അദ്ധ്യായം
42
| സൂറത്തു ശ്ശുറാ الشوري |
മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 53
ഭാഗം-01
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ
നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
ഭാഗം
-01 ( 01 മുതൽ 06 വരെ )
(1)
حم
حم
വിശദീകരണം അള്ളാഹുവിനറിയാം
(2)
عسق
വിശദീകരണം അള്ളാഹുവിനറിയാം
(3)
كَذَلِكَ
يُوحِي إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ اللَّهُ الْعَزِيزُ الْحَكِيمُ
അപ്രകാരം തങ്ങൾക്കും തങ്ങളുടെ മുമ്പുള്ളവർക്കും പ്രതാപിയും യുക്തിമാനുമായ അള്ളാഹു ബോധനം നൽകുന്നു
തങ്ങൾക്ക് അള്ളാഹു ഖുർആൻ അവതരിപ്പിച്ചത് പോലെ തങ്ങൾക്കും മറ്റു പ്രവാചകന്മാർക്കും അള്ളാഹു ദിവ്യ ബോധനം നൽകുന്നുണ്ട്
ഇമാം റാസി رحمة الله عليه എഴുതുന്നു. “ബോധനം നൽകുന്നുണ്ടെന്ന് പറയുമ്പോൾ അത് നൽകുന്ന ഒരു ശക്തി വേണമെന്ന് വന്നു.ആ ശക്തിയാണ് അള്ളാഹു.അവന്റെ രണ്ട് വിശേഷണങ്ങൾ ഇവിടെ പറഞ്ഞിരിക്കുന്നു അവൻ പ്രതാപിയാണെന്നതാണ് ഒന്ന്.ആ വിശേഷണത്തിൽ നിന്ന് അവൻ അറ്റമില്ലാത്ത കഴിവിന്റെ ഉടമയാണെന്ന് വ്യക്തമായി.അപ്പോൾ മാത്രമേ അവൻ എന്ത് തീരുമാനിച്ചാലും അത് നടാപ്പാക്കാൻ അവന്ന് സാധിക്കുകയുള്ളൂ.
അവൻ യുക്തിയുക്തം പ്രവർത്തിക്കുന്നവനാണെന്നതാണ് രണ്ടാമത്തെ വിശേഷണം.അവൻ എല്ലാം അറിയുന്നവനും മറ്റാരിലേക്കും ഒരു ആവശ്യവും വരാത്തവനാണെന്നും അതിൽ നിന്ന് വ്യക്തമായി.എന്തിനും കഴിയുന്ന എല്ലാം അറിയുന്ന നിരാശ്രയനായ അള്ളാഹുവിന്റെ എല്ലാ പ്രവർത്തനങ്ങളും സത്യവും യുക്തവുമായിരിക്കുമെന്നും പോരായ്മകളിൽ നിന്നെല്ലാം മുക്തമായിരിക്കുമെന്നും മനസ്സിലാക്കാം (റാസി)
(4)
لَهُ
مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَهُوَ الْعَلِيُّ الْعَظِيمُ
അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവൻ
ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെ അധികാരത്തിലാണെന്ന പ്രഖ്യാപനത്തിൽ നിന്ന് അവ എത്ര വിശാലമാണെങ്കിലും മഹാ കാര്യമാണെങ്കിലും അത് സൃഷ്ടിക്കാനും സംഹരിക്കാനും അവൻ പൂർണമായും കഴിവുള്ളവനാണെന്ന് മനസ്സിലാക്കണം അവയെല്ലാം അള്ളാഹുവിന്റെ ഉടമയിലാണെന്ന് വന്നതോടെ അവൻ ആകശത്തിലായിരിക്കുക എന്ന് അവനെ കുറിച്ച് പറയുന്നത് ശരിയല്ലെന്നും മനസ്സിലായി.അവൻ ഉന്നതനാണെന്ന് പറയുന്നത് ഭാഗം സ്ഥലം എന്ന പരിഗണനയിലുള്ള ഉയർച്ചയല്ല എന്നും മഹാനാണെന്നത് അവന്റെ ശക്തിയും ആരാധിക്കപ്പെടാൻ അർഹനായിരിക്കൽ എന്നതിലെ പൂർണതയാണെന്നും വ്യക്തമായി (റാസി)
(5)
تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِن فَوْقِهِنَّ وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِي الْأَرْضِ أَلَا إِنَّ اللَّهَ هُوَ الْغَفُورُ الرَّحِيمُ
ആകാശങ്ങൾ അവയുടെ ഉപരിഭാഗത്ത് നിന്ന് പൊട്ടിപ്പിളരുമാറാകുന്നു മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. ഭൂമിയിലുള്ളവർക്ക് വേണ്ടി അവർ പാപ മോചനം തേടുകയും ചെയ്യുന്നു. അറിയുക! തീർച്ചയായും അള്ളാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യവാനും
അള്ളാഹുവിനെ സംബന്ധിച്ച് അനാവശ്യമായ കുറെ വാദങ്ങൾ (അള്ളാഹു സന്താനോല്പാദനം നടത്തി എന്ന് തുടങ്ങിയുള്ളവ) ഉന്നയിച്ച നിഷേധികളുടെ അപകടകരമായ നിലപാടുകളിൽ അള്ളാഹുവിന്റെ മഹത്വത്തെ ഉൾക്കൊണ്ട് ആകാശങ്ങൾ അവയുടെ ഉപരിഭാഗത്ത് നിന്ന് ഭയം കൊണ്ട് പൊട്ടിപ്പിളരുവാൻ അടുത്തായി അത്രയും ഗുരുതരമായ അശ്ലീലമാണിവരുടെ വാദങ്ങൾ എന്നാണിവിടെ പറയുന്നത് (ഇബ്നുകസീർ/ ബഗ്വി/ ഖുർതുബി)
അള്ളാഹുവിനോട് യോജിക്കാത്ത എല്ലാ വിശേഷണങ്ങളിൽ നിന്നുമുള്ള അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും അവനെ സ്തുദിക്കുകയും ചെയ്യുന്ന മലക്കുകൾ ബഹുദൈവാരാധകരുടെ ഇത്തരം ആരോപണങ്ങളിൽ അത്ഭുതപ്പെടുകയും ചെയ്യുന്നു (ഖുർതുബി)
മലക്കുകൾ വിശ്വാസികളുടെ ദോഷം പൊറുത്ത് കൊടുക്കാനായി അള്ളാഹുവോട് അവർക്ക് വേണ്ടി പാപ മോചനം തേടുകയും ചെയ്യുന്നു ഇവിടെ സന്തോഷ വേളകളിൽ അള്ളാഹുവിനെ മറക്കാത്ത വിശ്വാസികൾക്കാണ് മലക്കുകൾ പൊറുക്കലിനെ തേടുക എന്നും പ്രയാസത്തിൽ മാത്രം അള്ളാഹുവെ ഓർക്കുന്നവരെ അവർ അവഗണിക്കുമെന്നും വീക്ഷണമുണ്ട് ..മനുഷ്യൻ അക്രമങ്ങൾ കാണിക്കുകയും അള്ളാഹുവിനെ ധിക്കരിക്കുകയും ചെയ്യുമ്പോൾ അവർക്കെതിരെ ഉടൻ ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാൻ അള്ളാഹുവോട് അവർ ആവശ്യപ്പെടുന്നതിനെക്കുറിച്ചാണ് അവർ പൊറുക്കലിനെ തേടുന്നു എന്ന് പറയുന്നത്
എന്നും അഭിപ്രായമുണ്ട്. അള്ളാഹുവിന്റെ അടിമകളോട് ഏറ്റവും ഗുണകാംക്ഷയുള്ളവരാണ് മലക്കുകൾ എന്നും അടിമകളോട് ഏറ്റവും കുശുമ്പ് പിശാചുക്കൾക്കാണെന്നും മുഥ്രിഫ് എന്നവർ പറഞ്ഞിരിക്കുന്നു. "അള്ളാഹുവെ ഭയപ്പെട്ട് ആകാശങ്ങൾ പൊട്ടിപ്പിളരാറായെന്ന്" സൂക്തത്തിന്റെ തുടക്കത്തിൽ പറഞ്ഞത് അള്ളാഹുവിന്റെ ഗാംഭീര്യവും ഒടുക്കത്തിൽ "ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യവാനുമെന്ന്” പരിചയപ്പെടുത്തിയത് സന്തോഷത്തിന്റെയും സൂചനയായി(ഖുർതുബി)
ഇമാം റാസി رحمة الله عليه എഴുതുന്നു “ഈ അദ്ധ്യാത്തിന്റെ മൂന്നാം സൂക്തത്തിൽ അള്ളാഹു പ്രതാപിയും യുക്തിമാനുമാണെന്ന് പറഞ്ഞത് അള്ളാഹുവിന്റെ മഹത്വം പ്രകാശിപ്പിച്ചതും ഈ സൂക്തത്തിൽ അവന്റെ ഗാംഭീര്യം സ്ഥിരീകരിച്ചതുമാണ്.അള്ളാഹുവിന്റെ സൃഷ്ടികൾ രണ്ട് വിധം ഒന്ന് ശാരീക ലോകത്തുള്ളവ.രണ്ടാമത്തത് ആത്മീയ ലോകത്തുള്ളവ. ശാരീരിക ലോകത്തുള്ളവയിൽ ഏറ്റവും വലുത് ആകാശങ്ങളും ആത്മീയ ലോകത്തുള്ളവയിൽ ഏറ്റവും വലുത് മലക്കുകളുമാണ് ഇവ രണ്ടിലും അള്ളാഹുവിന്റെ ശക്തി നടപ്പാക്കാൻ അവന്ന് സാധിച്ചുവെന്ന് സ്ഥിരീകരിക്കുന്നതാണീ സൂക്തം ആകാശങ്ങൾ (അവനെ ഭയപ്പെട്ട്) അവയുടെ ഉപരിഭാഗത്ത് നിന്ന് പൊട്ടിപ്പിളരുമാറാകുന്നു എന്നത് ശാരീരിക ലോകത്തുള്ള അവന്റെ ആധിപത്യം സൂചിപ്പിക്കുമ്പോൾ മലക്കുകൾ അവനെ സ്തുദിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നുവെന്നത് ആത്മീയ ലോകത്തുള്ള അവന്റെ ആധിപത്യത്തെ സ്ഥിരീകരിക്കുന്നു ഇത് വളരെ ശ്രേഷ്ഠമായ ക്രമീകരണവും വ്യക്തമായ തെളിവുമാകുന്നു
ഇമാം റാസി رحمة الله عليه തുടരുന്നു "മലക്കുകൾ എന്ന അത്മീയ ലോകത്തെ മഹന്മാർക്ക് മഹത്വത്തിന്റെയും ഗാംഭീര്യത്തിന്റെയും ശക്തിയായ അള്ളാഹുവോട് അവൻ പറയുന്നതെന്തും സ്വീകരിക്കുക എന്ന ബന്ധവും അവനിൽ നിന്ന് ലഭിക്കുന്ന ആത്മീയമായ കടാക്ഷം മുഖേന അവർക്ക് ലഭ്യമാകുന്ന ആത്മശക്തി മൂലം ശാരീരിക ലോകത്തെ സൃഷ്ടികളിൽ സ്വാധീനം ചെലുത്താൻ സാധിക്കും വിധം അവരോടുള്ള ബന്ധവും അവർക്ക് ലഭ്യമാകുന്നു "അള്ളാഹുവെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ അവർ വാഴ്ത്തുന്നു" എന്നത് അള്ളാഹുവോടുള്ള ബന്ധത്തിലേക്കും “ഭൂമിയിലുള്ളവർക്ക് പാപ മോചനം തേടുന്നു” എന്നത് സൃഷ്ടികളോടുള്ള ബന്ധത്തിലേക്കും സൂചന നൽകുന്നു സൃഷ്ടികളെ അനുചിതമായ എല്ലാ വഴികളിൽ നിന്നും കരകയറ്റി അള്ളാഹുവെ അറിയാനുള്ള പരമ സത്യത്തിലേക്ക് വലിച്ചു കൊണ്ടുവരാൻ അവർക്ക് സ്വാധീനം ചെലുത്താൻ സാധിക്കുന്നു എന്നത് എന്തൊരു മഹത്തായ കാര്യമാണ്! “അള്ളാഹുവിനു് തസ്‌ബീഹ് ചൊല്ലുക” എന്നാൽ അനുയോജ്യമല്ലാത്ത എല്ലാ സംഗതികളിൽ നിന്നും അള്ളാഹു പരിശുദ്ധനാണെന്ന പ്രഖ്യാപനം നടത്തലും "സ്തുതിക്കുക", എന്നതിന്റെ ഉദ്ദേശ്യം അള്ളാഹുവിൽ നിന്ന് ലഭ്യമാകുന്ന അനുഗ്രഹങ്ങളുടെ പേരിൽ അവനെ വർണിക്കലുമാണ് .അനുയോജ്യമല്ലാത്തവയിൽ നിന്നുള്ള മുക്തിക്കാണ് കൂടുതൽ പ്രാധാന്യം എന്നതിനാലാണ് തസ്‌ബീഹ് നിർവഹിക്കുക എന്നത് ഹംദ് ചെയ്യുക എന്നതിനേക്കാൾ ആദ്യം പരാമർശിക്കുന്നത്
“ഭൂമിയിലുള്ളവർക്ക് പാപമോചനം തേടുന്നു” എന്ന് പറയുമ്പോൾ അവിശ്വാസികൾക്ക് കൂടി പാപ മോചനം തേടുന്നു എന്ന് വരുമല്ലോ അവർക്ക് പാപ മോചനം തേടൽ വിലക്കപ്പെട്ട കാര്യമല്ലേ? എന്ന് ചോദിച്ചാൽ നിവാരണം പലവിധത്തിലുമുണ്ട്
(ഒന്ന്)ഭൂമിയിലുള്ളവർക്ക് എന്ന പ്രയോഗം ചിലർക്ക് മാത്രം എന്ന അർത്ഥത്തിലും എല്ലാവർക്കും എന്ന അർത്ഥത്തിലും പ്രയോഗിക്കാവുന്നതായതിനാൽ എല്ലാവർക്കും എന്ന് ഇവിടെ ഉദ്ദേശ്യമുണ്ടെന്ന് ഉറപ്പിക്കാൻ കഴിയില്ല
(രണ്ട്) ഇവിടെ വിശ്വാസികൾക്ക് പാപ മോചനം തേടുമെന്നേ ഉദ്ദേശ്യമുള്ളൂ എന്ന് നാല്പതാം അദ്ധ്യായം സൂറത്തു ഗാഫിറിലെ ഏഴാം സൂക്തത്തിൽ “സത്യ വിശ്വാസികൾക്ക് അവർ പൊറുക്കലിനെ തേടും" എന്ന സൂക്തം അറിയിക്കുന്നുണ്ട്
(മൂന്ന്) അവരുടെ കുറ്റങ്ങൾക്ക് ഉടൻ ശിക്ഷ നൽകരുത് എന്നേ ഇവിടെ പറയുന്ന പാപ മോചനം തേടുക എന്നതിന് അർത്ഥമുള്ളൂ അങ്ങനെ ചെയ്യാവുന്നതുമാണ്
(നാല്) എല്ലാവർക്കും പൊറുക്കലിനെ തേടുന്നു എന്ന് തന്നെ ഉദ്ദേശ്യം പക്ഷെ ആദ്യം അവർ വിശ്വാസത്തിലെത്താനും പിന്നീട് പാപ മോചനത്തിനുമാണ് പ്രാർത്ഥന അതായത് സത്യ നിഷേധികൾക്ക് വിശ്വാസത്തോട് താല്പര്യം നൽകാനും അവിശ്വാസത്തിന്റെ ചിന്തകളിൽ നിന്ന് അവർക്ക് രക്ഷ കിട്ടാനുമാണ് പ്രാർത്ഥന അത് തത്വത്തിൽ പാപ മോചന തേട്ടം തന്നെ .സത്യ വിശ്വാസികൾക്ക് പാപ മോചനത്തിനു് പ്രാർത്ഥിക്കുക എന്നാൽ അവരിൽ നിന്ന് സംഭവിക്കുന്ന തെറ്റുകൾക്ക് ശിക്ഷ കൊടുക്കാതെ വിട്ടു വീഴ്ച ചെയ്യുക എന്നുമാണ്
ഇമാം റാസി رحمة الله عليه തുടരുന്നു.മലക്കുകൾ വിശ്വാസികൾക്ക് വേണ്ടി ഇത്രയും ചെയ്യുമെന്ന് പറയുമ്പോൾ അള്ളാഹുവിന്റെ കാരുണ്യത്തോട് അത് അടുത്ത് വരുമെന്ന് ധരിക്കേണ്ടതില്ല കാരണം മലക്കുകൾ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തന്നെ അള്ളാഹു അതിന് മലക്കുകൾക്ക് പ്രേരണ നൽകിയത് കൊണ്ടാണ് അതായത് അവരുടെ പ്രാർത്ഥനയും അള്ളാഹുവിന്റെ കാരുണ്യം തന്നെ .മാത്രവുമല്ല.മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കത്തിൽ രക്തച്ചൊരിച്ചിലും കുഴപ്പവുമുണ്ടാക്കുന്നവരെ എന്തിന് പടക്കണമെന്ന് ചോദിച്ച മലക്കുകളാണ് ഒടുക്കം അവർക്ക് വേണ്ടി പാപ മോചനം തേടുന്നത്. എന്നാൽ അള്ളാഹു ആദ്യമേ അവന്റെ കാരുണ്യം നൽകിയവനാണ്.മലക്കുകൾ പാപ മോചനത്തിനു മാത്രം ചോദിക്കുമ്പോൾ പാപ മോചനവും കാരുണ്യവും അള്ളാഹു നൽകുന്നു അതായത് നിരുപാധിക കരുണയും പാപ മോചനവും നാഥനിൽ നിന്ന് മാത്രം എന്ന പ്രഖ്യാപനമാണ് “അറിയുക! തീർച്ചയായും അള്ളാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യവാനും” എന്ന് പറഞ്ഞത് (റാസി)
(6)
وَالَّذِينَ
اتَّخَذُوا مِن دُونِهِ أَولِيَاء اللَّهُ حَفِيظٌ عَلَيْهِمْ وَمَا أَنتَ
عَلَيْهِم بِوَكِيلٍ
അവനു പുറമേ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ അവരെ അള്ളാഹു സൂക്ഷ്മ നിരീക്ഷണം ചെയ്തു കൊണ്ടിരിക്കുകയാകുന്നു തങ്ങൾ അവരുടെ കാര്യത്തിൽ ചുമതല ഏൽപ്പിക്കപ്പെട്ടവരേ അല്ല
നബി ﷺതങ്ങളുടെ ഉപദേശം അവഗണിക്കുകയും അള്ളാഹുവിന് പങ്കാളികളെ സ്ഥാപിക്കുകയും ചെയ്യുന്നവരുടെ ധിക്കാരത്തിന് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും അവർ എന്ത് കൊണ്ട് നന്നായില്ല എന്ന ചോദ്യം തങ്ങളിലേക്ക് വരില്ലെന്നും അള്ളാഹു അവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് അർഹമായ പ്രതിഫലം അവർക്ക് നൽകുക തന്നെ ചെയ്യുമെന്നും അവർക്ക് താക്കീത് നൽകൽ മാത്രമേ തങ്ങൾ ചെയ്യേണ്ടതുള്ളൂ എന്നും ഉണർത്തി തങ്ങളെ സമാധാനിപ്പിച്ചിരിക്കുകയാണിവിടെ.
അളവറ്റ അനുഗ്രഹങ്ങൾ നൽകി നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്റെ നിയമ നിർദ്ദേശങ്ങൾ പാലിക്കാൻ നമുക്കവൻ ഭാഗ്യം നൽകട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment