سورة الممتحنة
മദീനയിൽ അവതരിച്ചു : സൂക്തങ്ങൾ 13
മുംതഹന എന്നാൽ പരീക്ഷിക്കപ്പെടുന്നവൾ എന്നാണ് അർത്ഥം. ഈ അദ്ധ്യായത്തിന്റെ പത്താം വാക്യത്തിൽ വരുന്ന വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഈ അദ്ധ്യായത്തിനു ഈ നാമം നൽകിയിട്ടുള്ളത്
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاء تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءكُم مِّنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ أَن تُؤْمِنُوا بِاللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاء مَرْضَاتِي تُسِرُّونَ إِلَيْهِم بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنتُمْ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَاء السَّبِيلِ (1
സത്യ വിശ്വാസികളേ എന്റെയും നിങ്ങളുടെയും ശത്രുവായവരോട് സ്നേഹ ബന്ധം കാണിച്ചുകൊണ്ട് അവരെ നിങ്ങൾ മിത്രങ്ങളാക്കി വെക്കരുത് നിങ്ങൾക്ക് വന്നുകിട്ടിയ സത്യത്തെ അവർ നിഷേധിച്ചിരിക്കെ, സൂലിനെയും നിങ്ങളെയും രക്ഷിതാവായ അള്ളാഹുവിൽ നിങ്ങൾ വിശ്വസിച്ചു എന്ന കാരണത്താൽ അവർ പുറത്താക്കുന്നു.നിങ്ങൾ എന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനും എന്റെ തൃപ്തിനേടുന്നതിനും പുറപ്പെട്ടിരിക്കുകയാണെങ്കിൽ (നിങ്ങൾ അവരെ മിത്രങ്ങളാക്കരുത്)നിങ്ങൾ അവരോട് രഹസ്യമായി സ്നേഹബന്ധം നടത്തുന്നു ഞാനാവട്ടെ നിങ്ങൾ മറച്ചുവെച്ചതും വെളിപ്പെടുത്തിയതും അറിയുന്നുണ്ട് നിങ്ങളിൽ നിന്ന് ആരെങ്കിലും അത് ചെയ്യുന്നതായാൽ അവർ നേർമാർഗം തെറ്റിപ്പോയതുതന്നെ
ശത്രുവിനോട് സ്നേഹബന്ധം പാടില്ലെന്ന് വിലക്കാനുണ്ടായ കാരണത്തെ ഇങ്ങനെയാണ് വിവരിക്കപ്പെട്ടത്. നബി(സ)മക്കാവിജയ യാത്രക്ക് തയാറായിക്കൊണ്ടിരിക്കുന്നു. ആ സമയത്ത് ഹാഥിബു ബിൻ അബീ ബൽത അ(റ)എന്ന സഹാബി മക്കയിലേക്ക് പോകുന്ന ഒരു സ്ത്രീവശം
(സാറ:എന്നായിരുന്നു അവരുടെ പേര്. മക്കയിലെ ബനൂഹാശിമിന്റെ ദാസിയായിരുന്നു അവർ.ഒരിക്കൽ അവർ മദീനയിൽ വന്ന് നബി(സ)യെക്കണ്ടു. മുസ്ലിമത്തായാണോ നിങ്ങൾ വന്നത് എന്ന് നബി(സ) ചോദിച്ചു അല്ലെന്ന് അവർ പറഞ്ഞു. മദീനയിലേക്ക് ഹിജ്റയായി വന്നതാണോ എന്ന് നബി(സ) ചോദിച്ചു.അല്ലെന്ന് അവർ പറഞ്ഞു.പിന്നെ എന്താണ് വരവിന്റെ ഉദ്ദേശ്യം എന്ന് നബി(സ)ചോദിച്ചു , എന്റെ യജമാനന്മാരൊക്കെ ബദ്_റിലും മറ്റും കൊല്ലപ്പെട്ടു ഇപ്പോൾ ഞാൻ സാമ്പത്തികമായി വലിയ കഷ്ടത്തിലാണെന്നും സഹായം പ്രതീക്ഷിച്ചു വന്നതാണെന്നും പറഞ്ഞു. അവർക്ക്ധാരാളം സമ്പത്തും, വസ്ത്രങ്ങളുമെല്ലാം നൽകി മക്കയിലേക്ക് അവരെ യാത്രയാക്കി.അപ്പോഴാണ് പത്ത് ദീനാർ നൽകി ഹാഥിബ്(റ)ഈ സ്ത്രീയെ സമീപിച്ച് എഴുത്ത് കൊണ്ടു പോകാൻ ഏർപ്പാടാക്കിയത്)
ഖുറൈശികൾക്ക് ഒരു എഴുത്ത് കൊടുത്തയച്ചു .റസൂൽ(സ)യും അനുയായികളും അങ്ങോട്ട് വരുന്നുണ്ടെന്നും സുക്ഷിക്കണമെന്നുമായിരുന്നു അതിലുണ്ടായിരുന്നത് ഈ വിവരം നബി(സ)യെ അള്ളാഹു അറിയിച്ചു.നബി(സ)അലി(റ)ന്റെ നേത്ര്വത്തിൽ സുബൈർ(റ) മിഖ്ദാദ്(റ)എന്നിവരെ(ആ സംഘത്തിൽ മറ്റു ചില സഹാബികളുടെ പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്) ആ സ്ത്രീയെ പിടി കൂടാനായി നിയോഗിച്ചു റൌളത്തു ഖാഖ് روضة خاخ എന്ന സ്ഥലത്ത് ആ സ്ത്രീഉണ്ടാവുമെന്നും അവളിൽ നിന്ന് ആ കത്ത് തിരിച്ചുവാങ്ങണമെന്നും നബി(സ) അറിയിച്ചു അവർ താമസം വിനാ അവിടെയെത്തി സ്ത്രീയെ കണ്ടെത്തി കത്തിന്റെ കാര്യം ആദ്യം നിഷേധിച്ചെങ്കിലും നബി(സ)സത്യമേ പറയൂ എന്നും സ്വമേഥയാ നിങ്ങൾ കത്ത് നൽകിയില്ലെങ്കിൽ വസ്ത്രം അഴിച്ച് പരിശോധിച്ചിട്ടാണെങ്കിൽ പോലും ഞങ്ങൾ കത്ത് കണ്ടെത്തുമെന്നും അലി(റ)പറഞ്ഞു. പിടിക്കപ്പെട്ടെന്നുറപ്പായപ്പോൾ മുടിക്കെട്ടിൽ സൂക്ഷിച്ചു വച്ചിരുന്ന കത്തെടുത്ത് സഹാബികളെ ഏൽപ്പിച്ചു .അവർ കത്ത് നബി(സ)ക്ക് കൈമാറുകയും ഈ കത്തിനെ പറ്റി ഹാഥിബ്(റ)നോട് നബി(സ) അന്വേഷിക്കുകയും ചെയ്തു.അള്ളാഹുവിന്റെ ദൂതരേ! ഇസ് ലാമിൽ വന്ന ശേഷം ഞാൻ സത്യ നിഷേധിയായിട്ടില്ല. അങ്ങയെ വഞ്ചിട്ടുമില്ല ഖുറൈശിനെ വിട്ട് പോന്ന ശേഷം അവരെ ഞാൻ സ്നേഹിച്ചിട്ടുമില്ല എന്നാൽ ഞാൻ ഖുറൈശിൽ പെട്ടവനല്ല അവരുമായി ഒരു കെട്ടുപാട് മാത്രമാണ് എനിക്കുള്ളത് അങ്ങയുടെ കൂടെയുള്ള എല്ലാ മുഹാജിറുകൾക്കും തങ്ങളുടെ കുടുംബങ്ങളെയും സമ്പത്തും സംരക്ഷിക്കാൻ മക്കയിൽ ആളുണ്ട് എനിക്ക് അവരുമായി കുടുംബ ബന്ധമില്ലാത്തതിനാൽ എന്റെ കുടുംബത്തെ അവർ ഉപദ്രവിക്കാതിരിക്കാനായി ഒരു സഹായം അവർക്ക് നൽകാൻ ഞാൻ ആലോചിച്ചതാണ് ഒരിക്കലും സത്യ നിഷേധത്താൽ ചെയ്തതല്ല എന്ന് ഹാഥിബ്(റ)പറഞ്ഞു.നബി(സ) അത് സ്വീകരിച്ചു ഹാഥിബ്(റ) സത്യവാൻ തന്നെ എന്ന് നബി(സ)പ്രഖ്യാപിച്ചു അപ്പോൾ ഉമർ(റ) നബിയേ ഈ കപടന്റെ തലയെടുക്കാൻ അനുവാദം നൽകിയാലും എന്ന് ആവശ്യപ്പെട്ടു.അദ്ദേഹം ബദ് റിൽ പങ്കെടുത്ത ആളാണെന്നും അവർ എന്തെങ്കിലും അബദ്ധം ചെയ്തിട്ടുണ്ടെങ്കിൽ പോലും അത് അള്ളാഹു പൊറുത്ത് കൊടുക്കുമെന്ന് അള്ളാഹു ബദ് രീങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും നിങ്ങൾക്ക് അറിയില്ലേ എന്ന് നബി(സ)ഉമർ(റ)നോട് ചോദിച്ചു കാര്യങ്ങൾ ശരിയാം വിധം അള്ളാഹുവിനും റസൂലിനുമാണല്ലൊ അറിയുക എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഉമർ (റ)പിൻ വാങ്ങി.(റാസി/ഖുർത്വുബി) .അതുമായി ബന്ധപ്പെടുത്തി അള്ളാഹു നൽകിയ ഉപദേശമാണിത്. സന്ദർഭം ഇതാണെങ്കിലും ഇതിലടങ്ങിയ സന്ദേശം എല്ലാ സന്ദർഭങ്ങൾക്കും ബാധകമാണ്
അവരെ മിത്രങ്ങളാക്കി വെക്കുക എന്നാൽ അവർക്ക് മുസ് ലിംകളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്
അവർക്കുള്ള കുറ്റം സത്യം നിഷേധിച്ചു എന്നതും മുസ്ലിംകളെ പുറത്താക്കാൻ ശ്രമിച്ചു എന്നതുമാണ്
ഈ സൂക്തത്തിന്റെ ആദ്യത്തിൽ സത്യവിശ്വാസികളേ എന്ന് വിളിച്ചതിൽ സന്തോഷം കൊണ്ട്(ഈ തെറ്റ് ചെയ്ത എന്നെ അള്ളാഹു ഈമാൻ നഷ്ടപ്പെട്ടവൻ എന്ന് പറഞ്ഞില്ല.മറിച്ച് ഞാനും വിശ്വാസി തന്നെ എന്ന് അള്ളാഹു സ്ഥിരീകരിച്ചല്ലൊ എന്ന് ചിന്ത്ച്ച്) ഹാഥിബ്(റ) ബോധം കെട്ട് പോയി എന്ന് ഇമാം ഖുർത്വുബി(റ)എഴുതുന്നു
إِن يَثْقَفُوكُمْ يَكُونُوا لَكُمْ أَعْدَاء وَيَبْسُطُوا إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِالسُّوءِ وَوَدُّوا لَوْ تَكْفُرُون 2
നിങ്ങളെ അവർക്ക് പിടികിട്ടിയാൽ അവർ നിങ്ങളുടെ ശത്രുക്കളായിത്തീരുകയും തിന്മയുമായി നിങ്ങൾക്കുനേരെ അവർ തങ്ങളുടെ കൈകളും നാവുകളും നീട്ടുകയും ചെയ്യും നിങ്ങൾ സത്യനിഷേധികളായെങ്കിൽ(കൊള്ളാമായിരുന്നു)എന്നവർ ആഗ്രഹിക്കുകയും ചെയ്യുന്നു
അവരോട് സ്നേഹം കാണിച്ചാലും അവർക്ക് നിങ്ങളെ സൌകര്യത്തിൽ കിട്ടിയാൽ അവർ എന്ത് ചെയ്യുമെന്ന് ഉണർത്തിയിരിക്കുകയാണ്
അവരുടെ കൈകൾ നീട്ടുമെന്നാൽ നിങ്ങളെ അക്രമിക്കുകയും കൊല്ലുകയും ചെയ്യുമെന്നും നാവു നീട്ടുമെന്നാൽ നിങ്ങളെ ചീത്ത പറയുമെന്നും അർത്ഥം.നിങ്ങൾ നബി(സ)യെ നിഷേധിക്കണമെന്നാണവർ ആഗ്രഹിക്കുന്നത് അതിനാൽ നിങ്ങൾ അവരോട് ഗുണകാംക്ഷ കാണിച്ചിട്ട് കാര്യമില്ലകാരണം അവർക്ക് തിരിച്ച് ഗുണാകാംക്ഷ ഒരിക്കലുമുണ്ടാവില്ലെന്നും സാരം
لَن تَنفَعَكُمْ أَرْحَامُكُمْ وَلَا أَوْلَادُكُمْ يَوْمَ الْقِيَامَةِ يَفْصِلُ بَيْنَكُمْ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ 3
നിങ്ങളുടെ രക്തബന്ധങ്ങളോ സന്താനങ്ങളോ ഖിയാമ:നാളിൽ നിങ്ങൾക്ക് ഉപകരിക്കയില്ല തന്നെ (അന്ന്)അവൻ നിങ്ങൾക്കിടയിൽ വിധികൽപ്പിക്കും നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അള്ളാഹു കണ്ടറിയുന്നവനാകുന്നു
കുടുംബത്തോടുള്ള സ്നേഹം കൊണ്ടാണല്ലോ ഹാഥിബ്(റ)മക്കയിലേക്ക് കത്തയച്ചത് .നബി(സ)ക്കെതിരിൽ ആ സ്നേഹം നമുക്ക് പരലോകത്ത് ഉപകരിക്കില്ലെന്നും പ്രത്യുത നമ്മുടെ പരലോകനഷ്ടത്തിനു കാരണമാവുകയും ചെയ്യുമെന്ന് സാരം
قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَاء مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاء أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِن شَيْءٍ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ 4
ഇബ്_റാഹീമി(അ)ലും അവരോടൊന്നിച്ചുള്ളവരിലും നിങ്ങൾക്ക് മാത്ര്‌കയുണ്ടായിട്ടുണ്ട്.അവർ തങ്ങളുടെ ജനതയോട് പറഞ്ഞ സന്ദർഭം.നിശ്ചയമായും ഞങ്ങൾ നിങ്ങളിൽ നിന്നും അള്ളാഹുവെക്കൂടാതെ നിങ്ങൾ ആരാധിക്കുന്നവയിൽ നിന്നും ഒഴിവായവരാകുന്നു അള്ളാഹു ഒരുവൻ എന്ന നിലക്ക് നിങ്ങൾ അവനിൽ വിശ്വസിക്കുന്നത് വരെ എക്കാലത്തും ഞങ്ങൾ നിങ്ങളെ നിഷേധിക്കുകയും ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ശത്രുതയും അമർഷവും വെളിപ്പെടുകയും ചെയ്തിരിക്കുന്നു പക്ഷെ ഇബ് റാഹീം(അ) തന്റെ പ്രിത്ര്‌വ്യനോട് ഞാൻ താങ്കൾക്ക് വേണ്ടി (അള്ളാഹുവോട്)പാപമോചനം തേടുകതന്നെ ചെയ്യും.അള്ളാഹുവിൽ നിന്ന് താങ്കൾക്ക് യാതൊന്നും തന്നെ ഞാൻ അധീനമാക്കുന്നില്ല എന്ന് പറഞ്ഞതല്ലാതെ (ഇതിൽ നിങ്ങൾക്ക് മാത്ര്‌കയില്ല)ഞങ്ങളുടെ രക്ഷിതാവേ നിന്റെ മേൽ ഞങ്ങൾ ഭരമേൽപ്പിച്ചു നിന്റെ അടുക്കലേക്ക് തന്നെ ഞങ്ങൾ മടങ്ങിയിരിക്കുന്നു നിന്റെ അടുക്കലേക്ക് തന്നെയാണ് തിരിച്ചെത്തലും (എന്നും അവർ പറഞ്ഞിരുന്നു)
പരിശുദ്ധ ദീനിന്റെയും നിങ്ങളുടെയും ശത്രുക്കളോട് യാതൊരു ബന്ധവും പാടില്ലെന്നതിനു ഇബ് റാഹീം(അ)യുടെയും അനുയായികളുടെയും ജീവിതത്തിൽ നമുക്ക് മാത്ര്‌കയുണ്ടെന്നാണ് അള്ളാഹു പറയുന്നത് നിങ്ങളും നിങ്ങളുടെ ആരാധ്യ വസ്തുക്കളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും നിങ്ങൾ അള്ളാഹുവിന്റെ ഏകത്വം വിശ്വസിക്കുന്നത് വരെ നാം തമ്മിൽ പ്രത്യക്ഷ ശത്രുക്കളാണെന്നും തങ്ങളുടെ ജനതയോട് അവർ ധൈര്യസമേതം തുറന്ന് പറഞ്ഞു എന്നാൽ ഇബ് റാഹീം(അ)തന്റെ പിത്ര്‌വനുവേണ്ടി നടത്തിയ പാപമോചന പ്രാർത്ഥന മാത്ര്‌കയാക്കാവതല്ല.ആ പ്രാർത്ഥനയുടെ കാരണം സൂറത്തുതൌബയിൽ വ്യക്തമാക്കിയിട്ടുണ്ട് അഥവാ ഇബ് റാഹീം (അ)തനിക്ക് വേണ്ടി പാപമോചനം തേടുമെന്ന് വാഗ്ദാനം ചെയ്തതിന്റെ പേരിലായിരുന്നു ആ പ്രാർത്ഥനയെന്നും എന്നാൽ ശിർക്കോട് കൂടി താൻ മരണപ്പെട്ടപ്പോൾ അള്ളാഹുവോടുള്ള വിരോധത്തിൽ തന്നെയാണ് അയാൾ നിലകൊണ്ടതെന്നും ബോദ്ധ്യമായി പിന്നീട് ഇബ് റാഹീം(അ) അയാൾക്ക് വേണ്ടി പൊറുക്കലിനെ തേടിയിട്ടുമില്ല.അതിനാൽ മുശ് രിക്കിനു വേണ്ടി പാപമോചനം തേടാൻ അതിൽ മാത്ര്‌കയില്ല എന്ന് അള്ളാഹു ഉണർത്തിയിരിക്കുകയാണ് ശിർക്കിന്റെയും കുഫ് റിന്റെയും ആളാണെന്ന് വ്യക്തമായ ആൾക്ക് വേണ്ടി പാപമോചനം തേടാവതല്ലെന്ന് ഖുർ ആൻ വ്യക്തമാക്കിയിട്ടുണ്ട്
رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ 5
ഞങ്ങളുടെ രക്ഷിതാവേ സത്യനിഷേധികൾക്ക് ഞങ്ങളെ നീ ഒരു പരീക്ഷണപാത്രമാക്കരുതേ.ഞങ്ങൾക്ക് നീ പൊറുത്ത് തരികയും ചെയ്യേണമേ!ഞങ്ങളുടെ രക്ഷിതാവേ നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും അഗാധജ്ഞനും.
സത്യനിഷേധികൾക്ക് ഞങ്ങളെ നീ ഒരു പരീക്ഷണപാത്രമാക്കരുതേ. എന്ന് പറഞ്ഞതിന്റെ താല്പര്യം ഞങ്ങൾക്കെതിരിൽ അവർക്ക് നീ വിജയം നൽകരുതെന്നാണ് കാരണം അവരുമായുള്ള യുദ്ധത്തിലും മറ്റും അവർ വിജയിച്ചാൽ കാര്യം ഗുരുതരമാകും.അവർ സത്യത്തിലായത് കൊണ്ടാണ് അവർക്ക് വിജയമുണ്ടായതെന്ന് അവർ തെറ്റിദ്ധരിക്കാനും അങ്ങനെ അവർ പ്രചരിപ്പിക്കാനും അത് കാരണമാകും ബലഹീനരായ വിശ്വാസികൾക്ക് അത് സ്വീകാര്യമായി തോന്നുകയും അവർക്ക് മതഭ്ര്‌ഷ്ടിനു അത് കാരണമാകുകയും ചെയ്യും അതിനിട വരുത്തല്ലേ എന്നാണവരുടെ പ്രാർത്ഥന ഈ പ്രാർത്ഥന ഇബ് റാഹീം(അ)മും അനുയായികളും നടത്തിയതാണെന്നും നബി(സ)യുടെ സഹാബത്ത് നടത്തിയതാണെന്നും അഭിപ്രായമുണ്ട്
لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَمَن يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ 6
നിശ്ചയമായും അവരിൽ നിങ്ങൾക്ക് നല്ല മാത്ര്‌കയുണ്ട് അതായത് അള്ളാഹുവിനെയും അന്ത്യനാളിനെയും ഭയപ്പെടുന്നവർക്ക്.വല്ലവരും പിന്തിരിഞ്ഞുകളയുന്ന പക്ഷം അള്ളാഹു തന്നെയാണ് നിരാശ്രയനും സ്തുത്യർഹനും
ഇബ്_റാഹീം നബി(അ)ലും അനുയായികളിലും നിങ്ങൾക്ക് മാത്ര്‌കയുണ്ടെന്ന് ആവർത്തിച്ചു കൊണ്ട് അതിനെ ബലപ്പെടുത്തുകയാണ് അള്ളാഹു. അള്ളാഹുവിനെ അന്ത്യനാളിനെയും ഭയപ്പെടുന്നവർക്ക് അഥവാ അന്ന് അള്ളാഹു പ്രതിഫലം നൽകുമെന്ന് ആഗ്രഹിക്കുന്നവർക്കേ ആ മാത്ര്‌ക സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും അത് അവഗണിച്ചവരുടെ നിഷേധം കൊണ്ട് അള്ളാഹുവിനു ഒരു ദോഷവും വരാനില്ലെന്നും ഉണർത്തിയിരിക്കുകയാണ്
عَسَى اللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً وَاللَّهُ قَدِيرٌ وَاللَّهُ غَفُورٌ رَّحِيمٌ 7
നിങ്ങൾക്കും അവരിൽ നിന്ന് നിങ്ങൾ ശത്രുതവെച്ചവർക്കുമിടയിൽ അള്ളാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം അള്ളാഹു സർവശക്തനാണ് വളരെ പൊറുക്കുന്നവനും പരമ കാരുണികനുമാണ്
മുകളിൽ പറഞ്ഞ ശത്രുക്കളുമായുള്ള സംഘർഷാവസ്ഥ അധികകാലം നീണ്ടു നിൽക്കില്ലെന്ന് അള്ളാഹു സത്യവിശ്വാസികളെ അശ്വസിപ്പിക്കുകയാണിവിടെ .ഉണ്ടാക്കിയേക്കാം എന്ന് ഖുർ ആൻ പറഞ്ഞാൽ അത് ഉറപ്പ് തന്നെയായിരിക്കും വെറും സാദ്ധ്യത മാത്രമല്ലെന്ന് ചുരുക്കം മക്കാ വിജയത്തോടെ അത് സാക്ഷാൽക്കരിക്കപ്പെട്ടു.അബൂസുഫ് യാനുബ്നു ഹർബ് ,സുഹൈലുബ്നു അം റ്, തുടങ്ങിയ നേതാക്കളുൾപ്പെടെ ഖുറൈശികൾ ഇസ് ലാം സ്വീകരിച്ചു.ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ് ലാമിൽ പ്രവേശിച്ചു ശത്രുതയുടെയും അമർഷത്തിന്റെയും സ്ഥാനത്ത് സാഹോദര്യവും സ്നേഹവും കളിയാടി
8
لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
മതകാര്യങ്ങളിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും സ്വന്തം വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവർക്ക് നിങ്ങൾ നന്മ ചെയ്യുന്നതും അവരോട് നീതിപാലിക്കുന്നതും അള്ളാഹു നിങ്ങളോട് വിരോധിക്കുന്നില്ല നീതിപാലിക്കുന്നവരെ അള്ളാഹു ഇഷ്ടപ്പെടുകതന്നെ ചെയ്യുന്നു
ഇങ്ങോട്ട് അക്രമത്തിനും കൈയേറ്റത്തിനും വരാത്തവരോട് നീതി പുലർത്തരുതെന്നോ അവർക്ക് നന്മ ചെയ്യരുതെന്നോ അള്ളാഹു വിരോധിക്കുന്നില്ല എന്ന് മാത്രമല്ല നീതികാണിക്കുന്നവരെയാണ് അള്ളാഹു സ്നേഹിക്കുക എന്നും അള്ളാഹു ഉണർത്തിയിരിക്കുകയാണ്
ഇവിടെ നന്മ ചെയ്യുന്നത് വിരോധിക്കാത്ത വിഭാഗം ആരാണെന്നതിൽ വിവിധ അഭിപ്രായമുണ്ട്.നബി(സ)യോട് യുദ്ധത്തിനു വരില്ലെന്നും നബി(സ)ക്കെതിരിൽ അവരെ മക്കയിൽ നിന്ന് പുറത്താക്കാൻ ശത്രുക്കളെ സഹായിക്കില്ലെന്നും കരാറ് ചെയ്തിരുന്ന ഖുസാഅ خزاعة ഗോത്രക്കാരെയാണിവിടെ ഉദ്ദേശ്യം എന്നത്രെ ഒരു അഭിപ്രായം. വരൊടുള്ള കരാർ കാലാവധി തീരും വരെ അവർക്ക് ഗുണം ചെയ്യാൻ നബി(സ)കൽപ്പിച്ചു ഇബ്നു അബ്ബാസ്(റ)അടക്കമുള്ളവരുടെ അഭിപ്രായം ഇതാകുന്നു.മക്കയിൽ തന്നെ താമസിച്ച് ഇതു വരെയും ഹിജ് റ പോകാത്ത സത്യവിശ്വാസികളാണുദ്ദേശ്യമെന്നും സ്ത്രീകളും കുട്ടികളുമാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്.അസ്മാ അ്(റ)യുടെ വിഷയത്തിലാണീ സൂക്തം അവതരിച്ചതെന്നും അഭിപ്രായമുണ്ട്.
അസ്മാ ബീവിയുടെ ഉമ്മ ഖാതില:മുസ്ലിമത്താവാതെ അസ്മാബീവിയെ കാണാനായി ധാരാളം സമ്മാനങ്ങളുമായി വന്നെങ്കിലും ഉമ്മയെ കാണാനോ വീട്ടിലേക്ക് പ്രവേശിപ്പിക്കാനോ സമ്മാനങ്ങൾ സ്വീകരിക്കാനോ അസ്മാബീവി വിസമ്മതിച്ചു.അപ്പോൾ അവരെ വീട്ടിൽ കയറ്റാനും സമ്മാനങ്ങൾ സ്വീകരിക്കാനും ഉമ്മയെന്ന നിലക്കുള്ള ആദരവുകൾ നൽകാനും നബി(സ)നിർദ്ദേശിച്ചു.അപ്പോഴാണീ സൂക്തം അവതരിച്ചത് എന്നാണ് അബ്ദുള്ളാഹിബ്നുസ്സുബൈർ(റ)ന്റെ പക്ഷം.ഇഷ്ടമില്ലാതെ ബദ്ർ യുദ്ധത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടവരെക്കുറിച്ചാണെന്നും അഭിപ്രായമുണ്ട് .എന്തായാലും ഇങ്ങോട്ട് ഉപദ്രവത്തിനു വരാത്തവരെ അങ്ങോട്ട് പോയി ഉപദ്രവിക്കുന്നത് ശരിയല്ലെന്ന ഇസ്ലാമിന്റെ വിശാലമായ കാഴ്ചപ്പാട് എത്ര പരിപക്വം!
إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَى إِخْرَاجِكُمْ أَن تَوَلَّوْهُمْ وَمَن يَتَوَلَّهُمْ فَأُوْلَئِكَ هُمُ الظَّالِمُونَ 9
മതവിഷയങ്ങളിൽ നിങ്ങളോട് യുദ്ധം ചെയ്യുകയും സ്വന്തം വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുവാൻ സഹായം നൽകുകയും ചെയ്തവരോട് മൈത്രീബന്ധം സ്ഥാപിക്കുന്നത് മാത്രമേ അള്ളാഹു നിങ്ങളോട് നിരോധിക്കുന്നുള്ളൂ ആരെങ്കിലും അവരോട് മൈത്രീബന്ധം സ്ഥാപിക്കുന്നുവെങ്കിൽ അക്കൂട്ടർ തന്നെയാണ് അക്രമികൾ
ഇങ്ങോട്ട് അക്രമത്തിനു മുതിരുന്നവരോട് മൈത്രീബന്ധം പുലർത്തരുതെന്നും അങ്ങനെ ചെയ്യുന്നത് കുറ്റകരവുമാണെന്നത്രെ അള്ളാഹു ഉണർത്തുന്നത്
അള്ളാഹുവിനു വേണ്ടി സ്നേഹിക്കുന്നതും അള്ളാഹുവിനു വേണ്ടി ദേഷ്യപ്പെടുന്നതുമാണ് ഏറ്റവും ശ്രേഷ്ടമായ കർമ്മം എന്ന നബി വചനം വളരെ പ്രസ്ക്തം തന്നെ
അള്ളാഹു അവന്റെ ഇഷ്ടജനങ്ങളിൽ നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ ഈ അദ്ധ്യായത്തിന്റെ ബാക്കി സൂക്തങ്ങളുടെ വിവരണം അടുത്ത പോസ്റ്റില്‍ തുടരും ഇൻശാ അള്ളാഹ്
3 comments:
മുംതഹന എന്നാൽ പരീക്ഷിക്കപ്പെടുന്നവൾ എന്നാണ് അർത്ഥം. ഈ അദ്ധ്യായത്തിന്റെ പത്താം വാക്യത്തിൽ വരുന്ന വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഈ അദ്ധ്യായത്തിനു ഈ നാമം നൽകിയിട്ടുള്ളത്
ഒന്നാം പാര്‍ട്ടില്‍ എട്ടാം ആയത്തിന്റെ തുടക്കത്തില്‍ لا വിട്ടുപോയിട്ടുണ്ട്.. ചേര്‍ക്കുമല്ലോ..
@കാസിം തങ്ങൾ, തിരുത്തിയിട്ടുണ്ട്... തെറ്റു കണ്ടെത്തി അറിയിച്ചതിനു വളരെ നന്ദി.
Post a Comment