അദ്ധ്യായം
43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89
‘സുഖ്‌റുഫ്’ എന്നാൽ സ്വർണം. ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണം, അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾ, അറബികളുടെ സത്യ നിഷേധം, പൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾ, പരലോക ശിക്ഷകൾ, പരലോക നേട്ടങ്ങൾ, മൂസാ നബിയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ
നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
ഭാഗം
-09 ( 74 മുതൽ 80 വരെ )
(74)
إِنَّ
الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ
നിശ്ചയം കുറ്റവാളികൾ നരക ശിക്ഷയിൽ നിത്യ വാസികളായിരിക്കും
സ്വർഗാവകാശികളുടെ അവസ്ഥയും അവർക്ക് ലഭിക്കുന്ന സന്തോഷങ്ങളും കഴിഞ്ഞ സൂക്തങ്ങളിലൂടെ വിശദീകരിച്ച അള്ളാഹു അവരുടെ നേർവിപരീത ശൈലി സ്വീകരിച്ചവരുടെ അവസ്ഥ വിശദീകരിക്കുകയാണിവിടെ. അനുസരണമുള്ളവർക്ക് ധിക്കാരികളേക്കാൾ എന്ത് മാത്രം സ്ഥാനമുണ്ടെന്ന് ബോദ്ധ്യപ്പെടാൻ (ഖുർതുബി)
ഭൂമിയിൽ അള്ളാഹുവിനെ നിഷേധിക്കുക എന്ന മഹാകുറ്റം അവർ ചെയ്തതിനാൽ അതിന്റെ പ്രതിഫലമായി നിത്യ നരകം അള്ളാഹു അവർക്ക് നിശ്ചയിക്കുന്നു (ഥബ്‌രി)
“മുജ്‌രിം” എന്ന പദം അവിശ്വാസിയെയും വിശ്വാസികളിലെ ദുർനടപ്പുകാരെയും ഉൾക്കൊള്ളുന്നതാണെങ്കിലും ഇവിടെ അവിശ്വാസിയെ മാത്രമാണ് ഉദ്ദേശിച്ചത്. കാരണം മനസ്സിൽ സത്യ വിശ്വാസത്തിന്റെ കണികയെങ്കിലുമുള്ളവരാരും സാശ്വത നരകത്തിനർഹരല്ല.(അവരുടെ തിന്മകൾക്ക് അള്ളാഹു നിശ്ചയിച്ച കാലാവധി വരെ നരകത്തിൽ കിടക്കുമെങ്കിലും അവരെയും അള്ളാഹു നരകത്തിൽ നിന്ന് രക്ഷപ്പെടുത്തും.) അത് കൊണ്ട് തന്നെ ഈ അദ്ധ്യായത്തിലെ അറുപത്തിയെട്ടാം സൂക്തത്തിൽ പറഞ്ഞ “എന്റെ അടിമകളേ! നിങ്ങൾക്ക് ഭയം വേണ്ട നിങ്ങൾ ദു:ഖിക്കുന്നവരുമല്ല” എന്ന സന്തോഷത്തിനു അവരും അർഹരാണ്. അഥവാ ശാശ്വതമായി നരകത്തിൽ താമസിക്കും എന്ന താക്കീത് അവർക്ക് ഭാധകമല്ല. അപ്പോൾ ഇവിടെ പറയുന്ന ‘കുറ്റവാളികൾ’ അവിശ്വാസികൾ തന്നെ എന്ന് സ്ഥിരപ്പെട്ടു (റാസി)
(75)
لَا
يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ
അവർക്ക് അത് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല അവർ അതിൽ നിരാശരായിരിക്കും
നരകത്തിലെത്തിയ ആ കുറ്റവാളികൾക്ക് ഒരു സമയത്തും ശിക്ഷയിൽ ലഘൂകരണം നൽകപ്പെടുക പോലുമുണ്ടാവില്ല. ഇത് ബോദ്ധ്യമാവുന്നതോടെ അവരിൽ നിരാശ ബാധിക്കും അവർ നരകത്തിലെ ശിക്ഷ കുറച്ച് കിട്ടുവാനും വെള്ളവും ഭക്ഷണവും ലഭിക്കുവാനുമായി ധാരാളം കെഞ്ചുമെന്നും പക്ഷ അനുകൂലമായ ഒരു പ്രതികരണവും ലഭിക്കാതെ വരുമ്പോൾ അവർ നിരാശരാവുമെന്നും ഖുർആൻ പല സ്ഥലങ്ങളിലായി നടത്തിയ പരാമർശനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം ഉദാഹരണമായി ഇരുപത്തിമൂന്നാം അദ്ധ്യായം അൽ മുഅ്മിനൂനയുടെ 107-108 സൂക്തങ്ങൾ പറയുന്നു
“ഞങ്ങളുടെ നാഥാ! ഞങ്ങളെ ഈ നരകത്തിൽ നിന്ന് നീ പുറത്ത് കടത്തേണമേ. പിന്നെയും ഞങ്ങൾ (പഴയ സ്വഭാവത്തിലേക്ക്) മടങ്ങിയാൽ ഞങ്ങൾ അക്രമികൾ തന്നെ . അള്ളാഹു പറയും നിങ്ങൾ അവിടെ തന്നെ നിന്ദ്യരായി കഴിയുക. എന്നോട് സംസാരിക്കരുത്”,
രക്ഷയുടെ വഴികളെല്ലാം അടഞ്ഞു എന്ന് അവർക്ക് ബോധ്യപ്പെടുന്ന സന്ദർഭമാണിത്. അതാണ് അവരിൽ നിരാശ ബാധിക്കും എന്ന് പറഞ്ഞത്
(76)
وَمَا
ظَلَمْنَاهُمْ وَلَكِن كَانُوا هُمُ الظَّالِمِينَ
നാം അവരോട് അക്രമം ചെയ്തിട്ടില്ല പക്ഷെ അവർ തന്നെയായിരുന്നു അക്രമകാരികൾ
അള്ളാഹുവിനു പുറമേ നിങ്ങൾ എന്തിനെ ആരാധിക്കുന്നതും നിങ്ങൾക്ക് വലിയ ശിക്ഷ വാങ്ങിത്തരുമെന്ന് അവർക്ക് നേരത്തേ താക്കീത് നൽകിയതായിരുന്നു. ആ മുന്നറിയിപ്പ് അവഗണിച്ച്, അള്ളാഹുവെ നിഷേധിച്ചും മറ്റു ദൈവങ്ങളെ ആരാധിച്ചും സ്വയമേവ ഈ ശിക്ഷ നിങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു എന്ന് സാരം
(77)
وَنَادَوْا
يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّاكِثُونَ
അവർ വിളിച്ച് പറയും ഹേ മാലിക്! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേൽ മരണം വിധിക്കട്ടെ അദ്ദേഹം (മാലിക്) പറയും നിങ്ങൾ ഇവിടെ താമസിക്കേണ്ടവർ തന്നെയാണ്
