അദ്ധ്യായം
43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89
ഭാഗം-07
‘സുഖ്‌റുഫ്’ എന്നാൽ സ്വർണം. ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണം, അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾ, അറബികളുടെ സത്യ നിഷേധം, പൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾ, പരലോക ശിക്ഷകൾ, പരലോക നേട്ടങ്ങൾ, മൂസാ നബിയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
ഭാഗം
-07 ( 57 മുതൽ 65 വരെ )
(57)
وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ
وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ
മർയമിന്റെ പുത്രനെ ഒരു ഉദാഹരണമായി എടുത്തു കാണിക്കപ്പെട്ടപ്പോൾ തങ്ങളുടെ ജനതയതാ അതിന്റെ പേരിൽ ആർത്തുവിളിക്കുന്നു
ഖുറൈശികളുടെ സത്യ നിഷേധത്തിന്റെയും കുതർക്കങ്ങളുടെയും ഒരു സാമ്പിൾ അള്ളാഹു എടുത്ത് കാണിക്കുകയാണിവിടെ.ഒരിക്കൽ ഖുറൈശി പ്രമുഖനായ വലീദ് ബിൻ മുഗീറക്കൊപ്പം നബി ﷺതങ്ങൾ ഇരിക്കുന്നു.വേറെയും പ്രമുഖന്മാരായ പലരും സദസ്സിലുണ്ട്.അപ്പോൾ നബി തങ്ങൾ അവരോട് പ്രബോധനം നടത്തി.ആസമയം നള്റുബിൻ ഹാരിസ് വരികയും നബിﷺ തങ്ങൾ അയാളോട് സംസാരിക്കുകയും അദ്ധേഹം ഉത്തരം മുട്ടുകയും ചെയ്തു.അപ്പോൾ വിശുദ്ധ ഖുർആനിലെ ഇരുപത്തി ഒന്നാം അദ്ധ്യായം (അൽ അൻബിയാ) തൊണ്ണൂറ്റി എട്ടാം വചനം നബി പാരായണം ചെയ്തു.
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
“നിങ്ങളും അള്ളാഹുവിനു പുറമെയുള്ള നിങ്ങളുടെ ആരാദ്ധ്യ വസ്തുക്കളും നരകത്തിലെ വിറകുകളാകുന്നു .നിങ്ങൾ അതിൽ വരികതന്നെ ചെയ്യും”
ഉത്തരം മുട്ടിയ നള്റുബിൻ ഹാരിസും നബി തങ്ങളും സദസ്സിൽ നിന്ന് പിരിഞ്ഞു.പിന്നീട് അബ്ദുള്ളാഹി ബിൻ അസ്സുബഅരി എന്നയാൾ സദസ്സിൽ വന്നിരിക്കുകയും നബി ﷺതങ്ങളും ഹാരിസും തമ്മിൽ നടന്ന സംസാരം വലീദ് അബ്ദുള്ളായോട് വിശദീകരിക്കുകയും ചെയ്തു.നിങ്ങളും നിങ്ങളുടെ ആരാധ്യ വസ്തുക്കളും നലകത്തിലാണെന്നാണ് മുഹമ്മദ് നബി ﷺപറയുന്നത് എന്ന് വലീദ് വിശദീകരിച്ചപ്പോൾ അബ്ദുള്ളാ ബിൻ അസ്സുബഅരി പറഞ്ഞു. മുഹമ്മദ് നബിയെ എന്റെ മുന്നിൽ കിട്ടിയാൽ ഞാൻ നബിയെ ഉത്തരം മുട്ടിക്കും. നിങ്ങൾ മുഹമ്മദ് നബിﷺയോട് ചോദിക്കൂ അള്ളാഹുവിനെയല്ലാതെ ആരാധിക്കപ്പെടുന്നവയെല്ലാം ആരാധിച്ചവരോടൊപ്പം നരകത്തിലാണെങ്കിൽ ഞങ്ങൾ മലക്കുകളെ ആരാധിക്കുന്നുണ്ട്. ജൂതന്മാർ ഉസൈർ നബിയെ عليه السلام ആരാധിക്കുന്നു. കൃസ്ത്യാനികൾ ഈസാ നബി عليه السلام യെ ആരാധിക്കുന്നു. മുഹമ്മദ് നബി ﷺപറയുന്നതനുസരിച്ച് ഈ മഹാന്മാരെല്ലാം നമ്മോടൊപ്പം നരകത്തിലുണ്ടാവുമെങ്കിൽ നരകവും നമുക്ക് അഭിമാനം തന്നെയല്ലേ? എന്ന്. ഇത് നല്ല ചോദ്യമായി സദസ്സിലുള്ളവർക്ക് തോന്നുകയും നബിയെ ഉത്തരം മുട്ടിക്കാൻ ഇത് മതിയാവുമെന്ന് അവർ ധരിക്കുകയും ചെയ്തു.ഈ വിവരം ആരോ നബി ﷺതങ്ങളെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു. അള്ളാഹുവിനു പുറമേ ഞാൻ ആരാധിക്കപെടണമെന്ന് ആഗ്രഹിച്ചവരൊക്കെ ആരാധിച്ചവരോടൊപ്പം നരകത്തിലാവും. എന്നാൽ ഈ മഹാന്മാരൊന്നും അവർ ആരാധിക്കപ്പെടണമെന്ന് ആഗ്രഹിച്ചവരല്ല. ഇവർ പിശാചിന്റെ ദുർബോധനത്തിനു വഴങ്ങിയാണ് ഈ മഹാന്മാരെ ആരാധിക്കുന്നത്. അത് കൊണ്ട് ഈ മഹാന്മാർ അവരോടൊപ്പം നരകത്തിലുണ്ടാവുമെന്ന് സ്വപ്നം കാണേണ്ടതില്ല എന്ന്. അപ്പോൾ ഈ ആശയം സ്ഥിരീകരിച്ച് കൊണ്ട് അള്ളാഹു ഖുർആനിൽ ആയത്തിറക്കി
إِنَّ الَّذِينَ سَبَقَتْ لَهُم مِّنَّا الْحُسْنَى أُوْلَئِكَ عَنْهَا مُبْعَدُونَ
“തീർച്ചയായും നമ്മിൽ നിന്ന് മുമ്പേ നന്മ ലഭിച്ചവർ നരകത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നവരാകുന്നു (അൽ അമ്പിയാ.101)
അതായത് ഈസാ, ഉസൈർ, عليه السلام മലക്കുകൾ അടക്കം അള്ളാഹുവിന്റെ ആരാധനയിലും അനുസരണത്തിലും കഴിഞ്ഞ് കൂടിയ മഹന്മാരെ അവരുടെ ആശയത്തിനു വിരുദ്ധമായി ആരാധിക്കപ്പെട്ടതിനു അവർ ഉത്തരവാദികളല്ല.അത് കൊണ്ട് തന്നെ അവർ നരകത്തിലെത്തുന്ന പ്രശ്നവുമില്ല അതോടെ നബിയെ ഉത്തരം മുട്ടിക്കാമെന്ന വലീദിന്റെയും കൂട്ടരുടെയും മോഹം തകർന്നു (ഇബ്നു കസീർ)
അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവയിൽ നന്മയില്ലെന്ന നബി തങ്ങളുടെ നിലപാടിനെ നബിﷺ തങ്ങൾ തന്നെ മഹാനാണെന്ന് സമ്മതിക്കുന്ന ഈസാ നബിയെ عليه السلام കൃസ്ത്യാനികൾ ആരാധിക്കുന്നത് ചൂണ്ടിക്കാട്ടി എതിർത്ത് തോല്പിക്കാമെന്ന ഖുറൈശ് നിലപാടിനെ അള്ളാഹു ആക്ഷേപിച്ചിരിക്കുകായാണിവിടെ. അതാണ് ഈസാ നബിയെ ഒരു ഉദാഹരണമായി എടുത്ത് കാണിക്കപ്പെട്ടപ്പോൾ അങ്ങയുടെ ജനത അതിന്റെ പേരിൽ ആർത്തു വിളിക്കുന്നു അഥവാ തങ്ങളെ കളിയാക്കി ചിരിക്കുന്നു എന്ന് അള്ളാഹു പറഞ്ഞത്
(58)
وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ
وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ
ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം അതോ അദ്ദേഹമാണോ എന്ന് അവർ പറയുകയും ചെയ്തു.അവർ തങ്ങളുടെ മുന്നിൽ അത് എടുത്തു കാണിച്ചത് ഒരു തർക്കത്തിനായി മാത്രമാണ്.മാത്രവുമല്ല അവർ പിടിവാശിക്കാരായ ഒരു ജന വിഭാഗമാകുന്നു.
ഞങ്ങളുടെ ദൈവങ്ങളെ നിരാകരിക്കുന്ന മുഹമ്മദ് നബി ﷺആ ദൈവങ്ങളേക്കാൾ ഉത്തമനാണോ എന്ന് തർക്ക രൂപേണ അവർ ചോദിക്കുകയാണ് .ബിംബങ്ങളെയും പ്രതിഷ്ടകളെയും ആരാധിച്ചിരുന്ന മക്കക്കാർ ഈസാ നബി عليه السلام യെ ചൂണ്ടിക്കാട്ടി നബി ﷺതങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് വെറും കുതർക്കത്തിന്റെ പേരിലാണ് കാരണം അവർ ഈസാ നബിയെ ആരാധിച്ചിരുന്നില്ല. എന്നിട്ടും അള്ളാഹുവല്ലാത്തവരെ ആരാധിക്കരുതെന്നും അത് നരക പ്രവേശനം എളുപ്പമാക്കുമെന്നും നബിﷺതങ്ങൾ താക്കീത് നൽകിയപ്പോൾ അവർ ഈസാ നബിയും നരകത്തിലോ എന്ന് ചോദിക്കുന്നത് ന്യായ യുക്തമല്ല വെറും കുതർക്കമാണ്. സന്മാർഗം വന്നു കിട്ടിയ ശേഷം ഒരു ജനത വഴി തെറ്റിയാൽ അവർ കുതർക്കം നടത്താതിരിക്കില്ല എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്(ഇബ്നു കസീർ)
അതായത് സന്മാർഗം പ്രവാചകന്മാർ പ്രഖ്യാപിച്ചാൽ അത് ഉൾക്കൊള്ളാത്തവർ അതിനെ പ്രതിരോധിക്കാനായി വെറുതെ തർക്കിച്ചു കൊണ്ടിരിക്കും അതിൽ ന്യായമോ സത്യമോ അല്പം പോലും ഉണ്ടാവില്ല.അള്ളാഹു മാത്രമേ ആരാധിക്കപ്പെടാൻ അർഹനുള്ളൂ എന്ന വ്യക്തമായ സത്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആരാണ് ഉത്തമന്മാർ എന്നത് പോലുള്ള ഇവരുടെ ചോദ്യങ്ങൾ കൊണ്ട് സാധിക്കില്ലെന്നും ഇത് ഒരു തരം പിടി വാശി മാത്രമാണെന്നും അള്ളാഹു സ്ഥിരീകരിക്കുകയാണിവിടെ
ഞങ്ങളുടെ ദൈവങ്ങളാണോ അതോ അദ്ദേഹമാണോ ഉത്തമം എന്ന അവരുടെ ചോദ്യത്തിലെ ‘അദ്ദേഹം’ ഈസാ നബി عليه السلام യാണോ അതോ മുഹമ്മദ് നബി ﷺയാണോ എന്നതിൽ വ്യാഖ്യാതാക്കൾക്ക് വ്യത്യസ്ഥ വീക്ഷണമുണ്ട്. ഈസാ നബി عليه السلام യാണ് എന്ന വീക്ഷണമനുസരിച്ച് ആശയം ഇങ്ങനെയാണ്.ഞങ്ങളുടെ ദൈവങ്ങൾ നരകത്തിലായാലും ഞങ്ങൾ ഈസാ عليه السلام എന്ന മഹാനോടൊപ്പമാണല്ലൊ നരകത്തിൽ കടക്കുക അത് കൊണ്ട് ഈ നരകവും ഞങ്ങൾക്കൊരു സുഖം തന്നെയാണ്.
ഇനി നബി ﷺതങ്ങളാണ് അവിടെ ഉദ്ദേശ്യം എന്ന് വെച്ചാൽ അവർ നബി ﷺതങ്ങളേക്കാൾ മഹത്വം ഞങ്ങളുടെ ദൈവങ്ങൾക്കാണെന്ന് സ്ഥിരീകരിക്കും വിധത്തിലുള്ള ചോദ്യമാണത്. എന്തായാലും മുഹമ്മദ് നബി ﷺതങ്ങളുടെ നിലപാട് ഞങ്ങൾ സ്വീകരിക്കില്ല എന്ന ദുർവാശി മാത്രമാണവർക്കുള്ളത്
ഇമാം റാസി رحمة الله عليه എഴുതുന്നു . “തർക്കം മുഴുവനും ആക്ഷേപാർഹമാണെന്നതിനു ഈ സൂക്തം കൊണ്ട് ചിലർ തെളി പറഞ്ഞുവെങ്കിലും അത് പൂർണമായി ശരിയല്ല. ചില തർക്കങ്ങളെ ഖുർആൻ തന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അപ്പോൾ ആക്ഷേപാർഹമായ തർക്കം അസത്യത്തെ സ്ഥാപിക്കാൻ വേണ്ടി നടത്തുന്നത് മാത്രവും സത്യം സ്ഥിരീകരിക്കാനായി നടത്തുന്ന തർക്കം സ്തുത്യർഹവും എന്ന് മനസ്സിലാക്കുകയാണ് വേണ്ടത് (റാസി)
59)
إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِّبَنِي إِسْرَائِيلَ
إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِّبَنِي إِسْرَائِيلَ
അദ്ദേഹം നമ്മുടെ ഒരു ദാസൻ മാത്രമാകുന്നു അദ്ദേഹത്തിനു നാം അനുഗ്രഹം നൽകുകയും അദ്ദേഹത്തെ ഇസ്റയേൽ സന്തതികൾക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു
ഈസാ നബി പ്രവാചകത്വം കൊണ്ട് നാം അനുഗ്രഹിച്ച അടിമ മാത്രമാണ് മുശ്രിക്കുകൾ ജല്പിക്കുന്നത് പോലെ ദൈവമോ ദൈവ പുത്രനോ അല്ല. അദ്ദേഹത്തിന്റെ പിതാവില്ലാതെയുള്ള ജന്മം അവർക്കൊരു പാഠമായിരുന്നു യഥാർത്ഥ ദൈവമായ അള്ളാഹുവിന്റെ ശക്തി മനസ്സിലാക്കാൻ.മരിച്ചവരെ ജീവിപ്പിക്കൽ, വെള്ളപ്പാണ്ഡും കുഷ്ഠവും സുഖപ്പെടുത്തൽ തുടങ്ങി സമകാലികർക്കില്ലാത്ത പല സിദ്ധികളും അദ്ദേഹത്തിനു നൽകിയത് അദ്ദേഹത്തിനു നാം അനുഗ്രഹം നൽകി എന്നതിന്റെ പരിധിയിൽ വരുന്നകാര്യങ്ങളാണ്.ഇതെല്ലാം ഉണ്ടായിട്ടും ഞാൻ ദൈവമല്ല ദൈവ ദാസൻ മാത്രമാണെന്ന് അദ്ദേഹം അംഗീകരിച്ചതും പ്രഖ്യാപിച്ചതും അക്കാലത്തെ നല്ലവരായ ഇസ്റയേലികൾ അംഗീകരിക്കുകയും അദ്ദേഹത്തെ മാതൃകയാക്കുകയും ചെയ്തിരുന്നു(ഖുർതുബി)
എന്നാൽ കാലാന്തരത്തിൽ ദൈവദാസനാണെന്ന് ശക്തമായി വാദിച്ചിരുന്ന ഈസാ നബി ആരാധിക്കപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ മാതൃക തള്ളിക്കളഞ്ഞവരുടെ ദുഷ് പ്രവർത്തിയാണെന്ന് സാരം
അദ്ദേഹത്തെ ഇസ്റയേലികൾക്ക് മാതൃകയാക്കി എന്നാൽ നാം ഉദ്ദേശിക്കുന്നത് പ്രവർത്തിക്കാൻ നമുക്കു കഴിവുണ്ടെന്നതിന്റെ വ്യക്തമായ തെളിവായി ഈസാ നബി عليه السلام യെ നാം ആക്കി എന്നാണ് ഉദ്ദേശ്യം (ഇബ്നു കസീർ)
(60)
وَلَوْ نَشَاء لَجَعَلْنَا مِنكُم مَّلَائِكَةً فِي الْأَرْضِ يَخْلُفُونَ
وَلَوْ نَشَاء لَجَعَلْنَا مِنكُم مَّلَائِكَةً فِي الْأَرْضِ يَخْلُفُونَ
നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളുടെ പിൻ തലമുറയായിരിക്കത്തക്ക വിധം നിങ്ങളുടെ സ്ഥാനത്ത് നാം മലക്കുകളെ ഭൂമിയിൽ ഉണ്ടാക്കുമായിരുന്നു
നാം വിചാരിച്ചിരുന്നുവെങ്കിൽ നിങ്ങളെ നശിപ്പിച്ച് ഭൂമിയിൽ എന്നെ ആരാധിക്കാനും എന്നെ അനുസരിക്കാനും മലക്കുകളെ നിശ്ചയിക്കാൻ നമുക്ക് സാധിക്കുമായിരുന്നു.അതിനാൽ നിങ്ങളുടെ ധിക്കാര മനസ്ഥിതി ഒഴിവാക്കുകയും അനുസരണ ശീലം പതിവാക്കുകയും ചെയ്യുക
(61)
وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ هَذَا صِرَاطٌ مُّسْتَقِيمٌ
وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ هَذَا صِرَاطٌ مُّسْتَقِيمٌ
തീർച്ചയായും അദ്ദേഹം അന്ത്യ സമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു അതിനാൽ അതിനെ (അന്ത്യ ദിനത്തെ)പറ്റി നിങ്ങൾ സംശയിച്ചു പോകരുത് എന്നെ നിങ്ങൾ പിന്തുടരുക. ഇതാകുന്നു നേരായ പാത
ഈസാ നബി അന്ത്യ നാളിന്റെ അടയാളമാകുന്നു.അഥവാ അന്ത്യനാളിനോടനുബന്ധിച്ച് ഒരിക്കൽ കൂടി ഈസാ عليه السلام ഇവിടെ വരികയും പ്രബോധന പ്രവർത്തങ്ങളിൽ ഇടപെടുകയും ചെയ്യും(പ്രവാചകൻ എന്ന നിലക്കല്ല മുത്ത് നബിയുടെ അനുയായി എന്ന നിലക്കായിരിക്കും ആ വരവ്) ഈസാ നബി عليه السلام യുടെ ആ വരവ് അന്ത്യ നാൾ അടുത്തെത്തി എന്നതിന്റെ അടയാളമായിരിക്കും ഈ ലോകത്തിന്റെ നാശവും പരലോകത്തിന്റെ മുന്നേറ്റവും അത് അറിയിക്കും
ഖുർആൻ പരലോകത്തെയും അതിന്റെ ഭയാനകതയെയും നിങ്ങൾക്ക് അറിയിച്ച് തരും എന്നും ഇവിടെ വ്യാഖ്യാനമുണ്ട് .രണ്ടായാലും അന്ത്യ നാൾ സംഭവിക്കുക തന്നെ ചെയ്യും അത് സംഭവിക്കുമോ എന്നതിൽ നിങ്ങൾക്ക് സന്ദേഹം പാടില്ല.അത് കൊണ്ട് ഞാൻ കല്പിച്ചവ പ്രവർത്തിച്ചും വിലക്കിയവ കയ്യൊഴിച്ചും എന്നെ നിങ്ങൾ പിന്തുടരണം എന്റെ കല്പനകളെ സ്വീകരിക്കലും വിരോധങ്ങളെ കയ്യൊഴിക്കലും വക്രതയില്ലാത്ത നേർവഴിയാകുന്നു (ഥബ്രി)
(62)
وَلَا يَصُدَّنَّكُمُ الشَّيْطَانُ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
وَلَا يَصُدَّنَّكُمُ الشَّيْطَانُ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
പിശാച് (അതിൽ നിന്ന്) നിങ്ങളെ തടയാതിരിക്കട്ടെ തീർച്ചയായും അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകുന്നു
നേർമാർഗത്തിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ പിശാച് നടത്തുന്ന ദുർബോധനങ്ങളിലോ താർക്കികന്മാരായ നിഷേധികൾ നടത്തുന്ന തെറ്റിദ്ധരിപ്പിക്കലിലോ ചെന്ന് പെടാതെ നേർമാർഗം നിങ്ങൾ മുറുകെ പിടിക്കണം .പിശാച് ഒരിക്കലും നിങ്ങളുടെ നന്മ ആഗ്രഹിക്കാത്ത വ്യക്തമായ ശത്രുവാണെന്ന് ഓർക്കണം.നിങ്ങളെ നേർമാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് അവൻ പരസ്യമായി പ്രഖ്യാപിച്ചതും മനുഷ്യ പിതാവായ ആദം നബി عليه السلام ക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ചതും ശക്തമായ അസൂയ കാരണം ആദം നബിയെ സ്വർഗത്തിൽ നിന്ന് പുറത്തെത്തിക്കാൻ കരുക്കുകൾ നീക്കിയതുമെല്ലാം അവന്റെ ശത്രുതയുടെ തെളിവുകളത്രെ(ഥബ്‌രി)
(63)
وَلَمَّا جَاء عِيسَى بِالْبَيِّنَاتِ قَالَ قَدْ جِئْتُكُم بِالْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُونِ
وَلَمَّا جَاء عِيسَى بِالْبَيِّنَاتِ قَالَ قَدْ جِئْتُكُم بِالْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُونِ
വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ عليه السلام വന്നിട്ട് ഇങ്ങനെ പറഞ്ഞു തീർച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത് നിങ്ങൾ അഭിപ്രായ ഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലത് ഞാൻ നിങ്ങൾക്ക് വിവരിച്ച് തരാൻ വേണ്ടിയും.ആകയാൽ നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ
മരിച്ചവരെ ജീവിപ്പിക്കൽ, മാറാവ്യാധികൾ സുഖപ്പെടുത്തൽ, പക്ഷിരൂപമുണ്ടാക്കി അതിൽ ഊതിയിട്ട് പക്ഷിയാക്കൽ, ആകാശത്ത് നിന്ന് ഭക്ഷണത്തളിക വരൽ, അദൃശ്യങ്ങൾ വിവരിക്കൽ തുടങ്ങി ധാരാളം തെളിവുകളുമായി വന്ന് ഈസാ നബി عليه السلام അവരോട് പറഞ്ഞു.ഞാൻ പ്രവാചകനായി നിങ്ങളിലേക്ക് വന്നിരിക്കുകയാണ്. മത വിഷയത്തിൽ നിങ്ങൾക്കുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ തീർപ്പ് കൽപ്പിക്കുകയും ശരിയായ നിലപാട് ഞാൻ നിങ്ങൾക്ക് വിവരിച്ചു തരികയും ചെയ്യും.അതിനാൽ നിങ്ങൾ ബഹുദൈവത്വം ഒഴിവാക്കി അള്ളാഹുവെ മാത്രം ആരാധിക്കുകയും ഞാൻ നിങ്ങളെ ക്ഷണിക്കുന്ന കാര്യങ്ങൾക്ക് നിങ്ങൾ വഴിപ്പെടുകയും വേണം എന്ന്. ഇതാണ് ഈസാ عليه السلام അവരോട് പറഞ്ഞത് എന്നിരിക്കെ ആ ഈസാ നബിയെ തന്നെ ആരാധിക്കുന്നത് എന്ത് മാത്രം തെറ്റായ നടപടിയാണ്(ഖുർതുബി)
(64)
إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَاطٌ مُّسْتَقِيمٌ
إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَاطٌ مُّسْتَقِيمٌ
തീർച്ചയായും അള്ളാഹു തന്നെയാകുന്നു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും.അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക.ഇതാകുന്നു നേരായ പാത
അതായത് ഞാനും നിങ്ങളും അള്ളാഹുവിന്റെ അടിമകളും അവനിലേക്ക് ആശ്രയിക്കേണ്ടവരുമാണ് അവനെ മാത്രമേ ആരാധിക്കാവൂ എന്നതാണ് നേർമാർഗം. അതാണ് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതും.(ഇബ്നു കസീർ)
അള്ളാഹുവെ മാത്രം ആരാധിക്കൽ നേർമാർഗവും മറ്റുള്ളതെല്ലാം വക്രവും സത്യത്തിലേക്ക് നമ്മെ നയിക്കാത്തതുമാകുന്നു(ഖുർതുബി)
(65)
فَاخْتَلَفَ الْأَحْزَابُ مِن بَيْنِهِمْ فَوَيْلٌ لِّلَّذِينَ ظَلَمُوا مِنْ عَذَابِ يَوْمٍ أَلِيمٍ
എന്നിട്ട് അവർക്കിടയിലുള്ള കക്ഷികൾ ഭിന്നിച്ചു അതിനാൽ അക്രമം പ്രവർത്തിച്ചവർക്ക് വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം നാശം
ഇത്രയും വിശദമായി ഈസാ عليه السلام ഏകദൈവ സിദ്ധാന്തം വിവരിച്ചിട്ടും അവർക്കിടയിൽ ശക്തമായ ഭിന്നിപ്പുണ്ടായി .ഈസാ عليه السلام അള്ളാഹുവിന്റെ അടിമയും റസൂലുമാണെന്ന് ശരിയായ നിലപാട് ചിലർക്കുണ്ടായി. എന്നാൽ ഈസാ അള്ളാഹുവിന്റെ മകനാണെന്നും, അള്ളാഹു തന്നെയാണെന്നും ത്രിയേകത്വത്തിന്റെ ഭാഗമാണെന്നുമെല്ലാം തർക്കിച്ച് ഭിന്നിച്ചു പോയി അവർ.അത്തരക്കാർക്കെല്ലാം അന്ത്യ നാളിൽ വേദനാജനകമായ ശിക്ഷയാലുള്ള നാശം വരാനിരിക്കുന്നു.
അള്ളാഹു സത്യമുൾക്കൊള്ളാൻ നമ്മെ സഹായിക്കട്ടെ ആമിൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment