂമിയിൽ ചെയ്ത ഈ സൗകര്യം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമത്രെ!

وَالْجِبَالَ أَوْتَادًا
(7
പർവ്വതങ്ങളെ (ഭൂമിക്ക്‌)ആണികളും ആക്കിയില്ലേ?

ഭൂമിക്ക്‌ ഇളക്കം തട്ടാതെ അതിനെ ഉറപ്പിച്ച്‌ നിർത്താൻ പർവ്വതങ്ങളെ അവൻ ആണിയാക്കി (ഈ ആണികൾ മനുഷ്യർ അഴിച്ചു മാറ്റിയാൽ ഭൂമി ഇളകിക്കൊണ്ടേയിരിക്കുമെന്ന് ഓർക്കാതെ മനുഷ്യൻ കാട്ടിക്കൂട്ടുന്ന പ്രകൃതിയിലുള്ള കയ്യേറ്റം ഭീതിതമായിക്കൊണ്ടിരിക്കുന്ന കാലത്ത്‌ ഈ ഖുർആനിക സൂക്തം നമ്മുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമായി മാറിയിരിക്കുകയാണ്‌)


وَخَلَقْنَاكُمْ أَزْوَاجًا
(8
നാം നിങ്ങളെ ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

ഇണകളായി സൃഷ്ടിക്കുക എന്ന അനുഗ്രഹം സൃഷ്ടികളിൽ മൊത്തം ദൃശ്യമാണ്‌ മനുഷ്യരിലെ ഇണകൾ പരസ്പര ആകർഷണവും താൽപര്യവും ഉണ്ടാക്കുന്ന വിധം അല്ലാഹു സംവിധാനിച്ചത്‌ മനുഷ്യകുലത്തിന്റെ നിലനിൽപിനു തന്നെ ഏറ്റവും വലിയ സംഭാവന നൽകിയിരിക്കുകയാണ്‌ എല്ലാ വസ്തുക്കളിലും ഈ ഇണ എന്ന സംവിധാനം ഉണ്ടെന്ന് ഖുർ ആൻ പറയുന്നു
وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ (سورة الذاريات 49
എല്ലാവസ്തുക്കളിൽനിന്നും ഇണകളെ നാം സൃഷ്ടിച്ചു...(അദ്ദാരിയാത്ത്‌ 49)
അല്ലാഹുവിന്റെ സൂക്ഷമമായ നിലപാടുകളുടെ ഭാഗമാണിത്‌ നല്ലതും , ചീത്തയും സൗന്ദര്യവും, വൈരൂപ്യവും നീണ്ടതും, കുറിയതും ആരോഗ്യവും, അനാരോഗ്യവും എന്നിങ്ങനെ സർവ്വ വിഷയങ്ങളിലും കാണുന്ന ഈ എതിർ ദിശയും ഇണകൾ എന്നതിന്റെ പരിധിയിൽ വരുന്നു. അങ്ങനെ ഓരോ കാര്യത്തിന്റെയും മഹത്വം അതിന്റെ എതിർ സമീപനത്തിൽ നിന്ന് കൂടുതൽ ഗ്രാഹ്യമാവുന്നു(യുവത്വത്തിന്റെ മഹത്വം വൃദ്ധനു മനസ്സിലാകും പോലെ) ആരോഗ്യമുള്ളവനു ലഭിച്ചിരുന്ന അനുഗ്രഹത്തിന്റെ വില മനസിലാക്കാൻ അനാരോഗ്യത്തിന്റെ അസ്വസ്ഥതകൾ മനുഷ്യനെ നിർബന്ധിക്കുന്നു അഥവാ അല്ലാഹു നൽകിയ ഓരോ അനുഗ്രഹവും വിലമതിക്കാനാവാത്തതാണെന്ന് അവൻ മനസിലാക്കണം.
وَجَعَلْنَا نَوْمَكُمْ سُبَاتًا (9
നിങ്ങളുടെ ഉറക്കം (നിങ്ങൾക്ക്‌) നാം ഒരു വിശ്രമമാക്കുകയും ചെയ്തു.

പകൽ സമയത്തെ ജോലി ഭാരം മൂലവും മറ്റ്‌ കാരണങ്ങളാൽ വന്നുചേരുന്ന ക്ഷീണങ്ങളും അകറ്റാനും ശാന്തമായ സാഹചര്യം ലഭിച്ച്‌ സ്വസ്ഥത ലഭിക്കാനും ഉറക്കം മനുഷ്യനെ സഹായിക്കുന്നു എത്ര അലഞ്ഞവനും സ്വസ്ഥമായൊന്നുറങ്ങിയാൽ ഉന്മേഷവാനാവുന്നത്‌ നമുക്കൊക്കെ അനുഭവമല്ലേ! ഈ ഉറക്കം അല്ലാഹു നൽകുന്ന മഹത്തായ അനുഗ്രഹമത്രെ!

وَجَعَلْنَا اللَّيْلَ لِبَاسًا
(10
രാത്രിയെ നിങ്ങൾക്ക്‌ നാം ഒരു വസ്ത്രവുമാക്കി.

രാത്രിയുടെ ഇരുട്ട്‌ മുഖേന വസ്ത്രം കൊണ്ട്‌ ശരീരം മറക്കുമ്പോൾ ലഭിക്കുന്നത്‌ പോലുള്ള ഒരു അവസ്ഥ അവനു ലഭിക്കുന്നു വസ്ത്രം ധരിക്കുമ്പോൾ ശരീരത്തിന്റെ ബാഹ്യമായ ഭംഗി പ്രകടമാവുമ്പോലെ രാത്രിയാവുന്ന വസ്ത്രത്തിന്റെ നിശ്ശബ്ദതയിൽ ലഭിക്കുന്ന ഉറക്കവും സമാധാനവും മാനസിക വ്യഥകളിൽനിന്നും ശാരീരിക ക്ഷീണങ്ങളിൽനിന്നും മുക്തി നൽകുന്നതിലൂടെ ശരീരത്തിന്റെ ഓജസ്സ്‌ വർദ്ധിപ്പിച്ച്‌ വസ്ത്രത്തിലൂടെ ലഭ്യമാവുന്നത്പോലുള്ള സൗന്ദര്യം ശരീരത്തിന്‌ നേടിത്തരുന്നു..ഈ അർത്ഥത്തിൽ തിരക്ക്പിടിച്ച ജീവിത ചുറ്റുപാടിലെ രാത്രിയുടെ സ്വകാര്യത എന്ന അനുഗ്രഹം എടുത്ത്പറയേണ്ടത്‌ തന്നെ!

وَجَعَلْنَا النَّهَارَ مَعَاشًا
(11
പകലിനെ നാം നിങ്ങൾക്ക്‌ ജീവിതോപാധി കണ്ടെത്താനുള്ള സമയമാക്കുകയും ചെയ്തിരിക്കുന്നു


രാത്രിയുടെ നിശ്ശബ്ദതയിൽ ഉറക്കം ലഭിച്ചവൻ പകൽ വെളിച്ചത്തിൽ തന്റെ ജോലികളിൽ വ്യാപൃതനാവുകയും ജീവിതോപാധികൾ കണ്ടെത്തുകയും ചെയ്യുന്നു. അഥവാ രാപ്പകലുകളുടെ സ്വഭാവത്തിൽ അല്ലാഹു വരുത്തിയ ഈ വ്യത്യാസം വല്ലാത്തൊരു അനുഗ്രഹം തന്നെ!

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا
(12
നിങ്ങളുടെ മീതെ നാം ബലിഷ്ഠങ്ങളായ (ആകാശങ്ങൾ) ഏഴെണ്ണം നാം സംസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു

ഭൂമിയിൽ ജീവിക്കുന്ന നമ്മുടെ ധാരാളം കാര്യങ്ങൾ സുഗമമായി നടക്കാൻ അത്യാവശ്യമായ നിരവധി പ്രകൃതി ബന്ധങ്ങൾ ക്രമീകരിച്ചുകൊണ്ട്‌ കാലപ്പഴക്കത്താൽ ബലഹീനത ബാധിച്ച്‌ പ്രവർത്തന രഹിതമാവാതെ സുശക്തമായ ഏഴ്‌ ആകാശങ്ങൾ സംവിധാനിച്ച അല്ലാഹു എത്ര പരിശുദ്ധൻ!

وَجَعَلْنَا سِرَاجًا وَهَّاجًا
(13
കത്തിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിളക്ക്‌(സൂര്യൻ) നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

കത്തിജ്വലിച്ചും തിളങ്ങിപ്രകാശിച്ചും ലോകത്തിനു വലിയ സേവനം ചെയ്യുന്ന ലോകത്തിന്റെ വിളക്കായ സൂര്യനെ ഏർപ്പെടുത്തിയ അല്ലാഹു വലിയ അനുഗ്രഹം നൽകി നമുക്ക്‌.

وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاء ثَجَّاجًا
(14
മേഘങ്ങളിൽ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം(മഴ) നാം ഇറക്കിയിരിക്കുന്നു

لِنُخْرِجَ بِهِ حَبًّا وَنَبَاتًا
(15
ആ മഴ മുഖേന നാം ധാന്യവും സസ്യവും (ഉൽപ്പാദിപ്പിച്ച്‌ )പുറത്ത്കൊണ്ട്‌ വരാൻ വേണ്ടി

وَجَنَّاتٍ أَلْفَافًا
(16
ഇടതിങ്ങിനിൽക്കുന്നതോട്ടങ്ങളും(വെളിക്കു വരുത്തുവാൻ വേണ്ടി മഴ വർഷിപ്പിച്ചു)

മഴ വർഷിപ്പിക്കുമാറുള്ള കാർമ്മേഘങ്ങളിൽ നിന്ന് അല്ലെങ്കിൽ മഴക്കാറുകളെ തട്ടിക്കൂട്ടുന്ന മഴക്കാറ്റുകളിൽ നിന്ന് ധാരാളം മഴവെള്ളം അല്ലാഹു വർഷിപ്പിച്ചു. മഴ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്‌ അതിന്റെ ചില നേട്ടങ്ങൾ അല്ലാഹു സൂചിപ്പിക്കുകയാണ്‌. മഴമൂലം ധാന്യങ്ങളും സസ്യങ്ങളും വൃക്ഷങ്ങളാലും ചെടികളാലും സമൃദ്ധമായ തോട്ടങ്ങളും അല്ലാഹു സംവിധാനിച്ചിരിക്കുന്നു എന്ന്.! എല്ലാവരും എപ്പോഴും കണ്ട്‌ കൊണ്ടിരിക്കുന്ന പ്രകൃതിയിലെ പ്രധാന ദൃഷ്ടാന്തങ്ങൾ എന്നനിലക്ക്‌ പത്ത്‌ അനുഗ്രഹങ്ങൾ അല്ലാഹു എടുത്ത്‌ പറഞ്ഞിരിക്കുകയാണിവിടെ മക്കയിലെ സത്യ നിഷേധികൾ പുനർജ്ജന്മത്തെയും പ്രതിഫലം നൽകാനായി ഒരുമിച്ച്‌ കൂട്ടലിനെ(ഹശ്‌ർ)യും നിഷേധിക്കുകയും അത്‌ അസംഭവ്യം എന്ന് തർക്കിക്കുകയും ചെയ്തപ്പോൾ അവർ അതിനു പറഞ്ഞ പ്രധാനകാരണം തന്നെ ദ്രവിച്ച്‌ മണ്ണിൽ ലയിച്ച ഞങ്ങളെ എങ്ങനെ പുനർജ്ജനിപ്പിക്കും എന്നതായിരുന്നുവല്ലോ! അല്ലാഹു അവന്റെ അപാരമായ ശക്തിയുടെ ചില സൂചനകൾ നൽകിക്കൊണ്ട്‌ ശക്തമായി അവരുടെ വാദത്തെ ഖണ്ഡിച്ചിരിക്കുകയാണ്‌ .അഥവാ നാം കാണുന്ന എല്ലാ വസ്തുക്കളിലും സ്വതന്ത്രമായി ഇടപെടാൻ അല്ലാഹു ശക്തനാണെന്നും അവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അല്ലാഹു അറിയുന്നവനാണെന്നും ഈ പ്രകൃതിയിലെ എല്ലാവർക്കും കാണാവുന്ന വസ്തുക്കളിലൂടെ അല്ലാഹു വിശദീകരിച്ചപ്പോൾ ഇല്ലായ്മയിൽ നിന്നും ഇവകളേ സൃഷ്ടിച്ച അല്ലാഹുവിനു ഇവയേ നശിപ്പിക്കാനോ വീണ്ടും പുനർ നിർമ്മിക്കാനോ യാതൊരു പ്രയാസവുമുണ്ടാകില്ലെന്നും അതിനാൽ പുനർജ്ജന്മത്തിൽ അവിശ്വസിക്കുന്നവൻ ഈ പ്രപഞ്ചത്തെ ഒന്ന് കണ്ണ്‌ തുറന്ന് നോക്കണമെന്നും എന്നാൽ പിന്നെ പുനർജ്ജന്മ നിഷേധിയാവില്ലെന്നും അറിയിക്കാനാണ്‌ ഈ കാര്യങ്ങൾ അല്ലാഹു പറയുന്നത്‌ (റാസി 31/6) ഇതെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളിൽ ചിലത്‌ മാത്രം!
وان تعدوا نعمة الله لاتحصوها അല്ലാഹു തന്ന അനുഗ്രഹങ്ങളെ എണ്ണിക്കണക്കാക്കാൻ നാം ശ്രമിച്ചാൽ അത്‌ അസാധ്യമാണെന്നാണ്‌ അല്ലാഹു പറഞ്ഞത്‌ അത്‌ കൊണ്ട്‌ തന്നെ . നാം അനുഭവിക്കുന്ന അനുഗ്രഹങ്ങളൂടെ ഒരു ശതമാനം പോലും വരാത്ത എന്നാൽ വളരെ വിപുലമായ ഈ അനുഗ്രഹങ്ങൾ ചൂണ്ടിക്കാണിച്ച്‌ കൊണ്ട്‌ അല്ലാഹു പരലോക ജീവിതത്തിന്റെ സംഭവ്യത സ്ഥിരീകരിക്കുകയാണ്‌ തുടർന്നുള്ള സൂക്തങ്ങളിൽ

إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا
(17
നിശ്ചയമായുയും തീരുമാനത്തിന്റെ ദിനം സമയനിർണിതമായിരിക്കുന്നു

يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا
(18
അതായത്‌ കാഹളത്തിൽ ഊതപ്പെടുന്ന ദിവസം അപ്പോൾ നിങ്ങൾ കൂട്ടമായി വന്നെത്തും

തീരുമാനത്തിന്റെ ദിവസം എന്നാൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി അവനെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അയക്കാൻ അല്ലാഹുവിന്റെ അലംഘനീയമായ വിധി വരുന്ന ദിനമാണ്‌. ഇസ്‌റാഫീൽ (അ) എന്ന മാലാഖ സൂർ എന്ന കാഹളത്തിൽ ഒരുതവണ ഊതുമ്പോൾ ലോകം നശിക്കുകയും രണ്ടാം തവണ ഊതുമ്പോൾ എല്ലാവരും പുനർജ്ജനിക്കുകയും ചെയ്യും ഓരോരുത്തരും മരിച്ച്‌ കിടന്നിരുന്നിടത്ത്‌ നിന്ന് എഴുന്നേറ്റ്‌ മഹ്ശറിലേക്ക്‌(എല്ലാവരെയും ഒരുമിച്ച്കൂട്ടുന്ന സ്ഥലം) വരുന്നതിനെ കുറിച്ചാണ്‌ ഈകൂട്ടമായി വന്നെത്തും എന്ന് പറഞ്ഞിരിക്കുന്നത്‌. മഹ്ശറിലേക്കുള്ള വരവിന്റെ സമയത്ത്‌ തന്നെ ധിക്കാരികളുടെയും തെമ്മാടികളുടെയുമൊക്കെ അവസ്ഥ വളരെ വിഷമകരമായിരിക്കുമെന്ന് ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്‌. അല്ലാഹുവെ സൂക്ഷിച്ച്‌ അവന്റെ വിധി വിലക്കുകൾ ശ്രദ്ധിച്ച്‌ ഭൂമിയിൽ ജീവിച്ച സത്യവിശ്വാസികൾ പ്രകാശത്തിന്റെ അകമ്പടിയോടെ രാജകീയമായി മഹ്ശറിലേക്ക്‌ ആനയിക്കപ്പെടുമ്പോൾ ധിക്കാരികളും താന്തോന്നികളുമെല്ലാം ശക്തമായ ഇരുട്ടിൽ തപ്പിത്തടഞ്ഞ്‌ വല്ലാതെ പ്രയാസപ്പെടും മഹ്ശറിലെത്താൻ എന്ന് ഖുർആനും ഹദീസുമെല്ലാം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. അതിനാൽ ഭൗതിക ജീവിതത്തിലെ താൽക്കാലിക സന്തോഷത്തിനായി കാലാകാലം താമസിക്കേണ്ട പരലോകത്തെ വിസ്മരിക്കുന്നവനേക്കാൾ വിഡ്ഢി ലോകത്തുണ്ടോ എന്ന് ചിന്തിക്കാൻ നാം സമയം കണ്ടെത്തേണ്ടതാണ്‌.

وَفُتِحَتِ السَّمَاء فَكَانَتْ أَبْوَابًا
(19
ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പലവാതിലുകളായിത്തീരുകയും ചെയ്യും.

ആകാശം പൊട്ടിപ്പിളരുന്നതിനാലുണ്ടാവുന്ന വിടവുകളെ ഉദ്ദേശിച്ചാണ്‌ വാതിലുകളാവുക എന്ന് പറഞ്ഞതെന്നും അതല്ല ആകാശത്ത്നിന്ന് മലക്കുകൾ കൂട്ടം കൂട്ടമായി ഇറങ്ങിവരാനുള്ള വഴികൾ തുറക്കപ്പെടുന്നതിനെയാണ്‌ വാതിലുകളായിത്തീരും എന്നത്‌ കൊണ്ട്‌ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്‌

وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا
(20
പർവ്വതങ്ങൾ(തൽസ്ഥാനം വിട്ട്‌)നടത്തപ്പെടുകയും എന്നിട്ടവ കാനൽ സമാനമായിത്തീരുകയും ചെയ്യും


അന്ത്യനാളിനോടനുബന്ധിച്ച്‌ പർവ്വതങ്ങൾക്കുണ്ടാവുന്ന വിവിധ അവസ്ഥകൾ പലയിടത്തായി ഖുർആൻ വിശദീകരിച്ചിട്ടുണ്ട്‌. ഇമാം റാസി(റ) എഴുതുന്നു.'പർവ്വതങ്ങൾക്ക്‌ വിവിധ അവസ്ഥകളുണ്ടാവും അന്ന്.തകർക്കപ്പെടുകയും കടയപ്പെട്ട രോമം പോലെ ആയി മാറുകയും ധൂളികളായി കാറ്റിൽ പറന്ന് പൊങ്ങുകയും അവസാനം മരീചിക പോലെ ഒന്നും കാണാനില്ലാത്ത അവസ്ഥയിലായി തീരുകയും ചെയ്യും'(റാസി). അന്ത്യനാളിന്റെ പ്രധാനപ്പെട്ട ചില സംഭവങ്ങളാണ്‌ ഇവയെല്ലാം അല്ലാഹു അന്ന് രക്ഷലഭിക്കുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.

Note:
അദ്ധ്യായം 78 سورة النبأ (അന്നബഅ് ) സൂക്തം 1 മുതല്‍ 20 വരെ ഈ പോസ്റ്റില്‍ വിശദീകരിക്കുന്നു. സൂക്തം 21 മുതല്‍ 40 വരെ അടുത്ത പോസ്റ്റില്‍ തുടരും (ഇൻശാ അല്ലാഹ്‌)

10 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 78 سورة النبأ (അന്നബഅ് ) സൂക്തം 1 മുതല്‍ 20 വരെ ഈ പോസ്റ്റില്‍ വിശദീകരിക്കുന്നു

Unknown said...

സൂറത്തുന്നബ അ് വിശദീകരണം ..... പല വിശ ദീകരണങ്ങൾ വായിച്ചിട്ടൂണ്ട്‌ എന്നാലും ഇത്ര സ്ഫുടമായ രീതിയിൽ ആയത്‌ കൊണ്ട്‌ വളരെ സന്തോഷമായി ഒരായിരം അഭിനന്ത്നങ്ങൾ

Anonymous said...

good narration. best of luck

ബഷീർ said...

ഫാത്തിഹയുടെ സാരാംശം ഹൃദയത്തില്‍ ആവാഹിക്കാന്‍ സഹായിച്ച വഴികാട്ടിക്ക്‌ നന്ദി. അന്നബി ഇന്റെ വിശദീകരണവും വായിച്ചു. അടുത്ത പോസ്റ്റിനായി കാക്കുന്നു. അല്ലഹു അര്‍ ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ. ആമീന്‍ എന്ന പ്രാര്‍ത്ഥനയോടെ

പരലോക തൊഴിലാളി said...

nannayirikkunnu, ith ezhuthan thankal ethu tafseeranu avalambamakkunnath, ithpoleyulla pravarthanangal jeevithakalam muzhuvan thudaran ALLAH anugrahikkatee ameen

പരലോക തൊഴിലാളി said...

valare nannayirikkunnu, ithupoleyulla pravarthanagal iniyumm nadathan allah thoufeeq cheyyatte.thankal avalambamakkunna TAFSEER ethanu please!

വഴികാട്ടി / pathfinder said...

പരലോക തൊഴിലാളി....!
വായനക്കും പ്രാർത്ഥനക്കും നന്ദി!

പ്രധാനമായും അവലംഭിക്കുന്ന തഫ്‌ സീറുകൾ
ത്വബ്‌രി
റാസി
ഖുർത്തുബി
ബൈളാവി
അദ്ദുർ അൽമൻഥൂൾ
എന്നിവയാണ്‌.....ബശീർ
എ കെ
അബൂബക്കർ
എല്ലാവർക്കും നന്ദി...
വീണ്ടും വരുമല്ലൊ!

Unknown said...

Alhamdulillah.. valare nannayirikkunnu. enne pole ullavark ithu valare upakaramayirikkum. Inium kooduthal viavaranagal ditribute cheyyan padachavan thoufeeq cheyyatte... ameen

Ziya said...

അല്‍ഹംദു ലില്ലാഹ്...
നന്നായിരിക്കുന്നു.
അല്ലാഹു ത‌ആലാ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, ആമീന്‍.

വഴികാട്ടി / pathfinder said...

നൗഫൽ ,
സിയ,

ആമീൻ

വായനയ്ക്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി..

അദ്ധ്യായം 78 (അന്നബ അ് : 21 മുതൽ 30 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം )പോസ്റ്റ്‌ ചെയ്തിരിക്കുന്നു . ഇവിടെ വായിക്കുമല്ലോ