നരകത്തിന്റെ അസഹനീയമായ ശിക്ഷ ഏറ്റുവാങ്ങുമ്പോൾ നരകക്കാരുടെ വിലാപവും മാലിക് عليه السلام എന്ന നരകത്തിന്റെ കാവൽക്കാരനായ മലക്കിന്റെ ഉത്തരവുമാണിത്.അതായത് മാലികേ! അള്ളാഹു ഞങ്ങളെ ഒന്ന് മരിപ്പിച്ചു തരട്ടെ എന്നാൽ ഈ വിഷമത്തിൽ നിന്ന് രക്ഷപ്പെടാമല്ലൊ എന്ന് അവർ പറയും.അപ്പോൾ മാലിക് എന്ന മലക്ക് പറയും നിങ്ങൾ മരിക്കില്ല ഇവിടെ ഈ നിലയിൽ ദുരിതം പേറി താമസിക്കും.ഈ ആശയം ഖുർആൻ പലയിടത്തും പറഞ്ഞിട്ടുണ്ട് “ധിക്കാരികൾ നരകത്തിൽ കിടന്ന് വെന്തെരിയും പിന്നീട് (ആ ശിക്ഷയിൽ നിന്ന് രക്ഷപ്പെടും വിധം) അവർ മരിക്കുകയില്ല (എന്നാൽ അവർക്ക് ആശ്വാസം നൽകും വിധം) അവർ ജീവിക്കുകയുമില്ല” (അഅ്ലാ.11-13)
ഇമാം ബഗ്‌വി എഴുതുന്നു. മാലിക് عليه السلام എന്ന മലക്കിനോട് അവർ ഇങ്ങനെ ഒരു ആവശ്യം നിരന്തരം നാല്പത് വർഷം ഉന്നയിച്ച് കൊണ്ടിരിക്കും അതിനു ശേഷമാണ് നിങ്ങൾ ഇവിടെ തന്നെ താമസിക്കുമെന്ന് മറുപടി പറയുക.അപ്പോൾ അവർ അള്ളാഹുവെ വിളിച്ച് പറയും. “നാഥാ! ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു ഞങ്ങൾ വഴിപിഴച്ചു പോയ ഒരു ജനവിഭാഗമായിപ്പോയി ഞങ്ങളുടെ നാഥാ! ഞങ്ങളെ ഈ നരകത്തിൽ നിന്ന് നീ പുറത്ത് കടത്തേണമേ.പിന്നെയും ഞങ്ങൾ (പഴയ സ്വഭാവത്തിലേക്ക്) മടങ്ങിയാൽ ഞങ്ങൾ അക്രമികൾ തന്നെ”(അൽ മുഅ്മിനൂൻ 106/107)
അങ്ങനെ അവർ അള്ളാഹുവോട് നിരന്തരം പ്രാർത്ഥിക്കും.ദുനിയാവ് രണ്ട് തവണ കഴിച്ചു കൂട്ടാനുള്ള കാലാവധി കഴിയുമ്പോൾ അള്ളാഹു അവർക്ക് ഇങ്ങനെ മറുപടി കൊടുക്കും
“നിങ്ങൾ അവിടെ തന്നെ നിന്ദ്യരായി കഴിയുക.എന്നോട് സംസാരിക്കരുത്”(അൽ മുഅ്മിനൂൻ 108)
.പിന്നീട് അവർക്കൊന്നും പറയാൻ സാധിക്കാതെ നരകത്തിന്റെ അസഹനീയമായ വേദന സഹിച്ചുള്ള അട്ടഹാസവും അലർച്ചയും മാത്രം ബാക്കിയാവും (ബഗ്‌വി)
മാലിക് عليه السلام ന്റെ മറുപടിയും ഇവരുടെ പ്രാർത്ഥനയും തമ്മിലുള്ള കാലാവധിയുടെ കണക്ക് സംബന്ധമായി നൂറ് കൊല്ലം, ആയിരം കൊല്ലമെന്നിങ്ങനെ വേറെയും അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾ ഉദ്ധരിച്ചിട്ടുണ്ട് (റാസി)
(78)
لَقَدْ
جِئْنَاكُم بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ
(അള്ളാഹു പറയും) തീർച്ചയായും നാം നിങ്ങൾക്ക് സത്യം കൊണ്ട് വന്ന് തരികയുണ്ടായി പക്ഷെ നിങ്ങളിൽ അധികപേരും സത്യത്തെ വെറുക്കുന്നവരാകുന്നു
