അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88
(Part -3 - സൂക്തം 20 മുതൽ 24 വരെ സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(21)
وَهَلْ أَتَاكَ نَبَأُ الْخَصْمِ
إِذْ تَسَوَّرُوا الْمِحْرَابَ
വഴക്ക് കൂടുന്ന കക്ഷികൾ പ്രാർത്ഥനാ മണ്ഡപത്തിന്റെ
മതിൽ കയറിച്ചെന്ന സമയത്തെ വർത്തമാനം അങ്ങേക്ക് ലഭിച്ചുവോ?
ഇബ്നുകസീർ رحمة الله عليه എഴുതുന്നു ‘ഇവിടെ ധാരാളം കഥകൾ പലയിടത്തും വിവരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതിൽ മിക്കവയും സ്ഥിരീകരിക്കാൻ തെളിവില്ലാത്തവയാണ് നബി ﷺതങ്ങളിൽ നിന്ന് അത്തരം ചരിത്രം വിവരിക്കപ്പെട്ടിട്ടുമില്ല. ആ സ്ഥിതിക്ക് ഇവിടെ അത്തരം കഥകൾ ചർച്ചക്കെടുക്കാതെ അതിന്റെ നിജസ്ഥിതി
അറിയുന്നവൻ ﷲഅള്ളാഹുവാണ് എന്ന് മനസ്സിലാക്കി മതിയാക്കുകയും ഖുർആൻ പറഞ്ഞതെല്ലാം സത്യം
തന്നെയാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത് (ഇബ്നുകസീർ)
വഴക്കു കൂടുന്ന രണ്ട് കക്ഷികളുടെ രൂപത്തിൽ ഇവിടെ വന്നത് മലക്കുകളാണെന്നും അഭിപ്രായമുണ്ട്
(ഥിബ്‌രി)
ഇമാം
റാസി رحمة الله عليه എഴുതുന്നു ദാവൂദ് നബി عليه السلامയുടെ
ചരിത്ര വിവരണത്തിൽ മൂന്ന് കാര്യങ്ങൾ വരുന്നുണ്ട് (ഒന്ന്) ദാവൂദ് നബി عليه السلامക്ക് ഇരു
ലോക വിജയം സമ്മാനിക്കാൻ സഹായകമായ വിശേഷണങ്ങളുടെ വിശദീകരണം (രണ്ട്) രണ്ടു
കക്ഷികളുടെ തർക്കവുമായി ബന്ധപ്പെട്ട കഥയുടെ വിശദീകരണം (മൂന്ന്) ഈ സംഭവത്തിനു ശേഷം
ദാവൂദ് നബി عليه السلامയെ ﷲഅള്ളാഹു പ്രതിനിധിയാക്കിയ അംഗീകാരത്തിന്റെ വിശദാംശം.
ഒന്നാമത്തെ വിഷയം അല്പം വിശദീകരിക്കാം. ഇരുലോക വിജയം ലഭ്യമാകാൻ ഉതകുന്ന പത്ത്
വിശേഷണങ്ങളാണ് ﷲഅള്ളാഹു ദാവൂദ് നബി عليه السلامക്ക്
നൽകിയത്
(1) മുഹമ്മദ്
നബി ﷺതങ്ങൾ അതി ശ്രേഷ്ഠരായതോട്
കൂടി ശത്രുക്കളുടെ ദുരാരോപണങ്ങളിൽ ക്ഷമിക്കാനും ദാവൂദ് നബി عليه السلامയെ
സ്മരിക്കാനും ﷲഅള്ളാഹു നബി ﷺ തങ്ങളോട് പറഞ്ഞപ്പോൾ ദാവൂദ് നബി عليه السلامയെ
പിന്തുടരാനുള്ള ആഹ്വാനം അതിൽ നിന്ന് വായിക്കാം. അഥവാ ദാവൂദ്
നബി عليه
السلامക്ഷമയിൽ മാതൃകയാക്കാൻ പറ്റുന്ന
വ്യക്തിത്വമാണ് എന്ന് ﷲഅള്ളാഹു പ്രഖ്യാപിക്കുന്നു ഇത് ദാവൂദ് നബി عليه السلامക്കുള്ള
വലിയ ആദരവ് തന്നെ
(2)
ദാവൂദ് നബി عليه السلامയെ ﷲഅള്ളാഹു പരിജയപ്പെടുത്തിയത് “നമ്മുടെ അടിമ” എന്നാണ്. ﷲഅള്ളാഹുവിന്റെ കല്പനകൾ നടപ്പാക്കുന്നതിലും നിർദ്ദേശങ്ങൾ പാലിക്കുന്നതിലും മഹാൻ
വിജയിച്ചിരിക്കുന്നു എന്ന നാഥന്റെ പ്രഖ്യാപനമാണ് ഈ പ്രയോഗത്തിൽ നിന്ന്
പ്രകടമാകുന്നത്. അത് തനിക്കുള്ള വലിയ അംഗീകാരമാണ്. നബി ﷺ തങ്ങൾക്ക് വലിയ അനുഗ്രഹങ്ങൾ നൽകുന്നിടത്തൊക്കെ ﷲഅള്ളാഹു പ്രയോഗിച്ചത് “തന്റെ അടിമ” എന്ന് തന്നെയാണ്. ഉദാഹരണം ‘ഇസ്‌റാഅ്’ എന്ന നിശാപ്രയാണം (മക്കയിലെ മസ്ജിദുൽ ഹറാമിൽ
നിന്ന് ബൈത്തുൽ മുഖദ്ദസിലെ മസ്ജിദുൽ അഖ്‌സായിലേക്ക് രാത്രിയുടെ അല്പ സമയം കൊണ്ട്
യാത്ര ചെയ്യിപ്പിച്ച അത്ഭുത സംഭവം) പരാമർശിക്കുന്നിടത്ത് ﷲഅള്ളാഹു പറഞ്ഞത് ‘തന്റെ അടിമയെ രാപ്രയാണം ചെയ്യിപ്പിച്ചു’ എന്നാണ് ഉടമയായ
ﷲഅള്ളാഹുവിന്റെ
എല്ലാ നിർദ്ദേശങ്ങളും സജീവമായി പ്രാവർത്തികമാക്കുക
വഴി അടിമത്വം എന്ന ആശയം സക്രിയമാക്കി എന്നാണിത് സൂചിപ്പിക്കുന്നത് അത് വലിയ
ആദരവാണ്
(3) ശക്തൻ എന്ന്
പരിചയപ്പെടുത്തി ആരാധന കാര്യങ്ങൾ നിർവഹിക്കുന്നതിലും തിന്മകൾ ഒഴിവാക്കുന്നതിലും
ദാവൂദ് നബി عليه السلام വിജയം വരിച്ചു എന്ന് പ്രഖ്യാപിക്കുന്നു. രാത്രിയിലെ
തന്റെ ധീർഘമായ നിസ്കാരവും ആയുസ്സിന്റെ പകുതി നോമ്പ് അനുഷ്ഠിച്ചതും ആരാധനയിലെ ശക്തി
വ്യക്തമാക്കുന്നു
(4) എല്ലാ
കാര്യങ്ങളിലും ﷲഅള്ളാഹുവിലേക്ക് മടങ്ങുന്നവരായിരുന്നു എന്ന പ്രഖ്യാപനം വലിയ മഹത്വം തന്നെ
(5) പർവതങ്ങളെ
തന്റെ കൂടെ രാവിലെയും വൈകുന്നേരവും കീർത്തനം ചൊല്ലാൻ കീഴ്പെടുത്തി കൊടുത്തു എന്നത്
വലിയ അമാനുഷിക സംഭവം തന്നെ. പർവതത്തിനു ജീവനും ബുദ്ധിയും കഴിവും നൽകി ﷲഅള്ളാഹു ഇത്തരം പ്രവർത്തനത്തിനു പാകപ്പെടുത്തിയത് കൊണ്ടോ
ദാവൂദ് നബി عليه السلامയുടെ
ശബ്ദ സൌന്ദര്യം അചേതന വസ്തുക്കളിൽ പോലും സ്വാധീനം ചെലുത്താൻ പര്യാപ്തമാകും
വിധമായത് കൊണ്ടോ ﷲഅള്ളാഹുവിന്റെ നിർദ്ദേശ പ്രകാരം പർവതം താൻ ഉദ്ദേശിക്കുന്നിടത്തേക്ക്
ചലിക്കുന്നതിനെ കീർത്തനമായി പരിഗണിച്ചത് കൊണ്ടോ ആവാം ഇത്. ‘സന്ധ്യാ സമയത്തും, സൂര്യോദയ
സമയത്തും സ്തോത്രകീർത്തനം നടത്തുന്ന നിലയിൽ നാം പർവ്വതങ്ങളെ അദ്ദേഹത്തോടൊപ്പം
കീഴ്പെടുത്തുകയും ചെയ്തു’ എന്ന പ്രയോഗത്തിൽ
അത് നിരന്തരം നടന്നു കൊണ്ടിരുന്നു എന്നതിലേക്ക് സൂചനയുണ്ട്
(6) കീർത്തനങ്ങളിൽ
പങ്കാളികളാകാൻ പക്ഷികൾക്ക് ﷲഅള്ളാഹു തോന്നിപ്പിച്ചു എന്നത് ദാവൂദ് നബി عليه السلامയുടെ
ബഹുമാനാർത്ഥമാണ്
(7) അവകളെല്ലാം
ദാവൂദ് നബി عليه السلام കീർത്തനം ചൊല്ലുന്ന സമയത്തൊക്കെ ഒപ്പം ചേരും വിധം തന്നിലേക്ക്
മടങ്ങുമായിരുന്നു (നേരത്തേ അവ ദാവൂദ് നബി عليه السلامക്കൊപ്പം
കീർത്തനം ചൊല്ലി എന്നതും ഇതും തമ്മിലുള്ള വ്യത്യാസം ആദ്യം ‘കീർത്തനം
ചൊല്ലും’ എന്നത് എപ്പോഴെങ്കിലും ഉണ്ടായാലും പറയാം എന്നാൽ ഈ പറഞ്ഞതിൽ നിന്ന് അത്
അവകളുടെ സ്ഥിരം ശൈലിയാണെന്ന് കൂടി ബോദ്ധ്യപ്പെടുന്നു)
(8)
അദ്ദേഹത്തിന്റെ ആധിപത്യം സുശക്തമാക്കി എന്നത് മതപരവും ഭൌതികവുമായ കാരണങ്ങൾ അതിൽ
കാണാം തന്റെ ഭരണത്തെ ആരും വെല്ലുവിളിക്കാനോ ഭരണത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനോ
ധൈര്യപ്പെടാത്ത വിധം ﷲഅള്ളാഹു ഭരണത്തെ ശക്തിപ്പെടുത്താൻ സഹായകമായ അനുഗ്രഹങ്ങൾ
ചെയ്തു ഉദാഹരണമായി ഒരു മനുഷ്യൻ മറ്റൊരാൾക്കെതിരെ തന്റെ പശുവിനെ അവൻ പിടിച്ചു
കൊണ്ടുപോയി എന്ന് പരാതി പറഞ്ഞു എന്നാൽ പ്രതിയായി ആരോപിക്കപ്പെട്ടയാൾ അത്
നിഷേധിച്ചു അപ്പോൾ ദാവൂദ് നബി عليه السلام വാദിയോട് തെളിവ് ഹാജറാക്കാൻ ഉത്തരവിട്ടു എന്നാൽ അയാൾക്ക്
തെളിവുകളൊന്നും ഉണ്ടായിരുന്നില്ല എന്നാൽ പ്രതിയായി ആരോപിക്കപ്പെട്ടയാളെ
കൊന്നുകളയാൻ ദാവൂദ് നബി عليه السلامക്ക്
സ്വപ്നത്തിൽ നിർദ്ദേശം ലഭിച്ചു അത് ഒരു സ്വപ്നമായത് കൊണ്ട് ﷲഅള്ളാഹുവിൽ നിന്നുള്ള നിർദ്ദേശം തന്നെയാണോ എന്ന് ദാവൂദ് നബി عليه السلام ശങ്കിച്ചു അപ്പോൾ ദിവ്യബോധനത്തിലൂടെ ﷲഅള്ളാഹു അത് സ്ഥിരീകരിച്ചു പ്രതിയെ ഹാജറാക്കി കൊല്ലാൻ ﷲഅള്ളാഹുവിന്റെ നിർദ്ദേശമുണ്ടെന്ന് ദാവൂദ് നബി عليه السلام അറിയിച്ചു അപ്പോൾ പ്രതി പറഞ്ഞു ﷲഅള്ളാഹു പറഞ്ഞത് സത്യമാണ് ഞാൻ കൊല്ലപ്പെടേണ്ടവൻ തന്നെയാണ്
ഞാൻ ചതിയിലൂടേ വാദിയുടെ പിതാവിനെ കൊലപ്പെടുത്തിയിട്ടുണ്ട് എന്ന്. ആരോപിക്കപ്പെട്ട കുറ്റം ഇല്ലെങ്കിലും യഥാർത്ഥ കുറ്റവാളി പിടിക്കപ്പെട്ട സംഭവം
ദാവൂദ് നബി عليه السلامക്ക് ﷲഅള്ളാഹുവിൽ നിന്ന് എല്ലാ വിഷയത്തിലും അറിവ്
ലഭിക്കുന്നുണ്ടെന്നും തന്റെ ഭരണത്തിനെതിരിൽ വല്ലതും ചെയ്താൽ പിടിക്കപ്പെടുമെന്ന
കാര്യം വ്യക്തമാണെന്നും ജനത്തിനു ബോധ്യമാവാൻ ഈ സംഭവം കാരണമായി അതോടെ തന്റെ ഭരണം
ചോദ്യം ചെയ്യപ്പെടാത്ത ശക്തമായ ഭരണമായി മാറി. ഇതാണ് ഭരണം
ശക്തിപ്പെടാനുള്ള ഭൌതിക കാരണം. ഭരണം ശക്തിപ്പെടാനുള്ള ആത്മീയ കാരണം തന്റെ
ക്ഷമയും കാര്യങ്ങളെല്ലാം നന്നായി പഠിച്ച് പ്രതികരിക്കുന്ന രീതിയും സൂക്ഷ്മതയുള്ള
നിലപാടുമായിരുന്നു (അർഹർക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനും നിരപരാധികൾ
ശിക്ഷിക്കപ്പെടാതിരിക്കാനും ഈ നിലപാട് സഹായകമാണ്. അതും ഭരണത്തെ ശക്തിപ്പെടുത്തുമെന്ന്
പറയേണ്ടതില്ലല്ലോ!)
(9) ദാവൂദ് നബി عليه السلامക്ക്
ഹിക്‌മത്ത് (തത്വജ്ഞാനം) നൽകി എന്നതാണ്. ‘ആർക്കെങ്കിലും തത്വജ്ഞാനം നൽകപ്പെട്ടാൽ അവനു
ധാരാളം നന്മകൾ നൽകപ്പെട്ടു’ എന്ന് രണ്ടാം അദ്ധ്യായം അൽബഖറയുടെ 269 ൽ പറയുന്നു. ‘ശ്രേഷ്ഠതകൾ
ശാരീരികം, ആത്മീയം, ബാഹ്യ കാരണങ്ങൾ എന്നിവയിലൂടെ ലഭിക്കും. ആത്മീയ
ശ്രേഷ്ഠതകൾ അറിവും പ്രവൃത്തിയുമാണ്. കാര്യങ്ങളെ യഥാവിധി കാണാൻ കഴിയുക എന്നതാണ്
അറിവ്. ഇരുലോകത്തും ഏറ്റവും ഫലപ്രഥമായത് ചെയ്യലാണ് പ്രവർത്തനം.
(10) തീർപ്പ്
കല്പിക്കാൻ വേണ്ട സംസാര വൈഭവം ദാവൂദ് നബി عليه السلامക്ക് നൽകി
എന്നതാണ്. ഭൌതിക ലോകത്ത് യാതൊരു ഗ്രാഹ്യ ശക്തിയുമില്ലാത്ത അചേതന
വസ്തുക്കളും ചിലതൊക്കെ മനസ്സിലാക്കും എന്നാൽ വിവേചന ശക്തിയില്ലാത്ത ജീവികളും
ഗ്രാഹ്യ ശക്തിയും കാര്യങ്ങൾ വിവേചിച്ച് അറിയുന്ന മനുഷ്യരും ഉണ്ട് എന്നാൽ ഈ കഴിവ്
പ്രകടിപ്പിക്കുന്നതിൽ എല്ലാവരും തുല്യരല്ല. ചിലർക്ക് ബോദ്ധ്യമുള്ള
കാര്യങ്ങൾ തന്നെ മറ്റുള്ളവരെ ധരിപ്പിക്കാൻ കഴിയില്ല ചിലർക്ക് അപൂർണമായി അത്
സാധിക്കും മറ്റു ചിലരാവട്ടെ കാര്യകാരണ സഹിതം അത് സമർത്ഥിക്കാൻ
കഴിവുള്ളവരായിരിക്കും ദാവൂദ് നബി عليه السلام ഈ മൂന്നാം വിഭാഗത്തിലാണ് കക്ഷികൾ വന്ന് സംസാരിക്കുമ്പോൾ തന്നെ
അവരുടെ മനോഗതം മനസ്സിലാക്കി ന്യായമായ തീരുമാനം പറയാൻ തനിക്ക് സാധിക്കുമായിരുന്നു ഈ
പറഞ്ഞ പത്ത് മഹത്വങ്ങൾ ദാവൂദ് നബി عليه السلامക്ക് ﷲഅള്ളാഹു നൽകി എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.(റാസി)
ഇങ്ങനെയുള്ള ദാവൂദ് നബി عليه السلامയുടെ
അടുത്ത് തർക്കവുമായി ഇരു കക്ഷികൾ വന്ന വാർത്ത തങ്ങൾക്ക് എത്തിയോ എന്ന ചോദ്യം ആ
സംഭവം നന്നായി ശ്രദ്ധിക്കാനുള്ള സൂചനയാണ്
(22)
إِذْ دَخَلُوا عَلَى دَاوُودَ
فَفَزِعَ مِنْهُمْ قَالُوا لَا تَخَفْ خَصْمَانِ بَغَى بَعْضُنَا عَلَى بَعْضٍ فَاحْكُم
بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَا إِلَى سَوَاء الصِّرَاطِ
അവർ ദാവൂദ് നബി عليه السلامയുടെ അടുത്ത് പ്രവേശിക്കുകയും അദ്ദേഹം അവരെപ്പറ്റി
പരിഭ്രാന്തനാവുകയും ചെയ്ത സന്ദർഭം! അവർ പറഞ്ഞു താങ്കൾ ഭയപ്പെടേണ്ട, ഞങ്ങൾ രണ്ട് എതിർ കക്ഷികളാകുന്നു ഞങ്ങളിൽ ഒരു കക്ഷി മറുകക്ഷിയോട് അന്യായം
ചെയ്തിരിക്കുന്നു അതിനാൽ ഞങ്ങൾക്കിടയിൽ താങ്കൾ ന്യായപ്രകാരം വിധികല്പിക്കണം.അങ്ങ്
നീതികേട് കാണിക്കരുത് ഞങ്ങൾക്ക് നേരായ പാതയിലേക്ക് അങ്ങ് വഴികാണിക്കണം
ആ രണ്ടു കക്ഷികൾ വന്നപ്പോൾ ദാവൂദ് നബി عليه السلامപരിഭ്രമിച്ചതിന്റെ
കാരണം അവർ യഥാർത്ഥ പ്രവേശന മാർഗത്തിലൂടെ വരാതെ മതിൽ ചാടി വന്നത് കൊണ്ടാണ് എന്നും
ജനങ്ങളുമായി സംവദിക്കുന്ന സമയത്തല്ലാതെ അപരിചിതരായ ആളുകൾ തന്റെ സ്വകാര്യ സ്ഥലത്ത്
എത്തിയപ്പോഴുണ്ടായ സ്വാഭാവിക ഭയമാണെന്നും അവിടേക്ക് ആർക്കും പ്രവേശനം നൽകരുതെന്ന്
നേരത്തേ നിർദ്ദേശിച്ചിരുന്നുവെന്നും എന്നിട്ടും ആളുകൾ വന്നതാണ് ഭയത്തിനു കാരണമെന്നും
വ്യാഖ്യാതാക്കൾ പറയുന്നുണ്ട്
ഇമാം റാസി رحمة الله عليه എഴുതുന്നു ‘ഇവിടെ ചിലർ പറയുന്നു ‘ഓറിയാ’ എന്ന യോദ്ധാവിന്റെ ഭാര്യയെ കണ്ട ദാവൂദ് നബി عليه السلامക്ക്
അവരിൽ ആഗ്രഹം ജനിക്കുകയും അദ്ദേഹം കൊല്ലപ്പെടാനാവശ്യമായ ചരടുവലികൾ നടത്തുകയും
ചെയ്തു. അദ്ദേഹം കൊല്ലപ്പെട്ട ശേഷം തന്റെ ഭാര്യയെ വിവാഹം കഴിക്കുകയും ചെയ്തു
അപ്പോൾ സമാനമായ സംഭവത്തിലെ വ്യവഹാരികളുടെ വേഷത്തിൽ മലക്കുകൾ വന്ന് മത വിധി
ചോദിക്കുകയും അത് പാടില്ലെന്ന് വിധി നൽകുകയും ചെയ്തു അപ്പോഴാണ് താനും ഇത് തന്നെയല്ലേ ചെയ്തത് എന്ന് ദാവൂദ് നബി عليه السلام ഓർത്തത് ഉടൻ തന്റെ കുറവ്
ബോദ്ധ്യപ്പെടുകയും ﷲഅള്ളാഹുവോട് പശ്ചാത്തപിക്കുകയും ചെയ്തു. ഇതാണ് കഥ ഇത് സംബന്ധമായി ഇമാം റാസി رحمة الله علي പറയുന്നു എനിക്ക് പറയാനുള്ളത് ഈ കഥക്ക് സത്യവുമായി ഒരു
ബന്ധവുമില്ല എന്നാണ് കാരണം ഇത്തരം ഒരു പ്രവർത്തനം ഏറ്റവും തല്ലിപ്പൊളിയായ ഒരു
മനുഷ്യനിലേക്ക് ചേർത്ത് പറഞ്ഞാൽ അയാൾക്ക് പോലും ലജ്ജ തോന്നുകയും അയാൾ അത്
നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യും എന്നിട്ടാണോ പാപ സുരക്ഷിതരായ ഒരു നബിയെ
പറ്റി ഇത്രയും വഷളായ ആവിഷ്ക്കാരം നടത്തുന്നത്? ഒരു മുസ്‌ലിമിനെ കൊല്ലാൻ ശ്രമിക്കുക, അവന്റെ ഭാര്യയെ
ആഗ്രഹിക്കുക തുടങ്ങിയ അധാർമ്മികതയും ഇവിടെയുണ്ട് ഇതൊന്നും ഒരു നല്ല മനുഷ്യന്റെ
സ്വഭാവമല്ല പിന്നെയല്ലേ പ്രവാചകൻ! മറ്റൊരു കാര്യം ഇതിന്റെ തൊട്ട് മുമ്പ് പത്ത്
കാര്യങ്ങൾ വിവരിച്ച് ദാവൂദ് നബി عليه السلامയുടെ
മഹത്വം സ്ഥാപിക്കുകയായിരുന്നു ﷲഅള്ളാഹു ചെയ്തത് ഇതിനു ശേഷവും തന്റെ മഹത്വം തന്നെയാണ് ﷲഅള്ളാഹു പറയുന്നത് അതിനോട് ഒരു നിലക്കും പൊരുത്തപ്പെടാത്ത
ഒരു കുറ്റ പത്രം ഇടക്ക് ﷲഅള്ളാഹു പറയുകയില്ല അതിനാൽ ഇത് അസത്യവും പെരും കള്ളവുമാണ്.ഇത്
കള്ളക്കഥയാണ് എന്ന് കാര്യകാരണ സഹിതം വിശദീകരിച്ച ശേഷം ഇമാം റാസി رحمة الله عليه പറയുന്നത് അലി رضي الله عنه തങ്ങളിൽ നിന്ന് സഈദ് ബിൻ മുസയ്യബ് رحمة الله عليهറിപ്പോർട്ട് ചെയ്യുന്ന ഒരു വാക്യമാണ്. ദാവൂദ് നബി عليه السلامയെക്കുറിച്ചുള്ള
കഥ ആരെങ്കിലും പറഞ്ഞാൽ ഞാൻ അവനെ നൂറ്റി അറുപത് അടി അടിക്കും നബിമാരുടെ عليهم الصلاة والسلام മേൽ ദുരാരോപണം നടത്തുന്നവർക്കുള്ള ശിക്ഷയാണത്. ഇതേ നിലപാട്
ഒരു സഹാബിയെക്കുറിച്ച് വ്യഭിചാരാരോപണം വരികയും മൂന്ന് പേർ കണ്ടു എന്ന് സാക്ഷ്യം
വഹിക്കുകയും ചെയ്തു നാലാമൻ ഞാൻ അത് കണ്ടു എന്ന് പറയാൻ കൂട്ടാക്കിയില്ല അപ്പോൾ
കണ്ടു എന്ന് പറഞ്ഞ മൂന്ന് പേരെയും വ്യഭിചാരാരോപണം നടത്തിയ കുറ്റത്തിനു ഉമർ رضي الله عنه എൺപത് അടി വീതം അടിച്ചു ഒരു സഹാബിയെക്കുറിച്ചുള്ള ആരോപണത്തിലെ
ഗൌരവം ഈ വിധമാണെങ്കിൽ ഒരു ശ്രേഷ്ഠരായ നബിയെക്കുറിച്ച് ആരോപിക്കുന്നത് എത്ര വലിയ
പാതകമായിരിക്കും ഇമാം റാസി رحمة الله عليه തുടരുന്നു നിങ്ങൾ പറഞ്ഞത് പോലെ ഇത്രയും ഗൌരവമുള്ള വിഷയം പല വലിയ
ഹദീസ് പണ്ഡിതന്മാരും ഖുർആൻ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ടല്ലോ എന്ന് എന്നോട് നീ
ചോദിച്ചാൽ ഞാൻ പറയാം അവിതർക്കിതമായ തെളിവുകൾ മുഖേന ഈ കഥ ശരിയല്ല എന്ന് നാം
തെളിയിച്ച സ്ഥിതിക്ക് ഇതിനു വിരുദ്ധമായ ഒറ്റപ്പെട്ട റിപ്പോർട്ടുകൾ നാം
മുഖവിലക്കെടുക്കേണ്ടതില്ല മറിച്ച് പ്രൌഢമായ തെളിവുകൾക്കൊപ്പം നിൽക്കാം.
മാത്രവുമല്ല ആരെങ്കിലും കുറ്റവാളിയാവാതിരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതാണല്ലോ നാം
നോക്കേണ്ടത് സൂക്ഷമതയും അത് തന്നെയാണ് ഇനി ഈ കഥ സത്യമാണെന്ന് തന്നെ
സങ്കല്പിച്ചാലും അത് പറഞ്ഞ് നടക്കാത്തത് എന്ത് കൊണ്ടാണ് എന്ന ആക്ഷേപകരമായ ചോദ്യം ﷲഅള്ളാഹു ചോദിക്കുകയില്ല എന്ന് ഉറപ്പുണ്ട് അതേ സമയം ഇത്
കള്ളമാവുകയും നാം അത് പറഞ്ഞ് പരത്തുകയും ചെയ്താൽ നാം അനുഭവിക്കേണ്ടി വരുന്ന കടുത്ത
ശിക്ഷയെക്കുറിച്ച് നമുക്ക് ധാരണ വേണം റാസി ഇമാം رحمة الله عليه തുടരുന്നു ഇവിടെ മറ്റൊരു വീക്ഷണം ചിലർ പറയുന്നുണ്ട് ഈ സ്ത്രീയെ
ഓറിയാ വിവാഹാലോചന നടത്തിയ ശേഷം ദാവൂദ് നബി عليه السلامയും
ആലോചന നടത്തി എന്നാൽ കുടുംബം ഓറിയായെ
തിരഞ്ഞെടുത്തു അപ്പോൾ ഒരാൾ നടത്തിയ അന്വേഷണത്തിനു മുകളിൽ അന്വേഷണം നടത്തുക എന്ന
ഒരു അഭംഗിയുള്ള കാര്യം സംഭവിച്ചു നല്ലവരുടെ നന്മകൾ തന്നെ ഏറ്റവും മഹാന്മാരെ
സംബന്ധിച്ച് കുറ്റമായി ഗണിക്കുമെന്ന തത്വമനുസരിച്ച് ഇവിടെ ഏറ്റവും ശ്രേഷ്ടമായത്
ഒഴിവാക്കി എന്ന വിഷയമുണ്ട് അതാണിവിടെ പശ്ചാത്തപിച്ചു എന്ന് പറയാൻ കാരണം എന്നതാണ് ആവീക്ഷണം. മൂന്നാമത്തെ വീക്ഷണം ദാവൂദ് നബി عليه السلام ഒരു കുറ്റവും ചെയ്തു എന്നല്ല ഇവിടെ പറയുന്നത് മറിച്ച് അവിടുത്തെ
പ്രശംസിക്കുകയാണ് അഥവാ ദാവൂദ് നബി عليه السلام എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ﷲഅള്ളാഹുവിനു ആരാധനയിലായി മുഴുകാൻ നിശ്ചയിച്ച സമയത്ത് മതിൽ
ചാടി വന്ന ശത്രുക്കൾ തന്നെ കൊലപ്പെടുത്താനായി ശ്രമിച്ചു എന്നാൽ തന്റെ മുന്നിൽ ചില
കാവൽക്കാരെയും പ്രതിരോധിക്കുന്നവരെയും കണ്ടപ്പോൾ പിടിക്കപ്പെടുമെന്ന് ഭയന്ന അവർ
രണ്ട് വ്യവഹാരികളായി വന്നതാണെന്ന് കള്ളം പറഞ്ഞു ഇവിടെ ദാവൂദ് നബി عليه السلام തെറ്റ് ചെയ്തു എന്ന് തെളിയിക്കാനാവശ്യമായതൊന്നുമില്ല എന്നാൽ ‘നാം അദ്ദേഹത്തെ
പരീക്ഷിച്ചു എന്ന് ദാവൂദ് നബി عليه السلام ധരിച്ചു’ തന്റെ നാഥനോട്
പൊറുക്കലിനെ തേടി. ‘അദ്ദേഹം ഖേദിച്ച് മടങ്ങി’, ‘നാം അദ്ദേഹത്തിനു പൊറുത്തു കൊടുത്തു’ എന്നീ നാലു
വാക്കുകൾ ദാവൂദ് നബിയെ കുറ്റക്കാരനാക്കുന്നില്ലേ ? എന്ന ചോദ്യം
വരാം അതിന്റെ ഉത്തരം പരീക്ഷിച്ചു എന്ന് പറഞ്ഞത് ആ വന്നവർ അക്രമികളാണെന്ന്
മനസ്സിലായ ദാവൂദ് നബി عليه السلامക്ക്
സ്വാഭാവികമായ ദേഷ്യം വരികയും അവരെ
ശിക്ഷിക്കാൻ ആലോചിക്കുകയും ചെയ്തു പക്ഷെ ﷲഅള്ളാഹുവിന്റെ പ്രീതിക്കായി വിട്ടു വീഴ്ച ചെയ്യാനാണ് താൻ
തീരുമാനിച്ചത് ആ ദേഷ്യം വന്നതിനെയാണ് പരീക്ഷണം എന്ന് ദാവൂദ് നബി عليه السلامകണ്ടത്
പെട്ടെന്ന് ദേഷ്യം വന്നതിനാണ് താൻ പൊറുക്കലിനെ തേടിയതും പൊറുത്തു എന്ന് ﷲഅള്ളാഹു പറഞ്ഞതും. അത് കുറ്റമല്ല ഒരിക്കലും.
അവർ കൊല്ലാനാണ് വന്നതെന്ന് ദാവൂദ് നബി عليه السلامക്ക്
തോന്നിയതിനു പ്രകടമായ തെളിവില്ലാത്തതിനാൽ താൻ പൊറുക്കലിനെ തേടി ഒരു കൂട്ടരെ തെറ്റിദ്ധരിക്കാൻ
പാടില്ലല്ലോ എന്ന് ചിന്തിച്ചു എന്നും ഇവിടെ അഭിപ്രായമുണ്ട്. തന്നെ
കൊല്ലാനുറച്ച് വന്ന അക്രമികൾക്ക് വേണ്ടി പൊറുക്കലിനെ തേടി എന്നും ഇവിടെ
വീക്ഷണമുണ്ട് നാലാമത്തെ അഭിപ്രായം ദാവൂദ് നബി عليه السلام പൊറുക്കലിനെ തേടിയത് തന്റെ ഭാഗത്ത് നിന്ന് അബദ്ധം വന്നു എന്ന
നിലക്ക് തന്നെയാണ് പക്ഷെ ആ അബദ്ധം മുമ്പ് പറഞ്ഞത് പോലെ പെണ്ണുമായി ബന്ധപ്പെട്ടല്ല
രണ്ട് കക്ഷികൾ ഒരു അന്യായവുമായി വന്നപ്പോൾ ഒരു കക്ഷിയുടെ വാക്ക് കേട്ടയുടൻ മറു
കക്ഷിയുടെ വിശദീകരണം ചോദിക്കാതെ അയാളെ അക്രമിയായി പ്രഖ്യാപിച്ചു എന്നതാണ് അത്
പക്ഷെ കുറ്റമല്ല എന്നാൽ ഏറ്റവും നല്ല ശൈലി ഉപേക്ഷിച്ചത് ദാവൂദ് നബി عليه السلامഗൌരവമായി
കണ്ടു പൊറുക്കലിനെ തേടി എന്നതാണ്. ഇവിടെ ഏറ്റവും നല്ല അഭിപ്രായം ഇതാണെന്ന് ഞാൻ
അഭിപ്രായപ്പെടുന്നു ഇത് ദാവൂദ് നബി عليه السلامയുടെ
മഹത്വം വെളിവാക്കുന്ന ശൈലിയാണ് (റാസി)
(23)
إِنَّ هَذَا أَخِي لَهُ تِسْعٌ
وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا
وَعَزَّنِي فِي الْخِطَابِ
ഇതാ ഇവൻ എന്റെ സഹോദരനാകുന്നു അവന്ന് തൊണ്ണൂറ്റിഒമ്പത് പെണ്ണാടുകളുണ്ട്. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവൻ പറഞ്ഞു
അതിനെയും കൂടി എനിക്ക് ഏല്പിച്ചുതരണമെന്ന്. സംഭാഷണത്തിൽ അവൻ എന്നെ തോല്പിച്ചുകളയുകയും ചെയ്തു
ഇവിടെ തൊണ്ണൂറ്റി ഒമ്പത് ആടുകളുള്ളയാൾ ഒരു
പെണ്ണാടുള്ളയാളെ സംസാരിച്ച് തോല്പിച്ച് തന്റെ ഒരു ആടിനെ കൂട്ടി തട്ടിയെടുത്തു
എന്നാണ് ആവലാതി
(24)
قَالَ لَقَدْ ظَلَمَكَ بِسُؤَالِ
نَعْجَتِكَ إِلَى نِعَاجِهِ وَإِنَّ كَثِيرًا مِّنْ الْخُلَطَاء لَيَبْغِي
بَعْضُهُمْ عَلَى بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ
وَقَلِيلٌ مَّا هُمْ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ
وَخَرَّ رَاكِعًا وَأَنَابَ
ദാവൂദ് നബി عليه
السلامപറഞ്ഞു തന്റെ
പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെകൂടി ആവശ്യപ്പെട്ടത് മുഖേന അവൻ
നിന്നോട് അനീതികാണിക്കുക തന്നെ ചെയ്തിരിക്കുന്നു തീർച്ചയായും പങ്കാളികളിൽ പലരും
പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്.സത്യം വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും
ചെയ്തവരൊഴികെ. അത്തരം ആളുകൾ വളരെ
കുറച്ച് പേർ മാത്രമേ ഉള്ളൂ.ദാവൂദ് നബി വിചാരിച്ചു നാം അദ്ദേഹത്തെ പരീക്ഷിക്കുക
തന്നെയാണ് ചെയ്തതെന്ന്.തുടർന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും
അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു
വിശദീകരണം
മുമ്പ് പറഞ്ഞത് ( 22 മത്തെ
ആയത്തിന്റെ വിശദീകരണം) ഓർക്കുക
ﷲഅള്ളാഹു നമ്മെ നല്ലവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
=============================================================
No comments:
Post a Comment