അദ്ദ്യായം 84 സൂറ: അൽ ഇൻശിഖാഖ് | മക്കയിൽ
അവതരിച്ചു | സൂക്തങ്ങൾ 25
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
1.إِذَا السَّمَاء انشَقَّتْ
ആകാശം പിളരുമ്പോൾ
2.وَأَذِنَتْ لِرَبِّهَا وَحُقَّتْ
അത് അതിന്റെ രക്ഷിതാവിനു കീഴ്പ്പെടുകയും
ചെയ്യുമ്പോൾ-കീഴ്പ്പെടൽ അതിന്നു കടപ്പെട്ടിരിക്കുന്നു താനും
3.وَإِذَا الْأَرْضُ مُدَّتْ
ഭൂമി നീട്ടപ്പെടുകയും(വിശാലമാക്കപ്പെടുക)ചെയ്യുമ്പോൾ
4.وَأَلْقَتْ مَا فِيهَا وَتَخَلَّتْ
ഭൂമി അതിലുള്ളതിനെ പുറത്തേക്കിടുകയും അത്
ഒഴിവാകുകയും(കാലിയാവുകയും) ചെയ്യുമ്പോൾ
5.وَأَذِنَتْ لِرَبِّهَا وَحُقَّتْ
അത് അതിന്റെ റബ്ബിന് കീഴ്പ്പെടുകയും (കീഴ്പ്പെടൽ അതിനു
കടപ്പെട്ടിരിക്കുന്നു താനും) ചെയ്യുമ്പോൾ.
ആകാശം പൊട്ടിപ്പിളരുക, മനുഷ്യർ,
നിധികൾ
തുടങ്ങി ഭൂഗർഭത്തിലുള്ളതെല്ലാം പുറത്തേക്ക് വരിക,ഭൂമുഖത്തുള്ള
പർവ്വതങ്ങളെല്ലാം തൽസ്ഥാനങ്ങളിൽ നിന്ന് നീക്കപ്പെട്ട് ഭൂമി വിശാലമായിത്തീരുക, മുതലായ
അതീവ ഗൗരവ ഘട്ടത്തിലാണ് അന്ത്യനാൾ ഉണ്ടാവുക. അകാശഭൂമികൾ എത്ര വലിയ
സൃഷ്ടികളാണെങ്കിലും അവ അല്ലാഹുവിന്റെ കൽപനക്ക് പരിപൂർണ്ണമായും കീഴൊതുങ്ങിയാണ്
നിലകൊള്ളുന്നത് അത് അവയുടെ ബാദ്ധ്യതയുമാണ് എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയും
അവന്റെ ഉദ്ദേശ്യമനുസരിച്ച് പ്രവർത്തിക്കുന്നവയുമാണല്ലോ!
ഇബ്നു ഉമർ (رضي
الله عنه ) നബി(ﷺ) യിൽ നിന്ന് ഉദ്ധരിക്കുന്നു.ഭൂമി
അതിനുള്ളിലുള്ളതിനെ പുറത്തിടും എന്നതിന്റെ വിശദീകരണമെന്നോണം അവിടുന്നു പറഞ്ഞു. ‘ഞാനാണ്
ആദ്യമായി ഭൂമി പിളർന്ന് പുറത്ത് വരുന്നത്.ഞാൻ ഖബ്‌റിൽ എഴുന്നേറ്റിരിക്കും അപ്പോൾ
ഭൂമി ഇളകും ഞാൻ ചോദിക്കും എന്തു പറ്റി എന്ന്.ഭൂമി പറയും അല്ലാഹു എന്റെ
ഉള്ളിലുള്ളതിനെയെല്ലാം പുറത്തിടാനും ഒന്നുമില്ലാതിരുന്ന കാലത്തെ പോലെ കാലിയാവാനും
എന്നോട് കൽപ്പിച്ചിരിക്കുന്നു അതാണ് ഭൂമി അതിലുള്ളതിനെ പുറത്തിടും എന്ന് പറഞ്ഞത്
(അദ്ദുർ അൽമൻഥൂർ 6-547)
6.يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَى رَبِّكَ كَدْحًا فَمُلَاقِيهِ
ഹേ മനുഷ്യാ!നിശ്ചയം നീ നിന്റെ രക്ഷിതാവിങ്കലേക്ക്
(തീവൃമായ)അദ്ധ്വാനം അദ്ധ്വാനിച്ച്കൊണ്ടിരിക്കുന്നതാണ് അങ്ങനെ നീ അവനെ കണ്ട്
മുട്ടുന്നതാണ്.
മനുഷ്യൻ ജീവിതകാലമത്രയും ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് അദ്ധ്വാനിച്ചും
ക്ലേശപ്പെട്ടും കൊണ്ടേയിരിക്കുക എന്നത് സഹജമാണ്. ചിലർ നന്മയിലും മറ്റു ചിലർ
തിന്മയിലുമായിരിക്കും അദ്ധ്വാനിക്കുന്നതെന്ന് മാത്രം. എന്നാൽ അങ്ങനെ പ്രവൃത്തിച്ചു
കൊണ്ടിരിക്കുന്ന മനുഷ്യൻ ഒരുനാൾ മരണത്തിനു കീഴൊതുങ്ങുകയും തന്റെ നാഥനെ കണ്ട്
മുട്ടേണ്ടിവരികയും ചെയ്യും അങ്ങനെ തന്റെ കഴിഞ്ഞകാല ചെയ്തികൾ വിചാരണ
ചെയ്യപ്പെടുകയും പ്രതിഫലം വാങ്ങേണ്ടിയും വരും അതിനാൽ എന്തായാലും അദ്ധ്വാനിക്കുന്ന
മനുഷ്യൻ അത് നന്മലഭിക്കാനായി അദ്ധ്വാനിക്കാൻ ശ്രമിക്കണം എന്നാണിവിടെ
സൂചിപ്പിക്കുന്നത്.
ഇമാം മുസ്‌ലിം(رحمة الله عليه ) നിവേദനം ചെയ്യുന്ന ഒരു നബി
വചനത്തിൽ കാണാം.
كل الناس يغدو فبائع نفسه فمعتقها أوموبقها (مسلم)
ഓരോ മനുഷ്യനും കാലത്ത് പുറപ്പെടുന്നു എന്നിട്ട് അവർ സ്വന്തം ശരീരത്തെ
വിറ്റുകൊണ്ടിരിക്കുന്നു അങ്ങനെ ഒന്നുകിൽ സ്വശരീരത്തെ അവൻ രക്ഷപ്പെടുത്തുന്നവനോ
അല്ലെങ്കിൽ അതിനെ നാശപ്പെടുത്തുന്നവനോ ആവും അവൻ (മുസ്‌ലിം)
ഇമാം ത്വബരി(رحمة الله عليه ) എഴുതുന്നു. ഓ മനുഷ്യാ! നീ എന്തു ചെയ്താലും അല്ലാഹുവിന്റെ അടുത്ത്നിന്ന് നീ അതിന്റെ പ്രതിഫലം വാങ്ങേണ്ടി വരും അതിനാൽ നിന്റെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ കോപത്തിൽ നിന്ന് നിന്നെ രക്ഷിക്കാനും അവന്റെ പൊരുത്തം ലഭ്യമാക്കാനും ഉപയുക്തമാക്കുക. അഥവാ അവന്റെ ദേഷ്യത്തിനു കാരണമാവുന്നവയാണു നിന്റെ പ്രവർത്തനങ്ങളെങ്കിൽ നീ നാശമടഞ്ഞത് തന്നെ! (ത്വബരി 30/126)
ഇമാം ത്വബരി(رحمة الله عليه ) എഴുതുന്നു. ഓ മനുഷ്യാ! നീ എന്തു ചെയ്താലും അല്ലാഹുവിന്റെ അടുത്ത്നിന്ന് നീ അതിന്റെ പ്രതിഫലം വാങ്ങേണ്ടി വരും അതിനാൽ നിന്റെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ കോപത്തിൽ നിന്ന് നിന്നെ രക്ഷിക്കാനും അവന്റെ പൊരുത്തം ലഭ്യമാക്കാനും ഉപയുക്തമാക്കുക. അഥവാ അവന്റെ ദേഷ്യത്തിനു കാരണമാവുന്നവയാണു നിന്റെ പ്രവർത്തനങ്ങളെങ്കിൽ നീ നാശമടഞ്ഞത് തന്നെ! (ത്വബരി 30/126)
7.فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ
എന്നാൽ ഏതൊരുവനു തന്റെ ഗ്രന്ഥം വലത് കയ്യിൽ
കൊടുക്കപ്പെട്ടുവോ
8.فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا
അപ്പോൾ അവൻ (വഴിയെ) ലഘുവായ വിചാരണ ചെയ്യപ്പെടുന്നതാണ്.
9.وَيَنقَلِبُ إِلَى أَهْلِهِ مَسْرُورًا
അവൻ തന്റെ സ്വന്തക്കാരിലേക്ക് സന്തുഷ്ടനായിക്കൊണ്ട്
തിരിച്ച് പോകുന്നതുമാണ്.
നാഥനുമായി കണ്ട്മുട്ടുമ്പോൾ മനുഷ്യൻ ഒന്നുകിൽ സജ്ജനങ്ങളിൽപെട്ടവനോ അല്ലെങ്കിൽ
ദുർജ്ജനങ്ങളിൽപെട്ടവനോ ആയിരിക്കും. ആദ്യത്തെ വിഭാഗത്തിൽ പെട്ടവനാണെങ്കിൽ അവനു
തന്റെ കർമ്മ രേഖയാവുന്ന ഗ്രന്ഥം വലതു കയ്യിൽ നൽകപ്പെടും അതൊരു ശുഭസൂചനയായിരിക്കും
അവനു നാമമാത്രമായ വിചാരണമാത്രമേ ഉണ്ടാവുകയുള്ളൂ.അത് കഴിയുമ്പോൾ അവനു തന്റെ
സ്വന്തക്കാരിലേക്ക് വളരെ സന്തോഷത്തോടെ മടങ്ങി ചെല്ലുകയും ചെയ്യും. ഇവിടെ പറഞ്ഞ
സ്വന്തക്കാർ അവന്റെ സദ്‌വൃത്തരായ കൂട്ടുകാർ,
കുടുംബാംഗങ്ങൾ
മുതലായവരോ സ്വർഗത്തിൽ അവനു നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വന്തക്കാരോ (സ്വർഗസ്ത്രീകൾ)
ആകാവുന്നതാണ്(ബൈളാവി.2/581)
ഇവിടെ പറഞ്ഞ ലഘുവായ വിചാരണ എന്നാൽ അവന്റെ കർമ്മങ്ങൾ അല്ലാഹു പരിശോധിക്കുകയും
എന്നിട്ട് അതിലെ തിന്മകൾ പൊറുത്ത് കൊടുക്കുകയും നന്മകൾക്ക് പ്രതിഫലം
നൽകപ്പെടുകയും ചെയ്യുക എന്നാണ്. ഇമാം ത്വബരി (رحمة الله عليه) എഴുതുന്നു. ‘ആഇശബീവി
(رضي الله عنها) പറഞ്ഞു നബി(ﷺ) നിസ്ക്കാരത്തിൽ
അല്ലാഹുവേ എന്നെ ലഘുവായ വിചാരണ ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നത് ഞാൻ
കേട്ടു.നിസ്ക്കാര ശേഷം ഞാൻ നബി (ﷺ) യോട് ചോദിച്ചു എന്താണ് നബിയേ ലഘുവായ
വിചാരണ? അവിടുന്ന് പറഞ്ഞു അല്ലാഹു മനുഷ്യന്റെ തിന്മകൾ
കണ്ടിട്ടും അത് വിട്ട് കൊടുക്കലാണ് (മാപ്പ് നൽകലാണ്) കാരണം ആരെയെങ്കിലും
കണിശമായി വിചാരണ ചെയ്യപ്പെട്ടാൽ അവൻ നശിച്ചത് തന്നെ! (ത്വബ്‌രി 30/127).
ഇമാം റാസി(رحمة الله عليه) എഴുതുന്നു. ‘ലഘുവായ വിചാരണയെന്നാൽ
അല്ലാഹു മനുഷ്യന്റെ കർമ്മങ്ങൾ നോക്കി നന്മക്ക് പ്രതിഫലം നൽകുകയും തിന്മക്ക്
മാപ്പു കൊടുക്കുകയും ചെയ്യലാണ്. കാരണം തിന്മകൾ ചൂണ്ടിക്കാട്ടി നീ എന്തിന് ഇത്
ചെയ്തു എന്ന് അല്ലാഹു ചോദിച്ചാൽ ഇവനു കാരണം ബോധിപ്പിക്കാനാവാതെ അവൻ വഷളാവും അതിൽ
നിന്ന് അവനെ രക്ഷിക്കാനായി അല്ലാഹു അത് മാപ്പാക്കുന്നതാണ്. അങ്ങനെ അവൻ തന്റെ
സ്വന്തക്കാരുടെ സമീപത്ത് സസന്തോഷം എത്തിച്ചേരും (റാസി31/98).
ഇമാം സുയൂഥ്വി (رحمة الله عليه) എഴുതുന്നു.ഇമാം ബസ്സാർ,ഥ്വബ്‌റാനി,ഹാക്കിം (رحمة الله عليهم) എന്നിവർ അബൂഹുറൈറ:(رضي الله عنه )വിൽ നിന്ന് നബി(ﷺ) പറഞ്ഞതായി ഉദ്ധരിക്കുന്നു.മൂന്ന് ഗുണങ്ങൾ
ആരിലുണ്ടോ അവനെ പരലോകത്ത് ലഘുവായ വിചാരണ മാത്രമേ അല്ലാഹു ചെയ്യുകയുള്ളൂ!അവനെ
അല്ലാഹു അവന്റെ അനുഗ്രഹം കൊണ്ട് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും
ചെയ്യും.തടഞ്ഞവർക്ക് നൽകുക (തനിക്കൊരു അത്യാവശ്യം വന്ന് സഹായം തേടിയപ്പോൾ
സഹായിക്കാൻ കൂട്ടാക്കാത്തവനു ഒരു ആവശ്യം വന്നപ്പോൾ അവനോട് പ്രതികാരം ചെയ്യാതെ അവനെ
സഹായിക്കുക എന്ന് സാരം) അക്രമിച്ചവർക്ക് മാപ്പ് കൊടുക്കുക, ഇങ്ങോട്ട് ബന്ധം മുറിച്ചവരോട്
അങ്ങോട്ട് ബന്ധം ചേർക്കുക എന്നിവയാണാ മൂന്ന് കാര്യങ്ങൾ (അദ്ദുർ അൽ മൻഥൂർ 6/548)
ചുരുക്കത്തിൽ വലത് കയ്യിൽ ഗ്രന്ഥം നൽകപ്പെടുന്ന ഭാഗ്യവാന്മാരിലുൾപ്പെടാൻ
ആവശ്യമായ കണക്ക് കൂട്ടലുകൾ ഉണ്ടാവുകയും അതിനു അനുസൃതമായി ജീവിതം ക്രമീകരിക്കുകയും
ചെയ്യണം അതാണ് നമ്മുടെ കടമ! അവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ഉത്തര
വാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നവരെക്കൊണ്ട് നിറയുന്ന ഈ ലോകത്തിന്
ദിശാബോധം നൽകാൻ തികച്ചും മതിയായതത്രെ ഈ തത്വം!
10. وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاء ظَهْرِهِ
ഏതൊരുവനു തന്റെ ഗ്രന്ഥം അവന്റെ മുതുകിന്റെ പിന്നിലൂടെ
കൊടുക്കപ്പെട്ടുവോ.
11.فَسَوْفَ يَدْعُو ثُبُورًا
അവൻ വഴിയെ എന്റെ നാശമേ എന്ന് വിളി(ച്ച്
നിലവിളി)ക്കുന്നതാണ്.
12.وَيَصْلَى سَعِيرًا
ആളിക്കത്തുന്ന അഗ്നിയിൽ അവൻ കടന്നെരിയുകയും ചെയ്യും.
13.إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا
(കാരണം) അവൻ തന്റെ സ്വന്തക്കാർക്കിടയിൽ വെച്ച്
സന്തോഷം കൊള്ളുന്നവൻ തന്നെ ആയിരുന്നു
14.إِنَّهُ ظَنَّ أَن لَّن يَحُورَ
താൻ അല്ലാഹുവിലേക്ക് മടങ്ങി വരുന്നതേ അല്ല എന്ന് അവൻ
ധരിച്ചു.
15.بَلَى إِنَّ رَبَّهُ كَانَ بِهِ بَصِيرًا
അതെ! (അവൻ മടങ്ങി വരിക തന്നെ ചെയ്യും) അവന്റെ നാഥൻ
അവനെപ്പറ്റി നല്ലവണ്ണം കണ്ടറിയുന്നവൻ തന്നെയായിരുന്നു.
ദുർജനങ്ങൾക്ക് അവരുടെ കർമ്മരേഖ പിൻഭാഗത്ത് നിന്ന് ഇടത് കയ്യിലായിരിക്കും
നൽകപ്പെടുക അത് തന്നെ ഒരു അശുഭ ലക്ഷണവും പരാജയ സൂചനയും ആയിരിക്കും അവന്റെ വിചാരണയും
വളരെ കടുത്തതായിരിക്കും ഗ്രന്ഥം കയ്യിൽ കിട്ടുമ്പോൾ തന്നെ അവരുടെ പരാജയം അവർക്ക്
ബോദ്ധ്യപ്പെടുകയും. അയ്യോ നാശമേ എന്ന് നിലവിളികൂട്ടുകയും ചെയ്യും പക്ഷെ ആ
നിലവിളിക്ക് യാതൊരു ഫലവുമുണ്ടാവില്ല കാരണം സ്വന്തം ഭാവിയെക്കുറിച്ചുള്ള ചിന്തയോ
അല്ലാഹുവിനെക്കുറിച്ചുള്ള ബോധമോ ഇല്ലാതെ തന്റെ സ്വന്തക്കാരുടെയും ആൾക്കാരുടെയും
കൂട്ടത്തിൽ തികച്ചും സംതൃപ്തനും സന്തുഷ്ടനുമായിക്കൊണ്ട് അവൻ തന്റെ ഭൗതിക ജീവിതം
കഴിച്ച്കൂട്ടുകയും ഈ ജീവിതം സുഖിക്കാനുള്ളതാണെന്നും പിന്നെയൊരു പുനർജ്ജന്മം
ഉണ്ടാവില്ലെന്നും ധരിക്കുകയും ചെയ്തു ഈ നിഷേധമാണവന്റെ തിരിച്ചടിക്ക് കാരണം.
എന്നാൽ അല്ലാഹുവിലേക്ക് തിരിച്ചു വരാതെയും അവന്റെ പിടുത്തത്തിൽ അകപ്പെടാതെയും
ഇരിക്കുക സാദ്ധ്യമല്ല തന്നെ! അവനെ സൃഷ്ടിച്ച് വളർത്തിയ അവന്റെ രക്ഷിതാവ് സദാ
അവനെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണല്ലോ!
ഇമാം റാസി (رحمة الله عليه)എഴുതുന്നു. ‘നിസ്ക്കാരം, നോമ്പ്
തുടങ്ങിയ ആരാധനകൾ നിർവ്വഹിക്കാതെയും കുറ്റങ്ങൾ യഥേഷ്ടം ചെയ്തും യാതൊരു
വിധിവിലക്കുകളുടെ മതിൽക്കെട്ടുകളും തന്നെ അലോസരപ്പെടുത്താതെയും സുഖത്തിൽ
മുഴുകുകയായിരുന്നു അവൻ. അങ്ങനെ അവന്റെ നൈമിഷിക സുഖത്തിനായി അല്ലാഹുവിനെ
വിസ്മരിച്ചുള്ള ഐഹികജീവിതത്തിനു സാശ്വത ദുഃഖം പകരം നൽകപ്പെട്ടു എന്നാൽ
സത്യവിശ്വാസി ഭൂമിയിലെ ജീവിതത്തിൽ ആരാധനയുടെ കഷ്ടപ്പാടും പരലോകത്ത്
പരാചയപ്പെട്ടേക്കുമോ എന്ന ഭയവും കാരണം ഐഹികജീവിതത്തിൽ അത്രയൊന്നും സന്തോഷവാനാവാതെ
കഷ്ടപ്പാടുകൾ സഹിച്ച് കഴിയുകയായിരുന്നു’.
(ഇതാണ്
ഭൂമി അവിശ്വാസിക്ക് സ്വർഗവും സത്യവിശ്വാസിക്ക് ജയിലുമാണെന്ന് നബി(ﷺ) പറഞ്ഞത് )
അവനു ശാശ്വത സന്തോഷം കൊണ്ടുള്ള അംഗീകാരം അല്ലാഹു നൽകുകയാണ് ചെയ്തത് (റാസി 31/ 100)
അല്ലാഹു പരലോകത്ത് രക്ഷപ്പെടുന്നവരിൽ നമ്മെയെയെല്ലാം
ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
ഭാഗം 2- (16 മുതൽ 25 വരെ സൂക്തങ്ങളുടെ വിശദീകരണം ) ഇവിടെ വായിക്കാം
3 comments:
അദ്ധ്യായം 84 അൽ ഇൻശിഖ്വഖ്വ്
1 മുതൽ 15 വരെ വിശദീകരണം
അല്ലാഹു നന്മയിൽ നിലകൊള്ളാനും നന്മ പ്രവർത്തിക്കാനും തൌഫീഖ് നൽകട്ടെ. ഈ ഉദ്യമത്തിനു എല്ലാ വിജയാശംസകളും നേർന്ന് പ്രാർത്ഥനകളോടെ
edited and updated .pdf file also added
Post a Comment