സത്യം നാം നിങ്ങൾക്ക് വിശദീകരിച്ചു തന്നു പക്ഷെ നിങ്ങളിൽ മിക്കവരുടെയും പ്രകൃതം സത്യത്തെ നിഷേധിക്കുകയും അസത്യത്തെ വാരിപ്പുണരുകയും ചെയ്യുകയും സത്യത്തിന്റെ വക്താക്കളോട് കടുത്ത പക വെച്ച് പുലർത്തുകയും ചെയ്യുക എന്നതായിരുന്നു അതിനാൽ ഇന്ന് –ഖേദം ഫലപ്പെടാത്ത ദിനത്തിൽ നിങ്ങൾ ഖേദിക്കുകയും നിങ്ങൾ സ്വയം ആക്ഷേപിക്കുകയും ചെയ്യുക (ഇബ്നു കസീർ)
ഈ പറയുന്നത് ഖുറൈശികളോട് നബി ﷺതങ്ങളെക്കുറിച്ച് സത്യം കൊണ്ടു വന്നു പക്ഷെ നിങ്ങൾ അതിനെ നിഷേധിച്ചു എന്ന അർത്ഥത്തിൽ പറഞ്ഞതാണെന്നും വ്യാഖ്യാനമുണ്ട് (ബഗ്വി)
(79)
أَمْ
أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَ
അതല്ല അവർ നമുക്കെതിരിൽ വല്ല കാര്യവും തീരുമാനിച്ചിരിക്കുകയാണോ? എന്നാൽ നാം തന്നെയാകുന്നു തീരുമാനമെടുക്കുന്നവൻ
നബി തങ്ങളെ ചതിക്കാൻ അവർ വല്ല പദ്ധതിയും ഇട്ടിട്ടുണ്ടെങ്കിൽ (അത് നടപ്പില്ലെന്നും ) അതിന് അർഹമായ പ്രതിഫലം നാം നൽകുക തന്നെ ചെയ്യുമെന്നും സാരം
നബി തങ്ങളെ കൊലപ്പെടുത്താൻ സ്വകാര്യമായി അവർ പദ്ധതി തയ്യാറാക്കിയതും അള്ളാഹു അത് തകർത്തുകളഞ്ഞതുമാണീ സൂക്തം അവതരിക്കാൻ കാരണം എന്ന് ഇമാം ഖുർതുബി പറഞ്ഞിട്ടുണ്ട്
(80)
أَمْ
يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم بَلَى وَرُسُلُنَا
لَدَيْهِمْ يَكْتُبُونَ
അതല്ല അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേൾക്കുന്നില്ല എന്ന് അവർ വിചാരിക്കുന്നുണ്ടോ?അതെ നമ്മുടെ ദൂതന്മാർ അവരുടെയടുക്കൽ എഴുതിയെടുക്കുന്നുണ്ട്
അവർ സ്വകാര്യമായി നടത്തുന്ന സംസാരങ്ങളും കുതന്ത്രങ്ങളും അള്ളാഹുവിൽ നിന്ന് മറച്ചു വെക്കാൻ അവർക്ക് സാധിക്കില്ല അത് കൊണ്ട് ഗൂഢാലോചനയിലൂടെ സത്യത്തെ തമസ്ക്കരിക്കാമെന്ന് അവർ കണക്ക് കൂട്ടേണ്ടതില്ല എന്ന് സാരം
.ഈ സൂക്തം അവതരിക്കാനുണ്ടായ കാരണം മൂന്നാളുകൾ ക അ്ബയുടെ പരിസരത്ത് വെച്ച് സംസാരിച്ചു ഒരാൾ മറ്റു രണ്ട് പേരോട് ചോദിച്ചു .നമ്മുടെ സംസാരം അള്ളാഹു കേൾക്കുമോ എന്താണ് നിങ്ങളുടെ അഭിപ്രായം? ഒരാൾ പറഞ്ഞു ഉറക്കെ സംസാരിച്ചാൽ കേൾക്കും പതുക്കെ സംസാരിച്ചാൽ കേൾക്കില്ല .രണ്ടാമൻ പറഞ്ഞു ഉറക്കെ സംസാരിക്കുന്നത് കേൾക്കുമെങ്കിൽ പതുക്കെ സംസാരിക്കുന്നതും കേൾക്കും അപ്പോഴാണ് ഈ സൂക്തം അവതരിച്ചത്.അതായത് നിങ്ങൾ അള്ളാഹുവിൽ നിന്ന് ഒന്നും മറച്ചു വെക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല.അള്ളാഹു കേൾക്കുന്നുവെന്ന് മാത്രമല്ല മലക്കുകൾ അതെല്ലാം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് (ഥബ്രി/ഖുർതുബി)
യഹ്‌യ ബിൻ മുആദ് എന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു ജനങ്ങളിൽ നിന്ന് ഒരാൾ തന്റെ ദോഷങ്ങൾ മറച്ചു വെക്കുകയും ആകാശങ്ങളിലുള്ള കാര്യങ്ങൾ പോലും അവ്യക്തമല്ലാത്ത അള്ളാഹുവിനു മുമ്പിൽ അവൻ അത് വെളിപ്പെടുത്തുകയും ചെയ്താൽ അവനിലേക്ക് നോക്കുന്നവരിൽ ഏറ്റവും നിസ്സാരനായി അവൻ അള്ളാഹുവിനെ ആക്കുകയാണ് ചെയ്യുന്നത് അത് കാപട്യത്തിന്റെ ലക്ഷണമാണ് (റാസി) അതായത് സ്വകാര്യ ജീവിതത്തിൽ നാം തെറ്റുകൾ ചെയ്യാൻ ധൈര്യപ്പെടുമ്പോൾ അള്ളാഹു അത് കാണുന്നതിൽ നമുക്ക് ഒരു പ്രയാസവും ലജ്ജയും തോന്നുന്നില്ലെങ്കിൽ നാം അള്ളാഹുവെ വിലവെക്കുന്നില്ല എന്നല്ലേ അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അതിനാൽ പരസ്യ ജീവിതം നന്നാക്കുന്നതോടൊപ്പം രഹസ്യ ജീവിതവും സംശുദ്ധമാക്കാൻ നാം പരിശ്രമിക്കണം അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ ആമീൻ
(തുടരും)
യഹ്‌യ ബിൻ മുആദ് എന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു ജനങ്ങളിൽ നിന്ന് ഒരാൾ തന്റെ ദോഷങ്ങൾ മറച്ചു വെക്കുകയും ആകാശങ്ങളിലുള്ള കാര്യങ്ങൾ പോലും അവ്യക്തമല്ലാത്ത അള്ളാഹുവിനു മുമ്പിൽ അവൻ അത് വെളിപ്പെടുത്തുകയും ചെയ്താൽ അവനിലേക്ക് നോക്കുന്നവരിൽ ഏറ്റവും നിസ്സാരനായി അവൻ അള്ളാഹുവിനെ ആക്കുകയാണ് ചെയ്യുന്നത് അത് കാപട്യത്തിന്റെ ലക്ഷണമാണ് (റാസി) അതായത് സ്വകാര്യ ജീവിതത്തിൽ നാം തെറ്റുകൾ ചെയ്യാൻ ധൈര്യപ്പെടുമ്പോൾ അള്ളാഹു അത് കാണുന്നതിൽ നമുക്ക് ഒരു പ്രയാസവും ലജ്ജയും തോന്നുന്നില്ലെങ്കിൽ നാം അള്ളാഹുവെ വിലവെക്കുന്നില്ല എന്നല്ലേ അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അതിനാൽ പരസ്യ ജീവിതം നന്നാക്കുന്നതോടൊപ്പം രഹസ്യ ജീവിതവും സംശുദ്ധമാക്കാൻ നാം പരിശ്രമിക്കണം അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment