Monday, August 8, 2011

അദ്ധ്യായം 75 -സൂറത്തുൽ ഖിയാമ

سورة القيامة
മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 40

بسم الله الرحمن الرحيم
പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



1. لَا أُقْسِمُ بِيَوْمِ الْقِيَامَةِ

പുനരുത്ഥാന ദിനം കൊണ്ട് ഞാൻ സത്യം ചെയ്ത് പറയുന്നു

നാഥനിലേക്ക് വിചാരണക്കായി ഖബ്റിൽ നിന്ന് എഴുന്നേറ്റ് വരുന്ന ദിനമാണ് ഖിയാമ നാൾ എന്ന് പറഞ്ഞത്


2. وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ

ആക്ഷേപിക്കുന്ന ആത്മാവിനെ(അഥവാ മനസ്സിനെ)കൊണ്ടും ഞാൻ സത്യം ചെയ്ത് പറയുന്നു(നിശ്ചയം നിങ്ങൾ ഉയിർത്തെഴുന്നേൽ‌പ്പിക്കപ്പെടുന്നതാണ്)

ഇവിടെ പറഞ്ഞ ആക്ഷേപിക്കുന്ന ആത്മാവ് എന്നതിന്റെ താല്പര്യം സത്യവിശ്വാസിയുടെ ആത്മാവാണ് ,നന്മ കുറഞ്ഞതിന്റെ പേരിലും തിന്മ ചെയ്തതിന്റെ പേരിലും തന്നെ താൻ തന്നെ ആക്ഷേപിക്കുന്ന ശൈലി സത്യവിശ്വാസിയുടെതാണ്.തെറ്റുകൾക്ക് നിരന്തരം പ്രചോദനം നൽകുക എന്നതായിരിക്കും ഓരോരുത്തരുടെയും ആദ്യ അവസ്ഥ(അമ്മാറ: ,വല്ലാതെ തിന്മ കൽ‌പ്പിക്കുന്നത്-എന്നാണ് ആ അവസ്ഥയുടെ പേര്).അതിനോട് പടപൊരുതി നന്നാവുമ്പോഴാണ് ആക്ഷേപിക്കുന്ന ആത്മാവ് എന്ന അവസ്ഥയിലെത്തുക .ആ ആത്മ വിമർശനത്തിന്റെ സ്വഭാവം നമ്മെ നന്മയിലേക്ക് നയിക്കാൻ സഹായകമാവുമെന്ന് പറയേണ്ടതില്ലല്ലൊ! സത്യ നിഷേധി ഒരിക്കലും തന്നെ ആക്ഷേപിക്കില്ല.താൻ ചെയ്യുന്നതാണ് തന്റെ ശരി എന്ന നിലപാടായിരിക്കുമവന്നുണ്ടാവുക.ഈ വിശദീകരണമനുസരിച്ച് ആക്ഷേപിക്കുന്ന ആത്മാവ് എന്നത് ഒരു പുകഴ്ത്തിപ്പറയലാണ്

ഇവിടെ പറഞ്ഞ ആക്ഷേപിക്കുന്ന ആത്മാവ് എന്നത് സത്യ നിഷേധിയുടെ ആത്മാവാണെന്നും അഭിപ്രായമുണ്ട്.അത് അനുസരിച്ച് അവൻ തന്നെ ആക്ഷേപിക്കുന്നത് പരലോകത്ത് നാഥന്റെ ശിക്ഷ ഏറ്റുവാങ്ങുന്ന സമയത്തായിരിക്കും .ഈ വ്യാഖ്യാനമനുസരിച്ച് ആക്ഷേപിക്കുന്ന ആത്മാവ് എന്നത് ഒരു ആക്ഷേപ വാക്കാണ്.രണ്ട് ആത്മാവും ഇവിടെ ഉദ്ദേശ്യമാണെന്നും അഭിപ്രായമുണ്ട്,അതായത് സത്യവിശ്വാസി നന്മ കുറഞ്ഞതിന്റെ പേരിലും തിന്മ സംഭവിച്ചതിന്റെ പേരിലും തന്നെ ആക്ഷേപിക്കും.സത്യ നിഷേധി താൻ നിഷേധം സ്വീകരിച്ചതിന്റെ പേരിൽ പരലോകത്ത് വെച്ചും തന്നെ ആക്ഷേപിക്കും(അവിടുത്തെ ആക്ഷേപം കൊണ്ട് ഒരു ഫലവുമില്ലെന്നത് വേറേ കാര്യം)

ഏതായാലും ഇങ്ങനെ സത്യം ചെയ്ത് കൊണ്ട് അള്ളാഹു പറയുന്നത് അവർ പുനർജ്ജനിപ്പിക്കപ്പെടുമെന്നാണ്(ഖുർത്വുബി)


ഇമാം റാസി(റ)എഴുതുന്നു,സത്യം ചെയ്യാൻ അള്ളാഹു ഉപയോഗിച്ച രണ്ട് കാര്യങ്ങൾ (ഖിയാം നാൾ, ആക്ഷേപിക്കുന്ന ആത്മാവ്) തമ്മിലെന്ത് ബന്ധമാണുള്ളത് എന്ന് ചോദിക്കാം.ഉത്തരം ഇങ്ങനെ പറയാം, ‘അന്ത്യ നാളിന്റെ അവസ്ഥ വളരെ അത്ഭുതകരമാണ് ആ അന്ത്യനാൾ വരുന്നത് തന്നെ ഈ ആത്മാക്കളുടെ വിജയ-പരാജയം വെളിപ്പെടുത്താനാണ് അപ്പോൾ ഇവ തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് വ്യക്തമയല്ലൊ(റാസി)

പുനർജ്ജന്മത്തെ നിഷേധിച്ചിരുന്നവർക്കുള്ള ശക്തമായ താക്കീതാണിത് .അതാണ് അള്ളാഹു തുടർന്ന് ചോദിക്കുന്നത്


3. أَيَحْسَبُ الْإِنسَانُ أَلَّن نَجْمَعَ عِظَامَهُ


മനുഷ്യന്റെ എല്ലുകൾ(അവ ദ്രവിച്ച് പോയ ശേഷം) നാം ഒരുമിച്ച് കൂട്ടുകയില്ലെന്ന് അവൻ വിചാരിക്കുന്നുണ്ടോ?


ദ്രവിച്ച എല്ലുകൾക്ക് പുനർജ്ജന്മം സാദ്ധ്യമാവില്ലെന്ന സത്യ നിഷേധികളുടെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് അള്ളാഹു


ഈ സൂക്തം അവതരിച്ചത് അദിയ്യ് ബിൻ റബീഅ:യുടെ കാര്യത്തിലാണ്.അവൻ നബി(സ)യോട് ഒരിക്കൽ ചോദിച്ചു അന്ത്യനാൾ എപ്പോൾ സംഭവിക്കും എങ്ങെനെയാണത് സംഭവിക്കുക അതിന്റെ അവസ്ഥകൾ എന്തൊക്കെ?നബി(സ) അതിനു വിശദമായി മറുപടി കൊടുത്തു അപ്പോൾ അവൻ പറഞ്ഞു.അങ്ങനെ ദ്രവിച്ച എല്ലുകൾക്ക് പുനർജ്ജന്മമോ?അതൊരിക്കലും നടക്കില്ല എന്ന് .അപ്പോഴാണ് ഈ സൂക്തം ഇറങ്ങിയത്. അബൂജഹ്ൽ പുനർജ്ജന്മത്തെ നിഷേധിച്ചപ്പോഴാണെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)


അവതരണ കാരണം ഒരാളാണെങ്കിലും പുനർജ്ജന്മ നിഷേധികളായ എല്ലാവർക്കും ഈ ചോദ്യം/ സൂക്തം ബാധകമാണ്


4. بَلَى قَادِرِينَ عَلَى أَن نُّسَوِّيَ بَنَانَهُ


അതെ അവന്റെ വിരലിന്റെ തലപ്പുകളെ(പ്പോലും) ശരിപ്പെടുത്തുവാൻ കഴിവുള്ളവരായിക്കൊണ്ട് (നാമത് ചെയ്യും)


മനുഷ്യനെ അള്ളാഹു പുനർജ്ജനിപ്പിക്കൽ മാത്രമല്ല വിരൽ തലപ്പു പോലും നേരത്തേ ഉണ്ടായിരുന്നത് പോലെ തന്നെ അവൻ പുനർജ്ജനിപ്പിക്കും അതായത് ചെറിയത് വലിയത് എന്ന വ്യത്യാസമില്ലാതെ എല്ലാം അള്ളാഹുവിനു കഴിയും എന്നാണിവിടെ ഉണർത്തുന്നത്


5. بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ


പക്ഷെ മനുഷ്യൻ തന്റെ ഭാവിയിലും നിഷേധം തുടരുവാൻ ഉദ്ദേശിക്കുന്നു


അതായത് സത്യ നിഷേധി ഭാവിയിൽ വരാനിരിക്കുന്ന പുനർജ്ജന്മം.വിചാരണ എന്നിവയൊക്കെ നിഷേഷിക്കുകയും അതിലായി തന്നെ-തന്റെ തോന്ന്യാസങ്ങളിലായി- മുന്നോട്ട് പോവുകയും ചെയ്യുന്നു.


ദോഷങ്ങൾ ചെയ്യുകയും പാശ്ചാത്താപം ചെയ്യാമെന്ന് പറഞ്ഞ് പിന്നെ പാശ്ചാത്താപം താമസിപ്പിക്കുന്നതാണ് ഇവിടെ ഉദ്ദേശം എന്നും വ്യാഖ്യാനമുണ്ട്(പിന്നീട് പാശ്ചാത്താപിക്കാം എന്ന് പറയുകയും പാശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവൻ വാഗ്ദാന ലംഘനം നടത്തുകയും കള്ളം പറയുകയും ചെയ്തു എന്ന് ഹദീസിൽ വന്നത് ഇവിടെ ഓർക്കേണ്ടതാണ്


6. يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ


ഖിയാമം നാൾ എപ്പോഴാണെന്ന് അവൻ ചോദിക്കുന്നു


എന്നാണ് ഖിയാമത്ത് നാൾ എന്ന് അവർ ചോദിക്കുന്നത് പരിഹാസത്തോടെയാണ്.അങ്ങനെയൊന്നു നടക്കില്ലെന്നാണ് അവന്റെ ധാരണ,പിന്നെ ഈ ചോദ്യം നിഷേധിക്കാനാണ് എന്നാൽ അവന്റെ സംശയം തീർത്ത് അത് സംഭവിക്കുന്നത് തന്നെയെന്ന് ബോദ്ധ്യപ്പെടുന്ന സമയമാണ് തുടർന്ന് അള്ളാഹു പറയുന്നത്

7. فَإِذَا بَرِقَ الْبَصَرُ


എന്നാൽ കണ്ണുകൾ (അന്ധാളിച്ച്) അഞ്ചിപ്പോയാൽ



പരിഭ്രമിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്
മരണ സമയം മലക്കിനെ കാണുമ്പോഴും ഖബ്റിൽ നിന്നു പുനർജ്ജീവിപ്പിക്കുമ്പോഴും ജഹന്നമെന്ന നരകം കാണുമ്പോഴുമെല്ലാം ഈ അന്ധാളിപ്പുണ്ടാകുമെന്ന് വ്യാഖ്യാതാക്കൾ പറയുന്നുണ്ട്

8. وَخَسَفَ الْقَمَرُ

ചന്ദ്രന്റെ പ്രകാശം, കെട്ട് പോകുകയും ചെയ്താൽ


ഭൂമിയിൽ വെച്ച് ചന്ദ്രനു ഗ്രഹണം ബാധിക്കുമ്പോൾ അതിന്റെ പ്രകാശം നഷ്ടപ്പെടുമ്പോലെ പ്രകാശം കെട്ട് പോകുമെന്നും ചന്ദ്രനെ തന്നെ കാണാതാവുമെന്നും ഇവിടെ വ്യാഖ്യാനമുണ്ട്(റാസി)


9. وَجُمِعَ الشَّمْسُ وَالْقَمَرُ


സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ

സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുക എന്നാൽ ചന്ദ്രനെ പോലെ സൂര്യന്റെയും പ്രകാശം ഇല്ലാതാവുക എന്നാണ്
സൂര്യനെയും ചന്ദ്രനെയും ഒരുമിച്ച് കൂട്ടി ആളുകളോട് അന്ത്യ നാളിൽ അടുപ്പിക്കപ്പെടുമെന്നും ശക്തമായ ചൂടു കാരണം ജനം വിയർപ്പിൽ മുങ്ങുമെന്നും ഇവിടെ വ്യാഖ്യാനമുണ്ട്


10. يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ


എവിടേക്കാണ് ഓടി രക്ഷപ്പെടേണ്ടത് എന്ന് അന്നത്തെ ദിവസം മനുഷ്യൻ ചോദിക്കും

അള്ളാഹുവെ സമീപിക്കാനുള്ള ലജ്ജ കൊണ്ട് അവനിൽ നിന്ന് എങ്ങോട്ട് ഓടി രക്ഷപ്പെടുമെന്ന് ചോദിക്കുമെന്നും ജഹന്നമിൽ നിന്ന് എങ്ങനെ ഓടി രക്ഷപ്പെടുമെന്ന് ചോദിക്കുമെന്നാണെന്നും വ്യാഖ്യാനമുണ്ട്


ആരാണിത് ചോദിക്കുക എന്നതിൽ വ്യത്യസ്ഥ വീക്ഷണമുണ്ട്.അവിശ്വാസിയാണ് ഇങ്ങനെ ചോദിക്കുക കാരണം അവനാണല്ലോ അന്ത്യ നാളിൽ ശിക്ഷിക്കപ്പെടുന്നത് സത്യ വിശ്വാസിക്ക് സന്തോഷമാണല്ലോ അവിടെ ലഭിക്കുക


മറ്റൊരു വീക്ഷണം ഇത് എല്ലാവരും പറയുമെന്നാണ്. അന്ത്യനാളിനോടനുബന്ധിച്ചുള്ള പ്രകൃതിയിലെ വ്യത്യാസങ്ങൾ കാണുമ്പോഴാണിത് പറയുക എന്നാണിതിന്റെ ചുരുക്കം


11. كَلَّا لَا وَزَرَ


അതില്ല ഒരു അഭയസ്ഥാനം ഇല്ലേയില്ല

ഭൂമിയിൽ എന്തെങ്കിലും ഭയപ്പെട്ടാൽ പർവതത്തിലോ മറ്റോ അഭയം തേടാറുള്ളത് പോലെ നരകത്തിൽ നിന്നോ ശിക്ഷയിൽ നിന്നോ അഭയം തേടിപ്പോകാൻ ഒരു സ്ഥലവും അവിടെ ലഭ്യമല്ല തന്നെ


12. إِلَى رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ


തങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് അന്നത്തെ ദിവസം (എല്ലാവരുടെയും) ചെന്നടങ്ങൽ


അള്ളാഹുവിന്റെ വിചാരണക്കായി അവങ്കലേക്ക് എല്ലാവരും എത്തിപ്പെട്ടേ പറ്റൂ

13. يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ


മനുഷ്യൻ മുമ്പ് ചെയ്ത് വെക്കുകയും(ചെയ്യാതെ)പിന്നോട്ട് മാറ്റിവെക്കുകയും ചെയ്തതിനെപ്പറ്റി അന്നത്തെ ദിവസം അവന്ന് വിവരം നൽകപ്പെടും

വിവരം നൽകപ്പെടുന്നതിൽ നല്ലവരും അല്ലാത്തവരും സമമാണ്.അഥവാ അവരവർ ചെയ്തതിനെ പറ്റി എല്ലാവർക്കും വിവരം നൽകപ്പെടും .മുമ്പ് ചെയ്ത് വെച്ച നല്ലതും ചീത്തയും അറിയിക്കപ്പെടുമെന്നും(മരണ ശേഷം തന്റെ കർമ്മങ്ങളിൽ നിന്ന് താൻ പരത്തിയ വിജ്ഞാനവും നല്ല സന്താനവും അനന്തരമാക്കി വിട്ട മുസ്ഹഫും നിർമ്മിച്ച പള്ളിയും യാത്രക്കാർക്കായി നിർമ്മിച്ച വീടും താൻ നടപ്പാക്കിയ ജലസേചന പദ്ധതിയും താൻ ചെയ്ത ധർമ്മവും ഒക്കെ തന്നോട് ചേരുമെന്ന ഹദീസ് ഓർക്കുക) നല്ലതോ ചീത്തയോ ആയി താൻ പിന്തിച്ച് വെക്കുകയും അതനുസരിച്ച് തന്റെ ശേഷം പ്രവർത്തിക്കപ്പെടുന്ന കാര്യങ്ങൾ അറിയിക്കപ്പെടുമെന്നും (നാം വല്ല നന്മക്കും മാതൃകയായാൽ അതും തിന്മക്ക് മാതൃകയായാൽ അതും അവിടെ വിവരിക്കപ്പെടും ഒരാൾ ഇസ് ലാമിൽ ഒരു നല്ല ചര്യ നടപ്പാക്കിയാൽ അതിന്റെ പ്രതിഫലവും അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെ പ്രതിഫലവും (ചെയ്യുന്നവരുടെ കൂലി കുറയാതെ) അവന്ന് ലഭിക്കും.ചീത്ത ചര്യ നടപ്പാക്കിയാലും ഇങ്ങനെ തന്നെ എന്ന നബി വചനം ശ്രദ്ധേയമാണ്) ചെയ്ത് വെച്ച തിന്മയും ചെയ്യാതെ പിന്തിച്ച ആരാധനയും അവിടെ വിവരിക്കപ്പെടുമെന്നും മറ്റും വ്യാഖാനമുണ്ട്.എന്തായാലും ഈ വിവരണമെല്ലാം നമ്മുടെ കർമ്മങ്ങൾ തൂക്കപ്പെടുന്ന തുലാസിന്റെ അടുത്ത് വെച്ചാണ് നടക്കുക.മരണ സമയത്ത് തന്നെ അറിയിക്കപ്പെടുമെന്നും വ്യാഖ്യാനമുണ്ട്(ഖുർത്വുബി)


14. بَلِ الْإِنسَانُ عَلَى نَفْسِهِ بَصِيرَةٌ


അത്രയുമല്ല മനുഷ്യൻ തന്നെ അവന്നെതിരിൽ ഒരു തെളിവാണ്


അഥവാ ഓരോ മനുഷ്യന്റെയും അവയവങ്ങൾ തന്നെ അവനെതിരിൽ സാക്ഷിയാവുന്നതാണ്.വായകൾക്ക് സീൽ വെക്കുകയും കൈകൾ സംസാരിക്കുകയും കാലുകൾ സാക്ഷി പറയുകയും ചെയ്യുന്ന ദിനമാണത് എന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്


15. وَلَوْ أَلْقَى مَعَاذِيرَهُ


തന്റെ ഒഴിവു കഴിവുകൾ അവൻ സമർപ്പിച്ചാലും ശരി

താൻ ചെയ്ത തെറ്റുകൾ നിഷേധിക്കാനായി ഞാൻ അങ്ങനെ ചെയ്തില്ലെന്ന് ഇവൻ കാരണം ബോധിപ്പിച്ചാലും അതിനെ അവന്റെ അവയവങ്ങൾ തന്നെ തള്ളിക്കളയുകയും അവനെതിരെ സ്വന്തം അവയവങ്ങൾ സാക്ഷി പറയുകയും ചെയ്യും.ആ സാക്ഷ്യത്തിനെതിരെ എന്ത് തെളിവുകൾ ഇവൻ സമർപ്പിച്ചാലും അതൊന്നും സ്വീകരിക്കപ്പെടില്ല.പരലോകത്ത് സത്യ നിഷേധികൾ അവർ ചെയ്ത ശിർക്ക് പോലും നിഷേധിക്കാൻ ശ്രമിക്കുമെന്ന് ഖുർആൻ തന്നെ പരാമർശിച്ചിട്ടുണ്ട്


16. لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ


(നബിയേ!) ഖുർആൻ ധൃതിപ്പെട്ട് കരസ്ഥമാക്കുവാനാ‍യി ഖുർആൻ കൊണ്ട് തങ്ങൾ നാവിനെ ചലിപ്പിക്കേണ്ട

നബി(സ) ക്ക് ജിബ് രീൽ(അ) ഖുർആൻ ഓതിക്കേൾപ്പിക്കുമ്പോൾ വഹ് യ് അവസാനിക്കുന്നതിനു മുമ്പ് തന്നെ ധൃതിപ്പെട്ട് ഓതുവാൻ നബി(സ) ശ്രമിച്ചിരുന്നു ഏതെങ്കിലും വാക്ക് മറന്ന് പോകുമോ എന്ന ഭയത്താൽ ഉടൻ തന്നെ അത് മന:പാഠമാക്കാൻ കരുതിയായിരുന്നു നബി(സ) അങ്ങനെ ചെയ്തിരുന്നത് .അപ്പോൾ അള്ളാഹു പറഞ്ഞതാണ് അങ്ങനെ ചെയ്യേണ്ടതില്ല.കാരണം


17. إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ


അതിനെ(തങ്ങളുടെ ഹൃദയത്തിൽ) ഒരുമിച്ച് കൂട്ടലും അത് ഓതിത്തരലും നമ്മുടെ ബാദ്ധ്യത തന്നെയാണ്

മന:പാഠമാക്കാനായി അങ്ങ് സാഹസപ്പെടേണ്ടതില്ലെന്നും അത് മനസ്സിൽ സമാഹരിച്ച് ഉറപ്പിച്ച് തരലും വേണ്ടത് പോലെ ഓതിത്തരലും നമ്മുടെ ബാദ്ധ്യതയാണെന്നും ഓതിത്തരുമ്പോൾ അത് ശ്രദ്ധിച്ച് കേട്ടാൽ മതിയെന്നും അള്ളാഹു ഉണർത്തിയിരിക്കുകയാണ്

ഒരുമിച്ചു കൂട്ടുക എന്ന് പറഞ്ഞതിന്റെ സാരം അപ്പപ്പോൾ അവതരിക്കുന്ന വാക്യങ്ങൾ മറന്നു പോകതിരിക്കത്തക്ക വിധം നബി(സ)യുടെ ഹൃദയത്തിൽ അപ്പപ്പോൾ തന്നെ ഉറപ്പിച്ചു നിർത്തുക എന്നാണ്


18.فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ


അത് കൊണ്ട് അത് നാം ഓതിത്തന്നാൽ അതിന്റെ ഓത്ത് തങ്ങൾ പിൻപറ്റിക്കൊള്ളുക

ശ്രദ്ധാപൂർവം അത് കേട്ട് അതിനെ അങ്ങ് പിന്തുടരുക എന്നാണ് നിർദ്ദേശം .ഈ വചനങ്ങൾ അവതരിച്ച ശേഷം ജിബ് രീൽ(അ) വഹ് യ് നൽകുമ്പോൾ നബി(സ) തല താഴ്ത്തി ശ്രദ്ധാപൂർവം കേൾക്കും ജിബ് രീൽ(അ) പോയ ശേഷം അള്ളാഹു വാഗ്ദാനം ചെയ്ത പോലെ അവിടുന്ന് ഓതിക്കേൾപ്പിക്കുകയും ചെയ്തിരുന്നു

ഓത്ത് പിൻ പറ്റുക എന്നാൽ അതിന്റെ നിയമ നിർദ്ദേശങ്ങൾ പിൻ തുടരുക എന്നും അർത്ഥമുണ്ട്


19. ثُمَّ إِنَّ عَلَيْنَا بَيَانَهُ


പിന്നെ അത് വിശദീകരിക്കേണ്ടതും നമ്മുടെ ബാധ്യത തന്നെയാകുന്നു

അതിലുള്ള ശിക്ഷാവിധികളും ഹലാൽ/ഹറാമുകളും സുവിശേഷ/താക്കീതുകളുമൊക്കെ വിശദീകരിക്കുക എന്നാണ്

വിശദീകരിക്കേണ്ട ബാദ്ധ്യത നമുക്കാണെന്ന് പറഞ്ഞല്ലോ.ഈ വിശദീകരണം രണ്ട് വിധത്തിലാവാം (1)ചില വാക്ക്യങ്ങളിൽ സംക്ഷിപ്തമായോ സൂചനയായോ പറഞ്ഞ കാര്യങ്ങൾ മറ്റു ചില വാക്ക്യങ്ങളിൽ വിശദമായും വ്യക്തമായും വിവരിക്കുക ഖുർആൻ തന്നെ ഖുർആനിന്റെ വ്യാഖ്യാനമാണെന്ന് പറയുന്നത് ഇതാണ്(2)ഖുർആനിലല്ലാതെ വഹ് യിന്റെ മറ്റേതെങ്കിലും ഒരിനം മുഖേന ആവശ്യമായ വിശദീകരണം നൽകുക നബി(സ)യുടെ വചനങ്ങളിലൂടെയും ചര്യകളിലൂടെയും നമുക്കിത് ലഭിക്കുന്നു നബി(സ)യുടെ സുന്നത്ത് ഖുർആന്റെ വ്യാഖ്യാനമാണെന്ന് പറയുന്നതിന്റെ താല്പര്യമിതാണ്. ജനങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട ഖുർആൻ അവർക്ക് തങ്ങൾ വിശദീകരിച്ചു കൊടുക്കാനാണ് തങ്ങളിലേക്ക് നാം ഖുർആൻ അവതരിപ്പിച്ചതെന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലൊ! ഭാഷാ വിവരം കൊണ്ട് ഖുർആൻ വിശദീകരിക്കാനാവില്ലെന്ന് വ്യക്തമായല്ലൊ


20. كَلَّا بَلْ تُحِبُّونَ الْعَاجِلَةَ


അത് വേണ്ടാ.പക്ഷെ നിങ്ങൾ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്നു


ഖിയാമത്ത് നാളിനെയും അതിനെ നിഷേധിക്കുന്നവരെയും കുറിച്ചായിരുന്നുവല്ലൊ നേരത്തേ പറഞ്ഞിരുന്നത് അതിനിടക്ക് നബി(സ)യോടുള്ള ചില ഉപദേശങ്ങൾ പറയുകയും പിന്നീട് ആദ്യ വിഷയത്തിലേക്ക് തന്നെ മടങ്ങുകയാണ് സത്യ നിഷേധികൾക്ക് അപകടം പിണയാനുണ്ടായ കാരണം അവർ ഐഹിക ജീവിതത്തിനു പ്രാമുഖ്യവും മുൻ ഗണനയും നൽകിയ കാരണത്താലാണെന്നും അതിനു അവർക്ക് ധൈര്യം നൽകിയത് പരലോക ജീവിതത്തെ വിസ്മരിച്ചതാണെന്നും ഉണർത്തുകയാണിവിടെ


21. وَتَذَرُونَ الْآخِرَةَ

പരലോക ജീവിതത്തെ നിങ്ങൾ വിട്ടുകളയുകയും ചെയ്യുന്നു

വിട്ട് കളയുക എന്നാൽ പരലോകം സുഖകരമാക്കാനുള്ള ഒരു അദ്ധ്വാനവും അവർ നടത്തിയില്ല.അവർ അത് മറന്നു കളഞ്ഞു എന്ന് സാരം



22. وُجُوهٌ يَوْمَئِذٍ نَّاضِرَةٌ

അന്ന് ചില മുഖങ്ങൾ പ്രസന്നമായവയായിരിക്കും

പരലോകത്തുണ്ടാവുന്ന ചില സ്ഥിതി വിശേഷങ്ങളാണിവിടെ പറയുന്നത് ,സത്യ വിശ്വാസികളുടെ മുഖം പ്രസന്നമായിരിക്കും ,തങ്ങൾക്ക് ലഭിക്കാനിരിക്കുന്ന സുഖങ്ങളോർത്ത് സന്തോഷിക്കുന്നവരായിരിക്കും അവർ


23. إِلَى رَبِّهَا نَاظِرَةٌ


അവയുടെ രക്ഷിതാവിനെ നോക്കിക്കാണുന്നവയുമായിരിക്കും

സത്യ വിശ്വാസികൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും സന്തോഷദായകം നാഥനെ കാണുക എന്നതാണ് .നിങ്ങൾക്ക് നാഥനെ കാണാനാവും.പതിനാലാം രാവിലെ പൂർണ്ണ ചന്ദ്രനെ കാണുമ്പോലെ എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്

ഇബ്നു ഉമർ(റ) പറയാറുണ്ടായിരുന്നു സ്വർഗ്ഗത്തിൽ അള്ളാഹുവിന്റെ അടുത്ത് ഏറ്റവും ആദരവുള്ളവർ രാവിലെയും വൈകുന്നേരവും അള്ളാഹുവിനെക്കാണാൻ കഴിയുന്നവരായിരിക്കും.എന്നിട്ട് ഈ മുകളിലെ രണ്ട് സൂക്തങ്ങൾ മഹാൻ പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു (ഖുർത്വുബി)


24. وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ


അന്ന് മറ്റു ചില മുഖങ്ങൾ(വിഷാദിച്ചു) ചുളുങ്ങിയവയുമായിരിക്കും

തങ്ങൾക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള സൂചന ലഭിച്ച സത്യ നിഷേധികളുടെ മുഖം അങ്ങേയറ്റം ദു:ഖിതമായിരിക്കും


25. تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ


അവയെക്കൊണ്ട് വല്ല അത്യാപത്തും ചെയ്യപ്പെടുമെന്ന് അവ ഉറപ്പായി ധരിക്കുന്നതുമാണ്

ശിക്ഷയെക്കുറിച്ചുള്ള അറിവ് ലഭിച്ച നിഷേധികൾ വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് ശരിക്കും ഭയത്തോടെ ഉറപ്പിക്കുന്നതാണ്


26. كَلَّا إِذَا بَلَغَتْ التَّرَاقِيَ

അറിയുക.ആത്മാവ് തൊണ്ടക്കുഴിയിൽ എത്തിയാൽ

മരണ രംഗം വളരെ ഭീകരമാണ്.അപ്പോൾ നടക്കുന്ന ചില ഗൌരവതരമായ കാര്യങ്ങളാണുണർത്തുന്നത്


27. وَقِيلَ مَنْ رَاقٍ


മന്ത്രിക്കുന്നവൻ ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കപ്പെടുകയും ചെയ്താൽ

മരണത്തിൽ നിന്ന് രക്ഷിക്കാൻ മന്ത്രിക്കുന്നവരുണ്ടോ എന്ന് അന്വേഷണം നടക്കും

മറ്റൊരു വ്യാഖ്യാനവും ഇവിടെയുണ്ട്.അതായത് സത്യ നിഷേധികളുടെ ആത്മാക്കളെ ഏറ്റെടുക്കാൻ മലക്കുകൾ വെറുപ്പോടെ മാറി നിൽക്കും അപ്പോൾ മരണം കൊണ്ട് ഏൽ‌പ്പിക്കപ്പെട്ട മലക്ക് അസ്റാഈൽ (അ) പറയുന്നതാണ് ആരാണീ ആത്മാവുമായി കയറുന്നത് എന്ന്.എന്നിട്ട് ശിക്ഷയുടെ മലക്കുകളോട് ഈ ആത്മാവുമായി കയറാൻ പറയും(ഖുർത്വുബി)


28. وَظَنَّ أَنَّهُ الْفِرَاقُ


ഇത് തന്റെ വേർപാട് തന്നെയാണെന്ന് അവൻ ഉറപ്പിക്കുകയും ചെയ്താൽ

താൻ മരണത്തിനടിമപ്പെട്ടു എന്ന് അവൻ ഉറപ്പിച്ചു കഴിഞ്ഞു മലക്കുൽ മൌത്തിനെ കാണുമ്പോഴാണ് തന്റെ കുടുംബവും സമ്പത്തും സന്താനങ്ങളുമെല്ലാം വിട്ട് പോകേണ്ട സമയമായി എന്ന് അവനു ഉറപ്പാകുന്നത്.പുനസ്സമാഗമം സാദ്ധ്യമല്ലെന്നുറപ്പാക്കുന്ന ഈ വേർപാടിനോളം ഭീകരമായ മറ്റൊരു വേർപാടുമില്ല.ആ സമയത്ത് അള്ളാഹു നമ്മെ നല്ല മരണം കൊണ്ട് അനുഗ്രഹിക്കട്ടെ(ആമീൻ)


