سورة الصف
സൂക്തങ്ങൾ -14 : മദീനയിൽ അവതരിച്ചു
بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(1) سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ
ആകാശ ഭൂമികളിലുള്ളവയെല്ലാം അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്നു അവൻ പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു
ഇമാം റാസി(റ)എഴുതുന്നു. അള്ളാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുക എന്നാൽ അള്ളാഹു മാത്രമാണ് നാഥനെന്നും അവൻ ഏകനാണെന്നും(അവനു ആരാധനയിൽ പങ്കാളികളുണ്ടെന്ന ബഹുദൈവാരാധകരുടെ വാദം ശരിയല്ലെന്നും)അടക്കം അവന്റെ വിശുദ്ധി പ്രഖ്യാപനം ചെയ്യുക എന്നത് ആകാശഭൂമിയിലുള്ള മുഴുവൻ വസ്തുക്കളും നിർവഹിച്ചു പോരുന്നുണ്ട് എന്നാണ്.ഇവിടെ പ്രകീർത്തനം ചെയ്തു എന്ന് അർത്ഥം ലഭിക്കുന്ന سَبَّحَ എന്ന ഭൂതകാല ക്രിയയാണ് ഉപയോഗിച്ചത് ചില അദ്ധ്യായങ്ങളിൽ (ഉദാഹരണം ഇതിന്റെ ശേഷമുള്ള അദ്ധ്യായമായ സൂറത്തുൽ ജുമു അ:യിൽ) പ്രകീർത്തനം ചെയ്യും എന്ന് അറിയിക്കുന്ന ഭാവികാല ക്രിയയായ يُسَبِّحُ എന്നാണ് പറഞ്ഞത് ചിലയിടങ്ങളിൽ പ്രകീർത്തനം ചെയ്യൂ എന്ന് അറിയിക്കുന്ന سَبِّحِ എന്ന കല്പന ക്രിയയും ഉപയോഗിച്ചു.ഇതിൽ നിന്ന് അള്ളാഹുവിന്റെ മഹത്വത്തോട് യോചിക്കും വിധമുള്ള വിശുദ്ധി വിളംബരം ചെയ്യുന്ന ആകാശഭൂമിയിലുള്ളതിന്റെ യൊക്കെ പ്രകീർത്തനം കഴിഞ്ഞ കാലത്തും വർത്തമാന കാലത്തും ഭാവികാലത്തും തുടർന്നു കൊണ്ടേയിരിക്കുന്നു എന്ന് മനസ്സിലാക്കാനാണ് (സുബ്ഹാനള്ളാഹ്)
അവൻ പ്രതാപിയാണെന്ന് പറഞ്ഞാൽ അവൻ എല്ലാവരെയും അതിജയിക്കുമെന്നും അവനെ ഒരാൾക്കും-ഒന്നിനും-ഒരു വിഷയത്തിലും അതിജയിക്കാനോ പരാജയപ്പെടുത്താനോ സാധിക്കുകയില്ല എന്നുമാണ് സാരം
حكيم ആണെന്നതിന്റെ സാരം അവന്റെ വിധികൾ ഏത് വിഷയത്തിലാണെങ്കിലും അന്തിമമാണെന്നും അവനെതിരിൽ വിധിക്കാൻ ആർക്കും സാധിക്കില്ലെന്നുമാണ്.കാരണം അവൻ ത്രികാലത്തെക്കുറിച്ചും അഗാധമായി ജ്ഞാനമുള്ളവനാണ്.അത് കൊണ്ട് തന്നെ അവന്റെ വിധി മാത്രമേ അന്തിമമാവുകയുള്ളൂ(റാസി)
(2) يَا أَيُّهَا الَّذِينَ آَمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ
സത്യവിശ്വാസികളേ. നിങ്ങൾ ചെയ്യാത്തത് പറയുന്നത് എന്തിനാണ്?
ചെയ്യാത്തത് പറയുന്നത് എന്തിനാണെന്ന് അവരിൽ നിന്ന് അറിവ് നേടാനുള്ള ചോദ്യമല്ല മറിച്ച് ശരിയായ മാർഗം കൈവിട്ട് വാക്കും പ്രവർത്തിയും തമ്മിൽ യോചിപ്പില്ലാത്തവരെ ശക്തമായി താക്കീത് ചെയ്യാനാണീ ചോദ്യം
(3) كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ
നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുക എന്നത് അള്ളാഹുവിങ്കൽ വളരെ ക്രോധകരമായിട്ടുള്ളതാകുന്നു
അള്ളാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും യുദ്ധം നിയമമാക്കപ്പെട്ടപ്പോൾ അതിൽ ചിലർക്ക് അസഹ്യത തോന്നുകയും ചെയ്ത സന്ദർഭത്തിലാണ് ഈ വാക്യങ്ങൾ അവതരിച്ചതെന്നും കപടന്മാർ നിങ്ങൾ യുദ്ധത്തിനു പുറപ്പെടുകയും യുദ്ധം ചെയ്യുകയും ചെയ്താൽ നിങ്ങൾക്കൊപ്പം ഞങ്ങളും പുറപ്പെടുകയും യുദ്ധം ചെയ്യുകയും ചെയ്യും എന്ന് മുസ്‌ലിംകളോട് പറയുകയും എന്നിട്ട് യുദ്ധം വന്നപ്പോൾ പിന്തിരിഞ്ഞു മാറി നിൽക്കുകയും ചെയ്തു.അപ്പോൾ അവരുടെ വിഷയത്തിലാണിതെന്നും മറ്റും അഭിപ്രായമുണ്ട്
അവതരിച്ച സന്ദർഭം ഏതായാലും അതിലെ ആശയം ഗൗരവമേറിയ ഒരു പൊതു തത്വമാണ്. വാഗ്ദാനമായോ നേർച്ചയായോ ഒരു നല്ല കാര്യം ചെയ്യാമെന്ന് വായ കൊണ്ട് പറഞ്ഞാൽ അത് പ്രവൃത്തിയിൽ വരുത്തണം ചെയ്യാൻ തയാറില്ലാത്ത കാര്യം ചെയ്യുമെന്ന് പറയരുത് അത് അള്ളാഹുവിന്റെ ദേഷ്യത്തിനു കാരണമാകും ചെയ്തിട്ടില്ലാത്തത് ചെയ്തു എന്ന് പറയുന്നതും തെറ്റു തന്നെ!
നബി(സ)പറഞ്ഞു. കപടവിശ്വാസികളുടെ അടയാളം മൂന്നെണ്ണമാണ്. വാഗ്ദാനം ചെയ്താൽ ലംഘിക്കും, സംസാരിച്ചാൽ വ്യാജം പറയും, വിശ്വസിക്കപ്പെട്ടാൽ ചതിക്കും (ബുഖാരി/മുസ്‌ലിം) വാഗ്ദാന ലംഘനം മഹാ അപരാധം തന്നെ.
مَقْتً എന്നാൽ ദേഷ്യത്തിലെ ഏറ്റവും ഉയർന്ന പടിയിലുള്ളത് എന്നാണ്
(4) إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنيَانٌ مَّرْصُوصٌ
(കല്ലുകൾ)സുദൃഢമായി സംയോജിപ്പിച്ച ഒരു മതിൽ പോലെ അണി ചേർന്ന് കൊണ്ട് അള്ളാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ അവൻ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു
ഇടക്ക് വളവൊ വിടവോ ഇല്ലാതെ കെട്ടുറപ്പോടെ അണിനിരന്നുകൊണ്ട് അള്ളാഹുവിന്റെ മാർഗത്തിൽ അടരാടുന്ന പടയാളികളെ അള്ളാഹു പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അണിയൊപ്പിച്ച് നിൽക്കുന്നത് ശത്രുവിന്റെ പരാജയത്തിനു വളരെ സഹായകമാണ്. ജമാഅത്തായുള്ള നിസ്ക്കാരത്തിലും അണി ശരിപ്പെടുത്താൻ നിർദ്ദേശമുണ്ട്
കഴിഞ്ഞ സൂക്തത്തിൽ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തക്കേടുള്ളവരെ അള്ളാഹു ആക്ഷേപിച്ചപ്പോൾ വാക്കിനൊപ്പം പ്രവർത്തിയും നന്നാക്കി യുദ്ധത്തിനു അടിയുറച്ച് നിന്നവരെ പ്രശംസിക്കുകയാണ് ഈ സൂക്തത്തിൽ.
وَإِذْ قَالَ مُوسَى لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَد تَّعْلَمُونَ أَنِّي رَسُولُ اللَّهِ إِلَيْكُمْ فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ (5
മൂസാ(അ)തന്റെ ജനതയോട് പറഞ്ഞ സന്ദർഭം (ഓർക്കുക) എന്റെ ജനങ്ങളേ! നിങ്ങൾ എന്തിനാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത്? ഞാൻ നിങ്ങളിലേക്കുള്ള അള്ളാഹുവിന്റെ ദൂതനാണെന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലോ.അങ്ങനെ അവർ സത്യത്തിൽ നിന്ന് വ്യതിചലിച്ചപ്പോൾ അവരുടെ ഹ്ര്‌ദയങ്ങളെ അള്ളാഹു(നേർമാർഗത്തിൽ നിന്ന് )തെറ്റിച്ചുകളഞ്ഞു ധിക്കാരികളായ ജനതയെ അള്ളാഹു സന്മാർഗത്തിലാക്കുകയില്ല
നബി(സ)യെ നിഷേധിക്കുന്ന ശത്രുക്കളുടെ നിലപാടുകൾ കാര്യമാക്കേണ്ടതില്ലെന്നും ശരിയായ പ്രവാചകനാണെന്ന് ബോദ്ധ്യമുണ്ടായിട്ടും മൂസാ(അ) ഒട്ടേറെ വിഷമങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും നബി(സ)യെ അറിയിച്ച് അവിടുത്തെ ആശ്വസിപ്പിക്കുകയാണിവിടെ. മൂസാ(അ)ന്റെ ചരിത്രം പഠിപ്പിച്ച്, നബി(സ)യെ എതിർക്കുന്നതിന്റെ പരിണിത ഫലം എന്തായിരിക്കുമെന്ന് ശത്രുക്കളെ ഉൽബോധിപ്പിക്കൽ ഇതിന്റെ ലക്ഷ്യമാണ്
മൂസാ(അ)നെ ബുദ്ധിമുട്ടിക്കുക എന്നതിൽ മൂസാ(അ)നു മണിവീക്കമുണ്ടെന്ന അവരുടെ ആരോപണവും വ്യഭിചാരാരോപണം നടത്താൻ വേശ്യകളെ അവർ ഏർപ്പാടാക്കിയതും ഞങ്ങൾക്ക് ഇവർക്കുള്ളത് പോലെ ദൈവങ്ങളെ സ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ടതും യുദ്ധത്തിനു വിളിച്ചപ്പോൾ നിങ്ങളും നാഥനും പോയി യുദ്ധം ചെയ്യുക ഞങ്ങൾ ഇവിടെ ഇരിക്കുകയാണ് എന്ന് പറഞ്ഞതും അള്ളാഹുവെ പരസ്യമായി കണ്ടാലേ ഞങ്ങൾ വിശ്വസിക്കൂ എന്ന് പറഞ്ഞതും ഒരേ തരം ഭക്ഷണം സഹിക്കാനാവില്ലെന്ന് പറഞ്ഞതുമൊക്കെ ഈ ബുദ്ധിമുട്ടിക്കുക എന്നതിന്റെ പരിധിയിൽ വരും(ഖുർത്വുബി/റാസി)
ഞാൻ അള്ളാഹുവിന്റെ ദൂതനാണെന്ന് നിങ്ങൾക്ക് നിസ്സംശയം അറിയാമെന്നിരിക്കെ .നിങ്ങൾ എന്നെ ബുദ്ധിമുട്ടിക്കുകയല്ല മറിച്ച് ആദരിക്കുകയല്ലേ വേണ്ടത് എന്ന് മൂസാ(അ) ചോദിക്കുന്നു
അവർ സത്യത്തിൽ നിന്ന് മാറിയപ്പോൾ അള്ളാഹു അവരെ ആ വഴിക്ക് വിടുകയും ഇത്തരം ധിക്കാരികൾക്ക് അള്ളാഹു സന്മാർഗം നൽകുകയില്ലെന്നും താക്കീത് ചെയ്തിരിക്കുകയാണ്
പ്രവാചകനെ അനാദരിച്ചതിനാലും അള്ളാഹുവെ ധിക്കരിച്ചതിനാലും അതിന്റെ ശിക്ഷയായി അവർക്ക് അള്ളാഹു വഴികേടിലാവുക എന്ന അവസ്ഥ അവരിൽപടച്ചു എന്നും ഇവിടെ വ്യാഖ്യാനമുണ്ട്.ആദരവിനർഹരായവരെ അനാദരിക്കുന്നതിന്റെ ഗൗരവം ഇതിൽ നിന്ന് മനസിലാക്കാം നബി(സ)യുടെ മഹത്വത്തിനു നിരക്കാത്ത പരാമർശനം നബി(സ)യെക്കുറിച്ച് നടത്തുന്നവർ അവരുടെ ആത്മീയ നാശത്തിനു അത് കാരണമാകുമെന്ന് സഗൌരവം ചിന്തിക്കണം
وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ فَلَمَّا جَاءهُم بِالْبَيِّنَاتِ قَالُوا هَذَا سِحْرٌ مُّبِينٌ (6
മർയമിന്റെ പുത്രൻ ഈസാ(അ)പറഞ്ഞ സന്ദർഭം(ഓർക്കുക )ഇസ്രാഈല്യരേ! നിശ്ചയമായും ഞാൻ നിങ്ങളിലേക്ക് അള്ളാഹുവിന്റെ ദൂതനാകുന്നു എന്റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെച്ചവനായിക്കൊണ്ടും എന്റെ ശേഷം വരുന്ന അഹ്‌മദ് എന്ന് പേരുള്ള ഒരു പ്രവാചകനെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവനായിക്കൊണ്ടും (ആകുന്നു ഞാൻ നിയുക്തനായിട്ടുള്ളത്)അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കൽ വന്നപ്പോൾ ഇത്(ഈസാ(അ)കൊണ്ടുവന്നത്)വ്യക്തമായ ജാലവിദ്യയാണെന്ന് അവർ പറഞ്ഞു
മൂസാ(അ)നെക്കുറിച്ചുണർത്തിയ ശേഷം ഈസാ(അ)നെക്കുറിച്ചുണർത്തുകയാണിവിടെ. നേരത്തേ തൌറാത്ത് നൽകപ്പെട്ട ഇസ്രാഈല്യർ പുതിയൊരു ഗ്രന്ഥത്തെക്കുറിച്ചു കേട്ടാൽ തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുണ്ടെന്നതിനാൽ താൻ തൌറാത്തിനെ അംഗീകരിക്കുന്നവനാണെന്നും അതിനെ നിരാകരിക്കുന്നില്ലെന്നും തൌറാത്തിനെ ശരിവെക്കുന്നവനായിട്ടാണ് അള്ളാഹു എന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നതെന്നും ഈസാ(അ)പ്രഖ്യാപിക്കുന്നു .തൌറാത്തിനെ അംഗീകരിക്കുന്നു എന്നതിനു അതിലെ നിയമങ്ങൾ തന്നെ എല്ലാ വിഷയത്തിലും താനും പിന്തുടരും എന്ന അർത്ഥമില്ല.പ്രത്യുത കാലികമായി ചില നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നതാണ് വസ്തുത.
وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ وَجِئْتُكُم بِآيَةٍ مِّن رَّبِّكُمْ فَاتَّقُواْ اللّهَ وَأَطِيعُونِ
എന്റ് മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേൽ നിശിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ചിലത് നിങ്ങൾക്ക് അനുവദിച്ചു തരുവാൻ വേണ്ടിയുകാകുന്നു(ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്)നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദ്ര്‌ഷ്ടാന്തവും നിങ്ങൾക്ക് ഞാൻ കൊണ്ടുവന്നിരിക്കുന്നു ആകയാൽ നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ (ആലു ഇംറാൻ 50)
എന്ന സൂക്തം ഈ വസ്തുത ശരിവെക്കുന്നു.
തന്റെ വരവിന്റെ ലക്ഷ്യങ്ങളിൽ അഹ്‌മദ് എന്ന് പേരുള്ള ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കൽ കൂടി ലക്ഷ്യമാണെന്നും എന്റെ ശേഷമാണ് ആ പ്രവാചകൻ വരികയെന്നും ഈസാ(അ)സൂചിപ്പിച്ചിരിക്കുകയാണ്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ)യെക്കുരിച്ചുള്ള വ്യക്തമായ പ്രസ്താവനയാണിതെന്നിരിക്കെ ഖുർആനിൽ മുഹമ്മദ് നബി(സ)യേക്കാൾ പ്രാധാന്യം ഈസാ(അ)ക്കാണെന്ന് ധരിക്കുന്നവരെക്കുറിച്ച് എന്ത് പറയാൻ.എന്നാൽ ഈസാ(അ) ഈ സത്യവുമായി വന്നപ്പോൾ ജാലവിദ്യയെന്ന് പറഞ്ഞ് പരിഹസിക്കാനായിരുന്നു ശത്രുക്കൾക്ക് താല്പര്യം
(അപ്പോൾ തൌറാത്തിലൂടെ നിശിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങൾ ഇഞ്ചീലിലൂടെ അനുവദിക്കുമെന്ന് ഇതിൽ നിന്ന് മനസിലായി. കാലികമായ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്)
وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَى إِلَى الْإِسْلَامِ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (7
അള്ളാഹുവിന്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നവനേക്കാൾ അക്രമി ആരുണ്ട്? അവനാകട്ടെ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുന്നു (എന്നിട്ടും!) .അക്രമികളായ ജനതയെ അള്ളാഹു സന്മാർഗത്തിലാക്കുകയില്ല
ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ അത് സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല അള്ളാഹുവിനു സന്താനങ്ങളുണ്ടെന്നും പങ്കുകാരുണ്ടെന്നും മറ്റും തനി കള്ളം കെട്ടിപ്പറയുന്നവർ വലിയ അക്രമികളാണ്.ഈ അക്രമസ്വഭാവികൾ ഒരിക്കലും സത്യം മനസ്സിലാക്കി സന്മാർഗം സ്വീകരിക്കില്ല
(8) يُرِيدُونَ لِيُطْفِؤُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
അള്ളാഹുവിന്റെ പ്രകാശത്തെ അവരുടെ വായ കൊണ്ട് കെടുത്തിക്കളയുവാൻ അവർ ഉദ്ദേശിക്കുന്നു അള്ളാഹുവാകട്ടെ –സത്യനിഷേധികൾ വെറുത്താലും ശരി-തന്റെ പ്രകാശത്തെ പൂർത്തിയാക്കുന്നവനാകുന്നു
അപവാദ പ്രചരണത്തിലൂടെ അള്ളാഹുവിന്റെ മതമാകുന്ന പ്രകാശത്തെ ഊതിക്കെടുത്താമെന്നാണിവരുടെ ധാരണ.എന്നാൽ അള്ളാഹു ഈ മതത്തെ പൂർത്തിയാക്കുകതന്നെ ചെയ്യും സത്യനിഷേധികൾ എത്ര വെറുത്താലും.
ഇവിടെ പറഞ്ഞ പ്രകാശം കൊണ്ടുള്ള വിവക്ഷ ഖുർആൻ ആണെന്നും ഇസ്‌ലാം ആണെന്നും നബി(സ) തങ്ങളാണെന്നും അള്ളാഹുവിന്റെ തെളിവുകളും ലക്ഷ്യങ്ങളുമാണെന്നും അഭിപ്രായമുണ്ട്.ഇത് ഒരു ഉപമയാണെന്നും സൂര്യപ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താൻ കഴിയാത്തത് പോലെ സത്യത്തെ തമസ്ക്കരിക്കാൻ ആരെങ്കിലും കരുതുന്നുവെങ്കിൽ അത് നടക്കില്ലെന്ന് ഉദാഹരണ സഹിതം ഉണർത്തുകയാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)
നബി(സ)ക്ക് കുറേദിവസങ്ങൾ (40 ദിവസം) വഹ്‌യ് (ദ്യവ്യസന്ദേശം) വരാതായ ഘട്ടത്തിൽ കഅബുബ്നുൽ അശ് റഫ് എന്ന ജൂതൻ അവന്റെ ആളുകളെ വിളിച്ച് പറഞ്ഞു ഓ ജൂത സമൂഹമേ! നിങ്ങൾ സന്തോഷിക്കുക.മുഹമ്മദി(സ)നു ലഭിച്ചിരുന്ന പ്രകാശം അള്ളാഹു കെടുത്തിയിരിക്കുന്നു ഒരിക്കലും ഇസ്‌ലാമിനെ അള്ളാഹു പൂർത്തിയാക്കുകയില്ല എന്ന് അവൻ പറഞ്ഞു അപ്പോൾ നബി(സ)ക്ക് ശരിക്കും വിഷമം വന്നു.അപ്പോഴാണു ജൂതന്റെ വാദഗതിയെ തകർത്തു കൊണ്ട് ഈ സൂക്തം അവതരിച്ചത്(ഖുർത്വുബി)
هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ (09)
അവൻ തന്റെ റസൂലിനെ സന്മാർഗത്തോടും സത്യമതത്തോടും കൂടി അയച്ചിട്ടുള്ളവനാണ് (ലോകത്തുള്ള) എല്ലാമതത്തേക്കാളും അതിനെ (വിജയിപ്പിച്ചു)പ്രത്യക്ഷപ്പെടുത്തുവാൻ വേണ്ടി –ബഹുദൈവ വിശ്വാസികൾ അത് വെറുത്താലും ശരി
ലക്ഷ്യങ്ങളുടെ ദൃഢത, ഖുർആനിന്റെ സുരക്ഷ, അതിന്റെ ന്യായത എന്നിവ മൂലവും മറ്റും ഏതുമതത്തേക്കാളും അത് മികച്ചു തന്നെയിരിക്കും മറ്റുള്ളവരുടെ അമർഷമോ പ്രതിഷേധമോ അതിനൊരു പോറലുമേൽപ്പിക്കില്ല
(10) يَا أَيُّهَا الَّذِينَ آَمَنُوا هَلْ أَدُلُّكُمْ عَلَى تِجَارَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ
സത്യവിശ്വാസികളേ. വേദനാജനകമായ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് രക്ഷ നൽകുന്ന ഒരു കച്ചവടത്തെ പറ്റി ഞാൻ അറിയിച്ചു തരട്ടെയോ?
ഉസ്മാനുബ്നു മള്ഊൻ(റ)ന്റെ വിഷയത്തിലാണീ സൂക്തം അവതരിച്ചത്.അതായത് ഒരിക്കൽ താൻ നബി(സ)യോട് പറഞ്ഞു.നബിയേ!അവിടുന്ന് എനിക്ക് അനുവാദം തന്നാൽ ഞാൻ എന്റെ ഭാര്യയെ വിവാഹ മോചനം നടത്തുകയും മാംസം കഴിക്കാതെ.രാത്രി ഉറങ്ങാതെ പകൽ മുഴുവൻ നോമ്പ് എടുത്ത് ആരാധനയിൽ മുഴുകി ജീവിക്കാമായിരുന്നു .അപ്പോൾ നബി(സ) എന്റെ ചര്യയാണ് വിവാഹമെന്നും ആത്മീയമായി നന്നാവാൻ അള്ളാഹുവിന്റെ മാർഗത്തിൽ ധർമ്മ സമരം ചെയ്യലും അള്ളാഹു വിലക്കാത്തവയെ ഹറാമാക്കാതിരിക്കലും ഉറക്കം.നോമ്പ് മുറിക്കൽ ഇടക്ക് നോമ്പ് നോൽക്കൽ എന്നിവയൊക്കെനടപ്പാക്കുന്നത് എന്റെ ചര്യയാണെന്നും അത് വിട്ട് പോകുന്നവൻ എന്റെ മാർഗം അവലംഭിച്ചവനല്ല എന്നും നബി(സ)പറഞ്ഞു.അപ്പോൾ ഉസ്മാനുബ്നു മള്ഊൻ(റ)പറഞ്ഞു.നബിയേ!അള്ളാഹുവാണെ സത്യം.അള്ളാഹു ഏറ്റവും ഇഷ്ടപ്പെടുന്ന കച്ചവടം ഏതാണെന്നറിഞ്ഞാൽ എനിക്ക് ആ കച്ചവടം ചെയ്യാമായിരുന്നു എന്ന്.അപ്പോഴാണീ സൂക്തം അവതരിച്ചത്(ഖുർത്വുബി)
കച്ചവടത്തിൽ ലാഭവും നഷ്ടവും ഉണ്ടാവാം.മനുഷ്യ ജീവിതവും അത് പോലെയാണ്. സത്യ വിശ്വാസവും സൽക്കർമ്മങ്ങളും കൊണ്ട് ജീവിതത്തെ ധന്യമാക്കിയാൽ അവനു പ്രതിഫലം ലഭിക്കും.തന്റെ ജീവിതമെന്ന കച്ചവടം ലാഭകരമാവുംയും ചെയ്യും അത് ഉപേക്ഷിച്ചാൽ ജീവിതാന്ത്യം നഷ്ടത്തിൽ കലാശിക്കുകയാവും ചെയ്യുക(റാസി)
تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنفُسِكُمْ ذَلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (11
നിങ്ങൾ അള്ളാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കണം സ്വന്തം സ്വത്തുക്കൾ കൊണ്ടും ദേഹങ്ങൾകൊണ്ടും അള്ളാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധം ചെയ്യണം അത് നിങ്ങൾക്ക് ഉത്തമമാകുന്നു നിങ്ങൾ അറിയുന്നവരാണെങ്കിൽ
ഈ കച്ചവടത്തിനു വേണ്ട മുടക്കുമുതൽ സത്യവിശ്വാസവും ധനം ദേഹം എന്നിവ കൊണ്ടുള്ള പോരാട്ടവുമാണ്.ഇവിടെ പറഞ്ഞ പോരാട്ടത്തിനു വിവിധ അർത്ഥ തലങ്ങളുണ്ട്.തന്നെ തെറ്റിനു പ്രേരിപ്പിക്കുന്ന ശരീരത്തോടും തന്നെ വഴിതെറ്റിക്കാനുള്ള ദുർബോധനം നൽകുന്ന പിശാചിനോടും തന്നെ തിന്മയിലേക്ക് മാടി വിളിക്കുന്ന ജനങ്ങളോടും അഹങ്കാരത്തിലും ധൂർത്തിലും തന്നെ മതിമറന്ന് ആഹ്ലാദിക്കാൻ കാരണമാകാവുന്ന ധനത്തോടും സത്യത്തിൽ നിന്ന് പുറത്ത് വരാൻ തന്നെ നിർബന്ധിക്കുന്ന സത്യനിഷേധിയോടും ഈ പോരാട്ടം നടത്തണം.ധർമ്മ സമരമെന്നത് സായുധ പോരാട്ടത്തിൽ തളച്ചിടേണ്ടതല്ലെന്നും സ്വ ശരീരവും നന്മയിൽ നിന്നു നമ്മെ തടയുന്ന ചുറ്റുപാടുകളുമൊക്കെ ശ്രദ്ധിച്ച് അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് ഈ പോരാട്ടത്തിന്റെ കാതലെന്നും നാം മനസിലാക്കുകയും അതിനനുസ്ര്‌തമായി പ്രവർത്തിക്കുകയും ചെയ്യലാണ് ധർമ്മ സമരം.ഈ നിലപാടാണ് നിങ്ങൾക്ക് ഗുണകരം എന്ന് കാര്യങ്ങൾ നേരാം വണ്ണം മനസിലാക്കുന്നുവെങ്കിൽ നിങ്ങൾക്ക് അറിയാനാവും എന്നാണ് അള്ളാഹു പറയുന്നത്
يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ذَلِكَ الْفَوْزُ الْعَظِيمُ (12
എന്നാൽ നിങ്ങളുടെ പാപങ്ങൾ അവൻ നിങ്ങൾക്ക് പൊറുത്തുതരും താഴ്ഭാഗങ്ങളിൽ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിലും സ്ഥിരവാസത്തിന്റെ സ്വർഗങ്ങളിലുള്ള വിശിഷ്ട വാസ സ്ഥലങ്ങളിലും നിങ്ങളെ അവൻ പ്രവേശിപ്പിക്കുകയും ചെയ്യും അത് മഹത്തായ വിജയം തന്നെയാണ്
അള്ളാഹുവിലും റസൂലിലും വിശ്വസിക്കുകയും ആ വിശ്വാസം അനുസരിച്ച് പ്രവർത്തിക്കുകയും അള്ളാഹുവിന്റെ മാർഗത്തിൽ ദേഹധനാദികളാൽ സമരം ചെയ്യുകയും ചെയ്താലുള്ള നേട്ടങ്ങൾ അതിമഹത്തായിരിക്കും.പരലോകത്ത് പാപപരിഹാരവും ശാശ്വതമായ സ്വർഗജീവിതവുമാണതിനു ലഭിക്കുക ഒരിക്കലും നഷ്ടപ്പെടാത്ത ഈ വിജയം തന്നെയത്രെ യഥാർത്ഥ വിജയം!
(13) وَأُخْرَى تُحِبُّونَهَا نَصْرٌ مِّنَ اللَّهِ وَفَتْحٌ قَرِيبٌ وَبَشِّرِ الْمُؤْمِنِينَ
നിങ്ങൾ ഇഷ്ടപ്പെടുന്ന മറ്റൊരു അനുഗ്രഹവും (അവൻ നിങ്ങൾക്ക് നൽകും)അത് അള്ളാഹുവിൽ നിന്നുള്ള സഹായവും ആസന്ന വിജയവുമാണ് (നബിയേ)സത്യവിശ്വാസികൾക്ക് അങ്ങ് സന്തോഷവാർത്ത അറിയിക്കുക
ഈ കച്ചവടത്തിലേർപ്പെട്ടവർക്ക് പരലോകത്ത് മാത്രമല്ല പ്രതിഫലം ഇഹലോകത്ത് അള്ളാഹുവിന്റെ സഹായവും ശത്രുക്കൾക്കെതിരിൽ കൈവരുന്ന വിജയവും ലഭിക്കും ഇത് എത്ര മഹത്തായ പ്രതിഫലം!ഇത് എക്കാലത്തുമുള്ള സത്യവിശ്വാസികൾക്ക് ലഭിക്കാവുന്ന നേട്ടങ്ങളത്രെ
ياأيُّهَا الَّذِينَ آَمَنُوا كُونوا أَنصَارَ اللَّهِ كَمَا قَالَ عِيسَى ابْنُ مَرْيَمَ لِلْحَوَارِيِّينَ مَنْ أَنصَارِي إِلَى اللَّهِ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللَّهِ فَآَمَنَت طَّائِفَةٌ مِّن بَنِي إِسْرَائِيلَ وَكَفَرَت طَّائِفَةٌ فَأَيَّدْنَا الَّذِينَ آَمَنُوا عَلَى عَدُوِّهِمْ فَأَصْبَحُوا ظَاهِرِينَ (14
സത്യവിശ്വാസികളേ.നിങ്ങൾ അള്ളാഹുവിന്റെ സഹായികളായിത്തീരുക മർയമിന്റെ പുത്രൻ ഈസാ(അ) ഹവാരിയ്യുകളോട് അള്ളാഹുവിലേക്കു(ള്ള മാർഗത്തിൽ )എന്നെ സഹായിക്കുന്നവർ ആരാണ് എന്ന് പറഞ്ഞത് പോലെ.(അപ്പോൾ)ഹവാരിയ്യുകൾ പറഞ്ഞു.ഞങ്ങൾ അള്ളാഹുവിന്റെ സഹായികളാണ് (ഇത് പോലെ നിങ്ങളും ആയിത്തീരുക)എന്നിട്ട് ഇസ്രാഈല്യർ ഒരു വിഭാഗം വിശ്വസിക്കുകയും ഒരു വിഭാഗം നിഷേധിക്കുകയും ചെയ്തു അപ്പോൾ വിശ്വസിച്ചവർക്ക് അവരുടെ ശത്രുവിനെതിരിൽ നാം ശക്തിനൽകി അങ്ങനെ അവർ വിജയം നേടിയവരായിത്തീർന്നു
ഹവാരിയ്യ് എന്ന് പറഞ്ഞാൽ ഒരാളുടെ വളരെ അടുത്ത ഇഷ്ടക്കാരും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരുമാണ് ഈസാ(അ)ന്റെ സഹായികളായശിഷ്യന്മാരാണിവിടെ ഹവാരിയ്യുകൾ എന്നതിന്റെ താല്പര്യം.അപ്പോസ്തലന്മാർ എന്നാണവർ അറിയപ്പെടുന്നത്.ഈസാ(അ)നെ ഒരുകൂട്ടർ നിഷേധിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തപ്പോൾ അള്ളാഹുവിന്റെ മതപ്രബോധനത്തിൽ എന്നെ സഹായിക്കനാരുണ്ടെന്ന് ഈസാ(അ)ചോദിച്ചപ്പോൾ ശിഷ്യന്മാരും സഹായികളുമായ ആളുകൾ ഞങ്ങൾ സഹായത്തിനുണ്ടെന്ന് പറയുകയും അള്ളാഹു അവർക്ക് ശക്തി പകരുകയും ചെയ്തു.അവർക്ക് അള്ളാഹുവിൽ നിന്നുള്ള വിജയത്തിനു അത് കാരണമാവുകയും ചെയ്തു(ഈസാ(അ)ന്റെ ഈ ശിഷ്യന്മാർ പന്ത്രണ്ട് പേരായിരുന്നു)
ഇത് പോലെ നിങ്ങളും അള്ളാഹുവിന്റെ മതത്തിന്റെ സഹായികളാവുക എന്നാണ് സത്യവിശ്വാസികളോട് അള്ളാഹു കല്പിക്കുന്നത് നബി(സ)യുടെ സഹായികളാവാൻ എല്ലാ വിശ്വാസികൾക്കും കടമയുണ്ടെങ്കിലും നബി(സ) യുടെ പ്രത്യേകക്കാരായ അൻ സാറുകൾ മുഴുവൻ ഖുറൈശികളിൽ പെട്ടവരായിരുന്നുവെന്നും , അബൂബക്കർ, ഉമർ, ഉസ്മാൻ, അലി,ഹംസ, ജഅ്ഫറുബിൻ അബീഥാലിബ്, അബൂ ഉബൈദ:ബിൻ ജർറാഹ്,ഉസ്മാൻ ബിൻ മള് ഊൻ, അബ്ദു റഹ്മാൻ ബിൻ ഔഫ്, സഅദു ബിൻ അബീ വഖാസ്, ഉസ്മാൻ ബിൻ ഔഫ്,ഥൽഹത് ബിൻ ഉബൈദില്ലാഹ്, സുബൈർ ബിൻ അവ്വാം എന്നിവരായിരുന്നു ഈ പ്രത്യേകക്കാർ(റാസി)
ബനൂഇസ്റാഈല്യരിലെ ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു ഭാഗം നിഷേധിക്കുകയും ചെയ്തു എന്ന ഭാഗം വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ)എഴുതുന്നു.ഈസാ(അ) ആകാശത്തേക്കുയർത്തപ്പെട്ടപ്പോൾ ബനൂ ഇസ്രാഈല്യർ മൂന്ന് വിഭാഗമായി.ഒരു കൂട്ടർ പറഞ്ഞത് ഈസാ(അ)അള്ളാഹു തന്നെയായിരുന്നു.അത് കൊണ്ട് ആകാശത്തേക്ക് സ്വയം ഉയർന്നു പോയതാണെന്നായിരുന്നു മറ്റൊരു കൂട്ടരുടെ കണ്ടെത്തൽ അള്ളാഹുവിന്റെ മകനായത് കൊണ്ട് അള്ളാഹു തന്നിലേക്ക് ഈസായെ ഉയർത്തി എന്നായിരുന്നു ഇത് രണ്ടും അവിശ്വാസത്തിന്റെ രണ്ട് ശൈലിയാണ് ഇവരാണ് കാഫിറായി എന്ന് പറഞ്ഞത്.എന്നാൽ ഇസ്രയേല്യരിലെ ഒരു വിഭാഗമാളുകൾ പറഞ്ഞു.ഈസാ(അ)അള്ളാഹുവിന്റെ അടിമയും റസൂലുമാണ് ആ ദൂതനെ അള്ളാഹു ആകാശത്തേക്കുയർത്തുകയാണ് ചെയ്തത് ഇവരാണ് അന്നത്തെ സത്യവിശ്വാസികൾ.അങ്ങനെ സത്യവിശ്വാസികളായ ഈ വിഭാഗത്തോട് അവിശ്വാസികളായ മറ്റെ രണ്ട് കൂട്ടരും കൂടി യുദ്ധം, ചെയ്തു.ആ യുദ്ധത്തിൽ സത്യ വിശ്വാസികൾക്ക് അള്ളാഹു വിജയം നൽകി.നബി(സ)യുടെ നിയോഗം വരെ ഇ അവസ്ഥ തുടർന്നു (റാസി)
അള്ളാഹുവിന്റെ ദീനിന്റെ ശരിയായ ആശയം നിലനിർത്താൻ സഹായികളായി നില കൊള്ളാൻ നമുക്കെല്ലാം ബാധ്യതയുണ്ട്.അള്ളാഹു നമ്മെ സത്യ ദീനിന്റെ ശരിയായ സഹായികളിലുൾപ്പെടുത്തട്ടെ ആമീൻ
1 comment:
നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുക എന്നത് അള്ളാഹുവിങ്കൽ വളരെ ക്രോധകരമായിട്ടുള്ളതാകുന്നു
Post a Comment