Wednesday, April 29, 2009

അദ്ധ്യായം 83, സൂറ : മുതഫ്ഫിഫീൻ سورة المطففين (ഭാഗം 1)


അദ്ദ്യായം 83 സൂറ: അൽ മുതഫ്ഫീൻ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 36
(നബി മദീനയിൽ എത്തിയ ഉടനെ അവതരിച്ചത് എന്നും അഭിപ്രായമുണ്ട്)


ഭാഗം 1 (1 മുതൽ 6 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം )

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.وَيْلٌ لِّلْمُطَفِّفِينَ 

(അളവിലും തൂക്കത്തിലും) കുറവു വരുത്തുന്നവർക്ക്‌ മഹാനാശം!


2.الَّذِينَ إِذَا اكْتَالُواْ عَلَى النَّاسِ يَسْتَوْفُونَ

അതായത്‌ അവർ ജനങ്ങളോട്‌ അളന്ന് വാങ്ങുന്നതായാൽ അവർ (അളവ്‌) പൂർത്തിയാക്കിയെടുക്കും

3.وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ

അവർ (ജനങ്ങൾക്ക്‌)അങ്ങോട്ട്‌ അളന്ന് കൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ചെയ്യുന്നതായാൽ അവർ ജനങ്ങൾക്ക്‌ നഷ്ടം വരുത്തും


4.أَلَا يَظُنُّ أُولَئِكَ أَنَّهُم مَّبْعُوثُونَ

തങ്ങൾ മരണാനന്തരം എഴുന്നേൽപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഇക്കൂട്ടർ വിചാരിക്കുന്നില്ലേ?

5لِيَوْمٍ عَظِيمٍ

വമ്പിച്ച ഒരു ദിവസത്തിങ്കലേക്ക്‌ (എഴുന്നേൽപ്പിക്കപ്പെടുമെന്ന്)

6يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ

അതായത്‌ ലോകരക്ഷിതാവിങ്കലേക്ക്‌ ജങ്ങളെല്ലാം എഴുന്നേറ്റ്‌ വരുന്ന ദിവസം!

ലോകത്ത്‌ മനസാക്ഷിയുള്ള എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌ ഉപഭോക്താവിനെ വഞ്ചിക്കുന്നത്‌ വളരെ മോശമാണെന്ന കാര്യം.അളത്തത്തിലും തൂക്കത്തിലും കുറവു വരുത്തുന്നത്‌ വ്യക്തമായ കബളിപ്പിക്കലാണ്‌.മുമ്പും പല സമൂഹങ്ങളിലും ഈ ദുരാചാരം നില നിന്നപ്പോൾ അവരെ ഉത്‌ബോധിപ്പിക്കാൻ അക്കാലത്തെ പ്രവാചകർ നൽകിയ ഉപദേശങ്ങൾ ഖുർആൻ വിശദീകരിക്കുന്നുണ്ട്‌

മഹാനായ ശുഐബ്‌ നബി  عليه السلام തന്റെ ജനതയോട്‌ നടത്തിയ ഉപദേശം 26-മത്‌ അദ്ധ്യായം സൂറ:ശുഅറാഅ് 181-184 അല്ലാഹു പറയുന്നു

أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ 'നിങ്ങൾ അളവ്‌ പൂർത്തിയാക്കിക്കൊടുക്കുക നിങ്ങൾ(ജനങ്ങൾക്ക്‌)നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാവരുത്‌

. وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ കൃത്രിമമല്ലാത്ത തുലാസ്‌ കൊണ്ട്‌ നിങ്ങൾ തൂക്കുക .

 وَلَا تَبْخَسُوا النَّاسَ أَشْيَاءهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ജനങ്ങൾക്ക്‌ അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്‌.നാശകാരികളായിക്കൊണ്ട്‌ നിങ്ങൾ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കരുത്‌.

 وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ നിങ്ങളെയും നിങ്ങളുടെ പൂർവ്വ തലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക(ശുഅറാഅ്.181-184)

സൂറ: റഹ്‌മാൻ (അദ്ധ്യായം 55) 7 -9 ലും സൂറ:അൻആം(അദ്ധ്യായം 6) 152 ലും സൂറ:ഇസ്‌റാഅ്(അദ്ധ്യായം 17) 35 ലും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്‌ ഇങ്ങോട്ട്‌ എടുക്കുമ്പോൾ പൂർത്തിയാക്കുകയും ചിലപ്പോൾ കൂടുതലാക്കുകയും ചെയ്യുന്ന ചില കച്ചവടക്കാർ അങ്ങോട്ട്‌ കൊടുക്കുമ്പോൾ സമർത്ഥമായി ജനങ്ങളെ പറ്റിക്കുന്നതിനായി പ്രത്യേക തൂക്കക്കട്ടിയും പാത്രങ്ങളും വരെ സംവിധാനിക്കുകയും അത്‌ തങ്ങളുടെ സാമർത്ഥ്യമായി കരുതുകയും ചെയ്യുന്നു.എന്നാൽ ഇത്‌ എത്രമാത്രം ഗുരുതരമായ കുറ്റമായാണ്‌ അല്ലാഹു കാണുന്നത്‌ എന്ന് ഈ വാക്യങ്ങൾ നമുക്ക്‌ മനസിലാക്കിത്തരുന്നു. അളവിലും തൂക്കത്തിലും കുറവ്‌ വരുത്തുന്നവർക്ക്‌ പരലോകത്ത്‌ മാത്രമല്ല ഈ ലോകത്ത്‌ തന്നെ അല്ലാഹു ശിക്ഷ നൽകുമെന്ന് ഇസ്‌ലാം മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌.

ഇമാം ഖുർത്വുബി  رحمة الله عليه എഴുതുന്നു. നബി പറഞ്ഞതായി ഇബ്നു അബ്ബാസ്‌ رضي الله عنه പറയുന്നു അഞ്ചു കാര്യങ്ങൾക്ക്‌ പകരം അഞ്ചു കാര്യം (അല്ലാഹു നിങ്ങൾക്ക്‌ തരും) (1) ഏതൊരു ജനത വാഗ്ദത്ത ലംഘനം നടത്തുന്നുവോ അവരുടെ മേൽ അവരുടെ ശത്രുവിനു അല്ലാഹു അധികാരം നൽകാതിരിക്കില്ല (2) അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമപ്രകാരം അവർ വിധി നടത്തുന്നതായാൽ അവരിൽ ദാരിദ്ര്യം വ്യാപിക്കാതിരിക്കില്ല (3) അവരിൽ നീചവൃത്തികൾ (വ്യഭിചാരം പോലുള്ളവ) വ്യാപകമായാൽ അവരിൽ പ്ലേഗ്‌ പോലുള്ളവ (അവ മൂലമുള്ള മരണം) വ്യാപിക്കാതിരിക്കില്ല (4)അവർ അളവ്‌ കുറക്കുന്നതായാൽ അവർക്ക്‌ ഉൽപ്പാദനം (വിളവ്‌) തടയപ്പെടുകയും ക്ഷാമം പിടിപെടുകയും ചെയ്യാതിരിക്കില്ല (5) അവർ സക്കാത്ത്‌ (നിർബന്ധ ദാനം) കൊടുക്കാതായാൽ അവർക്ക്‌ മഴ തടയപ്പെടാതിരിക്കില്ല (ഖുർത്വുബി 19/178)

മഹാനായ നാഫിഅ് رضي الله عنه   പറയുന്നു. ഇബ്നു ഉമർ    رضي الله عنه കച്ചവടക്കാരുടെ അടുത്ത്‌ ചെന്ന് പറയാറുണ്ട്‌. സഹോദരാ, അല്ലാഹുവിനെ സൂക്ഷിക്കുകയും അളത്തം പൂർത്തിയാക്കുകയും ശരിയായ തുലാസുകൊണ്ട്‌ തൂക്കുകയും ചെയ്യുക. കാരണം അളത്തത്തിലും തൂക്കത്തിലും കുറവ്‌ വരുത്തുന്നവർ ഖിയാമത്ത്‌ നാളിൽ നിർത്തപ്പെടുന്നത്‌ ചെവിയുടെ പകുതിയോളം വിയർപ്പിൽ മുങ്ങുന്ന വിധത്തിലായിരിക്കും എന്ന്! (ഖുർത്വുബി 19/178) ഭൂമിയിലെ ചെറിയ ലാഭത്തിനായി നിത്യ ദുരിതത്തിൽ ചെന്ന് ചാടാൻ ബുദ്ധിയുള്ളവർ തയാറാവുമോ എന്നാണ്‌ ചിന്തിക്കേണ്ടത്‌ ഇബ്നു അബ്ബാസ്‌ رضي الله عنه പറയുന്നു. നബി മദീനയിലെത്തുമ്പോൾ അവിടുത്തുകാർ അളവിലും തൂക്കത്തിലുമൊക്കെ കൃത്രിമം കാണിച്ചിരുന്നവരായിരുന്നു എന്നാൽ അങ്ങനെയുള്ളവർക്ക്‌ നാശമുണ്ടെന്ന മുന്നറിയിപ്പ്‌ കേട്ടപ്പോൾ അവർ ആ തിന്മ പാടെ ഉപേക്ഷിച്ചു. ഇമാം ഫർറാഅ് رحمة الله عليه പറയുന്നു പിന്നീട്‌ ഇന്നോളം മദീനക്കാർ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുന്നവരാണ്‌ (ഖുർത്വുബി 19/176 , റാസി31/82)

ഉപദേശങ്ങൾ പ്രവാചക ശിഷ്യന്മാരുടെ മനസിലുണ്ടാക്കിയ സ്വാധീനത്തിനുള്ള നല്ലൊരു ഉദാഹരണമത്രെ ഇത്‌. വൈൽഎന്നാൽ ഭയങ്കര ശിക്ഷ എന്നും നരകാവകാശികളുടെ ശരീരത്തിൽ നിന്ന് ചീഞ്ചലമൊലിക്കുന്ന നരകത്തിലെ ഒരു ചെരുവ്‌ എന്നും അഭിപ്രായമുണ്ട്‌.

അളത്തത്തിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർക്കുള്ള താക്കീതായി അല്ലാഹു തുടർന്ന് പറയുന്നത്‌ അല്ലാഹുവിലേക്ക്‌ ജനങ്ങളെല്ലാം എഴുന്നേറ്റ്‌ വരുന്ന ആ മഹാദിനത്തിലേക്ക്‌ ഇവരും എഴുന്നേൽപ്പിക്കപെടുമെന്ന് ഇക്കൂട്ടർ വിചാരിക്കുന്നില്ലേ എന്നാണ്‌ അഥവാ ആ ഭയങ്കര ദിനത്തിൽ അവർ ഈ ചെറിയ കാര്യത്തിനു പോലും വിചാരണ നേരിടേണ്ടി വരുമെന്നത്‌ അവർ ഓർക്കുന്നില്ലേ എന്നാണ്‌ അല്ലാഹു ചോദിക്കുന്നത്‌. ആ ഭയങ്കര ദിനത്തെ കുറിച്ച്‌ ഓർത്താൽ കരയാത്തവരുണ്ടാവുമോ? ഇമാം ഖുർത്വുബി എഴുതുന്നു. മഹാനായ ഇബ്നു ഉമർ رضي الله عنه ഈ സൂറത്ത്‌ പാരായണം ചെയ്യാൻ തുടങ്ങുകയും ലോകരക്ഷിതാവായ അല്ലാഹുവിലേക്ക്‌ ജനങ്ങൾ എഴുന്നേറ്റ്‌ വരുന്ന ദിവസം എന്നത്‌ വരെ പാരായണം എത്തുകയും ചെയ്തപ്പോൾ അദ്ദേഹം വീഴുകയും തുടർന്ന് പാരായണം ചെയ്യാൻ സാധിക്കാതാവുകയും ചെയ്തു. പിന്നീട്‌ മഹാൻ പറഞ്ഞു. നബി പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. അമ്പതിനായിരം കൊല്ലത്തിന്റെ ദൈർഘ്യമുള്ള ആദിനത്തിൽ ജനങ്ങളെല്ലാം അല്ലാഹുവിലേക്ക്‌ എഴുന്നേറ്റ്‌ നിൽക്കും അപ്പോൽ അവരിൽ ഞെരിയാണിവരെ വിയർപ്പുള്ളവരും മുട്ട്‌ വരെ വിയർപ്പെത്തിയവരും അരവരെയും നെഞ്ച്‌ വരെയും വിയർപ്പിൽ കുളിച്ചവരും ചെവിവരെ വിയർപ്പ്‌ മൂടിയവരും തവള വെള്ളത്തിൽ മുങ്ങുന്നത്‌ പോലെ വിയർപ്പിൽ മുങ്ങിത്താഴുന്നവരും ഉണ്ടാവും എന്ന്!(ഖുർത്വുബി 19/179)

ഇമാം റാസി رحمة الله عليه എഴുതുന്നു. ഈ ആയത്തുകളിൽ ശക്തമായ ഒരുപാട്‌ താക്കീതുകൾ അല്ലാഹു ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അളത്തത്തിലും തൂക്കത്തിലും കുറവ്‌ വരുത്തുന്നവർക്ക്‌ നാശം എന്നത്‌ തന്നെ താക്കീതാണ്‌ കാരണം പരീക്ഷണം വരുന്നു എന്നറിയിക്കാനാണ്‌ വൈൽഎന്ന പദം പ്രയോഗിക്കുക. രണ്ടാമതായി അവർ വിചാരിക്കുന്നില്ലേ എന്നത്‌ നിഷേധാത്മകമായ ചോദ്യമാണ്‌ അഥവാ അത്‌ ഉൾക്കൊള്ളണം എന്ന ശാസനയാണതിൽ അടങ്ങിയിട്ടുള്ളത്‌. മൂന്നാമതായി ഒരു മഹാദിനത്തിൽ എന്ന് പറഞ്ഞത്‌ ശരിക്കും ഭയപ്പെടേണ്ട ദിനമാണത്‌ എന്ന് ഓർമ്മിപ്പിക്കുന്നു. നാലാമതായി ലോകം നിയന്ത്രിക്കുന്ന അല്ലാഹുവിലേക്കാണ്‌ അവർ വരുന്നത്‌ എന്ന വാക്ക്‌ എല്ലാ അധികാരാവകാശങ്ങളുടെയും നാഥന്റെ അടുത്ത്‌ ഒരു അധികാരവുമില്ലാത്തവൻ വരുമ്പോഴുള്ള ദൈന്യതയും ഭയവും അറിയിക്കുന്നു.

ഇവിടെ ഒരു ചോദ്യമുണ്ട്‌. ഇത്രയും അധികാരമുള്ള അല്ലാഹു എന്തിനാണീ ചെറിയ വിഷയത്തിനൊക്കെ വിചാരണ നടത്താൻ ഒരുമിച്ച്‌ കൂട്ടുന്നത്‌ എന്ന്. അതിനു നിവാരണം ഇങ്ങനെ കാണാം .ചെറിയ കാര്യങ്ങളിൽ പോലും മർദ്ദിതനു നീതി കിട്ടിയെന്ന് ബോദ്ധ്യപ്പെടാൻ ഇത്‌ ആവശ്യമാണ്‌.അപ്പോൾ ഒരു അനീതിയും അവിടെ ചോദ്യം ചെയ്യപ്പെടാതെ പോകില്ല എന്ന് മനസിലാക്കുകയും ചെയ്യാം.(റാസി..31/84) ചുരുക്കത്തിൽ ഈ ദിനത്തിലൊത്ത്‌ കൂടണം എന്ന് ചിന്തിക്കുന്നതായാൽ തന്നെ മനുഷ്യനു നന്നാവാൻ അത്‌ പ്രചോദനമാവും .അല്ലാഹു നല്ലത്‌ ചിന്തിക്കാനും നന്മക്കായി പ്രവർത്തിക്കാനും നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമീൻ.



ഭാഗം 2 ( 7 മുതൽ 21 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം ഇവിടെ ക്ലിക് ചെയ്ത് വായിക്കുക )

5 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 83 മുതഫ്ഫിഫീൻ

അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുന്നവർക്ക് താക്കിതായി
ഒന്നു മുതൽ ആറു വരെ സൂക്തങ്ങളുടെ വിശദീകരണം ഇവിടെ വായിക്കാം

Zulfukhaar-ദുല്‍ഫുഖാര്‍ said...

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ താങ്കള്‍ക്കും ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ഉണ്ടാവട്ടെ ആമിന്‍

വളരെ ഉപകാരപ്രദം വിളക്കിന്റെ വെളിച്ചം

വഴികാട്ടി / pathfinder said...

വായനക്കാർക്ക് നന്ദി

ഭാഗം 2 ഇവിടെ വായിക്കുക

ബഷീർ said...

വളരെ നന്ദി..ഈ വിവരണങ്ങൾക്ക് .

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇവിടെ വായിക്കുമല്ലോ

വഴികാട്ടി / pathfinder said...

edited and updated. pdf file also added