29. وَالْتَفَّتِ السَّاقُ بِالسَّاقِ



ഒരു കണങ്കാൽ മറ്റേ കണങ്കാലോട് കൂടി പിണയുകയും ചെയ്താൽ


കാലുകൾ പരസ്പരം വിടർത്തിവെക്കാൻ സാധിക്കാത്ത വിധം അവൻ നിസ്സഹായനാവും ഒരു കാൽ മറ്റൊരു കാലിനുമുകളിൽ അവൻ പിണച്ച് വെക്കും

ഭൂമിയോട് വിടപറയുന്ന വിഷമവും പരലോകത്തെ കണ്ട് മുട്ടുന്ന വിഷമവും അവനെ ഭാധിക്കും എന്നും ഇവിടെ വ്യാഖ്യാനമുണ്ട്


30. إِلَى رَبِّكَ يَوْمَئِذٍ الْمَسَاقُ


അന്നത്തെ ദിവസം തങ്ങളുടെ രക്ഷിതാവിങ്കലേക്കായിരിക്കും (അവനെ) കൊണ്ട് പോകുന്നത്

അള്ളാഹുവിന്റെ വിചാരണക്ക് അവൻ ഹാജറാക്കപ്പെടുകയാണ്


31. فَلَا صَدَّقَ وَلَا صَلَّى


അപ്പോൾ അവൻ (സത്യത്തിൽ) വിശ്വസിച്ചിട്ടില്ല നിസ്ക്കരിച്ചിട്ടുമില്ല

വിചാരണ വന്ന് നോക്കുമ്പോൾ അവന്റെ അടുത്ത് വിശ്വാസമോ നിസ്ക്കാരമോ ഒന്നും കാണുന്നില്ല .അതായത് മനസ്സ് കൊണ്ട് വിശ്വസിക്കുകയോ ശരീരം കൊണ്ട് സത്കർമ്മം ചെയ്യുകയോ ചെയ്തിട്ടില്ല

32. وَلَكِن كَذَّبَ وَتَوَلَّى


പക്ഷെ അവൻ (സത്യം)നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തിരിക്കുന്നു

നബി(സ)യെയും ഖുർആനിനെയും നിഷേധിക്കുകയും വിശ്വാസത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു


33. ثُمَّ ذَهَبَ إِلَى أَهْلِهِ يَتَمَطَّى


അത്രയുമല്ല അവൻ തന്റെ കുടുംബക്കാരിലേക്ക് ദുരഭിമാനം നടിച്ച് കൊണ്ട് പോവുകയും ചെയ്തിരിക്കുന്നു

സത്യ വിശ്വാസം തള്ളിക്കളഞ്ഞതിൽ പവർ നടിച്ച് കൊണ്ട് അവൻ കുടുംബത്തിലേക്ക് പോയി.അബൂജഹ് ലാണിവിടെ പ്രഥമമായി ഉദ്ദേശിക്കപ്പെടുന്നത് .നബി(സ)യെ നിഷേധിച്ചത് തന്റെ കേമത്തമായി അവൻ കണ്ടു എന്ന് സാരം.സത്യ നിഷേധം വലിയ യോഗ്യതായി കണ്ട് സത്യത്തിന്റെ എതിർ ചേരിയിൽ സ്ഥാനമുറപ്പിക്കുന്ന ചില അല്പന്മാരെ ഇപ്പോഴും കാണാമല്ലൊ!


34. أَوْلَى لَكَ فَأَوْلَى


(ഹേ മനുഷ്യാ!നീ വെറുക്കുന്ന കാര്യം) നിന്നെ സമീപിച്ചിരിക്കുന്നു അത് നിനക്ക് ഏറ്റവും അവകാശപ്പെട്ടത് തന്നെ


35. ثُمَّ أَوْلَى لَكَ فَأَوْلَى


വീണ്ടും (നീ വെറുക്കുന്ന കാര്യം) നിന്നെ സമീപിച്ചിരിക്കുന്നു അത് നിനക്ക് ഏറ്റവും അവകാശപ്പെട്ടത് തന്നെ

ഭൌതിക ലോകത്ത് താന്തോന്നിയായി ജീവിച്ചിരുന്നപ്പോൾ സ്വന്തത്തെക്കുറിച്ച് വലിയ മതിപ്പായിരുന്നു സത്യ നിഷേധികൾക്ക്.എന്നാൽ മരണപ്പെട്ടപ്പോൾ അവന്റെ സ്ഥിഥി എന്ത്? സത്യമെന്ന് വിശ്വസിക്കേണ്ടതിൽ അവൻ വിശ്വസിച്ചിട്ടില്ല നിസ്ക്കാരം മുതലായ പ്രധാന കടമകളും നിർവഹിച്ചിട്ടില്ല മാത്രമല്ല അവൻ സത്യം നിഷേധിക്കുകയും ഉപദേശങ്ങൾ അവഗണിക്കുകയും ചെയ്തിരിക്കുന്നു താൻ സ്വീകരിച്ച ദുർമാർഗത്തിൽ അഹങ്കരിച്ചു കൊണ്ടാണ് കൂട്ടുകാരുടെയും കുടുംബത്തിന്റെയും അടുത്ത് അവൻ വന്നിരുന്നത് അത്ര വലിയ ധിക്കാരിയായ നിനക്ക് കിട്ടേണ്ടത് ഇതാ കിട്ടാൻ പോകുന്നു അത് നിനക്ക് അവകാശപ്പെട്ട ശിക്ഷ തന്നെയാണ് എന്ന് അള്ളാഹു ആവർത്തിച്ച് പറഞ്ഞത് താക്കീതിനു മേൽ താക്കീതായി തന്നെയാണ്.ഒരു ധിക്കാരിക്ക് തിരിച്ചടി നേരിടുമ്പോൾ അവനു കിട്ടേണ്ടത തന്നെയാണ് കിട്ടിയത് എന്ന് സാധാരണ നാം പറയാറില്ലേ. ആ ശൈലി തന്നെയാണിവിടെ കാണുന്നത്

ഇമാം ഖുർത്വുബി(റ) എഴുതുന്നു..ഈ രണ്ട് സൂക്തങ്ങൾ താക്കീതിനുമേൽ താക്കീതായി അള്ളാഹു പറഞ്ഞതാണ്.അഥവാ അബൂ ജഹ് ലിനെക്കുറിച്ചാണിത് പറഞ്ഞത്. നാലു കുറ്റങ്ങൾക്ക് പകരമായി നാലു താക്കീതാണീ രണ്ട് സൂക്തങ്ങളിൽ .(1)സത്യം നിഷേധിച്ചു(2) നിസ്ക്കാരം ഉപേക്ഷിച്ചു(3) പ്രവാചകരെ കളവാക്കി(4)അള്ളാഹുവിൽ നിന്ന് പിന്തിരിഞ്ഞു.ഈ നാലു കുറ്റങ്ങൾക്കുള്ള നാലു താക്കീതാണ് ഈ രണ്ട് സൂക്തങ്ങളിൽ പറഞ്ഞത്


36. أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى


അവൻ വെറുതയങ്ങ് വിടപ്പെടുമെന്ന് മനുഷ്യൻ വിചാരിക്കുന്നുണ്ടോ?

അള്ളാഹു മനുഷ്യനെ ഒരിക്കലും വെറുതെ വിടുകയില്ല .അള്ളാഹുവിന്റെ ചില ശാസനകൾ ഇവിടെ നാം പാലിക്കേണ്ടതുണ്ട് അത് അവഗണിക്കാനും തന്നിഷ്ടം കാട്ടാനും ഇവിടെ നമുക്ക് അനുവാദമില്ല ,ഇവിടെ നാം സ്വീകരിക്കുന്ന നിലപാടുകൾക്ക് –നല്ലതിനു പ്രതിഫലവും ചീത്തക്ക് ശിക്ഷയും നൽകുന്ന-സമീപനം പരലോകത്ത് നാം സ്വീകരിക്കുക തന്നെ ചെയ്യുമെന്നാണ് വെറുതെ വിടുമെന്ന് വിചാരിക്കുന്നുവോ എന്ന ചോദ്യത്തിന്റെ താല്പര്യം


37. أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَى


അവൻ (ഗർഭാശയത്തിൽ) സ്രവിക്കപ്പെടുന്ന ഇന്ദ്രിയത്തിൽ നിന്നുള്ള ഒരു ബിന്ധുവായിരുന്നില്ലേ?


മനുഷ്യന്റെ മൂല ഘടകം ഈ നിസ്സാരമായ ഇന്ദ്രിയത്തുള്ളിയാണെന്നത് നമുക്കറിയാമല്ലൊ!

38. ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّى


പിന്നീട് അത് ഒരു രക്ത പിണ്ഡമായി എന്നിട്ട് അവനെ അള്ളാഹു (ഒരു മനുഷ്യനാക്കി) സൃഷ്ടിച്ച് ശരിപ്പെടുത്തി

ആ ഇന്ദ്രിയത്തുള്ളിക്ക് വിവിധ സമയത്ത് വന്ന പരിണാമങ്ങൾക്കൊടുവിൽ ഒരു പൂർണ്ണ മനുഷ്യനാക്കി അവനെ അള്ളാഹുവാണ് ക്രമീകരിച്ചത്


39. فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَى


അങ്ങനെ അവൻ അതിനാൽ ആണ്,പെണ്ണ്,എന്നീ രണ്ട് ഇണകളെ ഉണ്ടാക്കി

മനുഷ്യ വംശം ഇവിടെ നിലനിൽക്കാനാവശ്യമായ വിധത്തിൽ ആൺ.പെൺ.എന്നിങ്ങനെ എതിർ ലിംഗത്തോട് ആകർഷണം നൽകി ആണിനെയും പെണ്ണിനെയും അവൻ ഇവിടെ ആ ഇന്ദ്രിയത്തിലൂടെ സംവിധാനിച്ചു


40. أَلَيْسَ ذَلِكَ بِقَادِرٍ عَلَى أَن يُحْيِيَ الْمَوْتَى


(അങ്ങനെയുള്ള) അള്ളാഹു മരണപ്പെട്ടവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലേ?

ശൂന്യതയിൽ നിന്ന് ഇത്രയും സുന്ദരമായി മനുഷ്യനെ സംവിധാനിച്ച അള്ളാഹുവിനു മണ്ണിൽ ലയിച്ച ശേഷം ഇവർക്ക് പുനർജ്ജന്മം നൽകാൻ പ്രയാസമുണ്ടാവുമോ?ഇതാണ് ചോദ്യം.അള്ളാഹു അതിനു കഴിവുള്ളവൻ തന്നെ എന്നല്ലാതെ ഒരു ബുദ്ധിമാനു പറയാനാവുമോ? ഈ വാക്യം പാരായണം ചെയ്താൽ سبحانك اللهم بلي (നിന്റെ പരിശുദ്ധി ഞാൻ പ്രകീർത്തിക്കുന്നു അതെ! നിശ്ചയമായും നീ അതിനു കഴിവുള്ളവൻ തന്നെ) എന്ന് നബി(സ) പറഞ്ഞിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്

അള്ളാഹു നല്ലവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

No comments: