Sunday, May 8, 2011

അദ്ധ്യായം 69-സൂറത്തുൽ ഹാഖ്ഖ: -ഭാഗം-01

سورة الحاقة

മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 52

بسم الله الرحمن الرحيم

കരുണാനിധിയും പരമകാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


1. الْحَاقَّةُ

ആ യഥാർത്ഥ സമയം!


2. ما الْحَاقَّةُ

യഥാർത്ഥ സമയമെന്നാൽ എന്താണ്‌?


3. وَمَا أَدْرَاكَ مَا الْحَاقَّةُ


യഥാർത്ഥ സമയമെന്നാൽ എന്ത് എന്ന് തങ്ങൾക്ക് അറിവ് നല്കിയതെന്താണ്‌?

യഥാർത്ഥ സമയം എന്നതിന്റെ വിവക്ഷ ഖിയാമത്ത് നാളാണ്.അത് സത്യമായും സംഭവിക്കുന്നതും അതിൽ വിചാരണ പ്രതിഫലം മുതലായവ സാക്ഷാൽക്രതങ്ങളായിത്തീരുന്നതുമാണ് അതിന്റെ ഗൌരവം ചൂണ്ടിക്കാട്ടുന്നതാണ് രണ്ടും മൂന്നും വാക്യങ്ങൾ ഖിയാമം നാളിന്റെ ഗൌരവം ചൂണ്ടിക്കാട്ടുന്ന വേറേ പേരുകളും അതിനുണ്ട്


4. كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ


സമൂദ് സമൂഹവും ആദ് സമൂഹവും ആ ഞെട്ടിക്കുന്ന സമയത്തെ (അന്ത്യനാളിനെ)നിഷേധിച്ചു

ജനങ്ങളെ അതിശക്തമായി ഭീതിപ്പെടുത്തുന്ന- ആകാശങ്ങളെ തകർത്തെറിയുന്ന -ഭൂമിയെയും പർവതങ്ങളെയുമെല്ലാം പൊടിയാക്കപ്പെടുന്ന- നക്ഷത്രങ്ങൾ ഉതിർന്ന് വീഴുന്ന ഞെട്ടിക്കുന്ന മഹാ സംഭവമാണ് അന്ത്യനാൾ.ആദിനത്തെ ആദും സമൂദും നിഷേധിച്ചു എന്ന് പറഞ്ഞതും അവർ അനുഭവിക്കേണ്ടി വന്ന ശിക്ഷകൾ എടുത്തുദ്ധരിച്ചതും അതേ വിശ്വാസം സ്വീകരിച്ച മക്കക്കാർക്ക് ഉപദേശമാവാനും അവരുടെ അന്ത്യം മോശമാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉണർത്താനും വേണ്ടിയാണ്.ഒന്നാം സൂക്തത്തിൽ പറഞ്ഞ َحَاقَّةُ എന്നതും നാലാം സൂക്തത്തിൽ പറഞ്ഞ قَارِعَةِഎന്നതും അന്ത്യനാൾ ആണ് ഉദ്ദേശമെങ്കിൽ നാലാം സൂക്തത്തിൽ വ്യക്തമായവാക്ക് പറയാതെ ها എന്ന സർവനാമം പറഞ്ഞാൽ പോരേ എന്ന ചോദ്യത്തിന്റെ നിവാരണം ഇമാം റാസി(റ) പറയുന്നത് ആ ദിനത്തിന്റെ ഗൌരവം കൂടുതൽ വ്യക്തമാക്കാനാണ് قَارِعَةِ എന്ന വ്യക്തമായ നാമം പറഞ്ഞത് എന്നത്രെ


5. فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ


എന്നാൽ സമൂദ് സമൂഹം ആ അതിരുവിട്ട സംഭവം മൂലം നശിപ്പിക്കപ്പെട്ടു.


6. وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ


അപ്പോൾ ആദ് സമുദായം ആഞ്ഞ് വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു.

സമൂദ് സമുദായത്തെ അള്ളാഹു നശിപ്പിച്ചത് ഒരു ഭയങ്കര ശബ്ദം കൊണ്ടായിരുന്നുവെന്ന് 11;67-68ലും,


وَأَخَذَ الَّذِينَ ظَلَمُواْ الصَّيْحَةُ فَأَصْبَحُواْ فِي دِيَارِهِمْ جَاثِمِينَ
كَأَن لَّمْ يَغْنَوْاْ فِيهَا أَلاَ إِنَّ ثَمُودَ كَفرُواْ رَبَّهُمْ أَلاَ بُعْدًا لِّثَمُودَ


(അക്രമം ചെയ്തവരെ ഒരു ഭയങ്കര ശബ്ദം പിടികൂടി തന്നിമിത്തം അവർ സ്വന്തം വീടുകളിൽ ചത്ത് വിറങ്ങലിച്ചവരായിത്തീർന്നു.അവർ ആ വീടുകളിൽ താമസിച്ചിട്ടേയില്ലെന്ന് തോന്നും വിധം! അറിയുക സമൂദ് സമുദായം തങ്ങളുടെ നാഥനോട് നന്ദികേട് കാണിച്ചു അറിയുക,സമൂദിനു വമ്പിച്ച നാശം (സൂറത്ത് ഹൂദ് 67/68) ലും,


അവരുടെ നാശം ഒരു ശക്തമായ പ്രകമ്പനം കൊണ്ടായിരുന്നുവെന്ന് 7;78ലും, فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُواْ فِي دَارِهِمْ جَاثِمِينَ (അങ്ങനെ അവരെ പ്രകമ്പനം ബാധിച്ചു തൽഫലമായി അവർ തങ്ങളുടെ വീടുകളിൽ മരിച്ചു വീണവരായി(സൂറ:അ അ് റാഫ് 78) പ്രസ്താവിച്ചിട്ടുണ്ട്.

അതായത് ഒരു ഭയങ്കര ശബ്ദവും അതോടൊന്നിച്ച് ഒരു ഭൂമി കുലുക്കവുമുണ്ടായി അങ്ങനെ അള്ളാഹു അവരെ നശിപ്പിച്ചു അതാണ് വാക്യം അഞ്ചിൽ പറഞ്ഞ طَّاغِيَةِ (അതിരു വിട്ട സംഭവം) എന്നത് കൊണ്ടുദ്ദേശ്യം. പല കലകളിലും നൈപുണ്യം നേടിയിരുന്ന വിഭാഗമായിരുന്നു സമൂദ് സമൂഹം.നന്മ നിറഞ്ഞ ജീവിതം ഒഴിവാക്കി അക്രമത്തിലേക്കും ധിക്കാരത്തിലേക്കും കൂപ്പ് കുത്തിയ അവരെ നന്മയിലേക്ക് നയിക്കാനായി സ്വാലിഹ് നബി(അ)നെ അവരിലേക്ക് പ്രവാചകനായി അള്ളാഹു നിയോഗിച്ചു പ്രവാചകനായ തന്നെ അനുസരിക്കണമെന്ന് സ്വാലിഹ്(അ) അവരോട് പറഞ്ഞപ്പോൾ ഒരു വലിയ പാറ ചൂണ്ടിക്കാണിച്ച് കൊണ്ട് അതിൽ നിന്ന് ഗർഭിണിയായ ഒരു ഒട്ടകം പുറത്ത് വന്നാൽ വിശ്വസിക്കാം എന്നായിരുന്നു അവരുടെ പ്രതികരണം സമൂഹത്തിന്റെ നന്മയിൽ അതീവ തല്പരനായ സ്വാലിഹ്(അ) ഇവർ ആവശ്യപ്പെട്ട തെളിവ് കാണിച്ച് കൊടുക്കാനായി അള്ളാഹുവോട് പ്രാർഥിച്ചു. ആ പാറ പിളരുകയും അവർ ആവശ്യപ്പെട്ടത് പോലുള്ള ഒട്ടകം അതിൽ നിന്ന് പുറത്ത് വരികയും ചെയ്തു ആ ഒട്ടകം അള്ളാഹുവിന്റെ പ്രത്യേക പരിഗണനയുള്ളതാണെന്നും അതിനെ ഉപദ്രവിക്കുകയോ അറുക്കുകയോ ചെയ്യരുതെന്നും ജല ദൌർലഭ്യം അനുഭവപ്പെടുന്ന അവിടെ ഒരു ദിവസം വെള്ളം ഒട്ടകത്തിനും അടുത്ത ദിവസം നിങ്ങൾക്കും എന്ന തോതിൽ വികേന്ദ്രീകരണം നടത്തണമെന്നും സ്വാലിഹ്(അ) അവരോട് പറഞ്ഞു.അമ്പരപ്പിക്കുന്ന ഈ തെളിവ് കണ്ടപ്പോൾ ചുരുങ്ങിയ ജനങ്ങൾ വിശ്വസിച്ചുവെങ്കിലും അവിശ്വാസത്തിൽ ആഴ്ന്നു പോയ ഭൂരിഭാഗം ആളുകളും കൊള്ളാമല്ലൊ തന്റെ ജാല വിദ്യ! എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ചെയ്തത്. എന്ന് മാത്രമല്ല ഖുദാർ എന്ന ദുഷ്ടൻ അവരുടെ സാന്നിദ്ധ്യത്തിൽ വെച്ച് ആ ഒട്ടകത്തെ അറുക്കുകയും ചെയ്തു. ആവശ്യപ്പെട്ട തെളിവുകൾ നൽകിയിട്ട് അത് അവഗണിക്കുന്നത് മഹാ പാതകമായതിനാൽ അവരെ അള്ളാഹു നേരത്തേ പറഞ്ഞ പോലുള്ള ശിക്ഷ ഇറക്കി നശിപ്പിച്ചു ആദ് സമൂഹമാകട്ടെ ഘോരമായ കൊടുങ്കാറ്റ് മുഖേനയാണ്സംഹരിക്കപ്പെട്ടത് അള്ളാഹുവിന്റെ കഠിന ശിക്ഷയാൽ ഭൂമുഖത്ത് നിന്ന് ഉച്ചാടനം ചെയ്യപ്പെട്ട ഈ രണ്ട് സമുദായങ്ങളുടെ സംഭവം ഖുർ ആൻ പലയിടത്തും വിവരിച്ചിട്ടുണ്ട്


7. سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَى كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ


ഏഴ് രാവും എട്ട് പകലും തുടർച്ചയായി അവരുടെ മേൽ അതിനെ(കാറ്റ്)അവൻ നിയോഗിച്ചു അപ്പോൾ ആ ജനതയെ കടപുഴകി വീണുകിടക്കുന്ന ഈത്തപ്പനത്തടികളെന്ന പോലെ കാറ്റിൽ വീണുകിടക്കുന്നതായി തങ്ങൾക്ക് കാണാം

8. فَهَلْ تَرَى لَهُم مِّن بَاقِيَةٍ

ഇനി അവരുടെതായ വല്ല അവശിഷ്ടവും തങ്ങൾ കാണുമോ?

ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ഹൂദ് നബി(അ)ആയിരുന്നു.സത്യത്തിലേക്കുള്ള ഹൂദ്(അ)ന്റെ ക്ഷണം അവർ സ്വീകരിച്ചില്ലെന്ന് മാത്രമല്ല നാഥന്റെ ശിക്ഷവരുമെന്നറിയിച്ച ഹൂദ്(അ)നെ വെല്ലുവിളിച്ച് എന്നാൽ ആ ശിക്ഷ കൊണ്ടുവാ എന്ന് ആക്രോശിക്കാനായിരുന്നു അവർക്ക് താല്പര്യം.അങ്ങനെ ഏഴ് രാവും എട്ട് പകലും തുടരെ അടിച്ചു വീശിയ കാറ്റിൽ അവർ നാമാവശേഷമായി.ഇബ്നു ജുറൈജ്(റ)പറഞ്ഞതായി ഇമാം റാസി(റ)പറയുന്നു.ഏഴു രാവും എട്ട് പകലും അള്ളാഹുവിന്റെ ശിക്ഷയായി അവരിലേക്ക് ഇറങ്ങിയ കാറ്റിൽ അവർ ജീവനോടെ വിഷമിച്ചു(സഹിക്കാനാവാത്ത കാറ്റ് വന്നാൽ അത് ഭീതിതമാകും എന്ന് നമുക്കുമറിയില്ലേ)എട്ടാമത്തെ പകൽ അവസാനിച്ചപ്പോൾ അവർ മരിച്ചു ഇതേ കാറ്റ് അവരെ കടലിൽ തള്ളി അതാണ് അവരുടെ വല്ല അവശിഷ്ടവും കാണാമോ എന്ന് ചോദിച്ചത്.പൊടിപോലും കിട്ടാനില്ലാത്ത വിധം അവർ നശിപ്പിക്കപ്പെട്ടു എന്നത്രെ ഖുർ ആൻ ഉണർത്തുന്നത്


9. وَجَاء فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ


ഫറോവയും അവന്റെ മുമ്പുള്ളവരുംകീഴ്മേൽ മറിഞ്ഞ നാട്ടുകാരും തെറ്റായ പ്രവർത്തനം കൊണ്ടുവന്നു


10. فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً


അങ്ങനെ അവർ തങ്ങളുടെ നാഥന്റെ ദൂതനോട് അനുസരണക്കേട് കാണിക്കുകയും അപ്പോൾ അവൻ അവരെ ശക്തിയായ ഒരു പിടുത്തം പിടിക്കുകയും ചെയ്തു

മൂസാ (അ)മായിരുന്നു ഫറോവയുടെ കാലത്തെ പ്രവാചകൻ അവൻ ധിക്കാരത്തിന്റെ ആൾ രൂപമായപ്പോൾ അവനെയും അനുയായികളെയും അള്ളാഹു ചെങ്കടലിൽ മുക്കി കൊന്നു,അവന്റെ മുമ്പുള്ളവർ എന്നതിന്റെ ഉദ്ദെശ്യം നേരത്തെ ജീവിച്ചിരുന്ന നിഷേധികൾ എന്നാണ്. കീഴ്മേൽ മറിഞ്ഞ നാട്ടുകാർ ലൂഥ്(അ)ന്റെ ജനതയാണ്.സ്വവർഗ്ഗ രതിയുടെ വാക്താക്കളായ അവരെ ലൂഥ്(അ) നിരന്തരം ഉപദേശിച്ചിട്ടും അവർ ആ അധർമ്മത്തിൽ സജീവമായപ്പോഴാണ് അവരെ കീഴ്മേൽ മറിച്ചു കൊണ്ട് അള്ളാഹു നശിപ്പിച്ചത്

11 .إِنَّا لَمَّا طَغَى الْمَاء حَمَلْنَاكُمْ فِي الْجَارِيَةِ


നിശ്ചയമായും വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ നാം കപ്പലിൽ കയറ്റി(രക്ഷിച്ചു).

നിങ്ങളെ നാം കപ്പലിൽ കയറ്റി എന്ന് പറഞ്ഞത് നൂഹ് (അ)ന്റെ കപ്പലിൽ കയറി രക്ഷപ്പെട്ടവരെക്കുറിച്ചാണ്.അവരുടെ സന്താന പരമ്പരയാണല്ലൊ ഇന്നുള്ളത്.അവർ രക്ഷപ്പെട്ടത് കൊണ്ടാണ് ഇന്നുള്ളവർക്ക് ജീവിക്കാൻ കഴിഞ്ഞത്അതിരു കവിഞ്ഞ എന്നതിന്റെ അർത്ഥമായി ഇമാം റാസി(റ)എഴുതുന്നത് എത്ര വെള്ളം എന്നത് കണക്കാക്കാനാകാത്ത അത്രയും വെള്ളം വന്നു എന്നാൽ അതിനു മുമ്പോ ശേഷമോ നിശ്ചിത കണക്കിലല്ലാതെ വെള്ളം ഇറക്കാറില്ല എന്നത്രെ.എല്ലാ സ്ഥലത്തും വെള്ളം കേറാവുന്ന വിധത്തിൽ എന്നാണ് അതിരു കവിഞ്ഞു എന്നതിനു മറ്റു വ്യാഖ്യാതാക്കൾ പറഞ്ഞത് (റാസി30/95)


12. لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ


നിങ്ങൾക്ക് അവയെ ഞാൻ ഒരു സ്മരണയാക്കുവാനും ഓർമ്മിച്ച് സൂക്ഷിക്കുന്ന ചെവികൾ അത് ഓർമ്മിച്ച് സൂക്ഷിക്കുവാനും വേണ്ടി.

ഇതെല്ലാം ഇവിടെ എടുത്തു പറയാനുണ്ടായ കാരണമാണ് വാക്യം 12ൽ വ്യക്തമാക്കിയത്.അതെ ജനങ്ങൾ ഓർമ്മിക്കുവാനും പാഠം പഠിക്കുവാനും തന്നെയാണ് ഇവരുടെ കഥ വിശദീകരിച്ചത് എന്ന് ചുരുക്കം. അന്ത്യ നാളിനെ പറ്റിയാണല്ലൊ അദ്ധ്യായത്തിന്റെ ആദ്യത്തിൽ പരാമർശിച്ചത് അതിനെ നിഷേധിച്ചവർക്കുണ്ടായ ചില അനുഭവങ്ങളും തിക്തമായ പരിണിത ഫലവും വ്യക്തമാക്കുകയാണിവിടെ


നേരത്തെ പറഞ്ഞ കാറ്റ് വന്നപ്പോഴും കീഴ്മേൽ മറിച്ചപ്പോഴും അതി ശക്തമായ ശബ്ദം വന്ന് കുറെ ആളുകൾ നശിച്ചപ്പോഴും നന്മയുടെ പക്ഷത്ത് ഉറച്ച് നിന്ന വിശ്വാസികളെ അള്ളാഹു രക്ഷപ്പെടുത്തി എന്നതിൽ നിന്ന് അള്ളാഹുവിന്റെ ശക്തിയുടെ പ്രഖ്യാപനം ഉൾക്കൊള്ളാം അങ്ങനെയുള്ള നാഥനു അന്ത്യ നാൾ സംഭവിപ്പിക്കുക എന്നത് ഒരിക്കലും പ്രയാസമല്ലെന്ന് വ്യക്തമാക്കാനാണ് ഇത് ഉണർത്തിയത്


13. فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ


കാഹളത്തിൽ ഒരു ഊത്ത് ഊതപ്പെട്ടാൽ

ഇവിടെ പറഞ്ഞത് ഒന്നാമത്തെ ഊത്താണ്.ആസമയത്താണ് എല്ലാം നശിക്കുന്നത്. പിന്നീട് ഒന്നു കൂടി ഊതുമ്പോഴാണ് എല്ലാവരും വീണ്ടും ഒരു മിച്ച് കൂടുന്നതും വിചാരണക്കവരെ വിധേയരാക്കപ്പെടുന്നതും


14. وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً


ഭൂമിയും പർവതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ച് തകർക്കലിനു വിധേയമാക്കപ്പെടുകയും ചെയ്താൽ.

പൊക്കിയെടുക്കുക എന്നാൽ അത് ഉയർത്തപ്പെടുകയും സ്ഥാന ചലനം സംഭവിക്കുകയും ചെയ്യും എന്നാണ് താല്പര്യം. ഉയർത്തപ്പെടൽ അന്ത്യനാളിന്റെ പ്രകമ്പനം കൊണ്ടാവാം,അല്ലെങ്കിൽ അന്നുണ്ടാവുന്ന കാറ്റിന്റെ ശക്തികൊണ്ടാകാം.അല്ലെങ്കിൽ മലക്കുകൾ ഉയർത്തുന്നതാവാം.അല്ലെങ്കിൽ ബാഹ്യ കാരണങ്ങളൊന്നുമില്ലാതെ അള്ളാഹുവിന്റെ ശക്തികൊണ്ടാവാം എന്ന് ഇമാം റാസി (റ) വിശദീകരിക്കുന്നു എന്നിട്ട് അവ തകർത്ത് പൊടിയാക്കപ്പെടും റാസി (30/96)


15. فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ


അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.

അന്ത്യ നാൾ സംഭവിക്കുകയായി എന്ന് സാരം


16. وَانشَقَّتِ السَّمَاء فَهِيَ يَوْمَئِذٍ وَاهِيَةٌ


ആകാശം പൊട്ടിപ്പിളരുകയും ചെയ്യും അന്ന് അത് ദുർബലമായിരിക്കും.

ഭദ്രമായി നില നിന്നിരുന്ന ആകാശം ബലഹീനമായി തകർന്നു പോകുമെന്ന് ചുരുക്കം


17. وَالْمَلَكُ عَلَى أَرْجَائِهَا وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ


മലക്കുകൾ അതിന്റെ നാനാ ഭാഗത്തുമുണ്ടായിരിക്കും തങ്ങളുടെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ട് കൂട്ടർ വഹിക്കുന്നതാണ്.

മലക്കുകൾ ആകാശത്തിന്റെ നാനാഭാഗത്തുമുണ്ടായിരിക്കും എന്ന് പറഞ്ഞതിന്റെ സാരം ആകാശം പൊട്ടിപ്പിളരുന്ന സമയത്ത് പിളരുന്ന ഭാഗത്ത് നിന്ന് മലക്കുകൾ നാനാ ഭാഗങ്ങളിലേക്കും മാറിനിൽക്കും എന്നാണ് .ഒന്നാമത്തെ ഊത്തിന്റെ സമയത്ത് തന്നെ എല്ലാവരും മരിക്കും എന്ന് ഖുർ ആൻ പറയുന്നുണ്ടല്ലൊ.അപ്പോൾ പിന്നെ എങ്ങനെയാണ് ഒന്നാം ഊത്തിനു ശേഷം അവർ ആകാശത്തിന്റെ ഭാഗങ്ങളിലേക്ക് മാറി നിൽക്കുക എന്ന സന്ദേഹത്തിനു രണ്ട് രൂപത്തിൽ നിവാരണം കാണാം ഒന്ന് അവർ അല്പ നിമിഷങ്ങൾ അങ്ങനെ നിൽക്കുകയും ഉടൻ മരിക്കുകയും ചെയ്യും (രണ്ട്)അള്ളാഹു ഉദ്ദേശിച്ചവരൊഴികെ എല്ലാവരും മരിക്കും എന്ന് ഖുർ ആൻ പറഞ്ഞിട്ടുണ്ടല്ലൊ അവരായിരിക്കും ആകാശത്തിന്റെ ഭാഗങ്ങളിൽ നിൽക്കുക (റാസി 30/96/97)

തങ്ങളുടെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ട് കൂട്ടർ വഹിക്കുന്നതാണ് എന്ന് പറഞ്ഞിടത്ത് അവരുടെ മീതെ എന്നത് കൊണ്ട് ആകാശത്തിന്റെ നാനാ ഭാഗത്തു നിൽക്കുന്ന മലക്കുകളുടെ മീതെ എന്നാണ് ഉദ്ദേശ്യമെന്നും ഈ മലക്കുകൾ അവരുടെ തന്നെ തലയിൽ സിംഹാസനം ചുമക്കുമെന്നാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്(റാസി)

എട്ട് കൂട്ടർ എന്ന് പറഞ്ഞത് എട്ട് മലക്കുകൾ എന്നും എട്ടായിരം എന്നും എട്ട് അണികൾ എന്നും എട്ടായിരം അണികൾ എന്നും അഭിപ്രായമുണ്ടെങ്കിലും കൂടുതൽ പ്രബലം എട്ട് മലക്കുകൾ എന്നാണെന്ന് കാരണങ്ങൾ നിരത്തി ഇമാം റാസി(റ)വിശദീകരിച്ചിരിക്കുന്നു(റാസി 30/97)

ഇവിടെ ഇമാം റാസി(റ)പ്രധാനപ്പെട്ട ഒരു കാര്യം എഴുതുന്നു.അള്ളാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുന്ന വിഭാഗം അള്ളാഹു സിംഹാസനത്തിൽ ഇരിക്കുന്നില്ലെങ്കിൽ പിന്നെ അതിനെ മലക്കുകൾ ചുമക്കുന്നതിനു എന്തുകാര്യം എന്ന് പറഞ്ഞു നിങ്ങൾ പ്രദർശിപ്പിക്കപ്പെടും എന്ന് പറഞ്ഞ തുടർ സൂക്തം ആ വാദത്തെ ശക്തിപ്പെടുത്തുന്നു എന്നവർ പറഞ്ഞു.എന്നാൽ ഏകദൈവ വിശ്വാസികൾക്ക് ആ വാദത്തിനു വ്യക്തമായ മറുപടിയുണ്ട്.അള്ളാഹു സിംഹാസനത്തിൽ ഇരിക്കുന്നു എന്ന് ഒരിക്കലും പറയാൻ പാടില്ല കാരണം സിംഹാസനത്തെ മലക്കുകൾ ചുമക്കുമെന്ന് പറഞ്ഞതിന്റെ അർത്ഥം ആ സിംഹാസനത്തിലുള്ളതിനെയെല്ലാം ചുമക്കുമെന്നാണ്.അപ്പോൾ അള്ളാഹു സിംഹാസനത്തിൽ ഇരിക്കുകയാണെങ്കിൽ മലക്കുകൾ അള്ളാഹുവിനെയും ചുമന്നു എന്ന് പറയേണ്ടി വരും അത് അസംഭവ്യമാണ്.കാരണം അത് സത്യമാണെങ്കിൽ അള്ളാഹുവിനു മലക്കുകളിലേക്ക് ആവശ്യമുണ്ടെന്ന് വരും അള്ളാഹുവേക്കാൾ മലക്കുകൾ ശക്തിയുള്ളവരാണെന്നും വരും ഇത് വ്യക്തമായ അവിശ്വാസമത്രെ!(റാസി 30/97). അള്ളാഹു സിംഹാസനത്തിൽ ഇരിക്കുന്നു എന്ന് പറയുന്നവർ അതിന്റെ അപകടം മനസിലാക്കിയിരുന്നെങ്കിൽ..എന്ന് ആശിച്ചു പോകുന്നു


18. يَوْمَئِذٍ تُعْرَضُونَ لَا تَخْفَى مِنكُمْ خَافِيَةٌ


അന്നേ ദിവസം നിങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതാണ് യാതൊരു മറഞ്ഞ കാര്യവും നിങ്ങളിൽ നിന്ന് മറഞ്ഞ് പോകുന്നതല്ല.

ഇവിടെ പ്രദർശിപ്പിക്കപ്പെടുക എന്നതിന്റെ അർത്ഥം വിചാരണക്കും കണക്ക് ചോദ്യത്തിനും ഒരുമിച്ചു കൂട്ടുക എന്നാണ് ഒരു കാര്യവും മറഞ്ഞ് പോകുന്നതല്ല എന്ന് പറഞ്ഞാൽ നിങ്ങളെ സംബന്ധിക്കുന്ന എല്ലാം അള്ളാഹു സവിസ്തരം അറിയുന്നവനാണ്. അത് നമുക്കുള്ള ശക്തിയായ താക്കീതാണ് അഥവാ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അള്ളാഹു കാണുന്നുണ്ടെന്നും അത് വിചാരണക്ക് വിധേയമാക്കപ്പെടുന്നുണ്ടെന്നും ഉൾക്കൊള്ളുകയും നമ്മുടെ ജീവിതത്തെ നന്മയിലായി ക്രമീകരിക്കണമെന്ന് നാം മനസിലാക്കുകയും വേണംഒന്നും മറഞ്ഞു പോകില്ല എന്നതിനു മറ്റൊരു വ്യാഖ്യാനം ഇമാം റാസി(റ)എഴുതുന്നു. ഭൂമിയിൽ വെച്ച് നിങ്ങൾക്ക് അവ്യക്തമായിരുന്നത് അവിടെ വ്യക്തമാവും അഥവാ വിശ്വാസികളുടെ അവസ്ഥ അവർക്ക് മനസിലാവുകയും അവർക്ക് സന്തോഷം പൂർണ്ണമാവുകയും അവിശ്വാസികൾക്ക് അവരുടെ അവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കാനുള്ള ശിക്ഷ മനസിലാക്കുകയും ദു:ഖവും വഷളത്തരവും വ്യക്തമാവുകയും ചെയ്യും(റാസി 30/98)അള്ളാഹു അന്നേദിനം സന്തോഷിക്കുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ


(തുടരും)ഇൻശാ അള്ളാഹ്

No comments: